ജെ.എൻ.യുവിനെ ടാർഗറ്റ് ചെയ്യുക എന്നതാണ് സംഘപരിവാറിന്റെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്ന്. അത് ഇന്ന് തുടങ്ങിയതല്ല. ഇടതുപക്ഷ പുരോഗമന മതനിരപേക്ഷ ആശയത്തിന്റെ ഒരു പ്രഭവകേന്ദ്രമാണ് ജെ.എൻ.യു. എന്നതാണ് അതിന് കാരണം. ഇന്ത്യയിലെ വിവിധ സർവകലാശാലകളും വിഭാഗങ്ങളും പുതിയ ആശയങ്ങൾക്കുവേണ്ടിയും മതനിരപേക്ഷ ദൃഢീകരണത്തിനുവേണ്ടിയും എപ്പോഴും ഉറ്റുനോക്കുന്നത് ജെ.എൻ.യു. പോലെയുള്ള കാമ്പസുകളെയാണ്. അതുകൊണ്ട് അത്തരം കാമ്പസുകളെ തകർക്കുക എന്നത് ആർ.എസ്.എസിന്റെ ആവശ്യമാണ്. പണ്ട് ഹിറ്റ്‌ലർ ജർമനിയിൽ പയറ്റിയ ഒരു സംഭവമാണ്. ഇങ്ങനെയുള്ള ആശയങ്ങളുടെ പ്രഭവകേന്ദ്രങ്ങളെയാണ് ടാർഗറ്റ് ചെയ്യുക.
മോദി അധികാരത്തിൽ വന്നശേഷം സിസ്റ്റമാറ്റിക്കായിട്ടാണ് ജെ.എൻ.യുയെ ടാർണിഷ് ചെയ്യുകയും ടാർഗറ്റ് ചെയ്യുകയും ചെയ്യുന്നത്. അതിനൊരു രീതിയുണ്ട്. പുറമെ നിന്നുള്ള ആർ.എസ്.എസിന്റെയും എ.ബി.വി.പി.യുടെയും അതുപോലെ ആർ.എസ്.എസിന്റെ തന്നെ ബുദ്ധിജീവികളെയും സംയുക്തമായി അണിനിരത്തിക്കൊണ്ടുള്ള മൾട്ടി പ്രോംഗ്ഡ് അറ്റാക്കാണ്. ഒന്ന് അക്കാദമിക് തലത്തിൽ തന്നെ ഇൻഫിൽട്രേറ്റ് ചെയ്യുക. രണ്ട്, അവിടെയുള്ള വിദ്യാർഥികളെ എ.ബി.വി.പി.യുടെ പേരിൽ സംഘടിപ്പിച്ച് അവരെ പ്രകോപിപ്പിച്ച് അവരെ ഉപയോഗിക്കുക. മൂന്ന്, വിവിധ പൊലീസ് ഏജൻസികളെ ഉപയോഗിച്ച് ദേശദ്രോഹം പോലെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി അവരെ ടാർഗറ്റ് ചെയ്യുക. ഇതാണ് ഇവരുടെ ഒരു രീതി.
ജെ.എൻ.യു എന്ന പോരാട്ടവേദി
ഇന്ത്യയിലെ വിവിധ പ്രക്ഷോഭങ്ങൾക്ക് എല്ലാ കാലത്തും ജെ.എൻ.യു. വേദിയായിട്ടുണ്ട്, അടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭത്തിനടക്കം. ജവാഹർലാൽ നെഹ്‌റുവിന്റെ പേരിൽ സ്ഥാപിച്ച സ്ഥാപനമാണെങ്കിലും ആദ്യകാലത്തെ പ്രക്ഷോഭങ്ങളെല്ലാം കോൺഗ്രസിന്റെ അമിതാധികാര പ്രവണതയ്‌ക്കെതിരെയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് അവിടെ വലിയൊരു പ്രക്ഷോഭ പരമ്പര തന്നെയാണ് അരങ്ങേറിയത്. ആര് ഭരിക്കുന്നു, ഏത് പാർട്ടി എന്നൊന്നും നോക്കാതെ ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും വേണ്ടിയുമുള്ള പോരാട്ടങ്ങളുടെ മുഖ്യവേദിയാണ് ജെ.എൻ.യു. കാമ്പസ്. എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളുടെ സാന്നിധ്യം അവിടെയുണ്ട്. ഇന്ത്യയിലെ ഡിപ്രിവിയേഷൻ മാർക്ക് കൊടുക്കുന്ന ഏക സ്ഥാപനമാണ് ജെ.എൻ.യു. ഗ്രാമങ്ങളിൽ നിന്നുള്ളവർക്ക് പ്രത്യേക വെയിറ്റേജ് കൊടുക്കുന്നു. സ്ത്രീകൾക്ക് വെയിറ്റേജ് കൊടുക്കുന്നു. ദുർബലരെന്ന് കരുന്ന വിഭാഗക്കാർക്ക് കൂടി അവിടത്തെ മുഖ്യധാരയിലേക്ക് വരാൻ, അവരെ വിദ്യാർഥികളാക്കാൻ, വെയിറ്റേജ് മാർക്കിലൂടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന ഒരു സർവകലാശാലയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ എല്ലാ വിഭാഗത്തിന്റെയും പ്രശ്‌നങ്ങൾ അവിടെ അലയടിക്കും. പക്ഷെ ഏകമാനമായ ചർച്ചകൾ മാത്രമെ പാടുള്ളൂ എന്നുള്ളതാണ് ഇപ്പോൾ ആർ.എസ്.എസ്. അനുശാസിക്കുന്നത്.
ഇപ്പോൾ ജെ.എൻ.യു. വി.സി. നടത്തിയത് വളരെ പ്രകോപനപരമായ ഒരു പ്രസ്താവനയാണ്. പല ജെ.എൻ.യു. പ്രൊഫസർമാർക്കും റഷ്യൻ ചാരസംഘടനയുമായി ബന്ധമുണ്ടെന്ന രീതിയിലാണത്. എത്ര വികലമായ, പ്രതിലോമകരമായ പ്രസ്താവനകളാണ് ഇവർ അധികാരത്തിന്റെ തലത്തിൽ നിന്നും മറ്റു തലത്തിൽ നിന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.
ലോകത്തിന്റെ ഏത് ഭാഗത്ത് നടക്കുന്ന ചലനങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ച് ചർച്ച ചെയ്യുന്ന ഒരു പതിവുണ്ട്. ഞാൻ അവിടെ ആറുവർഷം വിദ്യാർഥിയായിരുന്നതുകൊണ്ട് പറയുകയാണ്. നമ്മൾ ഒരുപക്ഷെ ചിന്തിക്കാത്ത ലോകത്തിന്റെ ഏതെങ്കിലും കോണിലുള്ള ഒരു ചെറിയ രാഷ്ട്രീയ മുഹൂർത്തത്തെ പോലും അവിടെ വിദ്യാർഥികൾ ചർച്ചയ്ക്ക് വിധേയരാക്കാറുണ്ട്. ഇന്ത്യയുടെ ആഭ്യന്തര കാര്യം അല്ലെങ്കിൽ നയതന്ത്ര ബന്ധം എങ്ങനെയാണ്, വിദേശനയത്തിന് വിരുദ്ധമാണോ അത്, ഇതൊക്കെ ആരെങ്കിലും നോക്കാറുണ്ടോ? ഓരോരുത്തർക്ക് ഓരോ അഭിപ്രായമുണ്ട്. ആഫ്രിക്കയിൽ നടക്കുന്ന ഒരു സംഭവത്തെക്കുറിച്ചോ ലാറ്റിനമേരിക്കയിൽ നടക്കുന്ന സംഭവത്തെക്കുറിച്ചോ, അല്ലെങ്കിൽ ഇറാനിലെ ഇസ്‌ലാം വിപ്ലവത്തെക്കുറിച്ചോ ഒക്കെ ചർച്ച ചെയ്യുന്നുണ്ട്. ആ ചർച്ചയിൽ പല ആശയങ്ങളും വരും. ഇന്ത്യയിലെ ഏറ്റവും പ്രധാന വിഷയങ്ങളിലൊന്നാണ് ജമ്മു കശ്മീരിലെ പ്രശ്‌നം. അത് ചർച്ച ചെയ്യുമ്പോൾ സ്വാഭാവികമായും കേന്ദ്ര ഏജൻസികളുടെ അമിതമായ അധികാരപ്രകടനങ്ങളെക്കുറിച്ചൊക്കെ ചർച്ച ചെയ്യും. പ്രത്യേക ടണലിലൂടെ കടത്തിവിടുമ്പോൾ അതിനെ ദേശദ്രോഹപരമായി കണ്ടാൽ പിന്നെ വലിയ പ്രശ്‌നമായി. അപ്പോൾ നമുക്ക് ഒന്നും ചർച്ച ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ വരും.
ടാർഗറ്റ് ജെ.എൻ.യു മാത്രമല്ല
ഇന്ത്യയിൽ ഒരു സ്ഥലത്തും ഇതുപോലെ സർഗാത്മകമായ ചർച്ചകൾ നടക്കരുത് എന്ന മുന്നറിയിപ്പ് നൽകാൻ വേണ്ടിയുള്ള ഒരു ഭൂമികയായിട്ടാണ് ജെ.എൻ.യു.വിനെ ഇപ്പോൾ ആർ.എസ്.എസ്. മാറ്റിക്കൊണ്ടിരിക്കുന്നത്. അതിന്റെ ലക്ഷണങ്ങളാണിത്. അത് കേവലം ജെ.എൻ.യു.നെ മാത്രമല്ല ടാർഗറ്റ് ചെയ്യുന്നത്. ‘സാമൂഹ്യശാസ്ത്രസംബന്ധമായ, അല്ലെങ്കിൽ രാഷ്ട്രീയ സംബന്ധമായ ഒരു സംവാദവും ഇന്ത്യയിൽ ഞങ്ങൾ അനുവദിക്കില്ല. ഒരു രാജ്യം, ഒരു മതം, ഒരു ഭാഷ, ഒരു സംസ്‌കാരം, ഒരു നേതാവ് എന്ന രീതിയിലേക്ക് ഇന്ത്യ മാറണം. അതിന് വിരുദ്ധമായ ഏതും ദേശവിരുദ്ധമാണെന്ന’ സങ്കൽപമാണ് ഇത്തരത്തിലുള്ള പ്രവണതകൾക്ക് കാരണം.
ഏപ്രിൽ രണ്ടു മുതൽ ഒമ്പത് ദിവസത്തെ ഒരു നവരാത്രി നോമ്പുണ്ട് ഉത്തരേന്ത്യയിൽ. അതൊന്നും ഒരു വിഷയമായിരുന്നില്ല മുൻകാലങ്ങളിൽ, എത്രയോ പതിറ്റാണ്ടുകളായിട്ട്. അതായത് നോമ്പ് നോക്കേണ്ടവർ നോമ്പ് നോക്കും, നോക്കണ്ടാത്തവർ നോക്കാതിരിക്കും. ഈ വർഷം ആദ്യമായി ഡൽഹിയിൽ ഒരു പ്രവണത ആരംഭിച്ചു. ഈ ദിവസങ്ങളിൽ ഡൽഹിയിലെ ഒരു മാർക്കറ്റിലും മാംസം വിൽക്കാൻ പാടില്ല എന്നാതണത്. വിദേശ രാഷ്ട്രപ്രതിനിധികൾ പോലും തിങ്ങിപ്പാർക്കുന്ന സൗത്ത് ഡൽഹി പോലെയുള്ള സ്ഥലങ്ങളിൽ പോലും ഭീകരാവസ്ഥ സൃഷ്ടിച്ച്, ഒദ്യോഗികമായ ഒരു ഉത്തരവും പുറപ്പെടുവിക്കാതെയാണ് ഇത് നടപ്പാക്കുന്നത്. സൗത്ത് ഡൽഹി മേയർ ഉൾപ്പെടെയുള്ളവരുടെ പ്രകോപനപരമായ സന്ദേശം വന്നോടെ പാവപ്പെട്ട മാംസക്കച്ചവടക്കാർ ജീവിതമാർഗം അവസാനിക്കുമെന്ന് തിരിച്ചറിഞ്ഞ് ഷട്ടർ വലിച്ചിട്ടു. ഇന്ത്യ പോലെ ബഹുസ്വരതയുള്ള ഒരു രാജ്യത്ത് ഞാൻ എന്ത് കഴിക്കണമെന്ന് തലസ്ഥാന നഗരിയിൽ പോലും തീരുമാനിക്കുകയാണ്.
ഇന്ത്യയുടെ ഒരു പരിച്ഛേദമായ സർവകലാശാല മെസ്സിൽ മാംസാഹാരം കൊടുത്തു എന്നതിന്റെ പേരിൽ ആക്രമണം നടത്തുകയാണ്. നമുക്കിഷ്ടമുള്ളത് കഴിക്കാം, ഇഷ്ടമുള്ളത് ധരിക്കാം, ഇഷ്ടമുള്ള ഭാഷ സംസാരിക്കാം... ഇതൊക്കെയാണല്ലോ ഭരണഘടന പ്രദാനം ചെയ്യുന്ന ഇന്ത്യ. ഭരണഘടയുടെ അടിസ്ഥാന മൂല്യങ്ങൾ തകർക്കുന്ന രീതിയിലുള്ള ഒരു ആക്രമണമാണിത്. ജെ.എൻ.യു. ആക്രമണത്തിന് നേരത്തെ സൂചിപ്പിച്ചതുപോലെ പലതരം അനുരണനങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം, ജെ.എൻ.യു. ടെററൈസ് ചെയ്തുകഴിഞ്ഞാൽ ഇന്ത്യയിലെ ഏത് കാമ്പസിനെയും ലക്ഷ്യമിടാൻ പറ്റും. അതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം. അതായത് അവിടെ അടിച്ച് അതിന്റെ പത്തി തകർത്തുകഴിഞ്ഞാൽ ഇന്ത്യയിലെ ഒരു കാമ്പസിലും ഇത്തരം ചർച്ചകൾ നടത്താനുള്ള തന്റേടമോ ധൈര്യമോ ഒരു വിദ്യാർഥി സമൂഹത്തിനും ഉണ്ടാകില്ല. ഓരോ വിഷയവും അവർ എടുക്കുന്നത്, ജെ..എൻ.യു. എന്ന കാമ്പസിനെ ലക്ഷ്യം വച്ചു മാത്രമല്ല, എല്ലാ കാമ്പസുകളെയും ടാർഗറ്റ് ചെയ്യാൻ വേണ്ടിയാണ്.
സെൻട്രൽ യൂണിവേഴ്‌സിറ്റി ക്വാളിഫൈയിങ് എക്‌സാം
കഴിഞ്ഞ ദിവസം യു.ജി.സി. ഏകപക്ഷീയമായി സെൻട്രൽ യൂണിവേഴ്‌സിറ്റി ക്വാളിഫൈയിങ് എക്‌സാം പരിപാടി ആരംഭിച്ചു. ഞാൻ അത് പാർലമെന്റിൽ ഉന്നയിച്ചു. ഇങ്ങനെയുള്ള മത്സരപരീക്ഷകൾ വരുമ്പോൾ എന്തോ വിപ്ലവകരമായ മാറ്റങ്ങളാണെന്ന് നമ്മളെല്ലാം ചിന്തിക്കും. പക്ഷെ അതെന്താണെന്നുള്ള കാര്യം നമ്മൾ പഠിച്ചില്ല. ഞാനത് പാർലമെന്റിൽ സീറോ അവറിൽ ഉന്നയിച്ചു. പക്ഷെ എന്നെ പൂർണമായി സംസാരിക്കാൻ ചെയർ സമ്മതിച്ചില്ല. സ്‌കൂൾ വിദ്യാഭ്യാസം പോലെയല്ല കേന്ദ്ര സർവകലാശാലാ വിദ്യാഭ്യാസം. അവിടെ ഒരു പൗരൻ എന്ന പ്രവർത്തനം കൂടിയുണ്ട്. ഉത്തരവാദിത്തമുള്ള പൗരരായിട്ടാണ് നമ്മൾ അവിടെ പോകുന്നത്. അപ്പോൾ എന്റെ ചോയ്‌സാണ് ഞാൻ ഏത് സർവകലാശാലയിൽ ചേരണമെന്നത്.
40-45 സർവകലാശാലകളെ ഒരുമിച്ച് കൂട്ടിക്കെട്ടി മാർക്കിന്റെ അടിസ്ഥാനത്തിൽ ‘നീ ഈ സർവകലാശാലയിലേക്ക് പോകണം’ എന്നൊരു വിദ്യാർഥിയോട് പറയുമ്പോൾ, വിദ്യാർഥി എന്ന നിലയിൽ അവർ ആഗ്രഹിക്കുന്ന ഒരു ഇടത്തെ അവിടെ നിഷേധിക്കുകയാണ്.
രണ്ടാമത്തെ കാര്യം, ദുർബല മേഖലകളിൽ നിന്ന് വരുന്ന കുട്ടികൾക്ക് ഭീമമായ സംഖ്യ കോച്ചിങ്ങിന് കൊടുത്ത്, യോഗ്യതാ പരീക്ഷക്ക് തയ്യാറെടുക്കാൻ പറ്റില്ല. രാവും പകലും പണിയെടുത്തും പട്ടിണി കിടന്നും പഠിച്ചാണ് അവർ ജയിക്കുന്നത്. ആ മാർക്കിന് ഒരു വെയിറ്റേജുമില്ല എന്നുപറഞ്ഞിട്ട്, നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള കോച്ചിങ് സെന്ററുകളിൽ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികളുടെ മാർക്ക് മാത്രം നോക്കിയിട്ടുള്ള പരിപാടിയാണ് ഇവർ വിഭാവനം ചെയ്യുന്നത്.
തമിഴ്‌നാട്ടിലൊക്കെ മെഡിക്കൽ നീറ്റ് പരീക്ഷയുടെ പേരിൽ കുട്ടികൾ ആത്മഹത്യ ചെയ്തതെന്തിനാണ്? സ്റ്റെയ്ക്ഹോൾഡർമാരുമായി ഒരു ചർച്ചയും നടത്താതെ യു.ജി.സി. ചെയർമാൻ കൊണ്ടുവന്ന പരിഷ്‌കാരമാണിത്. യു.ജി.സി. ചെയർമാൻ ജഗദീഷ് കുമാർ ജെ.എൻ.യു. വി.സി.യായിരുന്നു. ജെ.എൻ.യു.ൽ നടത്തിയ ഈ പരീക്ഷണങ്ങൾക്ക് ഫലമുണ്ടാകുന്നുണ്ട് എന്ന തിരിച്ചറിവിൽ അതിനൊരു പ്രത്യുപകരമായിട്ടാണ് ജഗദീഷ് കുമാറിനെ യു.ജി.സി. ചെയർമാനാക്കുന്നത്. ഈ വിഷയം ഞാൻ മാത്രമാണ് പാർലമെന്റിൽ ഉന്നയിച്ചതെന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്.
ദുർബല വിഭാഗങ്ങൾക്ക് മുൻതൂക്കം നഷ്ടമാകുന്നു
മൂന്നാമത്തെ കാര്യം, ഓരോ യൂണിവേഴ്‌സിറ്റിക്കും ഓരോ കൾച്ചറുണ്ട് എന്നതാണ്. സെൻട്രൽ യൂണിവേഴ്‌സിറ്റി ക്വാളിഫൈയിങ് എക്‌സാമിനെതിരെ ആദ്യം പ്രസ്താവന പുറപ്പെടുവിച്ചത് ജെ.എൻ.യു.വിലെ വിദ്യാർഥികളാണ്. അവർ പറഞ്ഞ ഒരു കാര്യമുണ്ട്, ഇതൊരു എലീറ്റൈസേഷനാണ്. ജെ.എൻ.യു.ലെ വിദ്യാർഥികളെന്ന് പറയുമ്പോൾ, ഡിപ്രിവിയേഷൻ പോയിൻറ് ഉണ്ട്. അതായത് ഗ്രാമത്തിൽ നിന്നാണ് വരുന്നതെങ്കിൽ ഒരു വെയിറ്റേജ് തരും, ദലിത് വിഭാഗത്തിലാണെങ്കിലും സ്ത്രീയാണെങ്കിലും വെയിറ്റേജ് തരും. ഈ ഡിപ്രിവിയേഷൻ മാർക്ക് എപ്പോഴും വലിയ മാർക്കുള്ള നഗരത്തിൽ നിന്ന് വരുന്നവരോട് മത്സരിക്കാൻ ഇവരെ സഹായിക്കും. അതുകൊണ്ടാണ് ജെ.എൻ.യു.ൽ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം കിട്ടുന്നത്. യോഗ്യതാ പരീക്ഷ വരുമ്പോൾ ഇങ്ങനെയുള്ള പരീക്ഷണങ്ങളൊക്കെ അസ്തമിക്കും. ഇതൊക്കെ അവസാനിച്ച് ഇവർക്ക് ഏകമാനമായ വിദ്യാഭ്യാസ സംസ്‌കാരം അടിച്ചേൽപ്പിക്കാം. ഇതെല്ലാം കൂടി ഒരുമിച്ചുവേണം നമ്മൾ കാണാൻ. തലസ്ഥാന നഗരിയിൽ, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കാമ്പസിൽ ഇതാണ് നടപ്പാക്കുന്നതെങ്കിൽ ബാക്കിയുള്ള ഇടങ്ങൾക്കും കാമ്പസുകൾക്കും എന്തായിരിക്കും സംഭവിക്കാൻ പോകുന്നത്?