ബിഹാറിലെ 25 ജില്ലകളിലായുള്ള 110 നിയമസഭാ മണ്ഡലങ്ങളിലൂടെ 1300 കിലോമീറ്ററുകളോളം സഞ്ചരിച്ച് 14 ദിവസം നീണ്ടുനിന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള വോട്ടർ അധികാർ യാത്രയ്ക്ക് പാട്നയിൽ സമാപനം. രാഹുലിന് പുറമെ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, സിപിഐഎംഎൽ നേതാവ് ദിപാങ്കർ ഭട്ടാചാര്യ, വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നി തുടങ്ങിയവരെല്ലാം യാത്രയിൽ ഒപ്പം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും ആഞ്ഞടിച്ച് കൊണ്ട് രാജ്യത്ത് നടക്കുന്ന തെരഞ്ഞടുപ്പ് ക്രമക്കേടുകളെപ്പറ്റി ഈ യാത്രയ്ക്ക് തൊട്ടുമുൻപാണ് രാഹുൽ വലിയ വെളിപ്പെടുത്തലുകൾ നടത്തിയത്. ഇതേതുടർന്ന് ആരംഭിച്ച Vote Chori ക്യാമ്പെയിൻ രാജ്യം മുഴുവൻ വലിയ ചർച്ചയായി മാറി. യാത്രയിലുടനീളം വോട്ട് മോഷണത്തെക്കുറിച്ചുള്ള പ്രചാരണവും ഇന്ത്യാ മുന്നണി നേതാക്കൾ നടത്തിയിരുന്നു. ബിഹാറിലെ തിരക്ക് പിടിച്ചുള്ള സമഗ്ര വോട്ട് പരിഷ്കരണത്തിനെതിരെയും മുദ്രാവാക്യങ്ങൾ മുഴങ്ങിക്കൊണ്ടേയിരുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബിഹാറിൽ നിധീഷ് കുമാറിൻെറ നേതൃത്വത്തിലുള്ള ജെ.ഡി.യു സർക്കാർ അധികാരത്തിൽ തുടരുകയാണ്. ഇടയ്ക്ക് ബി.ജെ.പിയോട് ഇടഞ്ഞുവെങ്കിലും നിലവിൽ എൻ.ഡി.എ സഖ്യം തന്നെയാണ് സംസ്ഥാനം ഭരിക്കുന്നത്. നിധീഷിനെയും എൻ.ഡി.എയെയും താഴെയിറക്കി ബിഹാറിൽ അധികാരം തിരിച്ച് പിടിക്കാനാണ് കോൺഗ്രസിൻെറയും ആർ.ജെ.ഡിയുടേയും നേതൃത്വത്തിൽ മഹാഗഡ്ബന്ധൻ സഖ്യം ശ്രമിക്കുന്നത്. 2025 നവംബറോടെ ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പിന് വളരെകുറച്ച് സമയം മാത്രം ബാക്കിനിൽക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തിരക്ക് പിടിച്ച് അതിതീവ്ര സമഗ്ര വോട്ടർപട്ടിക പരിഷ്കരണം പ്രഖ്യാപിച്ചത്. മതിയായ രേഖകളില്ലാത്തവരും കുടിയേറ്റക്കാരുമായ വ്യക്തികളെ പട്ടികയിൽ നിന്ന് ഒഴിവാക്കാനാണ് നീക്കമെന്നാണ് കമ്മീഷൻെറയും ബിഹാറിലെ ഭരണക്ഷിയുടെയും വാദം. എന്നാൽ വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തി തെരഞ്ഞെടുപ്പ് പ്രക്രിയ തന്നെ അട്ടിമറിക്കാനാണ് നീക്കം നടക്കുന്നതെന്ന് പ്രതിപക്ഷവും വാദിക്കുന്നു. വോട്ട് മോഷണത്തിന് തെളിവുകൾ നിരത്തി രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ കൂടി ആയതോടെ പ്രതിപക്ഷത്തിന് ഊർജ്ജമേറി. അങ്ങനെ വോട്ടർ അധികാർ യാത്ര തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിക്കും എതിരായ പ്രചാരണം കൂടിയായി മാറി.

പട്നയിൽ നടന്ന സമാപനസമ്മേളനത്തിലും കേന്ദ്രസർക്കാരിനെതിരെ വോട്ട് മോഷണ ആരോപണം രാഹുൽ ഉന്നയിച്ചു. “വോട്ട് മോഷണത്തിലൂടെ തകർക്കുന്നത് രാജ്യത്തെ ജനങ്ങളുടെ തൊഴിലും വിദ്യാഭ്യാസവും സംവരണവും ജനാധിപത്യവുമാണ്. ജനങ്ങളുടെ റേഷൻ കാർഡും ഭൂമിയും തട്ടിയെടുത്ത് അദാനിക്കും അംബാനിക്കും നൽകുകയാണ് ബി.ജെ.പി സർക്കാർ. വോട്ടർ അധികാർ യാത്രയ്ക്ക് വലിയ പിന്തുണ നൽകിയ ജനങ്ങൾക്ക് നന്ദി,” രാഹുൽ ഗാന്ധി സമാപനസമ്മേളനത്തിൽ പറഞ്ഞു. വോട്ട് മോഷണവുമായി ബന്ധപ്പെട്ട് താൻ നേരത്തെ നടത്തിയ വെളിപ്പെടുത്തൽ ആറ്റം ബോംബ് ആയിരുന്നുവെങ്കിൽ ഇനി അതിലും വലിയ ഹൈഡ്രജൻ ബോംബ് വരാൻ പോവുന്നുണ്ടെന്ന് രാഹുൽ പറഞ്ഞു. പുതിയ വെളിപ്പെടുത്തലുകൾ വന്നാൽ പ്രധാനമന്ത്രി മോദിക്ക് ജനങ്ങളെ അഭിസംബോധന ചെയ്യാൻ പോലും പ്രയാസമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഹാറിലെ വരാൻ പോവുന്ന തെരഞ്ഞെടുപ്പിൽ വിജയം നേടുന്നതിന് വേണ്ടിയുള്ള ശക്തമായ പ്രചാരണമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്നത്. സംസ്ഥാനം ഉണ്ടായി ആദ്യ നാല് പതിറ്റാണ്ടുകൾ കോൺഗ്രസ് തന്നെയാണ് ഭരിച്ചിരുന്നത്. 1990-കൾക്ക് ശേഷമാണ് ലാലു പ്രസാദ് യാദവിൻെറ ആർ.ജെ.ഡി ശക്തി തെളിയിക്കുന്നത്. 2005 വരെ മൂന്ന് ടേമുകളിലായി ലാലു സംസ്ഥാനം ഭരിച്ചു. 2005 മുതൽ നിധീഷ് കുമാറിൻെറ നേതൃത്വത്തിൽ ജനതാദൾ (യു) സംസ്ഥാനം ഭരിക്കുന്നു. ബി.ജെ.പിയുമായുള്ള സഖ്യകക്ഷി സർക്കാരാണ് ഇപ്പോൾ അധികാരത്തിലുള്ളത്. ബിഹാറിൽ പഴയ ശക്തിയൊന്നും ഇപ്പോൾ കോൺഗ്രസിനില്ല. എന്നാൽ ബി.ജെ.പി വലിയ ശക്തിയായി വളരുകയും ചെയ്തിട്ടുണ്ട്. നിധീഷ് കുമാർ സർക്കാരിൻെറ ഭരണത്തിനും കേന്ദ്രസർക്കാരിനുമെതിരായ വിധിയെഴുത്തായിരിക്കും അടുത്ത തെരഞ്ഞെടുപ്പിൽ നടക്കുകയെന്ന വിശ്വാസത്തിലാണ് ആർ.ജെ.ഡിയും കോൺഗ്രസും പ്രചാരണം ശക്തമാക്കി മുന്നോട്ട് പോവുന്നത്.
