നരേന്ദ്രമോദി സർക്കാരിൻ്റെ പത്തുവർഷത്തെ എങ്ങനെയാണ് വിലയിരുത്തുക?
സാറാ ജോസഫ്: ജനാധിപത്യത്തിന്റെ ഉയർന്ന മാതൃകയായി ലോകരാഷ്ട്രങ്ങൾ വിലയിരുത്തിയിട്ടുള്ള ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടനയേയും തകർത്ത് ഒരു ഏകമത രാഷ്ട്രം നിർമിക്കാനുള്ള ഹിന്ദുത്വരാഷ്ട്ര വാദികളുടെ തീവ്രപ്രയത്‌നത്തിന്റെ കാലഘട്ടമായിട്ടാണ് മോദി സർക്കാരിന്റെ പത്തു വർഷത്തെ ഭരണകാലം ഭാവിയിൽ വിലയിരുത്തപ്പെടുക. അതിനുവേണ്ടി മഹത്തായ ഒരു രാജ്യത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളെയും രാഷ്ട്രനിർമാണ പ്രക്രിയയുമൊക്കെ അവർ തമസ്‌കരിച്ചു. ഇന്ത്യയുടെ പുരോഗമനോന്മുഖമായ ആർജ്ജിത വിജ്ഞാനത്തെ തള്ളിപ്പറഞ്ഞ് അന്ധവിശ്വാസജടിലമായ ആശയങ്ങളെ ശാസ്ത്രീയമെന്ന് സ്ഥാപിക്കാനുള്ള ശ്രമം നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു. 'രാമനെ' മുൻനിർത്തി ഹിന്ദുക്കളെ ഏകോപിപ്പിക്കാനും മതന്യൂനപക്ഷങ്ങളെ അപരവൽക്കരിക്കാനും കഠിനപ്രയത്‌നം നടത്തി. രാജ്യത്ത് നിലനിന്നിരുന്ന മതസാഹോദര്യവും ബഹുസ്വരതയും മതസ്വാതന്ത്ര്യവും തകർക്കപ്പെടുംവിധം ന്യൂനപക്ഷങ്ങൾക്കെതിരെ വെറുപ്പിന്റെ രാഷ്ട്രീയം നിർമിക്കപ്പെട്ടു. ഗുജറാത്ത് മുതൽ മണിപ്പുർ വരെ രാജ്യത്ത് അഴിച്ചുവിട്ട മതന്യൂനപക്ഷങ്ങൾക്കുനേരെയുള്ള നിരന്തരാക്രമണങ്ങൾ ഇന്ത്യയുടെ ആഭ്യന്തരസമാധാനം തകർത്തു. പ്രത്യേകിച്ച് മുസ്‍ലിം വിരോധം വളർത്തിയെടുക്കുന്നതിലൂന്നിയുള്ള പ്രവർത്തനങ്ങൾ ഹിന്ദുത്വ അജണ്ടയാണെന്ന് പകൽപോലെ യാഥാർഥ്യമായി.
രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ തകർത്ത് തരിപ്പണമാക്കി. ഈ പത്തുവർഷങ്ങളുടെ നേട്ടം ലോകത്തെ ദരിദ്രരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുൻനിരയിൽ സ്ഥാനംപിടിച്ചു എന്നതാണ്. ഏറ്റവും അസന്തുഷ്ടി നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലും മുൻനിരയിൽ തന്നെ. രാജ്യത്തിന്റെ സമ്പത്തും വിഭവങ്ങളും ഒന്നടങ്കം വിരലിലെണ്ണാവുന്ന കോർപറേറ്റുകൾക്ക് എഴുതിക്കൊടുത്ത സർക്കാറെന്ന് മോദിക്കാലം വിലയിരുത്തപ്പെടും. അതിനുമുമ്പ് ഭരിച്ചവർ ഉണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതീർത്തു. രാജ്യത്തിന്റെ സാമ്പത്തികമേഖല സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിലേക്ക് ഏൽപ്പിച്ചുകൊടുത്ത സർക്കാറെന്ന് മോദി സർക്കാർ വിലയിരുത്തപ്പെടുന്നു.
അസംതൃപ്തി പെരുകിയ ജനവിഭാഗങ്ങൾ കൂടുതൽ കൂടുതൽ സൃഷ്ടിക്കപ്പെട്ട കാലമാണിത്. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമാണ്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ നേർവിപരീതാനുഭവാണ് യുവാക്കൾക്കുണ്ടായത്. വിദേശരാജ്യങ്ങളിലും ജോലിസാധ്യത വിരളമായിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യത്തിൽ അഭ്യസ്തവിദ്യരും മിടുക്കരുമായ ഇന്ത്യൻ യുവാക്കൾ രാജ്യത്തിനകത്തും പുറത്തും തൊഴിലില്ലാത്ത അവസ്ഥയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്ത് തൊഴിൽ സാധ്യതകൾ യാതൊന്നും വികസിപ്പിക്കാൻ Make in India ഘോരഘോരം മുഴക്കിയവർക്ക് കഴിഞ്ഞില്ല.
കർഷക ആത്മഹത്യ ഭീതിജനകമായി പടരുകയാണ്. കർഷകരുടെ ദൈന്യത്തിന് പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെന്നുമാത്രമല്ല, അവരെ തെരുവിൽ നേരിടുക എന്ന അധാർമ്മിക അധികാര പ്രയോഗമാണ് മോദിസർക്കാരിന്റെ രീതി.
വിലക്കയറ്റം അദാനിയെയോ അംബാനിയെയോ ബാധിക്കില്ല. അതിന്റെ ദുരന്തം ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾക്കുവേണ്ടി നീക്കിവെച്ചിട്ടുള്ളതാണ്. ദാരിദ്ര്യം രാജ്യത്തിന്റെ മുഖമുദ്രയാക്കി മാറ്റിയ ഈ പത്തുവർഷത്തിൽ ജനങ്ങളുടെമേൽ ചുമത്തിയ നികുതിഭാരം അപലപനീയമാംവിധം വലുതാണ്. ഗ്യാസിന്റെയും പെട്രോളിന്റെയും മറ്റ് അവശ്യസാധനങ്ങളുടെയും വിലക്കയറ്റം താങ്ങാവുന്നതിലധികമോ പുകയും കുടുംബ ബജറ്റിനെ തകിടംമറിക്കുകയും ചെയ്യുന്നു.
സാംസ്‌കാരികമായി ഒരു ജനതയെ പിന്നോട്ടടിക്കാൻ ഇത്രയധികം ഊർജം ഒരു സർക്കാരും ചെലവഴിച്ചുകാണില്ല. സകല ശാസ്ത്രയുക്തികളെയും കാറ്റിൽപറത്തി സ്ത്രീവിരുദ്ധതയും ലൗ ജിഹാദ് പോലെ വെറുപ്പിന്റെ രാഷ്ട്രീയവും പെരുപ്പിച്ചെടുക്കുന്നത് ദിനചര്യയാക്കിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലെ വിജിലന്റ് ഗ്രൂപ്പുകൾ നിർവഹിക്കുന്നത് സാസ്‌കാരിക മലിനീകരണമാണ്. അത് തടയാൻ കഴിയാത്തത് ഇത്തരം ഗ്രൂപ്പുകളുടെ ആവശ്യം നിരാകരിക്കാനാവാത്തതുകൊണ്ടാണ്.
37% ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ എല്ലാ ഭരണകൂട സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്ത് അനുകൂലമാക്കിയ കുടിലതന്ത്രം മറ്റൊരു സർക്കാരും ഉപയോഗിച്ചുകാണില്ല.
ഓർക്കുക: 2019-ലെ തെരഞ്ഞെടുപ്പിൽ ബി ജെ പി യുടെ വോട്ടുശതമാനം 37% മാത്രം. ബാക്കി 63% പേർ ‘ഹിന്ദുത്വ’ അജണ്ട അംഗീകരിക്കാത്തവരായിരുന്നു. ഇന്ത്യയിൽ ആകെ ഹിന്ദുക്കൾ 80 ശതമാനത്തോളമാണ്. അവരിൽ 37% പേർ മാത്രമാണ് ബി ജെ പിയുടെ ഹിന്ദുത്വ അജണ്ട അംഗീകരിച്ചവർ. ബാക്കി 43% ഹിന്ദുക്കളും ഹിന്ദുത്വ രാഷ്ട്രീയം അംഗീകരിക്കുന്നില്ല. 20% വരുന്ന മറ്റ് മതസ്ഥരും അതിന്റെ രാഷ്ട്രീയം അംഗകരിക്കുന്നില്ല. എന്നാൽ, ഇന്ത്യയുടെ അജണ്ട ഏകമത രാഷ്ട്രനിർമാണമല്ലെന്ന് ബോധ്യമുള്ള 63% ഭൂരിപക്ഷത്തെ അധികാരമുപയോഗിച്ച് നിശ്ശബ്ദരാക്കിയും എതിർശബ്ദങ്ങളെ ഇല്ലാതാക്കിയും ജുഡീഷ്യറിയും മാധ്യമങ്ങളുമടക്കമുള്ള ഭരണസ്ഥാപനങ്ങളെ സ്വന്തം നിയന്ത്രണത്തിലാക്കിയ ഫാഷിസ്റ്റ് അധികാരകേന്ദ്രീകരണവും പ്രയോഗവുമാണ് നടന്നുകൊണ്ടിരിക്കുന്നത്.
ചുരുക്കത്തിൽ പത്തുവർഷം കൊണ്ട്, ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരാവകാശങ്ങൾ ഒന്നൊന്നായി നഷ്ടപ്പെടുകയും മൂന്നാം തവണ അധികാരത്തിൽ വന്നാൽ ജനാധിപത്യ ജനാധികാര ഭരണഘടനയെ ചാതുർവർണ്യ വ്യവസ്ഥയിലൂന്നിയ പുതിയൊരു ഭരണഘടനയാക്കി മാറ്റുമെന്ന ഭീഷണി ഉയർന്നിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നമ്മൾ.
2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയ പ്രാധാന്യം എന്താണ് എന്നാണ് കരുതുന്നത്? മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തും എന്ന് കരുതുന്നുണ്ടോ? ‘ഇന്ത്യ’ സഖ്യത്തിൻ്റെ സാധ്യത എത്രത്തോളമുണ്ട്?
2024 -ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരൊറ്റ ചോദ്യം മാത്രമാണ് ഇന്ത്യൻ ജനതക്ക് നിർണായകമായിരിക്കുന്നത്: ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കണോ വേണ്ടയോ?. ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്നതും നാളിതുവരെ നിലനിന്നുപോന്നിരുന്നതുമായ മതേതര ജനാധിപത്യ സ്വാതന്ത്ര റിപ്പബ്ലിക്കായി ഇന്ത്യ നിലനിൽക്കണോ അതോ ഒരു ന്യൂനപക്ഷത്തിന്റെ ഭ്രാന്തൻ ആശയമായ ഹിന്ദുത്വയുടെ കീഴിൽ ഇന്ത്യ ഒരു മതരാഷ്ട്രമായി മാറണോ?
ഇന്ത്യയുടെ ബഹുസ്വരത, ഭാഷാപരവും സാംസ്‌കാരികവും സാമൂഹികവുമായ വൈവിധ്യങ്ങളോടെ നിലനിൽക്കണോ അതോ ‘ഒരു രാജ്യം ഒരു ഭാഷ ഒരു സംസ്‌കാരം’ എന്ന ഏകാധിപത്യ വാഴ്ചയിലേക്ക് മാറണോ? ഈ നിർണായക പ്രശ്‌നത്തിന്റെ ജീവന്മരണസ്വഭാവം ഉൾകൊണ്ടുകൊണ്ടാണ് ‘ഇന്ത്യ’ മുന്നണി രൂപം കൊണ്ടിട്ടുള്ളത്. ഫാഷിസത്തിനെതിരെ ജനാധിപത്യം എന്ന ദ്വന്ദസ്വഭാവം ഉണ്ടായിവന്നിട്ടുണ്ട്. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയാണെങ്കിൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരില്ല.
പ്രതിപക്ഷം എന്ന നിലയിൽ ഒറ്റക്കെട്ടാവുക എന്നതു മാത്രമാണ് പ്രതിപക്ഷത്തിന്റെ ഇന്നത്തെ ഉത്തരവാദിത്വം. അവരവരുടെ പാർട്ടിയുടെ അധികാരം എന്നതിലേറെ ഇന്ത്യയുടെ ജനാധിപത്യ സംരക്ഷണം എന്ന ലക്ഷ്യമാണ് പ്രധാനമായും മുന്നോട്ട് നയിക്കേണ്ടത്. സ്വാതന്ത്ര്യവും രാജ്യത്തിന്റെ ഭാവിയും മുഖ്യമാവുകയും സ്വന്തം അധികാരമെന്നത് രണ്ടാം സ്ഥാനത്തേക്ക് മാറ്റിവെക്കുകയും ചെയ്ത് ത്യാഗനിർഭരമായ ഒരു രണ്ടാം സ്വാതന്ത്രസമരത്തിൽ ഏർപ്പെടേണ്ട അവസരമായി ‘ഇന്ത്യ’ മുന്നണി ഈ തെരഞ്ഞെടുപ്പിനെ സ്വീകരിക്കണം. ‘ഇന്ത്യ’ മുന്നണിക്ക് ഓരോ ദിവസം കഴിയുന്തോറും സാധ്യത കൂടിവരുന്നതായിട്ടാണ് അനുഭവപ്പെടുന്നത്.
ഫാഷിസത്തിൻ്റെ ലക്ഷണങ്ങൾ എല്ലാ മേഖലയിലും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന യൂണിയൻ സർക്കാരാണ് ഇന്ത്യയുടേത്. വലതുപക്ഷത്തേയ്ക്ക് ചായുന്ന സാഹചര്യം തന്നെയാണ് ആഗോള തലത്തിൽ എന്നും കാണാം. ജനാധിപത്യരാഷ്ട്രീയത്തിൻ്റെ ജനാധിപത്യമെന്ന ആശയത്തിൻ്റെ ഭാവി എന്തായിരിക്കും?
ലോകം വലതുപക്ഷത്തേക്കും വെറുപ്പിലേക്കും കൂടുതൽ കൂടുതൽ ചാഞ്ഞുകൊണ്ടിരിക്കുകയാണ്. ഇസ്രായേൽ- പലസ്തീൻ യുദ്ധത്തിൽ അമേരിക്ക പോലുള്ള ലോകരാഷ്ട്രങ്ങളുടെ നിലപാട് അതിന്റെ അങ്ങേയറ്റത്തെ തെളിവാണ്. ലോകത്തെ ജനാധിപത്യ രാജ്യങ്ങൾ നേരിടുന്ന വലിയ വെല്ലുവിളി ജനാധിപത്യ സംരക്ഷണം എങ്ങനെ എന്നതാണ്. ക്രോണി ക്യാപിറ്റലിസം വലതുപക്ഷ വൽക്കരണത്തിന്റെ ഇന്ധനമായി വർത്തിക്കുന്നു. ടെക്‌നോളജിയുടെ ഉടമകൾ ജനങ്ങളല്ല. അവർ അതിന്റെ ഉപഭോക്താക്കളും ഇരകളുമാണ്. അധികാരകേന്ദ്രീകരണവും കോർപറേറ്റ് ചങ്ങാത്തവും കൈകോർത്ത് ഫാഷിസത്തെ സംരക്ഷിച്ച് നിലനിർത്തുകയാണ്. പണവും ആയുധവും ടെക്‌നോളജിയും കൈവശമുള്ളവരുടെ മുമ്പിൽ ഇതൊന്നുമില്ലാത്ത ജനങ്ങൾ നടത്തേണ്ടി വരുന്ന ജീവൻകൊടുത്തുള്ള സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളിലൂടെ മാത്രമേ ജനാധിപത്യത്തെ സംരക്ഷിക്കാനാവു എന്ന നില വന്നിരിക്കുന്നു.
ഇന്ത്യൻ സാഹചര്യത്തിൽ ഇപ്പോഴും ഇതര ജനാധിപത്യ രാജ്യങ്ങളെ അപേഷിച്ച് ജനാധിപത്യം സംരക്ഷിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണെന്നാണ് കരുതുന്നത്. അതിനുകാരണം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും അതിനെ തുടർന്നും ഇന്ത്യയിൽ ശക്തി പ്രാപിച്ച സോഷ്യലിസ്റ്റ് ആശയങ്ങളും ഇടതുപക്ഷ ചിന്താഗതിയും കമ്യൂണിസ്റ്റ് സ്വപ്‌നങ്ങളും ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ്. ഭരണഘടനാശിൽപികൾ ഇന്ത്യയിൽ പുലർന്നുകാണാനാഗ്രഹിച്ചത് സോഷ്യലിസ്റ്റ് വ്യവസ്ഥയാണ്. ജാതി, മത, വർഗ, ലിംഗ വിവേചനമില്ലാത്ത തുല്യനീതിയാണ്. ജനാധിപത്യം എന്നതിന് സോഷ്യലിസം എന്നും കൂടി ഊന്നൽ കൊടുക്കുന്ന ആശയസംഹിതയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ നട്ടെല്ല്. വെറും തെരഞ്ഞെടുപ്പ് മാത്രമല്ല, തുല്യനീതി നടപ്പാക്കലും അതിന്റെ ഉത്തരവാദിത്തമാണ്. ഇടതപക്ഷ ആശയങ്ങൾ ഉൾക്കൊണ്ട കോൺഗ്രസ് നേതാവായിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു. അതുകൊണ്ട് അത്ര എളുപ്പം ജനാധിപത്യം, സോഷ്യലിസം എന്നീ ആശയങ്ങൾ ഇന്ത്യയിൽ നിന്ന് വേരറ്റുപോവില്ല.
സാംസ്കാരിക രംഗത്ത്, നരേന്ദ്രമോദി സർക്കാർ ഉണ്ടാക്കിയ ഹിന്ദുത്വാധിനിവേശം വളരെ വലുതാണ്. കലയുടെയും സാഹിത്യത്തിന്റെയും മേഖലകളിൽ ഗൗരവകരമായ ആലോചനകൾ നടത്തുന്ന ഒരാൾ എന്ന നിലയിൽ, താങ്കളുടെ കലാ-സാഹിത്യ പ്രവർത്തനത്തെ, ചിന്തകളെ, രാഷ്ട്രീയത്തെ, ഔട്ട്പുട്ടിനെ സമകാലീന രാഷ്ട്രീയാവസ്ഥ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ?
ജന്മനാ തന്നെ സവർണ മൂല്യബോധം ഉൾക്കൊണ്ടും നിലനിർത്തിയും പുനരുൽപാദിപ്പിച്ചും പോരുന്നവരെ സംബന്ധിച്ച്, അവർ ആണോ പെണ്ണോ ആവട്ടെ, ഹിന്ദുത്വാധിനിവേശത്തിന്റെ ഇരകളായി തീരുക എളുപ്പത്തിൽ സംഭവിക്കുന്ന കാര്യമാണ്. സവർണമൂല്യങ്ങളാണ് അവരെ നയിക്കുന്നത്. ദലിതരോടും മറ്റ് താഴ്ന്ന വിഭാഗങ്ങളോടുമുള്ള പുച്ഛവും അവഗണനയും അവർക്ക് സഹജഭാവങ്ങളായിരുന്നു. കലാരംഗത്ത് അവർ അത് പ്രകടമാക്കിയിരുന്നു. അധികാരകൊതികൊണ്ട് മാത്രമല്ലാതെ സവർണാഭിമുഖ്യംകൊണ്ട് ബി ജെ പിയിലേക്ക് ചേക്കേറിയവരെ നിരീക്ഷിച്ചാൽ ഇത് വ്യക്തമാകും.
എന്റെ കലാ-സാഹിത്യ പ്രവർത്തനങ്ങളെയോ ചിന്തകളെയോ ഇതുപക്ഷ രാഷ്ട്രീയാഭിമുഖ്യത്തെയോ തലനാരിഴ പോലും സ്വാധീനിക്കാൻ മനുഷ്യവിരുദ്ധ ബ്രാഹ്‌മണ പുരുഷാധിപത്യ മൂല്യങ്ങൾക്ക് കഴിഞ്ഞിട്ടില്ല.
ഇന്ത്യ എന്ന രാജ്യം, ആശയം തന്നെ ബഹുസ്വരതയിൽ ഉണ്ടാക്കിയെടുത്ത ഒന്നാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം ബഹുസ്വരതയെ പ്രകീർത്തിക്കുന്നതായിരുന്നു. ഭരണഘടനയുടെ ആധാരശില തന്നെ അതാണ്. നമ്മുടെ എല്ലാത്തരം ദേശീയ പ്രതിനിധാനങ്ങളും ബഹുസ്വരതയെ ഉൾച്ചേർത്തതാണ്. എന്നാൽ നരേന്ദ്രമോദിയുടെ ഭരണകാലം ഹിന്ദുത്വ vs ബാക്കിയെല്ലാം എന്ന രീതിയിലേക്ക് കാര്യങ്ങളെ മാറ്റിത്തീർക്കുന്നു. ഒറ്റ തെരഞ്ഞെടുപ്പ്, ഒറ്റ ഭാഷ, ഒറ്റ വിശ്വാസം എന്ന രാഷ്ട്രീയ പദ്ധതിയുടെ നടപ്പാക്കലിലേക്കാണ് കാര്യങ്ങൾ പോവുന്നത്. എങ്ങനെ പ്രതിരോധിക്കും?
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഒരു ഭാഷ ഒരു വിശ്വാസം’ എന്ന രാഷ്ട്രീയ പദ്ധതിയെ പ്രതിരോധിക്കാൻ ബഹുസ്വരതയിലും ജനാധിപത്യ മൂല്യങ്ങളിലും ഭരണഘടനയിലും വിശ്വാസമുള്ള ഹിന്ദുത്വ ഇതര 63% ജനങ്ങൾക്ക് ബാധ്യതയുണ്ട്. അവരെ ശക്തിപ്പെടുത്താൻ ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ബാധ്യതയുണ്ട്. ഇടത് വലത് കക്ഷിരാഷ്ട്രീയ പാർട്ടികൾക്കുപുറത്ത് പ്രതിരോധത്തിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ഒട്ടനവധി പ്രസ്ഥാനങ്ങളുണ്ട്. സ്ത്രീ- ദലിത് പ്രസ്ഥാനങ്ങളുണ്ട്. സ്ത്രീകളുടെയും അംബേദ്കറൈസ്റ്റുകളുടെയും കാഴ്ചപ്പാടിലൂടെ ഇന്ത്യയെ വ്യഖ്യാനിക്കാനും വിലയിരുത്താനും കഴിയണം. ചാതുർവർണ്യത്തിൽ വെറും ന്യുപക്ഷമാണ് സവർണർ. ജനസംഖ്യയുടെ 50% മാണ് സ്ത്രീകൾ. ബ്രാഹ്‌മണരും ക്ഷത്രിയരും കഴിച്ചാൽ ബാക്കിവരുന്ന ബഹുഭൂരിപക്ഷമാണ് ശൂദ്രർ. ബ്രാഹ്‌മണ പുരുഷാധിപത്യം v/s സ്ത്രീകൾ- ദലിതുകൾ- മതന്യൂനപക്ഷങ്ങൾ- ഇടതുപക്ഷം- സോഷ്യലിസ്റ്റ് ആശയക്കാർ- ജനാധിപത്യ വിശ്വാസികൾ എന്നിങ്ങനെ വേണം പ്രതിരോധം.
കേരളത്തിൽ എൽ.ഡി.എഫ് വന്നാലും യു.ഡി.എഫ് വന്നാലും ഇന്ത്യാ സംഖ്യത്തിലെ ശക്തമായ സാന്നിധ്യമായിരിക്കും. ബി.ജെ.പിയ്ക്ക് ഈ വരെ തൊടാൻ പറ്റാത്ത സംസ്ഥാനമാണ് കേരളം. പക്ഷേ അതിനായി ബി.ജെ.പി പണവും മാധ്യമ പിന്തുണയും വർഗ്ഗീയതയുമുൾപ്പെടെ പല തരത്തിലുള്ള തന്ത്രങ്ങൾ പയറ്റുന്നുണ്ട്. കേരളത്തെ സംബന്ധിച്ച് യു.ഡി.എഫിനെയാണോ എൽ.ഡി.എഫിനെയാണോ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ശക്തിപ്പെടുത്തേണ്ടത്?
കേരളത്തിന്റേത് സവിശേഷ സാഹചര്യമാണ്. എല്ലാ തെരഞ്ഞെടുപ്പുകളിലും ഇവിടെ എൽ.ഡി.എഫ് / യു.ഡി.എഫ് രീതികളാണുള്ളത്. ബി ജെ പിക്ക് ഒരു പ്രസക്തിയുമുണ്ടായിട്ടുമില്ല. ഈ തെരഞ്ഞെടുപ്പിൽ എൽ ഡി എഫും യു ഡി എഫും ദേശീയതലത്തിൽ ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായിരിക്കുകയും സംസ്ഥാനതലത്തിൽ കീരിയും പാമ്പും കളിക്കുകയും ചെയ്യുന്നു. ഇത് വോട്ടർമാരിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ഇതെങ്ങനെ പ്രതിഫലിക്കുമെന്ന് പ്രവചിക്കാൻ വിഷമമാണ്. ഈ തെരഞ്ഞെടുപ്പിൽ വിജയിച്ച് പാർലമെന്റിലേക്ക് പോകുന്ന ഓരോ എം.പിയുടെയും പരമമായ ദൗത്യം ജനാധിപത്യത്തെയും ഭരണഘടനയേയും സംരക്ഷിക്കുവാൻ ശക്തമായ പോരാട്ടം നടത്തുക എന്നതാണ്. ആശയവ്യക്തതയും ആവിഷ്‌കാര മികവും അടിയുറച്ച ജനാധിപത്യ നിലപാടുമുള്ള വ്യക്തിയെ താരതമ്യം ചെയ്ത് നോക്കിയാവും ജനങ്ങൾ തെരഞ്ഞെടുക്കുക എന്ന് തോന്നുന്നു.
അതേസമയം, കേരളത്തിൽ മാത്രമല്ല, അഖിലേന്ത്യ തലത്തിലും ഇടതുപക്ഷത്തിന്റെ അപചയം ദൂരവ്യാപക ദോഷഫലങ്ങളാണുണ്ടാക്കുക. വർഗീയ ഫാഷിസ്റ്റ് മൂല്യങ്ങളെ എതിർക്കാൻ ശാസ്ത്രത്തിലും യുക്തിയിലും മതേതര സങ്കൽപങ്ങളിലും ആധുനിക പുരോഗമന ആശയങ്ങളിലും അടിയുറച്ച ഇടത് ആശയധാരക്കേ കഴിയൂ. മൃദുസമീപനങ്ങൾക്ക് രാഷ്ട്രീയ ഫാഷിസ്റ്റ് ഉരുക്കുമതിലിനെ തകർക്കാനാവില്ല.
ഇന്ത്യയുടെ ചരിത്രം പരിശോധിക്കുക; ഇടതുപക്ഷം ശക്തമായിരിക്കുകയും അതിന് വിപ്ലവധാരകളടക്കം അനേകം വികാസങ്ങൾ ഉണ്ടായിരിക്കുകയും പോരാട്ടം ഇടത് വലത് മുന്നണികൾ തമ്മിൽ തുടരുകയും ചെയ്തിരുന്ന കാലത്തൊന്നും വർഗീയ ആശയങ്ങൾക്ക് തലപൊക്കാൻ കഴിഞ്ഞിരുന്നില്ല.