ചൈനയിൽനിന്നടക്കമുള്ള വിദേശ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാനും ഹോളി, ദീപാവലി, ഗണേശ പൂജ അടക്കമുള്ള ആഘോഷങ്ങളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ മാത്രം വാങ്ങാനും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ നടത്തിയ പ്രസംഗത്തിലെ വംശീയ പരാമർശത്തിൽ പ്രതിഷേധിച്ച്, മോദിയ്ക്ക് ആസാമിൽനിന്നുള്ള പ്രമുഖ മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ സംഗീത ബറുവ പിഷാരടിയുടെ തുറന്ന കത്ത്.
ചൈനീസ് ഉൽപ്പന്നങ്ങളെ ബഹിഷ്കരിക്കാനെന്ന പേരിൽ മോദി നടത്തിയ പരാമർശം ഇങ്ങനെയായിരുന്നു: ''വിദേശത്തുനിന്നുവരുന്ന ഗണേശവിഗ്രഹങ്ങൾക്കുപോലും ചെറിയ കണ്ണുകളാണുള്ളത്, ശരിയായി തുറക്കാൻ പോലുമാകാത്ത കണ്ണുകൾ''. ഈ പരാമർശത്തോടൊപ്പം മോദി തന്റെ കണ്ണുകൾ പാതി അടച്ചുപിടിച്ചുള്ള ഒരു ആംഗ്യവും കാണിച്ചു.
'എനിക്ക് ചെറിയ കണ്ണുകളാണ്, മി. പ്രധാനമന്ത്രീ' എന്നുതുടങ്ങുന്ന സംഗീത ബറുവയുടെ തുറന്ന കത്ത് ഇങ്ങനെ തുടരുന്നു: ''മെയ് 27ന് ചൊവ്വാഴ്ച താങ്കളുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ നടത്തിയ ഒരു പൊതുപ്രസംഗത്തിന്റെ വീഡിയോ ഞാൻ കാണുകയുണ്ടായി. വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ള ഒരു വ്യക്തി എന്ന നിലയിൽ, 'ചെറിയ കണ്ണുകൾ', 'തുറക്കാത്ത കണ്ണുകൾ' എന്നിങ്ങനെയുള്ള താങ്കളുടെ പരാമർശങ്ങളിൽ ഞാൻ ഇപ്പോഴും മരവിച്ചിരിക്കുകയാണ്''- ദ വയറിൽ പ്രസിദ്ധീകരിച്ച കത്തിൽ അവർ പറയുന്നു.
''ഗുജറാത്തിൽ നിന്ന് വളരെ അകലെ, അസമിലെ എന്റെ കുടുംബവീട്ടിൽ, എന്റെ സ്‌കൂൾ കാലം മുതൽ, സ്വീകരണമുറിയുടെ ചുമരിൽ ഒരു ഗുജറാത്തിയുടെ വലിയ ഫോട്ടോ തൂക്കിയിട്ടിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. വീട്ടിലുള്ള ദേവീദേവന്മാർക്കൊപ്പം എന്റെ കുടുംബം പൂജിക്കുന്ന ആ ഗുജറാത്തി മറ്റാരുമല്ല - മഹാത്മാഗാന്ധിയാണ്. ഇപ്പോൾ 93 വയസ്സുള്ള എന്റെ അച്ഛൻ ഇപ്പോഴും ദിനേനയുള്ള ആ ആചാരം തുടരുന്നു. 1921-ൽ ആസാമിലേക്കുള്ള തന്റെ ആദ്യ യാത്രയിൽ മഹാത്മാഗാന്ധി, തന്റെ കുടുംബവീട്ടിൽ ഒരു ചെറിയ സന്ദർശനം നടത്തിയിരുന്നുവെന്ന് അഭിമാനത്തോടെ പറയാൻ അദ്ദേഹം ഒരിക്കലും മറക്കാറില്ല. വിദേശശക്തികൾക്കെതിരെ പോരാടാനും വിദേശ വസ്തുക്കൾ നിരസിക്കാനും മഹാത്മാവിന്റെ ആഹ്വാനപ്രകാരം കോൺഗ്രസ് അംഗത്വത്തിൽ ഒപ്പുവെച്ച അപ്പർ ആസാം പട്ടണത്തിലെ ആദ്യത്തെ വ്യക്തികളിൽ ഒരാളായിരുന്നു എന്റെ മുത്തച്ഛൻ''- കത്തിൽ പറയുന്നു.
''മഹാനായ നാഗ സ്വാതന്ത്ര്യസമര സേനാനി റാണി ഗൈഡിൻലിയുവിനെക്കുറിച്ച് താങ്കൾക്ക് അറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്. ബ്രിട്ടീഷുകാർ അവർക്കെതിരെ ചുമത്തിയ കേസ് വാദിക്കാൻ ഒരു അഭിഭാഷകനും ഇല്ലാതിരുന്നപ്പോൾ, എന്റെ മുത്തച്ഛൻ റംഗൂൺ ഹൈക്കോടതി വരെ വെല്ലുവിളി നിറഞ്ഞ പാതയിലൂടെ സഞ്ചരിച്ച് ഒരു കൂട്ടം നാഗന്മാരുമായി അവരുടെ ജയിൽ മോചനത്തിനായി പോരാടിയിരുന്നു. അന്ന് വിദേശശക്തികളുടെ കീഴിലുള്ള ഒരു രാജ്യത്ത്, ഹെറാക എന്ന നാഗന്മാരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതിന് കൊളോണിയൽ ശക്തികൾക്കെതിരെ നിലകൊള്ളാൻ ധൈര്യപ്പെട്ട ഗൈഡിൻലിയുവിനൊപ്പം അഭിഭാഷകനും ജയിലിലടയ്ക്കപ്പെട്ടതിൽ അതിശയിക്കാനില്ല. ആ പോരാട്ടം ഇന്ന് നമ്മൾ അറിയപ്പെടുന്ന റാണി എന്ന പേരിന്റെ മുൻഭാഗം ഗൈഡിൻലിയുവിന് നൽകാൻ നമ്മുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെ പ്രേരിപ്പിച്ചു, അവരെ സ്വാതന്ത്ര്യ സമര സേനാനി എന്ന് വിളിച്ചു. മറ്റൊരു പ്രദേശത്തോ സമൂഹത്തിലോ ഉൾപ്പെട്ടേക്കാവുന്ന ശക്തരായ നേതാക്കളുമായി നമുക്കുണ്ടാകുന്ന ബന്ധങ്ങൾ, നാമെല്ലാവരും ഭാഗമായ, അഭിമാനിക്കുന്ന ഈ വലിയ രാജ്യത്തെ ജനങ്ങളുടെ ഐക്യത്തെയും ഐക്യദാർഢ്യത്തെയും സജീവമായി നിലനിർത്തുന്നുവെന്ന് അടിവരയിടുന്നു. ഭരണഘടന പറയുന്നതുപോലെ, ഞങ്ങൾ ഒരേ ആളുകളാണ് - നമ്മുടെ കണ്ണുകളുടെ വലുപ്പം എത്ര വലുതായാലും ചെറുതായാലും (വംശവും മതവും പരിഗണിക്കാതെ)''.
''പ്രധാനമന്ത്രി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പലരെയും പോലെ, ഞാനും ആ രീതിയിൽ ജീവിച്ചിട്ടുണ്ട്. എനിക്ക് ആ മേഖലയ്ക്ക് പുറത്തുനിന്നുള്ള ഒരു പങ്കാളിയെ തിരഞ്ഞെടുക്കേണ്ടിവന്നു. ഞാൻ ഒരിക്കലും അദ്ദേഹത്തിന്റെ കണ്ണുകളുടെ വലുപ്പം നോക്കിയിട്ടില്ലെന്ന് എനിക്കുറപ്പുണ്ട്, അദ്ദേഹവും അങ്ങനെ ചെയ്തില്ല. പരസ്പരം കണ്ണുകളിൽ കണ്ടത് ഒന്നുതന്നെയാണെന്ന് ഞാൻ നിങ്ങളോട് പറയട്ടെ - അത് സ്നേഹവും ബഹുമാനവും ആയിരുന്നു''.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ നേരിടുന്ന കടുത്ത വംശീയ അധിക്ഷേപത്തെ സംഗീത ബറുവ കത്തിൽ സൂചിപ്പിക്കുന്നുണ്ട്. ദേശീയ തലസ്ഥാനത്ത് പോലും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള താനടക്കമുള്ളവർ മിക്കവാറും എല്ലാ ദിവസവും തെരുവുകളിൽ വംശീയതയും വിവേചനവും നേരിടുന്നതായി കത്തിൽ പറയുന്നു. ഡൽഹിയിലെ ലജ്പത് നഗറിൽ അരുണാചൽ പ്രദേശുകാരനായ നിഡോ ടാനിയയുടെ ദാരുണമായ മരണത്തിനുശേഷം കേന്ദ്ര സർക്കാർ രൂപീകരിച്ച ബെസ്ബറുവ കമ്മിറ്റിയുടെ റിപ്പോർട്ടിലും ഇത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ വലിയ നഗരങ്ങളിൽ വംശീയമായി അധിക്ഷേപിക്കുന്ന പദങ്ങളിൽ 'ചിങ്കി', 'ചൈനീസ്' തുടങ്ങിയ വാക്കുകൾ ഉൾപ്പെടുന്നു. 'ചെറിയ കണ്ണുകൾ' എന്ന പദവും ഉപയോഗിക്കാറുണ്ട്.
‘‘ചില സമയങ്ങളിൽ വാക്കുകളൊന്നും ആവശ്യമില്ല, പക്ഷേ ആക്രമണകാരിയുടെ കണ്ണുകളുടെ കോണുകളിൽ അമർത്തി 'ചെറിയ കണ്ണുകൾ' എന്നും 'തുറന്ന കണ്ണുകൾ' എന്നുമുള്ള സന്ദേശം അയയ്ക്കാൻ വിരൽത്തുമ്പുകൾ ഉപയോഗിക്കുന്നു - താങ്കളുടെ പ്രസംഗത്തിൽ നിങ്ങൾ ഉപയോഗിച്ച അതേ ആംഗ്യമാണിത്. താങ്കളുടെ പ്രസംഗത്തിൽ താങ്കൾ പരാമർശിച്ച ചൈനയിൽ നിർമ്മിച്ച ഗണേശ വിഗ്രഹം പോലെ തന്നെ’’.
‘‘ഒരു 'ചെറിയ കണ്ണുള്ള' ഇന്ത്യക്കാരി എന്ന നിലയിൽ താൻ അസ്വസ്ഥയാണ്’’ എന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. പ്രധാനമന്ത്രിക്ക് ഒരു തുറന്ന കത്ത് എഴുതിയതിന് താൻ അറസ്റ്റ് ചെയ്യപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നതായി കത്തിന് ഒരടിക്കുറിപ്പും സംഗീത ബറുവ ചേർത്തിട്ടുണ്ട്.
നഗരങ്ങളിൽ താമസിക്കുന്ന നിരവധി വടക്കുകിഴക്കൻ സ്ത്രീകൾക്കുവേണ്ടിയാണ് താൻ സംസാരിക്കുന്നതെന്ന് അവർ പറയുന്നു: ‘‘എന്റെ കണ്ണുകളിൽ കൺമഷി പുരട്ടാതെ ഞാൻ ഒരിക്കലും വീട്ടിൽ നിന്ന് പുറത്തിറങ്ങാറില്ല, കാരണം 'ചെറിയ കണ്ണുകളോടെ' തെരുവുകളിൽ ഇറങ്ങാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; മറ്റുള്ളവർ 'കഷ്ടിച്ച് തുറന്നിരിക്കുന്നതായി' കാണുന്ന കണ്ണുകൾ’’.
‘‘പ്രധാനമന്ത്രി എന്ന നിലയിൽ, പരസ്യമായി 'ചെറിയ കണ്ണുകളെ'ന്ന് താങ്കൾ ഞങ്ങളുടെ കണ്ണുകളെ പരിഹസിച്ചാൽ, മറ്റ് നഗരങ്ങളിൽ 'ചിങ്കി' എന്നും 'ചൈനീസ്' എന്നും വിളിക്കുന്ന പേരില്ലാത്ത ആളുകളെ താങ്കൾ പിന്തുണയ്ക്കുന്നതായി കരുതേണ്ടിവരും’’- കത്തിൽ പറയുന്നു.
ഏതെങ്കിലും സമൂഹത്തെക്കുറിച്ചോ ജനവിഭാഗത്തെക്കുറിച്ചോ ഇത്തരം വംശീയ ഭാഷ പ്രയോഗിക്കുന്നത് ഒരു പ്രധാനമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ല എന്ന അവർ കത്തിൽ ഓർമിപ്പിച്ചു. ഇന്ത്യയുടെ ചൈനയ്‌ക്കെതിരായ മത്സരത്തിൽ കണ്ണുകളുടെ വലുപ്പത്തിന് ഇടമുണ്ടാകരുത്.
‘‘പ്രധാനമന്ത്രി, നിങ്ങളുടെ സ്വന്തം മന്ത്രിസഭയിൽ പോലും 'ചെറിയ കണ്ണുകളുള്ള' മന്ത്രിമാരുണ്ടെന്ന് ഓർമ്മിപ്പിക്കട്ടെ. സർബാനന്ദ സോനോവാളിനെയും കിരൺ റിജിജുവിനെയും കുറിച്ചാണ് ഞാൻ പറയുന്നത്. 2018-ൽ, ചൈനയുടെ നിർബന്ധം കാരണം ന്യൂഡൽഹിയിൽ നടന്ന ഒരു ഔദ്യോഗിക പരിപാടിയിൽ നിന്ന് റിജിജുവിനെ മാറ്റി നിർത്തിയപ്പോൾ, എന്റെ പ്രദേശത്തെ പലരും ന്യൂഡൽഹി ചൈനീസ് സമ്മർദ്ദത്തിന് കീഴ്പ്പെടാതെ നിൽക്കാത്തതിൽ അസ്വസ്ഥരും ദുഃഖിതരുമായിരുന്നു. റിജ്ജുവിന്റെ ജന്മനാടായ അരുണാചൽ പ്രദേശ് ഒരു ഇന്ത്യൻ സംസ്ഥാനമാണ്, അത് അങ്ങനെ തന്നെ തുടരും’’.

ഭഗവാൻ ഗണേശന്റെ 'ചെറിയ കണ്ണുകൾ'കളെക്കുറിച്ചും കത്തിൽ പറയുന്നുണ്ട്: ‘‘തെക്കു-കിഴക്കൻ, കിഴക്കൻ ഏഷ്യയിലുടനീളം ആരാധിക്കപ്പെടുന്ന ഒരു ബുദ്ധമത ദേവത കൂടിയാണ് ഗണേശൻ. ലഡാക്കിലെ ഏറ്റവും പഴക്കം ചെന്ന ആശ്രമം എന്ന് പറയപ്പെടുന്ന ആൽചി പോലുള്ള നിരവധി ഇന്ത്യൻ ആശ്രമങ്ങളിൽ പോലും, അതിന്റെ ചുവരുകളിൽ മിനിയേച്ചർ പെയിന്റിംഗുകളിൽ ഗണേശൻ ഉണ്ട് - അതെ, ചെറിയ കണ്ണുകളോടെ’’.
‘‘നമ്മുടെ ദേവതകളിൽ ചിലർക്ക് 'ചെറിയ കണ്ണുകൾ' ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഞാൻ നിങ്ങളെ അറിയിക്കട്ടെ. അസമിലെ ആദരണീയ ദേവതയായ കെസൈഖതി ഒരു ഗോത്ര ദേവതയാണ്. നമ്മൾ പലപ്പോഴും മാ കാമാഖ്യയെ വരയ്ക്കാറില്ല, പക്ഷേ പുതിയ ഗവേഷണമനുസരിച്ച്, അവൾക്കും ഒരു ഗോത്ര (ഖാസി) ഉത്ഭവം ഉണ്ടായിരിക്കാം’’.
ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ സ്വയം മാതൃകയാകാൻ സംഗീത ബറുവ മോദിയോട് ആവശ്യപ്പെടുന്നു: ‘‘താങ്കളുടെ പ്രസംഗത്തിൽ ചൈനയെ പരാമർശിച്ചിരുന്നു. ദീപാവലി ലൈറ്റുകൾ, ഹോളി നിറങ്ങൾ, ലക്ഷ്മി, ഗണേശ വിഗ്രഹങ്ങൾ തുടങ്ങിയ വില കുറഞ്ഞ ചൈനീസ് ഉൽപ്പന്നങ്ങൾ മാത്രമല്ല, ഇന്ത്യയിൽ നിർമ്മിച്ചതിന് തുല്യമായ എല്ലാ വിദേശ ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നതിൽ നിന്ന് നാം വിട്ടുനിൽക്കണമെന്ന് ഞാൻ സമ്മതിക്കുന്നു. ഇന്ത്യയിൽ നിർമ്മിച്ച കാറുകളുടെയും സ്‌കൂട്ടറുകളുടെയും കാര്യവും അങ്ങനെ തന്നെ. എന്നാൽ ആ യാത്ര താങ്കളിൽ നിന്ന് ആരംഭിക്കേണ്ടതല്ലേ? വിദേശ വസ്തുക്കൾ ഉപയോഗിക്കുന്നത് നിർത്താൻ ഗാന്ധിജി ആഹ്വാനം ചെയ്തപ്പോൾ ചെയ്തതുപോലെ?, അതിനാൽ, നിരവധി മാധ്യമങ്ങൾ പതിവായി പറയുന്ന ആ മൊവാഡോ വാച്ച്, ആ മെയ്ബാക്ക് സൺഗ്ലാസുകൾ, ആ മോണ്ട് ബ്ലാങ്ക് പേന മുതലായവ താങ്കൾ ഇപ്പോഴും ധരിക്കുന്നുണ്ടെങ്കിൽ, ദയവായി അവ ഇന്ത്യയിൽ നിർമ്മിച്ചതിന് തുല്യമായവ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുക. വഴി കാണിക്കുക’’.
‘‘ഒരു 'ചെറിയ കണ്ണുള്ള' ഇന്ത്യക്കാരി എന്ന നിലയിൽ താൻ അസ്വസ്ഥയാണ്’’ എന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. പ്രധാനമന്ത്രിക്ക് ഒരു തുറന്ന കത്ത് എഴുതിയതിന് താൻ അറസ്റ്റ് ചെയ്യപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നതായി കത്തിന് ഒരടിക്കുറിപ്പും സംഗീത ബറുവ ചേർത്തിട്ടുണ്ട്.
ദ വയറിൽ നാഷനൽ അഫയേഴ്സ് എഡിറ്ററാണ് സംഗീത ബറുവ പിഷാരടി.
