രാഹുല്‍ ഗാന്ധി

ഇന്ത്യയെ കണ്ടെത്തിയ അനുഭവവുമായി
സ്വാതന്ത്യദിനത്തില്‍ രാഹുല്‍

‘‘യാത്ര നിര്‍ത്തുന്നതിനെക്കുറിച്ച് നമ്മള്‍ ആലോചിക്കുന്ന നിമിഷം, കീഴടങ്ങാന്‍ നമ്മള്‍ തീരുമാനിക്കുന്ന നിമിഷം, ആരെങ്കിലും ഒരാളെത്തി, തുടരാനുള്ള ഊര്‍ജം തന്നുകൊണ്ടിരുന്നു. ഒരിക്കല്‍ ഒരു പെണ്‍കുട്ടി ഒരു കത്തെഴുതി എനിക്കരികിലേക്കുവന്നു. മറ്റൊരിക്കല്‍ ഒരു വയോധിക, മറ്റൊരിക്കല്‍ ഒരാള്‍ പെട്ടെന്ന് ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു. ഇത്തരം നിശ്ശബ്ദ ഊര്‍ജങ്ങളാണ് എന്നെ ചലിപ്പിച്ചത്.''- സ്വാതന്ത്ര്യദിനത്തിൽ രാഹുൽ പറയുന്നു.

ന്ത്യയിലെ മനുഷ്യരെയും അവരുടെ വേദനകളെയും ആഹ്ലാദങ്ങളെയും ഹൃദയത്തിലേറ്റുവാങ്ങി, രാഹുല്‍ ഗാന്ധിയുടെ തീക്ഷ്ണമായ സ്വാതന്ത്ര്യദിനസന്ദേശം.
ട്വിറ്ററില്‍ പോസ്റ്റു ചെയ്ത വീഡിയോയിലൂടെയാണ്, അദ്ദേഹം ഭാരത് ജോഡോ യാത്രക്കിടെ കണ്ട പലതരം മനുഷ്യരെയും അനുഭവങ്ങളെയും അതിതീവ്രമായി ഓര്‍ത്തെടുക്കുന്നത്.

ജലാലുദ്ദീന്‍ റൂമിയുടെ കവിതയിലെ വരികളില്‍നിന്നാണ് രാഹുല്‍ അദ്ദേഹത്തിന്റെ അനുഭവം തുടങ്ങുന്നത്: ''വാക്കുകള്‍ ഹൃദയത്തില്‍നിന്നാണ് വരുന്നതെങ്കില്‍, അവ ഹൃദയത്തിലേക്കുതന്നെ സഞ്ചരിക്കും.''

ഭാരത് ജോഡോ യാത്രയുടെ അനുഭവം ഹൃദയാവര്‍ജ്ജകമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു: ''കഴിഞ്ഞ വര്‍ഷം 145 ദിവസങ്ങള്‍ ഞാന്‍ ഈ മണ്ണിലൂടെ നടക്കുകയായിരുന്നു. കടല്‍ അതിരിടുന്ന ഒരറ്റത്തുനിന്നാണ് നടന്നുതുടങ്ങിയത്. ചൂടിലൂടെയും പൊടിയിലൂടെയും മഴയിലൂടെയും ഞാന്‍ നടന്നു. ഒടുവില്‍ പ്രിയപ്പെട്ട കാശ്മിരിലെത്തി, അവിടുത്തെ മഞ്ഞുമൂടിയ മണ്ണിലെത്തി.

പലരും എന്നോട് ചോദിച്ചു, എന്തിനാണ് ഞാന്‍ നടക്കുന്നത്?

ഞാന്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്തിനെയാണോ, എനിക്ക് അതിനെക്കുറിച്ച് കൃത്യമായി അറിയണമായിരുന്നു. എന്തിനുവേണ്ടി ഞാന്‍ എന്റെ ജീവനടക്കമുള്ളതെല്ലാം ത്യജിക്കാന്‍ സന്നദ്ധനായിരിക്കുന്നു, അതിനെക്കുറിച്ച് എനിക്ക് നന്നായി അറിയണമായിരുന്നു. അത് ഈ മണ്ണിനെയാണോ? ജനങ്ങളെയാണോ, ആശയങ്ങളെയാണോ?''

കടുത്ത വേദനയെ തുടര്‍ന്ന് യാത്ര തുടരാനാകാത്ത സാഹചര്യത്തെക്കുറിച്ച് രാഹുല്‍ പറയുന്നുണ്ട്: ''നടന്നുതുടങ്ങിയ ഉടന്‍ എന്റെ മുട്ട് വേദനിക്കാന്‍ തുടങ്ങി. അത്, ശരീരത്തിലാകെ പടര്‍ന്നു. അതിനടുത്ത ദിവസം ഞാന്‍ തനിച്ചിരുന്ന് കരഞ്ഞു. യാത്ര പൂര്‍ത്തിയാക്കാനാകുമെന്ന ആത്മവിശ്വാസം ഇല്ലാതാകുന്നപോലെ. വേദന, വിശന്നുപൊരിഞ്ഞ ചെന്നായയെപ്പോലെ എന്നെ പിന്തുടര്‍ന്നു. പിന്നീട് ഞാന്‍ ചിന്തിച്ചു, യാത്ര നിര്‍ത്തുന്നതിനെക്കുറിച്ച് നമ്മള്‍ ആലോചിക്കുന്ന നിമിഷം, കീഴടങ്ങാന്‍ നമ്മള്‍ തീരുമാനിക്കുന്ന നിമിഷം, ആരെങ്കിലും ഒരാളെത്തി, തുടരാനുള്ള ഊര്‍ജം തന്നുകൊണ്ടിരുന്നു. ഒരിക്കല്‍ ഒരു പെണ്‍കുട്ടി ഒരു കത്തെഴുതി എനിക്കരികിലേക്കുവന്നു. മറ്റൊരിക്കല്‍ ഒരു വയോധിക, മറ്റൊരിക്കല്‍ ഒരാള്‍ പെട്ടെന്ന് ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു. ഇത്തരം നിശ്ശബ്ദ ഊര്‍ജങ്ങളാണ് എന്നെ ചലിപ്പിച്ചത്.''

യാത്രക്കിടെ കണ്ടുമുട്ടിയ മനുഷ്യരെയും അവരുടെ പ്രശ്‌നങ്ങളെയും രാഹുല്‍ എടുത്തു പറയുന്നുണ്ട്: ''വലിയ മുദ്രാവാക്യങ്ങള്‍ക്കും കാമറകള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും ഇടയില്‍, പെട്ടെന്ന് ഒരു ദിവസം ഞാന്‍ അനുഭവിച്ചിട്ടില്ലാത്ത ഒരു നിശ്ശബ്ദത വന്നെന്നെ മൂടി. എന്റെ കൈ മുറുകെ പിടിച്ചിരുന്ന ആ മനുഷ്യന്റെ ശബ്ദം മാത്രമേ ഞാന്‍ കേട്ടുള്ളൂ. അദ്ദേഹം ഒരു കര്‍ഷകരായിരുന്നു. അദ്ദേഹം നട്ട പരുത്തിയുടെ ചീഞ്ഞുപോയ ഇലകള്‍ എന്നെ കാണിക്കുമ്പോള്‍ അദ്ദേഹം കരയുകയായിരുന്നു. എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. നടത്തം നിര്‍ത്തി ആ മനുഷ്യനെ ഒന്ന് കെട്ടിപ്പിടിക്കുകയല്ലാതെ എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇതേ അനുഭവം പിന്നീടുമുണ്ടായി. കുട്ടികളോടും അമ്മമാരോടും വിദ്യാര്‍ഥികളോടും അത് ആവര്‍ത്തിച്ചു. കടയുടമകള്‍ക്കുംകാര്‍പെന്റര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും സൈനികര്‍ക്കുമൊന്നും മറ്റൊന്നും പറയാനുണ്ടായിരുന്നില്ല.''

യാത്രയിലൂടെ താന്‍ എങ്ങനെയാണ് ഇന്ത്യയെ കണ്ടെത്തിയത് എന്ന രാഹുല്‍ പറയുന്നു: ''എന്റെ സ്‌നേഹത്തിന്റെ ലക്ഷ്യം പെട്ടെന്ന് എനിക്കുമുന്നില്‍ വെളിവായി. എന്റെ പ്രിയപ്പെട്ട ഭാരത് മാതാവ് വെറുമൊരു ഭൂപ്രദേശം മാത്രമല്ല. അത് ഏതെങ്കിലും ജാതിയല്ല. എന്റെ ഭാരത് മാതാവ് ഓരോ ഇന്ത്യക്കാരുടെയും ശബ്ദമാണ്. അതെത്ര ദുര്‍ബലമായാലും ഉച്ചത്തിലായാലും. എല്ലാ ശബ്ദങ്ങള്‍ക്കുപിന്നിലും ആഴത്തില്‍ മറഞ്ഞിരിക്കുന്ന സന്തോഷവും ഭയവും വേദനയുമാണ് ഇന്ത്യ. ആ ഇന്ത്യയെ കേള്‍ക്കണമെങ്കില്‍ എന്‍േറതായ ശബ്ദവും ആഗ്രഹങ്ങളും അഭിലാഷങ്ങളും മാറ്റിവെക്കണം. ഇന്ത്യ സ്വയം നമ്മളോട് സംസാരിക്കും. അത് കേള്‍ക്കാന്‍ വിനയത്തോടെ പൂര്‍ണമായും നിശ്ശബ്ദരായിരിക്കണമെന്നു മാത്രം.''

Comments