ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് നമ്മുടെ ഓർമ്മയിൽ തെളിയുന്ന ആദ്യ മുഖങ്ങൾ ആരുടേതാണ്?
ഗാന്ധി, നെഹ്റു, പട്ടേൽ, ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ്, സരോജിനി നായിഡു… ഈ പട്ടിക അനിവാര്യമാണ്. പക്ഷേ, ഈ പട്ടികയിൽനിന്ന് ഒരു വലിയ ചരിത്രധാരയെ വേർതിരിച്ചുനിർത്തിയാൽ സ്വാതന്ത്ര്യസമരത്തിന്റെ പൂർണ്ണ ചിത്രം ലഭിക്കില്ല.
സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം 1920-കളിലെ ഗാന്ധിയൻ പ്രസ്ഥാനത്തോടെ മാത്രം ആരംഭിച്ച ഒന്നല്ല. അതിനും വളരെ മുമ്പ് ഇന്ത്യയ്ക്കകത്തും പുറത്തും പല വഴികളിലൂടെ ബ്രിട്ടീഷ് സാമ്രാജ്യത്തെ നേരിടാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. അനേകം ജനവിഭാഗങ്ങളുടെ ജീവിതവും രക്തവും തടവറകളും ത്യാഗങ്ങളും ചേർന്നാണ് ആ പോരാട്ടം രൂപപ്പെട്ടത്.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ മുസ്‌ലിംകളുടെ പങ്ക് ഇല്ലാതാക്കാനുള്ള ബോധപൂർവശ്രമം, 80-ാം സ്വാതന്ത്ര്യദിനത്തിന്റെ സമയത്തും നടക്കുന്നുണ്ട്. 1857-ലെ ബഹദൂർ ഷാ സഫറിൽനിന്ന് മൗലവി അഹമ്മദ് ഉല്ലാ ഷായിലേക്കും, മൗലാനാ മഹ്മൂദ് ഹസനിൽനിന്ന് അബുൽ കലാം ആസാദിലേക്കും, അഷ്ഫാഖുള്ള ഖാനിൽനിന്ന് ഹസ്രത് മൊഹാനിയിലേക്കും, ഖാൻ അബ്ദുൽ ഗഫാർ ഖാനിൽനിന്ന് അബാദി ബാനോ ബേഗത്തിലേക്കും നീളുന്ന ഈ ചരിത്രം മുസ്‌ലിം സമുദായത്തിന്റെ മാത്രം കഥയല്ല; ഇന്ത്യൻ ദേശീയതയുടെ നിർമ്മിതിയിൽ മുസ്‌ലിം സമൂഹം വഹിച്ച നിർണായക പങ്കിന്റെ ചരിത്രമാണ്. ഈ സംഭാവനകളെ മറച്ചുവെക്കുകയോ ചുരുക്കിക്കാണിക്കുകയോ ചെയ്യുന്നത് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ സമഗ്രതയെ അപൂർണ്ണമാക്കുകയാണ്.
1857; സൈനിക കലാപത്തിനപ്പുറം
1857-ലെ പോരാട്ടത്തെ ‘ശിപ്പായി കലാപ’മായി ചുരുക്കാനാവില്ല. ബഹദൂർ ഷാ സഫർ, ബേഗം ഹസ്രത് മഹൽ, മൗലവി അഹമ്മദ് ഉല്ലാ ഷാ, ബക്ത് ഖാൻ തുടങ്ങിയവർ ബ്രിട്ടീഷ് ഭരണത്തിനെതിരെ വിവിധ മേഖലകളിൽ നേതൃത്വം നൽകി. ഹിന്ദു–മുസ്‌ലിം ഐക്യത്തിന്റെ ശക്തമായ രാഷ്ട്രീയ പ്രതീകമായും 1857 മാറി.
ആദിവാസി–കർഷക പ്രതിരോധങ്ങൾ
സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം കോൺഗ്രസ് സമ്മേളനങ്ങളുടെയും നഗരങ്ങളുടെയും മാത്രം ചരിത്രമല്ല. സന്താൾ കലാപം, ഭീൽ പ്രതിരോധങ്ങൾ, മുണ്ടാ ഉൽഗുലാൻ, റമ്പ കലാപം തുടങ്ങിയ ആദിവാസി മുന്നേറ്റങ്ങൾ ബ്രിട്ടീഷ് ഭരണത്തിന്റെയും ഭൂവുടമസ്ഥ സംവിധാനത്തിന്റെയും ചൂഷണത്തിനെതിരായ ശക്തമായ ചെറുത്തുനിൽപ്പുകളായിരുന്നു. ബിർസാ മുണ്ട പോലുള്ള നേതാക്കൾ ഈ ധാരയുടെ പ്രതീകങ്ങളായി.
ആദ്യകാല മിതവാദ ദേശീയവാദികൾ
ദാദാഭായി നൗറോജി, സുരേന്ദ്രനാഥ ബാനർജി, ഗോപാലകൃഷ്ണ ഗോഖലെ തുടങ്ങിയവർ ഭരണഘടനാപരമായ മാർഗങ്ങളിലൂടെ ബ്രിട്ടീഷ് ഭരണത്തെ ചോദ്യം ചെയ്തു. ഇവരെ പലപ്പോഴും “മിതവാദികൾ” എന്ന ഒറ്റ വാക്കിൽ ഒതുക്കുമ്പോഴും, ബ്രിട്ടീഷ് സാമ്പത്തിക ചൂഷണത്തെ ശാസ്ത്രീയമായി തുറന്നുകാട്ടിയ ഡ്രെയിൻ സിദ്ധാന്തം (Drain Theory) ഉൾപ്പെടെയുള്ള ആശയങ്ങൾ പിന്നീട് ദേശീയ പ്രസ്ഥാനത്തിന്റെ ബൗദ്ധിക അടിത്തറയായി.
സ്വദേശി–ബഹിഷ്‌കരണ പ്രസ്ഥാനം
1905-ലെ ബംഗാൾ വിഭജനത്തിനെതിരായ സ്വദേശി പ്രസ്ഥാനം ദേശീയ പ്രസ്ഥാനത്തെ പുതിയ ജനകീയ ഘട്ടത്തിലേക്ക് നയിച്ചു. വിദേശവസ്തുക്കളുടെ ബഹിഷ്‌കരണം, ദേശീയ വിദ്യാഭ്യാസം, സ്വദേശി വ്യവസായങ്ങൾ എന്നിവ രാഷ്ട്രീയ സമരത്തിന്റെ ഭാഗങ്ങളായി. അശ്വിനി കുമാർ ദത്ത്, അരവിന്ദ ഘോഷ്, ബിപിൻ ചന്ദ്രപാൽ തുടങ്ങിയവരുടെ പങ്ക് ഇവിടെ ശ്രദ്ധേയമാണ്.

വിപ്ലവ ദേശീയവാദ ധാര
ബ്രിട്ടീഷ് ഭരണത്തെ സായുധമായി നേരിടാൻ ശ്രമിച്ച അനുശീലൻ സമിതി, യുഗാന്തർ, അഭിനവ് ഭാരത്, ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ തുടങ്ങിയ സംഘടനകൾ മറ്റൊരു പ്രധാന ധാരയായിരുന്നു. ഖുദീരം ബോസ്, പ്രഫുല്ല ചാക്കി, രാം പ്രസാദ് ബിസ്മിൽ, അഷ്ഫാഖുള്ള ഖാൻ, ചന്ദ്രശേഖർ ആസാദ്, ഭഗത് സിംഗ് തുടങ്ങിയവർ ഈ വിപ്ലവധാരയുടെ വ്യത്യസ്ത ഘട്ടങ്ങളെ പ്രതിനിധീകരിച്ചു.
പ്രവാസി ഇന്ത്യൻ വിപ്ലവധാര; ഗദർ പ്രസ്ഥാനം
ഇന്ത്യയ്ക്ക് പുറത്തിരുന്ന തൊഴിലാളികളും വിദ്യാർഥികളും പ്രവാസികളും സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്കുവഹിച്ചു. ഗദർ പാർട്ടി, ലാലാ ഹർദയാൽ, സോഹൻ സിംഗ് ഭക്ന, കർത്താർ സിംഗ് സരാഭ തുടങ്ങിയവരുടെ പ്രവർത്തനം അതിന്റെ ഉദാഹരണമാണ്. ഇന്ത്യയ്ക്ക് പുറത്തുനിന്നും ബ്രിട്ടീഷ് സാമ്രാജ്യത്തെ നേരിടാനുള്ള സംഘടിത ശ്രമമായിരുന്നു ഇത്.
ഗാന്ധിയൻ ജനകീയ പ്രസ്ഥാനം
1919-നുശേഷം സ്വാതന്ത്ര്യസമരം അഭൂതപൂർവമായ ജനപങ്കാളിത്തം നേടി. അസഹകരണ പ്രസ്ഥാനം, സിവിൽ നിയമലംഘന പ്രസ്ഥാനം, ഉപ്പുസത്യാഗ്രഹം, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം എന്നിവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സാധാരണ ജനങ്ങളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നു. എന്നാൽ ഈ ചരിത്രത്തെ ഗാന്ധിജിയുടെ നേതൃത്വത്തിൽ മാത്രം ചുരുക്കാതെ, കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, വിദ്യാർഥികൾ, പ്രാദേശിക പ്രവർത്തകർ എന്നിവരുടെ പങ്കും കാണേണ്ടതാണ്.
ഖിലാഫത്ത്– അസഹകരണ ധാര
മുസ്‌ലിം ജനവിഭാഗത്തിന്റെ വലിയൊരു വിഭാഗത്തെ ദേശീയ പ്രസ്ഥാനത്തിലേക്ക് കൊണ്ടുവന്ന പ്രധാന ഘട്ടമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. മുഹമ്മദ് അലി, ഷൗക്കത്ത് അലി, മൗലാനാ അബുൽ കലാം ആസാദ്, ഹക്കീം അജ്മൽ ഖാൻ, അബാദി ബാനോ ബേഗം തുടങ്ങിയവർ പ്രധാനപ്പെട്ട വ്യക്തിത്വങ്ങളായിരുന്നു. ഗാന്ധിയൻ അസഹകരണ പ്രസ്ഥാനവുമായി ചേർന്നപ്പോൾ ഇത് ഹിന്ദു–മുസ്‌ലിം ഐക്യത്തിന്റെ ഏറ്റവും വലിയ ജനകീയ പരീക്ഷണങ്ങളിലൊന്നായി.
തൊഴിലാളി ദേശീയ പ്രസ്ഥാനം
സ്വാതന്ത്ര്യസമരം രാഷ്ട്രീയ നേതാക്കളുടെ മാത്രം പോരാട്ടമായിരുന്നില്ല. തൊഴിലാളി സമരങ്ങൾ, ട്രേഡ് യൂണിയനുകൾ, റെയിൽവേ–തുണിമിൽ തൊഴിലാളികളുടെ പണിമുടക്കുകൾ എന്നിവയും കോളനിവിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും തൊഴിലാളി–കർഷക സമരങ്ങളെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെടുത്തി.

കർഷക– കർഷക തൊഴിലാളി പ്രസ്ഥാനങ്ങൾ
ചമ്പാരൻ, ഖേദ, ബർദോളി തുടങ്ങിയ കർഷക സമരങ്ങൾക്കൊപ്പം അവധ് കർഷക പ്രസ്ഥാനം, ബിഹാർ, ബംഗാൾ, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലെ കർഷക മുന്നേറ്റങ്ങൾ തുടങ്ങിയവയും ബ്രിട്ടീഷ് നികുതി–ഭൂവുടമസ്ഥ സംവിധാനത്തെ ചോദ്യം ചെയ്തു. സ്വാതന്ത്ര്യം രാഷ്ട്രീയ സ്വയംഭരണത്തോടൊപ്പം സാമ്പത്തിക നീതിയുടെയും പ്രശ്നമാണെന്ന് ഈ ധാരകൾ മുന്നോട്ടുവച്ചു.
ദലിത്– അധഃസ്ഥിത ജനവിഭാഗങ്ങളുടെ
രാഷ്ട്രീയധാര
സ്വാതന്ത്ര്യം മാത്രം മതിയോ, സാമൂഹിക സമത്വവും വേണമോ എന്ന ചോദ്യം ഉയർത്തിയ ധാരയായിരുന്നു ഇത്. ഡോ. ബി. ആർ. അംബേദ്കർ സ്വാതന്ത്ര്യത്തെ സാമൂഹിക ജനാധിപത്യവുമായി ബന്ധിപ്പിച്ചു. ബ്രിട്ടീഷ് വിരുദ്ധ ദേശീയതയ്ക്കൊപ്പം ജാതിവ്യവസ്ഥ, അസ്പൃശ്യത, രാഷ്ട്രീയ പ്രതിനിധിത്വം തുടങ്ങിയ വിഷയങ്ങളും സ്വാതന്ത്ര്യത്തിന്റെ അർത്ഥത്തെക്കുറിച്ചുള്ള ദേശീയ ചർച്ചയിൽ കൊണ്ടുവന്നു.
സ്ത്രീകളുടെ സ്വാതന്ത്ര്യസമരധാര
സ്ത്രീകളെ “പങ്കാളികൾ” എന്നതിലുപരി സമരത്തിന്റെ നേതാക്കളായി കാണേണ്ടതാണ്. സരോജിനി നായിഡു, അരുണ ആസഫ് അലി, ഉഷാ മേത്ത, ക്യാപ്റ്റൻ ലക്ഷ്മി, കസ്തൂർബ ഗാന്ധി എന്നിവരോടൊപ്പം മാതംഗിനി ഹസ്ര, കനകലത ബറുവ, പ്രീതിലത വാഡേദാർ, ബികാജി കാമ തുടങ്ങിയ താരതമ്യേന കുറച്ച് ഓർമ്മിക്കപ്പെടുന്ന സ്ത്രീകളെയും ചരിത്രത്തിൽ ഉൾപ്പെടുത്തണം.
വടക്കുകിഴക്കൻ ഇന്ത്യയിലെ പ്രതിരോധങ്ങൾ
വടക്കുകിഴക്കൻ ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം പൊതുചരിത്രത്തിൽ പലപ്പോഴും പിന്നിലായി. മണിപ്പൂരിലെ റാണി ഗൈദിൻലിയു, അസമിലെ കനകലത ബറുവ, മറ്റ് പ്രാദേശിക ജനകീയ പ്രസ്ഥാനങ്ങൾ എന്നിവ ബ്രിട്ടീഷ് ഭരണത്തിനെതിരായ ശക്തമായ പ്രതിരോധത്തിന്റെ ഭാഗമായിരുന്നു.
കമ്മ്യൂണിസ്റ്റ്– ഇടതുപക്ഷ ധാര
1930-കളിലും 1940-കളിലും കർഷക–തൊഴിലാളി സംഘടനകൾ, ട്രേഡ് യൂണിയനുകൾ, വിദ്യാർഥി പ്രസ്ഥാനങ്ങൾ എന്നിവയിലൂടെ ഇടതുപക്ഷം ദേശീയ രാഷ്ട്രീയത്തിൽ ഇടപെട്ടു. ദേശീയ സ്വാതന്ത്ര്യത്തെ സാമൂഹിക–സാമ്പത്തിക വിമോചനവുമായി ബന്ധിപ്പിക്കണമെന്ന ആശയം ഈ ധാര മുന്നോട്ടുവച്ചു.
ഇന്ത്യൻ നാഷണൽ ആർമി: ഐ.എൻ.എ.
സുഭാഷ് ചന്ദ്രബോസ് നേതൃത്വം നൽകിയ ഇന്ത്യൻ നാഷണൽ ആർമി സ്വാതന്ത്ര്യസമരത്തിന്റെ സായുധ അന്താരാഷ്ട്ര ധാരയുടെ ഏറ്റവും പ്രസിദ്ധമായ ഉദാഹരണമാണ്. എന്നാൽ നേതാവിനപ്പുറം ഷാ നവാസ് ഖാൻ, പ്രേം കുമാർ സഹ്ഗൽ, ഗുർബക്ഷ് സിംഗ് ധില്ലൺ, കൂടാതെ റാണി ഝാൻസി റെജിമെന്റിലെ ക്യാപ്റ്റൻ ലക്ഷ്മി തുടങ്ങിയവരെയും ഓർക്കണം.

‘ക്വിറ്റ് ഇന്ത്യ’യും ഭൂഗർഭ പ്രസ്ഥാനവും
ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം നേതാക്കളുടെ അറസ്റ്റോടെ അവസാനിച്ചില്ല. പല പ്രദേശങ്ങളിലും വിദ്യാർഥികളും യുവാക്കളും സാധാരണ ജനങ്ങളും ഭൂഗർഭ പ്രവർത്തനങ്ങളിലേക്ക് കടന്നു. രഹസ്യ റേഡിയോ പ്രവർത്തനത്തിലൂടെ പ്രസ്ഥാനത്തിന്റെ ശബ്ദം നിലനിർത്തിയ ഉഷാ മേത്ത പോലുള്ളവർ ഈ മറവിയിലായ ധാരയുടെ പ്രതീകങ്ങളാണ്.
1946–47: അവസാനഘട്ടത്തിലെ ജനകീയ സമ്മർദ്ദം
സ്വാതന്ത്ര്യത്തിലേക്കുള്ള അവസാന ഘട്ടത്തിൽ റോയൽ ഇന്ത്യൻ നേവി കലാപം, തൊഴിലാളി പ്രതിഷേധങ്ങൾ, ഐ.എൻ.എ. വിചാരണകൾക്കെതിരായ ജനകീയ പ്രക്ഷോഭങ്ങൾ എന്നിവ ബ്രിട്ടീഷ് ഭരണകൂടത്തിന് വലിയ സമ്മർദ്ദം സൃഷ്ടിച്ചു. സ്വാതന്ത്ര്യം ഒരു വ്യക്തിയുടെയോ ഒരു സംഘടനയുടെയോ “സമ്മാനം” ആയിരുന്നില്ല; ദശാബ്ദങ്ങളായുള്ള ജനകീയ സമ്മർദ്ദങ്ങളുടെ ഫലമായിരുന്നു.
മുസ്‌ലിംകളുടെ പങ്ക്
2026-ൽ ഇന്ത്യ 80-ാം സ്വാതന്ത്ര്യദിനത്തിലേക്ക് കടക്കുമ്പോൾ ചോദിക്കേണ്ട ഒരു പ്രധാന ചോദ്യം ഇതാണ്: സ്വാതന്ത്ര്യസമരത്തിൽ മുസ്‌ലിംകളുടെ പങ്ക് നാം ഇന്ന് എത്രമാത്രം ഓർക്കുന്നു? അതിലും പ്രധാനമായി; അത് മറക്കപ്പെടുന്നത് എങ്ങനെയാണ്?
മുസ്‌ലിം സമൂഹത്തിലെ ഒരു വിഭാഗം മതപണ്ഡിതർ ബ്രിട്ടീഷ് ഭരണത്തിനെതിരെ വളരെ നേരത്തെ രംഗത്തിറങ്ങി. മൗലാനാ മഹ്മൂദ് ഹസൻ, ഉബൈദുല്ലാ സിന്ധി തുടങ്ങിയവരുടെ പ്രവർത്തനങ്ങളും സിൽക്ക് ലെറ്റർ പ്രസ്ഥാനം എന്നറിയപ്പെടുന്ന പ്രസ്ഥാനവും ഇതിന്റെ ഭാഗമാണ്. പിന്നീട് ജമിയത്ത് ഉലമാ-ഇ-ഹിന്ദിലെ പല നേതാക്കളും ദേശീയ പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിച്ചു.
1857-ലെ അവസാന മുഗൾ ചക്രവർത്തിയിൽനിന്ന് തെരുവിലെ പോരാളികളിലേക്കു വരെ നീളുന്ന ആ ചരിത്രം ഉറക്കെ വിളിച്ചുപറയേണ്ട കാലമാണിത്. 1857-ലെ വിപ്ലവത്തെ ഒരു സൈനിക കലാപമായി മാത്രം കാണുന്നത് അതിന്റെ സങ്കീർണ്ണത കുറച്ചുകാണുന്നതാണ്. ബഹദൂർ ഷാ സഫർ ഒരു പ്രതീകമായി ഉയർന്നുവന്നു. അദ്ദേഹത്തിന്റെ പേരിൽ വിവിധ വിഭാഗങ്ങൾ ബ്രിട്ടീഷ് ഭരണത്തിനെതിരെ ഒന്നിച്ചുനിന്നു.
ദൽഹിയിൽ ബക്ത് ഖാൻ പോലുള്ള നേതാക്കൾ സൈനിക പ്രതിരോധത്തിന് നേതൃത്വം നൽകി. ഫൈസാബാദിലെ മൗലവി അഹമ്മദ് ഉല്ലാ ഷാ ശക്തമായ ജനകീയ പ്രതിരോധത്തിന് നേതൃത്വം നൽകിയവരിൽ ഒരാളായിരുന്നു. അവധിലെ ബേഗം ഹസ്രത് മഹൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മറ്റൊരു പ്രധാന മുസ്‌ലിം നേതാവായിരുന്നു.
1857-നുശേഷം ബ്രിട്ടീഷ് അടിച്ചമർത്തൽ അവസാനിച്ചില്ല. മുസ്‌ലിം പണ്ഡിതന്മാരെയും രാഷ്ട്രീയ പ്രവർത്തകരെയും സംശയത്തിന്റെ കണ്ണിലൂടെ കാണുകയും പലരെയും തടവിലാക്കുകയും നാടുകടത്തുകയും ചെയ്തു. പിന്നീട് ഉയർന്നുവന്ന പല പ്രതിരോധധാരകളുടെയും പശ്ചാത്തലത്തിൽ ഈ അനുഭവം നിർണായകമായിരുന്നു.

മൗലാനാ മഹ്മൂദ് ഹസനും
സിൽക്ക് ലെറ്റർ പ്രസ്ഥാനവും
ബ്രിട്ടീഷ് ഭരണത്തെ അട്ടിമറിക്കാൻ ഒന്നാം ലോകമഹായുദ്ധത്തിന്റെ അന്താരാഷ്ട്ര സാഹചര്യങ്ങൾ ഉപയോഗപ്പെടുത്താൻ ശ്രമിച്ച മൗലാനാ മഹ്മൂദ് ഹസൻ, ഉബൈദുല്ലാ സിന്ധി തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ സ്വാതന്ത്ര്യസമരത്തിന്റെ മറ്റൊരു അധ്യായമാണ്.
സിൽക്ക് തുണിയിൽ എഴുതിയ രഹസ്യ സന്ദേശങ്ങൾ പിടിക്കപ്പെട്ടതിനെ തുടർന്ന് ഈ പ്രസ്ഥാനം ചരിത്രത്തിൽ Silk Letter Movement എന്ന പേരിൽ അറിയപ്പെട്ടു. ബ്രിട്ടീഷ് ഭരണകൂടം വ്യാപകമായി അന്വേഷണം നടത്തി; നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തു.
മൗലാനാ അബുൽ കലാം ആസാദ്; ദേശീയവാദിയായ മുസ്‌ലിം നേതാവ്
ഒരു മുസ്‌ലിം ആയിരിക്കുകയും ഇന്ത്യൻ ദേശീയവാദിയായിരിക്കുകയും ചെയ്ത ഒരാൾ; ചരിത്രത്തിലെ ഏറ്റവും ശക്തമായ വ്യക്തിത്വങ്ങളിലൊരാളാണ് മൗലാനാ അബുൽ കലാം ആസാദ്. 1912-ൽ അദ്ദേഹം ആരംഭിച്ച അൽ-ഹിലാൽ പത്രം ബ്രിട്ടീഷ് വിരുദ്ധ രാഷ്ട്രീയബോധം വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. ബ്രിട്ടീഷ് സർക്കാർ അത് നിരോധിച്ചു. തുടർന്ന് ആരംഭിച്ച അൽ-ബലാഘും അധികകാലം പ്രവർത്തിക്കാൻ അനുവദിച്ചില്ല. ആസാദ് മതപരമായ വ്യക്തിത്വത്തെ ഉപേക്ഷിച്ചുകൊണ്ടല്ല ദേശീയവാദിയായത്. മറിച്ച്, ഒരു മുസ്‌ലിമായിരിക്കുന്നതും ഒരു ഇന്ത്യൻ ദേശീയവാദിയായിരിക്കുന്നതും പരസ്പരവിരുദ്ധമല്ല എന്ന രാഷ്ട്രീയ നിലപാടാണ് അദ്ദേഹം മുന്നോട്ടുവച്ചത്.
1923-ൽ, വെറും 35-ാം വയസ്സിൽ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി. 1940-ൽ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1942-ലെ ക്വിറ്റിന്ത്യാ സമരത്തിന്റെ കാലത്തും അദ്ദേഹം കോൺഗ്രസ് പ്രസിഡന്റായിരുന്നു; മറ്റു പ്രധാന നേതാക്കളോടൊപ്പം അദ്ദേഹം തടവിലായി. 1946-ലെ കാബിനറ്റ് മിഷൻ ചർച്ചകളിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഇന്ത്യ വിഭജിക്കപ്പെടുന്നതിനെ അദ്ദേഹം ശക്തമായി എതിർത്തു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ചിന്തയുടെ കേന്ദ്രത്തിൽ ഉണ്ടായിരുന്നത് ഒരു ലളിതമായ ആശയമായിരുന്നു. ഇന്ത്യൻ ദേശീയതയ്ക്ക് മതപരമായ അതിർത്തികളില്ല.
അഷ്ഫാഖുള്ള ഖാൻ;
ഹിന്ദു–മുസ്‌ലിം ഐക്യ പ്രതീകം
സ്വാതന്ത്ര്യസമരത്തിലെ ഹിന്ദു– മുസ്‌ലിം ഐക്യത്തിന്റെ ഏറ്റവും ശക്തമായ പ്രതീകങ്ങളിലൊന്നാണ് അഷ്ഫാഖുള്ള ഖാനും രാം പ്രസാദ് ബിസ്മിലും തമ്മിലുള്ള സൗഹൃദവും വിപ്ലവബന്ധവും. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷനിൽ ഇരുവരും സഹപ്രവർത്തകരായിരുന്നു.
1925-ലെ കാക്കോരി സംഭവത്തിൽ അഷ്ഫാഖുള്ള ഖാൻ നിർണായക പങ്കുവഹിച്ചു. ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. വിചാരണയ്ക്കുശേഷം 1927 ഡിസംബർ 19-ന് ഫൈസാബാദ് ജയിലിൽ അദ്ദേഹത്തെ തൂക്കിലേറ്റി.
അഷ്ഫാഖുള്ള ഖാനെക്കുറിച്ചുള്ള സർക്കാർ രേഖകളിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ പരാമർശങ്ങളുണ്ട്. ബിസ്മിൽ ഒരു ഹിന്ദുവായതിനാൽ അദ്ദേഹത്തിന്റെ ലക്ഷ്യം 'ഹിന്ദു രാജ്യം' ആണെന്ന് ആരോപിച്ചപ്പോൾ, അഷ്ഫാഖുള്ള ഖാന്റെ നിലപാട് 'ഹിന്ദുസ്ഥാന്റെ സ്വാതന്ത്ര്യം' എന്നതായിരുന്നു. ഇതാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആത്മാവ്. മതപരമായ തിരിച്ചറിയൽ ഉണ്ടായിരുന്നു; പക്ഷേ സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യം മതരാജ്യമല്ലായിരുന്നു.

ഹസ്രത് മൊഹാനി:
'ഇൻക്വിലാബ് സിന്ദാബാദ്'
ഇന്ന് 'ഇൻക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം കേൾക്കുമ്പോൾ പലരുടെയും മനസ്സിൽ ഭഗത് സിംഗിന്റെ മുഖമാണ് തെളിയുന്നത്. പക്ഷേ ഈ മുദ്രാവാക്യത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന പേര് മൗലാനാ ഹസ്രത് മൊഹാനിയാണ്. അദ്ദേഹം പത്രപ്രവർത്തകനായിരുന്നു, കവിയായിരുന്നു, ബ്രിട്ടീഷ് വിരുദ്ധ രാഷ്ട്രീയ പ്രവർത്തകനായിരുന്നു. ഉർദു-എ-മുഅല്ലാ എന്ന പ്രസിദ്ധീകരണത്തിലൂടെ ബ്രിട്ടീഷ് ഭരണത്തെ വിമർശിച്ചതിന് അദ്ദേഹം ജയിലിലായി. സ്വാതന്ത്ര്യസമരത്തിൽ സജീവമായിരുന്ന അദ്ദേഹം പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകഘട്ടത്തിലും പങ്കെടുത്തു.
'ഇൻക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം 1921-ൽ അദ്ദേഹം ഉപയോഗിച്ചുവെന്നത് ഔദ്യോഗിക ചരിത്ര - Azadi Ka Amrit Mahotsav - രേഖകളും ചൂണ്ടിക്കാണിക്കുന്നു. അതായത്, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഷ പോലും പല മുസ്‌ലിം രാഷ്ട്രീയ പ്രവർത്തകരുടെ സംഭാവനകളാൽ രൂപപ്പെട്ടതാണ്.
ഖിലാഫത്ത് പ്രസ്ഥാനം:
മതപരമായ വികാരത്തിൽ നിന്ന്
ദേശീയരാഷ്ട്രീയത്തിലേക്ക്
ഖിലാഫത്ത് പ്രസ്ഥാനത്തെക്കുറിച്ച് ചരിത്രപരമായ വിമർശനങ്ങൾ ഉണ്ടാകാം. അത് തുർക്കിയിലെ ഖലീഫയുടെ സ്ഥാനവുമായി ബന്ധപ്പെട്ട മത–രാഷ്ട്രീയ വിഷയമായിരുന്നു. പക്ഷേ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തിൽ അതിന്റെ രാഷ്ട്രീയപ്രാധാന്യം നിഷേധിക്കാനാവില്ല. മുഹമ്മദ് അലി, ഷൗക്കത്ത് അലി, അബുൽ കലാം ആസാദ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ ഖിലാഫത്ത് പ്രസ്ഥാനം ശക്തമായി. 1920-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിനെ പിന്തുണച്ചു. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള അസഹകരണ പ്രസ്ഥാനവുമായി ഖിലാഫത്ത് പ്രസ്ഥാനം ചേർന്നതോടെ ബ്രിട്ടീഷ് വിരുദ്ധ സമരം വലിയ ജനകീയ പ്രസ്ഥാനമായി മാറി.
ഇവിടെ ചരിത്രം നമ്മെ പഠിപ്പിക്കുന്ന ഒരു പ്രധാന പാഠമുണ്ട്, ഒരു ജനവിഭാഗത്തിന്റെ മതപരമായ ആശങ്കയെ പോലും കോളനിവിരുദ്ധ രാഷ്ട്രീയവുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞപ്പോൾ ദേശീയ പ്രസ്ഥാനം കൂടുതൽ വിപുലമായി.
അബാദി ബാനോ ബേഗം;
മുസ്ലിം സ്ത്രീശബ്ദം
മുസ്‌ലിം സ്വാതന്ത്ര്യസമരചരിത്രം പുരുഷന്മാരുടെ മാത്രം ചരിത്രമല്ല. അബാദി ബാനോ ബേഗം, ജനപ്രിയമായി ‘ബി അമ്മ’ എന്നറിയപ്പെട്ട അവർ, ഖിലാഫത്ത്– സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളിൽ സജീവമായി പങ്കെടുത്ത വനിതയായിരുന്നു. മുഹമ്മദ് അലി, ഷൗക്കത്ത് അലി എന്നീ അലി സഹോദരന്മാരുടെ മാതാവായിരുന്ന അവർ പൊതുയോഗങ്ങളിൽ പ്രസംഗിക്കുകയും സ്ത്രീകളെ ദേശീയ പ്രസ്ഥാനത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയും ഖാദി പ്രചരിപ്പിക്കുകയും ചെയ്തു. ഇത് നമ്മെ മറ്റൊരു ചരിത്രസത്യത്തിലേക്ക് നയിക്കുന്നു: സ്വാതന്ത്ര്യസമരത്തിൽ മുസ്‌ലിം സ്ത്രീകളുടെയും പങ്ക് ഉണ്ടായിരുന്നു; പക്ഷേ അവരുടെ കഥകൾ പൊതുഓർമ്മയിൽ അതിലും കുറവാണ്.

അതിർത്തിയിലെ അഹിംസ:
ഖാൻ അബ്ദുൽ ഗഫാർ ഖാൻ
വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ ഖാൻ അബ്ദുൽ ഗഫാർ ഖാൻ നേതൃത്വം നൽകിയ ഖുദായി ഖിദ്മത്ഗാർ പ്രസ്ഥാനം സ്വാതന്ത്ര്യസമരത്തിലെ അതുല്യമായ ഒരു ധാരയാണ്. പഷ്തൂൺ സമൂഹത്തിനിടയിൽ അഹിംസയെ അടിസ്ഥാനമാക്കി അദ്ദേഹം ബ്രിട്ടീഷ് ഭരണത്തിനെതിരെ വലിയ ജനകീയ പ്രസ്ഥാനം വളർത്തി.
ഇത് ഒരു വലിയ വിരോധാഭാസം തുറന്നുകാട്ടുന്നു: അഹിംസ ഗാന്ധിയുടേതു മാത്രമായിരുന്നില്ല; അതിനെ സ്വന്തം സാമൂഹിക–രാഷ്ട്രീയ സാഹചര്യത്തിൽ സ്വീകരിച്ച മുസ്‌ലിം ജനകീയ പ്രസ്ഥാനങ്ങളും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു.
ഡോ. അൻസാരി, ഹക്കീം അജ്മൽ ഖാൻ, ജമിയത്ത് ഉലമാ-ഇ-ഹിന്ദ്
സ്വാതന്ത്ര്യസമരത്തിന്റെ രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിലും മുസ്‌ലിം നേതാക്കൾ സജീവമായിരുന്നു. ഹക്കീം അജ്മൽ ഖാൻ ദേശീയ പ്രസ്ഥാനത്തോടും ഖിലാഫത്ത് പ്രസ്ഥാനത്തോടും ചേർന്ന് പ്രവർത്തിച്ചു. 1920-ൽ ബ്രിട്ടീഷ് സർക്കാർ നൽകിയ ബഹുമതിയും മെഡലും അദ്ദേഹം തിരികെ നൽകി. 1921-ൽ അദ്ദേഹം കോൺഗ്രസ് പ്രസിഡന്റായി. ജമിയത്ത് ഉലമാ-ഇ-ഹിന്ദ് പോലുള്ള സംഘടനകളും ബ്രിട്ടീഷ് വിരുദ്ധ രാഷ്ട്രീയത്തിൽ സജീവമായി. ചില മതപണ്ഡിതർ ആദ്യം സായുധ പ്രതിരോധത്തിന്റെ വഴിയിലായിരുന്നു; പിന്നീട് സാഹചര്യങ്ങൾ മാറിയപ്പോൾ അഹിംസാപരമായ ജനകീയ സമരങ്ങളുമായി ചേർന്ന് പ്രവർത്തിച്ചു.
കേരളത്തിൽ മുസ്‌ലിം ജനവിഭാഗങ്ങളുടെ പങ്ക്
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ മുസ്‌ലിം നേതാക്കളുടെ ചരിത്രത്തിൽ കേരളത്തെ ഒഴിവാക്കാനാവില്ല. മലബാറിൽ ഖിലാഫത്ത്–അസഹകരണ പ്രസ്ഥാനങ്ങൾ വലിയ ജനപങ്കാളിത്തം നേടി. തിരൂരങ്ങാടി മസ്ജിദ് 1921-ൽ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി. ആലി മുസ്‌ലിയാർ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവർ ആ കാലഘട്ടത്തിലെ പ്രസ്ഥാനങ്ങളിൽ പ്രധാനപ്പെട്ടവരായിരുന്നു.
എന്നാൽ 1921-ലെ മലബാർ സംഭവങ്ങളെ ഒറ്റവാക്കിൽ 'സ്വാതന്ത്ര്യസമരം' എന്നും 'മതകലാപം' എന്നും വിളിച്ച് തീർക്കുന്നത് ചരിത്രത്തെ ലളിതമാക്കുന്നതായിരിക്കും. അതിൽ കോളനിവിരുദ്ധ വികാരം, ഖിലാഫത്ത് രാഷ്ട്രീയം, ജന്മിത്വവിരുദ്ധ കർഷക അസന്തോഷം, മതപരമായ സംഘർഷങ്ങൾ, ബ്രിട്ടീഷ് അടിച്ചമർത്തൽ, വ്യാപകമായ അക്രമം- ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരുന്നു.
‘മറക്കൽ' എങ്ങനെസംഭവിക്കുന്നു?
ചരിത്രത്തിൽനിന്ന് മുസ്‌ലിം സംഭാവനകൾ പൂർണ്ണമായും ഇല്ലാതാക്കിയെന്ന് പറയുന്നത് ശരിയല്ല. സർക്കാർ രേഖകളിലും ചരിത്രഗ്രന്ഥങ്ങളിലും സ്മാരകങ്ങളിലും ഇവരിൽ പലരുടെയും പേരുകൾ നിലനിൽക്കുന്നു. ഉദാഹരണത്തിന്, ഇന്ത്യാ സർക്കാരിന്റെ Azadi Ka Amrit Mahotsav തന്നെ അഷ്ഫാഖുള്ള ഖാൻ, ഹസ്രത് മൊഹാനി, ആസാദ്, ബി അമ്മ, മലബാറിലെ പ്രസ്ഥാനങ്ങൾ തുടങ്ങിയവയെ രേഖപ്പെടുത്തിയിട്ടുണ്ട്.
അപ്പോൾ പ്രശ്നം മറ്റൊന്നാണ്. ചരിത്രത്തിന്റെ പൊതുഓർമ്മയിൽ ആരുടെ സംഭാവനയാണ് കേന്ദ്രകഥയാകുന്നത്? ആരുടേത് അടിക്കുറിപ്പായി മാറുന്നു? ഒരു സ്വാതന്ത്ര്യസമര സേനാനിയെ 'മുസ്‌ലിം നേതാവ്' എന്നൊരു ചെറിയ വിഭാഗത്തിലേക്ക് മാറ്റിനിർത്തുമ്പോൾ, അദ്ദേഹം യഥാർത്ഥത്തിൽ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നുവെന്ന വലിയ സത്യം മറഞ്ഞുപോകാം. അതുപോലെ, മുസ്‌ലിം രാഷ്ട്രീയ ചരിത്രത്തെ മുഴുവനും മുസ്‌ലിം ലീഗിന്റെയും പാകിസ്ഥാൻ ആവശ്യത്തിന്റെയും ചരിത്രമായി മാത്രം അവതരിപ്പിച്ചാലും ചിത്രം അപൂർണ്ണമാകും. കാരണം മുസ്‌ലിം സമൂഹത്തിനകത്ത് തന്നെ പല രാഷ്ട്രീയ ധാരകളുണ്ടായിരുന്നു: കോൺഗ്രസ് ദേശീയവാദികൾ , ഖിലാഫത്ത് പ്രവർത്തകർ, വിപ്ലവകാരികൾ, കമ്മ്യൂണിസ്റ്റുകൾ, അഹിംസാവാദികൾ, ഇന്ത്യ വിഭജനത്തെ എതിർത്തവർ, മുസ്‌ലിം ലീഗിനെ പിന്തുണച്ചവർ തുടങ്ങിയവരുണ്ടായിരുന്നു. ഇന്ത്യൻ മുസ്‌ലിംകളെ ഒരൊറ്റ രാഷ്ട്രീയ വിഭാഗമായി കാണുന്നത് ചരിത്രത്തെ തന്നെ വികലമാക്കുന്നു.

ഹിന്ദുത്വയും ദേശീയ പ്രസ്ഥാനവും
ദേശീയ സ്വാതന്ത്ര്യസമരകാലത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നിലപാട് വ്യക്തതയോടെ പരിശോധിക്കേണ്ടതുണ്ട്. വി. ഡി. സവർക്കറുടെ ആദ്യകാല ബ്രിട്ടീഷ് വിരുദ്ധ ദേശീയവാദവും പിന്നീട് സവർക്കർ രൂപപ്പെടുത്തിയ 'ഹിന്ദുത്വ' രാഷ്ട്രസങ്കൽപ്പവും തമ്മിലുള്ള വ്യത്യാസവും തുടർച്ചയും കൃത്യമായി മനസ്സിലാക്കുന്നത് ഇവിടെ പ്രധാനമാണ്.
1923-ലെ Hindutva: Who Is a Hindu? എന്ന കൃതിയിൽ സവർക്കർ 'ഇന്ത്യയെ' പിതൃഭൂമി'യും 'പുണ്യഭൂമി'യും ആയി കാണുന്നവരെ, ഹിന്ദുത്വത്തിന്റെ ദേശീയ സങ്കൽപ്പത്തിൽ വേർതിരിച്ച് ഉൾപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഇസ്‌ലാമിന്റെയും ക്രിസ്തുമതത്തിന്റെയും വിശ്വാസികൾക്ക് ഇന്ത്യ പിതൃഭൂമിയാകാമെങ്കിലും അവരുടെ പുണ്യഭൂമി ഇന്ത്യയ്ക്ക് പുറത്താണെന്ന വാദം സവർക്കർ ഉയർത്തി. ഇത് ഇന്ത്യ വിഭജനം എന്ന വാദത്തിന്റെ ശക്തവുമായ തുടക്കമാണ്.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തിൽ ഹിന്ദു മഹാസഭയുടെ പങ്ക് വിലയിരുത്തുമ്പോൾ, അതിനെ മുഴുവൻ ബ്രിട്ടീഷ് വിരുദ്ധ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നത് ചരിത്രപരമായി ശരിയല്ല. പ്രത്യേകിച്ച് വി.ഡി. സവർക്കർ നേതൃത്വത്തിലായിരുന്ന കാലഘട്ടത്തിൽ, കോൺഗ്രസ് നയിച്ച ജനകീയ സമരങ്ങളിൽനിന്ന് ഹിന്ദു മഹാസഭ നിർണായകമായി അകന്നുനിന്നു. 1930-ലെ സിവിൽ നിയമലംഘന പ്രസ്ഥാനത്തിൽ സംഘടന ഔദ്യോഗികമായി വിട്ടുനിന്നു; 1942-ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെയും ഹിന്ദു മഹാസഭ എതിർത്തു. സവർക്കർ 'Stick to your Posts' എന്ന ആഹ്വാനത്തിലൂടെ ഹിന്ദു മഹാസഭാംഗങ്ങളോട് പ്രാദേശിക ഭരണസ്ഥാപനങ്ങളിലും നിയമസഭകളിലും മറ്റ് സ്ഥാപനങ്ങളിലുമുള്ള സ്ഥാനങ്ങളിൽ തുടരാനും ക്വിറ്റിന്ത്യ സമരത്തിൽ ചേരാതിരിക്കാനും ആവശ്യപ്പെട്ടു. അതേസമയം, രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുക്കളുടെ സൈനികവൽക്കരണത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
ഇതിലും പ്രധാനപ്പെട്ടത് ഹിന്ദു മഹാസഭ മുന്നോട്ടുവച്ച ഹിന്ദുത്വ രാഷ്ട്രസങ്കൽപ്പവും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ഉൾക്കൊള്ളുന്ന ദേശീയതയും തമ്മിലുള്ള അടിസ്ഥാന രാഷ്ട്രീയ വ്യത്യാസമാണ്. 1937-ലെ ഹിന്ദുമഹാസഭാ അധ്യക്ഷപ്രസംഗത്തിൽ സവർക്കർ ഇന്ത്യയെ 'ഏകജാതീയരാഷ്ട്രം' എന്ന് കാണാനാവില്ലെന്നും ഇവിടെ പ്രധാനമായും 'ഹിന്ദുക്കളും മുസ്‌ലിംകളും' എന്നിങ്ങനെ രണ്ട് രാഷ്ട്രങ്ങൾ നിലനിൽക്കുന്നുവെന്നും പ്രഖ്യാപിച്ചു. ഇത് പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിലെ ദ്വിരാഷ്ട്രവാദത്തിന്റെ ചരിത്രം ചർച്ച ചെയ്യുമ്പോൾ ഒഴിവാക്കാനാവാത്ത ഒരു വസ്തുതയാണ്.
വി.ഡി. സവർക്കറുടെ ദ്വിരാഷ്ട്രവാദവും മുഹമ്മദ് അലി ജിന്നയുടെ ദ്വിരാഷ്ട്രവാദവും 'രാഷ്ട്രീയ' പരിഹാരത്തിലേക്ക് എത്തിയിരുന്നില്ല. ഇരുവരും ഹിന്ദുക്കളെയും മുസ്‌ലിംകളെയും വ്യത്യസ്ത ദേശീയ സമൂഹങ്ങളായി കാണുന്ന അടിസ്ഥാന ധാരണ പങ്കിട്ടിരുന്നുവെങ്കിലും, അവർ തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായിരുന്നു; വിഭജനം എങ്ങിനെ? _ ആ നാളുകളിൽ നിർദ്ദേശിക്കപ്പെട്ടിരുന്ന രാഷ്ട്രീയ പരിഹാരത്തിലായിരുന്നു അവരുടെ തർക്കം.
അതിനാൽ, സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തിൽ ഉയരുന്ന നിർണായക രാഷ്ട്രീയ ചോദ്യം ഇതാണ്: മതപരമായ സമൂഹങ്ങളെ വ്യത്യസ്ത 'രാഷ്ട്രങ്ങൾ' ആയി നിർവചിക്കണോ, അതോ മതം, ജാതി, ഭാഷ എന്നിവയ്ക്കതീതമായി എല്ലാ ഇന്ത്യക്കാരെയും ഒരേ രാഷ്ട്രീയ ജനതയായി കാണണോ?
ഇന്ത്യൻ ഭരണഘടനയുടെ മറുപടി വ്യക്തമാണ്: 'രാജ്യം ഒരു മതത്തിന്റേതല്ല; ഇന്ത്യയിലെ എല്ലാ പൗരരുടേതുമാണ്.'

ഇന്ത്യൻ ദേശീയ പ്രസ്ഥാനം
വരുംതലമുറയ്ക്ക് നൽകേണ്ട പാഠം
ഇന്ന് ഹിന്ദുത്വവാദികൾ ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് നടത്തുന്ന ഏകപക്ഷീയമായ പ്രചാരണങ്ങളുടെ പശ്ചാത്തലത്തിൽ, സ്വാതന്ത്ര്യസമരചരിത്രത്തിലെ മേൽപ്പറഞ്ഞ വിവിധ ധാരകളെ രാഷ്ട്രീയമായി അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ അവകാശം ഒരു വിഭാഗത്തിനു മാത്രമായി അവകാശപ്പെട്ട ഒന്നായിരുന്നില്ല. ജയിലുകളിൽ കിടന്നവർക്കും, നാടുകടത്തപ്പെട്ടവർക്കും, വെടിയേറ്റു വീണവർക്കും, തൂക്കിലേറ്റപ്പെട്ടവർക്കും, പത്രങ്ങൾ നിരോധിക്കപ്പെട്ടവർക്കും, കുടുംബങ്ങൾ തകർന്നവർക്കും, പേരുപോലും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടാത്ത സാധാരണ മനുഷ്യർക്കും അതിൽ അവകാശമുണ്ടായിരുന്നു. അവരിൽ ഇന്ത്യയിലെ എല്ലാ വിഭാഗം മനുഷ്യരുമുണ്ടായിരുന്നു. ഹിന്ദുക്കളുണ്ടായിരുന്നു. അതുകൊണ്ട്, 80-ാം സ്വാതന്ത്ര്യദിനത്തിൽ പുതിയൊരു ചരിത്രം എഴുതേണ്ടതില്ല. മറച്ചുവെച്ചതും ചുരുക്കിക്കാട്ടിയതും അടിക്കുറിപ്പാക്കിയതുമായ ചരിത്രത്തെ വീണ്ടും വായിച്ചാൽ മാത്രം മതി.
