കൊൽക്കത്ത സത്യജിത് റായ് ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റും ഭരണസമിതി ചെയര്‍മാനുമായി സുരേഷ് ഗോപിയെ നിയമിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി യൂണിയന്‍.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള ഒരു വ്യക്തിയുടെ നിയമനം, പ്രത്യേകിച്ച്, വിഭജനരാഷ്ട്രീയ നിലപാടുള്ള ഒരു പാര്‍ട്ടിയുമായി ബന്ധമുള്ള ഒരാളുടെ നിയമനം, ഇന്‍സ്റ്റിറ്റ്യൂട്ട് നിലനിര്‍ത്തിപ്പോരുന്ന കലാപരമായ സ്വാതന്ത്ര്യത്തെയും പക്ഷപാതരഹിതമായ മൂല്യങ്ങളെയും ഒത്തുതീര്‍പ്പുകള്‍ക്ക് വിധേയമാക്കുമെന്ന് സത്യജിത് റായ് ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രസ്താവനയില്‍നിന്ന്: ''കാല്‍നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് വൈവിധ്യമാര്‍ന്ന നിലപാട് പുലര്‍ത്തുന്ന സിനിമകളും ചലച്ചിത്രകാരരെയും സംഭാവന ചെയ്ത സ്ഥാപനമാണ്. മാത്രമല്ല, പ്രതിഭാശാലിയായ ഫിലിം മേക്കര്‍ സത്യജിത് റായിയുടെ ലെഗസി ഉയര്‍ത്തിപ്പിടിക്കുന്നതിലൂടെ കലാപരവും ബൗദ്ധികവുമായ മികവിന്റെ സമ്പന്നമായ ചരിത്രവും ഇന്‍സ്റ്റിറ്റ്യൂട്ടിന് സ്വന്തമായുണ്ട്. അതുകൊണ്ടുതന്നെ, ഈ സ്ഥാപനത്തെ നയിക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധീകരിക്കുന്ന കലാപരമായ സ്വാതന്ത്ര്യം, ബഹുസ്വരത, ഇന്‍ക്ലൂസീവ്‌നസ് തുടങ്ങിയ മൂല്യങ്ങള്‍ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളവരായിരുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണ്.
എന്നാല്‍, സുരേഷ് ഗോപിയുടെ നിയമനത്തില്‍ ഞങ്ങള്‍ക്കുള്ള ആശങ്ക ഇതാണ്: ഒന്ന്, അദ്ദേഹം ഹിന്ദുത്വ രാഷ്ട്രീയവുമായും ബി.ജെ.പിയുമായും അടുത്ത ബന്ധമുള്ള വ്യക്തിയാണ്. ഈ രാജ്യത്തിന്റെ സെക്യുലര്‍ ഘടനയെ വെല്ലുവിളിക്കുന്ന തരത്തിലുള്ളതും ധ്രുവീകരണ സ്വഭാവമുള്ളതുമായ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള ആളാണ്. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള ഒരാളുടെ, പ്രത്യേകിച്ച്, വിഭജന രാഷ്ട്രീയ നിലപാടുള്ള ഒരാളുടെ നിയമനം, ഇന്‍സ്റ്റിറ്റ്യൂട്ട് ഉയര്‍ത്തിപ്പിടിക്കുന്ന കലാപരമായ സ്വാതന്ത്ര്യത്തെയും പക്ഷപാതരഹിതമായ മൂല്യങ്ങളെയും ഒത്തുതീര്‍പ്പിലേക്ക് നയിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ട് ക്രിയേറ്റിവിറ്റിയുടെയും കലാപരമായ ആവിഷ്‌കാരങ്ങളുടെയും തുറന്ന സംവാദത്തിന്റെയും കേന്ദ്രമാണ്. ഇവിടുത്തെ ഫാക്കല്‍റ്റിക്കും വിദ്യാര്‍ഥികള്‍ക്കും അവരുടെ ആശയങ്ങള്‍ ഒരുതരത്തിലുമുള്ള ഐഡിയോളജിക്കല്‍ നിയന്ത്രണങ്ങളോ പരിധികളോ ഇല്ലാതെ, സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍കഴിയുന്ന സാഹചര്യം ആവശ്യമാണ്. ഈയൊരു സാഹചര്യം ഉറപ്പുവരുത്താന്‍ കഴിയുന്നവരും ഈ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നവരുമാകണം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റും ഭരണസമിതി ചെയര്‍മാനും. സുരേഷ് ഗോപിയുടെ നിയമനം, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ നിലയ്ക്കുള്ള വിശ്വാസ്യതയെ ബാധിക്കാനിടയുണ്ടെന്ന് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. മാത്രമല്ല, പലതരം ബാക്ക്ഗ്രൗണ്ടുകളില്‍നിന്നുവരുന്ന വിദ്യാര്‍ഥികളെ ചേര്‍ത്തുപിടിക്കാന്‍ കഴിയുന്ന ഇന്‍ക്ലൂസീവ് സ്‌പെയ്‌സിനെയും ഈ നിയമനം ബാധിച്ചേക്കാമെന്ന് ഞങ്ങള്‍ ആശങ്കപ്പെടുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബഹുസ്വരമായ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്ന ആളാകണം അതിന്റെ പ്രസിഡന്റും ഭരണസമിതി ചെയര്‍മാനും, അല്ലാതെ, സ്ഥാപനത്തിന്റെ കലാപരവും അക്കാദമികവുമായ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി സ്വാധീനിക്കാന്‍ കഴിയുന്ന തരത്തിലുള്ള രാഷ്ട്രീയാഭിമുഖ്യമുള്ള ആളായിരിക്കരുത്. വര്‍ഷങ്ങളായി ഇന്‍സ്റ്റിറ്റ്യൂട്ട് മുറുകെപ്പിടിക്കുന്ന ആര്‍ജ്ജവവും ഇന്‍ക്ലൂസിവിറ്റിയും കലാപരമായ മികവും സംരക്ഷിക്കാന്‍ ശേഷിയുള്ള ഒരാളെയാണ് പ്രസിഡന്റായും ചെയര്‍മാനായും ഞങ്ങള്‍ ആവശ്യപ്പെടുന്നത്.''