പ്രതിപക്ഷനേതാവിലേക്ക് രാഹുല്‍ ഗാന്ധി നടന്ന വഴികള്‍

അധികാര രാഷ്ട്രീയത്തിനെതിരായ ഏറ്റവും ശക്തമായ പ്രതിപക്ഷമായ ഗാന്ധി, രാഹുലിന്റെ യാത്രകളിലുടനീളം ഒരു നിഴലായെങ്കിലും ഒപ്പമുണ്ടായിരുന്നിരിക്കണം, നെഹ്‌റുവിനൊപ്പം ഗാന്ധിയുണ്ടായിരുന്നതുപോലെ...

ന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്ന, ഏറക്കുറെ തോറ്റുകൊണ്ടിരിക്കുന്ന ഒരു പ്രതിപക്ഷ പാര്‍ട്ടിയെയാണ് പത്തു വര്‍ഷമായി രാഹുല്‍ ഗാന്ധി പ്രതിനിധീകരിക്കുന്നത്.

1977-ലാണ് കോണ്‍ഗ്രസ് ആദ്യമായി പ്രതിപക്ഷപാര്‍ട്ടിയാകുന്നത് എങ്കിലും ചില ഇടവേളകള്‍ അധികാരത്തിലേക്ക് ആ പാർട്ടിയെ വീണ്ടുമെത്തിച്ചു കൊണ്ടിരുന്നു. എന്നാല്‍, 2014- 2024 കാലം, സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ജനാധിപത്യം ഏറ്റവും വിനാശകരമായി ആക്രമിക്കപ്പെട്ട കാലം; അനിവാര്യമാക്കി, ഒരു ദേശീയ പ്രതിപക്ഷത്തെ. അധികാര രാഷ്ട്രീയത്തിന്റെ മത്ത് വിട്ടിട്ടില്ലാത്ത കോണ്‍ഗ്രസിനെ പ്രതിപക്ഷമാക്കി വളര്‍ത്തിയെടുക്കാനുള്ള രാഷ്ട്രീയ പരീക്ഷണങ്ങളിലായിരുന്നു, പത്തുവര്‍ഷമായി രാഹുല്‍ ഗാന്ധി. തോല്‍പ്പിക്കപ്പെടുമ്പോഴും ആ പാര്‍ട്ടിയുടെ ഏറ്റവും വലിയ പ്രതീക്ഷയായിരിക്കുക എന്നതാണ് രാഹുലിന്റെ സമകാലിക പ്രസക്തി.

രാഹുലിന് സ്വന്തം ഐഡന്റിറ്റിയില്‍നിന്ന് കുടഞ്ഞുകളയാനേറെയുണ്ടായിരുന്നു. നെഹ്‌റു കുടുംബ പൈതൃകമായിരുന്നു അതില്‍ പ്രധാനം. ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള വൈയക്തികമായ ഓര്‍മകളല്ലാതെ അവരുടെ രാഷ്ട്രീയ ലെഗസിയെ ഏറ്റെടുക്കാന്‍ രാഹുല്‍ വിസമ്മതിച്ചു. പകരം, ജവഹര്‍ലാല്‍ നെഹ്‌റുവുമായി പൊളിറ്റിക്കലായി കണക്റ്റ് ചെയ്യാനുള്ള സ്‌പെയ്‌സായിരുന്നു രാഹുല്‍ തെരഞ്ഞുകൊണ്ടിരുന്നത്.

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ കുടുംബചിത്രവുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ കുടുംബചിത്രവുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയെ ഒരു ആധുനിക രാജ്യമാക്കിയെടുക്കാനുള്ള നെഹ്‌റുവിയന്‍ ഐഡന്റിറ്റിയുടെയും ചിന്തയുടെയും ഭാവനയുടെയും ഒരു എക്‌സ്‌റ്റെന്‍ഷന്‍ രാഹുലില്‍ പലപ്പോഴും മിന്നിമറയുന്നത് ദൃശ്യമാണ്. അത് രാഹുലിന്റെ വേഷത്തില്‍നിന്നു തുടങ്ങി, മനുഷ്യരുമായുള്ള, പ്രത്യേകിച്ച്, യുവതലമുറയുമായുള്ള വിനിമയങ്ങളില്‍ നിന്നുതുടങ്ങി, ജനാധിപത്യത്തെയും സെക്യുലറിസത്തെയും ഭാവി ഇന്ത്യയെയും കുറിച്ചുള്ള ചിന്തകളില്‍ വരെ പ്രകടമാണ്.

അതായത്, ബി.ജെ.പി എന്ന സംഹാരശക്തിയുടെ എല്ലാതരം പ്രതിനിധാനങ്ങളുടെയും എതിര്‍പക്ഷത്തുനിൽക്കുന്ന ആശയങ്ങളെയെല്ലാം 'ഓണ്‍' ചെയ്യാനാകുമായിരുന്ന നേതൃത്വം രാഹുലിലുണ്ടായിരുന്നു. അതിനൊപ്പം നിൽക്കാനുള്ള ജനസാമാന്യവും അതിനെ പിന്തുണയ്ക്കാൻ പൗരസമൂഹവും നയിക്കാനുള്ള സംഘടനാസംവിധാനവും റെഡിയായിരുന്നു. എന്നാല്‍, അതിനെ പ്രായോഗിക രാഷ്ട്രീയത്തിന്റെ സമവാക്യങ്ങളുമായി ഇണക്കിചേര്‍ക്കുന്നതിൽ രാഹുല്‍ കുറ്റകരമായ അലസത കാട്ടി, ആ അലസത, ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും കെട്ട കാലത്തുയരേണ്ട രാഷ്ട്രീയ ജാഗ്രതയെ റദ്ദാക്കിക്കളഞ്ഞു.

ഇന്ത്യയിലെ എക്കാലത്തെയും അധികാരവര്‍ഗപാര്‍ട്ടിക്ക് അധികാരത്തോട് വിമുഖനായ, രാഹുലിനെപ്പോലൊരു നേതാവിനെ സങ്കല്‍പ്പിക്കാനാകുമായിരുന്നില്ല.

നെഹ്‌റു കുടുംബം എന്ന പ്രിവിലേജാണ് മൗലികമായ രാഷ്ട്രീയസത്തയായി മാറുന്നതിൽനിന്ന് രാഹുലിനെ തടഞ്ഞത്. 2004-ല്‍ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പു മത്സരത്തില്‍ യു.പിയിലെ അമേഥിയില്‍നിന്ന് ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. 2007-ല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി, 2013-ല്‍ വൈസ് പ്രസിഡന്റും. ഇതിനിടയില്‍, പാര്‍ട്ടി സംസ്ഥാനങ്ങളില്‍ നാമാവശേഷമാകുകയായിരുന്നു.

2009 മുതല്‍ 2014 വരെയുള്ള കാലത്ത് വിവിധ വിഭാഗങ്ങളില്‍നിന്ന് കോൺഗ്രസിന് ലഭിച്ചുകൊണ്ടിരുന്ന വോട്ട് വിഹിതം ശോഷിച്ചുവന്നതായി സി.എസ്.ഡി.എസ് ഡാറ്റ കാണിക്കുന്നു.
ആദ്യമായി വോട്ടുചെയ്യുന്നവരുടെ പിന്തുണ 2009-ലെ 27ശതമാനത്തില്‍ നിന്ന് 2014-ല്‍ 17 ശതമാനമായി കുറഞ്ഞു. സ്ത്രീകളുടെ പിന്തുണ 29-ല്‍ നിന്ന് 19 ശതമാനമായും ഗ്രാമീണരുടെ പിന്തുണ 28-ല്‍ നിന്ന് 19 ശതമാനമായും ദരിദ്രവിഭാഗങ്ങളുടെ പിന്തുണ 27 ശതമാനത്തില്‍നിന്ന് 20 ശതമാനമായും പട്ടികജാതിക്കാരുടെ പിന്തുണ 27-ല്‍ നിന്ന് 19 ശതമാനമായും ഒ.ബി.സി വിഭാഗങ്ങളുടെ പിന്തുണ 24-ല്‍നിന്ന് 15 ശതമാനമായും കുറഞ്ഞു. മുസ്‌ലിംകളുടെ പിന്തുണ മാത്രമാണ് ഈ കാലയളവില്‍ 38 ശതമാനമായി, മാറ്റമില്ലാതെ നിന്നത്.
ഈ കാലയളവിലെല്ലാം, പിന്നീട് രണ്ട് യു.പി.എ സര്‍ക്കാറുകളുടെ കാലത്തും ഏതാണ്ട് അരാഷ്ട്രീയതയോളമെത്തുന്ന നിസ്സംഗനേതൃത്വമായിരുന്നു രാഹുല്‍. ഇതിന്റെ പ്രതിഫലനമായിരുന്നു, 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം. കോണ്‍ഗ്രസിന് കിട്ടിയത് വെറും 44 സീറ്റ്. ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം പോലും അവകാശപ്പെടാനാകാത്ത ദുരന്തത്തോല്‍വി.

ഇന്ദിരാഗാന്ധി സ്മാരകത്തിനരികെ മന്‍മോഹന്‍ സിംഗിനോടൊപ്പം രാഹുല്‍ ഗാന്ധി
ഇന്ദിരാഗാന്ധി സ്മാരകത്തിനരികെ മന്‍മോഹന്‍ സിംഗിനോടൊപ്പം രാഹുല്‍ ഗാന്ധി

2017-ല്‍ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി. 2019-ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ലോക്‌സഭയില്‍ നേടാനായത് 52 സീറ്റു മാത്രം, മാത്രമല്ല, അമേഥിയില്‍ പരാജയപ്പെടുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു.

പുതുതലമുറയെ പ്രാദേശിക നേതൃത്വങ്ങളിലേക്ക് കൊണ്ടുവന്നും 'ഹൈക്കമാന്‍ഡ്' എന്ന ജനാധിപത്യവിരുദ്ധമായ ആധിപത്യസ്വരൂപത്തെ ദുര്‍ബലമാക്കിയും, കുടുംബ പൈതൃകത്തിന്റെ പ്രാരാബ്ദങ്ങളഴിച്ചുവക്കാന്‍ രാഹുല്‍ നടത്തിയ പരീക്ഷണങ്ങള്‍ പാര്‍ട്ടിയെ യഥാര്‍ഥത്തില്‍ ആശയക്കുഴപ്പത്തിലാക്കുകയാണുണ്ടായത് എന്ന് തുടരെത്തുടരെയുള്ള തോല്‍വികള്‍ തെളിയിച്ചു. മാറ്റങ്ങള്‍ക്ക് വിധേയമാകാനുള്ള പാകം പാര്‍ട്ടി കൈവരിച്ചിരുന്നില്ലെന്നു മാത്രമല്ല, നേതൃപരമായ ശൂന്യത സംഘടനയെ അനാഥമാക്കുകയും ചെയ്തു.

കോണ്‍ഗ്രസിനെ ഒരു പ്രതിപക്ഷമാക്കി നിലനിര്‍ത്തുന്നത്, പ്രാഥമികമായി രാഹുലിന്റെ അധികാര വിമുഖതയാണ്.

ഇന്ത്യയിലെ എക്കാലത്തെയും അധികാരവര്‍ഗപാര്‍ട്ടിക്ക് അധികാരത്തോട് വിമുഖനായ ഒരു നേതാവിനെ സങ്കല്‍പ്പിക്കാനാകുമായിരുന്നില്ല. ഹൈക്കമാന്‍ഡ് എന്ന അധികാരഘടനയുടെ നിയന്ത്രണസുഖമനുഭവിച്ചിരുന്ന സംസ്ഥാന നേതൃത്വങ്ങളും സമാനമായ അനാഥത്വത്തിലേക്ക് വീണുപോയി. ഭൂതകാലത്തിന്റെ ഒരു പാര്‍ട്ടിയെ ഭാവിയിലേക്ക് പരിവര്‍ത്തിപ്പിക്കുമ്പോഴുണ്ടാകുന്ന അനിവാര്യമായ പ്രതിസന്ധികളാണ് രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേരിട്ടത്.

എങ്കിലും ഇത്തരം പ്രതിസന്ധികളെ ഒരുതരം സ്ഥിതപ്രഞ്ജതയോടെ രാഹുൽ നേരിട്ടു. 24 വര്‍ഷത്തിനിടെ ആദ്യമായി നെഹ്‌റു കുടുംബാംഗമല്ലാത്ത ഒരാളെ, 80 വയസുകാരനായ മല്ലികാര്‍ജുന്‍ ഖാര്‍ഗേയെ, പാര്‍ട്ടി പ്രസിഡന്റാക്കി, സമീപകാലത്തെ ഏറ്റവും പ്രസക്തമായ ഒരു പുനഃസംഘടനക്കാണ് രാഹുല്‍ നേതൃത്വം നല്‍കിയത്. 'ഇന്ത്യ' മുന്നണിയുടെ നേതൃസ്ഥാനത്തുള്ള അദ്ദേഹം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന് കേവല ഭൂരിപക്ഷം ലഭിച്ചാല്‍ മമത ബാനര്‍ജിയുടെയും അരവിന്ദ് കെജ്‌രിവാളിന്റെയും പിന്തുണയോടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കാവുന്ന നേതൃത്വമായി മാറിയിരിക്കുന്നു.

ഭാരത് ​ജോഡോ യാത്രയില്‍ രാഹുൽ ഗാന്ധിയുടെ അതേ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസിന്, ആ ജാഥയുടെ റിസള്‍ട്ടിനെയും സ്വന്തമാക്കാനായില്ല. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗേ, കെ.സി. വേണു​ഗോപാൽ എന്നിവർ.
ഭാരത് ​ജോഡോ യാത്രയില്‍ രാഹുൽ ഗാന്ധിയുടെ അതേ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസിന്, ആ ജാഥയുടെ റിസള്‍ട്ടിനെയും സ്വന്തമാക്കാനായില്ല. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗേ, കെ.സി. വേണു​ഗോപാൽ എന്നിവർ.

കോണ്‍ഗ്രസിനെ ഒരു പ്രതിപക്ഷമാക്കി നിലനിര്‍ത്തുന്നത്, പ്രാഥമികമായി രാഹുലിന്റെ അധികാര വിമുഖതയാണ്. തന്റെ വൈയക്തികമായ ആ ബോധ്യത്തെ രാഹുലിന് സംഘടനാപരമാക്കി മാറ്റേണ്ടതുണ്ടായിരുന്നു. പാര്‍ട്ടി, കോണ്‍ഗ്രസാണ് എന്നതായിരുന്നു അതിനുള്ള ഏറ്റവും വലിയ ക്രൈസിസ്. അതിനെ മറികടക്കാന്‍ രാഹുല്‍ നടത്തിയ ശ്രമങ്ങളാണ് ബി.ജെ.പിക്കെതിരെ പ്രായോഗിക രാഷ്ട്രീയത്തിന്റെയും ഐഡിയോളജിയുടെയും തലത്തിലുള്ള പ്രതിപക്ഷത്തെ സാധ്യമാക്കിയെടുത്തത്.

രാഹുലിന്റെ പരീക്ഷണങ്ങളില്‍ പ്രധാനം, അദ്ദേഹം 'തനിച്ച്' നടത്തിയ രണ്ട് യാത്രകളാണ്. സംഘടന ഒപ്പമെത്താന്‍ ഏറെ ക്ലേശിച്ചു, പ്രത്യേകിച്ച് ആദ്യ യാത്രയില്‍.
136 ദിവസം, 4500 കിലോമീറ്റര്‍. 10 സംസ്ഥാനങ്ങള്‍. ബഹുസ്വരമായ ദേശങ്ങൾ. പലതരം മനുഷ്യരുടെ സമൃദ്ധി. 12 പൊതുസമ്മേളനങ്ങള്‍. നൂറിലേറെ കോര്‍ണര്‍ യോഗങ്ങള്‍, 13 വാര്‍ത്താസമ്മേളനങ്ങള്‍. ഇതൊന്നും കോണ്‍ഗ്രസിന് അന്യമായിരുന്നില്ല എന്നല്ല, ഇന്ത്യയില്‍ കോണ്‍ഗ്രസിനുമാത്രം അവകാശപ്പെടാവുന്ന മണ്ണും മനുഷ്യരും പ്രകൃതിയുമായിരുന്നു ഇതെല്ലാം. ‘പ​​ണ്ടൊരു കാലത്ത്’ എന്നു കൂടി ചേര്‍ക്കാം. ആ കാലത്തിന്റെ വീണ്ടെടുപ്പായിരുന്നു രാഹുലിന്റെ ലക്ഷ്യം. അതുകൊണ്ട്, കക്ഷിരാഷ്ട്രീയമല്ല ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം എന്ന് ആദ്യമേ നിശ്ചയിച്ചു. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സ്‌നേഹത്തിന്റെ രാഷ്ട്രീയം. വിദ്വേഷ രാഷ്ട്രീയത്താല്‍ വിഭജിക്കപ്പെട്ട മനുഷ്യരെ രാഹുല്‍ ചേര്‍ത്തുപിടിച്ചു. അധികാരത്തില്‍നിന്ന് തിരസ്‌കരിക്കപ്പെട്ട ഒരു രാഷ്ട്രീയ നേതാവിനെയല്ല റോഡരികുകളിലേക്കെത്തിയ മനുഷ്യര്‍ കണ്ടത്. പകരം, അപ്പോള്‍ അവരുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടുകൊണ്ടിരുന്ന അധികാരത്തിനെതിരുനില്‍ക്കുന്ന ഒരാശയത്തെയാണ്.

‘ഭാരത് ജോഡോ യാത്ര’യുടെ ആശയം കോൺഗ്രസിന്റേതുതന്നെയാണ്. മുമ്പ്, കൊളോണിയൽ ഭരണകൂടത്തിനെതിരെ ജനാധിപത്യത്തെ മുൻനിർത്തി, ഇന്ത്യയിലെ ജനങ്ങളെയും ചേർത്തുപിടിച്ച് ഗാന്ധി നടത്തിയ ചെറുത്തുനിൽപ്പിലാണ് ആ യാത്രയുടെ സത്തയുള്ളത്.

ഒരുവിധ അധികാരകേന്ദ്രങ്ങളുടെയും ബലമില്ലാത്ത, ഒരുവിധ ഉറപ്പുകളും നല്‍കാത്ത ഈ യാത്രയിലേക്ക് തൊഴിലാളികളും കര്‍ഷകരും സ്ത്രീകളും വിദ്യാര്‍ഥികളും ബുദ്ധിജീവികളും ഗ്രാമീണരും രാഷ്ട്രീയപ്രവര്‍ത്തകരുമെല്ലാം എത്തിയത് എന്തിനാണ്? ഒരേയൊരു കാരണം: ഹിംസാത്മകമായ ഫാഷിസ്റ്റ് പ്രയോഗത്തോടുള്ള എതിര്‍പ്പ്. അതുകൊണ്ടുതന്നെയാണ്, ബി.ജെ.പിക്ക് ഭാരത് ജോഡോ യാത്രയെ രാഷ്ട്രീയമായി നേരിടാന്‍ കഴിയാതിരുന്നതും. ബി.ജെ.പിയെ സംബന്ധിച്ച് തീര്‍ത്തും അന്യരായ ഒരു മനുഷ്യസമൂഹമാണ് രാഹുലിന്റെ അടുത്തെത്തിയത്. അതുകൊണ്ട് അദ്ദേഹത്തിന്റെ ടീ ഷര്‍ട്ടിന്റെയും കണ്ണടയുടെയൂം ഷൂവിന്റെയുമൊക്കെ വില പെരുപ്പിച്ചുകാട്ടിയും വാക്കുകള്‍ അടര്‍ത്തിയെടുത്തും വിവാദമാക്കുകയല്ലാതെ മറ്റു വഴികളുണ്ടായിരുന്നില്ല. പൗരസമൂഹം എന്ന ഏറ്റവും വലിയ പ്രതിപക്ഷത്തെയാണ് രാഹുല്‍ തന്റെ നെഞ്ചിനാല്‍ ആശ്ലേഷിച്ചത്. പാര്‍ട്ടിക്ക് നഷ്ടമായ ഒരു പ്രതിപക്ഷം കൂടിയായിരുന്നു അത്. അവരുടെ പാര്‍ട്ടിയായി കൂടി നിലനില്‍ക്കാന്‍ കോണ്‍ഗ്രസിനാകുമെന്ന് രാഹുല്‍ കാണിച്ചുകൊടുത്തു.

‘ഭാരത് ജോഡോ യാത്ര’യുടെ ആശയം കോൺഗ്രസിന്റേതുതന്നെയാണ്. മുമ്പ്, കൊളോണിയൽ ഭരണകൂടത്തിനെതിരെ ജനാധിപത്യത്തെ മുൻനിർത്തി, ഇന്ത്യയിലെ ജനങ്ങളെയും ചേർത്തുപിടിച്ച് ഗാന്ധി നടത്തിയ ചെറുത്തുനിൽപ്പിലാണ് ആ യാത്രയുടെ സത്തയുള്ളത്. ഇപ്പോൾ, ജനാധിപത്യത്തിലെ ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെയും അതിന്റെ അപരവൽക്കരണത്തിനെതിരെയും അതേ രാജ്യത്തിന്റെയും അതേ മനുഷ്യരുടെയും തുടർച്ചയെ, അതേ ബഹുസ്വരതയോടെ ചേർത്തുനിർത്തുക എന്ന വിവേകത്തിലേക്ക് വികസിക്കുക വഴി ഒരു യഥാർഥ പ്രതിപക്ഷമായി മാറി, രാഹുൽ, അതിലൂടെ കോൺഗ്രസും. ആ യാത്രയില്‍ രാഹുലിന്റെ അതേ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസിന്, ആ ജാഥയുടെ റിസള്‍ട്ടിനെയും സ്വന്തമാക്കാനായില്ലെങ്കിലും 'ഇന്ത്യ' സഖ്യം എന്നൊരു ദേശീയ പ്രതിപക്ഷത്തിന്റെ രൂപീകരണത്തിലേക്ക് ഈ ജാഥയുടെ ഫലശ്രുതിയെ കൂടി ചേര്‍ത്തുവക്കാം.

പാര്‍ട്ടി അധ്യക്ഷസ്ഥാനമൊഴിഞ്ഞശേഷമുള്ള രാഹുല്‍, ഒരുവിധ അധികാരപദവികളിലുമില്ലാത്ത രാഹുല്‍, ആ രാഹുലാണ് കോണ്‍ഗ്രസിനെ പ്രതിപക്ഷം എന്ന തിരിച്ചറിവിലേക്ക് നയിച്ചത്, അതും സ്വയം ഒരു പ്രതിപക്ഷനേതാവായി ചമയാതെ.

ഇന്ത്യന്‍ നാഷനല്‍ ഡവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്- 'ഇന്ത്യ'- എന്ന പേര് പുതിയ പ്രതിപക്ഷത്തിന് നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധിയാണ്. ഇന്ത്യ എന്ന ആശയത്തെ ഇല്ലാതാക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാറിന്റെ ഭരണഘടനാവിരുദ്ധമായ നടപടികളോടുള്ള ശക്തമായ പ്രതികരണം. ഭാരത് ജോഡോ യാത്രയിലൂടെയായിരിക്കണം 'ഇന്‍ക്ലൂസീവ്' എന്ന വാക്കിനെ, ഇന്നത്തെ രാഷ്ട്രീയ സന്ദര്‍ഭത്തിനിണങ്ങുന്ന ഏറ്റവും പ്രസക്തമായ ഒരാശയമെന്ന നിലയില്‍ ഏറ്റെടുക്കാന്‍ രാഹുലിനെ പ്രാപ്തനാക്കിയത്.

മണിപ്പുരിലെ കുകി സ്ത്രീകളുടെ സാന്നിധ്യത്തില്‍നിന്ന് തുടങ്ങി മുംബൈയില്‍ അവസാനിച്ച ഭാരത് ജോഡോ ന്യായ് യാത്രക്ക് രാഷട്രീയ ലക്ഷ്യമാണുണ്ടായിരുന്നത്. 'ഇന്ത്യ' സഖ്യത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം കൂടിയായിരുന്നു, 6700 കിലോമീറ്റര്‍ പിന്നിട്ട ഈ യാത്ര. മണിപ്പുരിലെ വംശീയ ആക്രമണം മുതല്‍ ആര്‍.എസ്.എസിന്റെ പൗരോഹിത്യത്തില്‍ അരങ്ങേറിയ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം വരെ ഈ യാത്രയുടെ ഉള്ളടക്കമായി മാറി. ഒപ്പം, സാമൂഹിക നീതിയുടെയും സാമ്പത്തിക നീതിയുടെയും രാഷ്ട്രീയം കൂടി ഈ ജാഥയിലൂടെ രാഹുല്‍ മുന്നോട്ടുവച്ചു. ജാതി സെന്‍സസ് എന്നതിനെ ദേശീയ മുദ്രാവാക്യമായി ഏറ്റെടുപ്പിക്കാനുള്ള രാഹുലിന്റെ ശ്രമം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തന്നെ വിഫലമാക്കപ്പെട്ടുവെങ്കിലും ഒ.ബി.സി രാഷ്ട്രീയത്തെ ബി.ജെ.പിയുടെ 'ഇന്‍ക്ലൂസീവ് ഹിന്ദുത്വ' സൂത്രത്തില്‍നിന്ന് വേര്‍പെടുത്തി ഒരു പൊളിറ്റിക്കല്‍ കാമ്പയിനാക്കി മാറ്റാനെങ്കിലും കഴിഞ്ഞു.

ഗൗതം അദാനിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി
ഗൗതം അദാനിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി

ക്രോണി കാപ്പിറ്റലിസത്തിനെതിരായ രാഹുലിന്റെ ഇടപെടലുകള്‍ ബി.ജെ.പിയെയും നരേന്ദ്രമോദിയെയും പ്രതിക്കൂട്ടിലാക്കാന്‍ പോന്നതായിരുന്നു. നരേന്ദ്രമോദിയും അദാനിയും തമ്മിലുള്ള ബന്ധം മാത്രമല്ല, കേന്ദ്ര ഭരണകൂടം തന്നെ കോര്‍പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്നതിന്റെ ഭയാനകമായ വസ്തുതകളിലേക്ക് രാഹുലിന്റെ ഇടപെടലിന് വികസിക്കാനായി. ഒരുപക്ഷെ, ഇലക്ടറല്‍ ബോണ്ടിലൂടെ പുറത്തുവന്ന ഭീമാകാരമായ അഴിമതിയും കള്ളപ്പണ ഇടപാടും രാഹുല്‍ തുടങ്ങിവച്ച ആക്രമണങ്ങളുടെ ഫലപ്രദമായ തുടര്‍ച്ച കൂടിയായിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേടിയ ജയം ബി.ജെ.പിയുടെ ക്രോണി കാപ്പിറ്റലിസത്തിനെതിരായ ജയമാണെന്ന് ശരിയായി രാഹുല്‍ വിലയിരുത്തി. അതായത്, ജനകീയമായ രാഷ്ട്രീയ പരിപ്രേക്ഷ്യമുണ്ടെങ്കില്‍, കോണ്‍ഗ്രസിന് ബി.ജെ.പിയെ തോല്‍പ്പിക്കാനുള്ള ബാല്യം ബാക്കിയുണ്ട് എന്നര്‍ഥം.

പൊതുയോഗത്തില്‍ സംസാരിക്കുന്ന ജവഹർലാല്‍ നെഹ്റു
പൊതുയോഗത്തില്‍ സംസാരിക്കുന്ന ജവഹർലാല്‍ നെഹ്റു

‘ഇന്ത്യ’ സഖ്യത്തിലെ ഏറ്റവും വലിയ പാർട്ടി ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുക 255 സീറ്റിലാണ്. അതായത്, സ്വാതന്ത്ര്യത്തിനുശേഷമുള്ള തെരഞ്ഞെടുപ്പുകളിലെ ഏറ്റവും ചെറിയ സംഖ്യ. ആകെ 545 സീറ്റുകളിൽ പകുതിയിലേറെ സീറ്റുകൾ സഖ്യത്തിലെ ദേശീയ- പ്രാദേശിക ഘടകകക്ഷികളുമായി പങ്കിടുകയാണ് കോൺഗ്രസ്. രാജ്യ​ത്തെ ഏകകക്ഷി ഭരണത്തിന്റെ ഏറ്റവും വലിയ പാരമ്പര്യമുള്ള ഒരു പാർട്ടിയെ, യാഥാർഥ്യബോധത്തോടെ, ചെറിയ പാർട്ടികളുമായുള്ള സീറ്റ് ഷെയറിങ്ങിലേക്ക് നയിച്ചതും രാഹുലിന്റെ ഇടപെടലാണ്.

പാര്‍ട്ടി അധ്യക്ഷസ്ഥാനമൊഴിഞ്ഞശേഷമുള്ള രാഹുല്‍, ഒരുവിധ അധികാരപദവികളിലുമില്ലാത്ത രാഹുല്‍, ആ രാഹുലാണ് കോണ്‍ഗ്രസിനെ പ്രതിപക്ഷം എന്ന തിരിച്ചറിവിലേക്ക് നയിച്ചത്, അതും സ്വയം ഒരു പ്രതിപക്ഷനേതാവായി ചമയാതെ.

അധികാര രാഷ്ട്രീയത്തിനെതിരായ ഏറ്റവും ശക്തമായ പ്രതിപക്ഷമായ ഗാന്ധി, രാഹുലിന്റെ യാത്രകളിലുടനീളം ഒരു നിഴലായെങ്കിലും ഒപ്പമുണ്ടായിരുന്നിരിക്കണം, നെഹ്‌റുവിനൊപ്പം ഗാന്ധിയുണ്ടായിരുന്നതുപോലെ...


Summary: അധികാര രാഷ്ട്രീയത്തിനെതിരായ ഏറ്റവും ശക്തമായ പ്രതിപക്ഷമായ ഗാന്ധി, രാഹുലിന്റെ യാത്രകളിലുടനീളം ഒരു നിഴലായെങ്കിലും ഒപ്പമുണ്ടായിരുന്നിരിക്കണം, നെഹ്‌റുവിനൊപ്പം ഗാന്ധിയുണ്ടായിരുന്നതുപോലെ...


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments