പെരിയാർ ഇ. വി. രാമസ്വാമി

പെരിയാർ തകർത്ത
ഗണപതി വിഗ്രഹം,
ഗണേശോത്സവത്തിന്റെ
പുത്തൻ രാഷ്ട്രീയം

ബ്രാഹ്മണിക്കൽ വംശീയതയും ദേശീയതയും ആധിപത്യം ചെലുത്തുന്ന സമകാലിക സാഹചര്യത്തിൽ പെരിയാർ ഇ.വി. രാമസ്വാമിയുടെ ഇടപെടലുകളുടെ പ്രസക്തിയെക്കുറിച്ച് എഴുതുന്നു, രസ്നി ബായ്. കേരളത്തിൽ ശക്തമായി വരുന്ന ഗണേശോത്സവ ആഘോഷങ്ങൾക്കുപുറകിലുള്ള മതരാഷ്ട്രീയം, ഗണപതി വിഗ്രഹം തകർത്ത് പെരിയാർ നടത്തിയ പ്രതിഷേധത്തിന്റെ വെളിച്ചത്തിൽ വിശലകനം ചെയ്യുന്നു. ഇന്ന് പെരിയാറിന്റെ ജന്മവാർഷികമാണ്.

സെപ്റ്റംബർ 17 പെരിയാറിന്റെ ജന്മദിനമാണ്. ഇതേ ദിവസങ്ങളിൽ കേരളത്തിന്റെ പല ഭാഗങ്ങളിലും ഗണേശോത്സവം നടക്കുന്നു. ഈ രണ്ട് കാര്യങ്ങളും ഒരുമിച്ച് ഓർക്കേണ്ട കാലമാണിത്. കാരണം, ഗണപതിയുടെ വിഗ്രഹം തകർത്ത്, അതിശക്തമായ ഒരു സാമൂഹിക അധികാരക്രമത്തെ വെല്ലുവിളിച്ച പരിഷ്കർത്താവാണ് പെരിയാർ.

പെരിയാർ ഗണപതിയുടെ വിഗ്രഹം തകർത്തത് എന്തിനാണ്?

ഈ ചോദ്യത്തിനുള്ള ഉത്തരം പലപ്പോഴും, ‘പെരിയാർ ഒരു മതവിരുദ്ധനായിരുന്നു’ എന്നതായിരിക്കും. പക്ഷേ അത്തരം വിശേഷണങ്ങളിൽ ഒതുക്കാൻ പോന്നതല്ല പെരിയാർ ഉന്നയിച്ച സാമൂഹിക രാഷ്ട്രീയ ചോദ്യങ്ങളും അദ്ദേഹം അടിയുറച്ചുനിന്ന നിലപാടും.

1953-ൽ, ഗണപതി വിഗ്രഹം തകർത്ത് ​പെരിയാർ നടത്തിയ പ്രതിഷേധം ഒരു ദൈവസങ്കൽപ്പത്തിനെതിരായ ഒറ്റപ്പെട്ട പ്രകടനമല്ല; ജനനം കൊണ്ട് മനുഷ്യരെ ഉയർന്നവരും താഴ്ന്നവരുമാക്കി വേർതിരിക്കുന്ന വർണ്ണ-ജാതി സമ്പ്രദായത്തിനെതിരായി നടത്തിയ രാഷ്ട്രീയ വെല്ലുവിളിയായിരുന്നു.

1953 മെയ് 27-ന് തിരുച്ചിയിലെ ടൗൺ ഹാൾ മൈതാനിയിൽ നടന്ന പ്രതിഷേധത്തിലാണ് പെരിയാർ ഗണപതിയുടെ മൺവിഗ്രഹം തകർത്തത്. അത് ഒരു വികാരപ്രകടനമായിരുന്നില്ല. മാസങ്ങളോളം പ്രചാരണം നടത്തി, പൊതുവായി പ്രഖ്യാപിച്ചാണ് ആ പ്രതിഷേധം സംഘടിപ്പിച്ചത്. പിന്നീട് തമിഴ്നാട്ടിലെ പല ഭാഗങ്ങളിലും അതിന്റെ ഭാഗമായി ഗണപതി വിഗ്രഹങ്ങൾ തകർക്കപ്പെട്ടു.

മനുഷ്യരെ ജനനം കൊണ്ട് ഉയർന്നവരും താഴ്ന്നവരുമാക്കി വിഭജിക്കുന്ന സാമൂഹിക വ്യവസ്ഥയ്ക്ക് ദൈവികമായ അംഗീകാരം നൽകുന്നതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. ബ്രാഹ്മണൻ ഉയർന്നവനും ശൂദ്രൻ താഴ്ത്തപ്പെട്ടവനുമാകുന്ന ഒരു സാമൂഹികക്രമം ദൈവത്തിന്റെ പേരിൽ വിശുദ്ധമാക്കപ്പെടുന്നുവെങ്കിൽ, ആ ദൈവസങ്കൽപ്പത്തെയും ചോദ്യം ചെയ്യേണ്ടിവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഗണപതിയെ ആദ്യം തെരഞ്ഞെടുത്തതിനു പിന്നിലും ഒരു രാഷ്ട്രീയാർത്ഥമുണ്ടായിരുന്നു. ഏതൊരു കാര്യവും തുടങ്ങുമ്പോഴും ആദ്യം വിളിക്കപ്പെടുന്ന ദൈവം ഗണപതിയായിരുന്നു. അതുകൊണ്ട് പെരിയാറിന്റെ വിഗ്രഹഭംഗത്തെ ഒരു മൺവിഗ്രഹം തകർത്ത പ്രവൃത്തിയായി മാത്രം കാണാനാവില്ല. ദൈവത്തിന്റെ നാമത്തിൽ വിശുദ്ധമാക്കപ്പെട്ട, ചോദ്യം ചെയ്യാനാകാത്ത ഒരു സാമൂഹിക അധികാരക്രമത്തെയാണ് അദ്ദേഹം ചോദ്യം ചെയ്തത്.

പെരിയാറിന്റെ ആ രാഷ്ട്രീയ ഇടപെടൽ ഒരു വിഗ്രഹം തകർത്തതിൽ അവസാനിച്ചില്ല. അദ്ദേഹത്തിന്റെ ചിന്തയുടെ കേന്ദ്രത്തിൽ മനുഷ്യന്റെ ആത്മാഭിമാനവും സാമൂഹിക സമത്വവുമായിരുന്നു. ജനനം ഒരാളുടെ സാമൂഹികപദവി നിശ്ചയിക്കരുത്, ജാതി ഒരാളുടെ ജീവിതത്തിന്റെയും തൊഴിലിന്റെയും പരിധി നിർണ്ണയിക്കരുത്, അറിവിനും വിദ്യാഭ്യാസത്തിനും പൊതുസ്ഥലങ്ങൾക്കും എല്ലാവർക്കും തുല്യമായ അവകാശം ഉണ്ടായിരിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ അടിത്തറ. അതുകൊണ്ടുതന്നെ തൊട്ടു തീണ്ടായ്മയെയും ജാതിവ്യവസ്ഥയെയും മാത്രമല്ല, അവയെ നിലനിർത്തുന്ന മതാധികാരത്തെയും ബ്രാഹ്മണാധിപത്യത്തെയും അദ്ദേഹം നിരന്തരം ചോദ്യം ചെയ്തു.

1920-കളിൽ ശക്തമായ ആത്മാഭിമാന പ്രസ്ഥാനം (Self-Respect Movement) അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ പ്രധാന വേദിയായിരുന്നു. ഒരാളുടെ ആത്മാഭിമാനം മറ്റൊരാളുടെ ജന്മാവകാശത്തിന് കീഴിൽ നിൽക്കേണ്ടതില്ല എന്ന ആശയമാണ് അതിന്റെ കാതൽ. വിവാഹം, കുടുംബം, സ്ത്രീ, വിദ്യാഭ്യാസം, തൊഴിൽ, മതം തുടങ്ങി സമൂഹത്തിന്റെ ഏറ്റവും സാധാരണ തലങ്ങളിൽ പോലും ജാതിയും അധികാരവും പ്രവർത്തിക്കുന്ന രീതിയെ പെരിയാർ ചോദ്യം ചെയ്തു. സ്ത്രീകൾക്ക് സ്വതന്ത്രമായ തീരുമാനാവകാശം, വിധവാവിവാഹം, സ്വത്തവകാശം, പുരുഷാധിപത്യം തുടങ്ങിയ വിഷയങ്ങളും അദ്ദേഹത്തിന്റെ സാമൂഹിക പരിഷ്കാര രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു.

1953 മെയ് 27-ന് പെരിയാർ ഇ.വി. രാമസ്വാമി ഗണപതിയുടെ കളിമൺ 'വിഗ്രഹം' തകർത്ത പ്രതിഷേധം ആസ്പദമാക്കിയുള്ള കാർട്ടൂൺ.
1953 മെയ് 27-ന് പെരിയാർ ഇ.വി. രാമസ്വാമി ഗണപതിയുടെ കളിമൺ 'വിഗ്രഹം' തകർത്ത പ്രതിഷേധം ആസ്പദമാക്കിയുള്ള കാർട്ടൂൺ.

അതുകൊണ്ട് പെരിയാറിന്റെ യുക്തിവാദത്തെ ദൈവവിശ്വാസത്തെ നിഷേധിക്കുന്ന വ്യക്തിപരമായ നിലപാടായി മാത്രം വായിക്കാനാകില്ല. അദ്ദേഹത്തിന് യുക്തിവാദം സാമൂഹിക വിമോചനത്തിന്റെ ഉപാധിയായിരുന്നു. മനുഷ്യനെ അടിച്ചമർത്തുന്ന ഏതൊരു വിശ്വാസവും, അത് എത്ര പഴക്കമുള്ളതായാലും വിശുദ്ധമായി കണക്കാക്കപ്പെട്ടതായാലും, ചോദ്യം ചെയ്യപ്പെടണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മതഗ്രന്ഥങ്ങളെയും പുരാണങ്ങളെയും ആചാരങ്ങളെയും അദ്ദേഹം വിമർശിച്ചത് അവയുടെ പിന്നിൽ പ്രവർത്തിക്കുന്ന അധികാരബന്ധങ്ങളെ തുറന്നുകാട്ടാനായിരുന്നു

ഇതുകൊണ്ടുതന്നെ ഗണപതി വിഗ്രഹഭംഗത്തെയും അദ്ദേഹത്തിന്റെ വിശാലമായ ജാതിവിരുദ്ധരാഷ്ട്രീയത്തിൽ നിന്ന് വേർതിരിച്ച് കാണാനാവില്ല. 1953-ലെ ആ പ്രതിഷേധം ഒരു ദൈവസങ്കൽപ്പത്തിനെതിരായ ഒറ്റപ്പെട്ട പ്രകടനമല്ല; ജനനം കൊണ്ട് മനുഷ്യരെ ഉയർന്നവരും താഴ്ന്നവരുമാക്കി വേർതിരിക്കുന്ന വർണ്ണ-ജാതി സമ്പ്രദായത്തിനെതിരായി നടത്തിയ രാഷ്ട്രീയ വെല്ലുവിളിയായിരുന്നു. പെരിയാറിന്റെ ചോദ്യം ദൈവം ഉണ്ടോ ഇല്ലയോ എന്നതിൽ ഒതുങ്ങിയിരുന്നില്ല; ദൈവത്തിന്റെ പേരിൽ മനുഷ്യർക്കിടയിൽ അസമത്വം എങ്ങനെ ന്യായീകരിക്കപ്പെടുന്നു എന്നതായിരുന്നു അതിന്റെ കാതൽ.

ഒരുകാലത്ത് പരിമിതമായ ആചരണമായി നിലനിന്നിരുന്ന വിനായക ചതുർത്ഥി ഇന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലും വലിയ പൊതുപ്രകടനങ്ങളായും ഘോഷയാത്രകളായും മാറിക്കൊണ്ടിരിക്കുന്നു.

കേരളത്തിലെ ഇന്നത്തെ മത- രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കുമ്പോൾ, പെരിയാറിന്റെ ഈ ചോദ്യങ്ങൾ വീണ്ടും പ്രസക്തമാകുന്നു. കേരളത്തിലെ ഗണേശോത്സവത്തിന്റെ മാറിവരുന്ന സ്വഭാവം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരുകാലത്ത് പരിമിതമായ ആചരണമായി നിലനിന്നിരുന്ന വിനായക ചതുർത്ഥി ഇന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലും വലിയ പൊതുപ്രകടനങ്ങളായും ഘോഷയാത്രകളായും മാറിക്കൊണ്ടിരിക്കുന്നു. അതിനൊപ്പം ഈ ആഘോഷങ്ങൾക്ക് നൽകപ്പെടുന്ന രാഷ്ട്രീയവും ദേശീയതാപരവുമായ പുതിയ ഭാഷയും ശ്രദ്ധേയമാണ്

കേരളത്തിൽ ഗണേശോത്സവം എപ്പോഴാണ് ഇത്ര വലിയ ഒരു പൊതുപ്രകടനമായി മാറിയത്?

കേരളത്തിലെ വിനായക ചതുർത്ഥി ആഘോഷം മഹാരാഷ്ട്രയിലെ പോലെ ഒരു മാസ്സ് പബ്ലിക് ഫെസ്റ്റ് ആയിരുന്നില്ല. ചരിത്രകാരനായ കേശവൻ വെളുത്താട്ട് ചൂണ്ടിക്കാണിച്ചതുപോലെ, കേരളത്തിൽ ഇത് പരമ്പരാഗതമായി വലിയ രീതിയിൽ ആഘോഷിക്കുന്നതിനേക്കാൾ ആചരിക്കുകയാണ് ചെയ്തിരുന്നത്. ഇന്ന് പല നഗരങ്ങളിലും വലിയ ഘോഷയാത്രകളും പൊതുപരിപാടികളും രാഷ്ട്രീയ പ്രസംഗങ്ങളും ഉൾപ്പെടുന്ന പൊതുപ്രകടനങ്ങളായി മാറുകയാണ് ഗണേശോത്സവാഘോഷം. വെറും ഉത്സവം എന്നതിനപ്പുറം, ഈ പുതിയ ആഘോഷങ്ങൾക്ക് ഒരു പുതിയ ഭാഷയും സംഘാടനവും രൂപപ്പെട്ടുവരുന്നുണ്ട്. മതപരമായ ഭക്തിയും വിശ്വാസവും കടന്ന് ‘ഹിന്ദുത്വ’, ‘സനാതന ധർമ്മം’, ‘ദേശീയ ഉത്സവം’, ‘ദേശീയ താൽപര്യം’, ‘ഹിന്ദു ശക്തി’, ‘ഹിന്ദു ഉണർവ്’ തുടങ്ങിയ അർത്ഥസ​ങ്കേതങ്ങൾ അതിനകത്തേക്ക് കടന്നുവരുന്നു.

1953 മെയ് 27-ന് തിരുച്ചിയിലെ ടൗൺ ഹാൾ മൈതാനിയിൽ നടന്ന പ്രതിഷേധത്തിൽ പെരിയാർ ഗണപതിയുടെ മൺവിഗ്രഹം തകർക്കുന്നു.
1953 മെയ് 27-ന് തിരുച്ചിയിലെ ടൗൺ ഹാൾ മൈതാനിയിൽ നടന്ന പ്രതിഷേധത്തിൽ പെരിയാർ ഗണപതിയുടെ മൺവിഗ്രഹം തകർക്കുന്നു.

ചങ്ങരംകുളത്ത് നടന്ന ആദ്യ ഗണേശോത്സവത്തിന്റെ പ്രചാരണത്തിൽ ഗണേശോത്സവത്തെ “ഭാരതത്തിന്റെ ദേശീയ ഉത്സവം” എന്ന രീതിയിൽ അവതരിപ്പിക്കുകയും “ദേശീയ താൽപര്യമുള്ളവർ” പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. മതപരമായ ആഘോഷം എപ്പോഴാണ് “ദേശീയ”മാകുന്നത്? ആരാണ് അതിനെ ദേശീയമാക്കുന്നത്?

കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന ഗണേശോത്സവങ്ങളുടെ വ്യാപനത്തെ ഒറ്റപ്പെട്ട സംഭവപരമ്പരയായി കാണാനാകില്ല. ഒറ്റപ്പാലം, ചങ്ങരംകുളം, ഇരിട്ടി, എറണാകുളം, ഷൊർണൂർ തുടങ്ങിയ ഇടങ്ങളിൽ വ്യത്യസ്ത സമയങ്ങളിൽ രൂപപ്പെട്ട കമ്മിറ്റികളും സംഘടിപ്പിക്കപ്പെട്ട ആഘോഷങ്ങളും, ഗണേശോത്സവം പ്രാദേശികമായി കൂടുതൽ സംഘടിതവും ദൃശ്യവുമായ ഒരു പൊതുമതാചരണമായി മാറിയതിന്റെ ഉദാഹരണങ്ങളാണ്. ചിലയിടങ്ങളിൽ ആഘോഷങ്ങളുടെ വലുപ്പം കൂടുതൽ വിപുലീകരിക്കണമെന്ന ആഗ്രഹങ്ങളും ഇതിനൊപ്പം പ്രകടമായിരുന്നു. അതിനാൽ, ഈ മുൻകാല അനുഭവങ്ങൾ പിന്നീട് രൂപപ്പെട്ട ആഘോഷങ്ങളുടെ പശ്ചാത്തലവും അതിന്റെ സാമൂഹിക വ്യാപ്തിയും മനസ്സിലാക്കുന്നതിനുള്ള പ്രധാന സൂചനകളായി കാണാം.

കേരളത്തിൽ ഹിന്ദുത്വയുടെ വളർച്ചയെ ഇലക്ട്‌റൽ പൊളിറ്റിക്സ് കൊണ്ടുമാത്രം മനസ്സിലാക്കാനാകില്ല. പ്രാദേശിക സംഘടനകൾ, ക്ഷേത്രപ്രവർത്തനങ്ങൾ, സാമൂഹിക സേവനം, മത- സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ ദീർഘകാലമായി ഒരു ഹിന്ദുത്വ രാഷ്ട്രനിർമ്മിതി എന്ന ‘വിശാലമായ’ പ്രയോഗമായി അത് മാറുന്നു.

ഷൊർണൂരിൽ മുൻപ് നടന്ന ആഘോഷത്തിൽ അടുത്ത വർഷം ഇത് തൃശൂർ പൂരത്തിന്റെ വലുപ്പത്തിലേക്ക് ഉയർത്തണമെന്ന ആഗ്രഹം പോലും പ്രകടിപ്പിക്കപ്പെട്ടിരുന്നു. ഇതെല്ലാം സ്വാഭാവികമായ ഭക്തിപ്രകടനം മാത്രമല്ല, മതത്തെ ചുറ്റിപ്പറ്റിയുള്ള രൂപപ്പെട്ടുവരുന്ന ഒരു പുതിയ പൊതു രാഷ്ട്രീയസംസ്കാരം തന്നെയാണ്.

ഇരിട്ടിയിൽ മുമ്പ് നടന്ന ഗണേശോത്സവ പരിപാടികളുടെ പ്രചാരണഭാഷ പരിശോധിക്കുമ്പോൾ, അത് കേവലം ഭക്തിയിലോ ആഘോഷത്തിലോ ഒതുങ്ങിയിരുന്നില്ലെന്ന് കാണാം. സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവരുടെ ശക്തിയും വീര്യവും പ്രകടിപ്പിക്കണമെന്ന ആഹ്വാനങ്ങൾക്കൊപ്പം, മതപരമായ ഭിന്നതകളെയും സാമൂഹികമായ ഭീതികളെയും ഉന്നയിക്കുന്ന സൂചനകളും പ്രചാരണഭാഷയിൽ ഇടം നേടിയിരുന്നു. “തീവ്രവാദം” പോലുള്ള ആശയങ്ങളെ പരാമർശിക്കുന്ന ഇത്തരം പ്രയോഗങ്ങൾ ആഘോഷത്തെ ഒരു വിശാലമായ സാമൂഹിക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതായി കാണാം.

ഒരു മതോത്സവത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം വിഭജനങ്ങളും അധികാരത്തിന്റെ അവകാശവാദങ്ങളും കടന്നുവരുമ്പോൾ, അതിനെ കേവലം മതാചരണമായി മാത്രം കാണാനാകില്ല. അവിടെ മതചിഹ്നങ്ങൾക്കപ്പുറം ഒരു സാമൂഹികവും രാഷ്ട്രീയവുമായ അർത്ഥം രൂപപ്പെടുകയാണ്.

ഗണപതിയെ ആരാധിക്കുക എന്ന വിശ്വാസത്തെ, ആ മതചിഹ്നത്തെ “ദേശീയത”യുടെ പ്രതീകമാക്കുകയും, അതിൽ പങ്കെടുക്കുന്നതിനെ പ്രത്യേക തരത്തിലുള്ള ദേശീയബോധത്തിന്റെ അടയാളമാക്കുകയും ചെയ്യുമ്പോൾ അതിനെ രാഷ്ട്രീയമായി വായിക്കേണ്ടിവരും.
ഗണപതിയെ ആരാധിക്കുക എന്ന വിശ്വാസത്തെ, ആ മതചിഹ്നത്തെ “ദേശീയത”യുടെ പ്രതീകമാക്കുകയും, അതിൽ പങ്കെടുക്കുന്നതിനെ പ്രത്യേക തരത്തിലുള്ള ദേശീയബോധത്തിന്റെ അടയാളമാക്കുകയും ചെയ്യുമ്പോൾ അതിനെ രാഷ്ട്രീയമായി വായിക്കേണ്ടിവരും.

ഗണപതിയെ ആരാധിക്കുക എന്ന വിശ്വാസത്തെ, ആ മതചിഹ്നത്തെ “ദേശീയത”യുടെ പ്രതീകമാക്കുകയും, അതിൽ പങ്കെടുക്കുന്നതിനെ പ്രത്യേക തരത്തിലുള്ള ദേശീയബോധത്തിന്റെ അടയാളമാക്കുകയും ചെയ്യുമ്പോൾ അതിനെ രാഷ്ട്രീയമായി വായിക്കേണ്ടിവരും. ഇവിടെയാണ് പെരിയാറിന്റെ പ്രസക്തി. മതത്തിന്റെ പേരിൽ അധികാരം എങ്ങനെ നിർമ്മിക്കപ്പെടുന്നു? ആരാണ് അതിന്റെ പേരിൽ സംസാരിക്കുന്നത്? ആരെയൊക്കെയാണ് അതിന്റെ അതിർത്തികളിൽ നിന്നും പുറത്തക്കപ്പെടുന്നത് എന്നതായിരുന്നു അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങൾ.

മതത്തിന്റെ രാഷ്ട്രീയവൽക്കരണം എല്ലായ്പ്പോഴും ഒരു രാഷ്ട്രീയ പാർട്ടിയുടെ പതാകയ്ക്കു കീഴിലോ നേരിട്ടുള്ള രാഷ്ട്രീയ മുദ്രാവാക്യങ്ങളിലൂടെയോ മാത്രമല്ല നടക്കുന്നത്. പലപ്പോഴും അത് സമൂഹത്തിലേക്ക് ഒളിച്ചുകടത്തപ്പെടുന്നു. ഒരു സാംസ്കാരിക പരിപാടിയായി, സേവനപ്രവർത്തനമായി, ക്ഷേത്രവുമായി ബന്ധപ്പെട്ട ഇടപെടലായി, അല്ലെങ്കിൽ ഒരു പൊതുഉത്സവമായി. ഇത്തരം ഇടങ്ങളിലൂടെയാണ് മതപരമായ വികാരങ്ങൾ പതുക്കെ ഒരു സാമൂഹികസ്വത്വവും അതുവഴി ഒരു രാഷ്ട്രീയ കൂട്ടായ്മയായും രൂപപ്പെടുന്നത്.

പെരിയാറിന്റെ മതവിമർശനം, ‘നിങ്ങൾ ഏത് ദൈവത്തെ ആരാധിക്കുന്നു?’ എന്നതിൽ മാത്രം ഒതുങ്ങിയിരുന്നില്ല. ആ ദൈവത്തിന്റെ പേരിൽ സമൂഹം എങ്ങനെയാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്? എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇന്ന് ഹിന്ദു ഐക്യം എന്ന വാക്ക് കേൾക്കുമ്പോഴും ഇതേ ചോദ്യം ചോദിക്കേണ്ടതായിവരുന്നു.

കേരളത്തിലെ ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ചുള്ള പുതിയ പഠനങ്ങളും ഇതേ കാര്യത്തിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്. ദേവനന്ദൻ ഹരികൃഷ്ണയുടെ 2025-ലെ പഠനം പറയുന്നത്, കേരളത്തിൽ ഹിന്ദുത്വയുടെ വളർച്ചയെ ഇലക്ട്‌റൽ പൊളിറ്റിക്സ് കൊണ്ടുമാത്രം മനസ്സിലാക്കാനാകില്ല എന്നാണ്. പ്രാദേശിക സംഘടനകൾ, ക്ഷേത്രപ്രവർത്തനങ്ങൾ, സാമൂഹിക സേവനം, മത- സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ ദീർഘകാലമായി ഒരു ഹിന്ദുത്വ രാഷ്ട്രനിർമ്മിതി എന്ന ‘വിശാലമായ’ പ്രയോഗമായി അത് മാറിയതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കേരളത്തിൽ, വർഷങ്ങളായി ഹിന്ദുത്വ സംഘടനകൾ സാംസ്കാരികവും സാമൂഹികവുമായ മേഖലകളിൽ സാന്നിധ്യം ശക്തിപ്പെടുത്തുന്നത് ഈയൊരടിത്തറയിലാണ്. ക്ഷേത്രങ്ങൾ, സേവനപ്രവർത്തനങ്ങൾ, മതപരമായ പരിപാടികൾ, പ്രാദേശിക സംഘടനകൾ എന്നിവയിലൂടെ രാഷ്ട്രീയത്തിന് പുറത്തുനിൽക്കുന്നതായി പ്രത്യക്ഷത്തിൽ തോന്നുന്ന ഇടങ്ങളിൽ സാമൂഹിക സ്വാധീനം ശക്തിപ്പെടുത്തുന്നു. അതിന്റെ ഭാഗമാണ് ഇന്നത്തെ ഗണേശോത്സവങ്ങൾ. ആഘോഷത്തിന്റെ വലുപ്പമോ പങ്കെടുക്കുന്ന ആളുകളുടെ എണ്ണമോ മാത്രമല്ല ശ്രദ്ധിക്കേണ്ടത്; അതിന് ചുറ്റും രൂപപ്പെടുന്ന സാമൂഹിക ബന്ധങ്ങളും അതിലൂടെ നിർമ്മിക്കപ്പെടുന്ന പൊതുഅന്തരീക്ഷവുമാണ് കൂടുതൽ പ്രധാനപ്പെട്ടത്. ആരാണ് ഇത് സംഘടിപ്പിക്കുന്നത്, ആരുടേതാണ് പിന്തുണ, ആരാണ് വേദിയിലെത്തുന്നത്, എന്തുതരത്തിലുള്ള ഭാഷയാണ് ഉപയോഗിക്കുന്നത്, ആരെയാണ് ഈ ആഘോഷങ്ങൾ ഉൾക്കൊള്ളുന്നത്, ആരെയാണ് അതിന്റെ ഭാഷയിലൂടെയും രാഷ്ട്രീയ സൂചനകളിലൂടെയും പുറത്താക്കുന്നത്- ഇത്തരം ചോദ്യങ്ങൾ ചോദിക്കുമ്പോഴാണ് ഒരു ഉത്സവത്തിന്റെ മതപരമായ മുഖത്തിനു പിന്നിലെ രാഷ്ട്രീയം കൂടുതൽ വ്യക്തമായി വായിക്കാൻ കഴിയുന്നത്.

പെരിയാറിന്റെ മതവിമർശനം, ‘നിങ്ങൾ ഏത് ദൈവത്തെ ആരാധിക്കുന്നു?’ എന്നതിൽ മാത്രം ഒതുങ്ങിയിരുന്നില്ല. ആ ദൈവത്തിന്റെ പേരിൽ സമൂഹം എങ്ങനെയാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്? എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇന്ന് ഹിന്ദു ഐക്യം എന്ന വാക്ക് കേൾക്കുമ്പോഴും ഇതേ ചോദ്യം ചോദിക്കേണ്ടതായിവരുന്നു.

പെരിയാറിന്റെ ചോദ്യം ദൈവം ഉണ്ടോ ഇല്ലയോ എന്നതിൽ ഒതുങ്ങിയിരുന്നില്ല; ദൈവത്തിന്റെ പേരിൽ മനുഷ്യർക്കിടയിൽ അസമത്വം എങ്ങനെ ന്യായീകരിക്കപ്പെടുന്നു എന്നതായിരുന്നു അതിന്റെ കാതൽ.
പെരിയാറിന്റെ ചോദ്യം ദൈവം ഉണ്ടോ ഇല്ലയോ എന്നതിൽ ഒതുങ്ങിയിരുന്നില്ല; ദൈവത്തിന്റെ പേരിൽ മനുഷ്യർക്കിടയിൽ അസമത്വം എങ്ങനെ ന്യായീകരിക്കപ്പെടുന്നു എന്നതായിരുന്നു അതിന്റെ കാതൽ.

കേരളത്തിലെ ഹിന്ദു സമൂഹം ഒരേ സാമൂഹിക അനുഭവമുള്ള ഏകകമല്ല. അതിനകത്ത് ജാതിയുണ്ട്, വർഗ്ഗമുണ്ട്, ലിംഗവ്യത്യാസമുണ്ട്, രൂക്ഷമായ വിവേചനമുണ്ട്, അധികാരത്തിന്റെ അസമമായ വിതരണമുണ്ട്. ചരിത്രപരമായി ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലും പ്രവേശനത്തിന് പോലും വിലക്ക് നേരിട്ട മനുഷ്യരുണ്ട്. അതുകൊണ്ട് “ഹിന്ദു സമൂഹം ഒന്നാണ്” എന്ന് പറയാൻ എളുപ്പമാണ്. പക്ഷേ ആ ഐക്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ആരൊക്കെയാണ് അതിൽ ഉൾപ്പെടുത്തുന്നത്, ആരുടെ ശബ്ദമാണ് കേൾക്കപ്പെടുന്നത്, ആരുടെ അനുഭവങ്ങളാണ് പിന്നിലേക്ക് പോകുന്നത് എന്ന ചോദ്യം ചോദിക്കാതെ മുന്നോട്ട് പോകാനാകില്ല

വിശ്വാസത്തെയും രാഷ്ട്രീയസംഘടനയെയും തമ്മിൽ വേർതിരിക്കേണ്ടതുണ്ട്. ഈ ഒരു മത രാഷ്ട്രീയ സാഹചര്യത്തിൽ പെരിയാറിനെ വായിക്കേണ്ടത് പ്രസക്തമാണ്. അദ്ദേഹം ഒരു മതചിഹ്നത്തെ അതിന്റെ പുറംരൂപത്തിൽ മാത്രം കണ്ടിരുന്നില്ല; അതിന് പിന്നിൽ പ്രവർത്തിക്കുന്ന അധികാരബന്ധങ്ങളിലേക്കാണ് അദ്ദേഹം നോക്കിയത്. അതേ സമീപനം ഇന്ന് നമുക്കും ആവശ്യമാണ്. ഗണപതി ആരുടേതാണ് എന്നതിലുപരി, ഗണപതിയെ ചുറ്റിപ്പറ്റി ഇന്ന് ആരാണ് സംസാരിക്കുന്നത് എന്നതാണ് ചോദിക്കേണ്ടത്. “ഹിന്ദു സംസ്കാരം” എന്ന് പറയുമ്പോൾ അതിൽ ആരുടെ സംസ്കാരമാണ് പ്രതിനിധീകരിക്കപ്പെടുന്നത്? ഒരു ആഘോഷത്തെ “ദേശീയ ഉത്സവം” എന്ന് വിളിക്കുമ്പോൾ ആ ദേശീയതയുടെ നിർവചനത്തിൽ ആരൊക്കെയാണ് ഉൾപ്പെടുന്നത്, ആരൊക്കെയാണ് പുറത്താകുന്നത്? പൊതുസ്ഥലത്ത് ഒരു ഉത്സവം കൂടുതൽ ദൃശ്യവും ശക്തവുമാകുമ്പോൾ, അതിനൊപ്പം ഏത് സാമൂഹികവും രാഷ്ട്രീയവുമായ സാന്നിധ്യമാണ് വളരുന്നത്? പെരിയാറിന്റെ രാഷ്ട്രീയത്തിൽ നിന്ന് ഇന്നത്തേക്ക് എത്തുന്ന പ്രധാനപ്പെട്ട ചോദ്യം ഇതുതന്നെയാണ്: ഒരു വിശ്വാസത്തിന്റെ പേരിൽ അധികാരം ആരാണ് നിർവചിക്കുന്നത്, ആ അധികാരത്തിന്റെ പരിധിയിൽ മനുഷ്യരുടെ സമത്വത്തിന് എന്ത് സ്ഥാനമാണ് ഉള്ളത്?

ഗണപതിയുടെ വിഗ്രഹം തകർത്തതിനെതിരെ പെരിയാറിനെതിരെ കേസെടുത്തു. പക്ഷേ വിചാരണയിൽ ഉയർന്ന ഒരു ചോദ്യം വളരെ പ്രസക്തമായിരുന്നു: മറ്റൊരാൾ നിർമ്മിച്ച ഒരു മൺവിഗ്രഹം തകർത്താൽ അതിനെക്കുറിച്ച് ഇത്രയും വേദനിക്കേണ്ടതെന്തിന്? അതും അത് മുൻകൂട്ടി പ്രഖ്യാപിച്ച ഒരു രാഷ്ട്രീയ പ്രതിഷേധത്തിന്റെ പേരിൽ.

ഇന്ന് ആ രംഗത്തെ മറ്റൊരു രീതിയിൽ നോക്കാം. ഒരു കാലത്ത് മൺവിഗ്രഹം തകർത്തുകൊണ്ട് പെരിയാർ ചോദ്യം ചെയ്തത് അതിന് പിന്നിലെ സാമൂഹിക അധികാരത്തെയായിരുന്നു. ഇന്ന് അതേ ഗണപതി വലിയ പൊതുആഘോഷങ്ങളുടെയും ഘോഷയാത്രകളുടെയും മുദ്രാവാക്യങ്ങളുടെയും രാഷ്ട്രീയഭാഷയുടെയും കേന്ദ്രമായി മാറുമ്പോൾ, ചർച്ച ചെയ്യപ്പെടേണ്ടത് അതിനുചുറ്റും പതുക്കെ രൂപപ്പെടുന്ന രാഷ്ട്രീയത്തെ കുറിച്ചാണ്.

പെരിയാറിന്റെ കാലത്ത് ഒരു വിഗ്രഹം തകർക്കുന്നത് വിശുദ്ധമാക്കപ്പെട്ട ഒരു സാമൂഹിക വ്യവസ്ഥയെ ചോദ്യം ചെയ്യാനുള്ള രാഷ്ട്രീയ പ്രക്രിയയായാണ്. ഇന്ന് അതേ ദൈവചിഹ്നം ഒരു പ്രത്യേക മത ഐഡൻ്റിറ്റിയെ പൊതുസ്ഥലത്ത് ശക്തിപ്പെടുത്താനും, ചിലപ്പോൾ അതിനെ ദേശീയതയുമായി ബന്ധിപ്പിക്കാനും ഉപയോഗിക്കപ്പെടുന്നു.

“Religion goes hand in hand with superstition and fear. Religion prevents progress and suppresses man. Religion exploits the suppressed classes."
Periyar.

Comments