ഒക്ടോബർ 20, 2022, രാവിലെ ഒമ്പതുമണി.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയോടനുന്ധിച്ച് കർണാടകയിലെ ബെല്ലാരിയിൽ റോഡുകളെല്ലാം രാവിലെ തന്നെ ബാരിക്കേഡുകളാൽ നിറഞ്ഞിരുന്നു. ഉച്ചക്കുശേഷം രാഹുൽഗാന്ധി സംസാരിക്കുന്ന മുൻസിപ്പൽ ഗ്രൗണ്ടിലെ പൊതുവേദിയിലേക്കുള്ള വഴികളും ജനനിബിഡമായിരുന്നു.
ജോഡോ യാത്രക്ക് ആശംസ നേർന്ന്, ഇന്ത്യയെ ഒരുമിപ്പിക്കാനുള്ള മുദ്രാവാക്യങ്ങൾ ബല്ലേരിയുടെ അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു. ഡ്രമ്മർമാരുടെ അകമ്പടിയോടെ സ്ത്രീകളും കുട്ടികളും യുവാക്കളും പുരുഷൻമാരുമടങ്ങുന്ന വലിയൊരു സംഘം ആവേശത്തോടെ മുദ്രാവാക്യങ്ങൾ ഏറ്റുവിളിക്കുന്നു. അവരെ പോലെ ബംഗളൂരുകാരായ ഞങ്ങൾ മൂന്നുപേരും കർണ്ണാടകയിലെ അവസാന ദിവസം ഈ ചരിത്രയാത്രയുടെ ഭാഗമാകണമെന്ന് തീരുമാനിച്ചവരായിരുന്നു. ഇത് ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ ചരിത്ര സംഭവമാണെന്നും കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ ദിശാസൂചികകളെ മാറ്റാൻ കഴിവുളള യാത്രയാണെന്നും ഞങ്ങൾ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു.
ബെല്ലാരിയിൽ ഒരു ഹോട്ടൽറൂം പോലും ഒഴിവില്ലാത്തതിനാൽ അവിടെ നിന്ന് 60 കിലോമീറ്റർ കിഴക്കുള്ള ഹോസ്‌പേട്ടിലാണ് ഞങ്ങൾക്ക് താമസിക്കേണ്ടിവന്നത്. ശനിയാഴ്ച പുലർച്ചെ തന്നെ ഞങ്ങൾ ബല്ലേരിയിലേക്ക് പുറപ്പെട്ടെങ്കിലും നഗരത്തിലെ പ്രധാന റോഡിനുസമീപം പൊലീസ് ഞങ്ങളുടെ വാഹനം തടഞ്ഞു. വി.ഐ. പി പാസുള്ളവർക്കുമാത്രമേ നഗരത്തിൽ പ്രവേശിക്കാനാകൂവെന്നാണ് അവർ പറഞ്ഞത്. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻവന്ന അയൽപ്രദേശങ്ങളിലെ കോൺഗ്രസ് പ്രവർത്തകരുടെ വാഹനങ്ങളെല്ലാം അവിടെയുണ്ടായിരുന്നു. ഇന്ന് ജോഡോ യാത്ര ആരംഭിക്കുന്ന സ്ഥലത്തേക്കുപോകാൻ പൊലീസ് ആവശ്യപ്പെട്ടു.
നഗരത്തിലേക്ക് പെട്ടെന്നെത്താവുന്ന മറ്റൊരു വഴി കണ്ടെത്താൻ ഞങ്ങൾ തീരുമാനിച്ചു. ഒരു ഓട്ടോയാത്രാക്കാരനാണ് ബസ് സ്റ്റാൻഡിലേക്കും ഭാരത് ജോഡോ യാത്ര പോകുന്ന റൂട്ടിലേക്കുമെത്താനുമുള്ള ഞങ്ങളുടെ ശ്രമത്തെ സഹായിച്ചത്.
സമയം രാവിലെ ഏഴര ആകുന്നതേയുണ്ടായിരുന്നുള്ളൂ. യാത്ര കടന്നുപോകുന്ന റോഡിനിരുവശവും ആളുകൾ രാഹുൽ ഗാന്ധിക്കായി കാത്തിരിക്കുകയാണ്. ചിലർ പ്ലക്കാർഡുകളും ബാനറുകളും കൈയ്യിൽ പിടിച്ചിട്ടുണ്ട്. മറ്റു ചിലർ ത്രിവർണ പതാകകളും പൂക്കളുമായി കാത്തുനിൽക്കുന്നു. അന്തരീക്ഷത്തിലാകെ ആകാംക്ഷയും ആവേശവും പ്രതിധ്വനിക്കുന്നു. മത-ജാതി- വർഗ വ്യത്യാസങ്ങളില്ലാതെ എല്ലാ വിഭാഗക്കാരും യാത്രയെ അന്വർഥമാകുന്ന വിധം അവിടെ സന്നിഹിതരായിരുന്നു. വിദ്വേഷത്തിനും വർഗീയതക്കുമെതിരെ വിഭാഗീയതകളൊന്നുമില്ലാതെ സ്‌നേഹത്തോടെ ഐക്യപ്പെടണമെന്ന വലിയ സന്ദേശം ആൾക്കൂട്ടത്തിൽ പ്രകടമായിരുന്നു. ആ
ൾക്കൂട്ടത്തിന്റെ ആക്രമണോത്സുകതയെ തിരുത്താൻ ശേഷിയുള്ള, സമാധാനപരമായ ഈ ‘ഓർഗാനിക് ചാം’ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയുടെ മുഖമുദ്രയായി എനിക്ക് തോന്നി.
യാത്ര പുറപ്പെടുമ്പോൾ ബെല്ലാരി തെരുവുകളിലെ ആൾക്കൂട്ടത്തിൽ നിന്ന് സന്തോഷവും ആവേശവും നിറഞ്ഞ മുഖങ്ങൾ കാണാമായിരുന്നു. ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിലൂടെ, ഈ രാജ്യത്തെ വീണ്ടെടുക്കാനുള്ള ഉദ്യമങ്ങൾക്ക് തങ്ങളാൽ കഴിയുന്ന സഹായം ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് അവരിൽ പലരും ഞങ്ങളോട് പറഞ്ഞു. 700 കീലോമീറ്ററിലധികം ചുറ്റി സഞ്ചരിച്ച് ജോഡോയാത്രയുടെ ഭാഗമാകാൻ ഞങ്ങളെയും പ്രേരിപ്പിച്ച പ്രധാന ഘടകവും ഇതുതന്നെയായിരുന്നു.
വിദ്വേഷ രാഷ്ട്രീയത്തിൽനിന്ന് രാജ്യത്തെ മോചിപ്പിക്കാൻ ആഗ്രഹിക്കുന്ന ഇത്തരം ആൾക്കൂട്ടത്തിലുള്ള വിശ്വാസം രാഹുൽ ഗാന്ധി ആസ്വദിക്കുന്നുണ്ടെന്നാണ് ജോഡോ യാത്രയുടെ വലിയ വിജയം രേഖപ്പെടുത്തുന്നത്. കേഡർ അധിഷ്ഠിതമായ ഒരു സംഘടനയുടെ പിന്തുണയില്ലാതിരുന്നിട്ടും, രാഹുൽഗാന്ധിക്കല്ലാതെ മറ്റൊരു നേതാവിനും ഈ സ്‌കെയിലിലേക്ക് എത്താൻ പറ്റുമെന്ന് തോന്നുന്നില്ല. ‘ജോഡോ ജോഡോ ഭാരത് ജോഡോ' എന്ന മുദ്രാവാക്യം കേട്ട് ഞങ്ങൾ ഉച്ചഭക്ഷണം കഴിക്കാനിരുന്ന റസ്‌റ്റോറന്റിലെ മുഴുവൻ ജീവനക്കാരും റോഡിലേക്ക് ഓടിപ്പോയത്, രാഹുൽഗാന്ധി കൈവരിച്ച ജനപ്രീതിയുടെ ഉദാഹരണമായി എനിക്ക് പറയാൻ കഴിയും. സമ്മേളനവേദിയിലേക്ക് പോകുന്ന മറ്റൊരു ജാഥ മാത്രമാണ് അതെന്നും രാഹുൽ ഗാന്ധി അതിലില്ലെന്നും അറിഞ്ഞപ്പോൾ അവരുടെ മുഖത്തുണ്ടായിരുന്ന നിരാശ തന്നെ അദ്ദേഹത്തിന്റെ ജനപ്രീതി തെളിയിക്കുന്നതായിരുന്നു.
ജോഡോ യാത്രയുടെ സമ്മേളനവേദിയിലേക്ക് നയിക്കുന്ന എല്ലാ റോഡുകളിലും ഇടവഴികളിലും ജനം തിങ്ങിനിൽക്കുന്നതാണ്, ബെല്ലാരിയെ ചുറ്റിപ്പോയപ്പോൾ ഞങ്ങൾക്ക് കാണാനായത്. ഒരു ലക്ഷം പേർക്കിരിക്കാൻ സൗകര്യമുണ്ടെന്ന് തോന്നിക്കുന്ന കുറ്റൻ ഷാമിയാന ഉച്ചയ്ക്ക് മുമ്പേ നിറഞ്ഞുകവിഞ്ഞിരുന്നു. കുടുംബത്തിലെ ഒരു പരിപാടിയെന്ന രീതിയിലുള്ള ഉത്സവമൂഡ് എല്ലാവർക്കുമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങൾ ബെല്ലാരിയിൽ ചെവലഴിച്ച ആ ഏട്ട് മണിക്കൂറുകളും ആവേശകരമായ അനുഭവങ്ങളാൽ സമൃദ്ധമായിരുന്നു.
ഭാരത് ജോഡോ യാത്രയിലൂടെ കേരളത്തിലും കർണ്ണാടകയിലും കോൺഗ്രസിന് ഒരുത്തേജനമേകാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞിട്ടുണ്ട്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തിരിച്ചടിയാണ് കർണാടകം സമ്മാനിച്ചത്. അതിനുശേഷം, നിരവധി നേതാക്കൾ പാർട്ടി വിടുകയും ചെയ്തിരുന്നു. എങ്കിലും, വോട്ടർമാർക്ക് പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടില്ലെന്ന് ഈ ജാഥക്കുലഭിച്ച പ്രതികരണം തെളിയിക്കുന്നു. ആറ് മാസത്തിനുള്ളിൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, പാർട്ടിക്ക് ഇത് വലിയ മുതൽക്കൂട്ടാണ്. അടുത്ത ഏതാനും മാസങ്ങളിൽ കൂടി ഈ ആവേശം നിലനിർത്താൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞാൽ, കോൺഗ്രസ് അധ്യക്ഷൻ ഡി. ശിവകുമാർ അവകാശപ്പെട്ടതുപോലെ, സംസ്ഥാനത്ത് 150 സീറ്റ്കോൺഗ്രസിന് നിഷ്പ്രയാസം നേടാനാവും. അതിനുതകുന്ന സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങളെ ഒരുമിപ്പിച്ചുള്ള അനുകൂലമായ ഒരടിത്തറ കോൺഗ്രസിനുണ്ടെന്ന് തോന്നുന്നു.
പക്ഷേ, നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഭാരത് ജോഡോയാത്രയെ നിസ്സാരവത്ക്കരിക്കാനാണ് ശ്രമിക്കുന്നത്. യാത്രയുടെ കവറേജ് പരാമാവധി കുറച്ച് അതിന് ഒരുതരത്തിലുമുള്ള ഇംപാക്റ്റുണ്ടാക്കാനായിട്ടില്ലെന്ന് വരുത്തിത്തീർക്കാനാണ് സർക്കാറിനോട് വിധേയപ്പെട്ടു നിൽക്കുന്ന മാധ്യമങ്ങൾ ശ്രമിക്കുന്നത്. പക്ഷേ, ജോഡോ യാത്രക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ജനപിന്തുണ അവഗണിക്കാൻ കഴിയാത്തതാണെന്ന് മാധ്യമരംഗത്തുള്ളവർ തിരിച്ചറിയുന്നത് നല്ലതാണ്. ജനങ്ങൾക്കിടയിലേക്കാണ് രാഹുൽഗാന്ധി ഇറങ്ങിച്ചെല്ലുന്നത്, അത് നേരിട്ടനുഭവിച്ചറിയുന്ന ജനങ്ങളെ വിഡ്ഢികളാക്കാൻ മാധ്യമങ്ങൾക്ക് കഴിയില്ല.
(സ്‌ക്രോളിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ: റിദ നാസർ)