ഗാന്ധിവൃക്ഷത്തിലെ
ഉണങ്ങാത്ത ചില്ല

‘‘ഇന്ത്യൻ സനാതന ധർമ /ജാതിവ്യവസ്ഥയുടെ തനിനിറം ആഴത്തിലറിഞ്ഞ ഒരേയൊരാൾ അംബേദ്കറായിരുന്നെങ്കിൽ കോളനിവൽക്കരണത്താൽ പുറത്തുചാടിയ ആധുനിക ഉല്പാദന- ഉപഭോഗ വ്യവസ്ഥ ലോകമാകെ വരുത്തിവെയ്ക്കുന്ന ദൂരവ്യാപകമായ വിപത്തുകളെ പ്രവചനാത്മകമായി തിരിച്ചറിഞ്ഞയാൾ ഗാന്ധിജിയത്രേ. ഇന്ത്യ സാമൂഹിക സമത്വം കൈവരിക്കുന്നതിൽ അംബേദ്കർചിന്ത എത്രത്തോളം പ്രസക്തമാണോ അത്രതന്നെ പ്രധാനമാണ് ആഗോള സാമ്പത്തിക - സാമൂഹിക- പാരിസ്ഥിതിക സുസ്ഥിതിയിലൂന്നിയ ഗാന്ധിവിചാരം.

ഗാന്ധിജിയെ ചൂണ്ടിയുള്ള എല്ലാ കാതലായ വിമർശനങ്ങൾക്കും ഒടുവിൽ അദ്ദേഹത്തിൽ നിന്നു വീണ്ടെടുക്കാൻ കാലം എന്തെങ്കിലും ബാക്കിവെച്ചിട്ടുണ്ടോ?
ദക്ഷിണാഫ്രിക്കയിൽ വെച്ച് അവിടുത്തെ നാട്ടുകാർക്കെതിരെ ബ്രിട്ടീഷുകാരോട് ചേർന്നു ‘ഞങ്ങൾ ആര്യന്മാർ’ എന്ന്, ഇന്തോ - യൂറോപ്യൻ വംശീയതയിൽ അഭിമാനം പൂണ്ട ഗാന്ധി; ഭഗവത് ഗീതയിൽ അഹിംസ പരതിയും ഇന്ത്യക്ക് രാമരാജ്യമെന്നു പരൽപ്പേരു നൽകിയും ദലിത് ജനതയെ ഹരിജനങ്ങൾ എന്നു വിളിച്ചും മതബിംബങ്ങളിൽ അഭിരമിച്ചയാൾ; ഉപവാസത്തെ ആത്മഹത്യാ ദുശ്ശാഠ്യമാക്കി, അംബേദ്ക്കറെ പൂനാക്കരാറിൽ മുട്ടുകുത്തിച്ച ദുഷ്പേര്.

20-ാം നൂറ്റാണ്ട് ആരംഭിക്കുമ്പോൾ ഗാന്ധിജിക്ക് പ്രായം 31. തന്റെ 24-ാമത്തെ വയസ്സിലാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയിലെത്തുന്നത്. 19-ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതി മുതൽ ഇന്ത്യയിൽ ഉന്നതസമൂഹത്തിൽ കോളനി വിദ്യാഭ്യാസത്തിലൂടെ ദൃഢമായി വേരുറച്ച ഇന്ത്യൻ പാരമ്പര്യ /ചരിത്ര / സംസ്ക്കാരനിർമിതിയുടെ ഇര തന്നെയായിരുന്നു മറ്റു പലരെയും പോലെ ഗാന്ധിയും. ഞങ്ങൾ ആര്യന്മാർ എന്ന് ദക്ഷിണാഫ്രിക്കയിൽ വെച്ചു അന്നാട്ടുകാർക്കെതിരെ തിരിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്, 18-ാം നൂറ്റാണ്ടിന്റെ അവസാനകാലം മുതൽ ബ്രിട്ടീഷ് ഒറിയന്റലിസ്റ്റുകളും ഇന്തോളജിസ്റ്റുകളും നിർമ്മിച്ചെടുത്ത ലോക / ഇന്ത്യാ ചരിത്രബോധം ഗാന്ധിജിയെയും പിടികൂടിയതു കൊണ്ടാണ്. ഹിന്ദുമതത്തെപ്പറ്റിയുള്ള ഗാന്ധിജിയുടെ കാഴ്ചപ്പാടുകളിൽ തെളിഞ്ഞു കാണുന്നത് പലതും ഒറിയന്റലിസ്റ്റു നിർമ്മിതികൾ തന്നെ.

ആധുനിക ഭരണസമ്പ്രദായത്തിൽ ആരാണോ നമ്മെ ഭരിക്കുന്നത് അതനുസരിച്ചാണ് നമ്മിലെ പ്രജാസ്വത്വനിർമ്മിതി. അച്ചടിച്ചു വിതരണം ചെയ്യുന്ന ചരിത്രമാണ് ആധുനിക ഭരണകൂടസംസ്കാരത്തിൽ പ്രജാസ്വത്വ നിർമ്മാണത്തിനുള്ള ആദ്യത്തെ ഉപാധി. യുക്തി, തെളിവുകൾ, ഭാഷാശാസ്ത്രം, നരവംശശാസ്ത്രം, ആർക്കിയോളജി എന്നിവ നിരത്തിയുള്ള ഭൂതകാല നിർമ്മാണമാണ് ആധുനിക ലിഖിതചരിത്രരചന. ഒരു ജനത അവരുടെ ഭരണകൂടങ്ങളിലൂടെ ആധുനികലോകത്ത് ചരിത്രമെഴുതി സ്വയം പ്രതിഷ്ഠിക്കുന്നു. ഇന്ത്യയിൽ കോളനിഭരണം സുഗമമാകുന്നത് തദ്ദേശീയ ഉന്നതവർഗ്ഗ പ്രത്യയശാസ്ത്രങ്ങളുടെയും യൂറോപ്യൻ പദ്ധതികളുടെയും സവിശേഷ മിശ്രണത്തിൽ രൂപംകൊണ്ട ലിഖിതചരിത്രം വഴിയാണ്.

ലിഖിതചരിത്രത്തിലൂടെ തന്നിൽ ആവേശിച്ചു താൻ തന്നെയായി തീർന്ന കോളനി പ്രജാസ്വത്വത്തെ എത്രമാത്രം ഗാന്ധിജിക്കു മറികടക്കാനായി എന്നതാണ് പ്രസക്തം. ഇത് ഗാന്ധിജിക്കു മാത്രം ബാധകമായ ഒരു ഉരകല്ലല്ല, പല ധ്രുവങ്ങളിൽ നിൽക്കുന്ന നെഹ്രുവിനും അംബേദ്കറിനും മാത്രമല്ല കോളനിവാഴ്ചയുടെ ഭാരം പേറുന്ന നവ കൊളോണിയൽ തലമുറകൾക്കും ഈ സൂക്ഷ്മദർശിനി വേണ്ടിയിരിക്കുന്നു. അതായത് ഗാന്ധിജി എത്രമാത്രം തന്റെ പ്രജാസ്വത്വത്തോട് ലോകനീതിയിലും ധാർമ്മികതയിലും ഊന്നി സ്വയം കലഹിച്ചു എന്നതാണ് അന്വേഷണം.

നാട്ടുധാർമ്മികതയെ സവർണ മതാത്മകതയിൽ നിന്ന് അടർത്തിമാറ്റാൻ തന്റെ ജന്മബന്ധനം ഗാന്ധിജിക്കു തടസ്സമായിരുന്നു. എന്നാൽ അടിത്തട്ടിൽ നിന്നു വന്ന അംബേദ്ക്കറിനാകട്ടെ നാട്ടുധാർമ്മികതയുടെ സ്വാനുഭവചരിത്രധാര ബുദ്ധദർശനത്തിൽ എളുപ്പം കണ്ടെത്താനായി. മതാത്മകതയെ നിഷേധിച്ചിട്ടും, നെഹ്രുവാകട്ടെ മൂന്നാംലോകങ്ങളുടെ രാഷ്ട്രീയ മോചനനീതി മുറുകെപ്പിടിച്ചു. ഗാന്ധിയിൽ നാം കാണുന്നത് കോളനിത്വത്തിനെതിരെയുള്ള രാഷ്ട്രീയമോചന ധാർമ്മികനീതി മാത്രമല്ല, അടിമയെയും ഉടമയെയും കോളനിത്വത്തിന്റെ അപമാനവീകരണത്തിൽ നിന്നു മോചിപ്പിക്കുന്ന ബദൽ ഉല്പാദന - ഉപഭോഗ ദർശനമാണ്.

ഡോ. ബി.ആർ. അംബേദ്കർ

കോളനിത്വത്താൽ അപഭ്രംശിക്കപ്പെട്ട ഉല്പാദന - ഉപഭോഗ വ്യവസ്ഥയായിരിക്കാം ഗാന്ധിയുടെ നിത്യമായ ആധി. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകുക എന്നതിനേക്കാൾ, എന്തുകൊണ്ട് കോളനിത്വം സംഭവിക്കുന്നു, അതിൽ നിന്നുള്ള ആത്യന്തിക വിമോചനം എങ്ങനെ, ഇതാകണം ആ മനുഷ്യന്റെ സത്യാന്വേഷണ പരീക്ഷണത്തിന്റെ അച്ചുതണ്ട്. പടിഞ്ഞാറിനെ അപേക്ഷിച്ച് കിഴക്കു മതാത്മകത /ആത്മീയതയാണ് എന്ന ഒറിയന്റലിസ്റ്റു ചാപ്പകുത്തലിൽ അധിനിവേശത്തിനെതിരെയുള്ള ഏഷ്യൻ ചെറുത്തുനിൽപ്പുകൾ കൂടുങ്ങിപ്പോയതിൽ പ്രത്യക്ഷത്തിൽ ഗാന്ധിയെയും കാണാമെങ്കിലും, മതാത്മകമായ തന്റെ രാഷ്ട്രീയനിലപാടുകളെ അതിവർത്തിക്കുന്ന കോളനിവിരുദ്ധമായ ഒരു ഉല്പാദന - ഉപഭോഗ ദർശനം ഗാന്ധിജിയിൽ തെളിഞ്ഞു.

ഇടതു-വലതായി തിരിഞ്ഞിരിക്കുന്ന ചിന്താപദ്ധതികളൊന്നും തന്നെ ആധുനിക ഉല്പാദന-ഉപഭോഗവ്യവസ്ഥയെ അതിന്റെ മർമ്മത്തിൽ കയറി പരിശോധിച്ചിട്ടില്ല. ഇന്ത്യൻ സനാതന ധർമ /ജാതിവ്യവസ്ഥയുടെ തനിനിറം ആഴത്തിലറിഞ്ഞ ഒരേയൊരാൾ അംബേദ്കറായിരുന്നെങ്കിൽ കോളനിവൽക്കരണത്താൽ പുറത്തുചാടിയ ആധുനിക ഉല്പാദന- ഉപഭോഗ വ്യവസ്ഥ ലോകമാകെ വരുത്തി വെയ്ക്കുന്ന ദൂരവ്യാപകമായ വിപത്തുകളെ പ്രവചനാത്മകമായി തിരിച്ചറിഞ്ഞയാൾ ഗാന്ധിജിയത്രേ. ഇന്ത്യ സാമൂഹിക സമത്വം കൈവരിക്കുന്നതിൽ അംബേദ്കർചിന്ത എത്രത്തോളം പ്രസക്തമാണോ അത്രതന്നെ പ്രധാനമാണ് ആഗോള സാമ്പത്തിക - സാമൂഹിക- പാരിസ്ഥിതിക സുസ്ഥിതിയിലൂന്നിയ ഗാന്ധിവിചാരം.

കോളനിമേധാവികളായി മാറിയ യൂറോപ്യൻ അധികാരികൾ സവർണ്ണരും, അതിനു കീഴിൽ നിത്യാശ്രിതത്വം പേറുന്ന മൂന്നാംലോക സമൂഹം അവർണ്ണരുമായി ശ്രേണീകരിക്കപ്പെട്ടതും, മുകളിൽ നിന്ന് ഇറക്കിവിട്ടതുമായ ഉല്പാദന-ഉപഭോഗ വ്യവസ്ഥയ്ക്കെതിരെ, തുറന്ന സംവാദത്തിന്റെ ജനായത്തത്തിലൂന്നി, നാട്ടുധാർമികതയെ ആയുധമാക്കി, ബദൽ ഉല്പാദന - ഉപഭോഗ വ്യവസ്ഥ അടിത്തട്ടിൽ നിന്ന് മുകളിലേക്കു കെട്ടിപ്പൊക്കുക എന്ന ഐതിഹാസികമായ സ്വപ്നത്തിന്റെ പേര് ഗാന്ധി എന്നാണ്.

അതുകൊണ്ട് അധിനിവേശ ഉല്പാദന വ്യവസ്ഥയ്ക്കു സ്വയം തിരിച്ചറിയാനും തിരുത്താനും ഗാന്ധി ഇന്നു പാഠമായിരിക്കുന്നു. അധിനിവേശ ഉല്പാദന വ്യവസ്ഥക്കെതിരെ യൂറോ - അമേരിക്കൻ കേന്ദ്രങ്ങളിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഉയർന്നു വന്ന അപവളർച്ചാ പ്രസ്ഥാനത്തിന്റെ (Degrowth Movement) രാഷ്ട്രീയദർശനം പരിശോധിക്കുമ്പോൾ കോളനിവിരുദ്ധമായ ഒരു ജീവിതസമ്പദ്ഘടന കരുപിടിപ്പിക്കാൻ ശ്രമിച്ച ഗാന്ധിജിയിൽ നാമെത്തിച്ചേരും. അതിരറ്റ ഉല്പാദനത്തിലും ഉപഭോഗത്തിലും കാലൂന്നി വളർന്നു പൊങ്ങുന്ന വികസനത്തിന്റെ സാമ്പത്തികശാസ്ത്രത്തിൽ കോളനിവൽക്കരണത്തിന്റെയും പരിസ്ഥിതി വിനാശത്തിന്റെയും മൂലകാരണങ്ങൾ ഗാന്ധി കണ്ടെത്തുകയുണ്ടായി. ലോകവിഭവങ്ങൾ ഒട്ടുമുക്കാലും കൈക്കലാക്കി ധൂർത്തടിക്കുന്ന ഭൂഗോളത്തിലെ ഒരുപിടി വടക്കൻ രാഷ്ട്രങ്ങൾ ഉല്പാദനവും ഉപഭോഗവും നിയന്ത്രിച്ചു തെക്കൻ രാഷ്ട്രങ്ങൾക്കു (മുൻകോളനി ജനതയ്ക്ക് ) സാമ്പത്തിക - സാമൂഹിക നീതി ഉറപ്പാക്കുകയും അതുവഴി ലോകത്തെയാകെ ബാധിക്കുന്ന പാരിസ്ഥിതിക കെടുതികൾക്കു കടിഞ്ഞാണിടുകയും ചെയ്യുക എന്നതാണ് അപവളർച്ചാ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയദൗത്യം.

അതിരറ്റ വളർച്ചയുടെ അധാർമ്മിക സാമ്പത്തികശാസ്ത്രം സാമൂഹിക-സാമ്പത്തികനീതി ഉറപ്പാക്കുന്നില്ല എന്നതാണ് കഴിഞ്ഞ രണ്ടര നൂറ്റാണ്ടിന്റെ ചരിത്രാനുഭവം. അനിയന്ത്രിത ഉല്പാദനോപഭോഗങ്ങളിലൂടെ എല്ലാവർക്കും ഇഹത്തിൽ തന്നെ സ്വർഗ്ഗത്തിലെത്താം, അതിന് എല്ലാം പൊതുവുടമയിൽ വന്നാൽ മതി എന്ന സോഷ്യലിസ്റ്റ് വാഗ്ദാനങ്ങൾ ആഭ്യന്തരമായി വമ്പൻ സുഖലോലുപ അധികാരശക്തികളെ സൃഷ്ടിച്ചുവെന്നു മാത്രമല്ല, അവർ വൻശക്തികളായി തങ്ങളുടെ വളർച്ചാസാമ്രാജ്യവ്യാപനത്തിനായി ബാഹ്യമായി പുതിയ കോളനികളെ സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാൽ വളർച്ചാസിദ്ധാന്തത്തെ തന്നെ അപനിർമ്മിക്കുക എന്നത് ഇന്നത്തെ രാഷ്ട്രീയാവശ്യമാണ്.

കോളനിത്വത്തിനെതിര അപവളർച്ചയുടെ ബദൽ മാതൃകകൾക്കു തുടക്കമിടുന്നതാണ് ഗാന്ധിയുടെ നിർമ്മാണാത്മക സമരങ്ങൾ. ദേശരാഷ്ട്രത്തിന്റെ സാമ്പത്തികവളർച്ചയല്ല ലോക സുസ്ഥിതിയാണ് ഗാന്ധിയൻ നിർമ്മാണാത്മകത. കൂടുതൽ ഉല്പാദിപ്പിച്ചു കൂടുതൽ ഉപയോഗിച്ചു പ്രശ്നങ്ങൾ സൃഷ്ടിക്കുകയും, ആ പ്രശ്നങ്ങളിൽ നിന്നും പുറത്തു വരാൻ പുതിയ പരിഹാരങ്ങളും , അതുവഴി പുതിയ പ്രശ്നങ്ങളുമല്ല ഗാന്ധിയൻ അപവളർച്ചയുടെ ശൈലി. സാമൂഹ്യരോഗങ്ങളുടെ മൂലകാരണം കണ്ടെത്തി സമൂഹശരീരത്തെ സ്വാഭാവികമായി, വലിയ ചെലവില്ലാതെ, സ്വാശ്രിതമായി പ്രതിരോധമുള്ളതാക്കുക എന്നതാണത്.

കേന്ദ്രീകൃതവും വിപുലവുമായ ഉല്പാദനവ്യവസ്ഥയെ എവിടെയെവിടെയൊക്കെ വികേന്ദ്രീകരിക്കാം എന്നതാണ് ഗാന്ധിയൻ അപവളർച്ചയുടെ പരീക്ഷണം. കേന്ദീകൃതവും വിപുലവുമായ അത്യുല്പാദനവ്യവസ്ഥയിൽ അധികാരത്തിന്റെ കേന്ദ്രീകരണവും അഴിമതിയും ഉൾക്കൊളളുന്നതായി അദ്ദേഹം തിരിച്ചറിഞ്ഞു. അതിനാൽ അധികാര വികേന്ദ്രീകരണത്തിനുള്ള പാത ഉല്പാദന - ഉപഭോഗ വികേന്ദ്രീകരണമാണ്. പ്രാദേശികവൽക്കരിക്കപ്പെട്ട ഉല്പാദനവ്യവസ്ഥ കൊണ്ട് ആഗോളീകരിക്കപ്പെട്ട കോളനി അധികാരത്തെ അപനിർമ്മിക്കാൻ ഗാന്ധിജി ഇറങ്ങി. ഗാന്ധിയുടെ ഉല്പാദന-ഉപഭോഗ ദർശനത്തിന്റ പ്രായോഗിക സാക്ഷാത്ക്കാരത്തിന് ജെ.സി. കുമരപ്പ നൽകിയ പേര് "നിലനില്പിന്റെ സമ്പദ് വ്യവസ്ഥ " എന്നായിരുന്നു.

ലോകത്തെ അസമത്വത്തിലും അരക്ഷിതത്വത്തിലും പ്രകൃതി വിനാശത്തിലും എത്തിച്ചിരിക്കുന്നതും അർബുദസമാനം വളരുന്നതുമായ അക്രമത്തിന്റെ സമ്പദ്ഘടനക്കുപകരം സമാധാനത്തിന്റെ സമ്പദ്ഘടന സ്ഥാപിക്കുന്നതിനുള്ള മാർഗ്ഗമാണ് ഇന്ന് പടിഞ്ഞാറൻ നാടുകൾ അപവളർച്ചാ പ്രസ്ഥാനത്തിലൂടെ തിരയുന്നത്. വിഭവങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്ന വികേന്ദ്രീകൃത മാതൃകകൾ അനിവാര്യമാണെന്ന ബോധം അവിടങ്ങളിൽ നാമ്പിട്ടിരിക്കുന്നു. തങ്ങളുടെ അത്യുല്പാദനവും അത്യുപഭോഗവും തുടരുന്നതിനായി ആഫ്രിക്കയിലും ഏഷ്യയിലും ലാറ്റിനമേരിക്കയിലും ജനങ്ങളെ ദാരിദ്ര്യത്തിൽ തളച്ചിടുകയും അവിടങ്ങളിലെ പ്രകൃതി വിഭവങ്ങൾ നശിപ്പിക്കുകയും ചെയ്യുക മാത്രമല്ല, ഈ വിഭവക്കൊള്ള സുഗമമാക്കുന്നതിനായി അവിടെ മതതീവ്രവാദ ഏകാധിപത്യ ഭരണകൂടങ്ങൾ താവളമടിക്കുകയും ചെയ്യുന്നത് പാശ്ചാത്യലോകം തിരിച്ചറിയുന്നു.

അതിനാൽ, അക്രമരഹിതമായ ആഗോള ധാർമ്മിക സമ്പദ് വ്യവസ്ഥയുടെ ചിന്തകൻ എന്ന നിലയിൽ ഗാന്ധിയിലെ ഉറവ വറ്റുന്നില്ല. ഉല്പാദനത്തിന്റെ മാർഗ്ഗവും ലക്ഷ്യവും നീതിയുക്തമാക്കുന്ന അപവളർച്ചാ പ്രസ്ഥാനത്തിന്റെ ആദ്യ വഴികാട്ടി ഗാന്ധിയാണ്. കൃഷി, ആരോഗ്യം, വ്യവസായം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ ഗാന്ധിയൻ പ്രയോഗങ്ങൾ നോക്കുക, അവയുടെ ലക്ഷ്യം കേവലമായ സാമ്പത്തിക വളർച്ചയല്ല. പകരം സാമ്പത്തിക - പാരിസ്ഥിതിക നീതി ഉറപ്പാക്കുക എന്നതാണ്.

ജെ.സി. കുമരപ്പ

ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം വെട്ടി കുറയ്ക്കണം എന്ന തീരുമാനത്തിലും, പകരം മറ്റു മാർഗ്ഗങ്ങൾ തിരയുന്ന തിരക്കിലും ഇന്നു ഉല്പാദകലോകം ഏർപ്പെട്ടിരിക്കുന്നു. എങ്കിലും സാമ്പത്തികവളർച്ചയെ ത്വരിതപ്പെടുത്താൻ ‘ഹരിത’ത്തെ എങ്ങനെ മാർക്കറ്റ് ചെയ്യാം എന്ന മത്സരമാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ ഇത്തരം ‘ഹരിത വളർച്ച’ കൊണ്ടുമാത്രം വിഭവങ്ങളുടെ ദുരുപയോഗവും അതുവഴിയുള്ള സാമ്പത്തിക അസമത്വവർദ്ധനവും അധികാര കേന്ദ്രീകരണവും പരിസ്ഥിതിനാശവും തടയപ്പെടുന്നില്ല. അതിനാൽ എവിടെയാണോ അത്യുല്പാദനവും അത്യുപഭോഗവും പ്രകടമാകുന്നത് അവിടെ നിയന്ത്രണം ഏർപ്പെടുത്താതെ സാമ്പത്തിക നീതി, ജനായത്തം, പരിസ്ഥിതിരക്ഷ എന്നിവ ഉറപ്പാക്കുക സാധ്യമല്ല.

അതായത് ജനായത്തം, സാമ്പത്തികസമത്വം, പാരിസ്ഥിതികനീതി എന്നിവയെ തകർത്ത് കോളനികൾ സൃഷ്ടിച്ചുകൊണ്ടാണ് അതിരറ്റ സാമ്പത്തികവളർച്ച നേടുന്നത്. അതുകൊണ്ടാണ് ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെ പോലെയാകാൻ മറ്റു കോളനികളില്ല എന്നു ഗാന്ധിജി പറഞ്ഞത്. ആഭ്യന്തരവും ബാഹ്യവുമായ കോളനിവൽക്കരണത്തിലൂടെ നേടുന്ന ഉല്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും സർവ്വവിനാശകമായ തിരിച്ചടികൾക്കെതിരെയുള്ള മുന്നറിയിപ്പെന്ന നിലയിൽ ഗാന്ധിവായന അവസാനിക്കുന്നില്ല.

Comments