ഇന്ത്യയിലെ പഞ്ചായത്തീരാജ് സംവിധാനത്തിന്റെ ചരിത്രത്തിൽ രാജസ്ഥാന് പ്രത്യേക സ്ഥാനമാണുള്ളത്. ജനാധിപത്യ വികേന്ദ്രീകരണത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ 1957-ൽ നിയോഗിച്ച ബൽവന്ത് റായ് മേത്ത കമ്മിറ്റി മൂന്ന് തലങ്ങളുള്ള പഞ്ചായത്തീരാജ് സംവിധാനമാണ് ശുപാർശ ചെയ്തിരുന്നത്. ഈ ശുപാർശ നടപ്പാക്കിയ ആദ്യ സംസ്ഥാനമായ രാജസ്ഥാനിലെ നാഗൗറിൽ വെച്ചാണ് 1959 ഒക്ടോബർ രണ്ടിന് രാജ്യത്തെ പഞ്ചായത്തീരാജ് സംവിധാനത്തിന് പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു തുടക്കം കുറിച്ചത്.
പിന്നീട് 1992-ലെ 73-ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ അംഗീകാരം ലഭിച്ചപ്പോൾ രാജസ്ഥാനിൽ 1994-ൽ പഞ്ചായത്തീരാജ് നിയമം ഭേദഗതി ചെയ്ത് പുതിയ ഭരണഘടനാ വ്യവസ്ഥകൾ നടപ്പിലാക്കി. അതുകൊണ്ടുതന്നെ ഇന്ത്യൻ ജനാധിപത്യത്തിലെ അധികാര വികേന്ദ്രീകരണത്തിന്റെ ചരിത്രത്തിൽ സവിശേഷമായ പ്രാധാന്യമാണ് സംസ്ഥാനത്തിലുള്ളത്.
രാജസ്ഥാനിലെ
തദ്ദേശസ്ഥാപനങ്ങളുടെ ഘടന
രാജസ്ഥാനിൽ 14,000- ഓളം ഗ്രാമ പഞ്ചായത്തുകളാണുള്ളത്. ഗ്രാമീണ തദ്ദേശ ഭരണത്തിന്റെ ഏറ്റവും താഴത്തെ തലമായ ഗ്രാമപഞ്ചായത്തിലെ ഓരോ വാർഡിൽനിന്നും നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന അംഗം വാർഡ് പഞ്ച് എന്നും ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ സർപഞ്ച് എന്നുമാണ് അറിയപ്പെടുന്നത്.
ഗ്രാമപഞ്ചായത്തിനും ജില്ലാ പരിഷത്തിനുമിടയിലുള്ള ഭരണതലമാണ് പഞ്ചായത്ത് സമിതി. ഗ്രാമപഞ്ചായത്തുകളെ ഏകോപിപ്പിക്കുന്ന ഈ ഭരണസമിതിയിൽ 7543 അംഗങ്ങളെയാണ് വിവിധ പ്രാദേശിക മണ്ഡലങ്ങളിൽനിന്ന് തിരഞ്ഞെടുക്കുന്നത്. ജില്ലയുടെ ഗ്രാമീണ വികസന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഗ്രാമീണ തദ്ദേശഭരണത്തിലെ ഏറ്റവും ഉയർന്ന തലമാണ് ജില്ലാ പരിഷത്ത്. സംസ്ഥാനത്തെ 41 ജില്ലകളിൽ നിന്ന് 1275 അംഗങ്ങളെയാണ് പരിഷത്തിന്റെ വിവിധ മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്നത്.

ഗ്രാമപ്രദേശങ്ങളെപ്പോലെ നഗരപ്രദേശങ്ങൾക്കും പ്രത്യേക തദ്ദേശഭരണസംവിധാനമുള്ള രാജസ്ഥാനിൽ മൂന്ന് വിഭാഗങ്ങളായിട്ടാണ് നഗര തദ്ദേശ സ്ഥാപനങ്ങൾ വിഭജിച്ചിട്ടുള്ളത്. വലിയ നഗരങ്ങൾ ഉൾപ്പെട്ട മുൻസിപ്പൽ കോർപറേഷൻ, ഇടത്തരം നഗരങ്ങൾ ഉൾപ്പെട്ട മുൻസിപ്പൽ കൌൺസിൽ, ചെറിയ നഗരങ്ങൾക്കും പട്ടണങ്ങൾക്കുമുള്ള മുൻസിപ്പാലിറ്റി എന്നിവയാണ് ഈ വിഭാഗങ്ങൾ.
നഗര തദ്ദേശ തിരഞ്ഞെടുപ്പ്
2026 സെപ്റ്റംബറിൽ നടന്ന നഗര തദ്ദേശ തിരഞ്ഞെടുപ്പിൽ 10 മുനിസിപ്പൽ കോർപറേഷൻ, 47 മുനിസിപ്പൽ കൗൺസിൽ, 252 മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രതിപക്ഷമായ കോൺഗ്രസ് നേടിയ 3,613 വാർഡുകളെ അപേക്ഷിച്ച്, ഭരണകക്ഷിയായ ബി.ജെ.പി 4,179 വാർഡുകൾ നേടി മുന്നിലെത്തിയിരുന്നു. സംസ്ഥാനത്തെ 10 മുനിസിപ്പൽ കോർപ്പറേഷനുകളിൽ നാലെണ്ണത്തിൽ അവർ വ്യക്തമായ ഭൂരിപക്ഷം നേടിയപ്പോൾ ബിക്കാനർ മുനിസിപ്പൽ കോർപ്പറേഷനിൽ കോൺഗ്രസിനാണ് ഭൂരിപക്ഷം. കോൺഗ്രസിന് അഭിമാനിക്കാവുന്ന മറ്റൊരു വിജയം മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന ഝാലവാറിലെ മുനിസിപ്പൽ കൗൺസിലിലായിരുന്നു.
നഗര തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണത്തിലും വോട്ട് വിഹിതത്തിലും ബി ജെ പിക്ക് നേരിയ മുൻതൂക്കമാണ് ലഭിച്ചത്. ബി ജെ പിക്ക് 35.18% വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസ്സിന് 34.24 ശതമാനവും മറ്റുള്ളവർക്കും സ്വതന്ത്രർക്കും കൂടി 27.38% വോട്ടും ലഭിച്ചു. ബി ജെ പിയും കോൺഗ്രസും തമ്മിലുള്ള വോട്ട് വിഹിതത്തിലെ വ്യത്യാസം കേവലം ഒരു ശതമാനത്തിൽ കുറവാണ്. ഇത് സൂചിപ്പിക്കുന്നത്, നഗരമേഖലയിലെ ബി ജെ പിയുടെ മേൽക്കൈ അവർക്ക് ലഭിച്ച വലിയ ജനപിന്തുണയുടെ തെളിവായി വ്യാഖ്യാനിക്കാനാവില്ല എന്നാണ്.

ഗ്രാമീണ പഞ്ചായത്ത് തിരഞ്ഞെടുപ്പ്
2026 നവംബറിൽ നടന്ന ഗ്രാമീണ പഞ്ചായത്തീരാജ് തിരഞ്ഞെടുപ്പിൽ 41 ജില്ലകളിൽ 2.7 കോടിയോളം പേരാണ് വോട്ട് ചെയ്തത്. കോട്ട, ബാരൻ, കരൗലി, ശ്രീഗംഗാനഗർ എന്നീ നാല് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളുടെ അഞ്ചുവർഷ കാലാവധി ഡിസംബറിലാണ് പൂർത്തിയാകുന്നതെന്ന കാരണത്താൽ ആ നാല് ജില്ലകളിലെ വോട്ടെണ്ണൽ ഡിസംബറിലേക്ക് മാറ്റിവെച്ചിരുന്നു.
മറ്റു 37 ജില്ലകളിലെ ഫലം പ്രഖ്യാപിച്ചപ്പോൾ 23 ജില്ലകളിൽ വ്യക്തമായ ഭൂരിപക്ഷവും 10 ജില്ലകളിൽ കൂടുതൽ സീറ്റും നേടിയത് കോൺഗ്രസാണ്. ജോധ്പൂർ, ബിക്കാനീർ തുടങ്ങിയ പ്രധാന പടിഞ്ഞാറൻ ജില്ലകളും തലസ്ഥാനമായ ജയ്പ്പൂരും ഉൾപ്പെടെ സംസ്ഥാനത്തെ 27 ജില്ലകളിലാണ് കോൺഗ്രസ് വ്യക്തമായ മുന്നേറ്റം നടത്തിയത്. സംസ്ഥാനത്തെ മൂന്നാം ശക്തിയായി നിലയുറപ്പിച്ച ഹനുമാൻ ബെനിവാൾ നേതൃത്വം നൽകുന്ന RLP തങ്ങളുടെ ശക്തികേന്ദ്രമായ നാഗൗറിലെ ആധിപത്യം നിലനിർത്തിയതിനൊപ്പം, ചിത്തോർഗഢ്, ചുരു, ബാർമർ, ബിക്കാനീർ, ബലോത്ര, ജയ്പൂർ എന്നിവിടങ്ങളിലും സീറ്റു നേടി പുതിയ മേഖലകളിലേക്ക് സ്വാധീനം വ്യാപിപ്പിച്ചു.
ബിക്കാനീറിലെ നോഖ മുൻസിപ്പാലിറ്റിയിൽ ഭൂരിപക്ഷം നേടാനും സികാ, ഹനുമാൻഗഢ്, ചുരു, ബിക്കാനീർ തുടങ്ങിയ മേഖലകളിൽ ശക്തിവർധിപ്പിക്കാനും സി പി എമ്മിനും സാധിച്ചിട്ടുണ്ട്. കർഷക പ്രസ്ഥാനങ്ങളിലൂടെ സി പി എം വിപുലപ്പെടുത്തിയ രാഷ്ട്രീയ അടിത്തറ പ്രാദേശിക സംഘടന സംവിധാനത്തിലൂടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടങ്ങളുണ്ടാക്കുന്നുവെന്നാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുമായി 2026` ലെ ഫലം താരതമ്യം ചെയ്യുമ്പോൾ വ്യക്തമാകുന്നത്. ആദിവാസി വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള ഭാരത് ആദിവാസി പാർട്ടിയും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. ബൻസ്വാര, ദുംഗർപൂർ, സലുംബർ തുടങ്ങിയ ആദിവാസി മേഖലകളിലാണ് പാർട്ടിയുടെ സ്വാധീനം പ്രകടമായത്.
അജ്മീർ, ബലോത്ര, സലുംബർ, ഉദയ്പൂർ എന്നീ നാല് ജില്ലകളിൽ മുൻതൂക്കം നേടിയെങ്കിലും സംസ്ഥാനത്തെ പല ശക്തികേന്ദ്രങ്ങളിലും ബി ജെ പി തകർന്നടിയുന്നതായിട്ടാണ് ഈ തിരെഞ്ഞെടുപ്പിൽ അനുഭവപ്പെട്ടത്. മുഖ്യമന്ത്രി ഭജൻലാൽ ശർമയുടെ നിയമസഭാമണ്ഡലമായ ജയ്പൂരിലെ സാംഗനേറിലെ പഞ്ചായത്ത് സമിതിയിലെ 15 സീറ്റുകളിൽ എട്ടെണ്ണവും നേടിയത് RLP-യാണ്. കോൺഗ്രസിനും ബി.ജെ.പിക്കും മൂന്ന് സീറ്റു വീതമാണ് അവിടെ നേടാനായത്.
മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ ഭരത്പൂരിലെ ജില്ലാ പരിഷത്തിലെ 31 സീറ്റുകളിൽ 21 എണ്ണവും കോൺഗ്രസ് നേടിയപ്പോൾ കേവലം ഒരു സീറ്റിലേക്ക് ബി.ജെ.പിയുടെ വിജയം ചുരുങ്ങി. അതുപോലെ നിരവധി മുതിർന്ന മന്ത്രിമാരുടെ മണ്ഡലങ്ങളിലും ഭരണകക്ഷിക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം, പഞ്ചായത്ത് സമിതികളിൽ കോൺഗ്രസ് 3,758 സീറ്റു നേടിയപ്പോൾ ബി ജെ പിക്ക് ലഭിച്ചത് 2,213 സീറ്റാണ്. RLP 497, BAP 278, CPM 50, BSP 60 സീറ്റുകളിലും വിജയിച്ചു. ജില്ലാ പരിഷത്ത് തലത്തിൽ കോൺഗ്രസ് 794 സീറ്റ് നേടിയപ്പോൾ, ഭരണകക്ഷിയായ ബി ജെ പിക്ക് 357 സീറ്റു മാത്രമേ നേടാനായുള്ളൂ. ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിൽ RLP 51, BAP 43, CPM 7, BSP 6 സ്ഥലങ്ങളിലും വിജയിച്ചു.
ജില്ല പഞ്ചായത്ത് / പഞ്ചായത്ത് സമിതികളിൽ പാർട്ടികളുടെ സീറ്റ്

കേന്ദ്ര-സംസ്ഥാന ഭരണകക്ഷിയായ BJP-യ്ക്ക് നഗര തദ്ദേശ തിരഞ്ഞെടുപ്പിൽ അല്പം മുൻതൂക്കം ലഭിച്ചെങ്കിലും തൊട്ടുപിന്നാലെ നടന്ന ഗ്രാമീണ തിരഞ്ഞെടുപ്പിൽ കോൺഗ്രസും മറ്റ് കക്ഷികളും വലിയ മേൽക്കൈയാണ് നേടിയത്. കോൺഗ്രസിന് 43.4 ശതമാനം വോട്ടു വിഹിതം ലഭിച്ചപ്പോൾ 37.7% ബി ജെ പിക്കും 19% മറ്റുള്ളവർക്കുമാണ് ലഭിച്ചത്. ഗ്രാമീണ ജനതയുടെ രാഷ്ട്രീയ മനോഭാവം, കാർഷിക മേഖലയിലെ പ്രശ്നങ്ങൾ, തൊഴിലവസരങ്ങൾ, പ്രാദേശിക ഭരണത്തിന്റെ കാര്യക്ഷമത, രാഷ്ട്രീയ നേതൃത്വത്തിന്റെ സ്വാധീനം തുടങ്ങിയ നിരവധി ഘടകങ്ങളെയാണ് തിരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ 2026-ലെ രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ് ഇന്ത്യൻ വോട്ടർമാരുടെ രാഷ്ട്രീയ മനോഭാവം മനസ്സിലാക്കുന്നതിനുള്ള പ്രധാന രാഷ്ട്രീയ സൂചകമായി കണക്കാക്കാം.
അസംതൃപ്തരായ
ഗ്രാമീണജനത
രാജസ്ഥാൻ നിയമസഭയിൽ 200-ൽ 115 സീറ്റു നേടി 2023-ൽ അധികാരത്തിൽ വന്ന BJP സർക്കാരിന് ജനങ്ങളിൽ നിന്ന് വലിയ പ്രഹരമാണ് തദ്ദേശ തിരഞ്ഞെടുപ്പിലൂടെ കിട്ടിയത്. ബി ജെ പിക്ക് നേരിടേണ്ടിവന്ന തിരിച്ചടിയുടെ പ്രധാന കാരണങ്ങളിലൊന്ന് ഗ്രാമീണ ജനത ദൈനംദിന ജീവിതത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങളാണെന്ന് നിസ്സംശയം വിലയിരുത്താം. കുടിവെള്ളം, റോഡുകൾ, ഗ്രാമീണ തൊഴിലവസരങ്ങൾ, കാർഷിക വികസനം, ക്ഷേമപദ്ധതികളുടെ വിതരണം തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങൾക്കുണ്ടായ അനുഭവങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പ് റിസൾട്ടിനെ സ്വാധീനിച്ചിട്ടുണ്ട്.
രാജസ്ഥാന്റെ സമ്പദ്വ്യവസ്ഥയിൽ കൃഷിക്കും അനുബന്ധ മേഖലകൾക്കും വലിയ പ്രാധാന്യമാണുള്ളത്. അതിനാൽ കാർഷിക ഉൽപ്പാദനച്ചെലവുകളുടെ വർധന, ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തത, കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാത്ത സാഹചര്യം, കർഷകത്തൊഴിലാളികൾക്ക് തൊഴിൽ ലഭ്യതയിൽ വന്ന കുറവ് തുടങ്ങിയ പ്രധാന പ്രശ്നങ്ങൾ വലിയ ശതമാനം വോട്ടർമാരെ ശക്തമായി സ്വാധീനിച്ചതായി കാണാം. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന തോന്നലാണ് വോട്ടർമാരിൽ ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.
BJP-യ്ക്കുണ്ടായ തിരിച്ചടിയുടെ മറ്റൊരു കാരണം, കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപകമായി ഉയർന്നുവന്ന വിദ്യാർത്ഥികളുടെയും ജെൻ സികളുടെയും പ്രതിഷേധങ്ങളാണ്. തങ്ങൾക്കെതിരായ ഈ പ്രതിഷേധത്തെ നേരിടുന്നതിൽ ബി.ജെ.പി പ്രാദേശിക നേതൃത്വം പരാജയപ്പെടുകയും ചെയ്തു. പ്രധാനപ്പെട്ട മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും സ്വാധീനമേഖലകളിൽ പാർട്ടി നേരിട്ട തിരിച്ചടി ഇതിന്റെ തെളിവാണ്.
കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരേ പാർട്ടി അധികാരത്തിലുണ്ടാകുന്നത് വികസനത്തിന് കൂടുതൽ സഹായകരമാകുമെന്ന ബി ജെ പിയുടെ പ്രധാന രാഷ്ട്രീയ വാദം തീർത്തും അടിസ്ഥാനരഹിതമാണെന്ന് സ്വന്തം അനുഭവങ്ങളിലൂടെ രാജസ്ഥാൻ ജനത മനസ്സിലാക്കി. കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ പാർട്ടി അധികാരത്തിലുണ്ടായിട്ടും ജനങ്ങളുടെ ജീവിതത്തിൽ വികസനത്തിന്റെ ഗുണഫലങ്ങൾ കൊണ്ടുവരാൻ ബി ജെ പിക്ക് സാധിച്ചില്ല.
(Data source: Rajasthan State Election Commission website : https://sec.rajasthan.gov.in).
