ദീപേന്ദ്ര സിംഗ് ഹൂഡ

റോഹ്തക് സീറ്റ് തിരിച്ചുപിടിച്ച് കോൺഗ്രസ്

Election Desk

ഹരിയാനയിലെ റോഹ്തക് ലോക്‌സഭാ മണ്ഡലത്തിൽ മൂന്ന് ലക്ഷത്തിലേറെ വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ച് കോൺഗ്രസ് സ്ഥാനാർഥി ദീപേന്ദർ ഹൂഡ. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്ന സ്ഥാനാർഥികൾ തന്നെ 2024 ലും മത്സരിക്കാനെത്തിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. റോഹ്തക്കിലെ സിറ്റിങ്ങ് എം.പിയായ അരവിന്ദ് ശർമ്മയെ അട്ടിമറിച്ചാണ് വിജയം. ഇതോടെ ഹൂഡ കുടുംബത്തിന്റെ കോട്ടയായ റോഹ്തക്ക് സീറ്റ് വീണ്ടെടുത്ത് ദീപേന്ദർ, പ്രതികാരം പൂർത്തീകരിച്ചിരിക്കുകയാണ്.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായ അരവിന്ദ് ശർമ്മയ്ക്ക് 573,845 വോട്ടുകളാണ് ലഭിച്ചത്. ദീപേന്ദർ സിംഗ് ഹൂഡയെ 7,503 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 5,66,342 വോട്ടുകളാണ് ദീപേന്ദർ സിങ് ഹൂഡയ്ക്ക് ലഭിച്ചത്.

റോഹ്തക്ക് ലോക്സഭാ സീറ്റിന് കീഴിലുള്ള ഒമ്പത് നിയമസഭാ മണ്ഡലങ്ങളിൽ ഏഴിലും കോൺഗ്രസാണ് ഭരിക്കുന്നത്. മണ്ഡലത്തിൽ കോൺഗ്രസിനുള്ള മേൽക്കൈയും ഹൂഡയുടെ ചിട്ടയായ പ്രവർത്തനവും വിജയത്തിന്റെ പ്രധാന കാരണമാണ്. പുരോഗമനപരമായ ആശയങ്ങളുടെ പേരിലും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന് വേണ്ടി വാദിക്കുന്ന രാഷ്ട്രീയക്കാരൻ എന്ന നിലയിലും ഹൂഡയ്ക്ക് അനുകൂലമായ അന്തരീക്ഷമായിരുന്നു മണ്ഡലത്തിലുണ്ടായിരുന്നത്. റോഹ്തക്കിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലെ വീഴ്ചയും മനോഹർ ലാൽ ഖട്ടറിനെ മാറ്റി നയാബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയായി നിയമിച്ച ബിജെപി സംസ്ഥാന സർക്കാരിന്റെ ഭരണപരാജയങ്ങളും എണ്ണി പറഞ്ഞുകൊണ്ടുള്ള പ്രചാരണങ്ങൾക്കാണ് ദീപേന്ദർ ഹൂഡ നേത്വത്വം നൽകിയത്. കർഷക സമരത്തോടും ഗുസ്തി താരങ്ങളുടെ സമരത്തോടുമുള്ള കേന്ദ്ര അവഗണനയും വിജയത്തിന് പ്രധാന കാരണമായിട്ടുണ്ട്.

നാല് തവണ റോഹ്തക് സീറ്റിൽ നിന്ന് നിന്ന് വിജയിച്ച മുൻ ഹരിയാനമുഖ്യമന്ത്രിയും പിതാവുമായ ഭൂപേന്ദർ സിംഗ് ഹൂഡയുടെ പാത പിന്തുടർന്ന് ദീപേന്ദറും മൂന്ന് തവണ പാർലമെന്റിൽ ഈ സീറ്റിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ദീപേന്ദറിന്റെ മുത്തച്ഛൻ രൺബീർ സിംഗ് ഹൂഡ 1952 ലും 1957 ലും ഇവിടുത്തെ എം.പിയായിരുന്നു. ഹരിയാന രാഷ്ട്രീയത്തിലെ പ്രമുഖരായ ഹർദ്വാരി ലാൽ, മുൻ ഉപപ്രധാനമന്ത്രി ദേവി ലാൽ എന്നിവരും റോഹ്തക്കിൽ നിന്ന് വിജയിച്ചിട്ടുണ്ട്.

1991 മുതൽ രണ്ട് തവണ മാത്രമാണ് കോൺഗ്രസിന് റോഹ്തക് സീറ്റ് നഷ്ടമായത്. 2019ൽ ബിജെപിക്കും 1999ൽ ഇന്ത്യൻ നാഷണൽ ലോക്ദളിനും. 2024 ലെ വിജയത്തോടെ ഈ നഷ്ടം നികത്തിയിരിക്കുകയാണ് ദീപേന്ദർ ഹൂഡ

Comments