ഇന്ത്യൻ നീതിന്യായത്തിലെ ഒരു പ്രധാന മനുഷ്യാവകാശ സന്ദർഭം

കൊല്ലപ്പെട്ടയാളുടെ സ്റ്റാറ്റസ്, പ്രതികൾക്ക് നൽകുന്ന ശിക്ഷയെ സ്വാധീനിക്കരുത് എന്നാണ് അടിസ്ഥാന തത്വം. എന്നാൽ, ഇത് പതിവായി ലംഘിക്കപ്പെടുന്ന ഒരു തത്വം കൂടിയാണ്. രാജ്യത്തിന്റെ "പൊതുമനസാക്ഷിയെ തൃപ്തിപ്പെടുത്താൻ' എന്നതുപോലും, വധശിക്ഷ വിധിക്കാനുള്ള കാരണമായി ജുഡീഷ്യറി വിശദീകരിച്ചിട്ടുണ്ട് എന്ന് ഓർക്കുക. ഇന്ത്യയുടെ മൂല്യത്തിനും സത്തക്കും ചേർന്ന ഒന്നല്ല ഈ വിധിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറയുന്നത്, ഈ "പൊതുമനഃസാക്ഷി തത്വം' വച്ചുകൊണ്ടാണ്. ഇത്തരം വൈകാരികതകളല്ല നീതിയുടെ അടിസ്ഥാനമാകേണ്ടത്.

രാജീവ്ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആറുപേരെ കൂടി ജയിൽ മോചിതരാക്കാൻ ഉത്തരവിട്ട സുപ്രീംകോടതി വിധി, ഇന്ത്യൻ നീതിന്യായവുമായി ബന്ധപ്പെട്ട ഒരു പ്രധാന മനുഷ്യാവകാശ സന്ദർഭമാണ്.

പേരറിവാളനെ വിട്ടയക്കാൻ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന് സമാനമായി, ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ളതാണ് ഈ വിധി. സമ്പൂർണ നീതി ഉറപ്പാക്കാൻ സുപ്രീംകോടതിക്കുള്ള പ്രത്യേക അധികാരമാണ് പേരറിവാളന്റെ കാര്യത്തിൽ സുപ്രീംകോടതി പ്രയോഗിച്ചത്. അദ്ദേഹത്തിന്റെയും ഇപ്പോൾ മോചിപ്പിക്കപ്പെട്ട ആറുപേരുടെയും ശിക്ഷ ഇളവുചെയ്യാൻ തമിഴ്നാട് സർക്കാർ ശുപാർശ ചെയ്തിട്ടും ഗവർണർ തീരുമാനമെടുത്തില്ല.
വധക്കേസിൽ മാപ്പ് നൽകുന്നതും പ്രതികളുടെ ശിക്ഷ കുറക്കുന്നതും അടക്കമുള്ള കാര്യങ്ങളിൽ ഗവർണറെ ഉപദേശിക്കാനുള്ള വ്യക്തമായ അധികാരം സംസ്ഥാന സർക്കാരുകൾക്കുണ്ടെന്നും ഗവർണറുടെ തീരുമാനം അനന്തമായി നീണ്ടുപോകുന്ന സാഹചര്യം കോടതിക്ക് പരിശോധിക്കാമെന്നുമാണ്, 142ാം വകുപ്പ് വിനിയോഗിച്ചുകൊണ്ട് സുപ്രീംകോടതി, പേരറിവാളന്റെ കേസിൽ പറഞ്ഞത്. ഇപ്പോൾ, മോചിപ്പിക്കപ്പെടുന്ന ആറു പേരുടെയും കാര്യത്തിലും ഇതേ ഇടപെടലാണ് സുപ്രീംകോടതി നടത്തിയത്.

ആറു പേരുടെയും ആരോഗ്യസ്ഥിതി അടക്കമുള്ള കാര്യങ്ങൾ, ഈ ഉത്തരവിൽ പ്രത്യേകം കോടതി വിലയിരുത്തുന്നുണ്ട്. നളിനി സ്ത്രീയാണെന്നും മൂന്നു ദശാബ്ദത്തിലേറെ ജയിൽവാസമനുഭവിച്ചിട്ടുണ്ടെന്നും എടുത്തുപറയുന്നു. മാത്രമല്ല, ആറു പേരും, മൂന്നുപതിറ്റാണ്ടിലേറെ പിന്നിട്ട ശിക്ഷാകാലം ഉപരിപഠനത്തിനും മറ്റും ഉപയോഗപ്പെടുത്തി ക്രിയാത്മകമായി വിനിയോഗിച്ചതും പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. തടവുശിക്ഷ അനുഭവിക്കുന്ന മനുഷ്യരുടെ ശാരീരികാവസ്ഥയെയും മനോഭാവത്തെയും, മോചനത്തിനും ശിക്ഷായിളവിനും ഉപാധിയാക്കുക എന്നത് നീതിന്യായത്തിന്റെ അടിസ്ഥാനതത്വമായി മാറുന്ന സന്ദർഭമായതുകൊണ്ടാണ്, ഈ വിധി പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം കൂടിയായി മാറുന്നത്.

രാജീവ് വധം വൈകാരികം എന്നപോലെ തന്നെ സങ്കീർണമായ രാഷ്ട്രീയസമസ്യകൾ കൂടി അടങ്ങിയതാണ്. ഈ കേസ് സുപ്രീംകോടതിയിലെത്തിയപ്പോൾ അത്തരം വിഷയങ്ങൾ സമഗ്രമായി ചർച്ച ചെയ്യപ്പെട്ടതുമാണ്. നളിനിയുടെ കാര്യത്തിലാണെങ്കിൽ, അവർ അമ്മയാണ് എന്ന തീർത്തും വൈയക്തികവും വൈകാരികവുമായ ഒരു തലം കൂടി ചർച്ച ചെയ്യപ്പെട്ടു. അവരെ തൂക്കിക്കൊന്നാൽ, ആ കുഞ്ഞ് അനാഥമാക്കപ്പെടും എന്ന്, ജീവപര്യന്തം മതി എന്ന ഭിന്നവിധിയിൽ ജസ്റ്റിസ് കെ.ടി. തോമസ് പറയുന്നുണ്ട്. മാത്രമല്ല, പിന്നീട്, നളിനിയുടെ ശിക്ഷാ ഇളവിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് എഴുതിയ കത്തിൽ, ഗാന്ധി വധക്കേസ് പ്രതിയായ ഗോപാൽ ഗോഡ്‌സെ അടക്കമുള്ളവരെ, 14 വർഷത്തിനുശേഷം നെഹ്‌റു സർക്കാർ പുറത്തുവിട്ടതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളിയാകുന്നവരും പങ്കാളികളാക്കപ്പെടുന്നവരും അതിലകപ്പെടുന്നവരും മാത്രമല്ല, പേരറിവാളനെപ്പോലെ നീതിനിഷേധത്തിനിരയായവർ വരെയുണ്ടാകാം. ഇവരുടെയെല്ലാം കാര്യത്തിൽ നിയമത്തിന് ഏതു പരിധിവരെ മുന്നോട്ടുപോകാം എന്ന കാര്യം ഇന്ത്യൻ ജുഡീഷ്യറിയെ സംബന്ധിച്ച് പലപ്പോഴും തർക്കവിഷയമാണ്. അതുകൊണ്ടാണ് ഹൈകോടതിയും സുപ്രീംകോടതിയും പോലുള്ള ഉന്നത ജുഡീഷ്യറിയിൽ നിന്നുതന്നെ പലപ്പോഴും വിരുദ്ധമായ വിധികളുണ്ടാകുന്നത്. കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളിൽ, കൊല്ലപ്പെട്ടയാളുടെ സ്റ്റാറ്റസ്, പ്രതികൾക്ക് നൽകുന്ന ശിക്ഷയെ സ്വാധീനിക്കരുത് എന്നാണ് അടിസ്ഥാന തത്വം. എന്നാൽ, ഇത് പതിവായി ലംഘിക്കപ്പെടുന്ന ഒരു തത്വം കൂടിയാണ്. രാജ്യത്തിന്റെ "പൊതുമനസാക്ഷിയെ തൃപ്തിപ്പെടുത്താൻ' എന്നതുപോലും, വധശിക്ഷ വിധിക്കാനുള്ള കാരണമായി ജുഡീഷ്യറി വിശദീകരിച്ചിട്ടുണ്ട് എന്ന് ഓർക്കുക. ഇന്ത്യയുടെ മൂല്യത്തിനും സത്തക്കും ചേർന്ന ഒന്നല്ല ഈ വിധിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറയുന്നത്, ഈ "പൊതുമനഃസാക്ഷി തത്വം' വച്ചുകൊണ്ടാണ്. ഇത്തരം വൈകാരികതകളല്ല നീതിയുടെ അടിസ്ഥാനമാകേണ്ടത്.

നിയമത്തിന്റെയും നീതിന്യായത്തിന്റെയും അന്യായ പാരമ്പര്യങ്ങളെ തിരുത്താൻ പര്യാപ്തമായ ഒന്നാണ് ഈ വിധി. ഇന്ത്യൻ ജയിലുകളിൽ നീതി നിഷേധിക്കപ്പെട്ടുകഴിയുന്ന മനുഷ്യരിലേക്കും ജുഡീഷ്യറിയുടെ ഇത്തരം ഇടപെടലുകൾ എത്തണം. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ ജയിലുകളിൽ കഴിയുന്ന 77 ശതമാനവും വിചാരണ കാത്തുകിടക്കുന്നവരാണ്, 22 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെട്ടവർ. വിചാരണ കാത്തുകിടക്കുന്നവരിൽ തന്നെ, മൂന്നുമുതൽ അഞ്ചുവർഷം വരെ ജയിലിൽ കിടക്കുന്ന നൂറുകണക്കിനുപേരുണ്ട്. കാലങ്ങളായി പരിഹാരമില്ലാതെ തുടരുന്ന ഇത്തരം നീതിനിഷേധങ്ങൾ ചർച്ച ചെയ്യപ്പെടാനെങ്കിലും സുപ്രീംകോടതിയുടെ ഇതുപോലുള്ള ഇടപെടലുകൾ സഹായിക്കുമെന്ന് പ്രത്യാശിക്കാം.

Comments