മഹാത്മാഗാന്ധി

ശമിക്കില്ല, സംഘ്​പരിവാറിന്റെ ഗാന്ധിപ്പേടി

റിയാലിറ്റിയായല്ല ഒരു വെർച്വൽ റിയാലിറ്റിയായിപ്പോലും ഗാന്ധിയോർമകൾ കടന്നുവരേണ്ടതില്ല എന്ന്​ സംഘ്​പരിവാർ തീരുമാനിച്ചിരിക്കുന്നു. അതുകൊണ്ടാണ് വിദ്യാർഥികളുടെ പ്രസംഗ മത്സര വിഷയമായി ‘ഗോഡ്സെയെന്ന ഉദാത്ത മാതൃക’ കടന്നുവരുന്നത്​. ഗോഡ്സെയെ സംബന്ധിക്കുന്ന നിരവധി പുസ്തകങ്ങളും ചലച്ചിത്രങ്ങളും അണിയറയിൽ തയാറായി വരുന്നു. ഇവയൊന്നും ഒട്ടും യാദൃച്​ഛികമല്ല.

‘പ്രിയ സഹോദരരെ, ഫ്രാൻസ് എന്നത് ഒരു രാഷ്ട്രത്തിന്റെ പേരായിരുന്നു. എന്നാൽ ഇന്ന് അത് ഒരു രോഗത്തിന്റെ പേരായിരിക്കുന്നു’- അൾജീരിയയെ ആക്രമിച്ച ഫ്രാൻസിനെതിരെ ഫ്രഞ്ചുകാരനായ സാർത്ര് കുറിച്ച വാക്കുകൾ.
ഘടനാപരമായ ഹിംസയുടെ വ്യത്യസ്ത രൂപങ്ങളും അന്യവൽക്കരണത്തിന്റെ അക്രാമക പ്രത്യയശാസ്ത്രങ്ങളും സമകാലിക ഇന്ത്യൻ ജീവിതത്തെയും രോഗാതുരമാക്കി മാറ്റുമ്പോൾ സാർത്രിന്റെ വാക്കുകൾ കാലദേശങ്ങൾ കടന്ന് നമ്മിലേക്കെത്തുന്നു.

ഹിംസയുടെ വായ്​ത്തല നീളുന്നത് ഗാന്ധിയിലേയ്ക്കാണ്. കൂട്ടത്തിൽ നെഹ്റുവുമുണ്ട്. വ്യത്യസ്ത രൂപങ്ങളിൽ, ഭാവങ്ങളിൽ ഇവർ നിരന്തരമായ അതിക്രമങ്ങൾക്ക് വിധേയരാകുന്നു. ഗാന്ധിയുടെ ജന്മദിനത്തിൽ ട്വിറ്ററിൽ ‘നാഥുറാം ഗോഡ്സെ സിന്ദാബാദ്’ എന്ന ഹാഷ്​ടാഗ്​ ട്രെൻഡിങ്ങായി മാറുന്നു. പാലക്കാട് ചിറ്റൂരിലെ മേനോൻപാറയിലും, ഗാന്ധി ഇന്ത്യയിൽ ഏറ്റെടുത്ത ആദ്യ ബഹുജന സമരകേന്ദ്രമായ ചമ്പാരനിലെ മോത്തിഹാരിയിലും ഗാന്ധിപ്രതിമകൾ ഉടലറ്റു താഴെ വീഴുന്നു. ഗുജറാത്തിലെ ചോദ്യപേപ്പറിൽ ‘ഗാന്ധി ആത്മഹത്യ ചെയ്തത് എന്തുകൊണ്ട്​’ എന്ന ചോദ്യവും വിദ്യാർഥികളുടെ പ്രസംഗ മത്സര വിഷയമായി ‘ഗോഡ്സെയെന്ന ഉദാത്ത മാതൃക’യും കടന്നുവരുന്നു. ഗോഡ്സെയെ സംബന്ധിക്കുന്ന നിരവധി പുസ്തകങ്ങളും ചലച്ചിത്രങ്ങളും അണിയറയിൽ തയാറായിവരുന്നു. ഇവയൊന്നും ഒട്ടും യാദൃച്​ഛികമായി സംഭവിക്കുന്നതല്ല.

കാലമേറെക്കഴിഞ്ഞിട്ടും, ഇന്ത്യൻ രാഷ്ട്രീയ, സാമൂഹിക ജീവിതത്തിൽ ഗാന്ധി ഇപ്പോഴും തകർക്കാനാവാത്ത ഒരു യാഥാർഥ്യമാണ്. സംഘപരിവാറിനെ അസ്വസ്ഥമാക്കുന്ന ഒരു അദ്യശ്യസാന്നിധ്യം / Photo : Wikimedia Commons

സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ ഹിന്ദുത്വരാഷ്ട്രീയം ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ഗാന്ധിനിന്ദയുടെയും നിരാകരണത്തിന്റെയും വക്രീകരണത്തിന്റെയും ചില പുതുരൂപങ്ങൾ മാത്രമാണത്. പ്രധാനമായും മൂന്നുവിധത്തിലാണ് അവർ ഗാന്ധിയെ ടാർഗറ്റ് ചെയ്യുന്നത്. ഒന്ന്, ഗാന്ധിയെ കൗശലക്കാരനും തന്ത്രശാലിയും, മുസ്​ലിം പക്ഷപാതിയുമായ ഒരു കേവല രാഷ്ട്രീയക്കാരനായി അവതരിപ്പിക്കാൻ ശ്രമിക്കുന്നു. രണ്ട്, ഗാന്ധിയൻ ആശയവഴികളുടെ സമഗ്രതയെയും ബദൽ സാധ്യതകളെയും ഊറ്റിക്കളഞ്ഞ്, ഉള്ളു പൊള്ളയായ ഒരു ഗാന്ധിയെ പുതിയ കാലത്തിനുമുന്നിൽ വയ്ക്കുന്നു. മൂന്ന്, ഗാന്ധിക്കെതിരായ ഹിംസാത്മകമായ വാക്കുകളും പ്രവൃത്തികളും അവിരാമം തുടരുകയും ഗോഡ്‌സെ, സവർക്കർ എന്നിവരിലൂടെ ഗാന്ധിയെ സമീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

'മഹാത്മാ ഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെ'. ഗുജറാത്തിലെ സ്‌കൂൾ പരീക്ഷയിൽ വന്ന ചോദ്യം. 'സുഫലാം ശാലാ വികാസ് സങ്കൂൽ' എന്ന സംഘടനയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തിയ പരീക്ഷയിലാണ് ഈ ചോദ്യം.

കാലമേറെക്കഴിഞ്ഞിട്ടും, ഇന്ത്യൻ രാഷ്ട്രീയ, സാമൂഹിക ജീവിതത്തിൽ ഗാന്ധി ഇപ്പോഴും തള്ളിത്തകർക്കാനാവാത്ത ഒരു യാഥാർഥ്യമാണ്. സംഘപരിവാറിനെ അസ്വസ്ഥമാക്കുന്ന ഒരു അദ്യശ്യസാന്നിധ്യമാണത്. രാഷ്ട്രീയം, മതം, വിശ്വാസം, വികസനം, സംസ്‌കാരം, കൃഷി, പരിസ്ഥിതി, ചികിത്സ എന്നിവയിലെല്ലാം ബദൽ അഹിംസാത്മക ജീവിതപദ്ധതി മുന്നോട്ടുവെച്ച ഗാന്ധി ഏതുനിമിഷവും ഒരു ബഹുജന മുന്നേറ്റത്തിന്റെ ചാലകശക്തിയായി രൂപപ്പെട്ടേക്കാമെന്ന ഭയമാണത്. മണ്ണിനുവേണ്ടി, കിടപ്പാടത്തിനുവേണ്ടി കുടിവെള്ളത്തിനുവേണ്ടി, ഭക്ഷണത്തിനുവേണ്ടി, സ്വാതന്ത്ര്യത്തിനുവേണ്ടി, അന്തസുള്ള ജീവിതത്തിനുവേണ്ടി നടക്കുന്ന ബഹുശതം ജനകീയ സമരങ്ങളിലൊന്നിൽ നിന്ന് ഗാന്ധി ഉയർത്തെഴുന്നേറ്റുവന്നേക്കാമെന്നും അതൊരു ജനകീയ പ്രതിരോധത്തിന്റെ മാതൃകാ സമരമുഖമായി മാറുമെന്നും ഭരണകൂടം കരുതുന്നുണ്ടാവാം. നീലത്തെ, വസ്ത്രത്തെ, ഉപ്പിനെ എന്തിന് സ്വന്തം ഉടലിനെപ്പോലും സമരായുധമാക്കി മാറ്റിയ ഗാന്ധി ഇപ്പോഴും ഇന്ത്യൻ സൈക്കിലുണ്ട്. ഖിലാഫത്തിന്റെ നാളുകളിൽ മൗലാനാ മുഹമ്മദാലിയുടെയും ഷൗക്കത്തലിയുടെയും തോളുകളിൽ കൈയിട്ടുനിൽക്കുന്ന ഗാന്ധിയുടെ ചിത്രം പാഠപുസ്തകങ്ങളിൽ നിന്നു മാത്രമേ ഇല്ലാതായിട്ടുള്ളൂ. ഗണേശോത്സവങ്ങളുടെയും രാഖി ബന്ധനുകളുടെയും, ശിവജിയുത്സവങ്ങളുടെയും ഹിന്ദുത്വവഴികളിലൂടെ സഞ്ചരിച്ച ഇന്ത്യൻ ദേശീയ പ്രക്ഷോഭത്തെ ബഹുജന ദേശീയതയാക്കി പരിവർത്തിപ്പിച്ച മാന്ത്രികത ആരുടെയെല്ലാം ഓർമയിൽ നിന്നു മറഞ്ഞാലും സംഘപരിവാറിന് അത് മറക്കാനാവില്ല. കാരണം, ‘കൗശലക്കാരനായ ആ ഗുജറാത്തി ബനിയ’യാണ് (അമിത് ഷായുടെ പ്രയോഗം) ഇന്ത്യൻ മണ്ണിലെ അവരുടെ ധ്രുവീകരണ രാഷ്ട്രീയത്തെ വേരോടെ പിഴുതുകളഞ്ഞത്.

സാബർമതി ആശ്രമം / Photo: mkgandhi.org

ഹിന്ദുമഹാസഭയുയർത്തിയ ഹിന്ദുമതരാഷ്ട്രവാദത്തെയും മുസ്​ലിംലീഗിന്റെ ഇസ്​ലാം മതരാഷ്ട്രവാദത്തെയും ഏതാണ്ട് ഒറ്റയ്ക്കുതന്നെ അദ്ദേഹം പ്രതിരോധിച്ചു. ജീവനെടുത്തിട്ടും ഗാന്ധി എന്ന ആശയം സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ അപ്രതിരോധ്യമായി നിലകൊള്ളുന്നു. സാഹചര്യം അനുകൂലമാകുമ്പോൾ, ഗാന്ധിയെ മാത്രമല്ല, ഗാന്ധിയൻ മൂവ്‌മെന്റുകളെയും ഗാന്ധിസ്ഥാപനങ്ങളെയും ഗാന്ധിപ്രതിമകളെപ്പോലും അവർക്കു തച്ചുടയ്‌ക്കേണ്ടതുണ്ട്. റിയാലിറ്റിയായല്ല ഒരു വെർച്വൽ റിയാലിറ്റിയായിപ്പോലും ഗാന്ധിയോർമകൾ കടന്നുവരേണ്ടതില്ല. അതുകൊണ്ടാണ് സബർമതി കോർപറേറ്റ് ഷോപ്പിങ് മാളായി മാറുന്നത്. ചമ്പാരനിലെ സമരകേന്ദ്രമായിരുന്ന മോത്തിഹാരിയിലെ ഗാന്ധി പ്രതിമ തെരഞ്ഞുപിടിച്ച് തകർക്കപ്പെടുന്നത്. പാഠപുസ്തകങ്ങളിൽ നിന്ന് ഗാന്ധി ഇറങ്ങിപ്പോയ ഒഴിവിൽ ഗോഡ്സെ എന്ന ‘മഹനീയ മാതൃക’യെക്കുറിച്ച് പ്രസംഗിച്ച് ഗുജറാത്തിലെ കുട്ടികൾ ഒന്നാംസമ്മാനം നേടുന്നത്. ഒരുപക്ഷേ അവർ പറയുമായിരിക്കും, ഞങ്ങൾക്കു കുട്ടിക്കാലം ഗാന്ധി എന്ന ഭീകരനെക്കുറിച്ചും ഗോഡ്സെയെന്ന ഉദാത്ത മനുഷ്യസ്‌നേഹിയെക്കുറിച്ചും അമ്മ പറഞ്ഞുതന്ന കഥകളാണെന്ന്.

അസമിൽ, നിസഹായനും ദുർബലനുമായ ഒരു കർഷകന്റെ, പൊലീസ് വെടിവെച്ചിട്ട ശരീരത്തിൽ ഒരു ഫോട്ടോഗ്രാഫർ നടത്തിയ താണ്ഡവം ഹിംസയുടെ സാംസ്‌കാരിക ആവിഷ്‌കാരമല്ലെങ്കിൽ മറ്റെന്താണ്?

ബീഹാറിലെ മോത്തിഹാരിയിൽ രണ്ടു വ്യത്യസ്ത ദിനങ്ങളിലായി രണ്ടു ഗാന്ധിപ്രതിമകളാണ് തകർക്കപ്പെട്ടത്. ശാരീരികവും മാനസികവുമായ മുറിപ്പെടുത്തൽ മാത്രമല്ല, സ്ഥാപനപരമോ, ഘടനാപരമോ ആയ നയങ്ങളെയും മനോഭാവങ്ങളെയും പെരുമാറ്റങ്ങളെയും ഗാന്ധി ഹിംസയായി വിലയിരുത്തുന്നുണ്ട്. ജാതിയത, വർഗീയത, വംശീയത, സാമൂഹിക അനീതികൾ, പുരുഷാധിപത്യം, ദുർബലർക്കെതിരായ അനീതികൾ എന്നിവയെല്ലാം ഘടനാപരമായ ഹിംസയായി കടന്നുവരുന്നുണ്ട്. ഘടനാപരവും വ്യവസ്ഥാപരവുമായ ഹിംസയെ ന്യായീകരിക്കുന്നതോ, നിയമവിധേയമാക്കുന്നതോ ആയ വീക്ഷണങ്ങളും സമീപനങ്ങളും സാംസ്‌കാരിക ഹിംസയാണ്. ജാതി, മതം, വംശം എന്നിവയുടെ പേരിൽ നടക്കുന്ന ശാരീരിക ഹിംസകളെ ന്യായീകരിക്കുന്ന സാംസ്‌കാരിക ഹിംസ വ്യക്തികളിലേയ്ക്ക് അരിച്ചിറങ്ങുന്നുണ്ട്. അതിന്റെ പ്രകടിത ആവിഷ്‌ക്കാരങ്ങൾക്ക് നാം സാക്ഷികളുമാകുന്നുണ്ട്. കഴിഞ്ഞവർഷം അസമിൽ, നിസഹായനും ദുർബലനുമായ ഒരു കർഷകന്റെ, പൊലീസ് വെടിവെച്ചിട്ട ശരീരത്തിൽ ഒരു ഫോട്ടോഗ്രാഫർ നടത്തിയ താണ്ഡവം ഹിംസയുടെ സാംസ്‌കാരിക ആവിഷ്‌കാരമല്ലെങ്കിൽ മറ്റെന്താണ്? അതിന്റെ മറ്റൊരു പാൻ - ഇന്ത്യൻ മുഖമാണ് പാലക്കാട്ടും, ചമ്പാരനിലും തകർക്കപ്പെടുന്ന ഗാന്ധിപ്രതിമകൾ ഓർമിപ്പിക്കുന്നത്. തകർക്കപ്പെടുന്നത് പ്രതിമയല്ല; ഗാന്ധി എന്ന പ്രതീകവും പ്രതീക്ഷയുമാണ്.

പാലക്കാട് മേനോൻ പാറയിൽ തകർത്ത ഗാന്ധി പ്രതിമ

ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളെയും എതിർപ്രചാരണങ്ങളെയും അതിജീവിച്ച്​ വിജയം വരിച്ച ഒരു കർഷകസമരത്തിന്റെ കാലത്ത് ഇന്ത്യയിലെ ആദ്യത്തെ അഹിംസാത്മക കർഷകസമരത്തിന്റെ ഓർമകൾ ചിലരുടെയെങ്കിലും ഉറക്കം കെടുത്തുന്നുണ്ടാവണം. ചമ്പാരനിൽ നിന്നാണ് ഗാന്ധി ഇന്ത്യയെ കണ്ടെടുക്കുന്നത്. മറ്റൊരുതരത്തിൽ ഗാന്ധിയെ കണ്ടെടുത്തത് ചമ്പാരനാണ്. സാമ്രാജ്യത്വത്തിന്റെ ഹിംസാത്മക കാർഷികനയങ്ങൾക്കെതിരായ അഹിംസാത്മക പ്രതിരോധമായിരുന്നു ചമ്പാരൻ. ചമ്പാരനിലെ നീലം കർഷകർ ഗാന്ധിയുടെ നേതൃത്വത്തിൽ ‘തീൻ കഠിയ’ (ഒരു ഏക്കർ ഭൂമിയുടെ മൂന്നുഭാഗം സ്ഥലത്ത് നീലം കൃഷി ചെയ്യണമെന്ന വ്യവസ്ഥ) സമ്പ്രദായത്തിനെതിരെ നടത്തിയ സമാനതകളില്ലാത്ത ചെറുത്തുനിൽപ്പാണ് ചമ്പാരൻ സമരത്തെ വിജയമാക്കിയത്. ഗാന്ധിയുടെ ഇന്ത്യയിലെ കൺസ്ട്രക്ടീവ് പ്രോഗ്രാമിന്റെ തുടക്കവും ചമ്പാരനിലായിരുന്നു.

കിഴക്കൻ ചമ്പാരന്റെ ആസ്ഥാനമായ മോത്തിഹാരിയിലെത്തിയ ഗാന്ധിയോട് ചമ്പാരൻ വിട്ടു പോകാൻ പൊലീസ് സൂപ്രണ്ടും മജിസ്‌ട്രേറ്റും ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതിരുന്ന ഗാന്ധി ബ്രിട്ടീഷ് ജയിലുകളെ ഭയന്നില്ല. നീലം കർഷകരുടെ സമരം വിജയം വരിക്കുവോളം ചമ്പാരനിൽ തുടർന്നു. ഇന്ത്യ -നേപ്പാൾ അതിർത്തിലെ പിന്നാക്കപ്രദേശമായ ചമ്പാരനിൽ സ്‌കൂളുകളും, ചികിത്സാലയങ്ങളും ആരംഭിച്ചു. ചമ്പാരനിൽ നിന്നാണ് ഖേദയിലേയ്ക്കും, അഹമ്മദാബാദ് മിൽ തൊഴിലാളി സമരത്തിലേയ്ക്കും, നിസ്സഹകരണ - സിവിൽ ആജ്ഞാലംഘന - ക്വിറ്റ് ഇന്ത്യാ സമരങ്ങളിലേയ്ക്കും ഗാന്ധിയെത്തുന്നത്. ബ്രിട്ടീഷുകാർക്ക് ചമ്പാരനിൽ നിന്ന്​ ഗാന്ധിയെ നാടുകടത്താനോ, ജയിലിലടയ്ക്കാനോ കഴിഞ്ഞില്ലെങ്കിലും സമകാലിക ഇന്ത്യ ഗാന്ധിയെ നിരന്തരം അപമാനിതനും, മുറിവേറ്റവനുമായി വെയിലത്തു നിർത്തിയിരിക്കുന്നു.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments