സൈബർ സെൻസർഷിപ്പ്​: പൂട്ട്​ വീണത്​ 55,580 കണ്ടന്റുകൾക്ക്‌

2015- 2022 കാലത്ത്​ രാജ്യത്ത്​ ബ്ലോക്ക് ചെയ്യപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്​​ഫോമുകളുടെ കണക്ക്​, സൈബർ സെൻസർഷിപ്പിനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങളുടെ സാക്ഷ്യപത്രം കൂടിയാണ്​. ഈ എട്ടു വർഷങ്ങളിൽ ഇന്ത്യയിൽ ബ്ലോക്കു ചെയ്യപ്പെട്ട വെബ്‌സൈറ്റുകൾ, URL -കൾ, ആപ്ലിക്കേഷനുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയുടെ ആകെ എണ്ണം 55,580 ആണ്​.

രണഘടനാപരമായ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനും മാധ്യമങ്ങളെ കൂച്ചുവിലങ്ങിടുന്നതിനും അതിലൂടെ അപ്രഖ്യാപിതമായ ​സൈബർ അടിയന്തരാവസ്​ഥ കൊണ്ടുവരുന്നതിനും ഇന്ത്യൻ ഐ.ടി. ആക്​റ്റിലെ വ്യവസ്​ഥകൾ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന അന്വേഷണത്തിലാണ്​ കേന്ദ്ര സർക്കാർ. 2015- 2022 കാലത്ത്​ രാജ്യത്ത്​ ബ്ലോക്ക് ചെയ്യപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്​​ഫോമുകളുടെ കണക്ക്​, കേന്ദ്ര സർക്കാർ നീക്കങ്ങളുടെ സാക്ഷ്യപത്രം കൂടിയാണ്​. ഈ എട്ടു വർഷങ്ങളിൽ ഇന്ത്യയിൽ ബ്ലോക്കു ചെയ്യപ്പെട്ട വെബ്‌സൈറ്റുകൾ, URL -കൾ, ആപ്ലിക്കേഷനുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയുടെ ആകെ എണ്ണം 55,580 മാണെന്ന് വെബ്‌സൈറ്റ് ബ്ലോക്കിംഗിനെ പറ്റിയുള്ള "Finding 404' റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ ഐ.ടി. ആക്ട് പ്രകാരം ബ്ലോക്ക് ചെയ്യപ്പെട്ടവയും MEITY(Ministry of Electronics and Information Technology) യോ MIB (Ministry of Information and Broadcasting) യോ നേരിട്ട് ബ്ലോക്ക് ചെയ്തവയുമാണ് ഇവയിലേറെയും. ഐ.ടി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരം ബ്ലോക്ക് ചെയ്ത വെബ്സൈറ്റുകളുടെ എണ്ണം 26,447 ആണ്, ഇത് മൊത്തം ബ്ലോക്ക് ചെയ്ത വെബ്സൈറ്റുകളുടെ 47.5 ശതമാനം വരും. 26,352 വെബ്സൈറ്റുകൾ MEITY തടയുകയും 94 എണ്ണം MIB ബ്ലോക്ക് ചെയ്യുകയും ചെയ്തു. 1957 ലെ കോപ്പിറൈറ്റ് ആക്ട് പ്രകാരം പകർപ്പവകാശ ലംഘനത്തിന് കോടതികൾ ബ്ലോക്കുചെയ്യാൻ ഉത്തരവിട്ട വെബ്സൈറ്റുകളുടെ എണ്ണം 26,024 ആണ്. ബ്ലോക്ക് ചെയ്യപ്പെട്ട മൊത്തം വെബ്സൈറ്റുകളുടെ 46.8 ശതമാനമാണിത്.

കുതിക്കുന്ന സെൻസർഷിപ്പ്​

ഇന്റർനെറ്റ് ഉപയോഗവും അതിന്റെ സാധ്യതകളും വലിയ തോതിൽ വർധിച്ചുകൊണ്ടേയിരിക്കുന്നു. ആശയവിനിമയത്തിലും ആവിഷ്‌കാരത്തിലും ഇത്ര സ്വാധീനം ചെലുത്തുന്ന മറ്റൊരു പ്ലാറ്റ്ഫോമും ഉണ്ടാകില്ല. അത്രയേറെ മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട് ഇന്റർനെറ്റ് ഉപയോഗം. മനുഷ്യന്റെ ആവിഷ്‌കാരത്തിനുള്ള അനന്തസാധ്യതകൾ തുറന്നിടുന്നതിനോടൊപ്പം ലോകത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിനും ഇന്റർനെറ്റിന്റെ വികാസം കാരണമായിട്ടുണ്ട്. ലോകത്ത് ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ചൈനക്ക് പിറകിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോഗത്തോടൊപ്പം സൈബർ ഇടത്തിലെ സെൻസർഷിപ്പിലും വർധനവുണ്ടായിട്ടുണ്ട്. ഇൻറർനെറ്റ് വിനിയോഗത്തിലുണ്ടായ ഈ കുതിപ്പ്​, ജനാധിപത്യപരമായ അതിന്റെ പങ്കാളിത്തത്തെയും സജീവമാക്കിയിട്ടുണ്ട്​. വലതുപക്ഷ- സ്വേച്​ഛാധിപത്യ ഭരണകൂട നയങ്ങൾക്കെതിരെ ഇന്ന്​ കടുത്ത വിമർശനങ്ങളും വിയോജിപ്പും മുന്നോട്ടുവക്കുകയും വിദ്വേഷപ്രചാരണങ്ങളെ വസ്​തുതകൾ മുന്നോട്ടുവച്ച്​ പ്രതിരോധിക്കുകയും ചെയ്യുന്ന ശക്തമായ മാധ്യമം കൂടിയായി ഇത്തരം പ്ലാറ്റ്​ഫോമുകൾ വികസിച്ചുവന്നിട്ടുണ്ട്​. ഇതുതന്നെയാണ്​, ഭരണകൂടങ്ങളെ വിറളി പിടിപ്പിക്കുന്നതും.

വ്യാജവാർത്തകൾ നീക്കം ചെയ്യുന്നതിനും വർഗീയ ഉള്ളടക്കം തടയുന്നതിനും സൈബർ ഇടത്തിലെ സെൻസർഷിപ്പിലൂടെ സാധിക്കുമെങ്കിലും ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ മോദി സർക്കാർ കൊണ്ടുവന്ന 2021 ലെ ഐ.ടി ചട്ടങ്ങളും പുതിയ ഐ.ടി നിയമഭേദഗതിയും പൗരരുടെ ആവിഷ്‌കാര-അഭിപ്രായ സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്നവയാണ്​. ഗുജറാത്ത് വംശഹത്യയിൽ, അന്നത്തെ മുഖ്യമന്ത്രിയെന്ന നിലയിൽ നരേന്ദ്രമോദിയുടെ പങ്ക് പരിശോധിക്കുന്ന ബി.ബി.സി ഡോക്യുമെന്ററിക്ക്​ കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയത്​, രാജ്യസുരക്ഷയുടെ മറവിൽ ഐ.ടി ഭേദഗതി നിയമം ആധാരമാക്കിയാണ്. ഇന്ത്യൻ ഐ.ടി നിയമത്തിലെ "പ്രത്യേക എമർജൻസി അധികാര'വും ഐ.ടി ആക്റ്റ് 69 എ യും ഉപയോഗിച്ച് കേന്ദ്ര വാർത്താ വിതരണ- പ്രക്ഷേപ വകുപ്പ് സെക്രട്ടറിയാണ് നിരോധന ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഈ ചട്ട പ്രകാരം സാമൂഹികമാധ്യമങ്ങൾ പോലുള്ള ഇന്റർമീഡിയറികൾ സർക്കാർ ആവശ്യപ്പെടുന്ന ഉള്ളടക്കം എടുത്തുകളയാൻ ബാധ്യസ്ഥരാണ്.

ബി.ബി.സി ഡോക്യുമെന്ററി സമൂഹമാധ്യമങ്ങളിൽ വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മാധ്യമപ്രവർത്തകൻ എൻ. റാം, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്​ത്ര, അഭിഭാഷകൻ എം.എൽ. ശർമ എന്നിവർ നൽകിയ ഹർജിയിൽ ഫെബ്രുവരി മൂന്നിന് സുപ്രീംകോടതി വാദം കേൾക്കുകയാണ്. മാധ്യമങ്ങൾ അടക്കമുള്ള എല്ലാ പൗരർക്കും അഭിപ്രായ സ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിന്റെ അടിസ്ഥാനത്തിൽ ഈ ഡോക്യുമെന്ററിയുടെ ഉള്ളടക്കം കാണാനും അഭിപ്രായ രൂപീകരണം നടത്താനും അതിനെ വിമർശിക്കാനും റിപ്പോർട്ടു ചെയ്യാനുമൊക്കെ സ്വാതന്ത്ര്യമുണ്ട് എന്നാണ് ഹർജിക്കാരുടെ വാദം.

ബി.ബി.സി ഡോക്യുമെന്ററിയിൽ നിന്ന്‌
ബി.ബി.സി ഡോക്യുമെന്ററിയിൽ നിന്ന്‌

വെബ്‌സൈറ്റുകൾ തടയുന്നതിന്​ മറ്റൊരു പ്രധാന കാരണമായി പറയുന്നത് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ, അശ്ലീലത എന്നിവ പ്രചരിപ്പിച്ചതാണ്. 2015 മുതൽ 2022 വരെയുള്ള കാലയളവിൽ 1,065 വെബ്സൈറ്റുകളാണ് ഇത്തരത്തിൽ ബ്ലോക്ക് ചെയ്തത്.

എന്നാൽ, സാമൂഹിക വിരുദ്ധവും വർഗീയപരവുമായ ഉള്ളടക്കങ്ങൾ ഒഴിവാക്കുന്നതിനും തടയുന്നതിനും ഉപയോഗിക്കേണ്ട ഈ ഭേദഗതി, സർക്കാർ തങ്ങൾക്കെതിരെ വരുന്ന വിമർശനം എടുത്തുകളയാനും മറയ്ക്കാനുമാണ് ഉപയോഗിക്കുന്നത്. 2022 ൽ ഐ.ടി ചട്ട ഭേദഗതിയിൽ പുതുതായി ഉൾപ്പെടുത്തിയ കരടുവ്യവസ്ഥ പ്രകാരം ഒരു വാർത്ത വ്യാജമോ സത്യമോ എന്നത് തീരുമാനിക്കുക, സർക്കാർ വകുപ്പായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) ആയിരിക്കും. അതായത്, ഒരു വാർത്ത വ്യാജമാണോ അല്ലേ എന്ന്​ സർക്കാർ തന്നെ തീരുമാനിക്കുന്ന അവസ്​ഥ. തങ്ങൾക്കെതിരായ വിമർശനങ്ങളെ എളുപ്പം നിരോധിക്കാൻ സർക്കാറിന്​ ഇത്​ സഹായകമാകും.
പി.ഐ.ബി ഫാക്​റ്റ്​ ചെക്ക്​ യൂണിറ്റിന്റെ പരിശോധനകളുടെ അടിസ്​ഥാനത്തിൽ ഈയിടെ കേന്ദ്ര സർക്കാർ, ആറ് യുറ്റ്യൂബ്​ ചാനലുകൾക്കെതിരെ നടപടിയെടുത്തിരുന്നു. നാഷൻ ടി.വി., സംവാദ് ടി.വി., സരോകർ ഭാരത്, നാഷൻ 24, സ്വർണീം ഭാരത്, സംവാദ് സമാചാർ എന്നീ ചാനലുകൾക്കെതിരെ യായിരുന്നു നടപടി. വ്യാജ വാർത്ത പ്രചരിപ്പിച്ചു എന്നായിരുന്നു ഇവക്കെതിരായ ആരോപണം.

Photo: Unsplash
Photo: Unsplash

യു.എൻ ആശങ്ക

ഇന്ത്യയിലെ പുതിയ ഐ.ടി ചട്ടങ്ങളിൽ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പുതിയ നിയമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസമാണെന്ന് ചൂണ്ടിക്കാട്ടി യു.എന്നിൽ നിന്നുള്ള പ്രത്യേക പ്രതിനിധി കേന്ദ്രത്തിന് കത്തയക്കുകയുമുണ്ടായി. പുതിയ ഐ.ടി നിയമം അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്നും പുനഃപരിശോധിക്കണമെന്നും യു.എൻ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ പുതിയ ഐ.ടി ചട്ടങ്ങൾ പ്രകാരം നിയമവിരുദ്ധമായ പോസ്റ്റുകൾ മാത്രമല്ല, വസ്​തുനിഷ്​ഠമായ പോസ്റ്റുകൾ പോലും നീക്കാൻ സാധിക്കും. അത്തരം വ്യവസ്ഥകൾ ഉൾപ്പെടുന്നതാണ് പുതിയ ഐ.ടി ചട്ടങ്ങൾ.

സാങ്കേതിക മേഖലയുടെ നവീകരണത്തിന്റെ കാര്യത്തിൽ ആഗോള തലത്തിൽ തന്നെ മുൻപന്തിയിലുള്ള രാജ്യമെന്ന നിലയിൽ, ഡിജിറ്റൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള കൃത്യമായ നിയമനിർമാണം നടത്താനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്നും എന്നാൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഐ.ടി നിയമം വിപരീതഫലമാണുണ്ടാക്കുകയെന്നും യു.എൻ അഭിപ്രായപ്പെട്ടിരുന്നു. യു. എന്നിന്റെ ആശങ്ക ശരിവെക്കുന്നതാണ് "Finding 404' ലെ കണക്കുകൾ. മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ഐ.ടി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരം ബ്ലോക്ക് ചെയ്ത വെബ്സൈറ്റുകളുടെ എണ്ണം മൊത്തം കണക്കെടുത്താൽ പകുതിയോളം വരും.

ഭരണഘടനയിലെ ആർട്ടിക്കിൾ 19 (1) എ അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിൽ "വിവരം സ്വീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം' കൂടി ഉൾപ്പെടുന്നതാണ്. എന്നാൽ ഇന്ത്യയിൽ പുതിയ നിയമങ്ങളും നിയമഭേദഗതികളും പാസാക്കി സെൻസർഷിപ്പ് ശക്തമാക്കി അത് ഭരണകൂട താൽപര്യങ്ങൾക്കനുസൃതമായി വിനിയോഗിക്കപ്പെടുമ്പോൾ പൗരരുടെ മൗലികാവകാശ ലംഘനമാണ് യഥാർഥത്തിൽ സംഭവിക്കുന്നത്. രാജ്യസുരക്ഷയുടെ മറവിൽ സത്യം അറിയാനുള്ള അവകാശവും പറയാനുള്ള അവകാശവും ഹനിക്കപ്പെടുന്നത് ഭരണകൂടത്തിന്റെ ഫാഷിസ്റ്റ് നയങ്ങളുടെ പ്രതിഫലനമാണ്. അതാണ് സോഷ്യൽ മീഡിയകളിലേക്കും ഓൺലൈൻ വെബ്സൈറ്റുകളിലേക്കും വ്യാപിച്ച ഭരണകൂട സെൻസർഷിപ്പിലൂടെ പ്രകടമാകുന്നത്.


Summary: 2015- 2022 കാലത്ത്​ രാജ്യത്ത്​ ബ്ലോക്ക് ചെയ്യപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്​​ഫോമുകളുടെ കണക്ക്​, സൈബർ സെൻസർഷിപ്പിനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങളുടെ സാക്ഷ്യപത്രം കൂടിയാണ്​. ഈ എട്ടു വർഷങ്ങളിൽ ഇന്ത്യയിൽ ബ്ലോക്കു ചെയ്യപ്പെട്ട വെബ്‌സൈറ്റുകൾ, URL -കൾ, ആപ്ലിക്കേഷനുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയുടെ ആകെ എണ്ണം 55,580 ആണ്​.


സൽവ ഷെറിൻ കെ.പി.

ട്രൂകോപ്പി ട്രെയ്‌നി ജേർണലിസ്റ്റ്

Comments