രാഹുൽ ഓർമിപ്പിക്കുന്നു, പദയാത്രകളുടെ രാഷ്​ട്രീയ ചരിത്രങ്ങൾ

ബ്യൂറോക്രസി, ജുഡീഷ്യറി, മീഡിയ എന്നിവയിൽ നിന്ന്​ സമ്പൂർണ വിധേയത്വമാണ് ഭരണകൂടം ആവശ്യപ്പെടുന്നത്. സാമ ഭേദ ദാന ദണ്ഡങ്ങളുപയോഗിച്ച് രാഷ്ട്രീയ എതിർ ശബ്ദങ്ങളെ ഇവർ വരുതിക്കുനിർത്തുന്നു. നാം പ്രതീക്ഷിക്കാത്ത വ്യക്തികളും, കൂട്ടായ്മകളുമൊക്കെ നിശ്ശബ്ദമാകുന്നത് ഇന്ന് ആശ്ചര്യത്തിനു വകയില്ലാത്തതായി മാറിക്കഴിഞ്ഞു. അദാനി ലോകത്തിലെ രണ്ടാമത്തെ അതി സമ്പന്നനായി മാറുന്ന, ശതകോടീശ്വരൻമാരുടെ എണ്ണം ശതഗുണീഭവിക്കുന്ന ഇന്ത്യയിൽ അതിദരിദ്രരുടെ പട്ടികക്ക് അനുദിനം വലിപ്പമേറുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ്​ രാഹുൽ ഗാന്ധിയുടെ ഭാരത്​ ജോഡോ യാത്ര പ്രസക്തമാകുന്നത്​. കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ്​ അലി എഴുതുന്നു.

ദയാത്രകൾ തീർത്ത രാഷ്ട്രീയമുന്നേറ്റങ്ങളുടെ ആവേശചരിത്രങ്ങൾ ഇരുപതാം നൂറ്റാണ്ടിന് ഏറെ പറയാനുണ്ട്. ശാരീരികവും, മാനസികവുമായ അർപ്പണം നേതാക്കളിൽ നിന്ന്​ കാൽനടയാത്രകൾ ധാരാളമായി ആവശ്യപ്പെടുന്നുണ്ട്. പ്രാതിനിധ്യ സ്വഭാവത്തോടെ രാജ്യം നീളെ ഭാരത് ജോഡോ യാത്ര സഞ്ചരിക്കുന്നു. ഇതിന് നേതൃത്വം നൽകുന്നതിലൂടെ സഹനമാർഗ്ഗം രാഷ്ട്രീയ ആയുധമാക്കുന്ന 21ാം നൂറ്റാണ്ടിലെ ആദ്യ പൊതുനേതാവായി രാഹുൽ ഗാന്ധി അടയാളപ്പെട്ടു കഴിഞ്ഞു.

ബി.ജെ.പി അനുവർത്തിച്ചു പോന്നിരുന്ന തന്ത്രം, രാഹുൽഗാന്ധി തങ്ങൾക്കു ചേർന്ന ഒരു രാഷ്ട്രീയ എതിരാളിയേ അല്ല എന്നായിരുന്നു. തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് തുടർച്ചയായി തിരിച്ചടികൾ നേരിട്ടതോടെ അതു വലിയ പരിഹാസത്തിനു വഴിമാറി. പ്രതിപക്ഷ പാർട്ടി നിരകളിലും അതേറ്റു പിടിക്കാൻ നേതാക്കൾ മുന്നോട്ടുവന്നു. ഇതു വിശ്വസിച്ചും, ആവർത്തിച്ചും കോൺഗ്രസിന്റെ പടി പലരും വിട്ടിറങ്ങി. എന്നാൽ ഭാരത്‌ജോഡോ യാത്രയുടെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ അമിത് ഷാ, സ്മൃതി ഇറാനി എന്നിവർ അടക്കം വലിയ രാഷ്ട്രീയ വിമർശനങ്ങളുമായി രംഗത്തുവന്നു. ഈ പ്രകോപനത്തിനു പിന്നിൽ കൃത്യമായ രാഷ്ട്രീയ കാരണങ്ങളുണ്ട്.

ദീർഘദൂര പദയാത്രകൾ എല്ലാകാലത്തും കാല ദേശാന്തര വ്യത്യാസമില്ലാതെ വലിയ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. യാത്രാനായകർ രാഷ്ട്രീയ പ്രതാപം തിരിച്ചു പിടിക്കുകയും പരിവേഷമുയർത്തുകയും ചെയ്ത നിരവധി അനുഭവങ്ങൾ ചരിത്രത്തിൽ കാണാം. ചിയാങ്ങ്കൈഷക്കിന്റെ നേതൃത്വത്തിൽ ദേശീയവാദി ഭരണകൂടം ചൈന ഭരിക്കുന്ന കാലത്തായിരുന്നു 1931ൽ മാവോസേതൂങ്ങ് സോവിയറ്റ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. ഭരണകൂടവും, കമ്യൂണിസ്റ്റുകളും തമ്മിൽ രൂക്ഷമായ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ട അക്കാലത്ത് ചിയാങ്ങ്‌കൈഷക്കിന്റെ ഉരുക്ക് മുഷ്ടിക്കുമുന്നിൽ പതിനായിരക്കണക്കിനു കർഷകർക്കു ജിവൻ വെടിയേണ്ടി വന്നു. അണികളുടെ രോഷം മുൻ നിർത്തി കമ്യൂണിസ്റ്റ് സെൻട്രൽ കമ്മറ്റി ചേർന്ന് മാവോയെ സ്ഥാനത്തു നിന്ന്​ നീക്കുകയുണ്ടായി. 4000 മൈൽ ദൂരം താണ്ടിയ ലോംഗ്​മാർച്ച്​ 1934 ഒക്ടോബർ 16 ന് ആരംഭിക്കുമ്പോൾ മാവോ സേതൂങ്ങ് അതിൽ പങ്കെടുക്കുന്ന പല നേതാക്കളിൽ ഒരാൾ മാത്രമായിരുന്നു. ലോംഗ് മാർച്ചിനിടയിൽ സിയാങ് നദിക്കു സമീപമുൾപ്പടെ പതിനായിരങ്ങളുടെ ജീവൻ ഹോമിച്ച പോരാട്ടങ്ങളിൽ മാവോ വഹിച്ച നേതൃപരമായ പങ്ക് അദ്ദേഹത്തെ എതിരാളികളില്ലാത്ത വിധം വീണ്ടും അനിഷേധ്യനാക്കി. തനിക്കു നഷ്ടപ്പെട്ടതെല്ലാം ലോംഗ് മാർച്ചിനിടിയിൽ മാവോ തിരികെപ്പിടിച്ചു.
1949ൽ ചിയാങ്ങ്‌കൈഷക്ക് സ്ഥാനഭ്രഷ്ടനായതു മുതൽ 1976ൽ മരിക്കുന്നതു വരെ മാവോ ചൈനയെ നയിച്ചതു പിൽക്കാല ചരിത്രമാണ്.

1930 മാർച്ച് 12ന് സബർമതിയിൽ നിന്ന്​ ദണ്ഡിയിലേക്ക് ഗാന്ധിജി നടത്തിയ 385 കിലോമീറ്റർ മാർച്ച് ഇന്ത്യൻ സ്വാതന്ത്രസമര രംഗത്തു വരുത്തിയ ആവേശം വിവരണാതീതമാണ്. ലക്ഷക്കണക്കിന് മനുഷ്യർ രാജ്യം മുഴുവൻ ഇതിനു പ്രതിധ്വനി തീർത്തു.

ഭാരത്​ ജോഡോ യാത്രയിൽ നിന്ന്

4260 കിലോമീറ്റർ താണ്ടിയ ഭാരത യാത്രക്ക് എസ്.ചന്ദ്രശേഖർ തുടക്കമിട്ടത് 1983 ജനുവരി ആറിനായിരുന്നു. ഗ്രാമങ്ങളിൽ രാപാർത്തും സംഭാവനകൾ സ്വീകരിച്ചും മുന്നേറിയ യാത്ര, കുടിവെള്ളം, പ്രാഥമിക വിദ്യാഭ്യാസം, പോഷകാഹാരം, മതമൈത്രി, പട്ടികജാതി-വർഗ അഭിവൃദ്ധി എന്നിവ പ്രധാന മുദ്രാവാക്യമായി ഉയർത്തി. ഭാരതയാത്രാ ട്രസ്റ്റും, ശാഖകളും സ്ഥാപിച്ച ചന്ദ്രശേഖർ പിരിഞ്ഞുകിട്ടിയ പണം അതിലൂടെ ചെലവഴിച്ചു. കോൺഗ്രസിനു ബദലാവാൻ തുനിഞ്ഞിറങ്ങിയ ചന്ദ്രശേഖറിനെ അൽപ്പം വൈകിയാണെങ്കിലും കാലത്തിന്റെ ഘടികാരസൂചികൾ ലക്ഷ്യത്തിലെത്തിച്ചു. 1991 നവംബർ 10ന്​ എസ്. ചന്ദ്രശേഖർ ഇന്ത്യൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്തിനകത്തും, പുറത്തും ദീർഘ ദൂര പദയാത്രകൾ തീർത്ത ഇത്തരം രാഷ്ട്രീയ ചരിത്രങ്ങളാണ് രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കെതിരെ തിരിയാൻ പലരെയും പ്രേരിപ്പിക്കുന്നതെന്ന് നിസ്സംശയം പറയാം.

ദേശവ്യാപകമായി ജനങ്ങളെ ആകർഷിക്കാൻ കഴിവുള്ള നേതാക്കളും, രാജ്യം മുഴുവൻ നടന്നു തീർക്കാൻ കഴിവുളളവരും വിവിധ പാർട്ടികളിലുണ്ട്. എന്നാൽ ഇവ രണ്ടും സമ്മേളിക്കുന്ന ഇന്ത്യയിലെ ശുഷ്‌ക്കം പേരുകളിലൊന്നാണ് രാഹുൽഗാന്ധി. അതിലുപരിയായി സംഘപരിവാറിനെതിരായ പോരാട്ടത്തിലെ രാഷ്ട്രീയ സത്യസന്ധതയും, വിശ്വസ്തതയുമാണ് രഹുലിന്റെ എറ്റവും വലിയ മൂലധനം. കേന്ദ്രഭരണവും, ആർ.എസ്.എസുമായി രാഹുൽ എവിടെയെങ്കിലും സന്ധി ചെയ്തതായി അദ്ദേഹത്തിന്റെ തീവ്രവിമർശകർ പോലും ഇന്നേ വരെ ആരോപിച്ചിട്ടില്ല. 75 പിന്നിട്ട അമ്മക്കും, തനിക്കുമെതിരെ ഇ.ഡി ചോദ്യം ചെയ്യുന്ന വേള മുതൽ ക്രൂരപരിഹാസങ്ങൾക്കുമുന്നിൽ വരെ കടുത്തഭാഷയിലുള്ള തന്റെ വിമർശനങ്ങൾക്കു രാഹുൽ ഗാന്ധി കുറവു വരുത്തിയിട്ടില്ല.

2024ൽ ബി.ജെ.പിക്കെതിരെ ഐക്യനിര രൂപപ്പെടുത്തുന്ന ചർച്ചകൾ പ്രതിപക്ഷ നിരയിൽ വ്യാപകമായി കേൾക്കാറുണ്ട്. എന്നാൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പിന്തുണച്ച പാർട്ടികളുടെ നിര വലിയ നിരാശ നൽകുന്നു. ജെ.എം.എം, ടി.ഡി.പി, ജെ.ഡി.എസ്, ബി.എസ്.പി, വൈ.എസ്.ആർ കോൺഗ്രസ്, ശിവസേന, അകാലിദൾ,ബി.ജെ.ഡി, ജനതദൾ (യു) എന്നിങ്ങനെ പട്ടിക നീണ്ടതാണ്. മുൻകൂട്ടി കൂടിയാലോചിച്ചിരുന്നുവെങ്കിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ പിന്തുണക്കുമായിരുന്നു എന്നു പ്രസ്താവിച്ച മമതബാനർജി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽനിന്ന് വിട്ടു നിൽക്കുകയും ചെയ്തു. പാർത്ഥ ചാറ്റർജിയേയും, അനുബ്രത മണ്ഡലിനെയും അറസ്റ്റുചെയ്ത കേന്ദ്ര ഏജൻസികളെ നിശിതമായി വിമർശിച്ച മമത പക്ഷെ, ഇതൊന്നും മോദിയുടെ അറിവോടെയല്ല എന്ന ഗുഡ്സർട്ടിഫിക്കറ്റ്​ പ്രധാനമന്ത്രിക്ക് നൽകാൻ മറന്നില്ല. കോൺഗ്രസിന്റെ പ്രതിപക്ഷ പദവിക്കായി മത്സരിക്കുന്ന കെജ്​രിവാളിന് ബി.ജെ.പിയുടെ രാഷ്ട്രീയ തീരുമാനങ്ങൾ മിക്കതിനോടും യോജിപ്പാണ്. ആർ.ജെ.ഡി, എൻ.സി.പി, ഡി.എം.കെ തുടങ്ങിയ യു.പി.എ സഖ്യകക്ഷികൾ ഒഴികെ മിക്ക പാർട്ടികളും ചിലപ്പോഴെങ്കിലും വെടിനിർത്തുന്ന പ്രവണത പുലർത്തുന്നു. രാഹൂൽഗാന്ധി സംഘ് വിരുദ്ധ ജനമനസ്സുകളുടെ പ്രതീക്ഷയാകുന്ന സാഹചര്യമവിടെയാണ്.

സംവാദങ്ങളിലും, വിമർശനങ്ങളിലും, എന്തിന്, വാർത്താസമ്മേളനങ്ങളിൽ പോലും വിശ്വാസമില്ലാത്ത ഭരണമാണ് ഇന്ത്യയെ നയിക്കുന്നത്. ബ്യൂറോക്രസി, ജുഡീഷ്യറി, മീഡിയ എന്നിവയിൽ നിന്ന്​ സമ്പൂർണ വിധേയത്വമാണ് ഭരണകൂടം ആവശ്യപ്പെടുന്നത്. സാമ ഭേദ ദാന ദണ്ഡങ്ങളുപയോഗിച്ച് രാഷ്ട്രീയ എതിർ ശബ്ദങ്ങളെ ഇവർ വരുതിക്കുനിർത്തുന്നു. നാം പ്രതീക്ഷിക്കാത്ത വ്യക്തികളും, കൂട്ടായ്മകളുമൊക്കെ നിശ്ശബ്ദമാകുന്നത് ഇന്ന് ആശ്ചര്യത്തിനു വകയില്ലാത്തതായി മാറിക്കഴിഞ്ഞു. അദാനി ലോകത്തിലെ രണ്ടാമത്തെ അതി സമ്പന്നനായി മാറുന്ന, ശതകോടീശ്വരൻമാരുടെ എണ്ണം ശതഗുണീഭവിക്കുന്ന ഇന്ത്യയിൽ അതിദരിദ്രരുടെ പട്ടികക്ക് അനുദിനം വലിപ്പമേറുകയാണ്. ജീവൽപ്രശ്‌നങ്ങൾക്ക് ഹിജാബിലും, ഹലാലിലും, ലവ് ജിഹാദിലും, മുത്തലാഖിലും മുക്കികളയാവുന്നതിനെക്കാൾ രൂക്ഷത വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. യാഥാർത്ഥ്യബോധത്തിലേക്ക് തിരിച്ചുവരുന്ന ജനസമൂഹത്തിന്​ ഇന്നു വേണ്ടത് ഒരു നായകനാണ്. സത്യസന്ധതയും, വിശ്വസ്തതയും അവർ രാഹുലിൽ കാണുന്നുണ്ട്. ജനക്കൂട്ടം അതിനു തെളിവാണ്. കാലം ആ മനുഷ്യനെയും, അയാളുടെ ആശയത്തെയും, രാജ്യത്തെയും വിജയതീരമണയിക്കുമെന്നുതന്നെ പ്രത്യാശിക്കുന്നു.

Comments