‘നന്ദി മോദി’ എന്നു പറഞ്ഞിട്ടില്ല, ആർ.എസ്.എസ് പറയുന്ന ‘സംസ്‌കാരം’ പ്രശ്‌നം തന്നെയാണ്- എം. കുഞ്ഞാമൻ

ആർ.എസ്.എസ് മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ‘സ്വാംശീകരിക്കുന്നത്' ഒരു രാഷ്ട്രീയ തന്ത്രമാണ്. അത്, അവരെ സംബന്ധിച്ച് തത്വശാസ്ത്രപരമായ സമീപനമല്ല, രാഷ്ട്രീയ തന്ത്രമാണ്. മൂല്യങ്ങൾ സ്വാംശീകരിക്കാൻ ആരെയും നിർബന്ധിക്കാൻ ഇന്ത്യയിൽ കഴിയില്ല. അതുകൊണ്ടുതന്നെ ഇതൊരു രാഷ്ട്രീയ തന്ത്രമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ക്രിസ്ത്യൻ സഭാ മേലധ്യക്ഷന്മാരുമായി നടത്തിയ കൂടിക്കാഴ്ചയും ഹിന്ദുത്വ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ്.

കെ. കണ്ണൻ:‘Brahminical Hinduism disappearing, thanks to Modi’' എന്ന ടൈറ്റിലിൽ ന്യൂ ഇന്ത്യൻ എക്​സ്​പ്രസ്​ പ്രസിദ്ധീകരിച്ച, താങ്കളുമായുള്ള അഭിമുഖത്തിലെ ചില പരാമർശങ്ങൾ പലതരം ചർച്ചകൾക്കിടയാക്കിയിട്ടുണ്ട്. ‘ഇന്ത്യയിൽ ബ്രാഹ്മണിക്കൽ ഹിന്ദുയിസം അപ്രത്യക്ഷമാകുന്നു' എന്ന വാദം, നിലവിലെ സോഷ്യോ- പൊളിറ്റിക്കൽ ആസ്‌പെക്റ്റിൽ ആശയക്കുഴപ്പം നിറഞ്ഞ ഒന്നായി തോന്നുന്നു.

എം. കുഞ്ഞാമൻ: ‘ഇന്ത്യയിൽ ബ്രാഹ്മണിക്കൽ ഹിന്ദുത്വ' ഇല്ലാതായി എന്ന കാര്യമാണ് ഞാൻ വിശദീകരിക്കാൻ ശ്രമിച്ചത്, ബ്രാഹ്മണിക്കൽ ഹിന്ദുയിസം എന്നല്ല. അതായത്, ഇന്ത്യയിൽ പ്രത്യയശാസ്ത്രവും തന്ത്രങ്ങളും ആവിഷ്‌കരിച്ചിരുന്ന ‘ബ്രാഹ്മണിക്കൽ ഹിന്ദുത്വ' എന്ന ഹൈറാർക്കി ഇല്ലാതായി എന്നു പറയാം. ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഇല്ലാതായി എന്നു പറഞ്ഞാൽ അതിനർഥം ബ്രാഹ്മണർ ഇല്ലാതായി എന്നല്ല. ബ്രാഹ്മണിസം ഉണ്ട്, ആ ഹൈറാർക്കിയുടെ ശക്തമായ നിയന്ത്രണത്തിൽ തന്നെയാണ് രാഷ്ട്രീയവും മതവും മീഡിയയും അക്കാദമിയയുമെല്ലാം ഇന്നും പ്രവർത്തിക്കുന്നത്. ആ ബ്രാഹ്മണിക്കൽ ഹൈറാർക്കി ബ്രാഹ്മണരുടേതല്ല. ദലിതരിൽനിന്ന് അധികാരം രുചിച്ചുനോക്കാൻ അവസരം കിട്ടിയവർ ബ്രാഹ്​മിൺ ക്ലാസായി മാറിയിട്ടുണ്ട്. അതുകൊണ്ട്, ഇപ്പോഴത്തെ ബ്രാഹ്മണരിൽ പിന്നാക്കക്കാരും ദലിതരും ആദിവാസികളും ന്യൂനപക്ഷങ്ങളുമുണ്ട്. അങ്ങനെയൊരു ബ്രാഹ്മണിക്കൽ ക്ലാസാണ് ഇപ്പോൾ നിലനിൽക്കുന്നത്.

ഉദാഹരണത്തിന്, ‘ഞങ്ങളെ പരിഗണിക്കണം' എന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരോ എസ്.എൻ.ഡി.പി ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനോ ക്രിസ്ത്യൻ സഭകളോ ആവശ്യപ്പെടുന്നത് തങ്ങൾ നായർ, ഈഴവ, സിറിയൻ ക്രിസ്ത്യൻ വിഭാഗക്കാരാണ് എന്നതിന്റെ അടിസ്ഥാനത്തിലല്ല. പകരം, സ്ഥാപനങ്ങളും സമ്പത്തും നിയന്ത്രിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. സമ്പത്തിന്റെ നിയന്ത്രണത്തിലൂടെയാണ് അവർക്ക് സ്വാധീനം ലഭിക്കുന്നത്. ആ സ്വാധീനമാണ് രാഷ്ട്രീയത്തിലും അവർ പ്രയോഗിക്കുന്നത്. അവരുടേത് ഒരു പാരലൽ സിസ്റ്റമാണ്. പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തോ ഏതെങ്കിലും ബിഷപ്പ് ഹൗസിലോ ചെന്നുനോക്കൂ, മുഖ്യമന്ത്രിക്കുള്ളതിനേക്കാൾ വലിയ സംവിധാനങ്ങൾ അവിടെ കാണാം. ഇവരൊക്കെ ശക്തിയിൽ നിന്നുകൊണ്ടാണ് നിയന്ത്രിക്കാൻ ശ്രമിക്കുന്നത്. എന്നാൽ, ദലിതരും ആദിവാസികളും അശക്തരായതിനാൽ, അവർക്ക് അപേക്ഷിക്കാനേ പറ്റൂ, ഡിമാൻറ്​ ചെയ്യാനാകില്ല.

അതേസമയം, പിന്നാക്ക വിഭാഗക്കാർ പൊതുവേ സമ്പന്നരും ശക്തരുമായി മുന്നോട്ടുവന്നിട്ടുണ്ട്, പ്രത്യേകിച്ച്, മണ്ഡൽ കമീഷൻ റിപ്പോർട്ട് ശുപാർശകൾക്കുശേഷം. സ്വതന്ത്ര ഇന്ത്യയിലുണ്ടായ പ്രധാനപ്പെട്ട മൂന്നു മാറ്റങ്ങളുടെ- ഭൂപരിഷ്‌കരണം, ഗ്രീൻ റവല്യൂഷൻ, ബാങ്ക് ദേശസാൽക്കരണം- ഗുണഭോക്താക്കളാകാൻ കഴിഞ്ഞത് പിന്നാക്ക വിഭാഗങ്ങൾക്കാണ്.

‘ന്യൂ ഇന്ത്യൻ എക്​സ്​പ്രസു’മായുള്ള അഭിമുഖത്തിന്റെ 30 മിനിറ്റുള്ള വീഡിയോയിൽ താങ്കൾ, ബ്രാഹ്മണിക്കൽ ഹിന്ദുയിസം ഇല്ലാതായതിന് ഉത്തരവാദി നരേന്ദ്രമോദിയാണ് എന്ന് പറയുന്നുണ്ട്: ‘ബ്രാഹ്മണിക്കൽ ഹിന്ദുയിസം ഇന്ത്യയിൽ ഏകദേശം ഡിസപ്പിയറായിക്കൊണ്ടിരിക്കുകയാണ്. most probably, most prominently Narendra Modi is responsible for that in defeating brahmanical hierarchy.’ എന്നാണ്​ താങ്കൾ പറഞ്ഞത്​. ന്യൂ ഇന്ത്യൻ എക്​സ്​പ്രസ്​ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ ടെക്‌സ്റ്റിന്റെ ടൈറ്റിൽ ‘Brahminical Hinduism disappearing, thanks to Modi’ എന്നായിരുന്നു. ‘thanks to’ എന്നതി​ന്റെ അർഥം ‘someone or something is responsible for something good; you blame someone or something for something bad’ എന്നാണ്​. എന്നാൽ, ‘മോദിക്ക്​ നന്ദി’ എന്ന തെറ്റായ മലയാള വിവർത്തനത്തിലൂടെ താങ്കളുടെ പരാമർശം, ഇതേ പത്രത്തിന്റെ പ്രസിദ്ധീകരണമായ ‘സമകാലിക മലയാളം’ അടക്കമുള്ള മാധ്യമങ്ങളിൽതെറ്റിധരിപ്പിക്കുംവിധം പ്രചരിപ്പിക്കപ്പെട്ടു. ഇപ്പോഴത്തെ ഇന്ത്യൻ പൊളിറ്റിക്കൽ കോൺടെക്‌സ്റ്റിൽ, വലിയ പ്രത്യാഘാതമുണ്ടാക്കുന്ന ഒരു ​പ്രോസസിനെക്കുറിച്ചാണ്​ താങ്കൾ സൂചിപ്പിച്ചത്​. അതിലുള്ള അതിലുള്ള മോദിയുടെ പങ്കിനെ എങ്ങനെ വിശദീകരിക്കാം?

ആ അഭിമുഖത്തിൽ ‘​Thanks Modi’ എന്നു ഞാൻ പറഞ്ഞിട്ടില്ല. ബ്രാഹ്മണിക്കൽ ഹിന്ദുത്വ അപ്രത്യക്ഷമായതിന്റെ ഉത്തരവാദി നരേന്ദ്രമോദിയാണ് എന്ന കാര്യമാണ്​ വിശദീകരിച്ചത്​. അദ്ദേഹത്തിന്റെ നയങ്ങളും പ്രവർത്തനങ്ങളുമാണ് ഈയൊരു പ്രക്രിയക്ക് കാരണമായത്. ഇത്​ അവരുടെ രാഷ്​ട്രീയ തന്ത്രം കൂടിയായിരുന്നു. 2014-ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 33 ശതമാനം വോട്ടാണ് കിട്ടിയത്. അടുത്ത തെരഞ്ഞെടുപ്പിൽ അത് വർധിച്ചു. ഇതോടൊപ്പം, രാഷ്ട്രീയ തന്ത്രങ്ങളിൽ അവർ മാറ്റം വരുത്തി, ബ്രാഹ്മണരിൽനിന്ന് പിന്നാക്ക- പാർശ്വവൽകൃത വിഭാഗങ്ങളിലേക്ക് തിരിഞ്ഞു. ക്ഷേമ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും തമ്മിൽ കൂട്ടിച്ചേർത്തുള്ള ഈയൊരു പുതിയ നയത്തിലൂടെ അവർ സാധാരണ ജനങ്ങളിലേക്കും പാർശ്വവൽകൃത വിഭാഗങ്ങളിലേക്കും കടന്നുചെന്നു. തന്ത്രപരമായ ഈ മാറ്റത്തിലൂടെ ഈ വിഭാഗങ്ങളുടെ അപ്പീൽ നേടിയെടുക്കാനായി. അല്ലാതെ, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ അവർ ഒരു മാറ്റവും വരുത്തിയിട്ടില്ല. രാഷ്ട്രീയ പരിപ്രേക്ഷ്യം ഒന്ന് താഴ്ത്തി, ക്ഷേമ- വികസന പ്രവർത്തനങ്ങളുടെ സ്വഭാവമൊന്ന് മാറ്റിയെന്നു മാത്രം. ഉദാഹരണത്തിന് ഫിനാൻഷ്യൽ ഇൻക്ലൂഷൻ. പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇട്ടുകൊടുക്കുക. സ്ത്രീകളടക്കമുള്ള വിഭാഗങ്ങളെ ഇത് ഏറെ സ്വാധീനിച്ചിട്ടുണ്ട്.

ഏത് പാശ്ചാത്തലത്തിലാണ് ഈയൊരു രാഷ്​ട്രീയ തന്ത്രം അവർ കൊണ്ടുവരുന്നത്​ എന്നുകൂടി ആലോചിക്കണം.

അറുപതു വർഷത്തിലേറെ കോൺഗ്രസുകാർ അധികാരത്തിലുണ്ടായിരുന്നു. 35 വർഷത്തിലേറെ ബംഗാളിലും 25 വർത്തിലേറെ ത്രിപുരയിലും പലപ്പോഴായി കേരളത്തിലും മാർക്‌സിസ്റ്റുകാരും അധികാരത്തിലുണ്ടായിരുന്നു. ഇവരെല്ലാം ഇപ്പോഴും ദാരിദ്ര്യത്തെക്കുറിച്ചും അടിച്ചമർത്തലിനെക്കുറിച്ചുമാണ് പറയുന്നത്. ‘നിങ്ങൾക്കുകിട്ടിയ അവസരം ദാരിദ്ര്യനിർമാർജനത്തിന് ഉപയോഗപ്പെടുത്തിയോ? സമത്വം കൊണ്ടുവരാൻ ശ്രമിച്ചോ' എന്നാണ് ഇവരോട് ചോദിക്കേണ്ടത്. മല്ലികാർജുൻ ഖാർഗേ പ്രസിഡന്റാകുമ്പോൾ മാത്രമാണ് കോൺഗ്രസ് പ്രസിഡന്റിന്റെ യോഗ്യതയെക്കുറിച്ച് ചർച്ച വരുന്നത്- പ്രസിഡന്റിന് ഇന്ന വിദ്യാഭ്യാസ യോഗ്യത വേണം, ഇത്ര പുസ്തകങ്ങൾ എഴുതണം എന്നൊക്കെ. മുമ്പ് ഇത്തരം യോഗ്യതകളെക്കുറിച്ച് ആരും പറഞ്ഞിരുന്നില്ല. കാരണം, ഖാർഗെ ദലിതനാണ്.

ബി.ജെ.പിയുടെ ബദലിനെക്കുറിച്ച് ചർച്ച ചെയ്യുന്ന സീതാറാം യെച്ചൂരിയും സ്റ്റാലിനും ജനങ്ങളിലേക്കിറങ്ങുകയാണ് വേണ്ടത്. അതിന് അവർക്ക് പുതിയ പരിപാടി വേണം- ‘ഞങ്ങൾ അധികാരത്തിൽ വന്നാൽ സമ്പത്ത് തുല്യമായി വിതരണം ചെയ്യും' എന്നൊരു രാഷ്ട്രീയ പരിപാടി മുന്നോട്ടുവക്കുകയാണെങ്കിൽ തീർച്ചയായും അവർക്ക് അധികാരത്തിൽ വരാൻ കഴിയും. ഏതു പാർട്ടിക്കാണ് ഇങ്ങനെയൊരു പരിപാടി മുന്നോട്ടുവക്കാൻ കഴിയുക? കമ്യൂണിസ്റ്റ് പാർട്ടികൾക്കും ഇടതുപാർട്ടികൾക്കും കോൺഗ്രസിനും അത്തരമൊരു പരിപാടിയില്ല.

എം.കെ. സ്റ്റാലിൻ, സീതാറാം യെച്ചൂരി

ദേശീയതലത്തിൽ ആറ് പതിറ്റാണ്ട് ഭരണകൂട അധികാരം കൈയാളിയ കോൺഗ്രസിനെയും മൂന്ന് സംസ്ഥാനങ്ങളിൽ മാത്രം ഭരണകൂട നിയന്ത്രണമുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാർട്ടികളെയും ഇക്കാര്യത്തിൽ താരതമ്യം ചെയ്യാനാകുമോ? കേരളത്തിലെ ഇടതുപക്ഷ സർക്കാറുകളുടെ മുൻകൈകളെ തീർത്തും റദ്ദാക്കിക്കളയാനാകുമോ?

കമ്യൂണിസ്റ്റ് പാർട്ടി അടിച്ചമർത്തപ്പെട്ടവരിലേക്ക് ഇറങ്ങിച്ചെന്നില്ല എന്നു മാത്രമല്ല, ബ്രാഹ്മണിക്കൽ കമ്യൂണിസമാണ് അവർ കൊണ്ടുവന്നത്. അവരുടെ വർഗതാൽപര്യങ്ങളും അതിന്റേതായ എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും നിലനിർത്തിക്കൊണ്ടുള്ളതുമായ ഒരു അധികാര വ്യവസ്ഥ. സാമൂഹിക നിയന്ത്രണം ഫ്യൂഡൽ മേലാളരിൽനിന്ന് രാഷ്ട്രീയ മേലാളരിലേക്ക് ഷിഫ്റ്റ് ചെയ്യുകയാണ് ചെയ്തത്. ദലിതരൊക്കെ രാഷ്ട്രീയത്തിൽ വരുന്നത് പാർശ്വവൽകൃത വിഭാഗമായിട്ടുതന്നെയാണ്. അല്ലാതെ അവർ ഒരു പ്രോമിനന്റ് ശക്തിയായി മാറിയിട്ടില്ല, രാഷ്ട്രീയമായി. ഏതെങ്കിലും പൊസിഷനോ അൽപം അധികാരമോ കൊടുത്താൽ വിലക്കെടുക്കാവുന്ന നിസ്സഹായാവസ്ഥയിലാണ് അവരിപ്പോഴുമുള്ളത്.

ഡോ. ബി.ആർ. അംബേദ്കർ

ഡോ. ബി.ആർ. അംബേദ്കർ കൃത്യമായി പറഞ്ഞു, തുല്യതയാണ് നീതീ എന്ന്. അതിനർഥം, തുല്യതയില്ലായ്മ അനീതിയാണ് എന്നുകൂടിയാണ്. അംബേദ്കർ മുന്നോട്ടുവെച്ച ഭൂപരിപാടി ഭൂപരിഷ്‌കരണമായിരുന്നില്ല. രാജ്യത്തെ മൊത്തം കൃഷിഭൂമി ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവന്ന് തുല്യമായി കാർഷിക കുടുംബങ്ങൾക്ക് വീതിച്ചുകൊടുക്കണം എന്ന അംബേദ്കറുടെ പരിപാടിയെ കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും എതിർത്ത് തോൽപ്പിക്കുകയായിരുന്നു. നേരെ മറിച്ച് ഈ പരിപാടി സ്വീകരിച്ചിരുന്നുവെങ്കിൽ ഈ വിഭാഗങ്ങൾക്കിടയിൽ ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ശക്തിയാകാൻ കഴിയുമായിരുന്നു. ഇപ്പോഴും ദലിതർക്കും ആദിവാസികൾക്കും ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിശ്വാസമില്ല. ഇപ്പോഴും സംഭവിക്കുന്നത് എന്താണ്? കേരളത്തിൽ പൊലീസ് അതിക്രമങ്ങളിൽ മരിക്കുന്നത് ആരാണ്? നീതി നിഷേധിക്കപ്പെടുന്നത് ആർക്കാണ്? അട്ടപ്പാടിയിലെ മധുവിന്റെ അമ്മക്കും പെങ്ങൾക്കും, വയനാട്ടിലെ വിശ്വനാഥന്, ആറ്റിങ്ങലിലെ പെൺകുട്ടിക്ക്, വാളയാറിലെ അമ്മക്ക്. സാമൂഹികമായി ഏറ്റവും ദുർബലമായ വിഭാഗങ്ങളിൽനിന്ന് വരുന്നവരാണ് എന്നും ഇരകളാക്കപ്പെടുന്നത്. ഇതിന്റെയൊക്കെ നടത്തിപ്പുകാരാണ് ‘ഞങ്ങൾ മതേതതരം കൊണ്ടുവരും' എന്ന് അവകാശപ്പെടുന്നത്.

നിയോ ലിബറൽ ഇക്കണോമിക് പോളിസി വന്നതോടെ കമ്യൂണിസ്റ്റ് പാർട്ടികൾ വർഗ സംഘർഷങ്ങളെക്കുറിച്ചും ചൂഷണത്തെക്കുറിച്ചും പറയുന്നില്ല. അവർക്ക് ഇപ്പോൾ മുതലാളിമാരില്ല, സംരംഭകരേ ഉള്ളൂ. കമ്യൂണിസ്റ്റ് പാർട്ടികൾ അംബാനിയെയോ അദാനിയെയോ യൂസഫലിയെയോ തൊഴിലാളി പ്രത്യയശാസ്ത്ര പരിപ്രേക്ഷ്യത്തിൽനിന്നുകൊണ്ട് ശക്തമായി എതിർക്കുന്നില്ല. അവർക്കൊരു വർഗ പരിപ്രേക്ഷ്യവുമില്ല, പ്രത്യയശാസ്ത്രപരിപ്രേക്ഷ്യവുമില്ല. കേരളത്തെ മാറ്റാൻ ശ്രമിക്കുന്നത് സംരംഭക സഹായ സൗഹൃദ സംസ്ഥാനം എന്ന നിലയ്ക്കാണ്. അല്ലാതെ, തൊഴിലാളി സൗഹൃദ സംസ്ഥാനം എന്നു പറയുന്നില്ലല്ലോ.

കേരള മോഡൽ എന്ന വികസന പ്രക്രിയ ഒരു ‘എക്സ്‌ക്ലൂഷൻ മോഡൽ' ആണ്. ചരിത്രപരമായി പാർശ്വവൽക്കരിക്കപ്പെട്ടവർ ഈ പ്രക്രിയയിലൂടെ അതേപടി തുടർന്നു. എന്നാൽ, കേരളത്തിൽ ഒരു ‘ഇൻക്ലൂസീവ് വെൽഫെയർ മോഡൽ' രൂപപ്പെടുത്തിയെടുക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. എല്ലാവർക്കും ഈ മോഡലിന്റെ നേട്ടം ലഭിക്കുന്നു എന്ന അർഥത്തിൽ ഇതൊരു സെക്യുലർ മോഡലുമാണ്. ഇടതുപക്ഷ സർക്കാറുകളുടെ ഈയൊരു വെൽഫെയർ മോഡലാണ് കേരളത്തിന്റെ നിലനിൽപിന് കാരണം. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെ നമ്മുടെ സംവിധാനത്തിന് ഉൾക്കൊള്ളാനാകുന്നത് ഈയൊരു "ഇൻക്ലൂസീവ്നെസ്' മൂലമാണ്.

ബ്രാഹ്മണിക്കൽ ഹിന്ദുത്വ അപ്രത്യക്ഷമായി എങ്ങനെയാണ് ‘സബാൾട്ടൻ ഹിന്ദുത്വ' (‘സബാൾട്ടൻ ഹിന്ദുയിസം' എന്നാണ് ന്യൂ ഇന്ത്യൻ എക്​സ്​പ്രസിന്റെ ടെക്‌സ്റ്റിലുള്ളത്) വരുന്നത്?

‘സബാൾട്ടൻ ഹിന്ദുത്വ' എന്ന പദം ബോധപൂർവം ഉപയോഗിച്ചതാണ്. അതായത്, ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വ, കോൺഗ്രസിനുള്ളതായി ആരോപിക്കപ്പെടുന്ന മൃദു ഹിന്ദുത്വ എന്നിവ കൂടാതെ, ഒരു സബാൾട്ടൻ ഹിന്ദുത്വയെക്കുറിച്ചുകൂടി പറയേണ്ടതുണ്ട്. അത് പ്രായോഗിക തലത്തിൽ നിലവിൽ വന്നുകഴിഞ്ഞു. ഹിന്ദുയിസം ഒരു മതം ആയതിനാൽ അതിന് എല്ലാ വിഭാഗങ്ങളെയും ആകർഷിക്കാനാകില്ല. അതുകൊണ്ടാണ് ദുർബലരിലേക്കും കീഴാളരിലേക്കും അരികുവൽക്കരിക്കപ്പെട്ടവരിലേക്കുമെല്ലാം കടന്നുചെല്ലാൻ മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ചില രാഷ്ട്രീയതന്ത്രങ്ങൾക്ക് രൂപം കൊടുത്തത്. ക്ഷേമവും വികസനവുമാണ് ഈ തന്ത്രത്തിനായി മുന്നോട്ടുവച്ച പരിപാടി. സൗജന്യ ഭക്ഷണം, ഭക്ഷണത്തിനുള്ള അവകാശം എന്നൊക്കെ പറഞ്ഞ്, ക്ഷേമത്തെയും വികസനത്തെയും ഒന്നായി അവതരിപ്പിച്ചു. ‘റൈറ്റ് ടു ഫുഡ്' ശരിക്കും യു.പി.എ സർക്കാറിന്റെ പരിപാടിയാണ്. അത് ഇവരുടേതാക്കി തീർത്തു. ഉത്തരേന്ത്യയിൽ ഇത് പ്രകടമാണ്. അവിടെ ആളുകൾ മോദിയെ സ്വീകരിക്കുന്നതിന്റെ കാരണം ഈയൊരു തന്ത്രമാണ്.

ഇത് മാറ്റിമറിക്കാൻ ഒരു രാഷ്ട്രീയ പ്രസ്ഥാനം, രാഷ്ട്രീയ പരിപ്രേക്ഷ്യം ആരെങ്കിലും കൊണ്ടുവരികയാണെങ്കിൽ ജനം അത് സ്വീകരിക്കും. ജനങ്ങൾക്ക് വലിയ പങ്കില്ലാത്ത ഒരു വ്യവസ്ഥിതിയാണ് ജനാധിപത്യം. മൂന്ന് ഉത്തരവാദിത്തങ്ങളേയുള്ളൂ ജനാധിപത്യത്തിൽ അവർക്കുള്ളൂ- വോട്ട് ചെയ്യൽ, നികുതി കൊടുക്കൽ, അധികാരികളെ ആദരിക്കൽ. ഇത് ചെയ്തുകഴിഞ്ഞാൽ അധികാരികൾക്ക് ജനങ്ങളെ ആവശ്യമില്ല. അടുത്തതെരഞ്ഞെടുപ്പുവരെ അവർ നികുതിദായകർ മാത്രം.

ജനാധിപത്യത്തിലൂടെ ഏകാധിപതികൾ അധികാരത്തിൽ വരുന്നു. ജനാധിപത്യത്തിൽ ഏറ്റവും നിസ്സഹായരായവർ ജനങ്ങളായതുകൊണ്ടുതന്നെ ഈ ഏകാധിപതികളെ നിയന്ത്രിക്കാൻ യാതൊരു മാർഗവുമില്ല. അതുകൊണ്ടാണ് സ്വാതന്ത്ര്യമില്ലാത്ത ജനാധിപത്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത് എന്നു പറയുന്നത്.

രാഷ്ട്രീയമായി അഭിപ്രായം പറയുന്നവരെ ജയിലിലിട്ടിരിക്കുന്ന ഒരു കാലത്താണ് ദ്രൗപതി മുർമുവിനെ രാഷ്ട്രപതിയാക്കുന്നത്. സ്റ്റാൻ സ്വാമിയെ ഭരണകൂടം കൊന്നതാണ്. സാധാരണ ജനങ്ങളെ സംബന്ധിച്ച് ദ്രൗപതി മുർമു പ്രസിഡന്റായി എന്നു മാത്രം.

താങ്കൾ പറയുന്ന ‘സബാൾട്ടൻ ഹിന്ദുത്വ', പാർശ്വവൽകൃതരിലുണ്ടാകേണ്ട യഥാർഥ രാഷ്ട്രീയ ശാക്തീകരണത്തെ അട്ടിമറിക്കുന്ന ഒരു പ്രക്രിയ കൂടിയല്ലേ? മണ്ഡൽ പ്രക്ഷോഭത്തിന്റെ തുടർച്ചയായി കാൻഷിറാമിന്റെ നേതൃത്വത്തിൽ ശക്തമായ ബഹുജൻ പൊളിറ്റിക്‌സിനെപ്പോലൊരു കീഴാള രാഷ്ട്രീയ മുന്നേറ്റത്തിന്റെ വർത്തമാന സാധ്യതയെ തകർക്കുന്ന ഒന്ന്? അതായത്, ഫലത്തിൽ ബ്രാഹ്മണിക്കൽ ഹിന്ദുത്വയുടെ പ്രത്യയശാസ്ത്ര തുടർച്ച തന്നെയല്ലേ ‘സബാൾട്ടൻ ഹിന്ദുത്വ'യിലൂടെ സംഭവിക്കുക?

പാർശ്വവൽകൃതരുടെ യഥാർഥ മുന്നേറ്റത്തെ തടയുന്ന ഒന്നായി സബാൾട്ടൻ ഹിന്ദുത്വ മാറും. ഉത്തരേന്ത്യയിലെയും മറ്റും അംബേദ്കറൈറ്റ് മൂവ്‌മെന്റുകളെ ഈയൊരു പ്രക്രിയ ബാധിച്ചുകഴിഞ്ഞു.

‘എനിക്കറിയാവുന്നിടത്തോളം ആർ.എസ്.എസ് സാംസ്‌കാരിക സംഘടനയാണ്' എന്ന അഭിമുഖത്തിലെ പരാമർശവും വിശദീകരണം അർഹിക്കുന്നതാണ്. കാരണം, ആർ.എസ്.എസും അവകാശപ്പെടുന്നത് തങ്ങൾ സാംസ്‌കാരിക സംഘടനയാണ് എന്നാണ്.

എന്താണ് സംസ്‌കാരം, ആരുടെ സംസ്‌കാരം എന്നീ ചോദ്യങ്ങൾ ഇതോടൊപ്പം ചേർത്ത് പരിശോധിക്കേണ്ടതുണ്ട്. സംസ്‌കാരം എന്നാൽ കൾചർ. സിവിലൈസേഷനെയും ആ പദം കൊണ്ട് വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യയും ചൈനയും ഒരു സിവിലൈസേഷനാണ്. യൂറോപ്യൻ, അറേബ്യൻ സിവിലൈസേഷനുകളുണ്ട്. അമേരിക്കക്ക് കൾചറുണ്ട്, എന്നാൽ സിവിലൈസേഷനില്ല. അവരുടേതൊരു ‘മെൽറ്റിംഗ് പോട്ട് കൾച്ചർ' ആണ്. അതായത്, ലാറ്റിനമേരിക്കയിൽനിന്നും ആഫ്രിക്കയിൽനിന്നും ഏഷ്യയിൽനിന്നുമെല്ലാം പല വിഭാഗങ്ങൾ കുടിയേറി രൂപപ്പെട്ടത്. സിവിലൈസേഷൻ എന്നതിന് മൗലികമായ മൂല്യങ്ങളുണ്ട്.

ആളുകൾ ജീവിക്കുന്ന രീതിയാണ് സംസ്‌കാരം എന്നു പറഞ്ഞാൽ, ഇന്ത്യയിൽ അങ്ങനെയൊരു ഏകശിലാ സംസ്‌കാരം ഉണ്ടായിരുന്നില്ല. ആരുടെ സംസ്‌കാരം എന്ന് അവർ പറയുന്നില്ല. ഇന്ത്യക്ക് ഒരു ഏകശിലാ സംസ്‌കാരം ഉണ്ടായിരുന്നില്ല. പല ഭാഷക്കാരും ദേശക്കാരും വന്നു താമസിച്ചു. അങ്ങനെ ഒരു മെൽറ്റിംഗ് പോട്ട് കൾചറുണ്ടായിട്ടുണ്ട്. കേരളത്തെ നോക്കുക, ഇവിടെ ജനിച്ചവരുടേതാണോ കേരളം? അല്ലെങ്കിൽ കേരളത്തിൽ ജനിച്ചവർ കേരളത്തിൽ ജീവിക്കുന്നുണ്ടോ? ‘ഇത് കേരളമാണ്' എന്നുപറഞ്ഞാൽ അത് മറ്റൊരു തരത്തിൽ, മുമ്പ് മഹാരാഷ്ട്രയിൽ നടന്നതുപോലുള്ള സംഭവങ്ങൾക്ക് സമാനമായ ഒന്നായി മാറാനിടയുണ്ട്. അത്തരമൊരു കാലഘട്ടത്തിലല്ല നമ്മൾ ജീവിക്കുന്നത്.

സംസ്‌കാരത്തിന്റെ വൈജാത്യവും വൈവിധ്യവുമാണ് വൈരുധ്യവുമാണ് ഇവിടെയുണ്ടായിരുന്നത്. വൈജാത്യങ്ങളെയും വൈവിധ്യങ്ങളെയും ആർ.എസ്.എസ് അടക്കമുള്ള എല്ലാവരും അംഗീകരിക്കുന്നുണ്ട്. എന്നാൽ, ഇതിനേക്കാൾ ശക്തമായി ഉണ്ടായിരുന്നത് വൈരുധ്യങ്ങളാണ്. ജാതി, സാമ്പത്തിക വൈരുധ്യങ്ങൾ. സമൂഹത്തെ സജീവമാക്കുന്നതും മുന്നോട്ടുകൊണ്ടുപോകുന്നതും വൈരുദ്ധ്യങ്ങളാണ്, വൈജാത്യങ്ങളും വൈവിധ്യങ്ങളുമല്ല. ഒരു ഡൈനമിക് സെൻസിൽ ഉപയോഗിക്കേണ്ട പദം വൈരുധ്യമാണ്. വൈരുധ്യമുണ്ടാകുമ്പോൾ കോൺഫ്ലിക്​റ്റുണ്ടാകുന്നു. ഇന്ത്യ നിലനിന്നത് ഇത്തരം കോൺഫ്ലിക്​റ്റിലൂടെയാണ്. താഴ്ന്നവർ എതിർത്തില്ല എന്നു പറഞ്ഞാൽ അത് അവരുടെ നിസ്സഹായതയും ഭയം കൊണ്ടും ആയിരുന്നു. വൈരുധ്യങ്ങളുടെ ഫലമായ കോൺഫ്ലിക്റ്റിനെ നമ്മൾ ഭയപ്പെടുന്നു. കോൺഫ്ലിക്റ്റ് അവഗണിക്കപ്പെടേണ്ടതല്ല, അത് അംഗീകരിക്കപ്പെടേണ്ടതുമല്ല, അത് മാറ്റപ്പെടേണ്ടതുമാണ്. അതിന് നല്ല ധൈര്യവും ഇമാജിനേഷനുമുള്ള നേതാക്കൾ വേണം.

ആർ.എസ്.എസിന്റെ ‘സാംസ്‌കാരിക' പ്രാതിനിധ്യം, വൈരുധ്യം നിറഞ്ഞ ഇന്ത്യനവസ്ഥയിൽ കുഴപ്പം പിടിച്ച ഒന്നല്ലേ?

തീർച്ചയായും അതേ. ആർ.എസ്.എസ് അവകാശപ്പെടുന്ന സംസ്‌കാരം എന്നത് ഇന്ത്യൻ അവസ്ഥയിൽ ഒരു പ്രശ്‌നം തന്നെയാണ്. അവർ അതിനെ ഒരു പ്രശ്‌നം അല്ലാതാക്കിത്തീർക്കുന്നത് വൈജാത്യങ്ങളെയും വൈവിധ്യങ്ങളെയും കുറിച്ച് സംസാരിച്ചുകൊണ്ടാണ്. ആർ.എസ്.എസ് ജാതിവ്യത്യാസങ്ങളെക്കുറിച്ചോ ജാതിവൈരുധ്യങ്ങളെക്കുറിച്ചോ സംസാരിക്കുന്നില്ല. അവർ സംസ്‌കാരത്തെക്കുറിച്ചുപറയുമ്പോൾ രണ്ടുമൂന്നു ചോദ്യങ്ങളുയരുന്നുണ്ട്. ആരുടെ സംസ്‌കാരം, എന്ത് സംസ്‌കാരം, സമൂഹത്തിലെ വൈരുധ്യങ്ങളെ നിങ്ങൾ എങ്ങനെ അഡ്രസ് ചെയ്യുന്നു?. വൈരുധ്യങ്ങളെ അഡ്രസ് ചെയ്താൽ സാമ്പത്തിക വ്യത്യാസങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. ജാതി വിവേചനത്തെക്കുറിച്ചും തൊട്ടുകൂടായ്മയെക്കുറിച്ചും അടിച്ചമർത്തലുകളെക്കുറിച്ചും പറയേണ്ടിവരും. അതുകൊണ്ട്, വൈരുധ്യങ്ങളെ അവർ അംഗീകരിക്കുന്നില്ല.

ഒരു Revanchist നയമാണ് ആർ.എസ്.എസ് കൊണ്ടുവരുന്നത്. അതിലൂടെ പഴയ മൂല്യങ്ങളെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തിരികെ കൊണ്ടുവരുന്നു. പരിണാമ സിദ്ധാന്തത്തെയടക്കം പുറന്തള്ളി, ഇപ്പോൾ നടക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണം ഉദാഹരണം. സാമൂഹികമായ മാനങ്ങളെ മറച്ചുപിടിച്ച് ചരിത്രത്തെ അവതരിപ്പിക്കുകയാണ് അവർ ചെയ്യുന്നത്.

കാലഘട്ടം മാറി, ഒരു ആഗോളവൽകൃതമായ വ്യവസ്ഥിതിയിലാണ് നാം ജീവിക്കുന്നത്. ഇതൊന്നും ഉൾക്കൊള്ളാതെ, ഏതെങ്കിലും ഭൂപ്രദേശത്തെ കേന്ദ്രീകരിച്ച് ഇത് സംസ്‌കാരമാണ് എന്നു പറയുന്നതിൽ അർഥമില്ല.

മുസ്‌ലിംകളും ക്രിസ്ത്യാനികളും അടക്കമുള്ള ന്യൂനപക്ഷങ്ങളെയും സവർണ ഹൈന്ദവതയുടെ പുറത്തുനിൽക്കുന്ന വിഭാഗങ്ങളെയും ലക്ഷ്യമിട്ട് ആർ.എസ്.എസ് പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ഈയൊരു ‘സാംസ്‌കാരിക സ്വാംശീകരണ പ്രക്രിയ' കൊണ്ട് വിശദീകരിക്കാം എന്നു തോന്നുന്നു.

ആർ.എസ്.എസ് മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ‘സ്വാംശീകരിക്കുന്നത്' ഒരു രാഷ്ട്രീയ തന്ത്രമാണ്. നേരത്തെ പറഞ്ഞ വൈജാത്യത്തിന്റെയും വൈവിധ്യത്തിന്റെയും തിയറി വച്ചാണ് അവരത് ചെയ്യുന്നത്. അത്, അവരെ സംബന്ധിച്ച് തത്വശാസ്ത്രപരമായ സമീപനമല്ല, രാഷ്ട്രീയ തന്ത്രമാണ്. മൂല്യങ്ങൾ സ്വാംശീകരിക്കാൻ ആരെയും നിർബന്ധിക്കാൻ ഇന്ത്യയിൽ കഴിയില്ല. അതുകൊണ്ടുതന്നെ ഇതൊരു രാഷ്ട്രീയ തന്ത്രമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ക്രിസ്ത്യൻ സഭാ മേലധ്യക്ഷന്മാരുമായി നടത്തിയ കൂടിക്കാഴ്ചയും ഹിന്ദുത്വ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ്. ആർ.എസ്.എസ് മാത്രമല്ല, എല്ലാവരും ചെയ്യുന്നതാണിത്. കമ്യൂണിസ്റ്റ് പാർട്ടികൾ അമ്പലക്കമ്മിറ്റികളിൽ കടന്നുകൂടുന്നുണ്ട്, തങ്ങൾ മതത്തിന് എതിരല്ല എന്നു പറഞ്ഞുകൊണ്ട്. ഉത്സവത്തിന്റെ സാംസ്‌കാരിക സമ്മേളനം കമ്യൂണിസ്റ്റ് മന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക. ആ നിലയ്ക്കു നോക്കിയാൽ, കോൺഗ്രസായിരുന്നു ലോകത്തിലെ ഏറ്റവും വലിയ ലിബറൽ പാർട്ടി. 1964ൽ നെഹ്‌റു മരിച്ച്, 67നുശേഷമാണ് ആ സ്ഥിതി മാറിയത്. ആർഗ്യുമെന്റേറ്റീവ് ഇന്ത്യൻ മരിച്ചു. ഇപ്പോൾ കുറെ ഭക്തരെയാണ് നമ്മുടെ പൊളിറ്റിക്കൽ സിസ്റ്റം സൃഷ്ടിച്ചുവച്ചിരിക്കുന്നത്- കമ്യൂണിസ്റ്റ് ഭക്തരെ, ബി.ജെ.പി ഭക്തരെ. അനുസരണശീലമുള്ള ഭക്തരെയാണ് നാം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.


Comments