സംഘികാലം നിർമിച്ചെടുത്ത
നുണകളുടെ റിപ്പബ്ലിക്

ഇന്ത്യയുടെ സാമ്പത്തികാവസ്ഥയെയും വികസനത്തെയും ദാരിദ്ര്യത്തെയും തൊഴിലിനെയും കുറിച്ച്, ചരിത്രം- വിശ്വാസം എന്നിവയെ സംബന്ധിച്ച്, ഇതരമതവിശ്വാസികളെക്കുറിച്ച് നിരന്തരമായ നുണകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സംഘ്പരിവാർ ഫാക്ടറികളിൽ നിർമിച്ചെടുക്കുന്ന ഇത്തരം നുണകൾ തുറന്നുകാട്ടി വസ്തുകൾ എന്താണ് എന്ന് അന്വേഷിക്കുന്ന, കെ. സഹദേവൻ എഴുതുന്ന പരമ്പര തുടങ്ങുന്നു.

‘സംഘികാലം’ ഇന്ത്യയെ നുണകളുടെ റിപ്പബ്ലിക്കായി മാറ്റിയിരിക്കുന്നു. ഏതു നിമിഷവും വീശിയടിക്കാവുന്ന നുണകളുടെ കൊടുങ്കാറ്റിൽ ആശയദൃഢതയില്ലാത്ത രാഷ്ട്രീയ ബോധ്യങ്ങളും ദുർബല ജനാധിപത്യവും തകർന്നടിയുന്നു. നുണകളുടെ സാമ്രാജ്യം ശക്തിപ്രാപിക്കുന്നു. ഇന്ത്യയുടെ സാമ്പത്തികാവസ്ഥയെ
സംബന്ധിച്ച്, വികസനത്തെ കുറിച്ച്, ദാരിദ്ര്യത്തെയും തൊഴിലിനെയും
കുറിച്ച്, ചരിത്രം വിശ്വാസം എന്നിവയെ സംബന്ധിച്ച്, ഇതര
മതവിശ്വാസികളെക്കുറിച്ച് നിരന്തരമായ നുണകൾ ഓരോ നിമിഷവും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

നുണകളിൽ കെട്ടിപ്പൊക്കിയ ഒരു
സാങ്കല്പിക ഇന്ത്യയിലാണ് ഇന്ന് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്.
നുണകൾക്ക് പിന്നിലെ വസ്തുതകൾ അന്വേഷിച്ചുപോകുന്നവരുടെ,
വിളിച്ചുപറയുന്നവരുടെ സ്ഥാനം എവിടെയെന്ന് ഭരണകൂടം കാണിച്ചുതരുന്നു. സഞ്ജീവ് ഭട്ട് മുതൽ മഹുവ മൊയ്ത്ര വരെയുള്ളവർക്ക് അവരുടെ ജീവിതവും
പദവികളും നഷ്ടമാകുന്നത് കാണുന്നു. ഫാഷിസത്തിന്റെ ഫാക്ടറികളിൽ ഉത്പാദിപ്പിച്ചെടുക്കുന്ന നുണകൾ രാജ്യത്തിന്റെ സമസ്ത മേഖലകളെയും വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുകയാണ്.

സഞ്ജീവ് ഭട്ട്, മഹുവ മൊയ്ത്ര

സംഘപരിവാറിന്റെ കാവി രാഷ്ട്രീയ പരീക്ഷണശാലയായി ഗുജറാത്ത് സംസ്ഥാനം തിരഞ്ഞെടുക്കപ്പെടുകയും 2002-ലെ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് നടത്തിയ നുണപ്രചാരണങ്ങൾ വിജയിക്കുകയും ചെയ്തപ്പോൾ നരേന്ദ്ര മോദി എന്ന നേതാവ് ഇന്ത്യയിൽ ഉദയം കൊണ്ടു. ‘സത്യാനന്തരകാലം’ (പോസ്റ്റ് ട്രൂത്ത് ഇറ) എന്ന് ഇന്ന് പരക്കെ ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയ സംജ്ഞയുടെ ആദ്യരൂപം
ഏറ്റവും ആസൂത്രിത രൂപത്തിൽ പ്രയോഗത്തിൽ വരുത്തുന്നത്
ഇക്കാലത്തായിരുന്നു. മനുഷ്യരുടെ വൈകാരിക ചോദനകളെ രാഷ്ട്രീയാധികാരം നേടാനുള്ള ഉപകരണമായി മാറ്റിക്കൊണ്ട് അവർ നടത്തിയ നുണപ്രചാരണങ്ങൾക്ക് നൽകേണ്ടിവന്നത് ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതങ്ങളായിരുന്നു. കൊല്ലപ്പെട്ടവർ... അച്ഛനമ്മമാർ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ... ജന്മനാട്ടിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നവർ... നുണകളുടെ മലവെള്ളപ്പാച്ചിലിൽ ജീവിതത്തിന്റെ ഗതിതന്നെ മാറിപ്പോയവർ ലക്ഷക്കണക്കിന് വരും.

ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി അധികാരത്തിൽ എത്തിക്കഴിഞ്ഞ ഏതാനും നാൾക്കകം തന്നെ അഹമ്മദാബാദിൽ നിന്ന് കർണ്ണാവടിയിലേക്കുള്ള ദൂരം പൂർത്തിയാക്കിക്കഴിഞ്ഞിരുന്നു. ഗെറ്റോകളുടെ നഗരമായി അഹമ്മദാബാദ് മാറിക്കഴിഞ്ഞിരുന്നു. ദലിതുകളും മുസ്ലിംങ്ങളും നഗരത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് മാറ്റപ്പെട്ടുകഴിഞ്ഞിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി അധികാരത്തിൽ എത്തിക്കഴിഞ്ഞ ഏതാനും നാൾക്കകം തന്നെ അഗെറ്റോകളുടെ നഗരമായി അഹമ്മദാബാദ് മാറിക്കഴിഞ്ഞിരുന്നു. / Photo: slums of Rakhiyal, newsclick.in

നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത് ഏതാണ്ട് ഒരു ദശകം പൂർത്തിയാക്കാനിരിക്കെ ലോക സാമ്പത്തിക ഫോറം 2024-ലെ ഗ്ലോബൽ റിസ്ക് റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നു. ഈ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നതനുസരിച്ച്, ആഗോള വ്യാജ വാർത്താ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ഒന്നാമതാണ്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് വ്യാജ വാർത്തകളുടെ പെരുമഴ തന്നെ സൃഷ്ടിക്കാൻ സംഘപരിവാരങ്ങൾ കോപ്പുകൂട്ടുകയാണ്. സർക്കാർവിലാസം വിദഗ്ധർ,
മാധ്യമങ്ങൾ, സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരെ ഉപയോഗപ്പെടുത്തി നടത്തുന്ന നുണ പ്രചാരണങ്ങൾക്കിടയിൽ സത്യമേത്, വ്യാജമേത് എന്ന് തിരിച്ചറിയാനാകാതെ പൊതുജനങ്ങൾ കുടുങ്ങിപ്പോകുന്നു. ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലേക്ക് കടക്കുംമുമ്പ് ഒരു ഫാഷിസ്റ്റ് ഉപകരണമെന്ന നിലയിൽ വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും
ഉപയോഗപ്പെടുത്തപ്പെട്ടതിന്റെ ചരിത്രം ചെറിതായൊന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും എന്ന് കരുതുന്നു.

ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ 2024-ലെ ഗ്ലോബൽ റിസ്ക് റിപ്പോർട്ടില്‍ നിന്ന്. ഈ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നതനുസരിച്ച്, ആഗോള വ്യാജ വാർത്താ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ഒന്നാമതാണ്. / Graphics: weforum.org

ഫാഷിസ്റ്റ് ഇറ്റലിയും നാസി ജർമ്മനിയും ഇന്ത്യയിലെ കാവി ഫാഷിസത്തിന് എക്കാലവും ഊർജ്ജം പകർന്നവയായിരുന്നുവെന്ന് നമുക്കറിയാം. നുണകളുടെ റിപ്പബ്ലിക് സൃഷ്ടിക്കുന്നതിലും ഫാഷിസ്റ്റ് ഇറ്റലിയുടെ വഴികൾ തന്നെയാണ്അ അവർ സ്വീകരിച്ചിരിക്കുന്നത്.
വിവരങ്ങൾ ആസൂത്രിതമായ രീതിയിൽ നിയന്ത്രിക്കുകയും കൈകാര്യം ചെയ്യുന്നതിലൂടെയും രാഷ്ട്രീയ ഭരണം ഉറപ്പിച്ചുനിർത്താമെന്ന്
തിരിച്ചറിഞ്ഞ് വ്യാജ വിവരങ്ങളുടെ പെരുമഴ സൃഷ്ടിച്ച ഇറ്റാലിയൻ
ഫാസിസ്റ്റ് രാഷ്ട്രീയ നേതാവ് ബെനിറ്റോ മുസ്സോളിനി ഒരു പത്രപ്രവർത്തകൻ കൂടിയായിരുന്നു എന്നത് രസകരമായ അറിവാണ്. ഭരണത്തിലിരുന്ന കാലയളവിൽ സ്വതന്ത്ര മാധ്യമങ്ങളെയും നിർഭയരായ പത്രപ്രവർത്തകരെയും ഒന്നൊന്നായി നശിപ്പിക്കാൻ മുസ്സോളിനിക്ക് മടിയേതുമില്ലായിരുന്നു.

കൃത്യമായ വിശദാംശങ്ങളോടും ആവൃത്തിയോടും കൂടി, ദേശീയതയെ സംബന്ധിച്ച്, രാഷ്ട്ര പുരോഗതിയെ സംബന്ധിച്ച്, ന്യൂനപക്ഷങ്ങളെക്കുറിച്ച്, ഇതര രാഷ്ട്രീയ ബോധ്യങ്ങളെക്കുറിച്ച് നുണകളുടെ ഘോഷയാത്രതന്നെ സൃഷ്ടിക്കാൻ മുസ്സോളിനിക്ക് സാധിച്ചു. കുപ്രസിദ്ധമായ MinCulPop (Ministry of Popular
Culture) അഥവാ ‘ജനകീയ സാംസ്‌കാരിക മന്ത്രാലയ’ത്തിലൂടെ ‘വെലൈൻ’ എന്ന് വിളിക്കപ്പെട്ടിരുന്ന മാധ്യമങ്ങൾക്ക് വ്യാജവാർത്തകൾഎത്തിച്ചുകൊടുക്കാൻ ഫാഷിസ്റ്റ് ഭരണകൂടവും പാർട്ടിയും നിരന്തരം പ്രയത്‌നിച്ചു. പദപ്രയോഗങ്ങളുടെ തിരഞ്ഞെടുപ്പ്, ഭാഷാശൈലി- എന്തിന് മാധ്യമങ്ങളുടെ സ്റ്റൈൽബുക്ക് പോലും- എന്നിവ എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച
മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിലടക്കം പ്രത്യേക ശ്രദ്ധ തന്നെ
ഇറ്റലിയിലെ ഫാഷിസ്റ്റ് ഭരണകൂടം നൽകുകയുണ്ടായി. (അയോധ്യയിൽ പള്ളി പൊളിച്ചപ്പോഴും ക്ഷേത്രം ഉദ്ഘാടനം ചെയ്തപ്പോഴും ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ സാമ്പിളുകൾ മാത്രം പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടും).

ബെനിറ്റോ മുസ്സോളിനി

ഇതിലൂടെ, കൃത്യതയോടെ പൊലിപ്പിച്ചെടുത്ത, യാഥാർത്ഥ്യങ്ങളുമായി പുലബന്ധംപോലുമില്ലാത്ത, ഒരു സാങ്കല്പിക ഇറ്റലിയെ സൃഷ്ടിച്ചെടുക്കാൻ മുസ്സോളിനിക്ക് സാധിച്ചു. സാമാന്യബോധത്തിനും
യുക്തിക്കും നിരക്കാത്ത നുണകൾ മാധ്യമങ്ങളിലൂടെ നിരന്തരം
പ്രചരിപ്പിച്ചുകൊണ്ടായിരുന്നു പൊതുബോധത്തിലേക്ക് നുഴഞ്ഞുകയറാൻ അവർക്ക് സാധിച്ചത്. ഈ നുണപ്രചാരണങ്ങളുടെ ഇരകളായി മാറ്റപ്പെട്ടവർപോലും അവ ഏറ്റുപിടിക്കുന്ന അവസ്ഥയിലേക്ക് ചെന്നെത്തുകയുണ്ടായി എന്നതാണ്
യാഥാർത്ഥ്യം.

വ്യാജ വാർത്തകൾ വെറുതെ സംഭവിക്കുന്നതല്ലെന്നും അവ സംഘടിത
ശ്രമത്തിന്റെ ഭാഗമായി ഉരുവെടുക്കുന്നതാണെന്നും തിരിച്ചറിയുമ്പോഴേക്കും അമ്പരപ്പിക്കുന്ന വേഗതയിൽ ആ വാർത്തകൾ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു കഴിഞ്ഞിരിക്കും. ഒരു സർക്കാരിന്റെ അല്ലെങ്കിൽ ഭരണപക്ഷത്തിന്റെ കാഴ്ചപ്പാടുകളെയോ പ്രവർത്തനങ്ങളെയോ സഹായിക്കുന്നതിനായി മാത്രം സൃഷ്ടിക്കപ്പെടുന്നവയല്ല. മറിച്ച്, ദുരൂഹവും സന്ദേഹവും നിറഞ്ഞ ഒരു വാർത്താ അന്തരീക്ഷം നിർമ്മിച്ചെടുക്കുക എന്നതാണ് അവയുടെ ദൗത്യം.

സമസ്ത മേഖലകളിലും സംശയത്തിന്റെ, വിശ്വാസമില്ലായ്മയുടെ, അസത്യത്തിന്റെ അന്തരീക്ഷം വളർത്തിയെടുക്കുകയും ഫാഷിസ്റ്റ് രാഷ്ട്രീയത്തിന് വളരാനും മുന്നോട്ടുപോകാനും ഉള്ള സാഹചര്യം ഒരുക്കിക്കൊടുക്കുക എന്നതാണ് അതിന്റെ കർത്തവ്യം. ഫാഷിസത്തിന് വസ്തുതാപരമായ വിവരങ്ങളോട് യാതൊരു പരിഗണനയും ഇല്ലെന്ന് പോപ്പുലിസത്തെയും ഫാഷിസത്തെയും കുറിച്ച് ഗവേഷണം നടത്തുന്ന
ഫെഡറിക്കോ ഫിൻഷെൽസ്റ്റീൻ 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഫാഷിസ്റ്റ്
ലൈസ്'ൽ (2020) വിശദീകരിക്കുന്നു. ഫാഷിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ
യാഥാർത്ഥ്യത്തെ സത്യത്തിൽ നിന്ന് വേർപെടുത്തുന്ന രീതിയെ
ഫിൻഷെൽസ്റ്റീൻ തന്റെ പുസ്തകത്തിൽ ആഴത്തിൽവിശകലനം
ചെയ്യുന്നുണ്ട്. വസ്തുതകളെ, സ്വതന്ത്ര അന്വേഷണങ്ങളെ എങ്ങിനെ ഫാഷിസം ഇല്ലായ്മ ചെയ്യുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു. നേതാവിന്റെ വാക്കുകൾക്കപ്പുറത്ത് സത്യത്തെ അന്വേഷിക്കാൻ ധൈര്യം കാണിക്കാത്ത വലിയൊരു അനുയായി വൃന്ദത്തെ സൃഷ്ടിച്ചെടുക്കാൻ ഫാഷിസത്തിന് സാധിക്കുന്നു. മുകൾത്തട്ടിൽ നിയമവിധേയമാക്കപ്പെടുന്ന ഫാഷിസം അതിന്റെ
എല്ലാ ക്രൂരതകളോടും പ്രകടിതമാകുന്നമാകുന്നത് കീഴ്ത്തട്ടിൽ
നിന്നാകുന്നതങ്ങിനെയാണെന്ന് ഫിൻഷെൽസ്റ്റിൻ വ്യക്തമാക്കുന്നു.

രാജ്യം അതിന്റെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം ആചരിക്കുകയാണ്. ഒരു രാഷ്ട്രമെന്ന നിലയിൽ നാം നേടിയെടുത്ത മൂല്യങ്ങളൊക്കെയും കാവി രാഷ്ട്രീയത്തിന്റെ നുണപ്രചരണങ്ങളിൽ കുത്തിയൊലിച്ചുപോവുകയാണെന്ന് നാം കാണുന്നു. സ്വതന്ത്രമെന്ന് നാം കരുതിപ്പോന്നവയൊക്കെയും മുട്ടുകാലിൽ ഇഴയുന്ന കാഴ്ചകളാണ് എങ്ങും. സംഘപരിവാറിന്റെ നുണ ഫാക്ടറികളിൽ നിരന്തരമായി ഉത്പാദിപ്പിക്കപ്പെടുന്ന നുണകളെ പ്രതിരോധിക്കാൻ കഴിയാത്ത
നിസ്സഹായാവസ്ഥകളിലേക്ക് ജനാധിപത്യ ഇന്ത്യ നിപതിക്കുന്നു. പക്ഷേ, ഒരു ജനത എന്ന നിലയിൽ നമുക്ക് പ്രതിരോധിച്ചേ മതിയാകൂ. കാവി രാഷ്ട്രീയം വരച്ചുകാട്ടുന്ന കൃത്രിമ ഇന്ത്യയുടെ ചിത്രങ്ങൾക്ക് പിന്നിലുള്ള
യഥാർത്ഥ ഇന്ത്യയെ കണ്ടെത്തേണ്ടത് അതുകൊണ്ടുതന്നെ പ്രധാനമാണ്.

(തുടരും)


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments