ഭരണകൂട ഭീഷണിയെ രാജ്യം​ ചെറുക്കും, അതിന്​ രാഹുൽ നേതൃത്വം നൽകും

‘രാഹുൽഗാന്ധി ഒരു സമുദായത്തെയും ആക്ഷേപിച്ചിട്ടില്ല. കോർപറേറ്റ് കോടിശ്വരൻമാർക്ക് വേണ്ടി നരേന്ദ്രമോദി ഇന്ത്യയുടെ പൊതുമുതൽ കൊള്ളയടിക്കുന്നതിനെയും മോദിയെന്ന് പേരുള്ള ചില ആളുകൾ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ചതുൾപ്പടെയുള്ള കാര്യങ്ങളെയും അടിസ്ഥാനമാക്കി പരാമർശം നടത്തുകയാണ് ചെയ്തത്. ഇതിനെ വളച്ചൊടിച്ച്, മോദിയെന്ന സമുദായത്തെ ആക്ഷേപിക്കുകയാണെന്ന് വരുത്തിത്തീർത്ത് മനപൂർവ്വം സ്റ്റേറ്റ് കോടതിയിൽ കേസ് കൊടുക്കുകയാണുണ്ടായത്.’- ടി.എൻ. പ്രതാപൻ എം.പി എഴുതുന്നു.

ഴിഞ്ഞ ലോക്​സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കർണാടകയിലെ റാലിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ എടുത്ത കേസ് ആസൂത്രിതമാണ്. പ്രസംഗത്തിൽ രാഹുൽഗാന്ധി ഒരു സമുദായത്തെയും ആക്ഷേപിച്ചിട്ടില്ല. കോർപറേറ്റ് കോടിശ്വരൻമാർക്ക് വേണ്ടി നരേന്ദ്രമോദി ഇന്ത്യയുടെ പൊതുമുതൽ കൊള്ളയടിക്കുന്നതിനെയും മോദിയെന്ന് പേരുള്ള ചില ആളുകൾ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ചതുൾപ്പടെയുള്ള കാര്യങ്ങളെയും അടിസ്ഥാനമാക്കി പരാമർശം നടത്തുകയാണ് ചെയ്തത്. ഇതിനെ വളച്ചൊടിച്ച്, മോദിയെന്ന സമുദായത്തെ ആക്ഷേപിക്കുകയാണെന്ന് വരുത്തിത്തീർത്ത് മനപൂർവ്വം സ്റ്റേറ്റ് കോടതിയിൽ കേസ് കൊടുക്കുകയാണുണ്ടായത്. കെട്ടിച്ചമച്ച ഈ കേസിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇപ്രകാരമൊരു വിധി പുറപ്പെടുവിച്ചത്. ഈ നടപടിയിലൂടെയൊന്നും രാഹുൽഗാന്ധിയെ തളർത്താനോ, കോൺഗ്രസിന്റെ ലക്ഷ്യങ്ങളെ ഇല്ലാതാക്കാനോ, അഴിമതിക്ക് വെള്ള പൂശാനോ കഴിയില്ല. ഇതൊക്കെ സംഘപരിവാർ ശക്തികളുടെ വ്യാമോഹങ്ങൾ മാത്രമാണ്.

ഈ വിധിയുലൂടെ, രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും അഴിമതിക്കെതിരെ പോരാടുന്നവർക്കും വർദ്ധിത വീര്യമുണ്ടാക്കുകയാണ്​ ചെയ്യുന്നത്. ഞങ്ങൾ പോരാട്ടം തുടർന്നുകൊണ്ടിരിക്കും. ഒരു ഭാഗത്ത് ഈ കേസിനെ നിയമപരമായും മറുഭാഗത്ത് ജനങ്ങളുടെ മുന്നിൽ ഈ വിധിയുടെ യാഥാർത്ഥ്യങ്ങൾ ബോധ്യപ്പെടുത്തി സാമൂഹികമായും രാഷ്ട്രീയമായും നേരിടാൻ ഞങ്ങൾ ശ്രമിക്കും. കോൺഗ്രസ് അതിന് എല്ലാ തയ്യാറെടുപ്പും നടത്തി കഴിഞ്ഞു.

നരേന്ദ്രമോദിക്കും സംഘപരിവാർ ശക്തിക്കുമെതിരെ ആരു പ്രതികരിച്ചാലും പ്രതികരിക്കുന്നവരുടെ വായയടിപ്പിക്കുന്ന സമീപനങ്ങളാണ് സ്വീകരിക്കുന്നത്​. ഇത് സംഘപരിവാർ അജണ്ടയാണ്. ഡൽഹിയിൽ പ്രധാനമന്ത്രിക്കെതിരായി പോസ്റ്ററൊട്ടിച്ച ആളുകളെ വരെ അറസ്റ്റ് ചെയ്യുകയാണ്. ഇന്നലെ മാത്രം നൂറുകേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. പോലീസുകാർ ഈ പോസ്റ്ററുകളെല്ലാം കീറികളയുകയാണ്.

ഈ ലോകത്ത് ഇതുവരെ ഒരു ഏകാധിപതിയും ഇതുപോലെ പ്രവർത്തിച്ചിട്ടില്ല. ഹിറ്റ്​ലറും മുസ്സോളനിയും പോലും ഇത്തരമൊരു ഫാഷിസ്റ്റ് പ്രവണത ചെയ്തി​ട്ടില്ല. വിമർശിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. യുക്തിവാദികളായ എത്ര ആളുകൾ ദൈവത്തിനെതിരായി സംസാരിക്കാറുണ്ട്. ദൈവത്തിനെതിരായി സംസാരിക്കുന്ന ഇവരെയെല്ലാം ജയിലിലടക്കുകയാണോ ചെയ്യാറുള്ളത്?

ഏതു ജനാധിപത്യവും ഭരണഘടനയും നിയമസംഹിതയുമാണ് ഇന്ത്യയിലിപ്പോൾ നടപ്പിലാക്കപ്പെടുന്നത്? ആർക്കും ഭരണകൂടത്തെയും ഭരണാധികാരികളെയും വിമർശിക്കാൻ സ്വാതന്ത്രമില്ല. സംഘപരിവാറിനെതിരെ വിമർശിക്കുന്ന മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയാണ്, വിമർശിക്കുന്ന പൊതുജനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയാണ്, വിമർശിക്കുന്ന രാഷ്ട്രീയ നേതാക്കളെയും രാഷ്ട്രീയ പ്രവർത്തകരെയും ഇ.ഡിയെയും സി.ബി.ഐയെയും ഉപയോഗിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയാണ്. ഈ രാജ്യത്തെ ഒരു വ്യക്തി, ഒരു പാർട്ടി, ഒരു മതം എന്ന ഏകശിലാ സംസ്‌കാരത്തിലേക്ക് കൊണ്ടുപോകാനാണ് ഇവർ ശ്രമിക്കുന്നത്. ഇതിനെ ബഹുസ്വരതയുടെ കൂടെ നിന്നുകൊണ്ട് ഇന്ത്യ ചെറുക്കും. ഈ ചെറുത്ത് നിൽപ്പിന് രാഹുൽഗാന്ധി നേതൃത്വം കൊടുക്കുകയും ചെയ്യും.


Summary: ‘രാഹുൽഗാന്ധി ഒരു സമുദായത്തെയും ആക്ഷേപിച്ചിട്ടില്ല. കോർപറേറ്റ് കോടിശ്വരൻമാർക്ക് വേണ്ടി നരേന്ദ്രമോദി ഇന്ത്യയുടെ പൊതുമുതൽ കൊള്ളയടിക്കുന്നതിനെയും മോദിയെന്ന് പേരുള്ള ചില ആളുകൾ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ചതുൾപ്പടെയുള്ള കാര്യങ്ങളെയും അടിസ്ഥാനമാക്കി പരാമർശം നടത്തുകയാണ് ചെയ്തത്. ഇതിനെ വളച്ചൊടിച്ച്, മോദിയെന്ന സമുദായത്തെ ആക്ഷേപിക്കുകയാണെന്ന് വരുത്തിത്തീർത്ത് മനപൂർവ്വം സ്റ്റേറ്റ് കോടതിയിൽ കേസ് കൊടുക്കുകയാണുണ്ടായത്.’- ടി.എൻ. പ്രതാപൻ എം.പി എഴുതുന്നു.


Comments