പ്രകൃതി ദുരന്തങ്ങളും മഹാമാരിയും സർക്കാർ സംവിധാനത്തെയാകെ പ്രതിസന്ധിയിലാക്കുന്നു എന്നത് ഒരു രാഷ്ട്രീയ പ്രഖ്യാപനം കൂടിയാണ്. പലപ്പോഴും ചോദ്യം ചെയ്യാതെ പൗരൻ സർക്കാരിനെ വിശ്വാസത്തിലെടുക്കുന്നത് ഇത്തരം ദുരന്തങ്ങളുണ്ടാകുമ്പോഴാണ്. സർക്കാർ പ്രതിസന്ധി എന്നത് ഭരണകൂട ഭാഷ കൂടിയാണ് എന്ന് പലപ്പോഴും നമ്മൾ വിസ്മരിക്കുന്നു. ദുരന്തങ്ങളും മഹാമാരിയും സർക്കാരിൽ അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും എന്നത് വസ്തുതയാണ്. എന്നാൽ ഇത്തരം സാമ്പത്തിക ചെലവിന് സർക്കാർ നൽകുന്ന അമിത പ്രാധാന്യം ഒരു നവ- ഉദാരവൽക്കരണ ആശയം കൂടിയാണ്.
പണമുള്ളവർക്കു മാത്രം വാക്സിൻ നിജപ്പെടുത്തുന്നതിലൂടെയും, മഹാമാരിയെ പ്രതിരോധിക്കാൻ തക്ക ആരോഗ്യ സംവിധാനങ്ങൾ ഏർപ്പെടുത്താതെ പൗരനെ മരണത്തിലേക്ക് തള്ളിവിടുന്നതിലൂടെയും സർക്കാരുകൾ ജനാധിപത്യത്തെ തന്നെ ചോദ്യം ചെയ്യുകയാണ്.
സാമ്പത്തിക അസമത്വവും സമ്പത്തിന്റെ എകീകരണവും നിലനിൽക്കുന്ന ഇന്ത്യയിൽ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ പൊതുജനം അംഗീകരിക്കേണ്ടതില്ല, എന്നുമാത്രമല്ല, അതിനനുസരിച്ച് തങ്ങളുടെ ജീവിതം പരുവപ്പെടുത്തേണ്ടതുമില്ല. പ്രകൃതി ദുരന്തങ്ങളും മഹാമാരിയും ഒന്നും തന്നെ ഒരു വ്യക്തിയുടെ പൗരാവകാശങ്ങളോ ജനാധിപത്യാവകാശങ്ങളോ ഇല്ലാതാക്കുന്നില്ല. സർക്കാർ ഇടപെടൽ ഉണ്ടാകണം എന്ന് പൗരൻ ആവശ്യപ്പെടുന്നു എങ്കിൽ അതിനർത്ഥം ഇത്തരം ദുരന്തങ്ങൾ ജനാധിപത്യത്തിലാണ് സംഭവിക്കുന്നത് എന്നതുകൊണ്ടുകൂടിയാണ്.
കോവിഡ് വാക്സിൻ എല്ലാ പൗരൻമാർക്കുമായി നൽകാൻ സർക്കാരിന് കഴിയില്ല എന്ന പ്രഖ്യാപനം ജനാധിപത്യ വിരുദ്ധമാകുന്നത് ഈ സാഹചര്യത്തിലാണ്. പണമുള്ളവർക്കു മാത്രം ഇത്തരം പ്രതിരോധങ്ങൾ നിജപ്പെടുത്തുന്നതിലൂടെയും, ഒരു വർഷത്തിലധികമായി തുടരുന്ന മഹാമാരിയെ പ്രതിരോധിക്കാൻ തക്ക ആരോഗ്യ സംവിധാനങ്ങൾ ഏർപ്പെടുത്താതെ പൗരനെ മരണത്തിലേക്ക് തള്ളിവിടുന്നതിലൂടെയും സർക്കാരുകൾ ജനാധിപത്യത്തെ തന്നെ ചോദ്യം ചെയ്യുകയാണ്. എല്ലാവർക്കും വാക്സിൻ എന്ന ആശയത്തെ സർക്കാർ പിന്തുണക്കുന്നില്ല എന്ന വസ്തുത വിസ്മരിക്കാൻ കഴിയില്ല.
മറ്റൊന്ന്, നിലവിലെ വാക്സിൻ ഉൽപാദനവും വിതരണവും ആവശ്യവുമായി ഒത്തുപോകുന്നതല്ല. അതുകൊണ്ടുതന്നെയാണ് സ്വകാര്യ കമ്പനികൾക്ക് അവരുടെ ലാഭം കണക്കാക്കി വിലനിർണയം നടത്താൻ കഴിയുന്നതും ഈ നടപടിക്ക് സർക്കാർ പിന്തുണ കിട്ടുന്നതും. കേവലം സാമ്പത്തികയുക്തി കൊണ്ട് മറികടക്കാൻ കഴിയുന്നതല്ല ഈ പ്രതിസന്ധി. സർക്കാർ പൗരനുമേൽ വലിയ ഉത്തരവാദിത്തം അടിച്ചേൽപ്പിക്കുന്നുണ്ട്. സർക്കാരിന് വില നിയന്ത്രിക്കാൻ കഴിയാത്തവിധം ദുരബലമാണ് ഭരണകൂടം എന്ന് കരുതാൻ കഴിയില്ല. പകരം ഭരണകൂടം വാക്സിൻ കമ്പനികളുടെ താൽപര്യത്തിനനുസരിച്ചാണ് പ്രവർത്തിക്കുന്നത് എന്നുപറയേണ്ടി വരും. സാമ്പത്തിക ലാഭം കൃത്യമായി പങ്കുവെക്കപ്പെടുന്നു എന്ന വസ്തുത അംഗീകരിക്കേണ്ടിവരും. ഇത്തരം പങ്കുവെക്കലിലൂടെ നഷ്ടപ്പെടുന്നത് ജനാധിപത്യമാണ്.
ജനാധിപത്യം പരാജയപ്പെടുന്നു എന്നതാണ് ഇതിന്റെ പ്രശ്നം. ശക്തമായ ഒരു ഭരണകൂടത്തെയാണ് പൊതുവിൽ പ്രതിസന്ധികളിൽ ജനം ആവശ്യപ്പെടുന്നത്. എന്നാൽ സ്വകാര്യ മൂലധനം സംരക്ഷിക്കുന്ന, അതോടൊപ്പം പ്രാഥമിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയാത്ത ഒരു സർക്കാരാണ് ഇന്നുള്ളത്. രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്നതിൽ പരാജയപ്പെടുന്നു എന്നതാണ് സർക്കാർ നേരിടുന്ന പ്രധാന പ്രശ്‌നം. വാക്സിൻ എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സർക്കാർ പൗരനുമേൽ അടിച്ചേൽപ്പിക്കുന്നു എന്നത് ഇതിനുദാഹരണമാണ്.
കഴിഞ്ഞ ഒരുവർഷം കൊണ്ടുമാത്രമല്ല, ഏതാനും വർഷങ്ങളായി തുടരുന്ന സാമ്പത്തിക നയങ്ങളുടെ പ്രശ്‌നങ്ങൾ കൂടിയാണ് ഇന്ന് ശരാശരി ഇന്ത്യ പൗരൻ അനുഭവിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി മൂലം ഒരാൾക്ക് തനിക്ക് പ്രതിരോധ കുത്തിവെപ്പ് വേണ്ട എന്ന് തീരുമാനിക്കാം. ഇത്തരം തീരുമാനങ്ങളുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നത്തോടൊപ്പം അതുണ്ടാക്കുന്ന അസമത്വങ്ങളെയും പരിഗണിക്കേണ്ടതുണ്ട്. കഴിഞ്ഞ ഒരു വർഷം കൊണ്ടുമാത്രമല്ല, ഏതാനും വർഷങ്ങളായി തുടരുന്ന സാമ്പത്തിക നയങ്ങളുടെ പ്രശ്‌നങ്ങൾ കൂടിയാണ് ഇന്ന് ശരാശരി ഇന്ത്യ പൗരൻ അനുഭവിക്കുന്നത്. അടിസ്ഥാന ചികിത്സ കിട്ടാതെ ജനങ്ങൾ മരിച്ചു വീഴുന്നു എന്നത് ഒരു നൂറ്റാണ്ടിന് മുൻപേ നടന്നതായി പറയുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിലാണ് ഈ ദുരന്തങ്ങളുണ്ടാകുന്നത്. ഓക്‌സിജൻ ഇല്ലാതെയും മതിയായ ചികിത്സ കിട്ടാതെയും മരിച്ചു വീഴുന്നത് ജനാധിപത്യ അവകാശങ്ങൾ പൗരന് നിഷേധിക്കപ്പെടുന്നതിനുതുല്യമാണ്. ഇത്തരം ജനാധിപത്യ നിഷേധങ്ങൾ സർക്കാരിനെ ബാധിക്കുന്നില്ല എന്ന വസ്തുത വിസ്മരിക്കാൻ കഴിയില്ല. കോവിഡ് ദുരന്തത്തോടൊപ്പം ജനാധിപത്യത്തിന്റെ ഈ ദുരന്തവും ഒരു പോലെ പരിഗണിക്കേണ്ടതുണ്ട്.
എല്ലാവർക്കുമായി വാക്സിൻ ഇല്ല യാഥാർഥ്യവും അതോടൊപ്പം പണം കൊടുത്ത് വാങ്ങണം എന്ന സർക്കാർ നിബന്ധനയും സമൂഹത്തിയിൽ ഭീതിയുണ്ടാക്കിയിട്ടുണ്ട്. എല്ലാവർക്കും സൗജന്യമായി വാക്സിൻ ഉറപ്പാക്കുക എന്നതുമാത്രമാണ് ഈ ഭീതി മറികടക്കാനുള്ള മാർഗം, സർക്കാർ സവിധാനത്തിനുമാത്രമേ ഇതിന് സാധിക്കൂ.
കേരള സർക്കാർ ഈ പ്രശ്‌നത്തെ മറികടക്കാൻ ഉപയോഗിക്കുന്ന രീതിയും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. ജനങ്ങളിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന സ്വീകരിക്കാനുള്ള തീരുമാനത്തിന് വലിയ ജനകീയതയാണ് കിട്ടുന്നത്. സാധാരണക്കാരും തൊഴിലാളികളും ഒക്കെ തങ്ങളുടെ പരിമിത സമ്പാദ്യത്തിൽ നിന്ന് സർക്കാരിലേക്ക് അടക്കുന്ന പണം ഒരു തുക എന്ന നിലയിൽ വലുതല്ല എങ്കിലും ഭരിക്കുന്ന സർക്കാരിന് അവരുടെ വിശ്വസനീയതയുടെ ലക്ഷണം കൂടിയാണ്. ഇതൊരു ധാർമികതയുടെ പ്രശ്നം കൂടിയാണ്, അതായത് ദരിദ്രനായ ഒരു വ്യക്തി തന്നെയും ഭരണകൂടത്തെയും താരതമ്യം ചെയ്യുന്നു എന്നുകൂടി ഇതിനർഥമുണ്ട്. നവ- ഉദാരവൽക്കരണത്തിന്റെ വിജയം കൂടിയാണ് ഈ പൊതുജന പിന്തുണ എന്ന് മനസിലാക്കേണ്ടതുണ്ട്.
നികുതിയും നിയമാനുസൃതമായി സേവനങ്ങൾക്ക് കൊടുക്കേണ്ട പണവും ആയിട്ടല്ലാതെ, പൗരൻ ഒരു ഭരണകൂടത്തിന് നേരിട്ട് പണം നൽകേണ്ടത് ചില അടിയന്തിര സാഹചര്യങ്ങളിൽ മാത്രമാണ്
ഒരു സന്നദ്ധ സംഘനക്കോ വ്യക്തിക്കോ സംഭാവന കൊടുക്കുന്ന രീതിയല്ല ഇത്. നികുതിയും നിയമാനുസൃതമായി സേവനങ്ങൾക്ക് കൊടുക്കേണ്ട പണവും ആയിട്ടല്ലാതെ, പൗരൻ ഒരു ഭരണകൂടത്തിന് നേരിട്ട് പണം നൽകേണ്ടത് ചില അടിയന്തിര സാഹചര്യങ്ങളിൽ മാത്രമാണ്. പണം കൊടുത്താലേ വാക്സിൻ കിട്ടൂ എന്ന കേന്ദ്ര സർക്കാർ നയത്തോടുള്ള പ്രതിഷേധമായി വിലയിരുത്താനാണ് കേരളത്തിൽ ഇടതുപക്ഷം ശ്രമിക്കുന്നതും. ഇതൊരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്. എന്നാൽ ഇത്തരം പ്രവൃത്തിയിലൂടെ പലപ്പോഴും ഭരണകൂടത്തെ ചോദ്യം ചെയ്യുക എന്ന വലിയ ഉത്തരവാദിത്തത്തിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ അകന്നു പോകുന്നു എന്നും അർത്ഥമുണ്ട്. തകർന്നു പോകുന്നതോ തകർക്കപ്പെടുന്നതോ ആയ ക്ഷേമരാഷ്ട്രത്തെ സംരക്ഷിക്കാനുള്ള പൗരന്റെ ശ്രമമായി ഇതിനെ വിലയിരുത്തുന്നതിൽ തെറ്റില്ല, എന്നാൽ കേവലം വൈകാരികതക്കപ്പുറം ഭരണകൂടത്തെ തീവ്രമായി സംരക്ഷിക്കുക എന്ന മുതലാളിത്ത അജണ്ട കൂടെ അറിഞ്ഞോ അറിയാതെയോ നടപ്പിലാക്കപ്പെടുന്നു എന്ന സത്യവും വിസ്മരിക്കാൻ കഴിയില്ല.▮