സ്വകാര്യവൽക്കരണത്തിലൂടെ സാധാരണ ഉപഭോക്താക്കളെ കറന്റടിപ്പിക്കുന്ന കേന്ദ്രം

വൻകിട ഉപഭോക്താക്കൾക്ക് ആകർഷകമായ ഇളവുകളോടെ വൈദ്യുതി നൽകാൻ സ്വകാര്യകമ്പനികൾ തയ്യാറാകും. എന്നാൽ കുറഞ്ഞ നിരക്ക് നൽകുന്ന സാധാരണ ഉപഭോക്താക്കൾക്കും കൃഷി പോലുള്ള ആവശ്യങ്ങൾക്കും വൈദ്യുതി നൽകാൻ അത്ര താൽപര്യം ഉണ്ടാകില്ല. ലാഭം ഉള്ള മേഖല സ്വകാര്യകമ്പനികളുടെ കയ്യിലാവുകയും, ഇളവ് നൽകേണ്ട സാധാരണ ഉപഭോക്താക്കൾ പൊതുമേഖലാ സ്ഥാപനത്തിന്റെ ഉത്തരവാദിത്തം ആയിത്തീരുകയും ചെയ്യും. ഇങ്ങനെവരുമ്പോൾ പൊതുമേഖലാസ്ഥാപനങ്ങൾ സാധാരണ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വലിയ തോതിൽ ഉയർത്താൻ നിർബന്ധിതമാകുകയോ അല്ലെങ്കിൽ കനത്ത സാമ്പത്തിക നഷ്ടം താങ്ങാനാകാതെ തകർച്ച നേരിടുകയോ ചെയ്യും.

റെഗുലേറ്ററി കമീഷന്റെ മുൻകൂർ അനുമതിയില്ലാതെ മാസംതോറും വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ വിതരണ കമ്പനികളെ അനുവദിക്കുന്ന ചട്ടഭേദഗതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിരിക്കുന്നു. വൈദ്യുത ഭേദഗതി ബിൽ സ്റ്റാൻഡിങ് കമ്മിറ്റിയിൽ പരിഗണനയിലിരിക്കെയാണ് ഇപ്പോൾ പുതിയ ചട്ടഭേദഗതി കേന്ദ്ര ഗവൺമെൻറ്​ നടപ്പിലാക്കുന്നത്. കേരള സർക്കാരിന്റെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് ഈ തീരുമാനം. കേന്ദ്ര വൈദ്യുതി നിയമത്തിലെ ഈ ഭേദഗതി കേരളവും നടപ്പാക്കേണ്ടി വരും. വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യ സംരംഭകരുടെ കടന്നുകയറ്റം ഉണ്ടാകുന്നതോടെ ഗാർഹിക ഉപയോക്താക്കൾ അവഗണിക്കപ്പെടുമെന്നും പൊതുമേഖലയിലെ വൈദ്യുതി സ്ഥാപനങ്ങൾ പ്രതിസന്ധിയിലാകുമെന്നും ചൂണ്ടിക്കാട്ടി വൈദ്യുത ഭേദഗതി ബില്ലിനെ കേരളം എതിർത്തിരുന്നു.

Photo: Pexels

ഡിസംബർ 29 നാണ് കേന്ദ്ര ഊർജ്ജ മന്ത്രാലയം മാസംതോറും വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള ചട്ടഭേദഗതി അന്തിമമാക്കി വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. ഇത് നടപ്പിലാക്കുമ്പോൾ കേരളാ സ്റ്റേറ്റ് ഇലക്​ട്രിസിറ്റി ബോർഡിന്​ (കെ.എസ്.ഇ.ബി) മാസംതോറും വിപണിയിലെ സാഹചര്യമനുസരിച്ച് നിരക്കിൽ മാറ്റം വരുത്താനാകും. ചട്ടഭേദഗതി പ്രകാരം വൈദ്യുതി വാങ്ങുമ്പോൾ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ ഇന്ധനത്തിന്റെ വിലയിലെ വർധനവ് മൂലമുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ വിതരണക്കമ്പനികൾക്ക് സാധിക്കും. ഇന്ധന സർച്ചാർജായാണിത് ഈടാക്കുക. നിലവിൽ മൂന്നുമാസത്തിലൊരിക്കൽ സംസ്ഥാന റെഗുലേറ്ററി കമീഷൻ ജനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് അധികച്ചെലവ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചിരുന്നത്. എന്നാൽ പുതിയ ഭേദഗതി നിലവിൽ വരുന്നതോടെ റെഗുലേറ്ററി കമീഷന്റെ അനുമതിയില്ലാതെ വിതരണക്കമ്പനികൾക്ക് നേരിട്ട് വിലയിൽ മാറ്റം വരുത്താൻ സാധിക്കും. രാജ്യത്ത് ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇത്തരമൊരു കേന്ദ്രതീരുമാനം സ്വകാര്യ വൈദ്യുതി വിതരണ കമ്പനികളുടെ ലാഭം കൂടി ലക്ഷ്യമിട്ടുള്ളതാണ്. കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധതയും കോർപറേറ്റ് താൽപര്യങ്ങളും വീണ്ടും പ്രകടമാവുകയാണിവിടെ.

ഉപഭോക്താക്കൾക്ക്​ അധിക ബാധ്യത

ഇന്ധനവില വർധനവ് മാത്രമല്ല പുതിയ ചട്ടപ്രകാരം വിതരണക്കാർ അടിച്ചേൽപ്പിക്കുക. വിപണിയിലെ സാഹചര്യങ്ങൾ മൂലം കമ്പനികൾക്ക് വൈദ്യുതി വാങ്ങുമ്പോൾ ഉണ്ടായേക്കാവുന്ന എല്ലാ അധിക ചെലവും റെഗുലേറ്ററി കമീഷനെ സമീപിക്കാതെത്തന്നെ ഉപഭോക്താക്കളിൽ നിന്ന് മാസം തോറും ഈടാക്കാം. ഈ അധികച്ചെലവ് ശരാശരി ചെലവിന്റെ ഇരുപത് ശതമാനത്തിൽ അധികമായാൽ മാത്രമേ കമീഷനെ സമീപിക്കേണ്ടതുള്ളൂ. അധിക ചെലവ് അതത് സമയം ഈടാക്കിയില്ലെങ്കിൽ പിന്നീട് ഈടാക്കാനാവില്ല എന്നതിനാൽ കെ.എസ്.ഇ.ബി ഉൾപ്പെടെ എല്ലാവരും ഈ ചട്ടം അനുസരിക്കേണ്ടി വരും. റെഗുലേറ്ററി കമീഷൻ വർഷത്തിലൊരിക്കൽ ഈ കണക്കുകൾ പരിശോധിച്ച് ക്രമീകരിച്ചാൽ മതി.

ഇന്ധനവിലയിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് സർചാർജ് ഈടാക്കുമ്പോൾ വിലയിലുണ്ടാകുന്ന വർധനവ് മാത്രമല്ല, കുറവിന്റെ ആനുകൂല്യവും ഉപഭോക്താക്കൾക്ക് ലഭിക്കണം. എന്നാൽ ഇന്ത്യയിലെ നിലവിലുള്ള ഇന്ധന വിലവർധനവിന്റെ സാഹചര്യത്തിൽ വൈദ്യുതി നിരക്ക് വർധിക്കുക മാത്രമേ ചെയ്യുകയുള്ളൂ. ഇന്ധനമേഖയിലെ സ്വകാര്യവൽക്കരണം മൂലം രാജ്യത്ത് നിലനിൽക്കുന്ന അനിയന്ത്രിതമായ ഇന്ധനവില വർധനവിൽ പൊറുതിമുട്ടിയ ഒരു ജനതയ്ക്കുമേലുള്ള ഭരണകൂടത്തിന്റെ അടുത്ത പ്രഹരമാണ് വൈദ്യുതി ഭേദഗതി ബില്ലും അതിനെത്തുടർന്ന് വന്ന ഈ ചട്ടഭേദഗതിയും.

സ്വകാര്യവൽക്കരിക്കപ്പെടുന്ന വൈദ്യുതി മേഖല

2003 ലെ ഇലക്​ട്രിസിറ്റി ആക്റ്റിന് മുമ്പ്, 1910 ലെ ഇന്ത്യൻ ഇലക്​ട്രിസിറ്റി ആക്ട്, 1948 ലെ ഇലക്​ട്രിസിറ്റി ആസപ്ലൈ) ആക്ട്, 1998 ലെ ഇലക്​ട്രിസിറ്റി റെഗുലേറ്ററി കമീഷൻ ആക്ട് എന്നിവ അനുസരിച്ചായിരുന്നു ഇന്ത്യയിൽ വൈദ്യുതി മേഖല പ്രവർത്തിച്ചിരുന്നത്. രാഷ്ട്രീയ- സാമ്പത്തിക സാഹചര്യങ്ങൾ കാരണം സംസ്ഥാന വൈദ്യുതി ബോർഡുകൾക്ക് ക്രോസ് സബ്സിഡി താങ്ങാനാകാതെ വന്നപ്പോൾ സംസ്ഥാന സർക്കാരുകളെ താരിഫ് നിർണയത്തിൽ നിന്ന് അകറ്റാൻ വേണ്ടിയാണ് 1998-ൽ ഇലക്​ട്രിസിറ്റി റെഗുലേറ്ററി കമീഷൻ ആക്ട് നിലവിൽ വന്നത്. വൈദ്യുതി ഉത്പാദനം, പ്രസരണം, വിതരണം, വ്യാപാരം, ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട പഴയ നിയമങ്ങൾ ഏകീകരിക്കുക, സ്വകാര്യ മേഖലയുടെ പങ്കാളിത്തം വഴി വൈദ്യുതി മേഖലയെ കൂടുതൽ മെച്ചപ്പെടുത്തുക, അതിൽ മത്സരം പ്രോത്സാഹിപ്പിക്കുക, അതുവഴി ത്വരിത വികസനം ഉറപ്പുവരുത്തുക, ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ടതും ചെലവുകുറഞ്ഞതുമായ സേവനം ഉറപ്പുവരുത്തുക എന്നിങ്ങനെയുള്ള പ്രഖ്യാപിത ലക്ഷ്യങ്ങളാണ് 2003 ജൂൺ 2 മുതൽ പ്രാബല്യത്തിൽ വന്ന "ഇലക്​ട്രിസിറ്റി ആക്ട് 2003' ലൂടെ അന്നത്തെ വാജ്‌പേയ് സർക്കാർ മുന്നോട്ടുവെച്ചത്. എന്നാൽ ഈ ലക്ഷ്യങ്ങളൊന്നും പൂർണമായും ഫലപ്രാപ്തിയിലെത്തിയിട്ടില്ല എന്നതാണ് വൈദ്യുതി മേഖലയിലെ അനുഭവം.

Photo: KSEB FB Page

ഊർജ്ജ മേഖലയുടെ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ടാണ് 2003 ലെ വൈദ്യുതി നിയമം കേന്ദ്രസർക്കാർ നടപ്പിലാക്കിയത്. അതിന്റെ ഭാഗമായി വൈദ്യുതി ഉൽപാദന മേഖല ഡീലൈസൻസിംഗ് ചെയ്‌തെങ്കിലും അത് ഊർജ്ജ മേഖലയിലെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തിയിട്ടില്ല. ഉൽപ്പാദന മേഖല ഡീലൈസൻസ് ചെയ്തതുമൂലം ഉൽപാദന മേഖലയിൽ വൻതോതിലുള്ള സ്വകാര്യനിക്ഷേപം ഉണ്ടായെങ്കിലും ഇതിൽ ഭൂരിപക്ഷവും രാജ്യത്തെ പൊതുമേഖലാബാങ്കുകളിൽ നിന്നുള്ള വായ്പയായിരുന്നു. ഉൽപാദന ശേഷിയിലുണ്ടായ വർധനവിനനുസരിച്ച് വൈദ്യുതി ഉപഭോഗവും ഡിമാന്റും വർധിക്കാതിരുന്നതിനാൽ 40,000 മെഗാവാട്ടിലധികം താപ വൈദ്യുതി നിലയങ്ങൾ പൂട്ടിക്കിടക്കുന്ന സ്ഥിതിയാണുണ്ടായത്. വായ്പകൾ തിരിച്ചടക്കപ്പെടാതിരിക്കുകയും അതുമൂലം ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വൻതോതിൽ വർധിക്കുകയും ചെയ്തു.

യഥാർത്ഥത്തിൽ സ്വകാര്യ മൂലധന ശക്തികൾക്ക് ലാഭമുണ്ടാക്കാനുള്ള മറ്റൊരു സ്രോതസ്സായി വൈദ്യുതി മേഖലയേയും മാറ്റിയെടുക്കുക എന്നതിനപ്പുറം മറ്റു താൽപര്യങ്ങളൊന്നും ഇത്തരം നടപടികൾക്ക് ഉണ്ടായിരുന്നില്ല. അതിന്റെ തുടർച്ച മാത്രമാണ് ഇപ്പോൾ മോദി സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്ന പുതിയ പരിഷ്‌കരണങ്ങൾ.

വിതരണ മേഖലയും വിൽപ്പനയ്ക്ക്

വൈദ്യുതി വിതരണമേഖലയെ സ്വകാര്യവൽക്കരിക്കുന്ന വിവാദ വൈദ്യുതി നിയമ ഭേദഗതി ബിൽ-2022, പ്രതിപക്ഷ പാർട്ടികളുടേയും വൈദ്യുതി മേഖലയിലെ ജീവനക്കാരുടേയും കർഷക സംഘടനകളുടേയും പ്രതിഷേധത്തുടർന്ന് കേന്ദ്ര സർക്കാർ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. സ്വകാര്യവൽക്കരിക്കുന്നതിലൂടെ സംസ്ഥാന വൈദ്യുതി ബോർഡുകൾ ഈ രംഗത്തുള്ള കുത്തുക അവസാനിപ്പിക്കുകയും വൈദ്യുത വിതരണരംഗത്തെ മത്സരം വർധിപ്പിക്കുന്നതുവഴി മികച്ച സേവനം ഉറപ്പാക്കുകയുമാണ് വൈദ്യുതി നിയമഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.

വൈദ്യുതി നിയമ ഭേദഗതി ബിൽ-2022 ൽ നിന്ന്

കഴിഞ്ഞ ആഗസ്റ്റ് 8 ന് പാർലമെന്റിൽ വൈദ്യുതി നിയമ ഭേദഗതി ബിൽ അവതരിപ്പിച്ചപ്പോൾ ബി.ജെ.പി സർക്കാരിന്റെ തീരുമാനത്തിനെതിരെ വൈദ്യുതി തൊഴിലാളികൾ രാജ്യവ്യാപകമായി ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചിരുന്നു. ഭൂരിപക്ഷം സംസ്ഥാന ഗവൺമെന്റുകളുടെയും വൈദ്യുതി മേഖലയിലെ ട്രേഡ് യൂണിയനുകളുടേയും കർഷകരുടെയും എതിർപ്പുകളെ അവഗണിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ ബില്ല് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ലോക്സഭയിൽ ബിൽ അവതരണ ഘട്ടത്തിൽ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ ഓം ബിർള നിരാകരിച്ചിരുന്നു. ബില്ലവതരണത്തിനായി ഊർജമന്ത്രി ആർ.കെ. സിംഗിനെ സ്പീക്കർ ക്ഷണിച്ചപ്പോൾത്തന്നെ ഇടതുപക്ഷ എംപിമാരും കോൺഗ്രസ്, തൃണമൂൽ, ഡിഎംകെ എംപിമാരും എഴുന്നേറ്റു നിന്ന് പ്രതിഷേധിക്കുകയും നടുത്തളത്തിലിറങ്ങിയ എംപിമാർ മുദ്രാവാക്യം മുഴക്കി ബിൽ കീറിയെറിയുകയും സഭയിൽനിന്ന് ഇറങ്ങിപ്പോവുകയുമുണ്ടായി.

ആർ.കെ. സിംഗ്

വൈദ്യുതി ഭേദഗതി ബിൽ സംസ്ഥാനങ്ങളുടെ അധികാരത്തിനുനേരെയുള്ള കടന്നുകയറ്റമാണെന്നും സംസ്ഥാനങ്ങളുടെ അധികാരവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് ബില്ലിലെ വ്യവസ്ഥകളെന്നും എ.എം ആരിഫ് ചൂണ്ടിക്കാട്ടുകയുണ്ടായി. കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തുന്നതാണ് ബില്ലെന്ന് കോൺഗ്രസിലെ അധിർരഞ്ജൻ ചൗധരിയും ഡിഎംകെയുടെ ടി.ആർ. ബാലുവും ആരോപിച്ചു. ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ് ബില്ലെന്ന് തൃണമൂലിന്റെ സൗഗത റോയ് അഭിപ്രായപ്പെട്ടു. പാർലമെന്റിൽ ബിൽ അവതരിപ്പിച്ചതിനു പിന്നാലെ ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സ് നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തെ 27 ലക്ഷത്തോളം വൈദ്യുതി ജീവനക്കാർ പണിമുടക്കി. സംയുക്ത കിസാൻ മോർച്ചയടക്കമുള്ള കർഷക, ട്രേഡ് യൂണിയൻ സംഘടനകളും വൈദ്യുതി ജീവനക്കാരുടെ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി.

2021 ലെ കർഷക സമരത്തിൽ രാജ്യത്തെ കർഷകർ ഉയർത്തിയ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു വൈദ്യുതി നിയമഭേദഗതി പിൻവലിക്കുക എന്നത്. സംയുക്ത കിസാൻ മോർച്ചയുടെ ശക്തമായ സമരത്തെ തുടർന്ന് കേന്ദ്രസർക്കാർ ഭേദഗതി നടപടികളിൽ നിന്ന് പിൻമാറുകയും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി സമവായ തീരുമാനങ്ങൾക്ക് ശേഷമേ ഭേദഗതി നിർദ്ദേശങ്ങളുമായി മുന്നോട്ട് പോവുകയുള്ളൂ എന്ന് സംയുക്ത കിസാൻ മോർച്ചക്ക് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കർഷക സംഘടനകളുമായോ സംസ്ഥാന സർക്കാരുകളുമായോ വൈദ്യുതി ജീവനക്കാരുടേയും എഞ്ചിനീയർമാരുടേയും സംഘടനകളുമായോ യാതൊരു ചർച്ചയും കേന്ദ്രസർക്കാർ നടത്താതെയാണ് തികച്ചും ജനാധിപത്യവിരുദ്ധമായി വൈദ്യുതിനിയമ (ഭേദഗതി) ബിൽ 2022 പാർലമെന്റിൽ പാസാക്കാനുള്ള നീക്കം നടത്തിയത്.

കർഷക സമരത്തിൽ നിന്നും / Photo: Wikimedia Commons

ബില്ലിലെ ചില നിർദേശങ്ങളും ദോഷഫലങ്ങളും:

Photo: Pexels

പുതിയ വൈദ്യുത നിയമഭേദഗതി സ്വകാര്യ വിതരണക്കമ്പനികൾക്ക് രാജ്യത്തെവിടേയും യഥേഷ്ടം പ്രവർത്തിക്കാൻ അനുവാദം നൽകുന്നു. പുതുതായി കടന്നുവരുന്ന സ്വകാര്യ കമ്പനികൾക്ക് യാതൊരു മുതൽമുടക്കും ഇല്ലാതെ പൊതുമേഖലയിൽ പടുത്തുയർത്തിയ സൗകര്യങ്ങൾ ഉപയോഗിക്കാനും നിലവിലെ വൈദ്യുതി ലൈനുകൾ തന്നെ ഉപയോഗിക്കാനും നിയമഭേദഗതി അധികാരം നൽകുന്നു. സ്വകാര്യ സംരംഭകരുടെ യോഗ്യത നിർണയിക്കുന്നത് കേന്ദ്രസർക്കാർ ആണെന്നിരിക്കേ സംസ്ഥാന സർക്കാരുകൾക്ക് ഇക്കാര്യത്തിൽ നിയന്ത്രണം ഉണ്ടാകില്ല. ഇത് ഫെഡറൽ തത്വങ്ങൾക്കെതിരാണെന്നാണ് വിമർശനം. മാത്രമല്ല നിലവിലുള്ള വൈദ്യുതി യൂട്ടിലിറ്റിയുടെ കൈവശമുള്ള വൈദ്യുതി വാങ്ങൽക്കരാറുകളുടെ പങ്ക് പുതിയ കമ്പനികൾക്ക് ലഭിക്കുകയും ചെയ്യും. അതായത് പുതിയൊരു വൈദ്യുതിക്കമ്പനിക്ക് വൈദ്യുതി വിതരണം ആരംഭിക്കാൻ സ്വന്തമായി വൈദ്യുതിശൃംഖല നിർമ്മിക്കുകയോ വൈദ്യുതി വാങ്ങൽക്കരാർ ഉണ്ടാക്കുകയോ ഒന്നും ആവശ്യമില്ല. കമ്പനികൾക്ക് ഇഷ്ടമുള്ള ഉപഭോക്താക്കൾക്കു വൈദ്യുതി നൽകാം, നൽകാതിരിക്കാം. സ്വാഭാവികമായി നിലവിൽ ഉയർന്ന വൈദ്യുതി നിരക്ക് നൽകുന്ന ഹൈടെൻഷൻ വാണിജ്യ ഉപഭോക്താക്കളെ ആകർഷകമായ താരീഫും ഇളവുകളും നൽകി വരുതിയിലാക്കാൻ ഇതിലൂടെ സാധിക്കും. പുതിയ നിയമം ഉപഭോക്താവിനും അവർക്ക് ഇഷ്ടമുള്ള സപ്ലൈയേഴ്‌സിൽ നിന്നും വൈദ്യുതി വാങ്ങാമെന്ന സ്വാതന്ത്ര്യം നൽകുന്നു. പക്ഷേ വൻകിട ഉപഭോക്താക്കൾക്ക് വൈദ്യുതി നൽകാൻ തയ്യാറാകുന്ന സ്വകാര്യകമ്പനികൾ കുറഞ്ഞ നിരക്ക് നൽകുന്ന സാധാരണ ഉപഭോക്താക്കൾക്കും കൃഷി പോലുള്ള ആവശ്യങ്ങൾക്കും വൈദ്യുതി നൽകാൻ തയ്യാറാകില്ല. അങ്ങനെ വരുമ്പോൾ സാധാരണ ഉപഭോക്താക്കൾക്കും നാട്ടിൻപുറങ്ങളിലും കാർഷിക മേഖലയ്ക്കും വൈദ്യുതി എത്തിക്കുന്നത് പൊതുമേഖലാ സ്ഥാപനത്തിന്റെ മാത്രം ബാധ്യതയായിത്തീരും. ഇപ്പോൾ ഈ മേഖലകളിലെ താഴ്ന്ന നിരക്കുകൊണ്ടുണ്ടാകുന്ന നഷ്ടം ഹൈടെൻഷൻ വാണിജ്യ മേഖലകളിലെ ഉയർന്ന നിരക്കുകളിലുള്ള ലാഭംകൊണ്ട് നികത്തപ്പെടുകയാണ് ചെയ്യാറ്. ഈ ക്രോസ് സബ്‌സിഡി ഇല്ലാതാകുന്നതോടു കൂടി നിലവിലുള്ള വിതരണ യൂട്ടിലിറ്റികൾ (കെ.എസ്.ഇ.ബി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ) സാധാരണ ഉപഭോക്താക്കൾക്ക് നൽകിവരുന്ന സൗജന്യങ്ങളും ഇളവുകളും തുടരാൻ കഴിയാത്ത സ്ഥിതി വരും. സ്വാഭാവികമായും അവർ സാധാരണ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വലിയ തോതിൽ ഉയർത്താൻ നിർബന്ധിതമാകുകയോ അല്ലെങ്കിൽ കനത്ത സാമ്പത്തിക നഷ്ടം താങ്ങാനാകാതെ തകർച്ച നേരിടുകയോ ചെയ്യും. ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതിയുടെ വില കുത്തനെ വർധിക്കുന്നത് പൊതുജനങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതിനും കാരണമാകും.

വിജയവാഡയിൽ ബില്ലിനെതിരെ പ്രതിഷേധം നടത്തുന്ന വൈദ്യുതി മേഖലയിലെ ജീവനക്കാർ / Photo: GIRI KVS

മാത്രമല്ല, വിതരണ ലൈനുകളുടെ പരിപാലനമടക്കമുള്ള കാര്യങ്ങളിൽ പുതിയ കമ്പനികൾക്ക് യാതൊരു ചുമതലയുമുണ്ടാകില്ല. അത് നിലവിലുള്ള പോലെത്തന്നെ തുടരും. ഒരു പ്രദേശത്ത് ഒന്നിൽ കൂടുതൽ വിതരണ ലൈസൻസികൾക്ക് പ്രവർത്തനാനുമതി നൽകുന്നതാണ് സുപ്രധാന ഭേദഗതി. ഒന്നിലധികം വിതരണ കമ്പനികൾ ഒരു പ്രദേശത്ത് പ്രവർത്തിക്കുമ്പോഴും ശൃംഖലയുടെ പരിപാലനം, സാങ്കേതിക നഷ്ടം കുറയ്ക്കുക, സുരക്ഷ ഉറപ്പാക്കുക, വൈദ്യുതി ലഭ്യത ഉറപ്പാകുക തുടങ്ങിയ ഉത്തരവാദിത്വങ്ങളും പങ്കുവെക്കപ്പെടുന്നില്ല. റവന്യൂശേഷിയുള്ള വൻകിട ഉപഭോക്താക്കളെ നഷ്ടപ്പെടുന്നതിലൂടെ ദുർബലമാകുന്ന പൊതുമേഖലാ യൂട്ടിലിറ്റി തന്നെ ഇത്തരം ചുമതലകളെല്ലാം നിർവഹിക്കുകയും വേണം എന്ന സ്ഥിതിയാണ് ഉണ്ടാകുക. ഒന്നിലേറെ കമ്പനികൾ ഒരേ ശൃംഖലയിൽ പ്രവർത്തിക്കുമ്പോൾ മീറ്ററിംഗ് അടക്കമുള്ള കാര്യങ്ങളിൽ ഒട്ടേറെ മാറ്റങ്ങൾ വേണ്ടിവരും. കണക്കുകൾ തിട്ടപ്പെടുത്തുന്നതിലും മറ്റും ഉണ്ടാകാനിടയുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് ഏർപ്പെടുത്തുന്ന പുതിയ സംവിധാനങ്ങൾ മേഖലയുടെ മൊത്തം പ്രവർത്തനച്ചെലവ് വലിയ തോതിൽ വർദ്ധിപ്പിക്കും. ഇതും സാധാരണ ജനങ്ങളുടെ വൈദ്യുതി നിരക്കുകളിൽത്തന്നെയാണ് പ്രധാനമായും പ്രതിഫലിക്കുക. സ്വകാര്യ സംരംഭകർ നഗരമേഖലകളിൽ കേന്ദ്രീകരിക്കപ്പെടുന്നതോടെ ഗ്രാമീണ മേഖലകളിൽ സംസ്ഥാന വൈദ്യുതി ബോർഡുകൾ നൽകുന്ന ക്രോസ് സബ്സിഡിയെ ബാധിക്കാം എന്നതിന് പുറമെയാണിത്. ക്രോസ് സബ്‌സിഡി ബാധ്യതകൾ സ്വകാര്യകമ്പനികൾ നിർവഹിക്കാതിരിക്കുക വഴി താഴെ തട്ടിലുള്ളവരുടെ കാർഷിക - വ്യാവസായിക താരിഫ് ഉൾപ്പടെ വൈദ്യുതി ചാർജ്ജ് കുത്തനെ ഉയരുന്നത് കാർഷികമേഖലയെ പ്രതിസന്ധിയിലേക്കും രാജ്യത്തെ ഭക്ഷ്യക്ഷാമത്തിലേക്കും തള്ളിവിടും. അതായത് പുതിയ നിയമ ഭേദഗതി ബിൽ സാധാരണക്കാരുടേയും കാർഷികമേഖലയടക്കമുള്ള മുൻഗണനാ വിഭാഗങ്ങളുടേയും വൈദ്യുതി നിരക്കുകൾ വർധിപ്പിക്കുന്നതിനപ്പുറം അടിസ്ഥാന വികസനത്തിൽ നേട്ടങ്ങളൊന്നും ഉണ്ടാക്കുകയില്ല.

വൈദ്യുതി വിതരണ ശൃംഖലയുടെ സംരക്ഷണം സ്വകാര്യ മേഖലയുടെ ബാധ്യതയല്ലാത്തതിനാൽ വിതരണത്തിന്റെ കാര്യക്ഷമതയേയും ഈ നിയമം പ്രതികൂലമായി ബാധിക്കുന്നതിനിടയാക്കും. അന്തർ സംസ്ഥാന ലൈസൻസികൾക്ക് അനുമതി നൽകുന്നത് വൈദ്യുതിവിതരണത്തിൽമേലുള്ള സംസ്ഥാന സർക്കാരിന്റെ നിയന്ത്രണം ഇല്ലാതാക്കും. രാജ്യത്തെ വിതരണശൃംഖല ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വലിയ അളവിലുള്ള പ്രസരണ-വിതരണ നഷ്ടമാണ്. കുറഞ്ഞ വോൾട്ടേജ്, വിതരണ തടസ്സങ്ങൾ, ലൈനുകളുടെ ഓവർലോഡിംഗ് തുടങ്ങിയ പ്രശ്‌നങ്ങളും രൂക്ഷമാണ്. കേരളം പോലെ അപൂർവ്വം ചില സംസ്ഥാനങ്ങളിലൊഴികെ മിക്കയിടങ്ങളിലും ലോഡ് ഷെഡിംഗ് വ്യാപകമാണ്. വൈദ്യുതി ലഭിക്കാത്ത കോടിക്കണക്കിന് ജനങ്ങൾ ഇന്ത്യയിലുണ്ട്. അടിയന്തിരമായി പരിഹാരം കാണേണ്ട ഇത്തരം മൗലികപ്രശ്‌നങ്ങൾക്കൊന്നും ബദലാകുന്നില്ല കേന്ദ്രം മുന്നോട്ടുവെച്ച ഈ വൈദ്യുതി നിയമഭേദഗതി ബിൽ. ഈ പ്രശ്‌നങ്ങളൊന്നും ഭേദഗതി ചർച്ച ചെയ്യുന്നുപോലുമില്ല. വിതരണ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പിക്കൽ മാത്രമാണ് ഭേദഗതിയിൽ ഊന്നൽ നൽകിയിരിക്കുന്നത്. അതായത് വൈദ്യുതി മേഖല ഇന്നു നേരിടുന്ന ഒരു പ്രശ്‌നത്തിനും നിയമഭേദഗതി പരിഹാരം നിർദ്ദേശിക്കുന്നില്ല. ഈ നിയമഭേദഗതി ഗുണപരമമായ എന്തെങ്കിലും മാറ്റം വൈദ്യുതി മേഖലയിൽ കൊണ്ടുവരുമെന്ന് കരുതാനാകില്ല.

കേരളത്തിലും കനത്ത പ്രത്യാഘാതം

കേരളത്തിലെ വൈദ്യുതി മേഖലയിലും പുതിയ വൈദ്യുത നിയമഭേദഗതി ബിൽ കനത്ത പ്രത്യാഘാതമാണ് സൃഷ്ടിക്കാൻ പോകുന്നത്. ഇന്ത്യയിൽ കേരളത്തിന് പുറത്ത് നിന്നുമുള്ള സപ്ലൈയർ കമ്പനികൾക്കും കേരളത്തിലെ വൻകിട കമ്പനികൾ, മാളുകൾ തുടങ്ങിയവരുമായി കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാവുന്ന കരാറുണ്ടാക്കാം. കേരളത്തിൽ ജലവൈദ്യുത പദ്ധതിയിലൂടെയെല്ലാം ഉൽപ്പാദിപ്പിക്കുന്ന ചെലവു കുറഞ്ഞ വൈദ്യുതി ഈ കമ്പനികളുമായി പങ്കുവയ്‌ക്കേണ്ടി വരും. കെ.എസ്.ഇ.ബിക്ക് അവശേഷിക്കുക കർഷകരുടെയും വീടുകളുടെയും കണക്ഷനുകൾ മാത്രമായിരിക്കും.
ഹൈടെൻഷൻ വാണിജ്യ കണക്ഷനുകളിൽ നിന്നുള്ള ഉയർന്ന നിരക്കിൽ നിന്നുള്ള ലാഭം ഉപയോഗിച്ച് സാധാരണക്കാർക്ക് സബ്‌സിഡൈസ് നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്നതിന് കഴിയാതെ വരും. അതിന്റെ നഷ്ടം മുഴുവൻ നികത്തിക്കൊടുക്കാൻ സംസ്ഥാന സർക്കാരിന്റെ കൈവശവും പണമുണ്ടാവില്ല. സ്വാഭാവികമായും നിരക്കുകൾ വർധിപ്പിക്കേണ്ടിവരും. വൈദ്യുതി നിയമഭേദഗതി ബില്ലും ഒപ്പം ചട്ടഭേദഗതിയും നടപ്പിലാക്കുന്നതുവഴി ഉണ്ടാകാനിടയുള്ള ജനരോഷം മുഴുവൻ പൊതുമേഖലാ സ്ഥാപനം നേരിടേണ്ടി വരുമ്പോൾ ഒരു മുതൽമുടക്കും ഇല്ലാതെ സ്വകാര്യ വിതരണ കമ്പനികൾ ലാഭം കൊയ്യും.

കർഷകർക്കും സാധാരണക്കാർക്കും വൈദ്യുതി അപ്രാപ്യമാക്കുന്നതാണ് വൈദ്യുതി ഭേദഗതി ബില്ലെന്നും ഈ നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്നും കേരളാ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടിരിന്നു. കഴിഞ്ഞ വർഷം അഭിപ്രായത്തിനായി കരട് ബിൽ സംസ്ഥാന സർക്കാരിന് ലഭിച്ചപ്പോൾ, സർക്കാരിന്റെ ശക്തമായ വിയോജിപ്പും അഭിപ്രായങ്ങളും കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിരുന്നു.

ഇപ്പോൾ കേന്ദ്രസർക്കാർ അംഗീകാരം നൽകിയ മാസം തോറും നിരക്ക് വർധിപ്പിക്കാൻ വിതരണക്കാരെ അനുവദിക്കുന്ന ചട്ടഭേദഗതി നടപ്പിലാക്കിയാൽ ഇന്ധനവിലയിൽ വരുന്ന വർധനവിനനുസരിച്ച് ഇലക്ട്രിസിറ്റി നിരക്കും വർധിക്കുമെന്നും മുമ്പ് റെഗുലേറ്ററി കമ്മീഷൻ പരിശോധിച്ചതിന് ശേഷം മാത്രം നിരക്കിൽ വർധനവ് വരുത്തണോ വേണ്ടയോ എന്ന് തീരുമാനിച്ചിരുന്നത് പരിശോധനയില്ലാതെ വർധിപ്പിക്കാൻ കഴിയുന്ന ഒരു അവസ്ഥയിലേക്ക് എത്തുമെന്നും ഇത് രാജ്യവ്യാപകമായി ഉണ്ടാക്കുന്ന പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കും എന്നും കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി സുരേഷ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

കെ.എസ്.ഇ.ബി ഹെഡ്കോട്ടേഴ്സ്, തിരുവനന്തപുരം / Photo: Wikipedia

അതേ സമയം, മാസം തോറും നിരക്ക് വർധിപ്പിക്കാൻ വിതരണക്കാരെ അനുവദിക്കുന്ന ചട്ടഭേദഗതി കെ.എസ്.ഇ.ബിക്ക് ഗുണകരമായ ഒന്നായും കാണാമെന്ന് എം.ജി സുരേഷ് പറഞ്ഞു: "കെഎസ്.ഇ.ബിയെ മാത്രമായി പരിഗണിക്കുകയാണെങ്കിൽ കെഎസ്.ഇ.ബി പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിക്ക് അഡിഷണലായി കൊടുക്കേണ്ടി വരുന്ന വില അതത് മാസം തന്നെ പിരിച്ചെടുക്കാനാകും. അത് കെഎസ്.ഇ.ബിയെ സംബന്ധിച്ച്​ഗുണകരമാണ്. കെ.എസ്.ഇ.ബിക്ക് കൊടുക്കേണ്ടി വരുന്ന തുക ഉപഭോക്താക്കളുടെ അടുത്ത് നിന്നുതന്നെ അതാതു മാസം പിരിച്ചെടുക്കാൻ കഴിയുന്നു എന്നത് റെഗുലേറ്ററി കമ്മീഷന്റെ പരിശോധനയൊക്കെ കഴിഞ്ഞ് പിരിച്ചെടുക്കുന്നതിനേക്കാളും ഗുണകരമായിരിക്കും. അപ്പോൾ യൂട്ടിലിറ്റി എന്ന നിലക്ക് മാത്രം പരിശോധിച്ചാൽ കെ.എസ്.ഇ.ബിക്ക് ഗുണകരമായ ഒരു ചട്ടഭേദഗതിയാണിത്.'

ഡി- ലൈസെൻസിംഗ് വിതരണ മേഖലയ്ക്ക് ഗുണകരമാകുമോ?

വൈദ്യുത നിയമഭേദഗതിയിലെ ഏറ്റവും പ്രധാന നിർദേശങ്ങളിൽ ഒന്നാണ് വിതരണമേഖലയുടെ ഡീലൈസൻസിംഗ്. ബന്ധപ്പെട്ട റെഗുലേറ്ററി കമ്മീഷനിൽ രജിസ്റ്റർ ചെയ്യുന്ന ഏത് കമ്പനിക്കും യാതൊരു ലൈസൻസുമില്ലാതെ രാജ്യത്തിന്റെ ഏതൊരു പ്രദേശത്തിന്റെയും വിതരണ കമ്പനിയായി പ്രവർത്തിക്കാമെന്ന് നിയമഭേദഗതി വ്യവസ്ഥചെയ്യുന്നു. ഒരു പ്രദേശത്ത് ഒന്നിലധികം കമ്പനികൾക്ക് വൈദ്യുതി വിതരണം നടത്തുവാനും പുതുക്കിയ ഭേദഗതി അനുവദിക്കുന്നു. വൈദ്യുതി വിതരണക്കമ്പനികൾ മത്സരിച്ച് ഉപഭോക്താക്കളെ തേടുന്നതോടെ വൈദ്യുതി നിരക്കുകൾ കുറയുമെന്നും വൈദ്യുതി ഗുണമേൻമ വർധിക്കുമെന്നുമാണ് ഭേദഗതിക്കനുകൂലമായി കേന്ദ്രം ഉയർത്തുന്ന വാദം. എന്നാൽ വിതരണ മേഖലയിൽ പുതിയ ഓപ്പറേറ്റർമാർ കടന്നുവരുന്നതിലൂടെ പ്രവർത്തനച്ചെലവുകൾ കൂടി ഉപഭോക്താക്കളുടെ അധികബാധ്യതയാകും. വൈദ്യുതി ശൃംഖലയുടെ പരിപാലനമോ നടത്തിപ്പോ ഭേദഗതിയുടെ ഭാഗമായി ഒരു മാറ്റത്തിനും വിധേയമാകുന്നില്ല എന്നതിനാൽ വൈദ്യുതി ഗുണമേന്മയിൽ വ്യത്യാസമൊന്നും വരുകയുമില്ല. അതായത് ഉപഭോക്താക്കളുടെ സാമ്പത്തിക ഭാരം വർധിക്കുന്നതിനപ്പുറം ഡീലൈസൻസിംഗ് വൈദ്യുതി വിതരണ മേഖലയിൽ ഗുണകരമായ മാറ്റമൊന്നും വരുത്താനിടയില്ല.

മുൻപ് വൈദ്യുതി ഉദ്പാദന മേഖല ഡീലൈസൻസ് ചെയ്തതും വൈദ്യുതി വിപണനം എന്ന പുതിയൊരു പ്രവർത്തന മേഖല നിയമപരമായി സ്ഥാപിതമായതും 2003 ലെ വൈദ്യുതി നിയമത്തിന്റെ ഭാഗമായാണ്. മാത്രമല്ല, സംസ്ഥാന വൈദ്യുതി ബോർഡുകൾ പിരിച്ചുവിടുകയും വിഭജിച്ച് കമ്പനികളാക്കി മാറ്റാനും നിയമത്തിന്റെ ഭാഗമായി വ്യവസ്ഥ ചെയ്യപ്പെട്ടിരുന്നു. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സംസ്ഥാന വൈദ്യുതി ബോർഡുകൾ ഉദ്പാദനം, പ്രസരണം, വിതരണം എന്നിവയ്ക്കായി പ്രത്യേകം മൂന്നു കമ്പനികളായി വിഭജിക്കപ്പെട്ടെങ്കിലും കേരളത്തിൽ നിയമത്തിലെ ചില പഴുതുകൾ ഉപയോഗിച്ച് കേരള സ്റ്റേറ്റ് ഇലക്​ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (കെ.എസ്.ഇ.ബി) എന്ന ഏക കമ്പനിയായി തുടരുകയായിരുന്നു.

2003 ആക്ടിന്റെ ഭാഗമായി ഉദ്പാദന മേഖല ഡീലൈസൻസ് ചെയ്യപ്പെട്ടതോടെ വൻതോതിലാണ് സ്വകാര്യ വൈദ്യുതി ഉദ്പാദകക്കമ്പനികൾ രംഗത്തു വന്നത്. സ്വകാര്യ വൈദ്യുതി ഉൽപ്പാദക കമ്പനികൾക്കു വലിയ തോതിൽ പൊതുമേഖലാ ബാങ്കുകളിൽ നിന്നു വായ്പയും കൊടുത്തു. ഇറക്കുമതി സാങ്കേതിക വിദ്യയും ഇറക്കുമതി ചെയ്ത കൽക്കരിയുമുപയോഗിച്ചുള്ള വൈദ്യുതി ഉദ്പാദനം വൈദ്യുതി വിലയിലും പ്രതിഫലിച്ചു. വൈദ്യുതി വിതരണക്കമ്പനികൾ ഉൽപാദനകമ്പനികൾക്ക് വലിയ തോതിൽ കുടിശ്ശിക വരുത്തുന്ന സ്ഥിതിയുണ്ടായി. പൊതുമേഖലാ ബാങ്കുകൾ ഉദ്പാദകക്കമ്പനികൾക്ക് നൽകിയ വായ്പയൊക്കെ കിട്ടാക്കടമായി മാറുകയും ഒപ്പം പവർ പർച്ചേസ് കരാറുകൾ സംസ്ഥാനങ്ങൾക്ക് വലിയ ബാദ്ധ്യതയായി മാറുകയും ചെയ്തു.

യു.പിയിലും യു.കെയിലും പരാജയപ്പെട്ട നയം

ബി.ജെ.പി അധികാരത്തിലുള്ള ഉത്തർപ്രദേശിൽ വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരിക്കാനുള്ള നീക്കം പരാജയപ്പെട്ടിരുന്നു. യു.പിയിൽ പൊതുമേഖലയിലെ അഞ്ച് വൈദ്യുതി വിതരണ കമ്പനികളിൽ ഒന്നായ പൂർവാഞ്ചൽ വിദ്യുത് വിതരൺ നിഗം ലിമിറ്റഡിനെ സ്വകാര്യവൽക്കരിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പുരും ഉൾപ്പെടുന്ന കിഴക്കൻ യു.പിയിലെ വൈദ്യുതി വിതരണമായിരുന്നു ഈ കമ്പനി നിർവഹിച്ചിരുന്നത്. വൈദ്യുതിവിതരണം കൂടുതൽ ആധുനീകരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമാണ് സ്വകാര്യവൽക്കരണമെന്നാണ് യോഗി സർക്കാർ വാദിച്ചിരുന്നത്. എന്നാൽ, വൈദ്യുതി ജീവനക്കാർ പണിമുടക്കിയതോടെ നീക്കത്തിൽനിന്ന് സർക്കാരിന് പിൻവാങ്ങേണ്ടി വന്നു.

പൊതുമേഖലയിലുള്ള കാൺപുർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയാണ് കാൺപുർ നഗരത്തിൽ വൈദ്യുതിവിതരണം നടത്തിയിരുന്നത്. ലാഭത്തിലുള്ള ഈ കമ്പനി 2009 ൽ സ്വകാര്യവൽക്കരിക്കാൻ നീക്കമുണ്ടായി. ബില്ലിങ്ങിന്റെയും കണക്ഷന്റെയും ഉത്തരവാദിത്വം ടൊറൻറ്​ പവർ എന്ന സ്വകാര്യ കമ്പനിക്ക് കൈമാറാനായിരുന്നു ശ്രമം. ഇവിടെയും ജീവനക്കാരുടെ ചെറുത്തുനിൽപ്പിനെത്തുടർന്ന് നീക്കം പാളി. യു.പിയിൽ ആഗ്രയിൽ മാത്രമാണ് നിലവിൽ വൈദ്യുതി വിതരണം സ്വകാര്യമേഖല നിയന്ത്രിക്കുന്നത്. ടൊറൻറ്​ കമ്പനിക്കാണ് ആഗ്രയിലെ വൈദ്യുതി വിതരണത്തിന്റെ ചുമതല. കേന്ദ്രം ഇപ്പോൾ കൊണ്ടുവരുന്ന വൈദ്യുതി ഭേദഗതി ബില്ലിനെതിരായും ശക്തമായ എതിർപ്പാണ് യു.പിയിലെ വൈദ്യുതി ജീവനക്കാർ ഉയർത്തുന്നത്.

പൂർവാഞ്ചൽ വിദ്യുത് വിതരൺ നിഗം ലിമിറ്റഡിന്റെ ആസ്ഥാനം / Photo: Puvvani Varanasi FB Page

സ്വകാര്യവൽക്കരണം നടപ്പാക്കിയ ഇന്ത്യൻ നഗരങ്ങളായ ബീഹാറിലെ ഗയ, സമസ്തിപൂർ, ഭാഗൽപ്പൂർ, ഉത്തർപ്രദേശിലെ കാൺപൂർ, മധ്യപ്രദേശിലെ ഗ്വാളിയോർ, സാഗർ, ഉജ്ജയിൻ, മഹാരാഷ്ട്രയിലെ ഔറംഗാബാദ്, ജലഗാവ്, ഝാർഖണ്ഡിലെ റാഞ്ചി, ജാംഷഡ്പൂർ എന്നിവിടങ്ങളിലെല്ലാം അത് പരാജയപ്പെട്ടിട്ടുണ്ട്. അവിടെയെല്ലാം സംസ്ഥാന റെഗുലേറ്ററി കമ്മീഷനുകൾ സ്വകാര്യ ഏജൻസികളെ റദ്ദാക്കാൻ നിർബന്ധിതരാകുകയാണുണ്ടായത്.
വൈദ്യുതി വിതരണമേഖല സ്വകാര്യവത്കരിച്ച യു.കെയിലും അത് കനത്ത പരാജയമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരം തെറ്റായ നയങ്ങളുടെ ഫലമായി സാധാരണക്കാരായ ഉപഭോക്താക്കൾക്ക് 2.6 ബില്യൺ പൗണ്ടിൽ അധികം വൈദ്യുത നിരക്കായി നൽകേണ്ടി വന്നു എന്ന് ഓഡിറ്റേഴ്സിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിൽ നിന്നൊന്നും പാഠം ഉൾക്കൊള്ളാതെയാണ് കേന്ദ്ര സർക്കാർ വൈദ്യുതി വിതരണമേഖല സ്വകാര്യവത്കരിക്കാൻ ശ്രമിക്കുന്നത്.

പൊതുമേഖലകളെ വിൽപ്പനയ്ക്ക് വെയ്ക്കുന്ന ഭരണകൂടം

The Government has "no business to be in business'എന്ന് പറഞ്ഞ്​ പൊതുമേഖലാ സ്ഥാപനങ്ങളെ 100% വും സ്വകാര്യവൽക്കരിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2021 ൽ പ്രഖ്യാപിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് 2.5 ലക്ഷം കോടി രൂപ സമാഹരിക്കും എന്നായിരുന്നു പ്രഖ്യാപനം.

"Monetize or modernise' എന്നതാണ് തന്റെ സർക്കാറിന്റെ പ്രവർത്തന മന്ത്രമെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്വകാര്യവൽക്കരണത്തിനാണ് മോദി അധികാരത്തിലെത്തിയ ശേഷം രാജ്യം സാക്ഷ്യം വഹിച്ചിട്ടുള്ളത്. കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന കേന്ദ്രസർക്കാരിനെ താങ്ങിനിർത്താൻ പൊതുമേഖലയുടെ സ്വകാര്യവൽക്കരണം സഹായിക്കുമെന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്. എന്നാൽ ഇതുവരെ വിറ്റഴിച്ചതെല്ലാം രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കി എന്നതാണ് യാഥാർഥ്യം.

നരേന്ദ്ര മോദി

വൈദ്യുതി മേഖലയെ പൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള ബി.ജെ.പി സർക്കാരിന്റെ ശ്രമങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 2014 ൽ മോദി സർക്കാർ അധികാരത്തിലേറിയ നാൾ മുതൽതന്നെ വൈദ്യുതി വിതരണ മേഖലയെ സ്വകാര്യ കമ്പനികൾക്ക് തീറെഴുതി കൊടുക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. അന്ന് എതിർപ്പുകളെത്തുടർന്ന് നടപ്പിലാക്കാൻ കഴിയാതെപോയതാണ് ഇപ്പോൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്.
ടെലികോം മേഖലയിലേതു പോലെ സ്വകാര്യ കമ്പനികൾക്ക് മത്സരം നടത്താനുള്ള വേദിയായി വൈദ്യുതി മേഖലയെ മാറ്റുമെന്നും അത് വൈദ്യുതി മേഖലയുടെ നിലവാരം ഉയർത്തുമെന്നുമാണ് മോദി സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ യാതൊരു നിക്ഷേപവും നടത്താതെ പൊതുമുതൽകൊണ്ട് സ്ഥാപിച്ച വൈദ്യുതി വിതരണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി മത്സരിച്ച് വൈദ്യുതിവില വർധിപ്പിച്ച് ലാഭം കൊയ്യാൻ സ്വകാര്യ കമ്പനികളെ സഹായിക്കുക മാത്രമാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. അദാനി ഗ്രൂപ്പ്, ടാറ്റാ പവർ, റിലയൻസ് പവർ, ജെ.എസ്.ഡെബ്ല്യൂ തുടങ്ങിയ സ്വകാര്യ കുത്തക കമ്പനികൾ തന്നെയാകും വൈദ്യുതി വിതരണ മേഖലയും കൈയ്യടക്കാൻ പോകുന്നത്.

പൊതുജനവിരുദ്ധവും തൊഴിലാളി വിരുദ്ധവും കർഷകവിരുദ്ധവുമായ ഇത്തരം നയങ്ങൾ കേന്ദ്ര സർക്കാർ ഇനിയും നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. വൈദ്യുതി ഭേദഗതി ബിൽ ഒരു തുടർച്ചമാത്രമാണ്. അതേ സമയം വൈദ്യുതി മേഖലയിലെ സ്വകാര്യവത്ക്കരണത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഉപഭോക്താക്കൾ വേണ്ടത്ര ബോധവാന്മാരല്ല. നിരക്കിലുണ്ടാവുന്ന വിലവർധനവിന് പിന്നിലെ കാരണത്തെക്കുറിച്ച് അഥവാ സ്വകാര്യവത്ക്കരണത്തെക്കുറിച്ച് ഉപഭോക്താക്കൾ തിരിച്ചറിയേണ്ടതുണ്ട്. അല്ലാത്തപക്ഷം സംസ്ഥാന സർക്കാരുകൾക്കായിരിക്കും ജനങ്ങളിൽ നിന്ന് പഴി കേൾക്കേണ്ടിവരുന്നത്.

Comments