ആർ.എസ്.എസിന് അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം ഫലപ്രദമായും പ്രായോഗികമായും നടപ്പിലാക്കാനാകുന്ന സംസ്ഥാനങ്ങളിലൊന്ന് ഉത്തർപ്രദേശാണ്. മുസ്‌ലിംങ്ങൾക്കും ദലിതർക്കും സ്ത്രീകൾക്കുമെല്ലാം എതിരായ വംശീയവും അല്ലാത്തതുമായ അതിക്രമത്തിന് സംസ്ഥാന ഭരണകൂടത്തിന്റെ ഒത്താശ കൂടിയുള്ള സംസ്ഥാനം. വൈകാരിക വിഷയങ്ങളിൽ അതിരുകടന്ന അക്രമാസക്തിയോടെ കുതിച്ചുചാടുന്ന ആൾക്കൂട്ടത്തിന്റെ സാധ്യതകളെ സാമുദായിക ധ്രുവീകരണങ്ങൾക്കായി വിനിയോഗിക്കുന്നതുവഴി സാധിച്ചെടുക്കുന്ന ഭൂരിപക്ഷ ഏകോപനത്തെ വോട്ടുബാങ്ക് രാഷ്ട്രീയത്തിലേക്ക് പരിവർത്തിപ്പിക്കുക എന്ന സംഘപരിവാർ തന്ത്രം ഏറ്റവും ഫലപ്രദമായി പരീക്ഷിച്ച് വിജയിച്ച സംസ്ഥാനം. ബി.ജെ.പിക്ക് കൂടൂതൽ നിയമസഭാ സീറ്റുകളും ലോക്‌സഭാ സീറ്റുകളും സംഭാവന നൽകിയ സംസ്ഥാനം. അതുകൊണ്ടുതന്നെ യു.പിയുടെ ഓരോ രാഷ്ട്രീയ ചലനവും ദേശീയ രാഷ്ട്രീയത്തിൽ അത്രമേൽ പ്രസ്‌ക്തമാണ്.
കാൻഷി റാമും മായാവതിയും മുലായം സിംഗ് യാദവുമെല്ലാം തുടങ്ങിവെച്ച ദലിത്- ന്യൂനപക്ഷ- പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയമായ ഐക്യത്തിനും അവരുടെ രാഷ്ട്രീയവും സാമൂഹ്യവുമായ മുന്നേറ്റത്തിനും ഒരു നേതാവ് അനിവാര്യമായിരുന്നു. ഉത്തർപ്രദേശ് രാഷ്ട്രീയത്തിലെ ആ വിടവ് നികത്തിയത് അഖിലേഷ് യാദവെന്ന 50 വയസുകാരനാണ്. യുപി പോലൊരു തീവ്രഹിന്ദു തീവ്രദേശീയത രാഷ്ട്രീയത്തിന്റെ വിള നിലമായ യുപിയിൽ നിന്ന് ആ രാഷ്ട്രീയത്തെ മറികടക്കാൻ വേണ്ടി ഒരിക്കൽ പോലും മൃദു ഹിന്ദുത്വതയുടെ അടയാളങ്ങളൊന്നും എടുത്തണിയാത്ത അഖിലേഷ് ഇന്ന് സംസാരിക്കുന്നത് മുഴുവൻ വെറുപ്പിനെതിരെയാണ്, വെറുപ്പ് ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങൾക്കെതിരെയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരുന്നൊരു രാഷ്ട്രീയ നേതാവിന്റെ ആദ്യ ഗുണങ്ങളിലൊന്ന് ഒരു പക്ഷെ ഇന്നത്തെ ഇന്ത്യയിൽ വെറുപ്പെനെതിരെ ധൈര്യത്തോടെ സംസാരിക്കാനുള്ള ശേഷിയാണ്, ആ ശേഷി വേണ്ടുവോളമുള്ളൊരു നേതാവാണ് അഖിലേഷ് യാദവെന്ന യു.പിയുടെ മുൻ മുഖ്യമന്ത്രി കൂടിയായ എസ്.പി അധ്യക്ഷൻ.
മുസഫർ നഗർ കലാപനാന്തരം യുപിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കേവല ഭൂരിപക്ഷം നേടുകയും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാവുകയും തുടർന്നങ്ങോട്ട് തീവ്രഹിന്ദുത്വ നയം ഏറ്റവും വേഗത്തിൽ നടപ്പിലാക്കുന്നൊരു സംസ്ഥാനമായി മാറുകയും ചെയ്യുമ്പോഴും ശക്തമായ പ്രതിപക്ഷ സാന്നിധ്യമായി നിലകൊണ്ടു അഖിലേഷ്. ദലിത് മുസ്‍ലിം വിഭാഗത്തിനെതിരെ നടക്കുന്ന സമാനതകളില്ലാത്ത അതിക്രമത്തെ അഡ്രസ് ചെയ്ത് നിരന്തരം സംസാരിച്ചു. അങ്ങനെ മുസ്‌ലിം പ്രീണകനും ഹിന്ദുവിരോധിയുമായി അഖിലേഷ്. എന്നാൽ അത്തരം ബി.ജെ.പി ചാപ്പകളിൽ തളർന്നില്ല. എന്ന് മാത്രമല്ല, ബി.ജെ.പിയെയും അവരുടെ നേതാക്കളെയും നിരന്തരം കടന്നാക്രമിച്ചുകൊണ്ടേയിരുന്നു. മതത്തിന്റെ പേരിൽ ഏറ്റവും ക്രൂരവുമായ ബുൾഡോസർരാജ് നടപ്പിലാക്കുന്ന അതേ കാലത്ത്, ഉത്തർപ്രദേശിലെ സോൻഭദ്രയിൽ ഒമ്പത് വയസ്സുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ ബി.ജെ.പി എം എൽ എ രാംദുലാർ ഗാണ്ടിനെതിരെ ബുൾഡോസർ നടപടിയുണ്ടാകുമോ എന്ന് യോഗി ആദിത്യനാഥിനോട് ചോദിക്കാൻ യു.പിയിൽ ഒരു അഖിലേഷ് യാദവ് ബാക്കിയുണ്ട് എന്നത് ഇന്ത്യൻ പ്രതിപക്ഷത്തിന്റെ കൂടി പ്രതീക്ഷയായിരുന്നു.
ഉത്തർപ്രദേശിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടയിലുണ്ടായ മരണങ്ങൾക്കെല്ലാം കാരണം പോലീസ് വെടിവെപ്പാണെന്ന അഖിലേഷ് യാദവിന്റെ പ്രസ്താവന ബി.ജെ.പിയെ പ്രതികൂട്ടിൽ നിർത്തുന്നതായിരുന്നു.
'മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്ക് പൗരത്വം നൽകാൻ ശ്രമിക്കുന്ന സർക്കാർ എന്തുകൊണ്ടാണ് മുസ്‍ലിംകൾക്ക് ഈ അവകാശം നിഷേധിക്കുന്നത്? നിങ്ങൾ സമൂഹത്തെ ഭിന്നിപ്പിച്ച് രാഷ്ട്രീയം കളിക്കാനാണ് ആഗ്രഹിക്കുന്നത്. എല്ലാ ഇന്ത്യൻ പൗരന്മാരും എൻ ആർ സിക്കും സി എ എയ്ക്കും എതിരാണ്. ആധാറിൽ എല്ലാ വിവരങ്ങളും ഉള്ളപ്പോൾ എന്തിനാണ് എൻ പി ആർ? ഒരു ഗ്രാമത്തിൽ, ആരുടെ കൈയിൽ രേഖകൾ ഉണ്ടാകാനാണ്? എന്റെ അമ്മയുടെ ജനന സർട്ടിഫിക്കറ്റ് ഞാൻ എവിടെനിന്ന് കൊണ്ടുവരാനാണ്? ജനങ്ങൾ രേഖകൾ തിരഞ്ഞ് നടക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത് അല്ലാതെ ജീവനോപാധി കണ്ടെത്തണമെന്നല്ല.'
ഒരേസമയം വിവേചനപരമായ പൗരത്വ നിയമവും അതിനെതിരെ പ്രതിഷേധിച്ചാൽ മരണവും എന്ന അതിദയനീയമായൊരവസ്ഥയെ മുഖാമുഖം കണ്ട ഉത്തർ പ്രദേശിലെ മുസ്‌ലിം ജനതയ്ക്ക് ഈ വാക്കുകൾ ഒരാശ്വാസമായിരുന്നു.
2017- ൽ അധികാരം നഷ്ട്‌പ്പെടുകയും 2019- ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിറം മങ്ങുകയും ചെയ്ത എസ്.പി. 2022- ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ശക്തമായ സാന്നിധ്യമായി തിരിച്ചുവരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
കഴിഞ്ഞ രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി വൻ ഭൂരിപക്ഷം നേടിയ യു.പി, രണ്ട് വർഷങ്ങൾക്കിപ്പുറം മറ്റൊരു ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്; ഗ്രൗണ്ട് ലെവലിൽ സംഘടനാശേഷിയെ നേരിട്ടിറങ്ങി തിരിച്ചുപിടിച്ച ആത്മവിശ്വാസം, കോൺഗ്രസിനോടൊപ്പം ചേർന്നുള്ള ‘ഇന്ത്യ’ സംഖ്യത്തോട് ചേർന്നുള്ള മത്സരം- ഇന്ത്യ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാകും ഇത്തവണ യു.പിയിലേതെന്ന് ഉറപ്പ്.
എൻ.ഡി.ടി.വി കോൺക്ലേവിൽ 2024- ലെ പൊതുതെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് അഖിലേഷ് പറഞ്ഞ മറുപടി, ബി.ജെ.പിയെ ദലിതരും മുസ്‍ലിംകളും പിന്നാക്കവിഭാഗവും ചേർന്ന് പരാജയപ്പെടുത്തുമെന്നായിരുന്നു.
2014-ൽ 80 സീറ്റിൽ 71 എണ്ണവും ബി.ജെ.പി നേടിയിരുന്നു. 2019-ൽ വോട്ടുവിഹിതം വർധിച്ചെങ്കിലും സീറ്റെണ്ണം കുറഞ്ഞു, 62. സമാജ് വാദി പാർട്ടി അഞ്ചു സീറ്റിലും മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി 10 സീറ്റിലും ജയിച്ചു. റായ്ബറേലിയിൽ മാത്രമാണ് കോൺഗ്രസിനു ജയിക്കാനായത്.
റായ്ബറേലി, അമേഥി, വാരാണസി മണ്ഡലങ്ങൾ ഉൾപ്പെടെ 17 മണ്ഡലങ്ങൾ കോൺഗ്രസിന് നൽകി, ബാക്കി 63 ഇടത്ത് എസ്.പിയും സഖ്യകക്ഷികളുമാണ് ‘ഇന്ത്യ’ സഖ്യം മത്സരിക്കാനിറങ്ങുന്നത്. എണ്ണത്തിലും വലിപ്പത്തിലും എത്ര ചെറിയ പാർട്ടിയായാലും അവരെ കൂടി ഉൾക്കൊള്ളുന്നതായിരുന്നു അഖിലേഷിന്റെ എല്ലാ കാലത്തേയും തെരഞ്ഞെടുപ്പ് സഖ്യങ്ങൾ. വെറുപ്പിനെതിരെ യോജിക്കാൻ പറ്റുന്ന അവസാനത്തെ ആളെയും കൂടെ കൂട്ടാൻ എന്നും മുന്നിൽനിന്നു അഖിലേഷ്, അതിൽ ഒരിക്കലും നഷ്ടങ്ങൾ നോക്കിയായിരുന്നില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ പ്രാദേശിക പാർട്ടികളെയും പ്രതിപക്ഷ നേതാക്കളെയും ഒന്നൊന്നായി കുരുക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ അഖിലേഷിന് നേരെയും തിരിഞ്ഞിട്ടുണ്ട്.
പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി ‘ഇന്ത്യ’ മുന്നണി സീറ്റുവിഭജനം പൂർത്തിയാക്കിയ ആദ്യ സംസ്ഥാനം കൂടിയാണ് ഉത്തർപ്രദേശ്. ഇന്ത്യ സംഖ്യത്തിന്റെ സീറ്റ് വിഭജന ചർച്ചകളെല്ലാം പാതിവഴിയിൽ നിൽകുന്ന സാഹചര്യത്തിൽ യു.പിയിലെ അഖിലേഷിന്റെ നേതൃത്വത്തിൽ നടന്ന സീറ്റ് വിഭജനം മറ്റ് സംസ്ഥാനങ്ങൾക്ക് കൂടി മാതൃകയാക്കാവുന്നൊരു ഇലക്ഷൻ സ്ട്രാറ്റജിയായി മാറുകയായിരുന്നു.
സീറ്റ് വിഭജനത്തിനുശേഷം ഉത്തർപ്രദേശിലൂടെ കടന്നുപോകുന്ന രാഹുൽ ഗാന്ധിയുടെ ന്യായ് യാത്രയിൽ പങ്കെടുത്ത് ‘ബി.ജെ.പിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവും ഉറക്കെ വിളിച്ചു പറഞ്ഞ അഖിലേഷ്, ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു: ‘വെറുക്കുന്നവരെപ്പോലും സ്നേഹം പഠിപ്പിക്കുന്നു, ഇത് ഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന ആഗ്രയാണ് സർ'.
ബി.ജെ.പിയും കോർപറേറ്റുകളും തമ്മിലുള്ള അവിഹിത ഇടപാടുകളെ കുറിച്ചും അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള കേന്ദ്ര സർക്കാറിന്റെ വിലപേശൽ രാഷ്ട്രീയത്തെ കുറിച്ചും ഏറ്റവും ഒടുവിൽ കെജ്രിവാളിന്റെ അറസ്റ്റിലും ശക്തമായ നിലപാട് സ്വീകരിച്ച രാഷ്ട്രീയ നേതാക്കളിൽ ആദ്യ പേരുകളിൽ ഒരാളായി അഖിലേഷുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ പ്രാദേശിക പാർട്ടികളെയും പ്രതിപക്ഷ നേതാക്കളെയും ഒന്നൊന്നായി കുരുക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ അഖിലേഷിന് നേരെയും തിരിഞ്ഞിട്ടുണ്ട്. കെജ്രിവാളിന് ഇ.ഡി എങ്കിൽ അഖിലേഷിനു നേരെ സി ബി ഐ ആണ്. അനധികൃത മണൽഖനന കേസിലാണ് സി ബി ഐ നോട്ടീസ്. എന്നാൽ സി ബി ഐക്കുമുന്നിൽ ഹാജരായില്ല എന്നു മാത്രമല്ല, ബി.ജെ.പിയുടെ ഘടകമായി സി ബി ഐ പ്രവർത്തിക്കുന്നതിന് തെളിവാണ് തെരഞ്ഞെടുപ്പ് സമയത്തുള്ള ഇത്തരം നോട്ടീസുകളെന്ന് അഖിലേഷ് തുറന്നടിച്ചു. ജനാധിപത്യത്തെയും ഭണഘടനയെയും സംരക്ഷിക്കാൻ ശ്രമിക്കുന്നവരും രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവരും തമ്മിലുള്ള തിരഞ്ഞെടുപ്പ് പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞുവെയ്ക്കുന്നുണ്ട്.
ഇന്നുകാണുന്ന അഖിലേഷ് യാദവിനെ മോൾഡ് ചെയ്‌തെടുത്തതിൽ അദ്ദേഹത്തിന്റെ പിതാവ്, മുലായം സിംഗ് യാദവിന് ചെറുതല്ലാത്തൊരു പങ്കുണ്ട്. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ടിരുന്ന ഉത്തർപ്രദേശിലെ യാദവരുടെയും മറ്റ് പിന്നാക്ക ജാതിക്കാരുടെയും രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പു വരുത്താനും ഉത്തരേന്ത്യൻ സമൂഹ്യജീവിതത്തിൽ പിന്നാക്ക ജാതിക്കാർ നേരിടുന്ന വിവേചനങ്ങളെ രാഷ്ട്രീയത്തിന്റെ മുഖ്യ പ്രശ്നമാക്കുന്നതിലും മുലായം വഹിച്ച പങ്ക് ഒട്ടും ചെറുതായിരുന്നില്ല. മൂന്നുതവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും പിന്നീട് കേന്ദ്രമന്ത്രിയും ഒക്കെയായി മുലായം സിംഗ് യാദവ് മാറിയതിനുപിന്നിൽ ആ രാഷ്ട്രീയ ബലമുണ്ടായിരുന്നു.
ബി.ജെ.പിയെ അതിന്റെ ശൈശവ കാലത്ത് നേർക്കുനേർ നിന്ന് എതിർത്ത അപൂർവം നേതാക്കളെ രാജ്യത്തുണ്ടായിട്ടുള്ളൂ. അതിലൊരാൾ മുലായം സിംഗ് യാദവാണ്. 'അവർ അയോധ്യയിൽ പ്രവേശിക്കാൻ ശ്രമിക്കട്ടെ. ഞങ്ങൾ അവരെ നിയമത്തിന്റെ അർത്ഥം പഠിപ്പിക്കും. ഒരു മസ്ജിദും തകർക്കപ്പെടില്ല’ എന്ന് എൽ.കെ. അദ്വാനിയുടെ രഥയാത്രയെ ചൂണ്ടി മുലായം പ്രഖ്യാപിച്ചത് 1990 ലായിരുന്നു. വി എച്ച് പിയുടെയും ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും സംയുക്താഹ്വാനപ്രകാരം അയോധ്യയിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ച അക്രമാസക്തരായ കർസേവകരെ തടയാൻ പോലീസ് വെടിവെപ്പുണ്ടായപ്പോൾ അത് രാജ്യതാൽപ്പര്യത്തിനായി ചെയ്തതാണെന്ന് വിശദീകരിക്കാൻ മുലായത്തിനായി. അതേ രാഷ്ട്രീയശക്തി ഇന്ന് ഒരു ഭരണകൂടശക്തിയായി മുന്നിൽനിൽക്കുമ്പോൾ അതിനെതിരെ അദ്ദേഹത്തിന്റെ മകനുണ്ടാകുക എന്നത് സ്വഭാവികമായ രാഷ്ട്രീയ പരിണതി കൂടിയാകുന്നു.
യു.പിയിൽ ഇത്തവണ കൂടൂതൽ സീറ്റ് നേടുക എന്നതിനപ്പുറം ബി.ജെ.പിയെ അധികാരത്തിൽ നിന്നിറക്കാൻ എല്ലാ വഴിയും തേടുക എന്ന വിശാലമായൊരു പ്രതിപക്ഷ രാഷ്ട്രീയ പക്ഷം ഉണ്ടാക്കാൻ എല്ലാ കോംപ്രമൈസുകൾക്കും തയ്യാറായൊരു നേതാവായി അഖിലേഷ് സ്വയം ഉയരുന്ന കാഴ്ച, ഇന്ത്യൻ രാഷ്ട്രീയത്തിന് നൽകുന്ന പ്രതീക്ഷ ചെറുതല്ല.