വ്യാജ എക്സിറ്റ് പോളുകളുടെ മറവിൽ മോദിയും അമിത് ഷായും ഓഹരി വിപണി തട്ടിപ്പ് നടത്തിയതായി രാഹുൽ

‘‘എക്‌സിറ്റ് പോൾ ഫലം വരാനിരിക്കെ മെയ് 31 ന് കോടികളുടെ വിദേശ നിക്ഷേപമുണ്ടായി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് ഇതിന് ഇടനിലക്കാരായി പ്രവർത്തിച്ചത്. എന്നാൽ ജൂൺ 1ന് വ്യാജ എക്സ്റ്റിറ്റ് പോൾ വന്നു, ജൂൺ 4 ന് 30 ലക്ഷം കോടിയുടെ നഷ്ടമാണ് മാർക്കറ്റിൽ ഉണ്ടായത്’’- രാഹുൽ ഗാന്ധി ആരോപിച്ചു.

Election Desk

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മറവിൽ നരേന്ദ്ര മോദിയും അമിത്ഷായും ഓഹരി വിപണിയിൽ തട്ടിപ്പ് നടത്തിയതായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. തെരഞ്ഞെടുപ്പ് സമയത്ത് ഓഹരി വിപണിയെ സ്വാധീനിക്കുന്ന വിധത്തിലുള്ള പ്രസ്താവനകൾ ഇരുവരും നടത്തിയെന്നാണ് രാഹുലിന്റെ ആരോപണം. ഇതിനായി വ്യാജ എക്‌സിറ്റ് പോൾ സർവേകൾ മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്തതെന്നും ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടന്നതെന്നും ജെ പി സി അന്വേഷണം വേണമെന്നും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ
ആരോപിച്ചു:

ജൂൺ നാലിന് സ്റ്റോക്ക് മാർക്കറ്റ് റെക്കോർഡ് ഇടുമെന്ന് മോദിയും അമിത്ഷായും പറഞ്ഞു. സ്റ്റോക്കുകൾ വാങ്ങിവെക്കാനും ആവശ്യപ്പെട്ടു. ഇതിന് വലിയ പ്രചാരണം നൽകി. എക്‌സിറ്റ് പോൾ വരാനിരിക്കെ മെയ് 31 ന് കോടികളുടെ വിദേശ നിക്ഷേപമുണ്ടായി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് ഇതിന് ഇടനിലക്കാരായി പ്രവർത്തിച്ചത്. എന്നാൽ ജൂൺ 1ന് വ്യാജ എക്സ്റ്റിറ്റ് പോൾ വന്നു, ഇത് നന്നായി പ്രചരിപ്പിച്ചു. ജൂൺ 4 ന് 30 ലക്ഷം കോടിയുടെ നഷ്ടമാണ് മാർക്കറ്റിൽ ഉണ്ടായത്. എക്‌സിറ്റ് പോളുകൾ തെറ്റാണെന്ന് നരേന്ദ്രമോദിക്ക് അറിയാമായിരുന്നു. മോദിയെ വിശ്വസിച്ച ഇന്ത്യയിലെ സാധാരണക്കാർക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായത്. ജൂൺ നാലിന് ഫലം വന്നതിന് പിന്നാലെ ഓഹരി വിപണി ഇടിഞ്ഞു

എകദേശം മുപ്പത് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് വിപണിയിലുണ്ടായതെന്നും ബി.ജെ.പിയുമായി അടുത്ത ബന്ധം പുലർത്തുന്ന ബിസിനസ് പ്രമുഖർക്കാണ് ഇതിലൂടെ നേട്ടമുണ്ടായതന്നും രാഹുൽ ആരോപിച്ചു. തെളിവുകൾ സഹിതമായിരുന്നു രാഹുൽഗാന്ധിയുടെ ആരോപണം.

സ്റ്റോക്ക് മാർക്കറ്റിലെ അഴിമതിയുമായി ബന്ധപ്പെട്ട് നടന്നത് ക്രിമിനൽ കുറ്റമാണ്. സ്‌റ്റോക്ക് മാർക്കറ്റ് മുകളിലേക്ക് പോകുമെന്ന് പറഞ്ഞ് ഓഹരികൾ വാങ്ങാൻ ജനങ്ങളോട് എന്തിന് ആവശ്യപ്പെട്ടെന്ന് മോദിയും അമിത്ഷായും വ്യക്തമാക്കണമെന്നും രാഹുൽ പറഞ്ഞു. തെറ്റായ പ്രചാരണങ്ങൾ നടത്തിയ മോദിക്കും അമിത്ഷാക്കും വ്യാജ എക്‌സിറ്റ് പോൾ നടത്തിയവർക്കുമെതിരെ അന്വേഷണം വേണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Comments