ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിലുള്ള 'സോഷ്യലിസ്റ്റ്', 'സെക്യുലർ' എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെടുന്ന നിരവധി ഹർജികൾ സമീപവർഷങ്ങളിൽ സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രയോഗങ്ങൾ ‘ഭാരതം എന്ന, ലോകത്തിലെ ഏറ്റവും പുരാതനമായ സിവിലൈസേഷന്റെ ചരിത്രപരവും സാംസ്‌കാരികവുമായ സത്തക്ക് എതിരാണ്’ എന്ന വാദങ്ങളായിരുന്നു പൊതുവേ ഈ ഹർജികളിലുണ്ടായിരുന്നത്. ഇവയ്ക്ക് യുക്തിസഹമായ ഒരു മറുപടി നൽകിയത്, സുപ്രീംകോടതി ജഡ്ജിമാരായ ഹേമന്ത് ഗുപ്തയുടെയും സുധാൻശു ധൂലിയയുടെയും ബഞ്ചാണ്. കർണാടകയിലെ ഹിജാബ് കേസുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഇവരുടെ പരാമർശം. ഭരണഘടനയുടെ ആമുഖത്തിൽ ഈ രണ്ടു വാക്കുകൾ കൂട്ടിച്ചേർത്ത 1976 മുതലല്ല ഇന്ത്യ സെക്യൂലർ ആയത് എന്നും, സെക്യുലർ എന്ന വാക്ക് ആമുഖത്തിൽ ഇല്ലെങ്കിലും നമ്മൾ ഒരു സെക്യുലർ രാഷ്ട്രം തന്നെയാണ് എന്നും സുപ്രീംകോടതി ബഞ്ച് അർഥശങ്കക്കിടയില്ലാത്തവിധം പറഞ്ഞു.
ബി.ജെ.പിയും ആർ.എസ്.എസും വിഭാവനം ചെയ്യുന്ന ഒരു രാഷ്ട്രസങ്കൽപത്തിന് അന്യമാണ് 'സോഷ്യലിസ്റ്റ്', 'സെക്യുലർ' എന്നീ ആശയങ്ങൾ എന്നതിനാൽ, കഴിഞ്ഞവർഷം, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനദിവസം എം.പിമാർക്ക് വിതരണം ചെയ്തത് ഈ വാക്കുകളില്ലാത്ത ഭരണഘടനാരൂപമായിരുന്നു. പാർലമെന്റിലെ ഭൂരിപക്ഷമുപയോഗിച്ച്, ബി.ജെ.പി സർക്കാർ ഭരണഘടനാ ആമുഖത്തിൽനിന്ന് ഈ രണ്ടു വാക്കുകൾ നീക്കം ചെയ്താലും ഇന്ത്യ ഒരു സെക്യുലർ റിപ്പബ്ലിക് തന്നെയായിരിക്കും. കാരണം, ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ആദർശമായ ബഹുസ്വര ജനാധിപത്യം ഒരു സെക്യുലർ കോൺസെപ്റ്റാണ്. ഈ ഭരണഘടനക്കുകീഴിൽ ഇന്ത്യ എന്നന്നേക്കുമായി ഒരു സെക്യുലർ സ്‌റ്റേറ്റായി തുടരുമെന്ന ഉറപ്പും ഡോ. ബി.ആർ. അംബേദ്കറും ജവഹർലാൽ നെഹ്‌റുവും അടക്കമുള്ള അന്നത്തെ സെക്യുലർ നേതൃത്വത്തിനുണ്ടായിരുന്നു.
ഇന്നലെ അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യ യജമാനനായതോടെ, ഇന്ത്യൻ സെക്യുലറിസത്തിന്റെ ഭാവി തന്നെ അപകടകരമാം വിധം ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ആർ.എസ്.എസിന്റെ സർസംഘ് ചാലകിനെ മുൻനിർത്തി മോദി നടത്തിയ, 'ഇന്ത്യ പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണ്' എന്ന പ്രഖ്യാപനം അക്ഷരാർഥത്തിൽ ശരിയാണ്. ഇതുവരെ ഇന്ത്യ പിന്തുടർന്ന ഭരണഘടനാപരമായ എല്ലാ മൂല്യങ്ങളുടെയും നിരാകരണമാണ് അയോധ്യയിൽ സംഭവിച്ചിരിക്കുന്നത്. ആ നിലയ്ക്ക് ഒരു പുതിയ തുടക്കം തന്നെയാണിത്. അയോധ്യയിൽ രാമക്ഷേത്രമായിക്കഴിഞ്ഞ സ്ഥിതിക്ക് ഇനിയെന്ത് എന്ന ചോദ്യം മോദി തന്നെ ചോദിച്ചു. 'ലക്ഷ്യത്തിൽ സത്യമുണ്ടെങ്കിൽ അതിലേക്ക് എത്തുന്നത് അസംഭവ്യമായിരിക്കുകയില്ല' എന്നും അദ്ദേഹം തന്നെ മറുപടി പറഞ്ഞു. 'രാമരാജ്യമാണ് വരാനിരിക്കുന്നത്' എന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, മോദി പറഞ്ഞ ലക്ഷ്യത്തെ കൃത്യമായി വിശദീകരിക്കുകയും ചെയ്തു.
ആർ.എസ്.എസിന്റെ രാമരാജ്യം പങ്കിടാൻ തയാറാകുന്ന പുത്തൻ ഘടകകക്ഷികളാണ്, യഥാർഥത്തിൽ ഇന്ത്യൻ പൗരസമൂഹത്തിന്റെ ഉറക്കം കെടുത്തേണ്ടത്, മറിച്ച് ഇന്നലെ അയോധ്യയിലെത്തിയ ഭാരതരത്‌നങ്ങളും പത്മശ്രീകളും കോർപറേറ്റുകളും മാത്രമല്ല.
ബാബറി മസ്ജിദ് തകർത്ത കാലത്ത് സൃഷ്ടിച്ചെടുത്ത പ്രകടമായ വർഗീയ- വിദ്വേഷ രാഷ്ട്രീയത്തെ ഹൈന്ദവ വിശ്വാസത്തിലധിഷ്ഠിതമായ ഒരു പൊതുബോധമായി മാറ്റിയെടുക്കാനും ആ വിശ്വാസത്തെ മുൻനിർത്തി സെക്യുലറിസ്റ്റ് പൊളിറ്റികിസിനെ തന്നെ വിഭജിക്കാനും ആർ.എസ്.എസിനും ബി.ജെ.പിക്കും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ്, ബാബറി മസ്ജിദ് തകർത്ത സമയത്ത് ഇന്ത്യൻ സിവിൽ സൊസൈറ്റിക്ക് രൂപപ്പെടുത്തിയെടുക്കാനായ നേരിയ പ്രതിരോധം പോലും അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുടെ സമയത്ത് തീർത്തും ഇല്ലാതായത്. മാത്രമല്ല, ഹിന്ദുത്വയുടെ പലതരം എ ടീമുകൾ തന്നെ നമുക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്നു. അയോധ്യയിലെ പ്രതിഷ്ഠാചടങ്ങിനെ രാമക്ഷേത്രദർശനം കൊണ്ടും രാമനാമകീർത്തനങ്ങൾ കൊണ്ടും പ്രതിരോധിക്കാം എന്ന വിദ്യ ആത്യന്തികമായി ആർ.എസ്.എസിനെയല്ലാതെ മറ്റാരെയാണ് ശക്തിപ്പെടുത്തുക? ആർ.എസ്.എസ് പ്രഖ്യാപിച്ച രാമരാജ്യത്തിന്റെ ശിലാന്യാസം ആവേശപൂർവം ഏറ്റെടുക്കുകയായിരുന്നു, സെക്യുലർ എന്നവകാശപ്പെടുന്ന പാർട്ടികൾ.
ഇൻക്ലൂസീവ് എന്ന വാക്ക് പേറുന്ന 'ഇന്ത്യ' മുന്നണിക്ക്, ഒരു പ്രതിപക്ഷ സഖ്യമെന്ന നിലയ്ക്ക് യോജിച്ചൊരു നിലപാടെടുക്കാൻ കഴിഞ്ഞില്ല എന്നത്, ഇന്ത്യയുടെ സെക്യുലർ രാഷ്ട്രീയത്തിന് സംഭവിച്ച വലിയൊരു തിരിച്ചടിയാണ്.
സി.പി.എമ്മിനുപുറകേ കോൺഗ്രസും അയോധ്യയിലേക്കില്ല എന്ന് തീരുമാനിച്ചിരുന്നു. എന്നാൽ, കോൺഗ്രസിന് അതിനെയൊരു ഐഡിയോളജിക്കൽ നിലപാടായി മാറ്റിയെടുക്കാനായില്ല. അയോധ്യയിലെ രാമക്ഷേത്രം ആർ.എസ്.എസിന്റെ രാഷ്ട്രീയ അജണ്ടയാണ് എന്ന ദേശീയ നേതൃത്വത്തിന്റെ അഭിപ്രായത്തെ 'വിശ്വാസം' എന്ന വൈകാരികതയാൽ നിർവീര്യമാക്കി, ആ പാർട്ടിശരീരം. ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാറും പാർട്ടി ഘടകവും ആർ.എസ്.എസ് അജണ്ട സർവാത്മനാ ഏറ്റെടുത്തു.
അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമാകുന്നതിലേക്കുള്ള വർഗീയ രാഷ്ട്രീയത്തിന്റെ ഹിംസായാത്രക്ക് നിർണായക ഘട്ടങ്ങളിൽ വാതിൽ തുറന്നുകൊടുത്ത ഈ പാർട്ടിയെ സംബന്ധിച്ച്, ഒരു പ്രഖ്യാപനത്താൽ എളുപ്പം തുടച്ചുകളയാനാകാത്തതാണ് വർഗീയത എന്ന കറ. ഉത്തരേന്ത്യയിലെ കോൺഗ്രസ് ഘടകങ്ങൾ ഉറച്ച വിശ്വാസത്തോടെ, തങ്ങളെ ഇതുവരെ നയിച്ച ആ ബോധ്യത്തിലുറച്ചുനിന്നു.
‘ഇന്ത്യ' മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ ആം ആദ്മി പാർട്ടിയുടെ സർക്കാർ ദൽഹിയെ മറ്റൊരു അയോധ്യയാക്കി. ശോഭായാത്രകളും പൂജയും പ്രാർഥനകളും ഔദ്യോഗിക ചടങ്ങായി തന്നെ കെജ്‌രിവാൾ സംഘടിപ്പിച്ചു. രാമരാജ്യമാണ് ആപ് സർക്കാറിന്റെ പ്രചോദനം എന്നുകൂടി കെജ്‌രിവാൾ പറഞ്ഞുവച്ചു.
മറ്റൊരു പ്രതിപക്ഷ നേതാവായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ശ്രീരാമന്റെ പേരിൽ ഒരു മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്തു.
കർണാടകയിലെ കോൺഗ്രസ് സർക്കാറും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഹൈന്ദവവൽക്കരിക്കപ്പെട്ട ഒരു ഭരണകൂടത്തിന്റെ തിരുവാഭരണങ്ങൾ അണിഞ്ഞാണ് പ്രത്യക്ഷപ്പെട്ടത്.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും സർക്കാറുകൾ മാത്രമാണ്, സെക്യുലർ നിലപാട് ഒരുവിധ കലർപ്പില്ലാതെയും പ്രഖ്യാപിച്ച് നിവർന്നുനിന്നത്. ഇന്ത്യയിലെ ഒരു മുഖ്യമന്ത്രി മാത്രമാണ്, മതവും ഭരണസംവിധാനവും തമ്മിലുള്ള അകലം കുറയുന്നതിലുള്ള ആശങ്ക വ്യക്തമായി പ്രകടിപ്പിച്ചത്. അത്, പിണറായി വിജയനാണ്. ആർ.എസ്.എസിന്റെ രാഷ്ടീയ അജണ്ടയെ മതപരമായ വിശ്വാസമെന്ന വ്യാജേന ആഘോഷിക്കേണ്ടതില്ല എന്ന തീരുമാനം തമിഴ്‌നാട്ടിൽ സ്റ്റാലിൻ നടപ്പാക്കി.
ന്യൂനപക്ഷമാക്കപ്പെട്ട ഒരു സെക്യുലർ സമൂഹം, ഇന്ത്യയെപ്പോലൊരു ബഹുസ്വര രാഷ്ട്രത്തെ സംബന്ധിച്ച് ഒരുതരത്തിലും പ്രത്യാശ നൽകുന്ന ഒന്നല്ല.