ഹിന്ദുത്വത്തിൻ്റെ പ്രതിഷ്ഠാദിനമാണ് ജനുവരി 22 ന് അയോധ്യയിൽ നടക്കുന്നത്. രാമക്ഷേത്രത്തെ ഹൈന്ദവ ഏകീകരണത്തിൻ്റെ പാനിന്ത്യൻ പ്രതീകമാക്കി കൊണ്ടാണ് ആർ.എസ്.എസ് തങ്ങളുടെ മതരാഷ്ട്ര നിർമിതിക്കുള്ള വർഗീയ വിദ്വേഷ കാമ്പയിനുകൾ നടത്തിക്കൊണ്ടിരിക്കുന്നത്.
1528- ൽ അയോധ്യയിൽ ബാബർ പണിത മസ്ജിദ് തർക്കഭൂമിയാക്കിക്കൊണ്ടാണവർ രാമജന്മഭൂമി വിമോചന കാമ്പയിനുകളും വർഗീയ കലാപങ്ങൾ വിതക്കുന്ന രഥയാത്രകളും ആരംഭിച്ചത്. രാമായണം സീരിയൽ തൊട്ട് ശിലാന്യാസം വരെ കോൺഗ്രസ് സർക്കാറുകളുടെ ഉദാര ഹൈന്ദവാനുകൂല സഹായങ്ങളിലാണ് ബാബറി മസ്ജിദിൻ്റെ പതനത്തിലേക്ക് കാര്യങ്ങളിലെത്തിയത്.
464 വർഷത്തോളം അയോധ്യയിലെ മുസ്‍ലിംകൾ തലമുറകളായി നിസ്‌കരിച്ചുപോന്ന ചരിത്രപ്രസിദ്ധമായ ബാബ്‌റി മസ്ജിദ് തകർത്തിട്ട് 31 വർഷം പിന്നിടുമ്പോൾ അയോധ്യയിൽ രാമക്ഷേത്ര നിർമാണം പൂർത്തിയായിരിക്കുകയാണ്. ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന ക്ഷേത്രപ്രതിഷ്ഠാ ചടങ്ങിൽ രാജ്യത്തെ എല്ലാ ദേശീയ പാർട്ടികളെയും ക്ഷണിച്ചിട്ടുണ്ട്. 2025 ആകുമ്പോഴേക്കും ആർ.എസ്.എസ് ലക്ഷ്യം വെക്കുന്ന ഹിന്ദുരാഷ്ട്രനിർമിതിയിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് രാമക്ഷേത്രനിർമാണവും അതിന്റെ ഉദ്ഘാടനവും. ഇക്കാര്യങ്ങളൊന്നും ഗൗനിക്കാതെയാണ് രാമക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം സ്വീകരിച്ച് സോണിയാഗാന്ധിയും കോൺഗ്രസ് നേതാക്കളും അതിൽ പങ്കെടുക്കുമെന്ന് ദിഗ്‌വിജയ്‌സിംഗ് വ്യക്തമാക്കിയിരിക്കുന്നത്. ബി.ജെ.പി സർക്കാരിനെതിരായ ഇന്ത്യൻ ജനതയുടെ പോരാട്ടത്തെ ദുർബലവും നിരായുധവുമാക്കുന്ന നിലപാടാണ് മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ പങ്കെടുക്കുന്നതുവഴി സ്വീകരിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാക്കൾ ഇന്ത്യൻ ഫാഷിസത്തിന് കഞ്ഞിവെക്കുന്നവരായി അധഃപതിച്ചുപോകുകയാണ്.
ക്ഷേത്രത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രത്തിന്റെയും ഹിന്ദുക്കളുടെയും വിജയമാണ് ക്ഷേത്രനിർമാണമെന്നാണ് പ്രഖ്യാപിച്ചത്. രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് കല്ലിട്ട സന്യാസി കൂടിയായ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലെ രാമക്ഷേത്രം വെറുമൊരു ക്ഷേത്രമല്ലെന്നും അത് രാഷ്ട്രക്ഷേത്രമാണെന്നുമാണ് പ്രഖ്യാപിച്ചത്. രാമക്ഷേത്രനിർമാണത്തിലൂടെ ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ആർ.എസ്.എസ് അജണ്ടയുടെ സാക്ഷാത്കാര നിർവൃതിയാണ് ഇത്തരം പ്രസ്താവനകളിലൂടെ ബി.ജെ.പി നേതാക്കൾ കൂടിയായ മോദിയും യോഗിയുമെല്ലാം പങ്കുവെക്കുന്നത്. എന്തുകൊണ്ടാണ് ബാബ്‌റി മസ്ജിദ് തകർത്ത സ്ഥാനത്ത് പണിത രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനചടങ്ങിൽ തങ്ങളില്ലെന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസ് നേതാക്കൾക്ക് കഴിയാത്തത്. അത് ചരിത്രപരമായി അവരിൽ അന്തർലീനമായി കിടക്കുന്ന ഹിന്ദുത്വാനുകൂല സമീപനംകൊണ്ടാണെന്ന കാര്യമാണ് മതനിരപേക്ഷശക്തികൾ ഗൗരവാവഹമായി ചർച്ചചെയ്യേണ്ടത്.
1948 ഡിസംബർ 22ന് ബാബ്‌റി മസ്ജിദിലേക്ക് അതിക്രമിച്ചുകടന്ന് സ്ഥാപിച്ച വിഗ്രഹങ്ങൾ എടുത്ത് സരയൂനദിയുടെ പ്രവാഹഗതിയിലേക്ക് എറിയണമെന്നാണ് മഹാനായ ജവഹർലാൽ നെഹ്‌റു അന്നത്തെ യു.പി മുഖ്യമന്ത്രിയായിരുന്ന ജി.ബി.പന്തിനോട് നിർദ്ദേശിച്ചത്. പക്ഷെ ഹിന്ദുമഹാസഭക്കാരൻ കൂടിയായിരുന്ന പന്ത് അന്നത്തെ ഫൈസാബാദ് കലക്ടർ കെ.കെ.നായരെ ഉപയോഗിച്ച് വിഗ്രഹങ്ങൾ അവിടെതന്നെ വെക്കുകയും തർക്കഭൂമിയാക്കി ക്ഷേത്രം പൂട്ടുകയുമാണ് ചെയ്തത്. ബാബ്‌റി മസ്ജിദിനകത്ത് രാമവിഗ്രഹങ്ങൾ സ്വയംഭൂവായിയെന്ന ആർ.എസ്.എസുകാരുടെയും ഹിന്ദുമഹാസഭക്കാരുടെയും പ്രചരണം ശരിവെക്കുകയാണ് പന്തും കൂട്ടാളികളും ചെയ്തത്. അതിനെതിരായി അന്നത്തെ ഫൈസാബാദ് ഡി.സി.സി സെക്രട്ടറിയായിരുന്ന അക്ഷയ്ബ്രഹ്മചാരി പരസ്യമായിതന്നെ രംഗത്തുവന്നു. മുസ്‍ലിംകൾ തലമുറകളായി നിസ്‌കരിച്ചുപോരുന്ന പള്ളി തർക്കഭൂമിയാക്കി മാറ്റുന്നതിനെതിരെയും ഒളിച്ചുകടത്തിയ വിഗ്രഹങ്ങൾ അവിടെതന്നെ വെച്ചിരിക്കുന്നതിനെതിരെയും അക്ഷയ്ബ്രഹ്മചാരി അയോധ്യയിൽ നിരാഹാരസമരം ആരംഭിച്ചു. എന്നാൽ ഹിന്ദുമഹാസഭാ നേതാവായ ബാബാ രാഘവദാസും കോൺഗ്രസ് നേതാക്കളും ചേർന്ന് അക്ഷയ്ബ്രഹ്മചാരിയുടെ സത്യാഗ്രഹപന്തൽ കയ്യേറുകയും അദ്ദേഹത്തെ മർദ്ദിച്ച് നഗ്നനാക്കി ഓടിക്കുകയുമാണ് ചെയ്തത്.
ബാബ്‌റി മസ്ജിദ് തർക്കഭൂമിയാക്കി പൂട്ടിയതിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഫൈസാബാദ് പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ആചാര്യ നരേന്ദ്രദേവ് തന്റെ അംഗത്വം രാജിവെക്കുന്നത്. തുടർന്നു നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബാബ്‌റി മസ്ജിദിനകത്ത് രാമവിഗ്രഹങ്ങൾ ഒളിച്ചുകടത്തുന്നതിൽ നേതൃത്വം കൊടുത്ത ഹിന്ദുമഹാസഭക്കാരനായ ബാബാ രാഘവദാസിനെ ആചാര്യ നരേന്ദ്രദേവിനെതിരെ സ്ഥാനാർത്ഥിയാക്കി മത്സരിപ്പിക്കുകയാണ് യു.പിയിലെ കോൺഗ്രസ് നേതാക്കൾ ചെയ്തത്. നെഹ്‌റുവിനെപോലും ധിക്കരിക്കുന്ന ഹിന്ദുത്വവാദികളായിരുന്നു ജി.ബി.പന്ത് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെന്ന കാര്യം ഇന്നത്തെ കോൺഗ്രസിന്റെ ഹിന്ദുത്വാനുകൂല അപചയത്തിന്റെ ചരിത്രപരമായ അടിവേരുകൾ കണ്ടെത്താൻ നമ്മെ സഹായിക്കും. ഇന്ത്യൻ ജനതയുടെ ഐക്യത്തിന്റെയും രാഷ്ട്രത്തിന്റെ ശക്തിസ്വഭാവത്തിന്റെയും അടിസ്ഥാനമായ മതനിരപേക്ഷതയെ കുഴിച്ചുമൂടുന്ന കോൺഗ്രസ് നിലപാടുകളാണ് ഭൂരിപക്ഷ ധ്രുവീകരണത്തിനും ഹിന്ദുത്വവാദികളുടെ അധികാരാരോഹണത്തിനും വഴിയൊരുക്കിയത്.
ബാബ്‌റി മസ്ജിദ് ധ്വംസനത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ലിബറഹാൻ കമീഷൻ ശരിയായി നിരീക്ഷിച്ചതുപോലെ, ഇന്ത്യയെ വർഗീയ ധ്രുവീകരണത്തിന്റെ തീരങ്ങളിലേക്ക് തള്ളിവിട്ട അനീതികരമായ വിധ്വംസക പ്രവർത്തനമായിരുന്നു ഡിസംബർ 6-ന് അയോധ്യയിൽ സംഭവിച്ചത്. ബാബ്‌റിമസ്ജിദ്- രാമജന്മഭൂമി തർക്കമുയർത്തിയ സമുദായ ധ്രുവീകരണത്തിന്റെ സാധ്യതകളിലൂടെയാണ് ഹിന്ദുത്വവാദികൾ നരസിംഹറാവു സർക്കാരിന്റെ സഹായത്തോടെ ദേശീയാധികാരം പിടിക്കാനുള്ള നീക്കം സജീവമാക്കിയത്.
രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് എന്ന അസ്ഥിത്വം തന്നെ ഇല്ലാതാക്കപ്പെടുന്ന സംഭവഗതികളിലൂടെയാണ് നാം കടന്നുപോകുന്നത്. 2014-ൽ ദേശീയാധികാരത്തിലെത്തിയ ബി.ജെ.പി കഴിഞ്ഞ 10 വർഷളമായി ഭൂരിപക്ഷ ധ്രുവീകരണം ലക്ഷ്യംവെച്ച് ഇസ്‍ലാമോഫോബിയയും മതനിരപേക്ഷവിരുദ്ധതയും പടർത്തുന്ന വിദ്വേഷപ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
1986-ൽ ബാബ്‌റി മസ്ജിദ് ഹിന്ദുത്വശക്തികൾക്ക് തുറന്നുകൊടുക്കുകയും 1989-ൽ ശിലാന്യാസത്തിന് അനുവാദം കൊടുക്കുകയും ചെയ്ത കോൺഗ്രസ്, പ്രതിപക്ഷത്തായിട്ടും ഹിന്ദുത്വ അജണ്ടയോട് കർശന നിലപാട് സ്വീകരിക്കാൻ കഴിയാതെ അസ്ഥിരീകരിക്കപ്പെടുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാർട്ടിയായിട്ടും ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തിനെതിരെ ആശയപരമായ വ്യക്തത യോടെ നിലപാട് സ്വീകരിക്കാനും പ്രതിപക്ഷപാർട്ടികളെയാകെ ഒന്നിപ്പിക്കാനുമുള്ള ശ്രമം നടത്താനും കോൺഗ്രസ് തയ്യാറാവുന്നില്ല.
ഇന്ത്യ മുന്നണി പരീക്ഷണങ്ങൾ മതനിരപേക്ഷ ജനാധിപത്യത്തിനുവേണ്ടിയുള്ള കൂട്ടായ്മയാണെന്ന ബോധം പോലുമില്ലാതെ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും പ്രതിപക്ഷപാർട്ടികളെ അകറ്റിനിർത്തുന്നതിനുള്ള പിടിവാശിയാണ് കോൺഗ്രസ് കാണിച്ചത്. ഇന്ത്യ കൂട്ടായ്മയിലെ പാർട്ടികളെ കൂടെനിർത്താൻ തയ്യാറാകാത്ത കോൺഗ്രസ് നേതൃത്വത്തിന്റെ ധാർഷ്ട്യമാണ് ഈ തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന് പ്രധാനകാരണമായത്.
രാജസ്ഥാനിൽ സി.പി.ഐ (എം), ആർ.ജെ.ഡി, ഭാരതീയ ആദിവാസി പാർട്ടി എന്നീ കക്ഷികളെയും മധ്യപ്രദേശിൽ സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസ് കൂടെനിർത്തിയിരുന്നുവെങ്കിൽ ഈ രീതിയിലുള്ള പരാജയം സംഭവിക്കുകയില്ലായിരുന്നു. ഛത്തീസ്ഗഡിലാവട്ടെ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാനും ചെറുപാർട്ടികളെ കൂടെനിർത്താനുമുള്ള ആലോചനക്കുപോലും കോൺഗ്രസ് സന്നദ്ധമായില്ല. ചുരുക്കിപ്പറഞ്ഞാൽ രാജ്യം നേരിടുന്ന ഹിന്ദുത്വഭീഷണിയെ സംബന്ധിച്ച ഗൗരവാവഹമായ ആലോചനയോ അതിനെ പ്രതിരോധിക്കാനുള്ള പ്രയോഗക്ഷമമായ ബദലിനെ സംബന്ധിച്ച ആശയവ്യക്തതയോ ഇല്ലായ്മയാണ് ബി.ജെ.പിക്ക് ജയിച്ചുകയറാനുള്ള സാഹചര്യമൊരുക്കിക്കൊടുത്തത്.
2024-ലെ ലോകസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുകൊണ്ടുള്ള മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ക് സംരക്ഷിക്കാനുള്ള കൂട്ടായ്മകളുടെ പ്രസക്തിയെക്കുറിച്ച് പ്രതിപക്ഷപാർട്ടികളുടെയാകെ ആലോചനകൾ ഗൗരവാവഹമായി ഉയർന്നുവരേണ്ട സന്ദർഭമാണിത്. എന്നാൽ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ പങ്കെടുക്കാനും ഹിന്ദുത്വത്തിൻ്റെ അജണ്ടയിൽ കളിക്കാനും നോക്കുന്നത് ബി ജെ പി ക്കെതിരായ പ്രതിപക്ഷ പ്രതിരോധങ്ങളെ നിരായുധമാക്കുകയാണ് ചെയ്യുക.