കുകികളെക്കുറിച്ച് സംഘ്​പരിവാറിന്റെ​ പുതിയ നുണക്കഥ: ഇതാണ്​ വസ്​തുത

മണിപ്പുരിലെ കുക്കി ഗോത്രങ്ങൾ ബർമയിൽ നിന്ന് അഭയാർത്ഥികളായി വന്നവരും, പിന്നീട് 1968- ൽ ഇന്ത്യയിൽ എസ്​.ടി ക്വാട്ട അനുവദിച്ചു നൽകപ്പെട്ടവരും ആണെന്നാണ് മണിപ്പൂർ കലാപത്തെ ന്യായീകരിക്കാൻ ഹിന്ദുത്വ ശക്തികൾ ഉയർത്തിപ്പിടിക്കുന്ന കള്ള സാക്ഷ്യം. ഇതിനുപുറകിലെ വസ്​തുതയെക്കുറിച്ച്​ കെ. സഹദേവൻ എഴുതുന്നു.

ണിപ്പുർ വിഷയത്തിൽ തല കുടുങ്ങിപ്പോയ ആർ എസ് എസ്സും ഇതര സംഘപരിവാര സംഘടനകളും ചേർന്ന് പുതിയൊരു നുണക്കഥയുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.

1968 ജൂൺ 8-ൻ്റെ ഒരു സർക്കാർ ഉത്തരവും പൊക്കിപ്പിടിച്ചാണ്​ ഇന്ത്യ ചരിത്രത്തെക്കുറിച്ച് സാമാന്യ ധാരണ പോലുമില്ലാത്ത സംഘ പരിവാരങ്ങൾ ഇറങ്ങിയിരിക്കുന്നത്. 1968- ലെ രേഖ സൂചിപ്പിക്കുന്നതനുസരിച്ച്, മണിപ്പുരിൽ താമസിക്കുന്ന കുക്കി ഗോത്രങ്ങൾ ബർമയിൽ നിന്ന് (മ്യാൻമർ) അഭയാർത്ഥികളായി വന്നവരും, പിന്നീട് 1968- ൽ ഇന്ത്യയിൽ എസ്​.ടി (പട്ടികവർഗ) ക്വാട്ട അനുവദിച്ചു നൽകപ്പെട്ടവരും ആണെന്നാണ് മണിപ്പൂർ കലാപത്തെ ന്യായീകരിക്കാൻ ഹിന്ദുത്വ ശക്തികൾ ഉയർത്തിപ്പിടിക്കുന്ന കള്ള സാക്ഷ്യം.

1968 ജൂൺ 8- ലെ ഉത്തരവ്.

അർദ്ധസത്യം മാത്രമായ ഈ രേഖക്കുപിന്നിലെ വസ്തുതകൾ എന്താണ്?

മണിപ്പുരിലെ മുഴുവൻ കുക്കികളെയും അഭയാർഥികളായി കത്തിൽ പരാമർശിക്കുന്നില്ലെന്ന് ആദ്യം തന്നെ നാം മനസ്സിലാക്കേണ്ടതുണ്ട്. 1967-ൽ മ്യാൻമറിലെ ഖദവ്മി ഓപ്പറേഷൻ സമയത്ത് മണിപ്പുരിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായ മ്യാൻമറിലെ കുക്കികൾക്ക് ഇന്ത്യൻ സർക്കാർ നൽകുന്ന മാനുഷിക സഹായം മണിപ്പുർ ജില്ലാ കമ്മീഷണർ നടപ്പിലാക്കുകയായിരുന്നുവെന്നാണ് 1968 ജൂൺ 8 ലെ രേഖയുമായി ബന്ധപ്പെട്ട മുൻ എഴുത്തുകുത്തുകൾ സൂചിപ്പിക്കുന്നു. എന്നാൽ അതുമായി ബന്ധപ്പെട്ട അത്തരം രേഖകളൊന്നും സംഘപരിവാരങ്ങൾ പ്രചരിപ്പിക്കുന്നില്ലെന്ന് കാണാം.

കുക്കി ഗോത്രങ്ങൾക്ക് 1950-ൽ തന്നെ ഇന്ത്യയിൽ എസ്​.ടി പദവി നൽകപ്പെട്ടിരുന്നുവെന്നും അവർ മണിപ്പുരിൽ നൂറ്റാണ്ടുകളായി നിലവിലുണ്ടെന്നും ഉള്ള വസ്തുതകളാണ് ഈ ഒറ്റ രേഖയിലൂടെ അവർ മറച്ചുവെക്കാൻ ശ്രമിക്കുന്നത്. (ഇതോടൊപ്പം ചേർത്തിട്ടുള്ള ഭരണഘടനാരേഖ കാണുക).

കുക്കി അഭയാർത്ഥികൾക്ക് നൽകേണ്ട സഹായങ്ങൾ സംബന്ധിച്ച മുൻ എഴുത്തുകൾ

മണിപ്പുർ, മിസോറാം, മേഘാലയ, അസം, ത്രിപുര, നാഗാലാൻഡ് എന്നിവയുൾപ്പെടെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വസിക്കുന്ന ഒരു വംശീയ വിഭാഗമാണ് കുക്കി. ഇന്ത്യ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ കാണപ്പെടുന്ന നിരവധി മലയോര ഗോത്രങ്ങളിൽ ഒന്നു മാത്രമാണ് കുക്കികൾ. ‘കുക്കി’ എന്ന പദം ആ വംശീയ വിഭാഗം സ്വയം സൃഷ്ടിച്ചതല്ലെന്നും, അതുമായി ബന്ധപ്പെട്ട ഗോത്രങ്ങളെ കൊളോണിയൽ ഭരണത്തിൻ കീഴിൽ പൊതുവെ കുക്കി എന്ന് വിളിക്കപ്പെട്ടതാണെന്നും മനസ്സിലാക്കേണ്ടതുണ്ട്.

കുകികളെ എസ്​.ടി വിഭാഗക്കാരായി അംഗീകരിച്ച്​ 1950 സെപ്തം 6 ന് ഇറക്കിയ ഗസറ്റ് നോട്ടിഫിക്കേഷൻ

1907-ൽ പ്രസിദ്ധീകരിച്ച 'ഫ്രോണ്ടിയർ ആൻഡ് ഓവർസീസ് എക്സ്പെഡിഷൻസ് ഫ്രം ഇന്ത്യ' എന്ന പുസ്തകത്തിൽ കുക്കികൾ 1777-ൽ തന്നെ ലുഷായി കുന്നുകളിൽ (മിസോറാമിൽ) നിവാസികളായിരുന്നുവെന്ന് പരാമർശിക്കുന്നു. 1820-കൾ മുതൽ അക്കാലത്തെ വിവിധ നാട്ടുരാജ്യങ്ങളിൽ (ഇപ്പോൾ ഇന്ത്യയിൽ കൂട്ടിച്ചേർക്കപ്പെട്ടവ അടക്കം) കുകികൾ അധിവസിച്ചു വരുന്നുണ്ടെന്നും ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നു.
കൂടാതെ, 1972-ൽ മണിപ്പൂർ സംസ്ഥാനം രൂപീകരിക്കുന്നതിന് വളരെ മുമ്പുതന്നെ, 1950-ലെ ഭരണഘടന (പട്ടികവർഗ) ഉത്തരവിൽ, 1950-ൽ കുക്കി ഗോത്രങ്ങൾക്ക് പട്ടികവർഗ പദവി (ആസാമിൽ) അനുവദിച്ചിരുന്നതായും കാണാം.

1907-ൽ പ്രസിദ്ധീകരിച്ച 'ഫ്രോണ്ടിയർ ആൻഡ് ഓവർസീസ് എക്സ്പെഡിഷൻസ് ഫ്രം ഇന്ത്യ' എന്ന പുസ്തകത്തിലെ ഭാഗം (പേജ് 235)

വസ്തുതകൾ ഇതൊക്കെയായിരിക്കെ, ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന ആസൂത്രിത വംശഹത്യയ്ക്ക് സാധുത ഉണ്ടാക്കിയെടുക്കാൻ, നൂറ്റാണ്ടുകളായി ഈ രാജ്യത്ത് താമസിച്ചു കൊണ്ടിരിക്കുന്ന ഗോത്ര സമൂഹങ്ങളുടെ പൗരത്വത്തെപ്പോലും ചോദ്യം ചെയ്തുകൊണ്ട്, നിർല്ലജ്ജമായ നുണകൾ അഴിച്ചുവിടുകയാണ് സംഘ്​പരിവാരങ്ങൾ.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments