‘വോട്ട് മോഷണ’ത്തി​ന് തെളിവുകളുമായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനം.

രാഹുലിനു മുന്നി​ലെ
രാഷ്ട്രീയ വെല്ലുവിളികൾ

രാഹുൽ ഗാന്ധി മാറിയാൽ എല്ലാം ശരിയാകുമെന്ന് കരുത്തുന്നവരെപ്പോലെ തന്നെ മൂഢസ്വർഗ്ഗത്തിലാണ് മുമ്പ് ഭാരത് ജോഡോ യാത്രയോടെയും ഇപ്പോൾ “വോട്ട് ചോരി”യിലൂടെയും രാഹുൽ ഗാന്ധി മിശിഹ ആയെന്ന് മതിമറക്കുന്ന അദ്ദേഹത്തിന്റെ ആരാധകരും- വോട്ട് മോഷണം സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിക്കേണ്ട രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് എഴുതുന്നു രാധാകൃഷ്ണൻ എം.ജി.

ബി.ജെ.പിക്കെതിരെ കോൺഗ്രസും രാഹുൽ ഗാന്ധിയും സമീപകാലത്ത് നടത്തിയ ഏറ്റവും നിർണായകവും ഫലപ്രദവുമായ പ്രതിരോധമാണ് കർണാടകത്തിലെ വോട്ട് മോഷണം സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടെ കടയ്ക്കൽ തന്നെ കത്തി വെക്കുന്നതാണ് ബി.ജെ.പിയുടെ ഈ കുറ്റകൃത്യം എന്ന് സംശയമില്ല. ഒപ്പം 65 ലക്ഷം പേരുടെ വോട്ടവകാശം റദ്ദാക്കിയ ബീഹാറിലെ കുപ്രസിദ്ധമായ “പ്രത്യേക നിശിത പരിശോധന”യും (Special Intensive Revision- SIR).

ബി.ജെ.പിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി സമ്മാനിച്ച 2024- ലെ പൊതു തെരഞ്ഞെടുപ്പിനുശേഷവും വാസ്തവത്തിൽ ‘ഇന്ത്യ സഖ്യം’ പൂർവാധികം ശക്തിയോടെ മുന്നേറുന്നതിനുപകരം കണ്ടത് ഒരു മാന്ദ്യമാണ്. എന്നാൽ ഒരു വർഷത്തിനുശേഷം ആദ്യമായി ഇന്ത്യ മുന്നണിയിൽ തന്നെ പുത്തനുണർവും ഒരുമയും സൃഷ്ടിക്കാൻ രാഹുലിന്റെ നേതൃത്വത്തിലുളള ഈ വെളിപ്പെടുത്തലിന് കഴിഞ്ഞു എന്നത് നിസാരമല്ല. വളരെക്കാലത്തിനുശേഷം ദൽഹിയിൽ ഇന്ത്യ മുന്നണിയിലെ പാർലമെന്റ് അംഗങ്ങൾ എല്ലാവരും ഒന്നിച്ച് ഒരു പ്രകടനം നടത്താനും കഴിഞ്ഞു.

വാസ്തവത്തിൽ ജനാധിപത്യത്തിൽ പ്രതിപക്ഷം ഇങ്ങനെ ഒന്നിച്ചുവരുന്നതും പ്രകടനം നടത്തുന്നതും മറ്റും അത്ര വലിയ കാര്യമല്ല. പക്ഷേ ഇപ്പോൾ അങ്ങനെ തോന്നുന്നതിനു കാരണം മറ്റൊന്നുമല്ല; പ്രതിപക്ഷത്തിന്റെ ദീർഘകാലമായുള്ള ക്ഷീണാവസ്ഥ തന്നെ. എന്നാൽ അതിനർത്ഥം “വോട്ട് മോഷണം” എന്ന പ്രശ്നം ചെറുതാണെന്നുമല്ല. ഇങ്ങനെയുള്ള തെരഞ്ഞെടുപ്പു കുറ്റങ്ങൾ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ധാരാളം ഉണ്ടായിട്ടുണ്ട്.

ബി.ജെ.പിക്കെതിരെ കോൺഗ്രസും രാഹുൽ ഗാന്ധിയും സമീപകാലത്ത് നടത്തിയ ഏറ്റവും നിർണായകവും ഫലപ്രദവുമായ പ്രതിരോധമാണ്  കർണാടകത്തിലെ വോട്ട് മോഷണം സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ.
ബി.ജെ.പിക്കെതിരെ കോൺഗ്രസും രാഹുൽ ഗാന്ധിയും സമീപകാലത്ത് നടത്തിയ ഏറ്റവും നിർണായകവും ഫലപ്രദവുമായ പ്രതിരോധമാണ് കർണാടകത്തിലെ വോട്ട് മോഷണം സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ.

1957- ലെ പൊതു തെരഞ്ഞെടുപ്പിൽ ബീഹാറിലെ ബെഗുസരായ് നിയമസഭാ മണ്ഡലത്തിലുള്ള റാചിയാരി എന്ന കുഗ്രാമം ചരിത്രത്തിൽ ഇടം നേടിയത് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ബൂത്ത് പിടുത്ത സംഭവം ഇവിടെ നടന്നതോടെയാണ്. കമ്യൂണിസ്റ്റ് സ്ഥാനാർത്ഥി ചന്ദ്രശേഖർ സിങ്ങിനെ തോൽപ്പിക്കാൻ കോൺഗ്രസിന്റെ സർയു പ്രസാദ് സിങ്ങിന് വേണ്ടിയായിരുന്നുവത്രേ ഈ പരിപാടി. തുടർന്ന് ബിഹാറിൽ ഇത് പതിവായി. വിവിധ സംസ്ഥാനങ്ങളിലും ഇത് പലതവണ അരങ്ങേറിയിട്ടുണ്ട്. ഒട്ടേറെ തെരഞ്ഞെടുപ്പ് കേസുകളിലേക്കും ഇത് വഴിവെച്ചു.

രാഹുൽ ഗാന്ധി ചെയ്തതുപോലെ വിശദമായ തെളിവുകളടക്കം -പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ- ഇന്ത്യൻ ജനതയ്ക്കുമുന്നിൽ ഇത്തരം തട്ടിപ്പ് കൊണ്ടുവരുന്നത് ഇതാദ്യം.

എങ്കിലും ഇപ്പോൾ രാഹുൽ ചെയ്തതുപോലെ വിശദമായ തെളിവുകളടക്കം -പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ- ഇന്ത്യൻ ജനതയുടെ ആകെ സമക്ഷത്തിൽ ഇത്തരം തട്ടിപ്പ് കൊണ്ടുവരുന്നത് ഇതാദ്യം. ഇതോടെ സാമൂഹ്യ മാധ്യമങ്ങളിലെ അനുയായികളുടെ എണ്ണത്തിൽ ആദ്യമായി ഇതുവരെ സർവാധിപത്യം പുലർത്തിയിരുന്ന ബി.ജെ.പിയെ കോൺഗ്രസ് മറികടന്നു എന്ന വാർത്തകൾ ജനസാമാന്യത്തിൽ - പ്രത്യേകിച്ച് യുവതലമുറയിൽ - ഇത് സൃഷ്ടിച്ച പ്രതികരണത്തിന്റെ ഒരു സൂചനയായി കാണാം. ഇൻസ്റ്റാഗ്രാമിൽ 83 ലക്ഷം അനുയായികളുള്ള ബി.ജെ.പിയെ ഇപ്പോൾ 84 ലക്ഷവുമായി കോൺഗ്രസ് മറികടന്നത്രേ.

കർണാടകത്തിലെ മഹാദേവപുരയിലെ വോട്ട് മോഷണമാണ് വലിയ വിസ്ഫോടനത്തിന് വഴിമരുന്നിട്ടതെങ്കിലും ഇക്കൊല്ലം ആരംഭം മുതൽ വിവിധ സംസ്ഥാനങ്ങളിലെ സമാന തട്ടിപ്പുകൾ കോൺഗ്രസും രാഹുലും ചൂണ്ടിക്കാട്ടിയിരുന്നു. കോൺഗ്രസ് നല്ല പ്രകടനം കാഴ്ച്ചവെക്കുമെന്ന് കരുതപ്പെട്ട 2024- ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ വൻ വിജയത്തെ തുടർന്ന് വോട്ടർപട്ടികയിലെ കൃത്രിമം സംബന്ധിച്ച് ദേശീയ തെരഞ്ഞെടുപ്പ് കമീഷന് കോൺഗ്രസ് പരാതി നല്കി.

സാമൂഹ്യ മാധ്യമങ്ങളിലെ അനുയായികളുടെ എണ്ണത്തിൽ ആദ്യമായി ഇതുവരെ സർവാധിപത്യം പുലർത്തിയിരുന്ന ബി.ജെ.പിയെ കോൺഗ്രസ് മറികടന്നു. ഇൻസ്റ്റാഗ്രാമിൽ  83 ലക്ഷം അനുയായികളുള്ള ബി.ജെ.പിയെ 84 ലക്ഷവുമായി കോൺഗ്രസ് മറികടന്നു.
സാമൂഹ്യ മാധ്യമങ്ങളിലെ അനുയായികളുടെ എണ്ണത്തിൽ ആദ്യമായി ഇതുവരെ സർവാധിപത്യം പുലർത്തിയിരുന്ന ബി.ജെ.പിയെ കോൺഗ്രസ് മറികടന്നു. ഇൻസ്റ്റാഗ്രാമിൽ 83 ലക്ഷം അനുയായികളുള്ള ബി.ജെ.പിയെ 84 ലക്ഷവുമായി കോൺഗ്രസ് മറികടന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പുതന്നെ 40 ലക്ഷത്തോളം പുതിയ വോട്ടർമാരെ ചേർത്തതിലെ സംശയങ്ങൾ രാഹുൽ ഉയർത്തിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ചേർക്കപ്പെട്ടവരുടെ ആകെ എണ്ണത്തിലും (32 ലക്ഷം) കൂടുതലായിരുന്നു ഇത്. രണ്ട് പരാതികളും കമീഷൻ നിരസിക്കുക മാത്രമല്ല, ജനാധിപത്യത്തെ കളങ്കപ്പെടുത്താൻ ശ്രമിക്കുന്നതായി കോൺഗ്രസിനെ ശക്തിയായി അപലപിക്കുകയും ചെയ്തു. ഈ മാർച്ചിൽ വോട്ട് മോഷണ സംഭവങ്ങൾ അന്വേഷിക്കാൻ കോൺഗ്രസ് നിയോഗിച്ച സമിതി - ‘ഈഗിൾ’- (Empowered Action Group of Leaders and Experts- EAGLE), വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പി ഒരേ മണ്ഡലത്തിൽ തന്നെ ഒരേ വോട്ടർ രേഖയിൽ ഒന്നിലേറെ പേരെ രജിസ്റ്റർ ചെയ്ത ഉദാഹരണങ്ങൾ പുറത്തുകൊണ്ടുവന്നിരുന്നു. ഈ മാർച്ചിൽ തന്നെ അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിനായി പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയിൽ ബി.ജെ.പി തെരഞ്ഞെടുപ്പു കമീഷന്റെ സഹായത്തോടെ കൃത്രിമം കാട്ടുന്നുവെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചിരുന്നു. ഉത്തർപ്രദേശ്, ബീഹാർ, ദൽഹി എന്നീയിടങ്ങളിലും വ്യാപക ക്രമക്കേടുകൾ പുറത്തുവന്നിട്ടുണ്ട്.

പ്രണോയ് റോയ് നടത്തിയ പഠനത്തിൽ തെളിഞ്ഞത്, ഇന്ത്യയിലെ ഓരോ മണ്ഡലത്തിൽ നിന്നും നാൽപതിനായിരത്തോളം സ്ത്രീവോട്ടർമാരെ പുറത്താക്കിയിട്ടുണ്ടെന്നാണ്.

കള്ള വോട്ടർമാരെ തിരുകിക്കയറ്റുന്നതിനൊപ്പമാണ് പട്ടികയിലുള്ള യഥാർത്ഥ വോട്ടർമാരെ പുറന്തള്ളുന്നതും. മിക്കയിടത്തും ബി.ജെ.പിക്ക് അനുകൂലമാകാൻ സാധ്യതയില്ലാത്തവരാണ് പുറത്താകുന്നത്. ഉത്തർപ്രദേശിൽ “മിസ്സിങ് വോട്ടർ” എന്ന ആപ് വഴി കണ്ടെത്തിയത്, 2019- ലെ തെരഞ്ഞെടുപ്പിനു മുമ്പ് 12 കോടി വോട്ടർമാരെ പട്ടികയിൽ നിന്ന് പുറന്തള്ളി എന്നാണ്. ഇതിലേറെയും മുസ്ലിങ്ങളും യാദവരും ദലിതരുമാണ്.

ഇക്കണോമിക്ക് ആൻ്റ് പൊളിറ്റിക്കൽ വീക്കിലിയുടെ പഠനത്തിൽ 2018- ൽ കർണാടകത്തിലെ 12 ലക്ഷം മുസ്ലിം വോട്ടർമാർക്ക് സമ്മതിദാനാവകാശം റദ്ദാക്കിയതായി വെളിപ്പെട്ടു. പ്രണോയ് റോയ് നടത്തിയ പഠനത്തിൽ തെളിഞ്ഞത്, ഇന്ത്യയിലെ ഓരോ മണ്ഡലത്തിൽ നിന്നും നാൽപതിനായിരത്തോളം സ്ത്രീവോട്ടർമാരെ പുറത്താക്കിയിട്ടുണ്ടെന്നാണ്. ബി.ജെ.പിയുടെ തന്നിഷ്ടം പോലെയുള്ള ഈ പുറത്താക്കൽ പരിപാടിയുടെ മൂലകാരണം 1960- ലെ വോട്ടർ രജിസ്ട്രേഷൻ നിയമത്തിലെ 18-ാം വകുപ്പാണ്. വോട്ടറോട് വിശദീകരണം തേടാതെയും നോട്ടീസ് അയക്കുക പോലും ചെയ്യാതെയും തെരഞ്ഞെടുപ്പു കമീഷന് സമ്മതിദാനാവകാശം റദ്ദാക്കാൻ അധികാരം നൽകുന്നതാണ് 18-ാം വകുപ്പ്. ഇത് റദ്ദാക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപര്യഹർജി, നോട്ടീസ് നൽകിയ ശേഷമേ പുറത്താക്കുകയുള്ളൂ എന്ന കമീഷന്റെ ഉറപ്പിനെ തുടർന്ന് 2023- ൽ സുപ്രീംകോടതി തള്ളിക്കളഞ്ഞു.

കർണാടകത്തിലെ വോട്ട് മോഷണവും ബീഹാറിലെ തട്ടിപ്പും ഉയർത്തി ഇന്ത്യൻ ജനതയെ അണി നിരത്താൻ  രാഹുൽ ഗാന്ധിക്ക് കഴിയുമോ എന്നതാണ് പ്രധാന ചോദ്യം.
കർണാടകത്തിലെ വോട്ട് മോഷണവും ബീഹാറിലെ തട്ടിപ്പും ഉയർത്തി ഇന്ത്യൻ ജനതയെ അണി നിരത്താൻ രാഹുൽ ഗാന്ധിക്ക് കഴിയുമോ എന്നതാണ് പ്രധാന ചോദ്യം.

നിലവിലുള്ള നിയമം മാറ്റി തെരഞ്ഞെടുപ്പ് കമീഷൻ തന്നെ ബി.ജെ.പി സ്വന്തം ആൾക്കാരെക്കൊണ്ട് നിറച്ചതിന്റെ ഫലമാണ് ഇതെല്ലാം. അസം ദേശീയ പൗരത്വ രജിസ്റ്റർ പ്രകാരം പൗരത്വ അവകാശം നഷ്ടമായത് 12 ലക്ഷം പേർക്കാണ്. ബിഹാറിലെ “പ്രത്യേക നിശിത പരിശോധന” യിലൂടെ പുറത്താക്കപ്പെട്ടത് 65 ലക്ഷമല്ല, 90 ലക്ഷമാണെന്ന് ഇതിനെതിരെ സ്വയം കേസ് വാദിച്ച യോഗേന്ദ്ര യാദവ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ അറിയിച്ചിട്ടുണ്ട്. തൃശൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിലും ഒരു വീട്ടിൽ 83 വോട്ടർമാർ വരെയുള്ള പട്ടിക തട്ടിപ്പുകൾ വെളിപ്പെട്ടിരിക്കുന്നു.

ഇത്രയധികം പരാതി ലഭിച്ചിട്ടും അനങ്ങാപ്പാറ പോലെ ഇരിക്കുന്ന തെരഞ്ഞെടുപ്പ് കമീഷന് എന്തുകൊണ്ട് ഇനിയും പരാതി കൊടുക്കുന്നില്ലെന്നാണ് ബി.ജെ.പിയുടെ ചോദ്യം. അതേസമയം തങ്ങൾ മാത്രമല്ല മറ്റ് പാർട്ടികളും ഇങ്ങനെയൊക്കെ ചെയ്യുന്നില്ലേ എന്നും സോണിയാഗാന്ധിക്കും പ്രിയങ്കയ്ക്കും രമേശ് ചെന്നിത്തലയ്ക്കും നേരെ ആരോപണമുന്നയിച്ച് അവർ ചോദിക്കുന്നു. തീർച്ചയായും. പക്ഷേ അവയെല്ലാം സൂക്ഷ്മമായി പരിശോധിച്ച് നിയമത്തിലടക്കം വേണ്ട തിരുത്തലുകൾ നടത്തേണ്ട തെരഞ്ഞെടുപ്പ് കമീഷൻ ഇതൊക്കെ നിഷേധിക്കുകയും പരാതിപ്പെടുന്നവരെ പുഛിക്കുകയും അല്ലെങ്കിൽ അമ്മിക്കല്ലിന് കാറ്റ് പിടിച്ചതുപോലെ, നിശ്ശബ്ദമാകുന്നതുമാണ് ലോകത്തേറ്റവും വലിയ ജനാധിപത്യത്തെ ലോക സമക്ഷം പരിഹാസപാത്രമാക്കുന്നത്. സുപ്രീം കോടതി പോലും കമീഷന് മുന്നിൽ പ്രതിരോധത്തിലാവുകയാണെന്ന് സംശയം തോന്നുന്നു.

‘യുക്തമായ സമയത്ത് യുക്തമായ വ്യക്തി ഉയരുന്നു’. അജയ്യയെന്ന് കരുതപ്പെട്ട ഇന്ദിരാഗാന്ധിയെ അടിയന്തരാവസ്ഥക്കുശേഷം ജയപ്രകാശ് നാരായണന്റെയും രാജീവ് ഗാന്ധിയെ വി.പി. സിങിന്റെയും നേതൃത്വത്തിൽ ജനങ്ങൾ താഴെയിറക്കിയത് ഓർക്കാം.

കഴിഞ്ഞ ഒരു ദശാബ്ദകാലത്തെ ബി.ജെ.പി ആധിപത്യത്തിനുനേരെ ചോദ്യമുയർത്തുന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിനുനേരെയുണ്ടായ ഈ വമ്പിച്ച അട്ടിമറി. ഇനി ഇതുസംബന്ധിച്ച് ദേശീയ രാഷ്ട്രീയ മണ്ഡലത്തിൽ തുടർച്ചയായ ബഹുജനസംഘാടനം ആവശ്യമാണ്, അത് എങ്ങനെയാകും എന്നതാണ് ഏറ്റവും പ്രധാനം. വാസ്തവത്തിൽ അപ്രതിരോധ്യമെന്ന് തോന്നിക്കുന്ന ഭരണകൂടങ്ങളെപ്പോലും അട്ടിമറിക്കാൻ സംഘടിതപ്രതിപക്ഷം എത്ര ദുർബലമെങ്കിലും ജനസഞ്ചയത്തിന്റെ വികാരഭരിതമായ ഒരൊറ്റ കുതിപ്പിന് പോലുമാകുമെന്ന് ചരിത്രം തെളിയിക്കുന്നുണ്ട്. പക്ഷേ ആ വികാരം ജ്വലിപ്പിക്കാൻ കഴിയുന്നവിധം സമ്മതിയുള്ള ഒരു നേതാവ് ആവശ്യമാണ്. പലപ്പോഴും അന്നുവരെ മുൻനിരയിലില്ലാത്തവരെ പോലും ചില സവിശേഷ ചരിത്രഘട്ടങ്ങൾ ഉയർത്തിക്കൊണ്ടുവരാറുമുണ്ട്. ഇംഗ്ലീഷ് പഴമൊഴി പറയുന്നതുപോലെ, “യുക്തമായ സമയത്ത് യുക്തമായ വ്യക്തി ഉയരുന്നു” (Cometh the hour , cometh the man) എന്ന് കാണാം. അജയ്യയെന്ന് കരുതപ്പെട്ട ഇന്ദിരാഗാന്ധിയെ അടിയന്തരാവസ്ഥക്കുശേഷം ജയപ്രകാശ് നാരായണന്റെയും രാജീവ് ഗാന്ധിയെ വി.പി. സിങിന്റെയും നേതൃത്വത്തിൽ ജനങ്ങൾ താഴെയിറക്കിയത് ഓർക്കാം.

ബിഹാറിലെ “പ്രത്യേക നിശിത പരിശോധന” യിലൂടെ പുറത്താക്കപ്പെട്ടത് 65 ലക്ഷമല്ല, 90 ലക്ഷമാണെന്ന് ഇതിനെതിരെ സ്വയം കേസ് വാദിച്ച യോഗേന്ദ്ര യാദവ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ അറിയിച്ചിട്ടുണ്ട്.
ബിഹാറിലെ “പ്രത്യേക നിശിത പരിശോധന” യിലൂടെ പുറത്താക്കപ്പെട്ടത് 65 ലക്ഷമല്ല, 90 ലക്ഷമാണെന്ന് ഇതിനെതിരെ സ്വയം കേസ് വാദിച്ച യോഗേന്ദ്ര യാദവ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ അറിയിച്ചിട്ടുണ്ട്.

കർണാടകത്തിലെ വോട്ട് മോഷണവും ബീഹാറിലെ തട്ടിപ്പും ഉയർത്തി ഇന്ത്യൻ ജനതയെ അണി നിരത്താൻ രാഹുൽ ഗാന്ധിക്ക് കഴിയുമോ എന്നതാണ് പ്രധാന ചോദ്യം. ഇതുവരെയുള്ള അദ്ദേഹത്തിന്റെ ചരിത്രം ആ പ്രതീക്ഷ നൽകുന്നില്ല. പക്ഷേ അദ്ദേഹത്തെ മാത്രമതിന് കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പ്രതിപക്ഷത്തെ മറ്റൊരു നേതാവിനും അദ്ദേഹത്തിന്റെ അത്ര സമ്മതി ദേശീയതലത്തിൽ ഇല്ല. ദേശീയതലത്തിൽ എത്ര ദുർബലമെങ്കിലും ഇന്നും കോൺഗ്രസിനെപ്പോലെ പ്രസക്തിയോ സാന്നിദ്ധ്യമോ ഇന്ത്യ സഖ്യത്തിലെ മറ്റൊരു കക്ഷിക്കും ഇല്ലെന്നതിനാൽ കോൺഗ്രസിനുതന്നെ ഈ നേതൃത്വം ഏറ്റെടുത്താലേ മതിയാവൂ. പക്ഷേ കോൺഗ്രസിലെ കുടുംബാധിപത്യം രാഹുലിന് പകരം ഒരാൾ ഉയരുന്നതിനു പ്രതിബന്ധമാകുന്നു. അതിനാലാണ് രാമചന്ദ്ര ഗുഹയെപ്പോലെയുള്ളവർ കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും മുന്നിലെ ഏറ്റവും വലിയ തടസ്സം ഗാന്ധികുടുംബം ആണെന്ന് ആവർത്തിക്കുന്നത്. ഈ കുടുംബത്തിന്റെ അഭാവത്തിൽ പാർട്ടി തന്നെ തകരുമെന്നത് സംഘടനയുടെ ദീർഘകാലമായുള്ള ദൗർബല്യമല്ലാതെ മറ്റൊന്നല്ല. രാഹുൽ മാറിയാൽ എല്ലാം ശരിയാകുമെന്ന് കരുത്തുന്നവരെപ്പോലെ തന്നെ മൂഢസ്വർഗ്ഗത്തിലാണ് മുമ്പ് ഭാരത് ജോഡോ യാത്രയോടെയും ഇപ്പോൾ “വോട്ട് ചോരി”യിലൂടെയും രാഹുൽ ഗാന്ധി മിശിഹ ആയെന്ന് മതിമറക്കുന്ന അദ്ദേഹത്തിന്റെ ആരാധകരും.

ഉറച്ച പ്രതിപക്ഷ രാഷ്ട്രീയ സഖ്യത്തിനൊപ്പം നിലവിൽ ബി.ജെ.പിയെ നേരിടാൻ പൊതുസമൂഹത്തിന്റെയും പിന്തുണ ആവശ്യമാണ്. ഇതുവരെ അതിനായി ഒരു നീക്കം പോലും പ്രതിപക്ഷം നടത്തിയിട്ടില്ലെന്നത് അമ്പരപ്പിക്കുന്നതാണ്.

വാസ്തവത്തിൽ ഇപ്പോഴാവശ്യം പ്രതിപക്ഷം എല്ലാ ഭിന്നതകളും മറന്ന് ഈ പ്രശ്നങ്ങൾ മുൻനിർത്തി ഒരു മഹാപ്രക്ഷോഭത്തിന് തിരികൊളുത്തുകയാണ്. ബി.ജെ.പിയെ സഹായിക്കുന്ന മത- ജാതി വികാരങ്ങൾ എത്ര തന്നെ സ്വാധീനം ചെലുത്തിയാലും അധികാര ദുർവിനിയോഗം, അഴിമതി എന്നീ വിഷയങ്ങൾ വൈകാരിക ശക്തിയോടെ ഉന്നയിക്കപ്പെട്ടാൽ ജനങ്ങളെ ഇളക്കിമറിക്കുക തന്നെ ചെയ്യുമെന്ന് ചരിത്രത്തിൽ കാണാം. പക്ഷേ ആ മുന്നേറ്റത്തെ നയിക്കാൻ കോൺഗ്രസിൽ നിന്ന് മറ്റാരുമില്ലെങ്കിൽ വേണ്ടത് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ കൂട്ടായ യത്നങ്ങളാണ്. അതിന്റെ അനിവാര്യമായ മുൻ ഉപാധി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികളും അവയുടെ നേതാക്കളും പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ രൂപീകരിക്കേണ്ട ഐക്യവും പരസ്പര ബഹുമാനവുമാണ്.

എന്നാൽ തങ്ങളാണ് ഇന്ത്യയുടെ ഏക ഗ്രാൻഡ് ഓൾഡ് പാർട്ടി എന്ന കോൺഗ്രസിന്റെയും തങ്ങളുടെ പ്രവിശ്യകളിൽ പ്രമാണികളെന്ന പ്രാദേശിക കക്ഷി നേതാക്കളുടെയും അഹന്തയാണ് വലിയ തടസ്സം. ഫലത്തിൽ പ്രാദേശികമായിക്കഴിഞ്ഞ ഇടതുപക്ഷത്തിന്റെയും സ്ഥിതി വ്യത്യസ്തമല്ല.

തുടർച്ചയായ രാഷ്ട്രീയ പോരാട്ടത്തിനുള്ള സ്ഥൈര്യം പോരാത്ത രാഹുലിന്റെ നേതൃത്വദൗർബല്യത്തിനുപുറമേ ഘടനാപരമായ മറ്റ് ഒട്ടേറെ അവശതകളും കോൺഗ്രസിനെ ഇന്ന് അലട്ടുന്നുണ്ട്.
തുടർച്ചയായ രാഷ്ട്രീയ പോരാട്ടത്തിനുള്ള സ്ഥൈര്യം പോരാത്ത രാഹുലിന്റെ നേതൃത്വദൗർബല്യത്തിനുപുറമേ ഘടനാപരമായ മറ്റ് ഒട്ടേറെ അവശതകളും കോൺഗ്രസിനെ ഇന്ന് അലട്ടുന്നുണ്ട്.

ഇന്നും ദേശീയതലത്തിൽ ഏറ്റവും സാന്നിധ്യമുള്ള പ്രതിപക്ഷകക്ഷി കോൺഗ്രസ് ആണെങ്കിലും അതിന് മറ്റുള്ള കക്ഷികളേക്കാൾ അമിത പ്രാധാന്യം നൽകുന്ന മുന്നണിവ്യവസ്ഥ അസ്ഥിരമായേക്കാം. കാരണം തുടർച്ചയായ രാഷ്ട്രീയ പോരാട്ടത്തിനുള്ള സ്ഥൈര്യം പോരാത്ത രാഹുലിന്റെ നേതൃത്വദൗർബല്യത്തിനുപുറമേ ഘടനാപരമായ മറ്റ് ഒട്ടേറെ അവശതകളും കോൺഗ്രസിനെ ഇന്ന് അലട്ടുന്നുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കടിഞ്ഞാൺ കയ്യിലുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ക്ഷീണം, ബി.ജെ.പിയിലേക്ക് കൂടിയേറുകയോ നിശ്ശബ്ദരാകുകയോ ചെയ്ത ഹിന്ദിഹൃദയമേഖലയിലെ നേതാക്കളുടെ കുറവ്, ബി.ജെ.പിയിൽ നിന്ന് വ്യതിരിക്തമായ ബദൽ സാമ്പത്തിക- സാമൂഹ്യനയത്തിന്റെ അഭാവം, മതവും ദേശീയതയും കൂട്ടിക്കുഴച്ച് ഫലപ്രദമായി ബി.ജെ.പി അവതരിപ്പിക്കുന്ന വൈകാരികാഖ്യാനത്തിന് ബദൽ ഇല്ലാത്ത അവസ്ഥ, പ്രതിപക്ഷത്തെ പ്രമുഖ പ്രാദേശിക നേതാക്കളുമായുള്ള ബന്ധത്തിലുള്ള ശക്തിക്കുറവ് തുടങ്ങിയവയൊക്കെ ഇതിൽ പെടുന്നു.

ബദൽസാധ്യത തെളിഞ്ഞാൽ അന്നുവരെ അപ്രതിരോധ്യമെന്ന് കരുതിയ കോട്ടകൾ ഉലയുകയും നിലം പൊത്തുകയും ചെയ്ത സമീപകാല ഉദാഹരണമാണ് ഇടതുപക്ഷത്തിന്റെ ദീർഘകാലഅധികാരക്കുത്തക ചുരുങ്ങിയ കാലം കൊണ്ട് തകർത്ത മമത ബാനർജി.

ഉറച്ച പ്രതിപക്ഷ രാഷ്ട്രീയ സഖ്യത്തിനൊപ്പം നിലവിൽ ബി.ജെ.പിയെ നേരിടാൻ പൊതുസമൂഹത്തിന്റെയും പിന്തുണ ആവശ്യമാണ്. ഇതുവരെ അതിനായി ഒരു നീക്കം പോലും പ്രതിപക്ഷം നടത്തിയിട്ടില്ലെന്നത് അമ്പരപ്പിക്കുന്നതാണ്. ബി.ജെ.പിയുടെ ഭൂരിപക്ഷ മതാധിപത്യത്തെയും അമിതാധികാരത്തെയും സമ്പന്നാനുകൂല സാമ്പത്തിക നയങ്ങളെയും എതിർക്കുന്ന പ്രധാന വ്യക്തികളുമായും തുറന്ന ഐക്യവേദി സൃഷ്ടിക്കേണ്ടതുണ്ട്. അതിൽ മനുഷ്യാവകാശ പ്രവർത്തകരും ന്യൂനപക്ഷ- കീഴാള സംഘടനകളും സാംസ്കാരിക പ്രവർത്തകരും സന്നദ്ധ സംഘടനകളും ഒക്കെ വേണം. യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ, ദുഷ്യന്ത ദവേ, കപിൽ സിബൽ, അരുന്ധതി റോയ്, അരുണാ റോയ്, മേധ പട്കർ, ഹിന്ദി മേഖലയിൽ വലിയ സ്വാധീനമുള്ള രവീഷ് കുമാറിനെയും ധ്രുവ് റാത്തിയെയും പോലുള്ള പുതുമാധ്യമ പ്രവർത്തകർ, ഹിന്ദുത്വ ചേരിയിലെ വിമതരായ അരുൺ ഷൂരി, യശ്വന്ത് സിൻഹ, ഭീമ കൊറെഗാവ് കേസിൽ പ്രതി ചേർക്കപ്പെട്ട “അർബൻ നക്സലുകൾ”, പൗരത്വനിയമവിരുദ്ധ സമരസേനാനികൾ, ദൽഹി ലഹളക്കെതിരെ പ്രതിരോധമുയർത്തിയ ഷഹീൻ ബാഗിലെ ധീരരായ അമ്മമാർ, ജെ എൻ യുവിലും അലിഗഡ് സർവകലാശാലയിലും ജാമിയ മിലിയയിലും മറ്റും മർദ്ദനത്തെ ചെറുത്ത വിദ്യാർഥികൾ, ഛത്തീസ്ഗഡിലെ ഹനുമാൻ സേനാ അതിക്രമതിനെതിരെ തെരുവിലിറങ്ങിയ കന്യാസ്ത്രീകൾ, പുരോഹിതർ തുടങ്ങിയവരൊക്കെ ഈ ജനസഞ്ചയമുന്നേറ്റത്തിൽ പങ്കാളികളാകണം.

വോട്ട് മോഷണത്തിനെതിരെ ദൽഹിയിൽ ഇന്ത്യ മുന്നണി എം.പിമാർ നടത്തിയ പ്രകടനത്തിനിടെ കുഴഞ്ഞുവീണ തൃണമൂൽ കോൺഗ്രസ് എം.പി മിതാലി ബാഗിനെ ചേർത്തുപിടിച്ച് രാഹുൽ ഗാന്ധിയും ജോൺ ബ്രിട്ടാസും.
വോട്ട് മോഷണത്തിനെതിരെ ദൽഹിയിൽ ഇന്ത്യ മുന്നണി എം.പിമാർ നടത്തിയ പ്രകടനത്തിനിടെ കുഴഞ്ഞുവീണ തൃണമൂൽ കോൺഗ്രസ് എം.പി മിതാലി ബാഗിനെ ചേർത്തുപിടിച്ച് രാഹുൽ ഗാന്ധിയും ജോൺ ബ്രിട്ടാസും.

ഇങ്ങനെയുള്ള മുന്നേറ്റം രാഷ്ട്രീയ ചക്രവാളത്തിൽ ഇന്ന് അപ്രത്യക്ഷമായിരിക്കുന്ന ഒരു ബദൽ പ്രതീക്ഷ ഉരുവം കൊള്ളുന്നതിന് വഴിയൊരുക്കും. അതോടെ അപ്രതീക്ഷിതമായ മാറ്റങ്ങൾക്ക് തുടക്കമാകും. ബി.ജെ.പി കോട്ടകൾ പോലും അതോടെ ഇളകും. പല കാരണങ്ങളാൽ നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുകയും എന്നാൽ പരസ്യമായി എതിർക്കാൻ ധൈര്യമില്ലാതെപോകുകയും ചെയ്യുന്ന വിഭാഗങ്ങളും നേതാക്കളും ഭരണപക്ഷത്തുനിന്നു തന്നെ പുറത്തുവരും. അടിയന്തരാവസ്ഥക്കുശേഷം ജഗജീവൻ റാമും ബഹുഗുണയും പോലെയുള്ളവർ പ്രതിപക്ഷത്തേക്ക് നീങ്ങിയത് ഓർക്കുക. ഒരു ബദൽസാധ്യത തെളിഞ്ഞാൽ അന്നുവരെ അപ്രതിരോധ്യമെന്ന് കരുതിയ കോട്ടകൾ ഉലയുകയും നിലം പൊത്തുകയും ചെയ്ത സമീപകാല ഉദാഹരണമാണ് ഇടതുപക്ഷത്തിന്റെ ദീർഘകാലഅധികാരക്കുത്തക ചുരുങ്ങിയ കാലം കൊണ്ട് തകർത്ത മമത ബാനർജി.

തീർച്ചയായും മഴവിൽ സഖ്യങ്ങൾക്ക് സ്ഥായിയായ നിലനിൽപ്പില്ല. ഒരു വലിയ രാഷ്ട്രീയ മാറ്റം സൃഷ്ടിച്ചുകഴിഞ്ഞാൽ അവ ആന്തരിക വൈരുദ്ധ്യങ്ങളാൽ തകർന്നേക്കാം. ഇന്ത്യയിലെ കോൺഗ്രസ് - ബി ജെ പി ഇതര ഭരണസഖ്യങ്ങളുടെ ഹ്രസ്വായുസ്സ് ഓർക്കാം. അതാണ് തെരഞ്ഞെടുപ്പിന് മുമ്പു തന്നെ തയ്യാറാക്കേണ്ട പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ രൂപീകരിക്കേണ്ട രാഷ്ട്രീയസഖ്യത്തിന്റെ അനിവാര്യത. അതിനു വികാരം മാത്രമല്ല, ബദൽ നയങ്ങൾ ആവശ്യമാണ്.

Comments