പുൽവാമയിലെ വെളിപ്പെടുത്തൽ, മാധ്യമങ്ങളുടെ മൗനം, യുപി ലൈവ് കൊല

മുമ്പൊക്കെ ഏത് വിഷയമുണ്ടായാലും അതിൻമേൽ അന്വേഷണാത്മക മാധ്യമപ്രവർത്തനം നടക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയൊന്നില്ല. ദ വയർ എന്ന സമാന്തര ഡിജിറ്റൽ മാധ്യമത്തിലാണ് ഇപ്പോൾ പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ വന്നിട്ടുള്ളത്. ഇത്രയധികം വൻകിട മാധ്യമങ്ങൾ ഇന്ത്യയിലുണ്ടായിട്ടും അവരെല്ലാം മൗനത്തിലുമാണ്

പുൽവാമയിൽ സൈനികർ കൊല്ലപ്പെട്ട ആക്രമണവുമായി ബന്ധപ്പെട്ട് കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തൽ വന്നതിന് തൊട്ടുപിന്നാലെ ഉത്തർപ്രദേശിൽ മുൻ എം.പി അതീഖ് അഹമ്മദിന്റെയും സഹോദരൻ അഷ്‌റഫ് അഹമ്മദിന്റെയും "തത്സമയ സംപ്രേഷണ കൊല' നടക്കുന്നു. അതീഖും സഹോദരനും ക്രിമിനലുകളാണെന്നതിൽ തർക്കമൊന്നുമില്ല. എന്നാൽ സ്വന്തം ജീവൻ അപകടത്തിലാണെന്ന് കാണിച്ച് നേരത്തെ അവർ സുപ്രീം കോടതിയിൽ ഹരജി കൊടുത്തിട്ടുണ്ട്. യാതൊരു സുരക്ഷാ പ്രശ്‌നവുമില്ലെന്ന് പറഞ്ഞ് അവരുടെ ഹരജി മടക്കുകയാണ് സുപ്രീം കോടതി ചെയ്തത്. ഇത് കോടതിയുടെ മനസാക്ഷിക്ക് നേരെയുള്ളൊരു ചോദ്യചിഹ്നമാണ്. ഇവയെല്ലാം പരസ്പര ബന്ധിതമാണെന്ന് കരുതേണ്ടി വരുന്ന സാഹചര്യമാണ് നമുക്ക് മുന്നിലുള്ളത്.

പുൽവാമയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ സാധാരണ നിലയിൽ രാജ്യമാസകലം വലിയ രീതിയിലുള്ള ചർച്ചകൾക്കും സംവാദങ്ങൾക്കും കാരണമാകേണ്ടതാണ്. എന്നാൽ അതൊന്നും ഇവിടെ സംഭവിച്ചില്ല. ചിലർ ചോദിക്കുന്നുണ്ട്. എന്താണിതിനൊക്കെ തെളിവെന്ന്. കശ്മീരിൽ നടന്നത് തുറന്നുപറയാൻ ഏറ്റവുമധികം അർഹതയുള്ള അന്നത്തെ ഗവർണർ പറയുന്നതിനേക്കാൾ എന്ത് തെളിവാണ് വേണ്ടത്. ബി.ജെ.പി സർക്കാർ തന്നെ കശ്മീരിൽ ഗവർണറായി നിയമിച്ചയാൾ പറയുമ്പോൾ അതിനപ്പുറമൊരു തെളിവിന് പ്രസക്തിയില്ല. വെളിപ്പെടുത്തലുകളിൽ അദ്ദേഹം പരാമർശിക്കുന്നത് രാജ്യത്തെ പ്രധാനമന്ത്രിയെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെയുമാണ്. ആ രണ്ട് പേരും മറുപടികൾ പറയാൻ ബാധ്യസ്ഥരാണ്. ഇന്നത്തെ ഇന്ത്യയിൽ ഇതുപോലുള്ള വിഷയങ്ങളിൽ നുണ പറയാനുള്ള ധൈര്യം ആർക്കുമുണ്ടാകുമെന്ന് തോന്നുന്നില്ല.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമായി സ്വാധീനിക്കപ്പെട്ട വിഷയം പുൽവാമ സംഭവം ആയിരുന്നല്ലോ. അന്ന് തന്നെ പുൽവാമയുമായി ബന്ധപ്പെട്ട സംശയങ്ങൾ ഒരു ചോദ്യചിഹ്നമായിരുന്നു. ഇത്രയും സ്‌ഫോടകവസ്തുക്കളുമായി ശത്രുക്കൾ ഒരു സ്‌കോർപിയോൺ കാറിൽ അതിർത്തിയും കടന്ന് ഇത്രയധികം ദൂരം സഞ്ചരിച്ചു എന്നത് അന്ന് തന്നെ ഏറെ സംശയകരമായിരുന്നു.

അത്തരം ചോദ്യങ്ങൾ വലുതായി വന്നപ്പോഴാണ് ഉടൻ ബാലാക്കോട്ട് പ്രത്യാക്രമണം നടന്നത്. ശേഷവും അതിന്റെ മാർക്കറ്റിംഗ് തന്ത്രങ്ങളും ആരംഭിച്ചു. ആക്രമണത്തെ പ്രത്യാക്രമണം കൊണ്ട് നേരിടുന്ന ധീരനാണ് പ്രധാനമന്ത്രി എന്ന വാഴ്ത്തുകൾ നിർമിച്ചെടുക്കുന്നതാണ് പിന്നീട് നാം കണ്ടത്. അതിലേറ്റവും വലിയ പങ്ക് നമ്മുടെ മാധ്യമങ്ങൾക്കാണ്. വസ്തുതകൾ പരിശോധിക്കാൻ ഒരു മാധ്യമവും ഒരിക്കലും ശ്രമിച്ചിട്ടില്ല. കാതലായ വിഷയങ്ങളിൽ അന്വേഷണങ്ങൾ നടത്താനല്ല, മാധ്യമങ്ങൾ ശ്രമിക്കാറുള്ളത്. പകരം സർക്കാറിന്റെ പി.ആർ. ആകാനാണ്.

മുമ്പൊക്കെ ഏത് വിഷയമുണ്ടായാലും അതിൻമേൽ അന്വേഷണാത്മക മാധ്യമപ്രവർത്തനം നടക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയൊന്നില്ല. ദ വയർ എന്ന സമാന്തര ഡിജിറ്റൽ മാധ്യമത്തിലാണ് ഇപ്പോൾ പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ വന്നിട്ടുള്ളത്. ഇത്രയധികം വൻകിട മാധ്യമങ്ങൾ ഇന്ത്യയിലുണ്ടായിട്ടും അവരെല്ലാം മൗനത്തിലുമാണ്.

സമീപകാലത്ത് ഇന്ത്യൻ ഭരണകൂടവുമായി ബന്ധപ്പെട്ട സുപ്രധാന ക്രമക്കേടുകളൊന്നും പുറത്തുകൊണ്ടുവന്നത് ഇന്ത്യയിലെ പ്രധാനപ്പെട്ട മാധ്യമങ്ങളല്ല. വിദേശ മാധ്യമങ്ങൾ ഒന്നിച്ചുചേർന്നുകൊണ്ടുള്ള കൺസോഷ്യമോ, അല്ലെങ്കിൽ ഇന്ത്യയിലെ ഏതെങ്കിലും ബദൽ മാധ്യമങ്ങളോ ഒക്കെയാണ്. പെഗാസസ് അടക്കമുള്ള വിഷയങ്ങൾ വിദേശമാധ്യമങ്ങൾ വൻ ചർച്ചയാക്കി മാറ്റിയപ്പോൾ, ആ ചർച്ച പരമാവധി എങ്ങിനെ വഴിതിരിച്ചുവിടാം എന്നതിനാണ് ഇന്ത്യൻ മാധ്യമങ്ങൾ ശ്രദ്ധ കൊടുത്തത്.

Let's make this viral on WhatsApp

സമാനമായ സാഹചര്യങ്ങളാണ് ഇപ്പോഴും സംഭവിക്കുന്നത്. പുൽവാമ വെളിപ്പെടുത്തലുകളെ തൊടാത്ത മാധ്യമങ്ങൾ അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തെ പരമാവധി സ്‌ക്രീൻ ടൈം നൽകി ചർച്ചയാക്കുകയാണ് ചെയ്യുന്നത്. അതിൽ തന്നെ ഒരു മുൻ എം.പി പൊലീസ് കസ്റ്റഡിയിലിരിക്കെ മാധ്യമങ്ങളുടെ ക്യാമറയ്ക്ക് മുന്നിൽ കൊല്ലപ്പെട്ടു എന്നതായിരിക്കില്ല ഹൈലൈറ്റ്. പകരം മുസ്ലിമായ ഒരു ഗുണ്ട കൊല്ലപ്പെട്ടു എന്നത് മാത്രമായിരിക്കും. നിയമപ്രകാരം കുറ്റവിചാരണയ്ക്ക് വിധേയമാക്കേണ്ട പ്രതിയെ വെടിവെച്ചുകൊന്നതിലെ പ്രശ്‌നം ചർച്ചയാകേണ്ടതിന് പകരം ഇവിടെയും യു.പി മുഖ്യമന്ത്രിയെ ഇതിഹാസ പുരുഷനാക്കാനുള്ള ശ്രമങ്ങളാണുണ്ടാവുക.

രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് അതീഖ് അഹമ്മദിന്റെ മകനെ വെടിവെച്ചുകൊന്നിട്ടുള്ളത്. ഉത്തരേന്ത്യയിൽ നടക്കുന്ന ഏറ്റുമുട്ടലുകളെല്ലാം വ്യാജമാണെന്ന് നിരവധി അന്വേഷണ കമ്മീഷനുകൾ പലതവണ കണ്ടെത്തിയിട്ടുള്ളതാണ്. ഗുജറാത്തിലും കശ്മീരിലുമെല്ലാം സമാനമാണ്. എന്നിട്ടും ഏതെങ്കിലും ഒരു പത്രം, മാധ്യമം എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്നത് റിപ്പോർട്ട് ചെയ്യുന്നുണ്ടോ. രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെയാണ് യു.പിയിൽ വെടിവെച്ചുകൊലപ്പെടുത്തിയത്. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളേയല്ല. നിരവധി വ്യാജ ഏറ്റുമുട്ടലുകൾ സമാനമായ നിലയിൽ കഴിഞ്ഞ കാലങ്ങളിൽ നടന്നു. എന്നിട്ടും ഒരു മാധ്യമവും ഭരണകൂട ഭാഷ്യത്തെ ചോദ്യം ചെയ്യുന്നില്ല.

സുപ്രീം കോടതി പോലുള്ള ഒരു സ്ഥാപനം ഇനി ഈ കേസുകൾ എങ്ങിനെ പരിഗണിക്കുമെന്നതാണ് കാണേണ്ടത്. ജീവന് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയുടെ മുന്നിൽ വന്ന ആളുകളാണ് ഈ വിധം പൊതുമധ്യത്തിൽ വെച്ച് കൊല്ലപ്പെട്ടത്. ഇതിൻമേൽ കൃത്യമായി ഇടെപാടനുള്ള ശേഷി നമ്മുടെ കോടതികൾക്കുണ്ടോ, നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങൾക്കുണ്ടോ എന്നതെല്ലാം ആശങ്കാജനകമാണ്.

Why the Murderers of Atiq Ahmad and his brother Ashraf are shouting "Jai shree Ram"??? pic.twitter.com/MZFP5ufBxd

ഏറ്റവും ഗൗരവം ഇതിലൂടെ ബി.ജെ.പി മുന്നോട്ടുവെക്കാൻ ശ്രമിക്കുന്ന നരേറ്റീവ് ആണ്. ഞങ്ങൾക്കെതിരെ നിൽക്കുന്ന ഏത് മുസ്ലിമിനെയും ഏത് രാഷ്ട്രീയക്കാരനെയും അയാൾ എത്ര പ്രബലനായാലും കൊന്നുകളയും എന്ന താക്കീതാണത്. ഈ കൊലപാതകം തന്നെ കൃത്യമായ പ്ലാനിങ്ങോടെ ആണോ എന്ന സംശയമാണ് എനിക്കുള്ളത്.

വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴാണല്ലോ അതീഖും സഹോദരനും കൊല്ലപ്പെടുന്നത്. രാത്രി പത്ത് മണിക്ക് മാധ്യമങ്ങളെയെല്ലാം അറിയിച്ചാണോ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നത്. ജീവന് ഭീഷണിയുണ്ടെന്ന് സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചയാളെ പൊലീസ് ഈവിധത്തിലാണോ കൈകാര്യം ചെയ്യേണ്ടത്. ഇത്തരത്തിലെല്ലാമുള്ള അതീവ ഗൗരവമേറിയ ധാരാളം സംശയങ്ങൾ ഈ സംഭവങ്ങൾ ഉയർത്തുന്നുണ്ട്. സുപ്രീംകോടതിയുടെ നിയന്ത്രണത്തിലുള്ള അന്വേഷണത്തിലൂടെ മാത്രമേ ഇതിലെ വസ്തുതകൾ പുറത്തുകൊണ്ടുവരാനാകൂ..

Comments