ഇത് ഗീത. കർഷകത്തൊഴിലാളിയായ ആദിവാസി. കർഷകരുടെ ലോങ് മാർച്ചിൽ പങ്കെടുത്തുകൊണ്ട്, 'കാലങ്ങളായി ഞങ്ങൾ കൃഷിഭൂമി ഉഴുതുമറിച്ചുകൊണ്ടിരിക്കുകയാണ്, ഇനിയെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം ഞങ്ങൾക്കുവേണ'മെന്ന് പറയുകയാണിവർ / Photo:@PARInetwork, Twitter

നഗര കുടിയേറ്റവും ആഭ്യന്തര കോളനികളും

അസ്വസ്ഥമാകുന്ന ഗ്രാമീണ ഇന്ത്യ- 2

കുടിയേറ്റ തൊഴിലാളികളുടെ പിൻനടത്തം ഇന്ത്യൻ ഗ്രാമങ്ങളിലുണ്ടാക്കുന്നത്​ പുതിയ സംഘർഷങ്ങളാണ്​

കോവിഡ് മഹാമാരിയെത്തുടർന്ന്, മുന്നറിയിപ്പില്ലാതെ, രാജ്യത്തെ മുഴുവനായും അടച്ചുപൂട്ടലിലേക്ക് നയിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ഏറ്റവും അടുത്ത ഇരകൾ കുടിയേറ്റത്തൊഴിലാളികളായിരുന്നുവെന്നത് നാം കണ്ടു. ഏതാണ്ട് 45 കോടിയിലധികം വരുന്ന കുടിയേറ്റത്തൊഴിലാളികൾ കുറഞ്ഞകാലത്തെ അനിശ്ചിതത്വത്തെപ്പോലും നേരിടാനാകാതെ സ്വന്തം ഗ്രാമങ്ങളിലേക്ക് വാഹനങ്ങളിലും കാൽനടയായും സഞ്ചരിക്കുന്നതും നാം കണ്ടു. ഒരുപക്ഷേ, രാജ്യത്തിലെ കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തെയും വലുപ്പത്തെയും അവർ അനുഭവിക്കുന്ന ദുരിത ജീവിതത്തിന്റെയും കുറിച്ച്, ചെറുതായെങ്കിലുമുള്ള, ധാരണ ജനങ്ങളുടെ മുന്നിൽ ദൃശ്യമായ കാലമായിരുന്നു അത്. എവിടെ നിന്നാണീ തൊഴിലാളികൾ വന്നത്? എന്തുകൊണ്ട് അവർക്ക് നഗരങ്ങളിൽച്ചെന്ന് ഈ ദുരിതജീവിതം ജീവിക്കേണ്ടി വരുന്നു? "തിളങ്ങുന്ന ഇന്ത്യ'യിൽ അവരുടെ സ്ഥാനമെവിടെയാണ്? പതിറ്റാണ്ടുകളായുള്ള അധ്വാനങ്ങളിലൂടെ, തങ്ങൾ ചോരയും നീരും നൽകി, കെട്ടിപ്പൊക്കിയ നഗരങ്ങൾ ഒറ്റ രാത്രികൊണ്ട് അവർക്ക് അന്യമായതെങ്ങിനെ? അടച്ചുപൂട്ടലിനെത്തുടർന്നുള്ള പിൻനടത്തം ഗ്രാമീണ മേഖലയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെന്തായിരിക്കും? രാജ്യത്തിന്റെ വികസനക്കുതിപ്പിനിടയിൽ നാം ചോദിക്കാൻ വിട്ടുപോകുന്ന ഇത്തരം കാര്യങ്ങൾ ഒന്നൊന്നായി നമ്മുടെ മുന്നിലേക്ക് കടന്നുവരികയാണ്.

2011ലെ സെൻസസിനെ അടിസ്ഥാനമാക്കി അടുത്തകാലത്തായി പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് 2001-2011 കാലയളവിലെ ആഭ്യന്തര കുടിയേറ്റത്തിൽ സംഭവിച്ച വളർച്ച 44.9% ആയിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആഭ്യന്തര കുടിയേറ്റത്തിലെ ഏറ്റവും വലിയ വർധനവായിരുന്നു ഇത്. നിലവിലെ കണക്കനുസരിച്ച് 45.57 കോടി കുടിയേറ്റ തൊഴിലാളികളാണ് ഇന്ത്യയിലുള്ളത്

നിയോ ലിബറൽ പരിഷ്‌കരണങ്ങളുടെ കാതലിലേക്ക് തന്നെയാണ് ഈ ചോദ്യങ്ങൾ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്. പുത്തൻ ഉദാരവൽക്കരണ നയങ്ങളുടെ മലവെള്ളപ്പാച്ചിലിൽ കണ്ണുമഞ്ഞളിച്ചുപോയവർ ഒരിക്കലും ഉന്നയിക്കാതിരുന്ന ചോദ്യങ്ങൾ വസ്തുനിഷ്ഠ യാഥാർത്ഥ്യമായി നമ്മുടെ മുന്നിൽ ഉയർന്നുനിൽക്കുകയാണ്. ഈ യാഥാർത്ഥ്യങ്ങളെ പൂർണമായും അവഗണിച്ച് അതിശക്തമായ പരിഷ്‌കരണ പരിപാടികളുമായി സർക്കാരുകൾ മുന്നോട്ടുപോകുമ്പോൾ അവയ്‌ക്കെതിരായി ജനകീയ പ്രതിരോധം ശക്തമാക്കുക എന്നതല്ലാതെ ഗ്രാമീണ ജനതയുടെ മുന്നിൽ മറ്റൊരു വഴിയും അവശേഷിക്കുന്നില്ല.

മുന്നറിയിപ്പില്ലാതെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് നടന്നുപോകുന്ന കുടിയേറ്റ തൊഴിലാളികൾ. ഉരുളക്കിഴങ്ങ് ഫാമുകളിലെ തൊഴിലാളികളായ ഇവർ 250 കിലോമീറ്റർ അകലെയുള്ള മധ്യപ്രദേശിലെ മുറൈനയിലേക്കാണ് പോകുന്നത്. / Photo: @BDUTT

ഇന്ത്യയിലെമ്പാടുമായി ഉയർന്നുവന്ന കർഷക പ്രക്ഷോഭത്തെയും ആയിരക്കണക്കായ ജനകീയ പ്രക്ഷോഭങ്ങളെയും ഈയൊരു പശ്ചാത്തലത്തിൽ നിന്നുവേണം വിലയിരുത്താൻ. അടച്ചുപൂട്ടൽ സൃഷ്ടിച്ച ഗുരുതരമായ പ്രത്യാഘാതങ്ങളെ നേരിടാൻ സർക്കാരുകളുടെ കാരുണ്യപ്രവർത്തനങ്ങൾക്ക് സാധ്യമാകില്ലെന്ന വസ്തുതകളെക്കൂടി ഗ്രാമീണ മേഖലയിൽ നിന്ന് ഉയർന്നുവരുന്ന പ്രതിഷേധങ്ങൾ വ്യക്തമാക്കുന്നുണ്ട്.

അഗ്രി ബിസിനസ്സ് കമ്പനികളുടെ തള്ളിക്കയറ്റം

പുത്തൻ സാമ്പത്തിക പരിഷ്‌കരണങ്ങൾ സൃഷ്ടിച്ച ഏറ്റവും വലിയ പ്രത്യാഘാതം, ഗ്രാമീണ മേഖലയിൽ നിന്നും നഗരങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ തോതിനെ ഉയർത്തിയെന്നതാണ്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നിശ്ചലതയും വർധിച്ച തോതിലുള്ള നഗരവത്കരണവും ഭാഗ്യമന്വേഷിച്ച് നഗരങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് സൃഷ്ടിച്ചു. 2011ലെ സെൻസസ്​ അടിസ്ഥാനമാക്കി അടുത്തകാലത്തായി പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് 2001-2011 കാലയളവിലെ ആഭ്യന്തര കുടിയേറ്റത്തിൽ സംഭവിച്ച വളർച്ച 44.9% ആയിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആഭ്യന്തര കുടിയേറ്റത്തിലെ ഏറ്റവും വലിയ വർധനവായിരുന്നു ഇത്. നിലവിലെ കണക്കനുസരിച്ച് 45.57 കോടി കുടിയേറ്റ തൊഴിലാളികളാണ് ഇന്ത്യയിലുള്ളത് (Dandekar & Ghai 2020). രാജ്യത്തിന്റെ ജനസംഖ്യയുടെ 36% വരും ഇത്. ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, കർണ്ണാടക, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ വൻനഗരങ്ങളിലേക്കായിരുന്നു കുടിയേറ്റ തൊഴിലാളികളുടെ വൻതോതിലുള്ള ഒഴുക്ക് സംഭവിച്ചത്. ഒഡീഷ, പശ്ചിമ ബംഗാൾ, ഝാർഖണ്ട്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബീഹാർ, ആസാം, മഹാരാഷ്ട്രയുടെ കൊങ്കൺ മേഖല എന്നിവിടങ്ങളിലെ ഗ്രാമീണ മേഖലയിൽ നിന്നുമുള്ള കുടിയേറ്റത്തിന്റെ തോത് ഈ കാലയളവിൽ വൻതോതിൽ വർധിച്ചു. ഇന്ത്യയിലെ 736 ജില്ലകളിൽ 116 എണ്ണത്തിൽ നിന്ന് വൻതോതിലുള്ള നഗരകുടിയേറ്റം സംഭവിച്ചു.

2001 മുതൽ 2011 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ കർഷകരിൽ 86 ലക്ഷം പേർ കർഷകർ എന്ന പദവിയിൽ നിന്നും കർഷക തൊഴിലാളികൾ എന്ന പദവിയിലേക്ക് താഴ്ത്തപ്പെട്ടു.

നവ ലിബറൽ സാമ്പത്തിക നയങ്ങൾ സൃഷ്ടിച്ച സുപ്രധാനമായ മാറ്റമെന്നത് കാർഷിക മേഖലയിലേക്കുള്ള വൻകിട അഗ്രി ബിസിനസ്സ് കമ്പനികളുടെ തള്ളിക്കയറ്റം കൂടിയായിരുന്നു. ഗ്രാമീണ കാർഷിക മേഖലയിൽ അവ സൃഷ്ടിച്ച പ്രത്യാഘാതങ്ങളും ഗുരുതരമായിരുന്നു. 12 കോടിയോളം ഗ്രാമീണ കർഷകരിൽ 86% വും ചെറുകിട കർഷകരാണെന്നതും കാർഷിക മേഖലയിലെ പുതിയ പരിഷ്‌കരണങ്ങൾ അവരെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും നയിച്ചുവെന്നതും ഇന്ന് പരക്കെ അറിവുള്ള കാര്യമാണ്. 1995 മുതൽക്കിങ്ങോട്ട്​ 3 ലക്ഷത്തിലധികം കർഷകർ കടക്കെണിയിൽ കുടുങ്ങി ആത്മഹത്യ ചെയ്തതും സാമ്പത്തിക പരിഷ്‌കരണങ്ങളുടെ തുടർച്ചയായിട്ടായിരുന്നു. 2001 - 2011 കാലത്ത്​ഇന്ത്യയിലെ കർഷകരിൽ 86 ലക്ഷം പേർ കർഷകർ എന്ന പദവിയിൽ നിന്ന്​ കർഷക തൊഴിലാളികൾ എന്ന പദവിയിലേക്ക് താഴ്ത്തപ്പെട്ടു. കാർഷികത്തൊഴിലാളികളുടെ എണ്ണത്തിൽ ഇതേ കാലയളവിൽ 3.6% കുറവ് സംഭവിച്ചതായും സെൻസസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

12 കോടിയോളം ഗ്രാമീണ കർഷകരിൽ 86%വും ചെറുകിട കർഷകരാണ്​, കാർഷിക മേഖലയിലെ പുതിയ പരിഷ്‌കരണങ്ങൾ അവരെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും നയിച്ചു. / Photo:@PARInetwork, Twitter

പ്രത്യേക സാമ്പത്തിക മേഖല നിയമത്തിൽ സംഭവിച്ചത്​...

കാർഷിക മേഖലയിലെ ഈ പ്രതിസന്ധികളോടൊപ്പം, വർധിച്ചുവരുന്ന നഗരവത്കരണത്തിന്റെ നേരിട്ടുള്ള ഇരയായി ഗ്രാമീണ മേഖല മാറിയതും പ്രതിസന്ധികളുടെ ആക്കം കൂട്ടി. കാർഷികേതര ആവശ്യങ്ങൾക്കും മറ്റും വൻതോതിൽ ഭൂമി ഏറ്റെടുക്കൽ കൃഷി ഉപേക്ഷിക്കുന്നതിന് കർഷകരെ പ്രേരിപ്പിച്ചു. നഗര വികസനത്തിന് പശ്ചാത്തല സൗകര്യമൊരുക്കുന്നതിന്​ ഗ്രാമീണ മേഖലയിൽ നിന്നുള്ള വിഭവ സമാഹരണം അതിശക്തമായ തോതിൽ നടന്നതും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയ്ക്ക് കാരണമായി. ചെറിയൊരളവിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് ശൃംഖലകളുടെ വളർച്ച ഗ്രാമീണ മേഖലയിൽ പ്രകടമായെങ്കിലും, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ കണ്ണികൾ മുറിച്ചുമാറ്റുന്ന നടപടികളായി അവയെ മനസ്സിലാക്കാൻ സാധിക്കാതിരുന്നത് ഇന്ന് എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധികളുടെ ആഴത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്.

നഗരവത്കരണത്തിന്റെ ഭാഗമായി വികസിച്ച "സഞ്ചയ സമ്പദ്‌വ്യവസ്ഥകൾ' (Agglomeration economies) ഗ്രാമീണ മേഖലയിൽ നിന്ന് മനുഷ്യ- പ്രകൃതി വിഭവങ്ങളെ നഗര കേന്ദ്രങ്ങളിലേക്ക് ഊറ്റിയെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചു. അതിന്റെ നേരിട്ടുള്ള പ്രത്യാഘാതമെന്നത് ഭൂവിനിയോഗത്തിൽ സംഭവിച്ച മാറ്റങ്ങളായിരുന്നു. പ്രാഥമിക ഉത്പാദന മേഖലകളിൽ നിന്നും മറ്റ് നിർമ്മാണ-സേവന മേഖലകളിലേക്കുള്ള ഗുരുതര വ്യതിയാനമായിരുന്നു ഇതിന്റെ ഫലം. വ്യാവസായിക- നഗരവത്കരണ വളർച്ച വർധിക്കുന്നതനുസരിച്ച് ഭൂവിനിയോഗത്തിൽ വന്ന മാറ്റം കൃഷി- കാർഷിക അനുബന്ധ വ്യവസായങ്ങളുടെ തകർച്ചയിലേക്ക് സ്വാഭാവികമായും കൊണ്ടുചെന്നെത്തിച്ചു. 1991- 92 മുതൽ 2011- 12 വരെയുള്ള കാലയളവിൽ രാജ്യത്തെമ്പാടും 36ലക്ഷം ഹെക്ടർ കാർഷിക ഭൂമിയാണ് നഷ്ടമായത്. ഇതേ കാലയളവിൽ കാർഷികേതര ആവശ്യങ്ങൾക്കായുള്ള ഭൂമിയുടെ അളവ് 21.3 ദശലക്ഷം ഹെക്ടറിൽ നിന്ന്​ 26.4 ദശലക്ഷം ഹെക്ടറായി വർധിക്കുകയും ചെയ്തു (GoI, 2015).

കാർഷിക മേഖലയെ ആശ്രയിച്ച് നിൽക്കുന്നവരുടെ എണ്ണത്തിൽ കുറവു വരുത്തേണ്ടതിന്റെയും വൻകിട നിക്ഷേപ സൗകര്യമുള്ള ആളുകളെ അതിലേക്ക് ആകർഷിക്കേണ്ടതിന്റെയും ആവശ്യം എടുത്തുപറയുന്നുണ്ട് അഭിജിത് ബാനർജി.

2005ൽ പാർലമെന്റ് പാസാക്കിയ പ്രത്യേക സാമ്പത്തിക മേഖല നിയമം (SEZs Act, 2005) "സഞ്ചയ സമ്പദ്‌വ്യവസ്ഥ'കളുടെ രൂപീകരണത്തിന് ആക്കംകൂട്ടുകയും നഗരങ്ങളിലേക്കും അവയുടെ പ്രാന്തപ്രദേശങ്ങളിലേക്കും രാജ്യത്തിന്റെ തൊഴിൽ സേനയുടെ കുടിയേറ്റത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. പ്രത്യേക സാമ്പത്തിക മേഖലകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻതോതിലുള്ള ഭൂമി കയ്യേറ്റം നടക്കുകയുണ്ടായി. സെസുകൾക്കായി ഏറ്റെടുത്ത ഭൂമിയിൽ വലിയൊരു ഭാഗവും കാർഷിക ഭൂമി ആയിരുന്നുവെന്ന് മാത്രമല്ല, ഒരു ദശാബ്ദക്കാലത്തിനുശേഷവും ഏറ്റെടുത്ത ഭൂമിയിൽ യാതൊരു പ്രവർത്തനങ്ങളും ആരംഭിക്കാതെ ഭൂമിയുടെ ഉടമസ്ഥാവകാശം കൈക്കലാക്കുക എന്നതുമാത്രമായി ചുരുങ്ങുകയും ചെയ്തു. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻസ്ട്രീസ് ലിമിറ്റഡ് മഹാരാഷ്ട്രയിലെ റായ്ഗഢിൽ 20000 ഹെക്ടർ ഭൂമിയാണ് ഇത്തരത്തിൽ കയ്യടക്കി വെച്ചിട്ടുള്ളത്. ഈ കൃഷി ഭൂമി കർഷകർക്ക് വിട്ടുനൽകാനാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ രാജ്യത്തെമ്പാടുമായി വൻതോതിലുള്ള "ഭൂമി കൊള്ള'യ്ക്കുള്ള അവസരമായി ഇതിനെ മാറ്റി.

സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് ബാനർജി.

കൃഷി-കാർഷിക അനുബന്ധ മേഖലകളിലെ പൊതുനിക്ഷേപം വൻതോതിൽ വെട്ടിക്കുറച്ചതും ഭൂവിനിയോഗത്തിൽ സംഭവിച്ച മാറ്റങ്ങളും കൃഷി ഒരു നഷ്ടക്കച്ചവടമായി മാറുന്നതിനും കാർഷിക തൊഴിൽ മേഖലയിൽ നിന്നുള്ള വൻതോതിലുള്ള പിന്മാറ്റത്തിന് ഇടവരുത്തുകയും ചെയ്തു. കാർഷിക മേഖലയിലെ പൊതുനിക്ഷേപം വെട്ടിക്കുറക്കുന്നതിന് ആവശ്യമായ നയരൂപീകരണം നടത്താൻ ഐ.എം.എഫ് അടക്കമുള്ള ആഗോള ധനകാര്യ സ്ഥാപനങ്ങൾ വികസ്വര രാജ്യങ്ങളോട് ആവശ്യപ്പെട്ടതും അഭിജിത് ബാനർജി അടക്കമുള്ള സാമ്പത്തിക ശാസ്ത്രജ്ഞർ അതിന് സൈദ്ധാന്തിക പിൻബലം നൽകിയതും ഈയവസരത്തിൽ ഓർമ്മിക്കേണ്ടതുണ്ട്. കാർഷിക മേഖലയെ ആശ്രയിച്ച് നിൽക്കുന്നവരുടെ എണ്ണത്തിൽ കുറവു വരുത്തേണ്ടതിന്റെയും വൻകിട നിക്ഷേപ സൗകര്യമുള്ള ആളുകളെ അതിലേക്ക് ആകർഷിക്കേണ്ടതിന്റെയും ആവശ്യം എടുത്തുപറയുന്നുണ്ട് അഭിജിത് ബാനർജി.

പുത്തൻ സാമ്പത്തിക നയങ്ങളുടെ വക്താക്കൾ ആഗ്രഹിച്ചതനുസരിച്ച് തന്നെയായിരുന്നു കാര്യങ്ങൾ നീക്കിക്കൊണ്ടിരുന്നത്. കാർഷിക മേഖലയിൽ നിന്നുള്ള ചെറുകിട കർഷകരുടെ പിന്മാറ്റം കൃഷിയെ വൻകിട അഗ്രിബിസിനസ്സ് കമ്പനികളുടെ കൈകളിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നതിന് സഹായകമാകുമെന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു.

ഭക്ഷണത്തിനായുള്ള ആഗോള ഡിമാന്റ് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ദരിദ്ര രാജ്യങ്ങൾ തങ്ങളുടെ ജനങ്ങളെ കാർഷിക മേഖലയിൽ നിന്നും മാറ്റി കൂടുതൽ ഉത്പാദനക്ഷമമായ മേഖലകളിലേക്ക് വഴിതിരിച്ചുവിടേണ്ടതുണ്ടെന്നുമായിരുന്നു ഐ.എം.എഫ് ഓൺലൈൻ സർവ്വേയുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള ഉത്തരമായി ബാനർജി സൂചിപ്പിച്ചത്. (MF Survey: Poorer Countries Should Try to Reduce Reliance on Agriculture, Nov.11, 2011) വ്യാവസായിക വികസനവും കാർഷിക മേഖലയും പരസ്പര ബന്ധിതവും അവ തമ്മിലുള്ള സമതുല്യത (equilibrium) ഉറപ്പുവരുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നതിൽ ആസൂത്രണ വിദഗ്ധർ പരാജയപ്പെട്ടുവെന്ന് പറയുന്നത് വാസ്തവ വിരുദ്ധമായ കാര്യമായിരിക്കും. കാരണം പുത്തൻ സാമ്പത്തിക നയങ്ങളുടെ വക്താക്കൾ ആഗ്രഹിച്ചതനുസരിച്ച് തന്നെയായിരുന്നു കാര്യങ്ങൾ നീക്കിക്കൊണ്ടിരുന്നത്. കാർഷിക മേഖലയിൽ നിന്നുള്ള ചെറുകിട കർഷകരുടെ പിന്മാറ്റം കൃഷിയെ വൻകിട അഗ്രിബിസിനസ്സ് കമ്പനികളുടെ കൈകളിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നതിന് സഹായകമാകുമെന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു. കരാർ കൃഷി അടക്കമുള്ള കാർഷിക നിയമ നിർമ്മാണങ്ങൾ പല സംസ്ഥാനങ്ങളും ഇതേ കാലയളവിൽ നടപ്പിലാക്കിയതും ഓർത്തിരിക്കേണ്ടതുണ്ട്.

വ്യാവസായിക വികസനത്തിനും നഗരവത്കരണത്തിലെ വളർച്ചയ്ക്കും ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള തൊഴിൽ സേനയെ സൃഷ്ടിക്കുന്നതിനും കാർഷിക മേഖലയിൽ നിന്നുള്ള പിൻവലിയൽ അനിവാര്യമായിരുന്നു. അതേസമയം കാർഷിക മേഖലയിൽ നിന്നുള്ള പിൻമാറ്റം സൃഷ്ടിക്കുന്ന തൊഴിലില്ലായ്മയും വരുമാന നഷ്ടവും നികത്തുന്നതിനും പുതുമുതലാളിത്തത്തിന്റെ കമ്പോളമായി ഗ്രാമീണ മേഖലയെ നിലനിർത്തുന്നതിനും ചില സൂത്രപ്പണികൾ ആവശ്യമായി വരുന്നുണ്ട്. നഗരങ്ങളിലെ അനൗദ്യോഗിക മേഖലയ്ക്ക് ആവശ്യമായ ഉത്പന്നങ്ങളും സേവനങ്ങളും സജ്ജമാക്കുന്നതിനാവശ്യമായൊരു പുതിയ തൊഴിൽ സാധ്യതകൾ രൂപപ്പെടുത്തുക എന്നതായിരുന്നു അത്. നേരത്തെ സൂചിപ്പിച്ച "സഞ്ചയ സമ്പദ്‌വ്യവസ്ഥ'യ്ക്ക് സമാന്തരമായി ഒരു ഗ്രാമീണ കാർഷികേതര സമ്പദ്‌വ്യവസ്ഥ (Rural Non-Farm Economy-RNFE) രൂപപ്പെടുന്നത് ഇത്തരമൊരു സൂത്രപ്പണികളുടെ ഭാഗമായിട്ടായിരുന്നു. കാർഷിക മേഖലയിലെ മുരടിപ്പ് സൃഷ്ടിക്കുന്ന വരുമാന നഷ്ടത്തിനുള്ള പ്രതിവിധി എന്ന നിലയിലും കുറഞ്ഞ കൂലിക്ക് തൊഴിലെടുക്കാൻ സജ്ജരായി നിൽക്കുന്ന വലിയൊരു ജനസഞ്ചത്തെ സൃഷ്ടിച്ചെടുക്കുകയും ചെയ്തുകൊണ്ട് ഈ പ്രശ്‌നത്തെ മറികടക്കാനായിരുന്നു നവ ഉദാരവത്കരണ നയങ്ങളുടെ വക്താക്കൾ ശ്രമിച്ചത്.

കരകൗശല വസ്തുക്കൾ നിർമ്മിച്ച് ഉപജീവനം നടത്തിയിരുന്ന ജയ്​പുർ നിവാസികൾ. ലോക്ക്ഡൗൺ ആയതോടെ ഭിക്ഷാടനം നടത്തേണ്ട അവസ്ഥയിലാണ് തങ്ങൾ എന്നാണ് ഇവർ പറയുന്നത്. / Photo: Madhav Sharma, PARI

ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി, ഗ്രാമീണ കാർഷികേതര സമ്പദ്‌വ്യവസ്ഥയുടെ സൃഷ്ടി, ചൈന, തായ്വാൻ, ജാപ്പാൻ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ ഗ്രാമീണ മേഖലയിലെ ദാരിദ്ര്യത്തിന്റെ തോത് കുറയ്ക്കാൻ സഹായിച്ചുവെങ്കിലും ഇന്ത്യയിൽ ദാരിദ്ര്യ നിർമ്മാർജ്ജനം പൂർണ്ണാർത്ഥത്തിൽ സാധ്യമാക്കാൻ കഴിഞ്ഞില്ല എന്നത് കാണാൻ കഴിയും. ഔദ്യോഗിക കണക്കനുസരിച്ച് ചൈനയിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെക്കഴിയുന്നവരുടെ സംഖ്യ 1.7%(2018) ആണെങ്കിൽ ഇന്ത്യയിൽ അത് 6.7%(2019) ആണ്. (ഇന്ത്യയിൽ ദാരിദ്ര്യ രേഖ സംബന്ധിച്ച മാനദണ്ഡത്തിൽ വരുത്തിയ മാറ്റം കൂടി ഇവിടെ പരിഗണിക്കേണ്ടതാണ്-ലേഖനത്തിന്റെ ഒന്നാം ഭാഗത്തിൽ ഇക്കാര്യം വിശദീകരിച്ചത് ശ്രദ്ധിക്കുക). സമ്പൂർണ്ണ അടച്ചുപൂട്ടലിന്റെ പശ്ചാത്തലത്തിൽ നഗരങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ പലായനം ഇക്കാര്യം കൂടുതൽ ദൃശ്യവത്കരിക്കുന്നുണ്ട്.

പതിറ്റാണ്ടുകളായി അവഗണയെ നേരിട്ടുകൊണ്ടിരിക്കുന്ന കാർഷിക മേഖല പുത്തൻ സാമ്പത്തിക പരിഷ്‌കരണ ഫലമായി കൂടുതൽ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ വിധേയമായിക്കൊണ്ടിരിക്കുകയും കാർഷിക മേഖലയിൽ നിന്നുള്ള കർഷകരുടെയും കർഷക തൊഴിലാളികളുടെയും പിൻവലിയൽ സാധാരണ സംഭവമാകുകയും ചെയ്തതോടൊപ്പം നഗരങ്ങളിലെ അസ്ഥിര തൊഴിലാളി വിഭാഗങ്ങളുടെ എണ്ണത്തിലും ഏറെ വർധനവ് സംഭവിക്കുകയുണ്ടായി. കാർഷിക മേഖലയിൽ നിന്ന് പുറന്തള്ളപ്പെട്ടവർ നഗരങ്ങളിലെ അവിദഗ്ധ തൊഴിൽ സേനയിലേക്ക് സ്വാഭാവികമായും റിക്രൂട്ട് ചെയ്യപ്പെട്ടു. ഈ തൊഴിൽ വിഭാഗങ്ങൾ അനിവാര്യമായും എത്തിപ്പെട്ടത് നഗരങ്ങളിലെ ചേരികളിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കുമായിരുന്നു.

ദളിത്, ആദിവാസി, മുസ്‌ലിം-പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് കുടിയേറിയ അവിദഗ്ധ തൊഴിലാളികൾക്ക് വേതനം മുതൽ താമസസൗകര്യങ്ങൾ വരെയുള്ള എല്ലാക്കാര്യങ്ങളിലും സമാനമായ പിന്നോക്കാവസ്ഥയെ അഭിമുഖീകരിക്കേണ്ടിവന്നു

ഗ്രാമീണ മേഖലയിലെ ജാതീയ വിവേചനം, തൊഴിൽ അവസരങ്ങളുടെ അഭാവം, സാമ്പത്തിക പിന്നോക്കാവസ്ഥ എന്നിവയിൽ നിന്ന് മോചനമാഗ്രഹിച്ച് നഗരങ്ങളിലേക്ക് കുടിയേറിയവരെ കാത്തുനിന്നതും ഒട്ടും ഭിന്നമല്ലാത്ത സാമൂഹിക സാഹചര്യങ്ങൾ തന്നെയായിരുന്നുവെന്ന് 2011ലെ സെൻസസ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കി നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു. തിങ്ങിനിറഞ്ഞ നഗരങ്ങളിലെ ട്രെയിനുകളിലും ബസുകളിലുമുള്ള യാത്ര ജാതീയ വേർതിരിവുകളെ ഇല്ലാതാക്കിയെങ്കിലും, ""ജാതിയെ അടിസ്ഥാനമാക്കിയുള്ള തൊഴിൽ നിയമനങ്ങൾ ഇന്ത്യൻ നഗരങ്ങളിൽ ശക്തമായി നിലനിന്നിരുന്നു''വെന്നും, ""ജാതി തിരിച്ചുള്ള താമസ സൗകര്യങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്നും'' സാമൂഹ്യശാസ്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നു (India Moving: A History of Migration, Tumbe, Chinmay, 2018).

ദളിത്, ആദിവാസി, മുസ്‌ലിം-പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് കുടിയേറിയ അവിദഗ്ധ തൊഴിലാളികൾക്ക് വേതനം മുതൽ താമസസൗകര്യങ്ങൾ വരെയുള്ള എല്ലാക്കാര്യങ്ങളിലും സമാനമായ പിന്നോക്കാവസ്ഥയെ അഭിമുഖീകരിക്കേണ്ടിവന്നു. ഒരു ദശാബ്ദക്കാലയളവിൽ ദലിത്, ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള നഗര കുടിയേറ്റം യഥാക്രമം 20 ദശലക്ഷവും 10 ദശലക്ഷവും ആയി ഉയർന്നു. 2011ലെ സെൻസസ് റിപ്പോർട്ടനുസരിച്ച്, പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ എണ്ണം 62 ദശലക്ഷവും പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവരുടെ എണ്ണം 31 ദശലക്ഷവും ആണ്. ആജീവിക ബ്യൂറോ 2014ൽ നടത്തിയ പഠനത്തിൽ അവിദഗ്ധ തൊഴിൽ മേഖലകളിലെ ദളിത്-ആദിവാസി വിഭാഗങ്ങളുടെ പങ്ക് വളരെ ഏറെയാണ്. പ്രത്യേക സാമ്പത്തിക മേഖലകളിലെയും വൻകിട നഗര വികസന പദ്ധതികളിലെയും നിർമ്മാണ പ്രവർത്തനങ്ങളിൽ തുച്ഛമായ വേതനത്തിന് ജോലി ചെയ്യാനും ഏറ്റവും ശോചനീയമായ വാസസ്ഥലങ്ങളിൽ കഴിയാനും വിധിക്കപ്പെട്ടവരായി ഇവർ മാറി (Ajeevika Bureau, 2014). രാജസ്ഥാനിൽ നിന്നും ഗുജറാത്തിലേക്കുള്ള കുടിയേറ്റം ആദിവാസികളുടെ കടുത്ത ചൂഷണത്തിനുള്ള ഉപാധിയായി മാറിയതെങ്ങിനെയെന്നത് സംബന്ധിച്ച് പ്രിയങ്കാ ജെയ്‌നും അമൃത ശർമ്മയും നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു (https://doi.org/10.1177/0260107918776569).

2011ലെ സെൻസസ് റിപ്പോർട്ടനുസരിച്ച്, പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ എണ്ണം 62 ദശലക്ഷവും പട്ടിക വർഗവിഭാഗത്തിൽപ്പെട്ടവരുടെ എണ്ണം 31 ദശലക്ഷവും ആണ്. ജാതിവിവേചനം, അവസരങ്ങളുടെ അഭാവം, സാമ്പത്തിക പിന്നാക്കാവസ്ഥ എന്നിവയിൽ നിന്ന് മോചനമാഗ്രഹിച്ച് നാടുവിട്ട ഇവർക്ക് നഗരങ്ങളും ഒട്ടും ഭിന്നമല്ലാത്ത സാമൂഹിക സാഹചര്യങ്ങളാണ്​ ഒരുക്കിയത്​. / Photo: Rahul M. PARI

ജന്മനാട്ടിൽ നിന്നും അകന്ന് നിന്നുവെന്ന ഒറ്റക്കാരണം കൊണ്ടുതന്നെ സർക്കാരുകൾ പ്രഖ്യാപിക്കുന്ന ക്ഷേമ പദ്ധതികളുടെ നേട്ടങ്ങൾ കൈക്കലാക്കുന്നതിനും കുടിയേറ്റ തൊഴിലാളികൾക്ക് സാധിക്കുമായിരുന്നില്ല.
ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളികളുടെ അധ്വാനത്തിന്റെയും വിയർപ്പിന്റെയും ബലത്തിൽ കെട്ടിപ്പൊക്കിയ നഗരങ്ങളിലെ മാളുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും ഹോസ്പിറ്റലുകളും മൾട്ടിപ്ലെക്‌സുകളും അപാർട്ട്‌മെന്റുകളും ഫ്‌ളൈ ഓവറുകളും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ സൂചകങ്ങളായി തലയുയർത്തി നിന്നപ്പോഴും കുടിയേറ്റ തൊഴിലാളികളുടെ ജീവിതാവസ്ഥകളിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന യാഥാർത്ഥ്യം ഒരു പരിധിവരെ മറച്ചുവെക്കാൻ മാധ്യമങ്ങൾക്കും ഭരണ സംവിധാനങ്ങൾക്കും സാധിച്ചു. ഒരു "ഫ്‌ളോട്ടിംഗ് കമ്യൂണിറ്റി' എന്ന നിലയിലുള്ള കുടിയേറ്റ തൊഴിലാളികളുടെ പദവി കുടിയേറ്റ തൊഴിലാളികളെ സംഘടിത ശക്തിയായി മാറ്റുന്നതിന് തടസ്സം സൃഷ്ടിച്ചുവെന്ന് പറയാം. അതുകൊണ്ടുതന്നെ ഏതുവിധത്തിലുമുള്ള തൊഴിൽ ചൂഷണങ്ങൾക്കും ഇരകളാക്കപ്പെടുന്നതിന് വളരെ എളുപ്പത്തിൽ വിധേയരാക്കപ്പെടുവാനായിരുന്നു ഈ വിഭാഗങ്ങളുടെ വിധി. സംഘടിത വിലപേശൽ ശക്തിയെന്ന നിലയിൽ കുടിയേറ്റ തൊഴിലാളികളെ ഉയർത്തിക്കൊണ്ടുവരുന്നതിൽ ഇന്ത്യയിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ കാണിച്ച അവഗണനയും അവരുടെ ശോചനീയാവസ്ഥയ്ക്ക് അത്രതന്നെ കാരണമാണ്.

പതിറ്റാണ്ടുകളായി നഗരങ്ങളിൽ തൊഴിലെടുക്കുകയും, ശോചനീയമായ ആവാസവ്യവസ്ഥകളിൽ ജീവിക്കുകയും ചെയ്യേണ്ടിവന്ന തൊഴിലാളികൾക്ക് ഒരാഴ്ച പോലും തൊഴിലില്ലാതെ പിടിച്ചുനിൽക്കാൻ സാധിക്കാത്ത വിധത്തിലുള്ള സാമ്പത്തിക സുരക്ഷിതത്വമായിരുന്നു നഗരങ്ങൾ ഒരുക്കിയിരുന്നതെന്ന വസ്തുത മറനീക്കി പുറത്തുവരികയുണ്ടായി.

ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളികളിലെ വർധനവ് ഗ്രാമീണ മേഖലയിലെ റെമിറ്റൻസ് ഇക്കണോമിയുടെ തോതിനെ വൻതോതിൽ ഉയർത്തി എന്നത് വസ്തുതയാണ്. ആഭ്യന്തര കുടിയേറ്റത്തിലൂടെ പ്രതിവർഷം ഏകദേശം 2,00,000 കോടി രൂപയാണ് (2018) ഇന്ത്യയുടെ ഗ്രാമീണ മേഖലയിലേക്ക് ഒഴുകിക്കൊണ്ടിരുന്നത്. അതേസമയം ഈ തുകയിൽ വലിയൊരു പങ്കും ഉപഭോക്തൃ വിപണിയിലൂടെ അതേ വേഗതയിൽ നഗരങ്ങളിലെ "സഞ്ചിത സമ്പദ്‌വ്യവസ്ഥ'കളിലേക്ക് തന്നെ തിരിച്ച് ചെല്ലുന്നതും കാണാൻ കഴിയും. ഗ്രാമീണ മേഖലയിൽ ഉത്പാദനപരമോ നിർമ്മാണാത്മകമോ ആയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ റെമിറ്റൻസ് ഇക്കണോമിക്ക് വലിയ തോതിൽ സാധിച്ചില്ല എന്നത് സാമ്പത്തിക ശീലങ്ങളെ (Behavioral Economics) സംബന്ധിച്ച പഠനങ്ങൾ വ്യക്തമാക്കുന്നു.
2020 മാർച്ച് 23ന് അർദ്ധരാത്രി മുതൽ പ്രഖ്യാപിക്കപ്പെട്ട സമ്പൂർണ ലോക്ക്ഡൗൺ നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികളുടെ ശോചനീയാവസ്ഥകൾ മറനീക്കി പുറത്തുകൊണ്ടുവന്ന സംഭവമായിരുന്നു. രാജ്യത്തെ എല്ലാ പൊതുസംവിധാനങ്ങളും കയ്യൊഴിഞ്ഞ ഈ തൊഴിലാളികൾ ആഴ്ചകളോളം നീണ്ടുനിന്ന പലായനങ്ങൾക്ക് നിർബന്ധിതരാകുകയായിരുന്നു. സർക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച്, 1.4 കോടി തൊഴിലാളികളായിരുന്നു ഈ രീതിയിൽ ജന്മനാടുകളിലേക്ക് പലായനം ചെയ്തത്. എന്നാൽ യഥാർത്ഥത്തിൽ ഈ സംഖ്യ എത്രയോ ഇരട്ടിയാകാമെന്നാണ് ഇതുമായി ബന്ധപ്പെട്ട മറ്റ് സ്ഥിതിവിവരക്കണക്കുകളിലൂടെ വ്യക്തമാകുന്നത്.

പതിറ്റാണ്ടുകളായി നഗരങ്ങളിൽ തൊഴിലെടുക്കുകയും, ശോചനീയമായ ആവാസവ്യവസ്ഥകളിൽ ജീവിക്കുകയും ചെയ്യേണ്ടിവന്ന തൊഴിലാളികൾക്ക് ഒരാഴ്ച പോലും തൊഴിലില്ലാതെ പിടിച്ചുനിൽക്കാൻ സാധിക്കാത്ത വിധത്തിലുള്ള സാമ്പത്തിക സുരക്ഷിതത്വമായിരുന്നു നഗരങ്ങൾ ഒരുക്കിയിരുന്നതെന്ന വസ്തുത മറനീക്കി പുറത്തുവരികയുണ്ടായി. പുത്തൻ സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെ സമ്പദ്ശാസ്ത്രകാരന്മാർ വാഗ്ദാനം ചെയ്ത "അരിച്ചിറങ്ങലും' (Trickledown), "കവിഞ്ഞൊഴുകലും' (Spillover) വെറും കെട്ടുകഥ മാത്രമായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ പലായനം. അപ്രഖ്യാപിത ലോക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ടവരുടെ സംഖ്യ ഏതാണ്ട് 81%ത്തിലും അധികമാണെന്ന് ആക്ഷൻ എയ്ഡ് നടത്തിയ ദേശീയ സർവ്വേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിൽ 48% പേർക്കും സമ്പൂർണ്ണമായ വേതന നഷ്ടമായിരുന്നു സംഭവിച്ചത്. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കനുസരിച്ച് രാജ്യത്തിലെ തൊഴിലില്ലായ്മ മാർച്ച് മാസത്തിൽ 9.41%ത്തിൽ നിന്നും ഏപ്രിൽ മാസമാകുമ്പോഴേക്കും 24.95% ആയി ഉയർന്നു. മെയ് മാസത്തിൽ അത് 27.79%മായി വീണ്ടും വർധിച്ചു.
കിട്ടിയ സൗകര്യമുപയോഗിച്ച് ഗ്രാമീണ മേഖലയിലേക്ക് തിരിച്ച തൊഴിലാളികൾക്ക് മുൻകാലങ്ങളിൽ നിന്ന് ഭിന്നമായ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. കോവിഡ് മഹാമാരിയെ സംബന്ധിച്ച് മാധ്യമങ്ങൾ സൃഷ്ടിച്ച ഭീതി, ഗ്രാമങ്ങളിലെ സൗഹൃദാന്തരീക്ഷത്തിന് വിള്ളലുകൾ ഏൽപ്പിച്ചു കഴിഞ്ഞിരുന്നു. അതൊടൊപ്പം തന്നെ ഗ്രാമങ്ങളിലേക്ക് തിരിച്ചുവരുന്ന ലക്ഷക്കണക്കായ തൊഴിലാളികൾ ഗ്രാമീണ സമ്പദ്‌വ്യവസ്ഥകൾക്ക് മേൽ സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങളെ നേരിടാനുള്ള ഒരു പദ്ധതിയും സംസ്ഥാന സർക്കാരുകൾക്കോ കേന്ദ്ര സർക്കാരിനോ ഉണ്ടായിരുന്നില്ല.

സെന്റർ ഫോർ പോളിസി റിസർച്ചിലെ തിങ്ക്-ടാങ്കുകളായ മുക്താ നായ്കും പാർത്ഥാ മുഖോപാദ്ധ്യായയും

കിണ്ണം കൊട്ടലിലും ദീപം തെളിയിക്കലിലും ആത്മനിർഭരതാ പ്രഭാഷണങ്ങളിലും അഭിരമിച്ച രാജ്യത്തിന്റെ പ്രധാനമന്ത്രി രാജ്യത്തിന്റെ സമൂർത്ത യാഥാർത്ഥ്യങ്ങൾക്ക് മുന്നിൽ കണ്ണും കാതും കൊട്ടിയടക്കുകയായിരുന്നു. രാജ്യത്തെ എല്ലാ സാമൂഹ്യക്ഷേമ സംവിധാനങ്ങളും കയ്യൊഴിഞ്ഞ് തെരുവുകളിലേക്ക് വലിച്ചെറിയപ്പെട്ട തൊഴിലാളികളെ കുറിച്ച് സെന്റർ ഫോർ പോളിസി റിസർച്ചിലെ തിങ്ക്-ടാങ്കുകളായ പാർത്ഥാ മുഖോപാദ്ധ്യായയും മുക്താ നായ്കും എഴുതിയ ഒരു കമെന്ററിയിൽ ഇങ്ങനെ കുറിച്ചു: ""ഹ്രസ്വകാല തൊഴിൽ മേഖലയിലെ ചലനാത്മകത ഇന്ത്യയിൽ നിർണ്ണായകമാണെന്ന് ഫീൽഡ് പഠനങ്ങൾ സ്ഥിരമായി അവകാശപ്പെട്ടാറുണ്ട്. രാജ്യത്തുടനീളമുള്ള ഹൈവേകൾ കാൽനടയാത്രക്കുള്ള വേദിയായതോടെ ഈ അവകാശവാദങ്ങൾക്കുള്ള ശക്തമായ സാധൂകരണമായി. ക്രൂരവും കർക്കശവുമായ ധൃതിയിലൂടെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ, തെറ്റായ സ്ഥലത്ത്, തെറ്റായ സമയത്ത് എങ്ങിനെ പ്രതികരിക്കണമെന്ന് ഈ കുടിയേറ്റ തൊഴിലാളികൾ ചിന്തിച്ചിരുന്നില്ല. ഇപ്പോൾ അവർക്കതറിയാം'' (https://indianexpress.com/article/opinion/columns/coronavirus-lockdown-covid-19-deaths-cases-mass-exodus-migrant-workers-6339152/).
വർഷങ്ങളായി പിറന്ന നാട്ടിൽ നിന്നും അകന്നുനിൽക്കുന്ന, സർക്കാരുകൾ പ്രഖ്യാപിക്കുന്ന ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള യാതൊരു ധാരണകളുമില്ലാത്ത, കുടിയേറ്റം കാരണം സ്വന്തം വോട്ടവകാശം പോലും വിനിയോഗിക്കാൻ സാധിക്കാത്ത, ഇന്ത്യൻ സമൂഹത്തിൽ വലിയൊരളവിൽ അദൃശ്യരായി നിലനിന്നിരുന്ന ഈ കുടിയേറ്റ തൊഴിലാളികളുടെ പിൻനടത്തം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ എങ്ങിനെ കൂടുതൽ അസ്വസ്ഥമാക്കി എന്ന് അടുത്ത ഭാഗത്തിൽ വിശദീകരിക്കാം. ▮


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments