കെ. സുധാകരൻ, വി.എം. സുധീരൻ, വി.ഡി. സതീശൻ

സുധീരന്റെയും സുധാകരന്റെയും കോൺഗ്രസിന്റെയും ആശയക്കുഴപ്പങ്ങൾ

കോൺഗ്രസിനെക്കുറിച്ച് പ്രതീക്ഷിക്കാൻ ഒന്നും ബാക്കിയില്ലാതാകുന്നത്, കേരളത്തെ സംബന്ധിച്ചും വലിയൊരു രാഷ്ട്രീയ ദുരന്തമാണ് എന്ന് ഇനിയും എങ്ങനെയാണ് ആ പാർട്ടിക്ക് ബോധ്യപ്പെടുക?

2024-നെ, ഇന്ത്യയിലെ ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയുടെ നിലനിൽപിനെതന്നെ തീരുമാനിക്കുന്ന വർഷമായി എടുക്കാമെങ്കിൽ, ആ പാർട്ടി കോൺഗ്രസ് ആയിരിക്കും. കാരണം, 140 വർഷം പൂർത്തിയാക്കുന്ന ഈ പാർട്ടിയെയാണ് ഇന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട വലിയ പ്രതീക്ഷകളിൽ ഒന്നായി രാഷ്ട്രീയവിവേകമുള്ള മനുഷ്യർ കാണുന്നത്. ആ പാർട്ടിയിൽനിന്നുണ്ടാകുന്ന നേരിയ പുരോഗമന ശബ്ദങ്ങൾ പോലും ഭാവിയുടെ പ്രതീക്ഷകളായി കൊണ്ടാടപ്പെടുന്നു. ആ പാർട്ടിയുടെ പരാജയങ്ങളിൽ നിരാശപ്പെടുന്നു. ഈയൊരു സമ്മർദം കോൺഗ്രസിനെ പലതരം മാറ്റങ്ങൾക്ക് വവിധേയമാക്കുന്നുണ്ട്. രാഹുൽ ഗാന്ധിയെ ഭാരത് ജോഡോ യാത്രയിലൂടെ ഇന്ത്യൻ തെരുവുകളിലേക്ക് പറഞ്ഞുവിട്ടത് ഈയൊരു സമ്മർദമാണ്. ജാതി സെൻസസ് എന്ന സാമൂഹികനീതിയുടെ മുദ്രാവാക്യം അവതരിപ്പിക്കാനായതും

സമീപകാലത്തുനടന്ന ചില സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെങ്കിലും ജനകീയമായ തെരഞ്ഞെടുപ്പു രാഷ്ട്രീയം പയറ്റാൻ കഴിഞ്ഞതുമെല്ലാം പാർട്ടിയെക്കുറിച്ചുള്ള പ്രതീക്ഷകളോടുള്ള ക്രിയാത്മക പ്രതികരണങ്ങളായിരുന്നു. രാഹുൽ ഗാന്ധി ജനുവരി 14ന് മണിപ്പുരിൽനിന്ന് തുടങ്ങുന്ന രണ്ടാം ഘട്ട യാത്രയോടെ ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് അജണ്ട തീരുമാനിക്കപ്പെടും.

രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ

അയോധ്യയിലെ രാമക്ഷേത്രത്തെ മുൻനിർത്തി ആർ.എസ്.എസ്. രൂപം കൊടുത്ത രാഷ്ട്രീയ കുടിലബുദ്ധിക്കുമുന്നിൽ, ജവഹർലാൽ നെഹ്റുവിനെയും മതേതരത്വത്തെയും ഭരണഘടനയെയും മുറുകെപ്പിടിക്കുന്ന ഒരു പാർട്ടിക്ക് ഒരുതരം ആശയക്കുഴപ്പവുമുണ്ടാകേണ്ടതില്ല.

സോമനാഥക്ഷേത്രത്തിന്റെ ഉദ്ഘാടനചടങ്ങിന് തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും അതിൽ പങ്കെടുക്കുന്നതിൽ താൻ അനൗചിത്യമൊന്നും കാണുന്നില്ലെന്നും സൂചിപ്പിച്ച് രാഷ്ട്രപതി രാജേന്ദ്രപ്രസാദ് 1951 മാർച്ച് രണ്ടിന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് കത്തയക്കുന്നുണ്ട്. അതിന് നെഹ്റു നൽകിയ മറുപടിയിലെ രാഷ്ട്രീയ വിവേകം, പാർട്ടിയുടെ 139ാം ജന്മദിനം ആഘോഷിക്കാൻ നാഗ്പുർ തന്നെ തെരഞ്ഞെടുത്ത രാഹുൽ ഗാന്ധിക്കെങ്കിലും തിരിച്ചറിയാൻ കഴിയുന്ന ഒന്നാണ്.

സോമനാഥക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ രാജേന്ദ്രപ്രസാദ് പങ്കെടുക്കുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ച നെഹ്റു, നമ്മുടേതുപോലുള്ള ഒരു സെക്യുലർ ഗവൺമെന്റിന് എങ്ങനെയാണ് ഇത്തരമൊരു പരിപാടിയുമായി സഹകരിക്കാൻ കഴിയുക എന്ന് രാജേന്ദ്രപ്രസാദിനോട് ചോദിക്കുന്നുണ്ട്. ‘ഇത് ഒരു ക്ഷേത്രം സന്ദർശിക്കുന്നതിൽ ഒതുങ്ങുന്ന കാര്യമല്ല, മറിച്ച്, നിർഭാഗ്യകരമായ ഒട്ടേറെ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന ഒരു പങ്കാളിത്തം കൂടിയാണ്’ എന്ന് നെഹ്റു ഒരുതരം സന്ദേഹങ്ങളുമില്ലാതെ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ഒരു ചർച്ചിലേക്കോ മോസ്കിലേക്കോ ക്ഷണിച്ചാലും താൻ പോകും എന്നു പറഞ്ഞ് സെക്യുലറിസത്തിന് തൻേറതായ വ്യാഖ്യാനം ചമക്കുകയാണ് രാജേന്ദ്രപ്രസാദ് ചെയ്തത്.

ജവഹർലാൽ നെഹ്റു, ഡോ. രാജേന്ദ്രപ്രസാദ്

അന്നത്തേതിലും തീവ്രമായ ഒരു സാഹചര്യമാണ് ഇന്നത്തേത്. കാരണം, അയോധ്യയിലെ രാമക്ഷേത്രം ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു നിഷ്കളങ്ക നിർമിതിയല്ല എന്ന് ഇതിനകം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ക്ഷേത്ര നിർമാണ ചുമതലയുള്ള ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത് റായ് പറയുന്നത്, 1947 ആഗസ്റ്റ് 15 നോളം പ്രാധാന്യമുള്ള ഒരു ദിവസമാണ് 2024 ജനുവരി 22 എന്നാണ്. ‘ഒരു ലക്ഷം പാക്കിസ്ഥാൻ പട്ടാളക്കാർ നമ്മുടെ സൈന്യത്തിനുമുന്നിൽ കീഴടങ്ങിയ 1971-നോളം പ്രാധാന്യം, കാർഗിലിൽ വിജയം നേടിയ 1999- നോളം പ്രാധാന്യം ഈ ദിവസത്തിനുണ്ടെന്ന്’ അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

രാജ്യത്തെ ന്യൂനപക്ഷത്തിനുമേൽ നേടിയ ഹിംസാത്മകമായ ആധിപത്യം, ദേശീയചിഹ്നമായി പ്രതിഷ്ഠിക്കപ്പെടുന്നതിനുപുറകിൽ വിശ്വാസം എന്ന ഘടകം എത്രത്തോളമുണ്ട് എന്ന് ചികയേണ്ടതില്ല.

അന്ന് നെഹ്റു രാജേന്ദ്രപ്രസാദിന് എഴുതിയ കത്തുകൾ, സോമനാഥ ക്ഷേത്രം എന്നതിനുപകരം അയോധ്യയിലെ രാമക്ഷേത്രം എന്നു മാത്രം തിരുത്തി, ഇന്നത്തെ തീയതിയിട്ട് ഒരു പ്രസ്താവനയാക്കി ഇറക്കുന്നതിൽനിന്ന് കോൺഗ്രസിനെ തടയുന്ന ആശയക്കുഴപ്പങ്ങളാണ്, അയോധ്യയിലെ രാമക്ഷേത്രം വരെയുള്ള പരിണാമത്തിലേക്ക് രാജ്യത്തെ എത്തിച്ചത്. മുമ്പ് സംഭവിച്ച പാളിച്ചകളും വീഴ്ചകളും തന്നെയാണ്, കോൺഗ്രസിനെ ഇപ്പോൾ രാഷ്ട്രീയശരികളിലേക്ക് നയിക്കേണ്ടത്. അത്തരമൊരു നിലപാടിലെത്താനുള്ള ഒരു നിമിഷത്തെ വീഴ്ചക്കുപോലും വലിയ വില നൽകേണ്ടിവരും.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃക

ഉത്തരേന്ത്യൻ കക്ഷിരാഷ്ട്രീയത്തെയും തെരഞ്ഞെടുപ്പുരാഷ്ട്രീയത്തെയും വർഗീയമായി സെറ്റ് ചെയ്തുവച്ച ബി.ജെ.പി, ഇപ്പോൾ അവിടെനിന്ന് ഏറെ മുന്നോട്ടുപോയിട്ടുണ്ട്. എന്നാൽ, കോൺഗ്രസിനാകട്ടെ അവിടെനിന്ന് ഏറെയൊന്നും മുന്നേറാനായിട്ടില്ല. ഒരുതരം കമൽനാഥ് ബാധയിലാണ് ഉത്തരേന്ത്യയിൽ കോൺഗ്രസ് ഇന്നും. അതിൽനിന്ന് പ്രിയങ്ക ഗാന്ധിയും സോണിയാ ഗാന്ധി പോലും മുക്തയായിട്ടുമില്ല. ക്ഷണം കിട്ടിയില്ലെങ്കിലും അയോധ്യയിലേക്ക് പോകാൻ കാവിയും ധരിച്ചിരിക്കുന്ന ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖുമാരാണ് ഒടുവിൽ കോൺഗ്രസിനെ ആശയക്കുഴപ്പങ്ങളിൽനിന്ന് 'രക്ഷിച്ചെടുക്കാൻ' പോകുന്നത്.

അതുകൊണ്ടുതന്നെ, ഇത്രയും നിർണായകമായ ഒരു സന്ദർഭത്തിൽ, ദേശീയനേതൃത്വത്തിനുമുന്നിൽ തിരുത്തൽ ശക്തിയാകാൻ കഴിയേണ്ടത് ദക്ഷിണേന്ത്യൻ ഘടകങ്ങൾക്കാണ്, പ്രത്യേകിച്ച് കേരളത്തിലെ കോൺഗ്രസ് ഘടകത്തിന്.

കമൽനാഥ്, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി

എന്നാൽ, എന്തു പാഠം പഠിച്ചാലും നന്നാകാത്ത ഒന്നായി കേരളത്തിലെ കോൺഗ്രസ് മാറിയിരിക്കുന്നു. സംസ്ഥാന നേതാക്കൾക്കെതിരായ വി.എം. സുധീരന്റെ വിമർശനവും അതിനോടുള്ള കെ. സുധാകരന്റെ മറുപടിയും ഇങ്ങനെയൊരു സന്ദർഭത്തിലായിരുന്നില്ല എങ്കിൽ കണ്ട് ആസ്വദിക്കാനാകുന്ന ഒന്നായിരുന്നു.

വിമർശനങ്ങൾക്ക് രാഷ്ട്രീയശരിയുടെ പക്ഷം കൊണ്ടുവരാൻ മിടുക്കുള്ള ഒരു വിമതൻ വി.എം. സുധീരനിലുണ്ട്. അതുകൊണ്ടുതന്നെ അത് വിശ്വാസ്യത നേടാറുമുണ്ട്. ഇവിടെയും, അയോധ്യാ വിഷയത്തിൽ കോൺഗ്രസ് വ്യക്തമായ നിലപാട് എടുക്കാൻ മടിച്ചുനിൽക്കുന്നതിനെതിരായ വിമർശനം അത്തരമൊരു രാഷ്ട്രീയശരിയുടെ ഭാഗമാണ്. ഇക്കാര്യത്തിൽ, സുധീരൻ പ്രകടിപ്പിച്ച വിമർശനം തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ കേരളത്തിലെ പല കോൺഗ്രസ് നേതാക്കളും ഉന്നയിച്ചിട്ടുമുണ്ട്. കെ. മുരളീധരനും കെ.സി. വേണുഗോപാലുമെല്ലാം ക്ഷണം നിരസിക്കണമെന്ന് അഭിപ്രായമുള്ളവരാണ്.

‘സത്യവും നീതിയുമാണ് ഈശ്വരനെങ്കിൽ, ബിർളാ മന്ദിറിലെ ആ നടവഴിയിൽ 75 വർഷമായി കണ്ണിൽ ചോരയും തീയുമായി രാമൻ നിൽക്കുന്നുണ്ട്. ഓരോ ഇന്ത്യാക്കാരുടെയും മനസും ശിരസ്സും അവിടെയാണ് കുനിക്കേണ്ടത്’ എന്നു പറഞ്ഞ് വി.ഡി. സതീശനും അയോധ്യാ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

വി.ഡി. സതീശന്‍

എന്നാൽ, ഗ്രൂപ്പുകളിയും പാർട്ടിയുടെ നവലിബറൽ സാമ്പത്തിക നയങ്ങളും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടിയാലോചനായോഗത്തിൽ വിഷയമാക്കിയതിനുപുറകിലുള്ള സുധീരന്റെ താൽപര്യം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കാരണം, അത് ഈ സന്ദർഭത്തിൽ നടക്കേണ്ട കൃത്യമായ ചർച്ചകളുടെ വഴിതിരിച്ചുവിടുകയാണ് ചെയ്തത്. കെ. സുധാകരൻ അതിലേക്ക് ആവേശത്തോടെ ചാടിവീഴുകയും ദുരന്തം പൂർത്തിയാകുകയും ചെയ്തു. ഇപ്പോൾ പലതരം ആശയക്കുഴപ്പങ്ങളുള്ള ഒരു സംഘടനയായാണ് കേരളത്തിലെ കോൺഗ്രസ് നിലനിൽക്കുന്നത്.

തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ കേരളത്തിലെ മനുഷ്യർ നിതാന്ത ജാഗ്രതയോടെ ബഹിഷ്കരിച്ചുവരുന്ന ബി.ജെ.പിക്ക് ഒരു ലോക്സഭാ സീറ്റെങ്കിലും തരപ്പെടുത്തിക്കൊടുക്കണമെന്ന അതിയായ താൽപര്യം കോൺഗ്രസിലെ ചില നേതാക്കൾക്കുണ്ടോ എന്നുപോലും സംശയം തോന്നിപ്പോകുന്നു.

കോൺഗ്രസിനെക്കുറിച്ച് പ്രതീക്ഷിക്കാൻ ഒന്നും ബാക്കിയില്ലാതാകുന്നത്, കേരളത്തെ സംബന്ധിച്ചും വലിയൊരു രാഷ്ട്രീയ ദുരന്തമാണ് എന്ന് ഇനിയും എങ്ങനെയാണ് ആ പാർട്ടിക്ക് ബോധ്യപ്പെടുക?

Comments