ഒന്നോ രണ്ടോ കോടീശ്വരന്മാരും പാവപ്പെട്ടവരും തമ്മിലുള്ള മത്സരമാണ് മഹാരാഷ്ട്രയിൽ നടക്കുന്നതെന്ന ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോടെ നിയമസഭാ തെരഞ്ഞെടുപ്പിന് പ്രത്യയശാസ്ത്ര ദിശ കൈവന്നു. ഇന്ന്, കലാശക്കൊട്ടുദിനത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ, സംസ്ഥാനത്ത് നടക്കുന്നത് പ്രത്യയശാസ്ത്ര പോരാട്ടമാണ് എന്ന് വ്യക്തമാക്കിയത്: ''മുംബൈയിലെ ഭൂമി മുഴുവൻ കൈവശപ്പെടുത്താനാണ് കോടീശ്വരന്മാരുടെ നീക്കം. ഒരു കോടീശ്വരന് ഒരു ലക്ഷം കോടിയുടെ എസ്റ്റിമേറ്റാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്''- അദാനിയുടെയും മോദിയുടെയും ഒന്നിച്ചുള്ള പടം ഉയർത്തിക്കാട്ടി രാഹുൽ പറഞ്ഞു.
മഹാ വികാസ് അഘാഡി സഖ്യം ((Maha Vikas Aghadi- MVA) അധികാരത്തിൽ വന്നാൽ ധാരാവി പുനർവികസന പദ്ധതിയുടെ ടെൻഡർ നടപടി റദ്ദാക്കുമെന്ന ശിവസേന- ഉദ്ധവ് പക്ഷത്തിന്റെ പ്രഖ്യാപനത്തെയും രാഹുൽ പിന്തുണച്ചു: ''ധാരാവിയിലെ ഒരു ലക്ഷം കോടി രൂപ വില വരുന്ന ഭൂമി അദാനിക്ക് കൈമാറാൻ നീക്കം നടക്കുകയാണ്. അത് ധാരാവിയിലെ ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും താൽപര്യത്തിന് വിരുദ്ധമാണ്''.
ധാരാവി പ്രൊജക്റ്റിനായുള്ള അദാനിയുടെ ടെൻഡർ മാത്രമാണ് അംഗീകരിക്കപ്പെട്ടതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ''ഇതിനായി കേന്ദ്ര ഏജൻസികളായ ഇ.ഡി, സി.ബി.ഐ, ഐ.ടി എന്നിവയെയെല്ലാം ദുരുപയോഗിച്ചു. മുംബൈ വിമാനത്താവളം ഇതിന്റെ മികച്ച ഉദാഹരണമായി നിങ്ങളുടെ മുന്നിലുണ്ട്. ഇന്ന് അദാനിയാണ് തുറമുഖങ്ങളും വിമാനത്താവളങ്ങളും പ്രതിരോധ പദ്ധതികളുമെല്ലാം നിയന്ത്രിക്കുന്നത്''- രാഹുൽ തുറന്നടിച്ചു.
മുംബൈയിൽ വൻകിട വികസന പദ്ധതികളുടെ പേരിൽ നടക്കുന്ന കോർപറേറ്റ് കൊള്ളയും രാഹുൽ തുറന്നുകാട്ടുന്നു. ഒരു കോർപറേറ്റിനുമാത്രമായി മുംബൈയിലെ ഭൂമി മുഴുവൻ പതിച്ചുനൽകാനാണ് രാഷ്ട്രീയ സംവിധാനം ഒന്നാകെ ശ്രമിക്കുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തുന്നു. ഫോക്‌സ്‌കോൺ (Fozconn), എയർബസ് (Airbus) തുടങ്ങിയവയുടെ ഏഴു ലക്ഷം കോടിയുടെ മെഗാ പദ്ധതികളാണ് ഗുജറാത്തിലേക്ക് പോയത്. ഇത്, മഹാരാഷ്ട്രയിലെ അഞ്ചു ലക്ഷം യുവക്കളുടെ തൊഴിലവസരങ്ങളാണ് ഇല്ലാതാക്കിയത്- രാഹുൽ പറയുന്നു.
നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ 'ഏക് ഹേ തോ സേഫ് ഹേ', അദാനിയെ സേഫ് ആക്കാനുള്ള സൂത്രമാണെന്നും രാഹുൽ പരിഹസിച്ചു.
മഹായുതി (Mahayuti Alliance) സർക്കാറിനെതിരെ കർഷകരുടെയും തൊഴിൽരഹിതരുടെയും സ്ത്രീകളുടെയുമെല്ലാം കടുത്ത ഭരണവിരുദ്ധവികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പു കാമ്പയിൻ അവസാനനിമിഷം ബി.ജെ.പി ജനക്ഷേമ പദ്ധതിപ്രഖ്യാപനങ്ങളിലേക്ക് പൊടുന്നനെ തിരിച്ചുവിട്ട സാഹചര്യത്തിലായിരുന്നു രാഹുലിന്റെ വാർത്താസമ്മേളനം.
ഒരു ദശാദ്ബത്തിലേറെയായി ബി.ജെ.പിയാണ് മഹാരാഷ്ട്രയുടെ അധികാര രാഷ്ട്രീയം നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ കർഷക രോഷവും തൊഴിലില്ലായ്മക്കെതിരായ യുവാക്കളുടെ രോഷവും വിലക്കയറ്റത്താൽ പൊറുതിമുട്ടിയ സാധാരണ കുടുംബങ്ങളുടെ രോഷവും ഏറ്റവുമധികം നേരിടേണ്ടിവരുന്നത് ബി.ജെ.പിയാണ്. ഈ തുരുപ്പുചീട്ടുതന്നെയാണ് രാഹുലും അവസാനനിമിഷം ഉപയോഗപ്പെടുത്തുന്നത്.
സംസ്ഥാനത്തെ കർഷകർക്കും പാവപ്പെട്ടവർക്കും തൊഴിൽരഹിതർക്കും സ്ത്രീകൾക്കുമായി സംസാരിക്കുന്നു എന്നു പറഞ്ഞാണ് രാഹുൽ ഇന്ന് വാർത്താസമ്മേളനം തുടങ്ങിയത്:
''ഞങ്ങൾ അധികാരത്തിലെത്തിയാൽ ഓരോ സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിലും 3000 രൂപ ഡെപ്പോസിറ്റ് ചെയ്യും. സ്ത്രീകൾക്കും കർഷകർക്കും സൗജന്യമായി ബസ് യാത്ര ചെയ്യാം. മൂന്നു ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളും. സോയാബീന് ക്വിന്റലിന് 7000 രൂപ ഉറപ്പാക്കും. പരുത്തി കർഷകർക്ക് ന്യായമായ താങ്ങുവില. കർഷകർക്കായി ന്യായ വില ഉറപ്പാക്കുന്ന കമ്മിറ്റി. തെലങ്കാനയിലെയും കർണാടകയിലെയും പോലെ ജാതി സെൻസസ് നടത്തും''- രാഹുലിന്റെ ഉറപ്പുകളെല്ലാം അടിസ്ഥാന ജനവിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ളതായിരുന്നു. 50 ശതമാനം സംവരണ പരിധി എടുത്തുകളയുമെന്ന സുപ്രധാന പ്രഖ്യാപനവും രാഹുൽ നടത്തി.
ജാതി- സാമുദായിക സമവാക്യങ്ങളും പ്രാദേശിക താൽപര്യങ്ങളുമെല്ലാം എന്നും വിധി നിർണയിച്ചിരുന്ന മഹാരാഷ്ട്രയുടെ ഇലക്ഷൻ അജണ്ട ഇത്തവണ ബി.ജെ.പിയുടെ ചങ്ങാത്ത മുതലാളിത്തം എന്ന വിഷയത്തിലേക്ക് മാറിയിരിക്കുകയാണ്. കാമ്പയിന്റെ അവസാന ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സോയാബിൻ കർഷകർക്ക് ധനസഹായം പ്രഖ്യാപിച്ചതാണ്, ഈ ദിശാമാറ്റത്തിന് നിമിത്തമായത് എന്നതും വിരോധാഭാസമാകാം. ദീർഘകാലം അധികാരത്തിലിരുന്നിട്ടും കർഷകപ്രശ്‌നങ്ങളോട് ഒരുതരത്തിലും അനുഭാവം പ്രകടിപ്പിച്ചിട്ടില്ലാത്ത ബി.ജെ.പിയുടെ കപട വാഗ്ദാനമായാണ് മോദിയുടെ ഉറപ്പ് 'സ്വീകരിക്കപ്പെട്ടത്'. സോയാബീൻ വിലയുടെ പുനർനിർണയം ഒരു ദശാബ്ദം പഴക്കമുള്ള ആവശ്യം കൂടിയാണ്. 2014 മുതൽ അധികാരത്തിലുള്ള ഒരു പാർട്ടിയുടെ നേതാവിന് ഇതേക്കുറിച്ച് ഇപ്പോഴാണ് ബോധോദയമുണ്ടായതെന്നുമാത്രം.
ഡോ. ബി.ആർ. അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡിയാണ്, മഹായുതി- മഹാവികാസ് അഘാഡി സഖ്യങ്ങൾക്കിടയിലെ വോട്ടുകൾ ഭിന്നിപ്പിക്കുന്ന ഏറ്റവും പ്രധാന രാഷ്ട്രീയ ഘടകം. മറാത്തകൾക്ക് ഒ.ബി.സി സംവരണം നൽകുന്നതിനെ എതിർക്കുന്ന പ്രകാശ് അംബേദ്കറിനൊപ്പം ഒ.ബി.സി മഹാസംഘ്, ഏകലവ്യ ആദിവാസി ഓർഗനൈസേഷൻ എന്നീ സംഘടനകളും മൂന്നാം സഖ്യമെന്ന നിലയ്ക്ക് രംഗത്തുണ്ട്. വഞ്ചിത് ബഹുജൻ അഘാഡി 199 സീറ്റുകളിലാണ് മത്സരിക്കുന്നത്. ദലിത് വോട്ടുകൾ ഭിന്നിച്ചുപോകുന്നത് മഹാവികാസ് അഘാഡിക്കായിരിക്കും നഷ്ടമുണ്ടാക്കുക എന്നതിനാൽ, പ്രകാശ് അംബേദ്കറെ മഹായുതിയുടെ ബി ടീം എന്ന ആരോപമുയർത്തിയാണ് മഹാവികാസ് അഘാഡി നേരിടുന്നത്.
സംസ്ഥാന ജനസംഖ്യയുടെ 33 ശതമാനം വരുന്ന മറാഠ വിഭാഗത്തിന്റെ സംവരണം പ്രധാന വോട്ടുവിഷയമാണ്. മറാത്ത പ്രക്ഷോഭ നേതാവ് മനോജ് ജരാങ്കെ പാട്ടീലിന് പശ്ചിമ മഹാരാഷ്ട്ര, ഉത്തര മഹാരാഷ്ട്ര, മറാത്ത്‌വാഡ മേഖലകളിൽ സ്വാധീനമുണ്ട്. തങ്ങളെ ഒ.ബി.സി ക്വാട്ടയിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം നൽകണമെന്നതാണ് മനോജ് പാട്ടീലിന്റെ ആവശ്യം. മറാഠകൾക്ക് 10 ശതമാനം സംവരണം നൽകാനുള്ള ബില്ലിന് ഫെബ്രുവരിയിൽ നിയമസഭ അംഗീകാരം നൽകിയെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റചടം വന്നതിനാൽ നടപടിയുണ്ടായില്ല.
ഹരിയാനയിൽ, ഒ.ബി.സി വിഭാഗങ്ങളിൽ നടത്തിയ ഉപവർഗീകരണസൂത്രം തന്നെയാണ് മഹാരഷ്ട്രയിലും ബി.ജെ.പി പയറ്റുന്നത്. ഹരിയാനയിൽ 22 ശതമാനം വരുന്ന ജാട്ട് വോട്ട് ബാങ്കിനെ മറികടക്കാൻ പാർട്ടി പ്രയോഗിച്ച അതേ ഒ.ബി.സി വിഭജനസൂത്രം.
ഒ.ബി.സി വിഭാഗങ്ങളിൽ, അതാതു മണ്ഡലങ്ങളിൽ സ്വാധീനമുള്ള ചെറിയ സമുദായങ്ങളെ പാട്ടിലാക്കുക. 175 മണ്ഡലങ്ങളിൽ ഇത്തരം 'മൈക്രോ ഒ.ബി.സി മാനേജുമെന്റിന്' ബി.ജെ.പി തന്ത്രം മെനഞ്ഞിട്ടുണ്ട്. മനോജ് ജരാങ്കെ പാട്ടീലിന്റെ മറാത്താ പ്രക്ഷോഭം ഒ.ബി.സികളിലുണ്ടാക്കിയ ആശങ്ക സമർഥമായി മുതലാക്കുന്നതിൽ ബി.ജെ.പി ജയം കാണുന്നുമുണ്ട്. പാർട്ടി ലക്ഷ്യം വക്കുന്ന ചെറിയ ഒ.ബി.സി വിഭാഗങ്ങൾക്കൊപ്പം പ്രബല ഒ.ബി.സി വിഭാഗങ്ങളുടെയും വോട്ട് നേടാനാകുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. ജാതീയമായ കോമ്പോസിഷന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്തവണ പകുതിയിലേറെ മണ്ഡലങ്ങൾ വോട്ടു ചെയ്യുക എന്ന ഉറച്ച പ്രതീക്ഷ ബി.ജെ.പിക്കുണ്ട്. അതിൽ, ഒ.ബി.സി രാഷ്ട്രീയം പ്രധാന പങ്കുവഹിക്കുമെന്നും അവർ കരുതുന്നു. സംവരണ വിഷയം ഗ്രാമങ്ങളിലെ മറാത്ത- ഒ.ബി.സി വിഭാഗങ്ങളെ ഏറെ സ്വാധീനിക്കുന്ന ഒന്നാണ്.
ഇതോടൊപ്പം, ചില ഭരണനടപടികളിലൂടെയും മഹായുതി സഖ്യം ഒ.ബി.സി വിഭാഗത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ട്. ഒ.ബി.സികളിലെ നോൺ ക്രീമിലെയർ വരുമാനപരിധി എട്ടിൽനിന്ന് 15 ലക്ഷം രൂപയാക്കി ഉയർത്താൻ നിയമസഭ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കൂടാതെ, ഒ.ബി.സി വിഭാഗങ്ങളായ ഷിമ്പിസ് (തയ്യൽക്കാർ), ഗാവ്‌ലി (ക്ഷീരകർഷകർ), ലാഡ്- വാനിസ് (വ്യാപാരികൾ), ലൊഹാറുകൾ (ഇരുമ്പുപണിക്കാർ), നാഥ് വിഭാഗം എന്നിവർക്കായി പ്രത്യേക സാമ്പത്തിക വികസന കോർപറേഷനുകൾ തുടങ്ങാനും തീരുമാനിച്ചു.
മറാത്ത- ഒ.ബി.സി വിഭാഗങ്ങൾ തമ്മിൽ സംവരണത്തെച്ചൊല്ലിയുണ്ടായ ധ്രുവീകരണം അപകടകരമായ തോതിലായിട്ടുണ്ടെന്നാണ് പ്രകാശ് അംബേദ്കർ പറയുന്നത്. മറാത്തകളും ഒ.ബി.സികളും തമ്മിലുള്ള ധ്രുവീകരണം സംസ്ഥാനത്തിന്റെ സാമൂഹിക ഘടനയെ തന്നെ പ്രതികൂലമായി സ്വാധീനിക്കുന്ന ഘടകമായി മാറിയിട്ടുണ്ട്, അത് സംസ്ഥാന രാഷ്ട്രീയത്തെയും നിയന്ത്രിക്കുന്ന ഒന്നായി മാറിയിരിക്കുന്നുവെന്ന് പ്രകാശ് അംബേദ്കർ മുന്നറിയിപ്പ് നൽകുന്നു.
2019-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 288 എം.എൽ.എമാരിൽ മറാത്ത വിഭാഗക്കാർ 160 പേരായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 48 എം.പിമാരിൽ 30 ലേറെ പേരും മറാത്ത വിഭാഗക്കാരാണ്. സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയത്തിലും ഇതേ മേധാവിത്തം പ്രകടമാണ്. ഈ ആധിപത്യം ഇരു മുന്നണികളുടെയും ഉറക്കം കെടുത്തുന്ന ഘടകം കൂടിയാണ്.
2019-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മറാത്ത്‌വാഡ മേഖലയിലെ 46 സീറ്റിൽ ബി.ജെ.പി 16-ഉം ശിവസേന 12- ഉം സീറ്റ് വീതമാണ് നേടിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മറാത്ത്‌വാഡ മേഖലയിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് കിട്ടിയത്. ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടേയുടെ മകൾ പങ്കജ മുണ്ടേക്കുപോലും സ്വന്തം സീറ്റായ ബീഡിൽ തോൽവി രുചിക്കേണ്ടിവന്നു.
ഇത്തരം പരമ്പരാഗത വോട്ടുബാങ്ക് സമവാക്യങ്ങൾക്കിടയിലും, 59 ശതമാനം വരുന്ന കർഷക കുടുംബങ്ങളുടെ വികാരം അതിശക്തമായി പ്രതിഫലിക്കുമെന്നാണ് സൂചനകൾ. കാലാവസ്ഥയിലെ മാറ്റങ്ങൾക്കൊപ്പം വിളകളുടെ വിലത്തകർച്ചയും കർഷകരെ അക്ഷരാർഥത്തിൽ വഴിയാധാരമാക്കിയിട്ടുണ്ട്. സോയാബീന്റെ ശരാശരി വില ക്വിന്റലിന് 4400 രൂപയാണ്. കഴിഞ്ഞവർഷം സർക്കാർ പ്രഖ്യാപിച്ച മിനിമം താങ്ങുവിലയായ 4892 രൂപയേക്കാൾ കുറവ്. കഴിഞ്ഞ വർഷത്തെ വിപണിവില 4700 രൂപയായിരുന്നു. പരുത്തിക്കും സമാന വിലയിടിവാണുള്ളത്. ക്വിന്റലിന് 6600 രൂപയാണിപ്പോൾ. ഒരു വർഷം മുമ്പ് 6900 രൂപയായിരുന്നു. മിനിമം താങ്ങുവിലയാകട്ടെ, 7121 രൂപയുമാണ്.
കർഷകരുടെയും തൊഴിൽ രഹിതരുടെയും രോഷം, മറാത്ത- ഒ.ബി.സി വിഭജനത്തിനപ്പുറം വോട്ടായി മാറുമോ എന്നതാണ് ഇരുമുന്നണികളും ഒട്ടൊക്കെ ആശങ്കയോടെ ഉറ്റുനോക്കുന്നത്.