‘ഇന്ത്യ’ സഖ്യം ഉപേക്ഷിച്ച് ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു. നേതാവുമായ നിതീഷ് കുമാര്‍ എന്‍.ഡി.എ. സഖ്യത്തിന്റെ ഭാഗമായതിനു പിന്നാലെ ഉടലെടുത്ത അപ്രതീക്ഷിത രാഷ്ട്രീയ പ്രതിസന്ധി ഒരുഭാഗത്ത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ദശലക്ഷക്കണക്കിനാളുകള്‍ സംസ്ഥാനത്തുനിന്ന് പുറപ്പെട്ടെന്ന നിറം പിടിപ്പിച്ച മാധ്യമ കഥകള്‍ മറുഭാഗത്ത്- ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി സജ്ജമാക്കിയ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് പക്ഷെ, അധിക ആയുസുണ്ടായില്ല. ഫെബ്രുവരി 20- ന് മുസഫര്‍പുരില്‍ നിന്നാരംഭിച്ച ഒരു യാത്ര ബി ജെ പിയുടെ സ്വപ്‌നങ്ങള്‍ക്കു മേല്‍ പറന്നിറങ്ങി. വെള്ള കുര്‍ത്ത ധരിച്ച 34 കാരനായ ഒരു യുവാവായിരുന്നു ആ യാത്ര നയിച്ചത്, അയാളുടെ പേര് തേജസ്വി യാദവ്.
‘ജനവിശ്വാസ് യാത്ര’ എന്ന് പേരിട്ട ആ യാത്ര കടന്നു പോകുന്ന വഴികളിലെല്ലാം ആയിരക്കണക്കിന് യുവാക്കളും സാധാരണക്കാരും തേജസ്വിയെ ആവേശത്തോടെ വരവേറ്റു. തേജസ്വിയെ നോക്കി ആര്‍ത്തുവിളിച്ചു. അവരെ അഭിവാദ്യം ചെയ്ത് ഗ്രാമ നഗരങ്ങളിലൂടെ ആ യുവാവ് കടന്നുപോയി. 3500 കിലോമീറ്റര്‍ പിന്നിട്ട 10 ദിവസം നീണ്ട ‘ജന വിശ്വാസ് യാത്ര’ അതുവരെ ബിഹാറിലുണ്ടായിരുന്ന എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളെയും കീഴ്‌മേല്‍ മറിച്ചു. പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ജനവിശ്വാസ് യാത്രയുടെ ചിത്രങ്ങള്‍ പകര്‍ത്തേണ്ടിവന്നു, തേജസ്വിയുടെ പേര് പലകുറി എഴുതേണ്ടിവന്നു.
2020- ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഏറ്റവും പ്രതിസന്ധി കാലം, അച്ഛന്‍ ലാലു പ്രസാദ് യാദവ് ജയിലില്‍ കിടക്കുന്ന കാലം ബിഹാര്‍ നിയമസഭയില്‍ ബി ജെ പിയെ പിന്നിലാക്കി ഏറ്റവും വലിയ ഒറ്റകക്ഷിയായി തന്റെ പാര്‍ട്ടിയെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ച ആ തേജസ്വിയില്‍ നിന്ന് 2024- ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലമെത്തുമ്പോള്‍ ബിഹാറിലെ ഏറ്റവും ശക്തനായൊരു സോഷ്യലിസ്റ്റ് രാഷ്ട്രീയക്കാരന്റെ ഉദയമായി മാറിയിരിക്കുന്നു.
ലാലു പ്രസാദ് യാദവും രാം വിലാസ് പാസ്വാനും നിതീഷ് കുമാറും സുശീല്‍ കുമാര്‍ മോദിയും തുടങ്ങിയ ബിഹാര്‍ കണ്ടു മടുത്ത പഴയ മുഖങ്ങള്‍ക്കുപകരം കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ഉയര്‍ന്നു വന്ന ഒരേയൊരു നേതാവ് തേജസ്വിയാണ്. ജാതി രാഷ്ട്രീയത്തിനപ്പുറം ബിഹാര്‍ ഏറ്റവും അടിയന്തരമായി അഡ്രസ് ചെയ്യേണ്ടത് സാമ്പത്തിക തുല്യതയാണ് എന്ന പുതിയ മുദ്രാവാക്യം ഏറ്റെടുത്തുകൊണ്ടാണ് ആ വരവ് തേജസ്വി ഊട്ടിയുറപ്പിക്കുന്നത്. എം വൈ പാര്‍ട്ടി അഥവ മുസ്‌ലിം- യാദവ പാര്‍ട്ടി എന്നറിയപ്പെട്ടിരുന്ന ആര്‍ ജെ ഡിയെ എല്ലാ സാമൂഹ്യവിഭാഗങ്ങളെയും ജാതി വിഭാഗങ്ങളെയും ഉള്‍ക്കൊണ്ടുള്ള ഒരു ഇന്‍ക്ലൂസിവ് പാര്‍ട്ടിയായി പുതുക്കിപ്പണിയുകയാണ് ബിഹാറില്‍ തേജസ്വി.
ജാതിവിവേചനത്തിനൊപ്പം സാമ്പത്തിക വിവേചനം കൂടി അവസാനിപ്പിക്കണം എന്ന ആശയം മുന്നോട്ടുവെച്ച തേജസ്വി യാദവരുടെയും മുസ്‍ലിംകളുടെയും മാത്രമല്ല സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പാര്‍ട്ടിയാണ് ആര്‍ ജെ ഡിയെന്ന് യാത്രയിലുടനീളം ആവര്‍ത്തിച്ചു. സാമൂഹ്യ നീതിയും സാമ്പത്തിക നീതിയും നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളോട് വിശദീകരിച്ച തേജസ്വി തൊഴിലില്ലായ്മയാണ് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും പറഞ്ഞു. യാത്രയില്‍ തടിച്ചുകൂടിയ ജനം തേജസ്വിയുടെ ഓരോ വാക്കിനും ആര്‍പ്പുവിളിക്കുകയും കൈയടിക്കുകയും ചെയ്യുന്നത് തേജസ്വി ഫേസ്ബുക്കില്‍ പങ്കുവെച്ച ലൈവ് വീഡിയോകളില്‍ കാണാം.
‘ഇന്ത്യ’ സഖ്യം മുന്നോട്ടുവച്ച സാമൂഹിക നീതിയുടെ രാഷ്ട്രീയത്തിന്റെ ഭാഗമായി ബിഹാറിൽ നടത്തിയ ജാതി സെൻസസ്, ചില കടുത്ത സാമൂഹിക സാഹചര്യങ്ങളെ പുറത്തുകൊണ്ടുവന്നു. ഒരുപക്ഷ, ബി.ജെ.പിയുടെ സാമുദായിക വിഭജന രാഷ്ട്രീയത്തിന് അതിശക്തമായ പ്രതിരോധമാണ് ഈ സാമൂഹിക റിയാലിറ്റിയിലൂടെ മുന്നോട്ടുവക്കാനായത്. അത് ഒരു രാഷ്ട്രീയ വിഷയമായി ഉയർത്തുന്നത് തേജസ്വിയാണ്.
ബിഹാറിലെ ജനസംഖ്യയില്‍ ഭൂരിഭാഗത്തിനും ദിവസം 500 രൂപ പോലും വരുമാനമില്ലെന്ന യാഥാര്‍ത്ഥ്യം കൃത്യമായി അഡ്രസ് ചെയ്യുന്നുണ്ട് തേജസ്വി. ബിഹാറില ഏറ്റവും ദാരിദ്ര്യമനുഭവിക്കുന്നത് പട്ടികജാതി- പട്ടികവര്‍ഗക്കാരാണ്. ജനസംഖ്യയിലെ 19.65 ശതമാനം വരുന്ന പട്ടിക ജാതിക്കാരില്‍ 42.93 ശതമാനവും ദരിദ്രരാണ്. 1.68 ശതമാനമുള്ള പട്ടികവര്‍ഗക്കാരില്‍ 42.7 ശതമാനവും ദരിദ്രരാണ്. അതീവ പിന്നാക്ക- ഒ.ബി.സി വിഭാഗങ്ങളില്‍ 33.16 ശതമാനവും അതീവ പിന്നാക്കക്കാരില്‍ 33.58 ശതമാനവും ജനറല്‍ വിഭാഗത്തില്‍ 25.09 ശതമാനവും ദാരിദ്ര്യരേഖക്കുതാഴെയാണ്. ഒ.ബി.സിയില്‍ യാദവരാണ് ഏറ്റവും ദരിദ്രര്‍. ജനസംഖ്യയില്‍ 14.26 ശതമാനം വരുന്ന യാദവരില്‍ മൂന്നില്‍ ഒരാള്‍ ദരിദ്രരാണ്. കുശ്വാഹരില്‍ 34.32 ശതമാനം ദരിദ്രരാണ്. പട്ടികജാതിക്കാരില്‍ മുഷാഹരാണ് ഏറ്റവും ദരിദ്രര്‍. 8,73,281 കുടുംബങ്ങളില്‍ 54.56 ശതമാനവും ദാരിദ്ര്യരേഖക്കുതാഴെയാണ്.
2021-ലെ നിതി ആയോഗ് റിപ്പോര്‍ട്ടില്‍, ബിഹാറിനെ ഏറ്റവും ദാരിദ്ര്യമുള്ള സംസ്ഥാനങ്ങളില്‍ ഒന്നായി രേഖപ്പെടുത്തിയിരുന്നു. 51.91 ശതമാനം ജനങ്ങളും ദരിദ്രരാണ് എന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. മാസവരുമാനത്തെ അടിസ്ഥാനമാക്കിയാണ് ജാതിസെന്‍സസ് ദാരിദ്ര്യത്തിന്റെ തോത് നിശ്ചയിച്ചത് എന്നുമാത്രം. എല്ലാ വിഭാഗങ്ങളും അതിവേഗം ദാരിദ്ര്യവല്‍ക്കരിക്കപ്പെടുന്നുവെന്ന യാഥാര്‍ഥ്യം കൂടി ജാതിസെന്‍സസ് ഡേറ്റ വെളിപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തേജസ്വി ബിഹാറില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന സാമ്പത്തിക തുല്യത എന്ന ആശയത്തിന്റെ പ്രസക്തി ഏറുന്നത്.
അനാരോഗ്യം മൂലം സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുന്ന ലാലുപ്രസാദ് യാദവിന്റെ തിരിച്ചുവരവിനുകൂടിയാണ് ജനവിശ്വാസ് റാലി സാക്ഷിയായത്. ഇന്ത്യ മുന്നണിയിലെ പ്രധാന നേതാക്കളെല്ലാം പങ്കെടുത്ത ജനവിശ്വാസ് റാലിയുടെ സമാപന സമ്മേളനത്തില്‍ലാലുപ്രസാദിന്റെ പേര് കേള്‍ക്കുമ്പോള്‍ ജനം ആര്‍ത്തിരമ്പി. മഴയില്‍ കുതിര്‍ന്നുനിന്ന് 'ലാലുജീ സിന്ദാബാദ്' എന്ന് തൊണ്ടകീറി വിളിച്ച് പ്രിയനേതാവിനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു.
'സംസ്ഥാനത്തുടനീളം യാത്ര ചെയ്ത എന്റെ മകന്‍ തേജസ്വി യാദവ് നിങ്ങളോടു പറഞ്ഞില്ലേ, പപ്പയെ കാണാന്‍ ഗാന്ധിമൈതാനത്തേക്കു വരൂ എന്ന്. ഇതാ ഞാന്‍ വന്നു. ഇത് നിങ്ങളുടെ പാര്‍ട്ടിയാണ്. ഞാന്‍ ആഹ്വാനം ചെയ്യുന്നു; നമ്മള്‍ ഡല്‍ഹി പിടിച്ചെടുക്കും'.
പ്രത്യക്ഷമായോ പരോക്ഷമായോ ബിജെപിയെ സഹായിക്കുന്നൊരൊറ്റ പ്രസ്താവന പോലും ചരിത്രത്തില്‍ നിന്ന് എടുത്തുകാണിക്കാന്‍ പറ്റാത്തത്രയും ബി ജെ പി വിരുദ്ധനായ, അദ്വാനിയുടെ രഥയാത്രയെ ബിഹാറില്‍ തടഞ്ഞ ആ എഴുപത്തഞ്ചുകാരന്റെ വാക്കുകള്‍ക്ക് ജനം നിര്‍ത്താതെ കയ്യടിച്ചു.
തേജസ്വിയുടെ യാത്ര അവസാനിക്കുമ്പോള്‍, അത് ബീഹാറിലെ ബി ജെ പി - ജെ ഡി യു ക്യാമ്പിനുണ്ടാക്കിയ പ്രഹരം ചെറുതായിരുന്നില്ല. ഒറ്റ സീറ്റ് പോലും നേടാത്ത 2019- ല്‍ നിന്ന് 2024 ലേക്കെത്തുമ്പോള്‍ ബിഹാറിന്റെ രാഷ്ട്രീയത്തില്‍ ആര്‍.ജെ.ഡി ഉണ്ടാക്കുന്ന ഇംപാക്ട് എന്തായിരിക്കും എന്നത് കാത്തിരുന്ന് കാണേണ്ടതാണെങ്കിലും തേജസ്വി ഇപ്പോള്‍ തൊടുത്തുവിടുന്ന ആശയധാരയ്ക്ക് ബിഹാറിന്റെ രാഷ്ട്രീയഭാവി നിര്‍ണ്ണയിക്കാന്‍ മാത്രം ശേഷിയുണ്ട് എന്ന് ഉറപ്പാണ്.
ആര്‍ ജെ ഡി ഒരു പ്രാദേശിക പാര്‍ട്ടി ആയിരിക്കുന്നിടത്തോളം കാലം തേജസ്വി യാദവ് ദേശീയ രാഷ്ട്രീയത്തിന്റെ പ്രധാന മുഖമായി വരും എന്നത് അത്രാഗ്രഹമായിരിക്കുമ്പോള്‍ തന്നെ ഒരു ആശയം എന്ന നിലയില്‍ ദേശീയ രാഷ്ട്രീയത്തിലെ ശക്തമായൊരു സാന്നിധ്യമായി തേജസ്വിയും ആര്‍ ജെ ഡിയും ഉണ്ടാകും. ഇന്ത്യ ഭരിക്കുന്ന സമഗ്രാധിപത്യ ഭരണകൂടത്തിനെതിരെയുള്ളൊരു പ്രതിപക്ഷ സാന്നിധ്യവും ബിഹാറിലെ ബി ജെ പിക്കെതിരെ വെക്കാവുന്ന ഏറ്റവും വലിയൊരു ചെക്കും കൂടിയാകും അത്.
തേജസ്വിക്കു പിന്നാലെയും ഇ.ഡി വട്ടമിട്ട് പറക്കുന്നുണ്ട്. അവര്‍ക്കുള്ള മറുപടി തേജസ്വി അന്നേ പറഞ്ഞിട്ടുണ്ട്, ഞങ്ങള്‍ മുട്ടു മടക്കില്ല, കീഴടങ്ങില്ല, ഞങ്ങള്‍ എല്ലാവരും ലാലുപ്രസാദ് യാദവുമാരാണ്.