രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും സിവിൽ സമൂഹത്തിന്റെയും നിലനിൽപ്പിന് തന്നെ ഭീഷണിയുയർത്തിക്കൊണ്ട് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന 2026-ലെ വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ (FCRA) വ്യാപകമായ ആശങ്കകൾക്ക് വഴിവെക്കുന്നു. രാജ്യത്തെ ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസം, ആരോഗ്യം, മനുഷ്യാവകാശം തുടങ്ങിയ മേഖലകളിൽ സർക്കാരിന് എത്തിപ്പെടാൻ കഴിയാത്ത ഇടങ്ങളിൽ സേവനം ചെയ്യുന്ന ആയിരക്കണക്കിന് എൻ.ജി.ഒകളെ പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ ബിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുൻകാലങ്ങളിൽ വിദേശ ഫണ്ടുകളുടെ വരവും ചെലവും നിയന്ത്രിക്കാനാണ് നിയമങ്ങൾ കൊണ്ടുവന്നിരുന്നതെങ്കിൽ, പുതിയ ബിൽ ലക്ഷ്യം വെക്കുന്നത് ഇത്തരം ഫണ്ടുകൾ ഉപയോഗിച്ച് രാജ്യത്ത് എൻ.ജി.ഒകൾ കെട്ടിപ്പടുത്ത മുഴുവൻ സ്വത്തുക്കളുടെയും മേലുള്ള സർക്കാരിന്റെ പൂർണ്ണമായ നിയന്ത്രണവും പിടിച്ചെടുക്കലുമാണ്. കഴിഞ്ഞ മാർച്ചിൽ ലോക്സഭയിൽ അവതരിപ്പിച്ച ഈ ബിൽ ക്രിസ്ത്യൻ സംഘടനകളിൽ നിന്നും സർക്കാരിതര സംഘടനകളിൽ (എൻ.ജി.ഒ) നിന്നുമുള്ള വ്യാപകമായ പ്രതിഷേധങ്ങളെ തുടർന്ന് താൽക്കാലികമായി മാറ്റിവെച്ചിരിക്കുകയാണെങ്കിലും എന്തുവിലകൊടുത്തും ഇത് നിയമമാക്കാൻ തന്നെയാണ് സർക്കാരിന്റെ നീക്കം. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനായുള്ള സർക്കാരിന്റെ നിയമനിർമ്മാണ പരിപാടികളിൽ ഈ ബിൽ പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്തത് അതിൻറെ ഭാഗമായി വേണം മനസ്സിലാക്കാൻ. വിദേശ ഫണ്ടുകളുടെ ദുരുപയോഗം തടയാനെന്ന വ്യാജേന ഭരണകൂടം കൊണ്ടുവരുന്ന ഈ നിയമം, യഥാർത്ഥത്തിൽ രാജ്യത്തെ സ്വതന്ത്രമായ സിവിൽ സമൂഹത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും തകർക്കാനുള്ള ഒരു ആസൂത്രിത നീക്കമായാണ് നിയമവിദഗ്ദ്ധരും ജനാധിപത്യ വിശ്വാസികളും വിലയിരുത്തുന്നത്.
ചരിത്രം, പശ്ചാത്തലം
സാധാരണയായി, മാനുഷിക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകൾക്കും പിന്തുണ നൽകുന്നതിനാണ് വിദേശ സംഭാവനകൾ അനുവദിക്കുന്നത്. ഇത്തരം സംഭാവനകൾ അനുവദിക്കുന്ന എല്ലാ രാജ്യങ്ങളിലും വിദേശ ഫണ്ടുകളുടെ ഒഴുക്ക് നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. 1976-ൽ ഇന്ദിരാ ഗാന്ധിയുടെ കാലത്ത് രാജ്യത്ത് അടിയന്തരാവസ്ഥ നിലനിൽക്കുന്ന സമയത്താണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്. അതുവരെ ഇത്തരം സംഭാവന സ്വീകരിക്കുന്നതിന് യാതൊരുവിധ നിയന്ത്രണങ്ങളും ഇന്ത്യയിലുണ്ടായിരുന്നില്ല. വിദേശ രാജ്യങ്ങൾ രാജ്യത്ത് പ്രവർത്തിക്കുന്ന എൻ.ജി.ഒകൾ ഉൾപ്പെടെ അനേകം മാർഗ്ഗങ്ങളിലൂടെ രഹസ്യമായി പണം നൽകി ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളെയും മാധ്യമങ്ങളെയും മറ്റും സ്വാധീനിക്കുകയും അതുവഴി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തേക്കാം എന്ന് സർക്കാർ ഭയപ്പെട്ടിരുന്നു. അതിനെ തുടർന്നാണ് സർക്കാർ ഈ നിയമം ഉണ്ടാക്കുന്നത്. എന്നാൽ 1976-ലെ നിയമത്തിൽ ഒട്ടേറെ പഴുതുകൾ ഉണ്ടായിരുന്നു. കാലക്രമേണ ഇന്ത്യയിൽ എൻ.ജി.ഒ-കളുടെയും (NGOs) ട്രസ്റ്റുകളുടെയും എണ്ണം വർദ്ധിക്കുകയും വിദേശ ഫണ്ടുകളുടെ ഒഴുക്ക് വലിയ തോതിൽ കൂടുകയും ചെയ്‌തു. ഈ ഫണ്ടുകൾ പലപ്പോഴും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കോ മതപരിവർത്തനങ്ങൾക്കോ ഉപയോഗിക്കപ്പെടുന്നു എന്ന ആരോപണങ്ങൾ ഉയർന്നുവന്നു. ഇതിനെത്തുടർന്ന്, പഴയ നിയമം പൂർണ്ണമായി റദ്ദാക്കിക്കൊണ്ട് കൂടുതൽ കർശനമായ വ്യവസ്ഥകളോടെ FCRA, 2010 പാർലമെന്റ് പാസാക്കി. 1976-ലെ നിയമത്തിലെന്നപോലെ, 2010-ലെ നിയമപ്രകാരമുള്ള നിയന്ത്രണത്തിന്റെ പ്രധാന ലക്ഷ്യം നിയമനിർമ്മാണ സഭയും രാഷ്ട്രീയ പാർട്ടികളുമായിരുന്നു. രാഷ്ട്രീയത്തിലേക്ക് വലിയ തോതിൽ വിദേശപ്പണം ഒഴുകിയെത്താനുള്ള സാധ്യതയായിരുന്നു സർക്കാരിന്റെ പ്രധാന ആശങ്ക. 2010-ലെ നിയമത്തിൽ ഈ വക ആശങ്കളെല്ലാം പരിഹരിച്ചിരുന്നു.

1976-ലെ നിയമത്തിലും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും വിദേശ ഫണ്ട് സ്വീകരിക്കുന്നതിൽ വിലക്കുണ്ടായിരുന്നു. എന്നാൽ 2010-ലെ നിയമം ഈ പട്ടിക കൂടുതൽ വിപുലമാക്കി. സ്ഥാനാർത്ഥികൾ, മാധ്യമ പ്രവർത്തകർ, പൊതുപ്രവർത്തകർ, ജഡ്ജിമാർ, സർക്കാർ ഉദ്യോഗസ്ഥർ, നിയമനിർമ്മാണ സഭാംഗങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, അതുപോലെ രാഷ്ട്രീയ സ്വഭാവമുള്ള സംഘടനകൾ തുടങ്ങിയവയെയെല്ലാം ഫണ്ട് സ്വീകരിക്കുന്നതിൽ നിന്ന് പൂർണ്ണമായി വിലക്കി. കൂടാതെ, ഇലക്ട്രോണിക് മാധ്യമങ്ങൾ, ഓഡിയോ-വിഷ്വൽ വാർത്താ പ്രക്ഷേപകർ എന്നിവരെയും വിലക്കപ്പെട്ടവരുടെ പുതിയ പട്ടികയിൽ ഉൾപ്പെടുത്തി. മുൻപ് സ്ഥിരമായിരുന്ന എഫ്‌സിആർഎ രജിസ്ട്രേഷൻ ഓരോ അഞ്ച് വർഷം കൂടുമ്പോഴും പുതുക്കണമെന്ന് നിർബന്ധമാക്കി. അതുപോലെ, ലഭിക്കുന്ന ഫണ്ടിന്റെ 50 ശതമാനത്തിൽ കൂടുതൽ ഭരണപരമായ ആവശ്യങ്ങൾക്ക് (ശമ്പളം, ഓഫീസ് ചിലവ് മുതലായവ) ഉപയോഗിക്കാൻ പാടില്ല എന്ന് പരിധി നിശ്ചയിച്ചു. ഈ ഫണ്ടുകൾ കൃത്യമായി കൈകാര്യം ചെയ്യുന്നതിനും സർക്കാരിന് നിരീക്ഷിക്കുന്നതിനുമായി ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് നിർബന്ധമാക്കുകയും ചെയ്തു.
വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നതിനായി ഒരു പ്രത്യേക അക്കൗണ്ട് (FCRA Account) തുടങ്ങേണമെന്നും വിദേശ ഫണ്ടുകൾ ഈ പ്രത്യേക അക്കൗണ്ടിലേക്ക് മാത്രമേ വരാൻ പാടുള്ളൂ എന്നും, മറ്റ് ആഭ്യന്തര ഫണ്ടുകൾ ഈ അക്കൗണ്ടിൽ നിക്ഷേപിക്കാൻ പാടില്ലെന്നും 2010-ലെ നിയമം വ്യവസ്ഥ ചെയ്തു. ഫണ്ടുകളുടെ ഉറവിടവും വിനിയോഗവും കൃത്യമായി നിരീക്ഷിക്കാൻ ബാങ്കുകൾക്ക് സർക്കാരിനെ വിവരങ്ങൾ അറിയിക്കാനുള്ള ബാധ്യതയും ഇതിലൂടെ നൽകി. ചില പ്രത്യേക സാഹചര്യങ്ങളിലും സന്ദർഭങ്ങളിലും വിദേശ സംഭാവനകളിൽ നിന്ന് സൃഷ്ടിച്ച ആസ്തികൾ ഒരു നിർദ്ദിഷ്ട അതോറിറ്റിയിൽ നിക്ഷിപ്തമാക്കുന്നതിനുള്ള വ്യവസ്ഥയും ഈ നിയമത്തിൽ ഉണ്ടായിരുന്നു. ഇതിന് പുറമെ, സാംസ്കാരികം, സാമ്പത്തികം, വിദ്യാഭ്യാസം, മതം, സാമൂഹികം തുടങ്ങിയ മേഖലകളിൽ വ്യക്തമായ പരിപാടികളോടെ പ്രവർത്തിക്കുന്ന ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും കേന്ദ്ര സർക്കാരിൽ നിന്നുള്ള എഫ്സിആർഎ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും, ഈ സർട്ടിഫിക്കറ്റ് ഇല്ലാതെയോ അല്ലെങ്കിൽ സർക്കാരിൽ നിന്ന് മുൻകൂർ അനുമതി വാങ്ങാതെയോ യാതൊരു കാരണവശാലും വിദേശ സംഭാവനകൾ സ്വീകരിക്കാൻ പാടുള്ളതല്ല എന്നും ഈ നിയമം കർശനമായി വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇവിടെ ഈ നിയമങ്ങളുടെ പശ്ചാത്തലത്തിൽ ശ്രദ്ധേയമായ കാര്യം, ഇവ നിയന്ത്രണ സ്വഭാവമുള്ളവയായിരുന്നെങ്കിലും, സംഭാവന സ്വീകരിക്കുന്നവരോട് അനാവശ്യമായി കടുത്ത നടപടികൾ സ്വീകരിച്ചിരുന്നില്ല എന്നതാണ്. നിർദ്ദിഷ്ട നിയന്ത്രണ ചട്ടക്കൂടിന് വിധേയമായി, വിവിധ മാനുഷിക ആവശ്യങ്ങൾക്കായി വിദേശ ഫണ്ടുകൾ രാജ്യത്തേക്ക് ഒഴുകാൻ അനുവദിച്ചിരുന്നു.
കനത്ത പ്രഹരം
എന്നാൽ നിലവിലെ ബിൽ വിദേശ ഫണ്ടുകളെ അവലംബിക്കുന്ന എൻ.ജി.ഒകൾക്കും മത-സാംസ്കാരിക സംഘടനകൾക്കും മേൽ കനത്ത പ്രഹരമേൽപ്പിക്കുന്ന ഒന്നാണ്. വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനായി അപേക്ഷകരെ രജിസ്റ്റർ ചെയ്യുന്നതിനും സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിനുമുള്ള വ്യവസ്ഥകൾ 2010-ലെ അമന്റിൽ കൃത്യമായി പറയുന്നുണ്ട്. അത്തരം ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിന് വ്യത്യസ്ത വ്യവസ്ഥകളുണ്ട്. അതിലൊന്ന്, അപേക്ഷകൻ നേരിട്ടോ അല്ലാതെയോ പ്രലോഭനത്തിലൂടെയോ ബലപ്രയോഗത്തിലൂടെയോ ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതായി കണ്ടെത്തുകയോ, പ്രസ്തുത പ്രവർത്തിക്ക് വിചാരണ നേരിടുകയോ, ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്തവരായിരിക്കണം എന്നതാണ്. മറ്റൊരു വ്യവസ്ഥ, വർഗീയ സംഘർഷമോ, ഭിന്നതയോ, സമാനമായ പ്രശ്നങ്ങളോ ഉണ്ടാക്കിയതിന് അപേക്ഷകൻ വിചാരണ ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുണ്ടാവരുത് എന്നതാണ്.

2026-ലെ നിയമപ്രകാരം ഒരു എൻ.ജി.ഒയുടെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ഈ ലൈസൻസ് റദ്ദാക്കപ്പെടുകയോ അഞ്ച് വർഷത്തെ കാലാവധി കഴിയുമ്പോൾ സർക്കാർ അത് പുതുക്കി നൽകാതിരിക്കുകയോ ചെയ്താൽ, അവരുടെ സ്ഥലം, കെട്ടിടങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സ്വത്തുക്കളും ഉടനടി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രത്യേക അതോറിറ്റിയിലേക്ക് മാറ്റപ്പെടും. അതിൽ അപകടകരമായ കാര്യമെന്തെന്നാൽ ഒരു ആസ്തി വിദേശ സംഭാവനകളിൽ നിന്ന് ഭാഗികമായി മാത്രം സൃഷ്ടിക്കപ്പെട്ടതാണെങ്കിൽ പോലും, മുഴുവൻ ആസ്തിയും നിയുക്ത അതോറിറ്റിയിൽ നിക്ഷിപ്തമാകുമെന്ന് സെക്ഷൻ 16 എ(2) വ്യക്തമാക്കുന്നു. തുടക്കത്തിൽ, ഇത്തരത്തിൽ കണ്ടുകെട്ടുന്നത് താൽക്കാലികമായിരിക്കും. എന്നാൽ, നിശ്ചിത സമയപരിധിക്കുള്ളിൽ ഒരു പുതിയ സർട്ടിഫിക്കറ്റ് നേടുന്നതിലോ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് പുതുക്കുന്നതിലോ പുനഃസ്ഥാപിക്കുന്നതിലോ അപേക്ഷകർ പരാജയപ്പെട്ടാൽ, വിദേശ സംഭാവനയും അതിൽ നിന്ന് സൃഷ്ടിച്ച ആസ്തികളും നിയുക്ത അതോറിറ്റിയിൽ ശാശ്വതമായി നിക്ഷിപ്തമാകും. ലൈസൻസ് റദ്ദാക്കുന്ന സാഹചര്യത്തിൽ മുൻപ് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ എൻ.ജി.ഒകൾക്ക് അവസരമുണ്ടായിരുന്നെങ്കിൽ, പുതിയ ബില്ലിൽ അതിനുള്ള അവകാശം പൂർണ്ണമായും എടുത്തുകളഞ്ഞിരിക്കുകയാണ്. വിദേശ ഫണ്ട് ഇനി ആവശ്യമില്ലെന്നും രാജ്യത്തിനകത്തുള്ള പണം ഉപയോഗിച്ച് മാത്രം തുടർന്ന് പ്രവർത്തിക്കാമെന്നും ഒരു സംഘടന തീരുമാനിച്ചാൽ പോലും അവർക്ക് തങ്ങളുടെ പഴയ സ്വത്തുക്കൾ നിലനിർത്താനാകില്ല എന്നതാണ് ഈ നിയമത്തിലെ ഏറ്റവും വലിയ കുരുക്ക്. അതായത്, പതിറ്റാണ്ടുകളായി ഒരു സംഘടന വിദേശഫണ്ടും ഒപ്പം ആഭ്യന്തര ഫണ്ടും ഉപയോഗിച്ച് കെട്ടിപ്പടുത്ത ഒരു ആശുപത്രിയോ സ്കൂളോ ഉണ്ടെങ്കിൽ, ലൈസൻസ് പുതുക്കി കിട്ടാത്ത ഒറ്റ കാരണത്താൽ ആ സ്ഥാപനം പൂർണ്ണമായും സർക്കാരിന്റെ കൈകളിലേക്ക് എത്തും. ഈ സ്വത്തുക്കൾ മറ്റുള്ളവർക്ക് വിൽക്കാനോ മറ്റ് സർക്കാർ വകുപ്പുകൾക്ക് കൈമാറാനോ, അതിൽ നിന്നുള്ള വരുമാനം കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിലേക്ക് മാറ്റാനോ കോടതിയുടെ യാതൊരു മുൻകൂർ അനുമതിയും ഇല്ലാതെ തന്നെ ഈ പുതിയ അതോറിറ്റിക്ക് അധികാരമുണ്ടായിരിക്കും. ലൈസൻസ് പുതുക്കി നൽകാൻ സർക്കാർ വിസമ്മതിച്ചാൽ അതിനെതിരെ അപ്പീൽ നൽകാൻ പോലുമുള്ള വ്യവസ്ഥ പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ഈ നിയമത്തിന്റെ ഏകാധിപത്യ സ്വഭാവം വ്യക്തമാക്കുന്നു. അങ്ങനെ, പ്രധാനമായും വിദേശ സംഭാവനകളുടെ ബലത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയെ പൂർണ്ണമായും തകർക്കുന്നതിൽ സർട്ടിഫിക്കറ്റ് റദ്ദാക്കൽ ഒരു നിർണായക ഘടകമായി മാറുന്നു.
എപ്പോഴാണ് റദ്ദാക്കാൻ സാധിക്കുക?
ഇവിടെയാണ് ഈ നിയമത്തിൻ്റെ എറ്റവും ഭീകരമായ വശം. 2010-ലെ വിദേശ സംഭാവന (നിയന്ത്രണ) നിയമത്തിലെ സെക്ഷൻ 14 (1) (സി) പ്രകാരം, 'പൊതുതാൽപ്പര്യം' മുൻനിർത്തി ഏത് സംഘടനയുടെയും സർട്ടിഫിക്കറ്റ് റദ്ദാക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ട്. തികച്ചും അവ്യക്തമായ ഈ പദം സർക്കാരിന് അനിയന്ത്രിതമായ അധികാരമാണ് നൽകുന്നത്. തങ്ങൾ പൊതുതാൽപ്പര്യത്തിന്റെ സംരക്ഷകരാണെന്ന വാദമുയർത്തി ഏത് നടപടിയെയും എളുപ്പത്തിൽ ന്യായീകരിക്കാൻ സർക്കാരിന് ഇതിലൂടെ കഴിയും. സർട്ടിഫിക്കറ്റ് റദ്ദാക്കപ്പെടുന്നതോടെ സംഘടനകൾക്ക് വിദേശസഹായം സ്വീകരിക്കാനുള്ള അവകാശം നഷ്ടപ്പെടുക മാത്രമല്ല, അതുപയോഗിച്ച് അവർ സ്വരൂപിച്ച ആസ്തികൾ സർക്കാർ ഏറ്റെടുക്കുകയും അവരുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും സ്തംഭിക്കുകയും ചെയ്യും. ചിലപ്പോൾ ഇത്തരം ആസ്തികളിൽ ആരാധനാലയങ്ങൾ വരെ ഉൾപ്പെട്ടേക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം.
നിർബന്ധിതമോ പ്രലോഭനങ്ങളിലൂടെയോ ഉള്ള മതപരിവർത്തനം ആരോപിച്ച് ഏതെങ്കിലും വ്യക്തിക്കോ സംഘടനയ്ക്കോ എതിരെ കേസെടുത്താൽ പോലും അവരുടെ സർട്ടിഫിക്കറ്റ് റദ്ദാക്കപ്പെടാം. ഒരു മതസംഘടനയെ ലക്ഷ്യം വെക്കുന്ന ഏതൊരാൾക്കും അവർക്കെതിരെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പോലീസിലോ കോടതിയിലോ എളുപ്പത്തിൽ പരാതി നൽകാനാകുമെന്ന് മുൻകാല അനുഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, പ്രത്യേകിച്ചും ന്യൂനപക്ഷ മതവിഭാഗങ്ങൾക്കെതിരെ ഈ വ്യവസ്ഥ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാൻ വലിയ സാധ്യതയാണുള്ളത്.
എഫ്.സി.ആർ.എ (FCRA) രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തിരികെ നൽകുന്നതുമായി (Surrender) ബന്ധപ്പെട്ട ഈ ബില്ലിലെ വ്യവസ്ഥകളും തികച്ചും യുക്തിരഹിതമാണ്. ഒരു വ്യക്തിയോ സംഘടനയോ തങ്ങളുടെ സർട്ടിഫിക്കറ്റ് സ്വമേധയാ തിരികെ നൽകാൻ തീരുമാനിച്ചാൽ, അവരുടെ പക്കൽ ബാക്കിയുള്ള വിദേശഫണ്ടും അതിൽ നിന്ന് സൃഷ്ടിച്ച മുഴുവൻ ആസ്തികളും നിയുക്ത അതോറിറ്റിയിൽ നിക്ഷിപ്തമാകും (ക്ലാസ് 16എ(1)(ബി) പ്രകാരം). ഇതിലെ യുക്തിരാഹിത്യം വളരെ വ്യക്തമാണ്. വിദേശസഹായം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു സംഘടനയ്ക്ക്, ഭാവിയിൽ ഇനി അത്തരം ഫണ്ടുകൾ ആവശ്യമില്ലെന്ന് തോന്നിയാൽ സ്വാഭാവികമായും അവർക്ക് സർട്ടിഫിക്കറ്റ് തിരികെ നൽകാം. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ, അതുവരെ നിയമപരമായി ഉണ്ടാക്കിയെടുത്ത ആസ്തികളും ബാക്കി ഫണ്ടും സർക്കാരിന് മുന്നിൽ അടിയറവ് പറയേണ്ടി വരുന്നത് തീർത്തും അസാധാരണവും വിചിത്രവുമായ ഒരു നടപടിയാണ്.

'പൊതുതാൽപ്പര്യം' മുൻനിർത്തി ഏതെങ്കിലും വ്യക്തിക്കോ സംഘടനയ്ക്കോ അല്ലെങ്കിൽ ഒരു വിഭാഗം സംഘടനകൾക്കോ ഈ നിയമത്തിൽ നിന്ന് ഇളവ് നൽകാൻ സർക്കാരിന് അധികാരമുണ്ടെന്ന് ക്ലാസ് 16-ൽ വ്യക്തമാക്കുന്നു എന്നതാണ് അതിലും വിചചിത്രമായ മറ്റൊരു കാര്യം. ഒറ്റനോട്ടത്തിൽ ഇതിന്റെ ഉദ്ദേശ്യം ലളിതമാണെന്ന് തോന്നാമെങ്കിലും, ഭരണഘടനയുടെ ആർട്ടിക്കിൾ 14 ഉറപ്പുനൽകുന്ന 'നിയമത്തിന് മുന്നിലെ തുല്യത' എന്ന മൗലികാവകാശത്തിന്റെ ലംഘനമാണിത്. നിയമം കർശനമായി ബാധകമാകുന്നവരിൽ നിന്നും പ്രത്യേക ഇളവുകൾ ലഭിക്കുന്നവരെ വേർതിരിച്ചറിയാനുള്ള വ്യക്തമായ മാനദണ്ഡങ്ങളൊന്നും ഇതിൽ പറയുന്നില്ല. മാത്രമല്ല, ഇത്തരം വിവേചനപരമായ തീരുമാനങ്ങളും ഈ നിയമനിർമ്മാണത്തിലൂടെ നേടിയെടുക്കാൻ ഉദ്ദേശിക്കുന്ന ലക്ഷ്യവും തമ്മിൽ യുക്തിസഹമായ യാതൊരു ബന്ധവുമില്ല. ഏതൊക്കെ വ്യക്തികൾക്കും സംഘടനകൾക്കുമാണ് ഇളവ് നൽകേണ്ടത് എന്നത് പൂർണ്ണമായും സർക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. അഥവാ സർക്കാർ ഉദ്ദേശിക്കുന്നവർക്ക് അനുകൂലവും മറ്റുള്ളവർക്ക് പ്രതികൂലവുമായി തികച്ചും ഏകപക്ഷീയമായി എന്തു തീരുമാനവും എടുക്കാനുള്ള അധികാരം സർക്കാരിന് നൽകുന്നതാണ് പുതിയ നിയമം. മാത്രമല്ല ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾക്കെതിരുമാണ്.
തുല്യതയ്ക്കുള്ള അവകാശം, സംഘടിക്കാനുള്ള അവകാശം, സ്വത്തവകാശം, ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള അവകാശം എന്നിവയെല്ലാം പൂർണ്ണമായി കാറ്റിൽ പറത്തുന്നതാണ് പുതിയ ഭേദഗതികൾ. വിദേശ ഫണ്ടുകളുടെ സഹായത്തോടെ രാജ്യത്ത് പ്രവർത്തിക്കുന്ന നിരവധി സ്കൂളുകൾ, ആശുപത്രികൾ, അനാഥാലയങ്ങൾ തുടങ്ങിയ ജീവകാരുണ്യ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ഇത് ഗുരുതരമായി ബാധിക്കും. ഒരു കെട്ടിടം നിർമ്മിക്കാൻ നാട്ടിൽ നിന്നുള്ള വ്യക്തികളുടെ സംഭാവനകളും വിദേശഫണ്ടും ഒരുമിച്ച് ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ലൈസൻസ് റദ്ദായാൽ ആ കെട്ടിടം പൂർണ്ണമായി സർക്കാരിലേക്ക് പോകുന്ന അവസ്ഥ രാജ്യത്തിനകത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളെപ്പോലും ഇല്ലാതാക്കും. രാജ്യസുരക്ഷയുടെയും സുതാര്യതയുടെയും പേര് പറഞ്ഞ് സർക്കാർ കൊണ്ടുവരുന്ന ഈ ബിൽ യഥാർത്ഥത്തിൽ രാജ്യത്തെ സ്വതന്ത്രമായ സിവിൽ സമൂഹത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും തകർക്കാനുള്ള ഒരു ആസൂത്രിത നീക്കമാണെന്നതിൽ സംശയമില്ല.
