രവീഷ് കുമാർ

‘രവീഷ് കുമാർ ഒഫീഷ്യൽ’ എന്ന
പ്രതിപക്ഷ മീഡിയ ബ്രാന്‍ഡ്

ഭൂരിപക്ഷ, ഭരണപക്ഷ മീഡിയയുടെ, ആളും അർത്ഥവും കോരിച്ചൊരിഞ്ഞ് നിർമിച്ചെടുക്കുന്ന വൻകിട വീഡിയോ പ്രിൻ്റ് കണ്ടൻ്റുകളുടെ കുത്തൊഴുക്കിലും രവീഷ് കുമാറിനേപ്പോലുള്ള ജേണലിസ്റ്റുകളുടെ കണ്ടൻ്റ് കേൾക്കാൻ മനുഷ്യർ തയ്യാറാകുന്നുണ്ട് എന്നത് ചെറിയ ആശ്വാസമാണ്. അത് തുടരാനുള്ള മൂലധനം ആര് സുസ്ഥിരമായി കൊടുക്കും എന്നതാണ് വിഷയം.

“My decision to leave NDTV was not based on guts only. Whatever Journalism we were able to do when NDTV was under Dr. Pranoy Roy, we managed to do it with very limited resources and in spite of many challenges. I knew that the person coming in had a lot of money but no courage to ask questions. If you see the channel's content, it becomes very clear that this media outlet has come forward to serve two masters, one who owns it, and one political master, in a way. And later many other anchors also left. So I have no doubt about him- who he is. He can buy up all the news channels on earth. But he cannot ask a single question of the Modi government”
- Ravish Kumar

ൽ ജസീറ ടെലിവിഷൻ്റെ മാധ്യമ വിശകലന പരിപാടിയായ, റിച്ചാർഡ് ഗിസ്ബെർട്ട് ഹോസ്റ്റ് ചെയ്യുന്ന ‘ദ ലിസണിങ്ങ് പോസ്റ്റി’ൽ പങ്കെടുത്ത് രവീഷ് കുമാർ, താൻ എന്തുകൊണ്ട് എൻ ഡി ടി വി വിട്ടു എന്ന് വിശദീകരിച്ചതാണ് മുകളിൽ.

ജേണലിസം ആക്ടിവിസമാണോ, ആക്ടിവിസമാകേണ്ടതുണ്ടോ എന്ന പ്രശ്നത്തിന് സൈദ്ധാന്തികമായും പ്രായോഗികമായും നിരവധി വിശദീകരണ വിശകലനങ്ങൾ നിരത്താൻ സാധിക്കും. പക്ഷേ നമ്മളിപ്പോൾ ജേണലിസത്തെക്കുറിച്ചും എൻ ഡി ടി വിയുടെ മുൻ മാനേജിങ്ങ് എഡിറ്റർ രവീഷ് കുമാർ എന്ന ജേണലിസ്റ്റിനെനെക്കുറിച്ചും സംസാരിക്കുന്നത് MODIFIED Media യുടെ, ഗോദി മീഡിയയുടെ, മോദിയായി പരിണാമം സംഭവിച്ച ഇന്ത്യൻ ടെലിവിഷൻ മീഡിയയുടെ, പ്രിൻ്റ് മീഡിയയുടെ, അസംഖ്യം ഓൺലൈൻ മീഡിയയുടെ പ്രളയത്തിലിരുന്നാണ്. അവിടെ രവീഷ് കുമാർ എന്ന ഗംഭീര ഇന്ത്യൻ ഹിന്ദി ടെലിവിഷൻ ജേണലിസ്റ്റ് തൻ്റെ ‘രവീഷ് കുമാർ ഒഫീഷ്യൽ’, എന്ന യുട്യൂബ് ചാനലിലൂടെ നടത്തുന്ന ജേണലിസത്തെ ആക്ടിവിസം എന്ന് വിളിക്കണം.

ഒൻപത് മാസമാണ് രവീഷ് കുമാർ ഓഫീഷ്യലിന്റെ പ്രായം. ഈ സമയം വരെ 494 വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 9.26 മില്യൺ സബ്സ്ക്രൈബേഴ്സ്.

ജേണലിസം ഘടനാപരമായും ആശയപരമായും ജനിതകപരമായും ആക്ടിവിസ്റ്റ് സ്വഭാവത്തെ ഉൾക്കൊള്ളുന്ന തൊഴിലാണ്, എല്ലാക്കാലത്തും ദേശത്തും. ‘മോദിഫൈഡ്’ ഇന്ത്യയിൽ അത്തരം ജേണലിസം മരിച്ചുപോവുകയോ മൃതപ്രായമാവുകയോ ചെയ്തതുകൊണ്ടാണ് രവീഷ് കുമാറിനെ ഇപ്പോൾ ആക്ടിവിസ്റ്റ് ജേണലിസ്റ്റ് എന്ന് വിളിക്കാൻ തോന്നുന്നത്.

സത്യത്തിൽ എൻ ഡി ടി വിയിലുണ്ടായിരുന്ന, 1994 മുതൽ 2022 വരെയുള്ള 28 വർഷവും രവീഷ് കുമാറിൻ്റെ ജേണലിസത്തിന്റെ അടിസ്ഥാന സ്വഭാവം ഇതു തന്നെയായിരുന്നു. ഭരണകൂടത്തിൻ്റെ പ്രതിപക്ഷമാണ് മീഡിയ എന്നത് ആലങ്കാരികതയോ വെറും പറച്ചിലോ അല്ല. രവീഷ് കുമാർ മാത്രമല്ല ആ സ്ഥാപനത്തിലെ ജേണലിസ്റ്റുകൾ സ്ഥാപനത്തിന്റെ അടിസ്ഥാന സ്വഭാവത്തിലേക്ക് ലയിച്ചുചേരും. അതൊരു എൻ ഡി ടി വിയുടെ മാത്രം സ്വഭാവവുമല്ല. അതങ്ങനെയേ സാധ്യമാവൂ. പ്രതിപക്ഷമായി വർത്തിച്ച എത്രയെത്രയോ മാധ്യമങ്ങൾ ധീരമായി ഇന്ത്യയിൽ നിലനിന്നിരുന്നു. ഭൂരിപക്ഷവും അതു തന്നെയായിരുന്നു. പാസ്റ്റ് ടെൻസിൽ ‘നിലനിന്നിരുന്നു’ എന്നും 'ആയിരുന്നു’ എന്നുമൊക്കെ പറയേണ്ടി വരുന്നത് ഒരു വർത്തമാനകാല ജേണലിസ്റ്റിൻ്റെ ഗതികേടും നിസ്സഹായതയും കൂടിയാണ്.
മൂലധനം തന്നെയാണ് ഒരു മാധ്യമ സ്ഥാപനത്തിൻ്റെ, കണ്ടൻ്റിനെ നിശ്ചയിക്കുക. പ്രണോയ് റോയിയും രാധികാ റോയിയും ഉടമകളായിരുന്ന എൻ ഡി ടി വി, എല്ലാ പരിമിതികൾക്കിടയിലും ജേണലിസമാണ് ചെയ്തിരുന്നത് എന്ന് രവീഷ് കുമാർ അൽ ജസീറയിലിരുന്ന് പറയുന്നത് അതുകൊണ്ടാണ്. ചാക്കു നിറയെയും ബാങ്ക് എക്കൗണ്ട് നിറയെയും പണം കൊണ്ട് വന്ന് ന്യൂസ് റൂമിൽ വിതറുകയും കൂട്ടിയിടുകയും തൂക്കിയിടുകയും ചെയ്താലും അവിടെ ജേണലിസം ചെയ്യാൻ പറ്റില്ല എന്ന് രവീഷ് കുമാറിന് മനസ്സിലായിരുന്നു. പണം കൊടുത്ത്, ചോദിപ്പിക്കുന്ന ചോദ്യങ്ങളെയും വേണമെങ്കിൽ സാങ്കേതികമായി ജേണലിസം എന്ന് വിളിക്കാം. പക്ഷേ പണം കൊടുത്ത് ചോദിപ്പിക്കാതിരിക്കുന്ന ചോദ്യങ്ങളാണ് ജേണലിസം.

2019 ലെ രമണ്‍ മാഗ്സസെ പുരസ്കാരവേദിയിൽ രവീഷ് കുമാർ

ചതിയിലൂടെ എൻ ഡി ടി വിയുടെ ഓഹരി വാങ്ങി ഒരു സ്ഥാപനത്തെ അപ്പാടെ അദാനി ഗ്രൂപ്പ് വിഴുങ്ങിയപ്പോൾ, പ്രണോയ് റോയിയും രാധികാ റോയിയും സ്ഥാപനം വിട്ടതിന്റെ പിറ്റേന്ന് രവീഷ് കുമാറും എൻ ഡി ടി വിയിൽ നിന്നിറങ്ങി. ഡിജിറ്റൽ മീഡിയയുടെ അനന്ത സാധ്യതയിലേക്കാണ് രവീഷ് കുമാർ കൃത്യമായി തൻ്റെ ജേണലിസ്റ്റ് ലഗസിയും അനുഭവവും മോദി കാലത്തെ രാഷ്ട്രീയ ലക്ഷ്യങ്ങളുമായി എത്തിയത്. അതിലദ്ദേഹം അതിഗംഭീരമായി സ്ഥാനമുറപ്പിക്കുകയും ചെയ്തു. എൻ ഡി ടി വിയുടെ ഓഹരി ചതിയിലൂടെ വാങ്ങാൻ അദാനിയ്ക്ക് കഴിഞ്ഞെങ്കിലും രവീഷ് കുമാർ എന്ന വ്യക്തിയുടെ ഒരു ഓഹരിയും വാങ്ങാൻ സാധിക്കുകയില്ല എന്ന രാഷ്ട്രീയ പ്രഖ്യാപനങ്ങൾ കൂടിയാണ് രവീഷ് കുമാർ ഒഫീഷ്യൽ എന്ന തൻ്റെ യൂട്യൂബ് ചാനലിലൂടെ ആ ജേണലിസ്റ്റ് നടത്തുന്ന ഓരോ വീഡിയോയും.

ഒൻപത് മാസമാണ് രവീഷ് കുമാർ ഓഫീഷ്യലിന്റെ പ്രായം. ഈ സമയം വരെ 494 വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 9.26 മില്യൺ സബ്സ്ക്രൈബേഴ്സ്. അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റിനെത്തുടർന്ന് ആ വിഷയത്തിൽ മാത്രം ഇതുവരെ ചെയ്തത് എട്ട് വീഡിയോകൾ. അഞ്ചിനേക്കാൾ നാലിനേക്കാൾ മൂന്നിനേക്കാൾ രണ്ടിനേക്കാൾ ഒന്നിനേക്കാൾ കൂടുതൽ മില്യൺ കാഴ്ചകളാണ് ഓരോ വീഡിയോയ്ക്കും ഇതുവരെ ലഭിച്ചിട്ടുള്ളത്. അത് വർധിച്ചു കൊണ്ടിരിക്കുന്നു. അയാൾ ഒറ്റയ്ക്ക് നിരന്തരം ജനതയോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ദൗത്യം ഏറ്റെടുത്ത് നടത്തും പോലെ ജേണലിസം ചെയ്തുകൊണ്ടിരിക്കുകയാണ്. ജേണലിസം കല പോലെ ആസ്വദിക്കാനും കൂടി കഴിയുന്ന ഒരു തൊഴിൽ രൂപമാണ്. രവീഷ് കുമാറിന്റെ വീഡിയോകൾ സൂക്ഷ്മമായി കാണുമ്പോൾ ജേണലിസം ഫെർഫോമൻസിന് അത്തരമൊരു സൗന്ദര്യാത്മക തലമുണ്ടെന്നും അയാളത് ലയിച്ച് പെർഫോം ചെയ്യുകയാണെന്നും നമുക്ക് മനസ്സിലാവും.

അൽ ജസീറയുടെ ‘ദ ലിസണിങ്ങ് പോസ്റ്റ്’ ഇൻ്റർവ്യൂവിൽ രവീഷ് കുമാർ

അൽ ജസീറ സ്‌റ്റുഡിയോവിൽ വെച്ച് ഷൂട്ടു ചെയ്ത, ആദ്യം പറഞ്ഞ ‘ദ ലിസണിങ്ങ് പോസ്റ്റി’ന്റെ ഇൻ്റർവ്യൂവിൽ രവീഷ് കുമാർ യൂട്യൂബ് ചാനലിൻ്റെ റീച്ചിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ശരിയാണ്, മില്യൺ കണക്കിന് വ്യൂകൾ കിട്ടുന്നുണ്ട്. പക്ഷേ നൂറുകണക്കിന് ടെലിവിഷൻ ചാനലുകളുമായി താരതമ്യം ചെയ്യുമ്പോൾ, അതിന്റെ റീച്ചുമായി താരതമ്യം ചെയ്യുമ്പോൾ ഈ മില്യണുകൾ ഒന്നുമല്ല എന്നാണ് വാസ്തവം. ഒപ്പം ഫീൽഡിലേക്ക് ഗ്രൗണ്ടിലേക്ക് പറഞ്ഞുവിടാൻ റിപ്പോർട്ടർമാരില്ലാത്തതിൻ്റെ പരിമിതി, സെക്കന്ററി സോഴ്സുകളെ വിശ്വസിച്ച് ജേണലിസം ചെയ്യേണ്ടതിന്റെ പരിമിതി, ജനാധിപത്യ രാഷ്ട്രീയത്തിന്റെ മാധ്യമ വ്യവഹാരത്തിൽ ഇതു പോരാ എന്ന് പറയുന്നുണ്ട് രവീഷ് കുമാർ. അതൊരു പരാജയത്തിന്റെ പ്രഖ്യാപനമാണോ എന്ന റിച്ചാർഡിൻ്റെ ചോദ്യത്തോട്, യഥാർത്ഥ സാഹചര്യം പറയുകയാണ് എന്ന് രവീഷ് കുമാർ മറുപടി പറയുന്നു. ഒപ്പം, ടെലിവിഷൻ ജേണലിസത്തെ മിസ് ചെയ്യുന്നുണ്ട് എന്നും അൽ ജസീറ സ്റ്റുഡിയോവിൽ എത്തിയപ്പോൾ സ്വൽപം ഇമോഷണലായി എന്നും കൂട്ടിച്ചേർക്കുന്നു.

മോദിഫൈഡ് മീഡിയ ഈ തെരഞ്ഞെടുപ്പ് കാലത്ത് സ്ക്രീൻ സ്പേസും പ്രിൻ്റ് സ്പേസും ഓൺലൈൻ സ്പേസും ഭരണകൂടത്തിനായി തീറെഴുതിക്കൊടുത്തിരിക്കുകയാണ്. രാഷ്ട്രീയ പാർട്ടികളേയും നേതാക്കളേയും വാങ്ങുന്നതിനേക്കാൾ എളുപ്പത്തിൽ എത്രയോ നേരത്തെത്തന്നെ വഴങ്ങിക്കൊടുത്തിരുന്നു ഇന്ത്യൻ മീഡിയ. ഭൂരിപക്ഷ, ഭരണപക്ഷ മീഡിയയുടെ, ആളും അർത്ഥവും കോരിച്ചൊരിഞ്ഞ് നിർമിച്ചെടുക്കുന്ന വൻകിട വീഡിയോ പ്രിൻ്റ് കണ്ടൻ്റുകളുടെ കുത്തൊഴുക്കിലും പക്ഷേ രവീഷ് കുമാറിനേപ്പോലുള്ള ജേണലിസ്റ്റുകളുടെ കണ്ടന്റ് കേൾക്കാൻ മനുഷ്യർ തയ്യാറാകുന്നുണ്ട് എന്നത് ചെറിയ ആശ്വാസമാണ്. പക്ഷേ അത് തുടരാനുള്ള മൂലധനം ആര് സുസ്ഥിരമായി കൊടുക്കും എന്നതാണ് വിഷയം.

ഒറ്റയ്ക്ക് നിരന്തരം ജനതയോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ് രവീഷ് കുമാർ. ഒരു ദൗത്യം ഏറ്റെടുത്ത് നടത്തും പോലെ ജേണലിസം ചെയ്തുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയിലെ സമാന്തര മേഖലയിൽ ധീരമായി പ്രവർത്തിക്കുന്ന ഓൺലൈൻ മീഡിയയുടെ എഡിറ്റർഷിപ്പിലിരിക്കുന്നവരുടെ ഭൂതകാലം പരിശോധിച്ചാൽ പല തരത്തിൽ ഇറങ്ങി വരവ് നടത്തിയതിൻ്റെ യാഥാർത്ഥ്യം പിടി കിട്ടും. അത് കറപുരണ്ട മൂലധനത്തോടും ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തോടും ഉള്ള കലഹങ്ങളാണ്. ആ പ്രതിപക്ഷനിരയിലെ ബലമുള്ള സാന്നിധ്യമാണ് രവീഷ് കുമാറിന്റേത്. ‘രവീഷ് കുമാർ ഒഫീഷ്യൽ’ മോദിമീഡിയയുടെ പ്രതിപക്ഷത്തു നിൽക്കുന്ന ശക്തമായ ബ്രാന്റ് നെയിമാണ്.

Comments