"എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' എന്നാണ് ഗാന്ധി ആത്മകഥയ്ക്ക് പേര് കൊടുത്തത്, അല്ലാതെ "എന്റെ സദാചാരാന്വേഷണ പരീക്ഷണങ്ങൾ' എന്നോ എന്റെ " ലെെംഗികാന്വേഷണ പരീക്ഷണങ്ങൾ' എന്നോ ആയിരുന്നില്ല. സ്വന്തം ജീവിതത്തെയാണ് പരീക്ഷണവിധേയമാക്കിയത്. അവസാനം ‘‘എന്റെ
ജീവിതമാണ് എന്റെ സന്ദേശം'' എന്ന്കൂടി പറഞ്ഞു. ഭക്ഷണം മുതൽ മലശോധന വരെ വ്യക്തിയുടെ സ്വകാര്യത എന്നു കരുതപ്പെടുന്ന എല്ലാം ഇതിൽ ഉൾപ്പെടും. അതെല്ലാം എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഗാന്ധിയുടെ ആശയാദർശങ്ങളോട് പല വിയോജിപ്പും എനിക്കുണ്ട്. എന്നാൽ അതേസമയം എന്നെ വളരെ സ്വാധീനിച്ച വ്യക്തിത്വവുമാണ്. തനിക്ക് ശരിയെന്ന് തോന്നിയ രീതിയിൽ ജീവിക്കാൻ കാണിച്ച ധെെര്യവും തെറ്റെന്ന് ബോധ്യമായത് തിരുത്താനുള്ള സന്നദ്ധതയും ജീവിതം തുറന്നെഴുതാനുള്ള സത്യസന്ധതയും എന്നെ ആകർഷിക്കുന്നു. സാധാരണ ഇന്ത്യൻ മനോഭാവത്തിൽ നിന്ന് വിഭിന്നമായ സ്വഭാവ സവിശേഷതകളാണ് ഇവ മൂന്നും.
1948ൽ ഹിന്ദു മതതീവ്രവാദിയാൽ വെടിയേറ്റ് കൊല്ലപ്പെട്ട് 72 വർഷം കഴിഞ്ഞിട്ടും നല്ലൊരു ശതമാനം ഇന്ത്യക്കാർ ഇന്നും ഗാന്ധിയെ വെറുതേ വിട്ടിട്ടില്ല. ലോകമെമ്പാടുമുള്ള ബുദ്ധിജീവികൾ വിമർശിക്കാൻ വേണ്ടി ഗാന്ധിയെ വീണ്ടുംവീണ്ടും പഠിച്ചുകൊണ്ടിരിക്കുന്നു. ഇതിന് ഒരു പ്രധാനപ്പെട്ട കാരണം ഗാന്ധിയുടെ ലെെംഗികതയാണ്.
പുരുഷനായി ജനിച്ചിട്ടും ആണത്തം കെെവെടിയുകയും ‘‘അത് കൊള്ളില്ല, അതുകൊണ്ട് ഞാനത് വേണ്ടെന്നുവച്ചു'' എന്ന് തന്റെ ചെയ്തികളിലൂടെ ലോകത്തോട് പ്രഖ്യാപിക്കുകയും ചെയ്ത വ്യക്തിയാണ് ഗാന്ധി
പുരുഷനായി ജനിച്ചിട്ടും ആണത്തം കെെവെടിയുകയും ‘‘അത് കൊള്ളില്ല, അതുകൊണ്ട് ഞാനത് വേണ്ടെന്നുവച്ചു'' എന്ന് തന്റെ ചെയ്തികളിലൂടെ ലോകത്തോട് പ്രഖ്യാപിക്കുകയും ചെയ്ത വ്യക്തിയാണ് ഗാന്ധി.
പൗരുഷം എന്ന സങ്കല്പം- നിരന്തരമായ യുദ്ധസന്നദ്ധത, സ്ത്രീയോടും അധികാരത്തോടുമുള്ള ആസക്തി. (പൗരുഷവും സ്ത്രെെണതയും-gender- ജന്മസിദ്ധമല്ല, സാമൂഹ്യ-സാംസ്കാരിക നിർമ്മിതികളാണ്)
ഭാരതീയ സ്ത്രെെണസങ്കല്പങ്ങളെ ഗാന്ധി പൂർണ്ണമായും പിന്തുണയ്ക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഭർത്താവുള്ള സ്ത്രീ സർവ്വാഭരണ വിഭൂഷിതയായിരിക്കണം എന്നതാണ് രാമായണത്തിലെ ഒരു പരികല്പന. വിധവകൾ മാത്രമേ ഉത്തരേന്ത്യയിൽ വെള്ളവസ്ത്രം ധരിക്കാൻ പാടുള്ളൂ. ഗാന്ധി അഭ്യർത്ഥിച്ചപ്പോൾ സുമംഗലികളും കുമാരിമാരും ആചാരം ധിക്കരിച്ച് ആഭരണങ്ങൾ ഊരിനൽകാൻ സന്നദ്ധരായി.
ഗാന്ധി അവതരിപ്പിച്ച നിരാഭരണയും അനാകർഷകയുമായ സ്ത്രീസങ്കല്പം ഇന്ത്യൻ സൗന്ദര്യസദാചാരത്തെ വെല്ലുവിളിക്കുന്നതായിരുന്നു. (ജനപ്രിയ സിനിമകളിലും ആഴ്ചപ്പതിപ്പുകളിലും സ്ത്രെെണത അവതരിപ്പിക്കപ്പെടുന്ന രീതിയുമായി ഇതിനെ താരതമ്യം ചെയ്തു നോക്കുക). കുലവധു/അകത്തമ്മ പരിവേഷത്തിൽ നിന്ന് മോചിതരായ അനേകം സ്ത്രീകൾ തൊഴിൽ രംഗത്തും സമരരംഗത്തും കടന്നു വന്നു. (ഇത്തരമൊരു സ്ത്രീയുടെ കഥയാണ് ലളിതാംബിക അന്തർജനത്തിന്റെ
പ്രശസ്ത നോവലായ അഗ്നിസാക്ഷി.)
അലൈംഗിക പുരുഷശരീരം
ഗാന്ധി അഹിംസയുടെ വഴി തിരഞ്ഞെടുത്തതിന് ഒരു കാരണമായി പറഞ്ഞത് ആയുധമില്ലാത്തവർക്കും സ്ത്രീകൾക്കും കൂടി സ്വാതന്ത്ര്യസമരത്തിൽ പങ്കാളിത്തം ഉണ്ടാകേണ്ടതുണ്ടെന്നാണ്. നിരാഹാരം, സത്യാഗ്രഹം, സഹനസമരം, ഹർത്താൽ ഇത്തരം സമരമുറകൾക്ക് ഇന്ത്യയിൽ പ്രചാരം നൽകിയത് ഗാന്ധിയാണ്. ഇന്നത്തെ ജനകീയ സമരശെെലി ഈ രീതിയിലുള്ളതായതുകൊണ്ടാണ് ദരിദ്രർക്കും സ്ത്രീകൾക്കും വ്യാപകമായി അവ ഉപയോഗിക്കാൻ സാധിക്കുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വത്തിലേക്ക് ഗാന്ധി വന്നതോടെയാണ് പൊതുരംഗത്തെ സ്ത്രീപ്രാതിനിധ്യം വർദ്ധിച്ചത്.
അഹിംസയുടെ പൂർണ്ണതയ്ക്കുവേണ്ടി ബ്രഹ്മചര്യം സ്വീകരിക്കേണ്ടതുണ്ടെന്ന് ഗാന്ധി വിശ്വസിച്ചത് എന്തുകൊണ്ട്? സമൂഹം അംഗീകരിച്ച മാനദണ്ഡങ്ങൾ വച്ച് നോക്കുമ്പോൾ അഹിംസ പൗരുഷത്തിന്റെ നിഷേധമാണല്ലോ. ഗാന്ധി സത്യാന്വേഷിയും അവനവനോട് സത്യസന്ധനുമായതുകൊണ്ട് അധികാരപരിത്യാഗത്തിന്റെ പാതയായ ബ്രഹ്മചര്യം സ്വീകരിച്ചു.
വസ്ത്രത്തിന്റെ പരിധിയിൽ നിന്ന് മുക്തമായ ശരീരം എന്ന സങ്കല്പം ഇന്നും പലർക്കും അസഹ്യത സൃഷ്ടിക്കുന്നു
ഇന്ത്യൻ നാഗരിക ബുദ്ധിജീവികൾക്ക് പലപ്പോഴും അനഭിമതനായിരുന്നെങ്കിലും നിരക്ഷരരും ദരിദ്രരുമായ ജനകോടികൾ ഗാന്ധിയിൽ സ്നേഹവാനായ ഒരു പിതാവിനെ കണ്ടെത്തി. ഗാന്ധി കൊല്ലപ്പെട്ടപ്പോൾ അവസാനമായി ഒരുനോക്ക് കാണാൻ അനേകകാതങ്ങൾ താണ്ടി ഗ്രാമീണർ രാജ്ഘട്ടിൽ എത്തിച്ചേർന്നു. ഇന്ത്യൻ മിത്തോളജിയിലെ അതികാമികളും മക്കളുടെ അധികാരനഷ്ടത്തിന് കാരണക്കാരുമായ (ദശരഥൻ, യയാതി, ശന്തനു) പിതൃബിംബങ്ങളെ ഗാന്ധിയുടെ ബ്രഹ്മചര്യപരീക്ഷണങ്ങൾ അപ്രസക്തമാക്കി. മാതൃബിംബങ്ങളുടെ അലെെംഗികതയും അച്ഛൻമാരുടേയും ആൺമക്കളുടേയും അമിതാസക്തിയും വയലൻസും ഇന്ത്യൻ മിത്തോളജിയിലെ ആവർത്തിച്ചു വരുന്ന പ്രതീകഘടനയാണ്. എന്നാൽ ഇതിനു വിപരീതമായി പുരുഷശരീരത്തിനും അലെെംഗികവും സൗമ്യവുമായ തലങ്ങൾ ഉണ്ടാകാമെന്ന് ഗാന്ധി തെളിയിച്ചു.
ഗാന്ധി ബെെസെക്ഷ്വൽ ആയിരുന്നെന്ന് കരുതുന്ന ഒട്ടേറെപ്പേരുണ്ട്. കല്ലൻബക് എന്ന സുഹൃത്ത് യഥാർത്ഥത്തിൽ ഗാന്ധിയുടെ ലെെംഗികപങ്കാളികൂടിയായിരിക്കാമെന്ന് അവർ സംശയിക്കുന്നു.
ഗാന്ധി അർദ്ധനഗ്നനായി പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ ചർച്ചിലിനെപ്പോലെയുള്ളവർ അപരിഷ്കൃതനെന്ന് പരിഹസിച്ചു. വസ്ത്രത്തിന്റെ
പരിധിയിൽ നിന്ന് മുക്തമായ ശരീരം എന്ന സങ്കല്പം ഇന്നും പലർക്കും അസഹ്യത സൃഷ്ടിക്കുന്നു!
ഗാന്ധിയുടെ ബ്രഹ്മചര്യം
ഗാന്ധിയുടെ ബ്രഹ്മചര്യം കെടാത്ത വിവാദങ്ങൾക്ക് വിഷയീഭവിച്ചു. കാരണം ഇക്കാലത്തെല്ലാം ഗാന്ധി സ്ത്രീകളിൽ നിന്ന് വിട്ടുനിൽക്കുകയല്ല, മറിച്ച് അവരോട് കൂടുതൽ അടുത്ത് ഇടപഴകുകയാണ് ചെയ്തത്. അതിൽ ഏറ്റവും ഒടുവിലത്തേതും കോളിളക്കം സൃഷ്ടിച്ചതുമായ ബന്ധം മനുവുമായിട്ടുള്ളതായിരുന്നു. രക്തബന്ധം കൊണ്ട് (അനന്തരവളുടെ മകൾ) മനുവിന്റെ
മുത്തശ്ശനാണ് ഗാന്ധി. എന്നാൽ അമ്മയും മകളുമായാണ് ഇവർ പരസ്പരം കണ്ടത്. ഗാന്ധി തന്റെ അമ്മയും ഗുരുവുമാണെന്ന് മനു കരുതി.
ശരാശരി പുരുഷൻ ആണത്തത്തിന്റെ പേരിൽ അഭിമാനിക്കുന്നവനും വാർദ്ധക്യത്തിൽ പോലും അത് വേണ്ടെന്നുവയ്ക്കാൻ കഴിയാത്തവനുമാണ്. സ്വയം നിയന്ത്രക്കാൻ കഴിവില്ലാത്തവരെന്നും സ്ത്രീശരീരത്തിന്റെ പ്രലോഭനമാണ് തങ്ങളുടെ സദാചാരഭ്രംശത്തിന് കാരണമെന്നും സ്ത്രീ പൊതുരംഗത്തുനിന്ന് ഒഴിഞ്ഞുനിൽക്കുകയാണ് ഭേദമെന്നും അവർ പ്രചരിപ്പിക്കുന്നു. ഒരു സ്ത്രീ പൂർണ്ണനഗ്നയായി മുന്നിൽ വന്നാലും സ്വയംനിയന്ത്രിക്കാൻ കഴിയുന്നവനാകണം എന്ന ശാഠ്യം ഗാന്ധിയെ വ്യത്യസ്തനാക്കുന്നു. പ്രതിഷ്ഠയുടെ ബ്രഹ്മചര്യയെപ്രതി സ്ത്രീകളെ അകറ്റിനിർത്തുന്ന തരം ആചാരങ്ങളുള്ള ഒരു രാജ്യത്ത് ഗാന്ധി ഒരു ഹിന്ദുതീവ്രവാദിയാൽ കൊല്ലപ്പെട്ടതിൽ അതിശയമില്ല!
ബ്രഹ്മചര്യം ആന്തരിക വീര്യം വർദ്ധിപ്പിക്കും എന്ന യുക്തി ഭാരതത്തിന് ഒരിക്കലും അപരിചിതമായിരുന്നില്ല. എന്നാൽ ഭീഷ്മരുടെ ബ്രഹ്മചര്യമല്ല ഗാന്ധിയുടേത്. ഭീഷ്മർ ബ്രഹ്മചര്യയിലൂടെ അയാളുടെ പൗരുഷത്തെ നിരാകരിക്കുകയല്ല, പകരം അതിനെ കൂടുതൽ ശക്തിപ്പെടുത്താനായി വയലൻസിലേക്ക് വഴിതിരിച്ചുവിടുകയാണ്. ഗാന്ധിയാകട്ടെ അഹിംസയുടെ സമ്പൂർണ്ണതയ്ക്കുവേണ്ടിയാണ് ബ്രഹ്മചര്യം സ്വീകരിക്കുന്നതുതന്നെ. സ്ത്രീകളെ മനസ്സിലാക്കാൻ കഴിയാത്ത, സ്ത്രെെണതയുള്ള സ്ത്രീകളെ കെെയ്യേറ്റം ചെയ്യുന്ന, സ്ത്രെെണതയില്ലാത്ത സ്ത്രീയെ അംഗീകരിക്കാനോ നേരിടാനോ തയ്യാറല്ലാത്ത ഭീഷ്മസങ്കല്പം ഗാന്ധിക്ക് ഒരിക്കലും സ്വീകാര്യമല്ല.
ഇതിഹാസനായകനായ അർജ്ജുനനും ഗാന്ധിയുമായി ചില ശ്രദ്ധേയമായ സാദൃശ്യങ്ങളുണ്ട്
1)കുരുക്ഷേത്ര യുദ്ധത്തിൽ നിന്ന് പിൻമാറി അഹിംസാമാർഗ്ഗം സ്വീകരിക്കാനാണ് അർജ്ജുനൻ ആഗ്രഹിച്ചത്. (ഗാന്ധിയെ ഏറ്റവുമധികം സ്വാധീനിച്ച ഗ്രന്ഥമാണ് ഭഗവത്ഗീത. "അനാസക്തിയോഗം' എന്ന പേരിൽ അദ്ദേഹം അത് പരാവർത്തനം ചെയ്തിട്ടുണ്ട്)
2)വിവാഹിതനായെങ്കിലും ഒരിക്കലുണ്ടായ കുറ്റബോധത്താൽ അർജ്ജുനൻ ബ്രഹ്മചര്യ ഒരു വ്രതമായി സ്വീകരിച്ചിരുന്നു.
3)നിരവധി സ്ത്രീകളുമായി അർജ്ജുനന് ബന്ധമുണ്ടായിരുന്നു.
4)ലെെംഗികബന്ധത്തിന് സന്നദ്ധനാകാതിരുന്നതിനാൽ ഉർവ്വശി അർജ്ജുനനെ ശപിച്ചു.
5)അർജ്ജുനന്റെ പുരുഷത്വം നഷ്ടമായി.
6)അർജ്ജുനൻ സ്ത്രീരൂപം സ്വീകരിച്ച് ഉത്തരയെന്ന കുമാരിയുടെ ആയയും ഗുരുവുമായി.
7)ഉത്തരയെ ഭാര്യയാക്കാൻ അവളുടെ അച്ഛൻ അപേക്ഷിച്ചെങ്കിലും അർജ്ജുനൻ തയ്യാറായില്ല.
8)സ്വഭാവത്തിൽ സത്രെെണതയുള്ള അർജ്ജുനനും രൂപത്തിൽ സ്ത്രെെണതയുള്ള കൃഷ്ണനും തമ്മിൽ ആഴത്തിലുള്ള ബന്ധമാണ് ഉണ്ടായിരുന്നത്.
9)ശിഖണ്ഡിയെന്ന സ്ത്രീയെ കൂടെനിർത്തിയാണ് അർജ്ജുനൻ മഹാഭാരതയുദ്ധം ജയിച്ചത്. (തന്റെ സമരത്തിലുടനീളം ഗാന്ധി സ്ത്രീയെ ഒപ്പം നിർത്തുന്നു. സ്ത്രെെണത വെടിയാൻ തയ്യാറാകുന്ന സ്ത്രീകളോടാണ് പൗരുഷം ത്യജിക്കാൻ ആഗ്രഹിക്കുന്ന ഗാന്ധിക്ക് എക്കാലവും താല്പര്യം)
ആൺലെെംഗികതയുമായി ബന്ധപ്പെടുത്തിയാണ് ലോകത്തിന്റെ
അധികാരഘടന നിർമ്മിതമായിരിക്കുന്നത്. അതിന് കേന്ദ്രീകൃതസ്വഭാവമാണുള്ളത്. രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളും ആയുധക്കച്ചവടവുമാണ് ലോക സാമ്പത്തിക രംഗത്തെ സജീവമായി നിലനിർത്തുന്നത്. ഓരോ രാജ്യവും അതിന്റെ സമ്പത്തിന്റെ സിംഹഭാഗവും പ്രതിരോധരംഗത്ത് നിക്ഷേപിക്കുന്നു.
ഗാന്ധി അധികാരവികേന്ദ്രീകരണത്തിന്റെ വക്താവായിരുന്നു. ഗാന്ധി സ്വീകരിച്ച സമരമാർഗ്ഗങ്ങൾ ആയുധമില്ലാത്തതും ജനാധിപത്യപരവും അതിനു പിന്നിലെ യുക്തി സ്ത്രെെണവുമായിരുന്നു.
ആണായി ജനിക്കുന്നത് ഒരു ഭാഗ്യവും പെണ്ണാകുന്നത് ഒരു ദൗർഭാഗ്യവുമാണെന്ന് ആണും പെണ്ണുമായ ഭൂരിപക്ഷം മനുഷ്യരും വിശ്വസിക്കുന്നു. ആണോ പെണ്ണോ അല്ലാത്ത ലെെംഗികവെെവിധ്യങ്ങളെ പൊതുബോധം മനോരോഗങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തുന്നത്. പൗരുഷം തെറ്റാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയും ഒടുവിൽ അത് വേണ്ടെന്നുവയ്ക്കുകയും ചെയ്തതിലൂടെ ഗാന്ധി പൊതുബോധയുക്തിയെ പാടേ നിഷേധിക്കുകയും ക്രമേണ എല്ലാവരുടേയും എതിർപ്പിന് പാത്രമാവുകയും ചെയ്തു.
പ്രതിഷ്ഠയുടെ ബ്രഹ്മചര്യയെപ്രതി സ്ത്രീകളെ അകറ്റിനിർത്തുന്ന തരം ആചാരങ്ങളുള്ള ഒരു രാജ്യത്ത് ഗാന്ധി ഒരു ഹിന്ദുതീവ്രവാദിയാൽ കൊല്ലപ്പെട്ടതിൽ അതിശയമില്ല!
ഗാന്ധിക്ക് സ്വന്തമായ ചികിത്സാരീതികൾ ഉണ്ടായിരുന്നു. പല ശാരീരിക/വെെകാരിക പ്രശ്നങ്ങൾക്കും പരിഹാരമായി അദ്ദേഹം എനിമാ ഉപയോഗിച്ചിരുന്നെന്ന് വായിക്കുമ്പോൾ എനിക്ക് എന്തുകൊണ്ടോ ആദ്യം ഓർമ്മ വരുന്നത് ഫ്രോയ്ഡിന്റെ
സെെക്കോ അനാലിസിസാണ്! ഒന്ന് ശരീരത്തിന്റെ വയറിളക്കമാണെങ്കിൽ മറ്റേത് മനസ്സിന്റെ
വയറിളക്കമെന്നേയുള്ളൂ. രണ്ടും തത്ത്വത്തിൽ ഒന്നുതന്നെ! ആത്മവിശകലനം കൊണ്ട് സൃഷ്ടിച്ചെടുത്തതാണ് ഗാന്ധിയുടെ ആത്മകഥ. അത് പൊതുസമൂഹത്തിനു മുന്നിൽ തുറന്നുവച്ച ഗാന്ധി, സ്വകാര്യ ജീവിതത്തെ സെെക്കോഅനാലിസിസിന്റെ സർഗ്ഗാത്മകമായ ആവിഷ്കാരമാക്കി മാറ്റുകയായിരുന്നല്ലോ. ഗാന്ധിയുടെ തുറന്നെഴുത്ത് ആത്മകഥാസാഹിത്യത്തിലെ ഒരു പ്രധാന നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. ഗാന്ധിക്ക് ഫ്രോയ്ഡുമായി വേറേയും സാദൃശ്യമുണ്ട്. ഇരുവരും ലെെംഗികതയെ ശരീരാതീതമായി കാണുന്നു. യൗവനത്തിൽ മാത്രമല്ല ശെെശവത്തിലും വാർദ്ധക്യത്തിലും കൂടി സ്ഥാനമുള്ളതും ജീവിതത്തെ നിയന്ത്രിക്കുന്നതുമായ മനസ്സിന്റെ ഒരു സ്വഭാവം (ഫ്രോയ്ഡിന്റെ libido) എന്ന നിലയിൽ. എന്നാൽ ഗാന്ധിയുടെ ലെെംഗികസങ്കല്പങ്ങൾ വിമർശിക്കപ്പെടുമ്പോൾ സമകാലികനായ ഫ്രോയ്ഡ് എങ്ങനെയാണ് ബുദ്ധിജീവികൾക്ക് കൂടുതൽ സ്വീകാര്യനാകുന്നത് എന്നുകൂടി നോക്കാം.
ഫ്രോയ്ഡിന്റെലിംഗമുനകൾ
എല്ലാ മനുഷ്യബന്ധങ്ങളും അടിസ്ഥാനപരമായി രതിബന്ധങ്ങളാണ് എന്നതാണ് ഫ്രോയ്ഡിന്റെ സിദ്ധാന്തങ്ങളുടെ കാതൽ. ശിശുക്കൾക്കും ലെെഗികതയുണ്ടെന്നും അത് മാതാപിതാക്കളോടുള്ള പ്രതികരണപ്രതിപ്രവർത്തനങ്ങളിലൂടെ വളർച്ചപ്രാപിക്കുന്നുവെന്നും അമ്മയും മകനും തമ്മിലോ അച്ഛനും മകളും തമ്മിലോ ഉള്ള സ്നേഹത്തിൽ അഥവാ അമ്മയും മകളും തമ്മിലോ അച്ഛനും മകനും തമ്മിലോ ഉള്ള വെെരത്തിൽ ലെെംഗികതയുടെ അന്തർധാര കണ്ടെത്താൻ കഴിയുമെന്നും ഫ്രോയ്ഡ് സ്ഥാപിച്ചു. സ്ത്രീത്വം എന്നത് പുല്ലിംഗത്തിന്റെ അഭാവമാണെന്നും പുരുഷനായി ജനിക്കാൻ കഴിയാത്തതിനാൽ സ്ത്രീകൾക്ക് ജന്മനാ പുല്ലിംഗാസൂയ ഉണ്ടെന്നും അയാൾ വാദിക്കുന്നു. സുന്നത്തിനോടുള്ള ഫോബിയ ആണ് സെമറ്റിക് മതവിരോധത്തിന്റെ മൂലഹേതുവെന്നും ഫ്രോയ്ഡ് വിചാരിക്കുന്നു. ഇങ്ങനെ സൂര്യനുകീഴിലുള്ള സകലമാന കാര്യങ്ങളേയും ലിംഗമുനയിൽ നിർത്തി തോന്നിയപോലെ വ്യാഖ്യാനിക്കുന്നതാണ് ഫ്രോയ്ഡിന്റെ രീതി.
സാഹിത്യകൃതികളെ ഉദാഹരിച്ചും "ഹിസ്റ്റീരിയ രോഗി'കളെ നിരീക്ഷിച്ചും ഇടയ്ക്കിടയ്ക്ക് കൊക്കെയ്ൻ പുകച്ചുമാണ് ഫ്രോയ്ഡ് തന്റെ കണ്ടെത്തലുകളിൽ എത്തിച്ചേർന്നത്, അല്ലാതെ ഗാന്ധിയെപ്പോലെ ജീവിതം കൊണ്ട് പരീക്ഷണം നടത്തിയിട്ടൊന്നുമല്ല. എന്നിട്ടും ഗാന്ധിയെ ഇന്നും നിരന്തരം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന ലോകം ഫ്രോയ്ഡിനെ അവിശ്വസിച്ചില്ലെന്നു മാത്രമല്ല അതുവരെ ആരും ചിന്തിച്ചിട്ടില്ലാത്ത രീതിയിൽ ചിന്തിച്ച പ്രതിഭാശാലിയെന്ന് പുകഴ്ത്തുകയും ചെയ്തു!
സത്യത്തിൽ ലോകത്തിന്റെ ലിംഗാധിപത്യയുക്തിക്ക് അനുകൂലമായ രീതിയിൽ ഒരു തിയറി ഉണ്ടാക്കിയെടുക്കുക മാത്രമാണ് ഫ്രോയ്ഡ് ചെയ്തത്. അതുകൊണ്ടാണ് അതൊക്കെ വ്യാപകമായി സ്വീകരിക്കപ്പെട്ടത്. ഗാന്ധിയുടെ ചികിത്സാരീതികളെ പുച്ഛിക്കുന്നവർ ഫ്രോയ്ഡിന്റെ അശാസ്ത്രീയത കാണാൻ കൂട്ടാക്കുന്നില്ല. അക്കാലത്തെ ഡോക്ടർമാരുടെ സാമാന്യബുദ്ധിപോലും ഫ്രോയ്ഡിന് ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. മോർഫിൻ അഡിക്ഷന് ചികിത്സയായി കൊക്കെയ്ൻ പ്രിസ്ക്രെെബ് ചെയ്ത് ആളുകളെ കൊലയ്ക്കുകൊടുത്ത ഒരു മുറിവെെദ്യനായിരുന്നു അദ്ദേഹം.
അക്കാലത്തെ ഡോക്ടർമാരുടെ സാമാന്യബുദ്ധിപോലും ഫ്രോയ്ഡിന് ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. മോർഫിൻഅഡിക്ഷന് ചികിത്സയായി കൊക്കെയ്ൻ പ്രിസ്ക്രെെബ് ചെയ്ത് ആളുകളെ കൊലയ്ക്കുകൊടുത്ത ഒരു മുറിവെെദ്യനായിരുന്നു അദ്ദേഹം
ലിംഗാധിഷ്ഠിത ലോകത്തെ ആധുനിക യുക്തിക്ക് അനുസൃതമായി പുനഃപ്രതിഷ്ഠിച്ചതുകൊണ്ടു മാത്രമാണ് ഫ്രോയ്ഡ് അംഗീകരിക്കപ്പെട്ടത്. സെക്സിനും വയലൻസിനും അമിത പ്രാധാന്യം കൊടുത്ത് ഉപബോധത്തെ കലുഷവും യുദ്ധാനുകൂലമാക്കി. പരോക്ഷമായി ആയുധവ്യാപാരത്തെ പ്രോത്സാഹിപ്പിച്ച് സാമ്പത്തികഭദ്രത ഉറപ്പുവരുത്തി. മനുഷ്യബന്ധങ്ങൾ ശിഥിലമായതോടെ സ്റ്റേറ്റ് കൂടുതൽ ശക്തിപ്രാപിച്ചു. ലോകക്രമത്തെ വികലവും കൂടുതൽ അരക്ഷിതവുമാക്കിയ ഒരുതരം മാസ് ഹിപ്നോട്ടിസമായിരുന്നു ഫ്രോയ്ഡിന്റെ
സിദ്ധാന്തങ്ങൾ.
അച്ഛനും മകളും/ അമ്മയും മകനും തമ്മിലുള്ള ബന്ധത്തിൽ പോലും ലെെംഗികത കണ്ടെത്തിയ ഫ്രോയ്ഡ് ആഘോഷിക്കപ്പെട്ടു. സിലബസിന്റെ
ഒഴിച്ചുകൂടാനാവാത്ത ഭാഗമായി. എന്നാൽ ആണിന്റെ ആസക്തിബോധം മറികടന്ന് കൗമാരക്കാരിയായ ഒരു പെൺകുട്ടിയുടെ അമ്മയാകുന്നതിൽ ശരീരംകൊണ്ടും മനസ്സുകൊണ്ടും വിജയിച്ച ഗാന്ധിയെ സർവ്വരും അപഹസിച്ചു. ഫെമിനിസ്റ്റുകൾ പോലും തള്ളിപ്പറഞ്ഞു. എഴുപതു കഴിഞ്ഞ, പല്ലില്ലാത്ത, കഷണ്ടിക്കാരനായ, ജരബാധിച്ച ഗാന്ധിയോട് മനുവിന് കാമവികാരം തോന്നിയില്ലെന്നുള്ളതിൽ യാതൊരു അതിശയോക്തിയും ഇല്ലതാനും. എങ്കിലും അവരുടെ നിഷ്കളങ്കസ്നേഹത്തെയും ഹൃദയബന്ധത്തെയും അംഗീകരിക്കാൻ ഇന്ത്യൻ അബോധം ഒരിക്കലും തയ്യാറായില്ല...
ഉടൽ രാഷ്ട്രീയം എന്നത് ഫെമിനിസവുമായി ബന്ധപ്പെട്ടാണ് ഇക്കാലത്ത് ഉപയോഗിക്കപ്പെടുന്നത്. സ്ത്രീയുടെ സത്തയെ ലെെംഗികമായി മാത്രം കാണുകയും സമൂഹശരീരത്തിൽ പുരുഷന് താഴെ സ്ഥാനപ്പെടുത്തുകയും ചെയ്യുന്ന വികലമായ അവബോധത്തിനെതിരേയുള്ള സമരമാണിത്. എന്നാൽ ഇത് സ്ത്രീയെ മാത്രം ബാധിക്കുന്ന പ്രശ്നമില്ല. ലിംഗമേൽകോയ്മയുടെ അശാസ്ത്രീയ സങ്കല്പനങ്ങളെ പിന്തള്ളി, എല്ലാവർക്കും പ്രാതിനിധ്യമുള്ള ഒരു വികേന്ദ്രീകൃത വ്യവസ്ഥിതിയിലേക്ക് ആണത്ത ബോദ്ധ്യങ്ങൾ സ്വയം തിരിച്ചറിഞ്ഞ് പാകപ്പെടേണ്ടതുണ്ട്. അപ്പോൾ മാത്രമേ നമ്മുടെ ജനാധിപത്യം എല്ലാ അർത്ഥത്തിലും സഫലീകൃതമാവുകയുള്ളൂ.