അംബേദ്കറും ഗാന്ധിയും ഒരുമിച്ച് പൊരുതേണ്ട സമരം

രാഷ്ട്രീയത്തിലെ ഏകാധിപത്യ സ്വജനപക്ഷപാതം ജീർണ്ണിക്കുമ്പോൾ സിവിൽ സമൂഹം രാഷ്ട്രിയേതരമായി ചിന്തിക്കുന്നു. അവരിൽ പാർശ്വവൽകൃത ജനവിഭാഗം ഉണ്ട്. അവർ നവസാമൂഹ്യ പ്രസ്ഥാനങ്ങളുമായി ഐക്യപ്പെടുന്നു. സിവിൽ രാഷ്ട്രീയത്തിന്റെ ഈ ശാക്തീകരണത്തെ ഇടതുപക്ഷത്തിന് പോലും മറികടക്കാൻ കഴിയുന്നില്ല. കാരണം, ഇന്ത്യയിലെ അസമത്വങ്ങളെയും വിഭജിത സ്വത്വങ്ങളെയും നിർമ്മിച്ചത് ജാതിയാണ് എന്നിടത്തേക്ക് ജനാധിപത്യ രാഷ്ട്രീയ പാർട്ടികൾക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല. ഈ അജ്ഞതയെ കുറിച്ചാണ് ജീവിതകാലം മുഴുവൻ അംബേദ്കർ വിളിച്ചു പറഞ്ഞത്. അതാണ് ശരിയെന്ന് സമകാലിക ഇന്ത്യ സാക്ഷ്യപ്പെടുത്തുകയാണ്.

ന്ത്യൻ ജനാധിപത്യവും അതു ഉയർത്തിപ്പിടിക്കുന്ന ബഹുസ്വരതയും അനുദിനം തകർന്നടിയുകയാണ്. ഈ രാഷ്ട്രീയ സാഹചര്യം രാജ്യത്തെ ജനാധിപത്യ വിശ്വാസികളെ ആഴത്തിൽ ആശങ്കപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആറര പതിറ്റാണ്ടിനു ശേഷം ശക്തിപ്പെട്ട ഹിന്ദുത്വ രാഷ്ട്രീയ സമവാക്യങ്ങൾ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് ഏൽപ്പിച്ച ആഘാതങ്ങൾ ചെറുതല്ല. അതാകട്ടെ സാധാരണ മനുഷ്യരുടെ സാമൂഹ്യ ജീവിതത്തിൽ പ്രകടമായി കഴിഞ്ഞു. നാളിതുവരെയായി ഇന്ത്യൻ ജനത തുടർന്നു വന്ന രാഷ്ട്രീയ സാമൂഹിക ജീവിതത്തിൽ അസമത്വങ്ങൾ നിലനിന്നപ്പോഴും പൗര വ്യക്തിത്വങ്ങൾക്ക് ജനാധിപത്യ അവകാശങ്ങളെ തങ്ങളുടെ രാഷ്ട്രീയ അധികാരമായി നിലനിർത്താൻ കഴിഞ്ഞിരുന്നു. അതാണ് ഭരണഘടനയുടെ ശക്തി. ജനാധിപത്യത്തിൽ നിന്നുകൊണ്ട് പൗരന് പ്രതികരിക്കാനുള്ള അവകാശം ഉണ്ടായിരുന്നു. എന്നാൽ പൗരാധികാരത്തിന്റെ മൗലികത നിലനിൽക്കെ ഭരണകൂടം അതിനെ റദ്ദ് ചെയ്യുന്ന കാഴ്ചയ്ക്ക് മുമ്പിലാണ് നമ്മൾ ഇപ്പോൾ. അതൊരു ആശങ്കപ്പെട്ട ജീവിതമാണ്.

ഇന്ത്യയുടെ മതേതര ജീവിതത്തിനും ബഹുസ്വര സംസ്‌കാരത്തിനും ഏൽക്കുന്ന ഏതൊരു പരിക്കും രാജ്യത്തിന്റെ ഐക്യത്തിന് നൽക്കുന്ന ആഘാതം ചെറുതായിരിക്കില്ല. കാരണം, ഇന്ത്യൻ ജനജീവിതത്തിന്റെ വൈപുല്യവും സാമൂഹിക പ്രക്യതിയും ബഹുരൂപകങ്ങളാൽ രൂപപ്പെട്ടതും വൈവിധ്യങ്ങളാൽ നിലനിൽക്കുന്നതുമാണ്. ഇതിനെതിരെയുള്ള ഏതൊരു കടന്നാക്രമണവും ജനാധിപത്യത്തെ തകർക്കും. രാജ്യത്ത് അടിക്കടി ഉണ്ടാക്കുന്ന ഭരണകൂട പരിഷ്‌ക്കാരങ്ങൾ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യബോധത്തെ തകർക്കുന്നതാണ്. ഇതിന് എതിരെയുള്ള ചെറുത്തുനിൽപ്പുകളും സാംസ്‌കാരിക പ്രതിരോധങ്ങളും രാഷ്ട്രീയ ഐക്യപ്പെടലുകളുമായി മാറേണ്ടതുണ്ട്. ഇതിനു എടുക്കുന്ന കാലതാമസം ഇന്ത്യയിലെ സവിശേഷ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഉണ്ടാക്കുന്ന പ്രതിസന്ധി ഗുരുതരമാക്കും. അത്തരം അവസ്ഥയിലാണ് ഹിന്ദുത്വ രാഷ്ട്രീയ അധികാരം ശക്തിപ്പെടുന്നത്. ഇതിനെതിരെയുള്ള പ്രതിരോധ പ്രവർത്തനത്തിൽ അംബേദ്ക്കർ ചിന്തകൾ ജനാധിപത്യവിശ്വാസികൾക്ക് കരുത്താകുന്നു. ഒരു ഭാഗത്ത് ഗാന്ധിജി ഉയർത്തിപ്പിടിച്ച് മതേതര ജനാധിപത്യ മൂല്യബോധവും മറുഭാഗത്ത് അംബേദ്കർ വെട്ടി തുറന്ന അടിസ്ഥാന വർഗ്ഗത്തിന്റെ ജനാധിപത്യ അവകാശ ബോധവും ഒരേപോലെ പരിഗണിക്കേണ്ട കാലമാണിത്. ഡോ: ബി ആർ അംബേദ്ക്കറിന്റെ 132 - ജന്മദിനം അത്തരം ആലോചനകൾക്ക് കൂടി അവസരം നൽകുന്നുണ്ട്.

ഗാന്ധിജിയോടുള്ള അംബേദ്കറുടെ വിമർശനങ്ങളെ പൂർണമായി ഉൾക്കൊണ്ടുകൊണ്ടുതന്നെ രാജ്യത്തിന്റെ ജനാധിപത്യത്തെ വീണ്ടെടുക്കാൻ അംബേദ്ക്കർ ചിന്താധാരകൾ മുന്നിട്ടിറങ്ങണം. ഭരണകൂടം ദളിത് പാർശ്വവൽകൃത വിഭാഗത്തോട് കാണിക്കുന്ന സവർണ്ണാധികാര പ്രയോഗത്തിനെതിരെയുള്ള ചെറുത്തു നിൽപ്പിൽ അടിസ്ഥാന സമൂഹത്തിന് കൃത്യമായ റോളുണ്ട്. അതാകട്ടെ നിശ്ചിത സ്വത്വരാഷ്ട്രിയത്തിന് പുറത്ത് വികാസം പ്രാപിക്കേണ്ടതുണ്ട്. കാരണം, അംബേദ്ക്കർ വ്യാഖ്യാനിച്ച ജനാധിപത്യത്തിന്റെ ആന്തരിക സത്തയിലൂടെ വേണം ഇനി ഇന്ത്യക്ക് പുതിയ സാമൂഹിക മാറ്റത്തെ മുന്നോട്ട് നയിക്കാൻ. സമത്വം, സാഹോദര്യം, തുല്യത എന്നീ അംബേദ്ക്കർ ചിന്തയെ പരിഗണിക്കാതെ ഭരണകൂടം സവർണ്ണ ജാതി മനോ ഘടനയിലൂടെ മുന്നേറുകയാണ്. അതുണ്ടാക്കുന്ന അസമത്വങ്ങളെ പൊതു ഇടങ്ങളിൽ തന്നെ ചർച്ചക്കായി പാകപ്പെടുത്തണം. അത്തരം ചിന്താധാരയോട് ഐക്യപ്പെടേണ്ടതുണ്ട് രാജ്യത്തെ ജനാധിപത്യ പ്രസ്ഥാനങ്ങൾ.

പുരോഗമന ജനാധിപത്യ ഇടതു, സോഷ്യലിസ്റ്റ്, രാഷ്ട്രീയത്തിന്റെ അടിസ്ഥാന തത്വം സമ്പൂർണ്ണ അസമത്വ നിരാകരണമാണ്. എന്നാൽ ജാതി ഉണ്ടാക്കുന്ന അപകടത്തെ ഇത്തരം പ്രസ്ഥാനങ്ങൾ ഗൗരവത്തിൽ എടുത്തില്ല. ഡോ:ലോഹ്യക്ക് അതിനു കഴിഞ്ഞിട്ടുണ്ട്. അതാകട്ടെ ഇന്ത്യൻ സാമൂഹ്യ സാഹചര്യത്തെ നിർണ്ണയിക്കുന്നതിൽ ജാതിക്കുള്ള പങ്കിനെ തിരിച്ചറിഞ്ഞതു കൊണ്ടായിരുന്നു. അംബേദ്ക്കർ കഴിഞ്ഞാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ജാതിരാഷ്ട്രീയത്തിന്റെ അപകടത്തെക്കുറിച്ച് പറയാൻ കഴിഞ്ഞത് ലോഹ്യക്ക് ആണ്. രാജ്യത്തെ ജനാധിപത്യ പ്രസ്ഥാനങ്ങൾ മിക്കവാറും സവർണ്ണ മധ്യവർഗ താത്പര്യങ്ങൾക്കാണ് കരുത്ത് നൽകിയത്. ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ ജാതി വ്യവസ്ഥയോടുള്ള ഗാന്ധിജിയുടെ നിലപാട് വിമർശനത്തിന് വിധേയമാണ്. അതൊക്കെ മാറ്റിനിർത്തി ഇന്ത്യയുടെ വീണ്ടെടുപ്പിന് ഒന്നിക്കേണ്ട സമയമാണിത്.

ഗാന്ധിയും അംബേദ്കറും

ഗാന്ധിജിയുടെ മതേതരത്വത്തിന്റെ ഭാഗമായി നിന്നുകൊണ്ട് അംബേദ്കറുടെ ജനാധിപത്യ ബോധ്യങ്ങളെ ഇക്കാലത്ത് അവതരിപ്പിക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ ചൂണ്ടുപലകയായി അതു മാറും. രാഷ്ട്രീയ ജനാധിപത്യം നിലനിൽക്കുമ്പോൾ സാമൂഹിക ജനാധിപത്യം ഉപയോഗിക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ അംബേദ്ക്കർ വ്യാഖ്യാനിച്ചിട്ടുണ്ട്. സമൂഹത്തിലെ വ്യത്യസ്തരായ മനുഷ്യർ തമ്മിലുള്ള ബന്ധത്തിലാണ് ജനാധിപത്യത്തിന്റെ വേരുകൾ അന്വേഷിക്കേണ്ടത് എന്നത് അംബേദ്കറുടെ ജനാധിപത്യ സങ്കല്പത്തിന്റെ അടിസ്ഥാനമാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനുള്ള കരുത്തുറ്റ ആയുധം കൂടിയാണത്.

രാജ്യത്ത് നടക്കുന്ന ചെറുതും വലുതുമായ ഭരണകൂട വിരുദ്ധ ജനാധിപത്യ പോരാട്ടങ്ങൾക്ക് ഇന്ന് സിവിൽ സമൂഹത്തിൽ നിന്നുള്ള പിന്തുണയുണ്ട്. ഈ പിന്തുണ ഏതെങ്കിലും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പിൻബലത്തിൽ രൂപപ്പെടുന്നതല്ല. മറിച്ച് പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ അതിജീവന പോരാട്ടത്തിന്റെ രാഷ്ട്രീയം മനസ്സിലാക്കിയവരുടെ ഐക്യപ്പെടലാണ്. അപ്പോഴും അതിലൊരു രാഷ്ട്രീയം നിറഞ്ഞു നിൽക്കുന്നുണ്ട്. ആ രാഷ്ട്രീയം അസമത്വങ്ങൾക്ക് കാരണമായ വിവേചനങ്ങളുടെ അടിസ്ഥാന ആശയങ്ങളെ നിരാകരിച്ചു കൊണ്ടാണ് ശക്തി പ്രാപിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഈ അസമത്വങ്ങളുടെ സാമൂഹ്യ രൂപാന്തരണം സംഭവിക്കുന്നത് ജാതിവ്യവസ്ഥയിൽ നിന്നാണ്. അതുകൊണ്ട് ജാതിയെ അഡ്രസ് ചെയ്യാത്ത ഒരു പ്രത്യയ ശാസ്ത്രത്തിനോ, ജ്ഞാനശാഖക്കോ സവർണ്ണ രാഷ്ട്രീയ ബോധത്തെ ആശയപരമായോ രാഷ്ട്രീയപരമായോ പരാജയപ്പെടുത്താൻ കഴിയില്ല. ഈ തിരിച്ചറിവ് നമുക്ക് ഉണ്ടാവുന്നത് ആറ് പതിറ്റാണ്ടോളം ശക്തമായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ അനുഭവം കൊണ്ടാണ്. കോൺഗ്രസിലെ പല നേതാക്കളും ഹിന്ദുത്വത്തോട് ഐക്യപ്പെടുന്നതിന്റെ രാഷ്ട്രീയത്തെ വിശകലനം ചെയ്യുമ്പോഴാണ് അതൊക്കെ ഹിന്ദുത്വം മുന്നോട്ടു വെച്ചിട്ടുള്ള രാഷ്ട്രീയത്തോടുള്ള വിചാരപ്പെടലാണെന്ന് മനസിലാവുന്നത്. ഇത്തരം നേതാക്കൾക്കൊന്നും ജാതിയുടെ കീഴാളപക്ഷ അടിച്ചമർത്തലുകളെ ഉൾക്കൊള്ളാനോ തിരിച്ചറിയാനോ കഴിയുന്നില്ല. അതിനു കഴിയുമ്പോഴാണ് ഇന്ത്യൻ പ്രതിക്ഷ അംബേദ്ക്കറിൽ എത്തി നിൽക്കുന്നത്.

ഇടതുപക്ഷ രാഷ്ട്രീയത്തിന് ഇന്ത്യൻ സാമൂഹിക നിർമ്മിതിയിൽ ജാതിയുടെ ഇടപെടലും അതുണ്ടാക്കിയ സാംസ്‌കാരിക മേൽക്കോയ്മയും എത്രമാത്രം ശക്തമാണെന്ന് ഇപ്പോഴും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. വർഗ്ഗരഹിതമായ സമൂഹത്തിൽ ജാതി സ്വാഭാവികമായി നിരാകരിക്കപ്പെടും എന്ന നിരീക്ഷണം ഇന്ത്യൻ സാമൂഹിക യാഥാർത്ഥ്യത്തെ തിരിച്ചറിയാൻ കഴിയാത്തതിന്റെ ഫലമാണ്. അതുകൊണ്ടുതന്നെ ജാതി ചിന്തകളെയും അതിന്റെ ആശയധാരകളെയും പാർലിമെന്ററി രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യാൻ ഇടതുപക്ഷം തയ്യാറായില്ല. ഇനിയെങ്കിലും അംബേദ്ക്കർ ചിന്തയെ മുൻനിർത്തി അത്തരം അന്വേഷണം സാധ്യമാക്കണം.

മനുഷ്യൻ എക്കാലത്തും ജീവിക്കാനുള്ള ഭൗതിക സാഹചര്യങ്ങളെ ആർജിച്ചെടുക്കുന്നത് നിലനിൽക്കുന്ന സാമൂഹിക സാഹചര്യങ്ങളിൽ നിന്നാണല്ലോ. ഈ സാഹചര്യങ്ങളെ നിരന്തരം നവീകരിക്കുന്നുണ്ട് ജനാധിപത്യ പ്രക്രിയ. അവിടെ ഏകാധികാര കൽപ്പനകൾ രൂപപ്പെട്ടു കഴിഞ്ഞാൽ ജനാധിപത്യത്തിന്റെ സ്വച്ഛന്ദതയും ശാക്തീകരണവും റദ്ദ് ചെയ്യപ്പെടും. ഇന്ത്യയിൽ അത് സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്. അതിനെ മറികടക്കുക എന്നത് ജനാധിപത്യത്തിൽ കൂടി മാത്രം സാധ്യമാകുന്നതാണ്. ഇത് ജനാധിപത്യ രാഷ്ട്രീയപാർട്ടികളുടെ തണലിൽ മാത്രം രൂപപ്പെടുന്നതാണ് എന്ന് പൊതുബോധത്തെ ആധുനിക ഇന്ത്യ തിരുത്തിയതാണ് ആം ആദ്മി പാർട്ടിയുടെ അധികാര പ്രവേശനം. അതായത് രാഷ്ട്രീയത്തിലെ ഏകാധിപത്യ സ്വജനപക്ഷപാതം ജീർണ്ണിക്കുമ്പോൾ സിവിൽ സമൂഹം രാഷ്ട്രിയേതരമായി ചിന്തിക്കുന്നു. അവരിൽ പാർശ്വവൽകൃത ജനവിഭാഗം ഉണ്ട്. അവർ
നവസാമൂഹ്യ പ്രസ്ഥാനങ്ങളുമായി ഐക്യപ്പെടുന്നു. സിവിൽ രാഷ്ട്രീയത്തിന്റെ ഈ ശാക്തീകരണത്തെ ഇടതുപക്ഷത്തിന് പോലും മറികടക്കാൻ കഴിയുന്നില്ല. കാരണം, ഇന്ത്യയിലെ അസമത്വങ്ങളെയും വിഭജിത സ്വത്വങ്ങളെയും നിർമ്മിച്ചത് ജാതിയാണ് എന്നിടത്തേക്ക് ജനാധിപത്യ രാഷ്ട്രീയ പാർട്ടികൾക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല. ഈ അജ്ഞതയെ കുറിച്ചാണ് ജീവിതകാലം മുഴുവൻ അംബേദ്കർ വിളിച്ചു പറഞ്ഞത്. അതാണ് ശരിയെന്ന് സമകാലി ഇന്ത്യ സാക്ഷ്യപ്പെടുത്തുകയാണ്.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ അതിജീവിക്കാനുള്ള പ്രധാന വഴികളിൽ ഒന്ന് സെക്യൂലറിസത്തെ സാമൂഹിക പൊതുവഹാരങ്ങളിൽ പരമാവധി അവതരിപ്പിക്കുക എന്നതാണ്. ഇന്ത്യയിലെ ജനാധിപത്യ രൂപീകരണം പാശ്ചാത്യ അധികാര ഘടനയോടുള്ള ചെറുത്തുനിൽപ്പിന്റെ ഭാഗമാണ്. ഈയൊരു ജനാധിപത്യ മൂല്യബോധം രൂപപ്പെടുമ്പോഴും ജാതിമേൽക്കോയ്മയും അതിന്റെ അടിച്ചമർത്തലും നിലനിൽക്കുന്നുണ്ടായിരുന്നു. എന്നിട്ടും പാശ്ചാത്യ ഭരണകൂട അധികാരത്തെ ചെറുത്ത് തോൽപ്പിക്കാൻ കഴിഞ്ഞത് ഇന്ത്യൻ സെക്കുലറിസത്തിന്റെ സവിശേഷതയാണ്. ഏഴര പതിറ്റാണ്ടു പിന്നിടുമ്പോൾ ഈ സാഹചര്യം പല രീതിയിലും മാറ്റപ്പെടുകയും സവർണ്ണജാതി ഭരണകൂട അധികാരമായി നിലനിൽക്കുകയും ചെയ്യുന്നു. ഇതിനെ പരാജയപ്പെടുത്താനുള്ള സമകാല വഴി സെക്കുലറിസത്തെ മുൻനിർത്തി അംബേദ്കർ ചിന്തയുടെ ഭാഗമായി പൊതു ഐക്യത്തെ രൂപപ്പെടുത്തുക എന്നതാണ്. അതാണ് ഭാവി ഇന്ത്യയുടെ പ്രതീക്ഷ

Comments