തിരുവനന്തപുരത്ത് കോൺഗ്രസിലെ ശശി തരൂരിന് നാലാം ജയം. ശക്തമായ ത്രികോണ മത്സരം നടക്കുകയും ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് അവകാശപ്പെടുകയും ചെയ്ത ഇവിടെ, ഭൂരിപക്ഷം കുറഞ്ഞെങ്കിലും കോൺഗ്രസിന്റേത് തീർത്തും അഭിമാനജയം കൂടിയാണ്. കാരണം, തരൂരിനെ പരാജയപ്പെടുത്താൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ തന്നെ രംഗത്തിറക്കി ശക്തമായ പോരാട്ടമാണ് ബി.ജെ.പി കാഴ്ചവച്ചത്. ഉദ്ദ്വേഗവും ആവേശവും നിറഞ്ഞ വോട്ടെണ്ണലിന്റെ അവസാന മണിക്കൂറുകളിൽ രാജീവ് ചന്ദ്രശേഖർ ലീഡുയർത്തെങ്കിലും പിന്നീട് പിന്തള്ളപ്പെടുകയായിരുന്നു. ഇവർ തമ്മിലുള്ള പോരാട്ടത്തിൽ സി.പി.ഐയുടെ പന്ന്യൻ രവീന്ദ്രൻ മൂന്നാമതായി.
മണ്ഡല പുനർനിർണ്ണയത്തിനുശേഷം 2009- ലാണ് ശശി തരൂർ ആദ്യമായി മത്സരിക്കാനെത്തിയത്. പലരും ശശി തരൂർ തോൽക്കുമെന്ന് പ്രവചിച്ചിരുന്നെങ്കിലും 1,00,025 വോട്ടിന് സി.പി.ഐയുടെ പി. രാമചന്ദ്രൻ നായരെ പരാജയപ്പെടുത്തി. 2014- ലും 2019- ലും തരൂർ, ബി.ജെ.പിയുടെ ഒ. രാജഗോപാലിനെയും കുമ്മനം രാജശേഖരനെയും വൻ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തി ഹാട്രിക്ക് തികച്ചു. 2014- ൽ 2,97,806 (34.09%) വോട്ടാണ് തരൂരിന് ലഭിച്ചത്. 2019- ആകുമ്പോഴേക്കും വോട്ട് 4,16,131 ആയി വർധിപ്പിക്കാനായി. 2024 ൽ ഈ ഭൂരിപക്ഷത്തിലേക്ക് എത്താൻ കഴിഞ്ഞെങ്കിലും സീറ്റ് നിലനിർത്താനായി.
2005- ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രന്റെ വിജയത്തിനുശേഷം മണ്ഡലത്തിൽ വിജയക്കൊടി ഉയർത്താൻ ഇടതുപക്ഷത്തിന് സാധിച്ചിട്ടില്ല. 2005 -ൽ 3,90,324 വോട്ട് നേടിയാണ് പന്ന്യൻ രവീന്ദ്രൻ വിജയിച്ചത്. 51.41 ശതമാനമായിരുന്നു വോട്ട് വിഹിതം. തിരുവനന്തപുരത്ത് കോവളമൊഴികെയുള്ള എല്ലാം നിയമസഭാ മണ്ഡലങ്ങളിലും ഇടത് എം.എൽ.എമാരാണുള്ളത്. പക്ഷേ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് എത്താനേ പന്ന്യന് സാധിച്ചുള്ളു.
ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ നിരവധി കരുത്തരായ നേതാക്കമാർ മത്സരത്തിനെത്തിയ മണ്ഡലം കൂടിയാണ് തിരുവനന്തപുരം. ഐക്യകേരളം രൂപപ്പെടുന്നതിന് മുമ്പുള്ള ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായ ആനി മസ്‌ക്രീനാണ് വിജയിച്ചത്. ആദ്യ ലോക്സഭയിലെ പത്ത് വനിതാ ലോക്സഭാംങ്ങളിലൊരാളായ ആനിയിലൂടെ തിരുവനന്തപുരം മണ്ഡലം ചരിത്രത്തിൽ ഇടം പിടിക്കുകയായിരുന്നു. പി.എസ്.പി നേതാവായ പറവൂർ ടി.കെ നാരായണനെയും കോൺഗ്രസ് നേതാവായ ബാലകൃഷ്ണൻ തമ്പിയെയും പരാജയപ്പെടുത്തിയാണ് ആനി കന്നിയങ്കത്തിൽ അട്ടിമറി വിജയം നേടിയത്.
സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന 1957- ലെ തിരഞ്ഞെടുപ്പിൽ ആനി മസ്‌ക്രീന് വിജയം ആവർത്തിക്കാനായില്ല. സ്വതന്ത്ര സ്ഥാനാർഥി ഈശ്വര അയ്യരാണ് വിജയിച്ചത്. 1962- ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രഥമ സെക്രട്ടറിയായ പി.എസ്. നടരാജപ്പിള്ള വിജയിച്ചു. 1967-ൽ ഇടതുപക്ഷ പിന്തുണയോടെ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർഥിയായ പി. വിശ്വംഭരൻ, കോൺഗ്രസിന്റെ ജി.സി. പിള്ളയെ പരാജയപ്പെടുത്തി.
1971- ൽ പ്രതിരോധ മന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോനാണ് സി.പി.എം പിന്തുണയോടെ തിരുവനന്തപുരത്ത് മത്സരിക്കാനെത്തിയത്. ദേശീയശ്രദ്ധയാകർഷിച്ച മത്സരമായിരുന്നു അത്. പി.എസ്.പി സ്ഥനാർഥിയായ ഡി. ദാമോദരൻ പോറ്റിയെ 24,127 വോട്ടിന് അദ്ദേഹം പരാജയപ്പെടുത്തി. 1977- ൽ അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്- സിപി.ഐ സ്ഥാനാർഥിയായ എം.എൻ ഗോവിന്ദൻ നായർക്കായിരുന്നു വിജയം. 1980- ൽ കോൺഗ്രസ് ബന്ധമുപേക്ഷിച്ച് സിപി.എമ്മിനൊപ്പം ചേർന്ന സി.പി.ഐ, ഇടതുപക്ഷബാനറിലാണ് മത്സരിച്ചത്. എന്നാൽ കോൺഗ്രസ് സ്ഥാനാർഥി എ. നീലലോഹിത ദാസൻ, സിറ്റിങ്ങ് എം.പി എം.എൻ ഗോവിന്ദൻ നായർക്കെതിരെ അട്ടിമറി വിജയം നേടി, 1,07,057 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ.
1984 ൽ നീലലോഹിത ദാസൻ കോൺഗ്രസ് മുന്നണി വിട്ട് ലോക്ദളിനോടൊപ്പം ചേർന്ന് ഇടതുമുന്നണി സ്ഥാനാർഥിയായി മത്സരിക്കാനെത്തി. പക്ഷേ ഇന്ദിരാഗാന്ധിയുടെ കൊലപാതക ശേഷമുള്ള സഹതാപതരംഗത്തിൽ കോൺഗ്രസിലെ എ. ചാൾസാണ് വിജയിച്ചത്. 1989-ൽ ചാൾസിനെ എതിരിടാൻ ഒ.എൻ.വി കുറുപ്പിനെയാണ് ഇടതുപക്ഷം രംഗത്തിറക്കിയത്. എന്നാൽ, തിരുവനന്തപൂരത്തെ ജനങ്ങൾ ഒ.എൻ.വിയെ തോൽപ്പിച്ചു. 1991- ലും രാജീവ് ഗാന്ധി വധത്തെതുടർന്നുള്ള സഹതാപതരംഗത്തിൽ ചാൾസ് ഹാട്രിക്ക് വിജയം നേടി. തിരുവനന്തപുരത്ത് തുടർച്ചയായി മൂന്നു തവണ വിജയം നേടുന്ന വ്യക്തിയെന്ന റെക്കോർഡും ഇതോടെ ചാൾസിന് സ്വന്തമായി.
പക്ഷേ, 1996- ൽ ചാൾസിന് സിപി.ഐയിലെ കെ.വി സുരേന്ദ്രനാഥിനോട് തോൽവി സമ്മതിക്കേണ്ടി വന്നു. 1998- ൽ രാഷ്ട്രീയ പ്രതിസന്ധികൾക്ക് ശേഷം കെ. കരുണാകരൻ മത്സരത്തിനെത്തി, സിറ്റിങ്ങ് എം.പി കെ.വി സുരേന്ദ്രഥിനെ പരാജയപ്പെടുത്തി. 1999-ൽ കോൺഗ്രസ് സ്ഥാനാർഥിയും പുതുമുഖവുമായിരുന്ന വി.എസ്. ശിവകുമാറാണ് ജയിച്ചത്. സി.പി.ഐ നേതാവായ കണിയാപുരം രാമചന്ദ്രനെ അട്ടിമറിച്ചായിരുന്നു ശിവകുമാറിന്റെ വിജയം. എന്നാൽ 2004-ൽ പി.കെ വാസുദേവൻ നായർ 54,603 വോട്ടിന് ശിവകുമാറിനെ പരാജയപ്പെടുത്തി. 2005- ൽ പി.കെ.വിയുടെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ശിവകുമാറിനെ തോൽപ്പിച്ച്, മണ്ഡലം നിലനിർത്തി. 2009 മുതൽ 2014 വരെ ശശിതരൂരാണ് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽശശി തരൂർ വിജയിച്ച് ചരിത്രത്തിലിടം നേടിയിരിക്കുകയാണ്.