ദളിതരെയും ആദിവാസി വിഭാഗങ്ങളെയും അവഗണിച്ച ബജറ്റ്, ഇന്ത്യ ചക്രവ്യൂഹത്തിൽ; മോദിക്കെതിരെ തുറന്നടിച്ച് രാഹുൽ

മൂന്നാം നരേന്ദ്ര മോദി സർക്കാരിൻെറ ആദ്യ ബജറ്റ് രാജ്യത്തെ ദളിതരെയും ആദിവാസി ജനവിഭാഗങ്ങളെയും പൂർണമായി അവഗണിച്ചുവെന്ന് രാഹുൽ ഗാന്ധി.

National Desk

  • പാർലമെൻറിലെ ബജറ്റ് ചർച്ചയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

  • മഹാഭാരതത്തിൽ കർണനും ദ്രോണരും ഉൾപ്പെടുന്ന ആറംഗ സംഘം അഭിമന്യുവിനെ ചക്രവ്യൂഹത്തിൽ കുരുക്കിയ പോലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭഗവത്, അംബാനി, അജിത് ഡോവൽ, അദാനി എന്നിവർ ചേർന്ന് ഇന്ത്യയെ കുരുക്കുന്നതെന്ന് രാഹുൽ പറഞ്ഞു.

  • പ്രധാനമന്ത്രി നരേന്ദ്ര മോദി നെഞ്ചിൽ അണിഞ്ഞിരിക്കുന്ന താമര ചിഹ്നം പ്രതിനിധീകരിക്കുന്ന ചക്രവ്യൂഹത്തിലാണ് ഇന്ത്യ കുടുങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

  • “രാജ്യത്തെ കയ്യടക്കിവെച്ചിരിക്കുന്ന ഈ ചക്രവ്യൂഹത്തിന് പിന്നിൽ പ്രധാനമായും മൂന്ന് ശക്തികളുണ്ട്. അതിൽ ഒന്ന് കുത്തക മൂലധന ആശയത്തിന്റെതാണ്. രണ്ടാമത്തേത് സിബിഐ, ഇ.ഡി, ആദായ നികുതി വകുപ്പ് അടക്കമുള്ള ഏജൻസികളാണ്. മൂന്നാമതായി പൊളിറ്റിക്കൽ എക്സിക്യൂട്ടീവും. ഇവ മൂന്നും ചേർത്ത് രാജ്യത്തെ തകർക്കുന്നു' രാഹുൽ പറഞ്ഞു.

  • ദലിത് - ആദിവാസി വിഭാഗങ്ങളെ ബജറ്റിൽ അവഗണിച്ചെന്നും മധ്യവർഗത്തെ പിന്നിൽ നിന്ന് കുത്തിയെന്നും രാഹുൽ വിമർശിച്ചു. ജാതി സെൻസസിനെ ബിജെപിക്ക് ഭയമാണെന്നും എന്നാൽ ഇന്ത്യ സഖ്യം ജാതി സെൻസസ് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • തന്റെ പ്രസംഗത്തിൽ സഭയിൽ ഇല്ലാത്തവരുടെ പേര് രാഹുൽ പരാമർശിച്ചെന്നാരോപിച്ച് ബി.ജെ.പി അഗങ്ങളും പ്രതിഷേധിച്ചു.

  • പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടർന്ന് സഭയിൽ സ്പീക്കർ ഓം ബിർള രാഹുലിനെ താക്കീത് ചെയ്യുകയും ചെയ്തു.

  • സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് കെ.സി വേണുഗോപാലും രംഗത്തെത്തി. അമിത് ഷാ പ്രസംഗിക്കുമ്പോൾ സ്പീക്കർ ഇതുപോലെ ഇടപെടുമോയെന്ന് കെ.സി വേണുഗോപാൽ സ്പീക്കർ ഓം ബിർളയോട് ചോദിച്ചു.

  • പിന്നാക്ക വിഭാഗങ്ങളെ സർക്കാർ അവഗണിക്കുന്നുവെന്ന് പറഞ്ഞ് ധനമന്ത്രി നിർമലാ സീതാരാമൻ ഹൽവ തയ്യാറാക്കുന്ന ഫോട്ടോ ഉയർത്തിക്കാണിക്കാൻ ശ്രമിച്ച രാഹുൽഗാന്ധിയെ സ്പീക്കർ വീണ്ടും തടഞ്ഞു.

  • പ്രധാനമന്ത്രിയെ മറ്റ് മന്ത്രിമാർക്ക് ഭയമാണെന്നും പ്രസംഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. മന്ത്രിമാരുടെ ഈ ഭയം വകുപ്പുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

  • ബി.ജെ.പി സർക്കാർ രാജ്യത്ത് ഭയം പടർത്തുകയാണ്. കർഷകരെയും തൊഴിലാളികളെയും യുവാക്കളെയുമടക്കം ഓരോ പൗരൻമാരെയും ബി.ജെ.പി ഭയപ്പെടുത്തുകയാണ്. നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കലും ചക്രവ്യൂഹത്തിന്റെ യുദ്ധമുറയുമായിരുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.

  • മാധ്യമപ്രവർത്തകർക്ക് പാർലമെൻറിലുള്ള നിയന്ത്രണം അവസാനിപ്പിക്കണം. അവരെ ചെറിയ മുറികളിൽ നിന്ന് തുറന്നുവിടണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

  • മാധ്യമ സ്വതന്ത്ര്യത്തെക്കുറിച്ച് പാർലമെന്റിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 20ന് എഡിറ്റേഴ്സ് ഗിൽഡ് രാഹുൽ ഗാന്ധിക്ക് കത്തയച്ചിരുന്നു.

Comments