'വിദ്വേഷപ്രസംഗം വംശഹത്യയുടെ മുന്നോടിയാണെന്ന് അറിയില്ലെന്നുണ്ടോ?'

ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷനിർഭര അന്തരീക്ഷം കഴിഞ്ഞ ഒരു നൂറ്റാണ്ടുകൊണ്ട് വർഗീയ ശക്തികൾ ഉണ്ടാക്കിയെടുത്തതാണ്. ചരിത്രത്തിന്റെ വിദ്വേഷാധിഷ്ഠിത വ്യാഖ്യാനങ്ങളുടെ നിർമിതിയും രാഷ്ട്രഗാത്രത്തിൽ തന്മാത്രാതലത്തിൽ ഇത്തരം വ്യാഖ്യാനങ്ങളുടെ വ്യാപനവും ഒരു ഭാഗത്തുണ്ട്. മറുഭാഗത്ത്, 9/11 നുശേഷം അമേരിക്കയ്ക്ക് സ്വാധീനമുള്ള മീഡിയ അവതരിപ്പിച്ചു പോരുന്ന 'ഇസ്‌ലാം- മുസ്‌ലിം' വികൃത ചരിത്രവും. ഈ രണ്ട് സ്തംഭങ്ങളും ഇന്ത്യയുടെ സാമൂഹിക പൊതുബോധത്തിൽ ആഴ്ത്തിയിറക്കിയിട്ടുണ്ട്. കെട്ടിച്ചമച്ച ഇത്തരം കഥകൾ എങ്ങനെ പൊതുബോധത്തിന്റെ ഭാഗമായിത്തീരുന്നു എന്നതിന്റെ നിദർശനമാണ് കോവിഡിനെ മുൻനിർത്തി മുസ്‌ലീങ്ങൾക്കെതിരെ നടന്ന ഹീനപ്രചാരണങ്ങൾ: രാംപുനിയാനി എഴുതുന്നു. [2020 മെയ് ആറിന് പ്രസിദ്ധീകരിച്ച ലേഖനം]

സ്‌ലാമോഫോബിയ എന്ന വാക്ക് കൂടുതൽ പ്രചാരത്തിലാകുന്നത് 2001 സെപ്തംബർ 11ന് നടന്ന ഇരട്ട ഗോപുര ആക്രമണത്തിനു ശേഷമാണ്. അതേ തുടർന്നാണ് അമേരിക്കൻ മീഡിയ "ഇസ്‌ലാമിക തീവ്രവാദം' എന്ന പ്രയോഗം സാധാരണമാക്കി തീർത്തത്. ലോകചരിത്രത്തിൽ ആദ്യമായി അങ്ങനെ തീവ്രവാദപരമായ ഒരു രാഷ്ട്രീയ പ്രവർത്തനം മതവുമായി ബന്ധപ്പെട്ടു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വെറുപ്പും വിദ്വേഷവും അതിനു മുമ്പേ ഉണ്ടായിരുന്നു; അതിനുള്ള വാദമുഖങ്ങൾ വ്യത്യസ്തമായിരുന്നുവെങ്കിലും. ന്യൂനപക്ഷങ്ങളോടുള്ള ദ്വേഷം, സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യൻ ദേശീയതയോടുള്ള പ്രതികരണമെന്ന നിലയിൽ ഉയർന്നുവന്ന വർഗീയ രാഷ്ട്രീയത്തിന്റെ ഉപോൽപ്പന്നമാണ്.

ഹിന്ദുത്വവർഗീയ രാഷ്ട്രീയം ഇസ്‌ലാമിനെ ഹിംസയും ബലപ്രയോഗവും തീവ്രവാദവും ഭാര്യാബഹുത്വവും ഗോമാംസഭോജനവുമൊക്കെയായി ബന്ധപ്പെട്ട മതമെന്ന നിലയ്ക്കാണ് വീക്ഷിച്ചതും പ്രചരിപ്പിച്ചതും. ഇസ്‌ലാം ഹിംസയിലൂടെയും ബലപ്രയോഗത്തിലൂടെയുമാണ് പ്രചരിപ്പിച്ചത്, അത് ഭീകരപ്രവർത്തികളിൽ വ്യാപൃതമാകുന്നു, ഹൈന്ദവക്ഷേത്രങ്ങൾ നശിപ്പിച്ചത് മുസ്‌ലിം രാജാക്കന്മാരാണ്, മുസ്‌ലീങ്ങൾ ഭാര്യാബഹുത്വസമ്പ്രദായത്തിൽ അഭിരമിക്കുന്നവരാണ്, അവർ കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നു, അവർ കൂടുതൽ അക്രമാസക്തരും മാട്ടിറച്ചി തിന്നുന്നവരുമാണ്. ഈ വക പ്രചാരങ്ങളെല്ലാം ഇന്ത്യയിൽ "സാമൂഹിക പൊതുബോധ'ത്തിന്റെ ഭാഗമായി മാറിയിരുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളിൽ നടന്ന സംഭവവികാസങ്ങൾ നോക്കുക. ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കിയത്, പൗരത്വഭേദഗതി നിയമം, പൗരത്വനിയമത്തിനെതിരെ ഷഹീൻബാഗിൽ നടന്ന ശ്രദ്ധേയമായ ജനാധിപത്യ പ്രതിഷേധം. ഇവയെയെല്ലാം മൂടുന്ന വിധത്തിൽ കോവിഡ് 19 ഉം തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട സംഭവവും വന്നു. തബ്‌ലീഗ് ജമാഅത്ത് സംഭവത്തെ മുൻനിർത്തി കൊറോണ പരത്തുന്നവരായി മുസ്‌ലിം സമൂഹത്തെ ഒന്നടങ്കം ചിത്രീകരിച്ചു. ഒരു മതസമുദായത്തെ മൊത്തം കുറ്റാരോപിതരാക്കി പ്രതിക്കൂട്ടിൽ നിർത്തി. മുസ്‌ലീങ്ങൾ "കൊറോണജിഹാദിന്' ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണെന്നും അവർ കൊറോണ ബോംബ് നിർമിക്കുന്നുണ്ടെന്നും ആരോപിച്ചു. ഇത്തരത്തിലുള്ള തെറ്റായ ആരോപണങ്ങളും പച്ചനുണകളും പൊതുവിചാരത്തിന്റെ ഭാഗമായതോടെ മുസ്‌ലിം സമുദായത്തിന്റെ ജീവിതം അസഹ്യമായി.

നരേന്ദ്രമോദിക്ക് 2018ൽ പരമോന്നത സിവിലിയൻ ബഹുമതി നൽകിയ യു.എ.ഇയുടെ പ്രതിഷേധം ഇത്തരം നിർലജ്ജ വിദ്വേഷ പ്രവൃത്തികൾക്ക് ചെറിയൊരു തടയിടുമെങ്കിലും യഥാർഥ പോരാട്ടം രാജ്യത്തിനകത്താണ്.

മഹാരാഷ്ട്രയിലെ പാൽഗറിൽ ഹിന്ദുസന്യാസിമാരെ ഗ്രാമീണർ തല്ലിച്ചതച്ച സംഭവവും "വെറുക്കപ്പെട്ട' സമുദായത്തിന്റെ തലയിൽ വെച്ചുകെട്ടാനാണ് ആദ്യം തുനിഞ്ഞത്.

ന്യൂനപക്ഷങ്ങൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളോടും മനുഷ്യത്വഹീനമായ നടപടികളോടും പൊതുവെ അന്താരാഷ്ട്ര സമൂഹം വല്ലപ്പോഴും പ്രതിഷേധവും വിമർശനവും ഉയർത്താറുണ്ട്. ഇത്തവണ ന്യൂനപക്ഷങ്ങൾ നേരിട്ട പൈശാചികവത്കരണം അഭൂതപൂർവമായിരുന്നു. അതുകൊണ്ടുതന്നെയാവണം പല അന്താരാഷ്ട്ര സംഘടനകളും ന്യൂനപക്ഷം ഇന്ത്യയിൽ നേരിടുന്ന ദുസ്സഹമായ ജീവിതാവസ്ഥയിൽ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചത്. ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷനും (OIC ) അതിന്റെ മനുഷ്യാവകാശ കമ്മീഷനും ഇന്ത്യയിലെ മുസ്‌ലീങ്ങളെ സംരക്ഷിക്കുന്ന നടപടികൾ എടുക്കണമെന്ന് ആഹ്വാനം ചെയ്തത് ഇത്തരുണത്തിലാണ്.

ഇതുകൂടാതെ യു.എ.ഇയിൽ ഒരു നാടകം ഉണ്ടായി. അവിടെ ലക്ഷക്കണക്കിന് ഇന്ത്യക്കാർ ഉണ്ട്. അവരിൽ പലരും ഹിന്ദുക്കളാണ്. ഈ ഹിന്ദുക്കളിൽ ചിലർ വർഗീയ പ്രത്യയശാസ്ത്രത്തിൽ മുങ്ങിനിൽക്കുന്നവരും പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പമുള്ള ഫോട്ടോകൾ അഭിമാനപൂർവ്വം പ്രദർശിപ്പിക്കുന്നവരുമാണ്. അവരിൽ കുറച്ചുപേർ തബ്‌ലീഗ് ജമാഅത്ത് സംഭവവുമായി കണ്ണിചേർത്ത് ഇന്ത്യൻ മുസ്‌ലീങ്ങൾ "ഇസ്‌ലാമിക് ജിഹാദി'ൽ ഏർപ്പെട്ടവരായി ചിത്രീകരിച്ചു. ഇന്ത്യയിലെ മുസ്‌ലീങ്ങളെ "മുസ്‌ലിം വൈറസ്, ഇസ്‌ലാമിക് വൈറസ് ' എന്നൊക്കെ വിളിച്ചും സാമൂഹമാധ്യമങ്ങളിൽ വിദ്വേഷം വമിക്കുന്ന ട്വീറ്റുകളുമായി രംഗത്തുവരികയുണ്ടായി. ഇതിനിടയിൽ ബി.ജെ.പിയുടെ പൊന്തിവരുന്ന താരമായ തേജസ്വി സൂര്യയുടെ ഒരു ട്വീറ്റും പുന:പ്രവേശനം ചെയ്തു. അറബ് സ്ത്രീകളെ അടച്ച് അധിക്ഷേപിക്കുന്ന താരെഖ് ഫത്തേഹ് എന്ന ഒരാളുടെ ട്വീറ്റാണ് ചിലർ റീട്വീറ്റ് ചെയ്തത്. അങ്ങനെ പെട്ടെന്നു തന്നെ കാര്യങ്ങൾ വഷളായി.

യു.എ.ഇ രാജകുടുംബത്തിലെ അംഗങ്ങൾ വരെ ഈ "വെറുപ്പിന്റെ പടയാളി'കൾക്കെതിരെ രംഗത്തുവന്നു. മഹാത്മാഗാന്ധിയോട് സ്‌നേഹാദരങ്ങളുള്ള ഷാർജ രാജകുമാരികളിൽ ഒരാളായ ഹെന്ദ് അൽ കാസിമി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ട്വീറ്റുകളോട് ഇങ്ങനെയാണ് ട്വിറ്ററിലൂടെ പ്രതികരിച്ചത്: " യു.എ.ഇയിലെ ഭരണകുടുംബം ഇന്ത്യയുമായി സൗഹൃദത്തിലാണ്. എന്നാൽ നിങ്ങളുടെ മര്യാദയില്ലാത്തെ പെരുമാറ്റം അംഗീകരിക്കില്ല... ഈ നാട്ടിൽ നിന്നുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ ഉപ്പും ചോറും ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള അവജ്ഞയും അധിക്ഷേപവും ഞങ്ങൾ കാണാതെ പോകില്ല.' പിന്നെ ഹെന്ദ് അൽ കാസിമി വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ യു.എ.ഇയിൽ ഉള്ള നിയമങ്ങൾ എടുത്തു പറഞ്ഞു. അതോടൊപ്പം ഒരു സുപ്രധാന കാര്യം അവർ കൂട്ടിച്ചേർത്തു: " വിദ്വേഷ ട്വീറ്റുകൾ നടത്തുന്ന, ശക്തരും വിജയികളുമായ ലക്ഷപ്രഭുക്കളെന്ന് പറയപ്പെടുന്ന ഇവർക്ക് വിദ്വേഷ പ്രസംഗം വംശഹത്യയുടെ മുന്നോടിയാണെന്ന് അറിയില്ലെന്നുണ്ടോ? നാസിസം ഒരു സുപ്രഭാതത്തിലുണ്ടായതല്ല. അതിനെ കളപോലെ വളർന്നു പടരാൻ അനുവദിക്കുകയായിരുന്നു. അത് നോക്കേണ്ടവർ മുഖം തിരിച്ചു. നാസിസം വളർന്നത് മൗനം എന്ന വിശേഷദൗർബല്യത്തിന് മുകളിലാണ്. ഇന്ത്യയിൽ മുസ്‌ലീങ്ങൾക്കെതിരെ പരസ്യമായി വിദ്വേഷ പ്രചാരണം നടക്കുകയാണ്. 182 ദശലക്ഷം മുസ്‌ലീങ്ങളുള്ള ഒരു രാഷ്ട്രത്തിൽ.' ഇത്തരം സംഭവങ്ങളോട് വളരെ വൈകി മാത്രം പ്രതികരിക്കാറുള്ള നരേന്ദ്രമോദി ഈ സംഭവത്തോടും അങ്ങനെയാണ് പ്രതികരിച്ചത്. വലിയൊരു വിഭാഗം ഇന്ത്യക്കാരാണ് യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നതെന്നും അവർ ദശലക്ഷക്കണക്കിന് പെട്രോ, ഡോളർ ഇന്ത്യയിലേക്ക് അയക്കുന്നുണ്ടെന്നും എല്ലാവർക്കുമറിയാം. ഗൾഫ് രാഷ്ട്രങ്ങളുമായി ഇന്ത്യയ്ക്ക് ദൃഢ വ്യാപാരബന്ധമുണ്ട്. ഗൾഫിലെ പ്രമുഖർ പ്രകടിപ്പിച്ച അസ്വാസ്ഥ്യത്തോടുള്ള പ്രതികരണമായി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു: "കോവിഡ്- 19 വംശമോ മതമോ നിറമോ ജാതിയോ ഭാഷയോ അതിർത്തിയോ ഒന്നും നോക്കിയല്ല ആക്രമിക്കുന്നത്. അതുകൊണ്ട് വൈറസിനോടുള്ള നമ്മുടെ പ്രതികരണം ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിച്ചുകൊണ്ടാവണം. ഈ പോരാട്ടത്തിൽ നമ്മളെല്ലാം ഒന്നിച്ചാണ്.'

''വിദ്വേഷ ട്വീറ്റുകൾ നടത്തുന്ന, ശക്തരും വിജയികളുമായ ലക്ഷപ്രഭുക്കളെന്ന് പറയപ്പെടുന്ന ഇവർക്ക് വിദ്വേഷ പ്രസംഗം വംശഹത്യയുടെ മുന്നോടിയാണെന്ന് അറിയില്ലെന്നുണ്ടോ? ''ഹെന്ദ് അൽ കാസിമി

മോദിയുടെ ട്വീറ്റിനെ ഗൾഫ് ലോകം പൊതുവെ പോസിറ്റീവായാണ് കണ്ടത്. ആരാണ് സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നവർ എന്ന് മോദിക്ക് അറിയാത്തതല്ല. പക്ഷേ മോദിയുടെ ട്വീറ്റിൽ ഒരിടത്തും വിദ്വേഷ പ്രചാരകരെ ശാസിക്കുന്ന ഒരു വരിപോലുമുണ്ടായില്ല. മോദിയുടെ ചുവടുപിടിച്ച് ആർ.എസ്.എസ്സിന്റെ പരമോന്നത നേതാവ് മോഹൻ ഭഗവതും രംഗത്തുവന്നു. ഒരു കൂട്ടം ആളുകളുടെ പ്രവൃത്തിയുടെ പേരിൽ മൊത്തം സമുദായത്തെ ഉന്നം വെക്കരുത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഭാഗ്യവശാൽ, വൈകിയാണെങ്കിലും ഹിന്ദുത്വത്തിന്റെ ധ്വജവാഹകരായ ഈ രണ്ട് ഉന്നത നേതാക്കളും അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് പ്രത്യേകിച്ച് യു.എ.ഇയിൽ നിന്നും ഉയർന്നുവന്ന പ്രതിഷേധത്തെ കണക്കിലെടുത്തു. ഗൾഫിൽ അപ്പോഴേക്കും വിദ്വേഷ പ്രചാരകരുടെ ജോലി തെറിക്കാൻ തുടങ്ങിയിരുന്നു. കൗതുകകരമായ കാര്യം, അതേ സമയം തന്നെയാണ് മോദിയുടെ ക്യാബിനറ്റ് മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി മുസ്‌ലീങ്ങൾക്ക് ഇന്ത്യ ജന്നത്ത് (സ്വർഗം) ആണെന്ന ഉദീരണവുമായി എത്തിയത്!

ഇന്ത്യയിലെ അശരണരും നിസ്വരുമായ ന്യൂനപക്ഷത്തിനു നേരെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിന് മോദിയുടെയും ഭാഗവതിന്റെയും പ്രസ്താവങ്ങൾ അറുതി വരുത്തുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്! കാര്യങ്ങൾ പക്ഷേ, അത്ര നിസ്സാരമല്ല. ഈ ദ്വേഷനിർഭര അന്തരീക്ഷം കഴിഞ്ഞ ഒരു നൂറ്റാണ്ടുകൊണ്ട് വർഗീയ ശക്തികൾ ഉണ്ടാക്കിയെടുത്തതാണ്. ചരിത്രത്തിന്റെ വിദ്വേഷാധിഷ്ഠിത വ്യാഖ്യാനങ്ങളുടെ നിർമിതിയും രാഷ്ട്രഗാത്രത്തിൽ തന്മാത്രാതലത്തിൽ ഇത്തരം വ്യാഖ്യാനങ്ങളുടെ വ്യാപനവും ഒരു ഭാഗത്തുണ്ട്. മറുഭാഗത്ത്, 9/11 നുശേഷം അമേരിക്കയ്ക്ക് സ്വാധീനമുള്ള മീഡിയ അവതരിപ്പിച്ചു പോരുന്ന "ഇസ്‌ലാം- മുസ്‌ലിം' വികൃത ചരിത്രവും. ഈ രണ്ട് സ്തംഭങ്ങളും ഇന്ത്യയുടെ സാമൂഹിക പൊതുബോധത്തിൽ ആഴ്ത്തിയിറക്കിയിട്ടുണ്ട്. കെട്ടിച്ചമച്ച ഇത്തരം കഥകൾ എങ്ങനെ പൊതുബോധത്തിന്റെ ഭാഗമായിത്തീരുന്നു എന്നതിന്റെ നിദർശനമാണ് കോവിഡിനെ മുൻനിർത്തി മുസ്‌ലീങ്ങൾക്കെതിരെ നടന്ന ഹീനപ്രചാരണങ്ങൾ. പതിറ്റാണ്ടുകൾ നീണ്ട പ്രചാരണമാണ് ഈ വിഭാഗീയമനക്കൂട്ട് ഉണ്ടാക്കിയത്. നരേന്ദ്രമോദിക്ക് 2018ൽ പരമോന്നത സിവിലിയൻ ബഹുമതി നൽകിയ യു.എ.ഇയുടെ പ്രതിഷേധം ഇത്തരം നിർലജ്ജ വിദ്വേഷ പ്രവൃത്തികൾക്ക് ചെറിയൊരു തടയിടുമെങ്കിലും യഥാർഥ പോരാട്ടം രാജ്യത്തിനകത്താണ്. ഗാന്ധിയും നെഹ്‌റുവും പ്രകാശിപ്പിച്ച ഇന്ത്യൻ ദേശീയതയുടെ സാമൂഹികാവബോധം ഇന്ത്യയിലെ എല്ലാ വിഭാഗം ആളുകളിലേക്കും പ്രസരിപ്പിക്കാനുള്ള യുക്തിസഹവും നൂതനവുമായ പ്രവർത്തനത്തിലാണ് ഇതിനായി നാം ഏർപ്പെടേണ്ടത്.


വിവർത്തനം: ലിഷ കെ.കെ.

Comments