ഇത്​ മോദി ബ്രാൻറ്​ ഹിന്ദുത്വയല്ല, സവര്‍ക്കര്‍ ബ്രാൻറ്​ ഹിന്ദുത്വയുടെ മടങ്ങിവരവാണ്

നരേന്ദ്രമോദിമാരും ദ്രൗപതി മുര്‍മുമാരും ഇനിയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മടക്കുകളില്‍ നിന്ന് തലയുയര്‍ത്തിയേക്കാം. അവര്‍ പിന്നാക്കക്കാരേയും ദലിതരേയും ആദിവാസികളേയും പ്രതിനിധീകരിക്കുന്നവര്‍ ആയേക്കാം. പക്ഷെ, അവര്‍ കത്തിച്ചത് മനുസ്മൃതിയല്ല, തങ്ങളുടെ കീഴാള ചരിത്രമാണ് എന്ന് മനസ്സിലാക്കിയാലേ ഹിന്ദുത്വ വംശീയ സൈനിക ഫാഷിസ ബ്രാഹ്മണിസത്തെ മനസ്സിലാക്കാന്‍ പറ്റൂ.

ഹിന്ദുത്വ, ഹിന്ദുയിസം, ബ്രാഹ്മണിസം എന്നീ സങ്കല്പനങ്ങള്‍ക്ക് അതിനുപുറത്ത് നില്‍ക്കുന്നവരോ എതിര്‍ക്കുന്നവരോ ആയവര്‍ താന്താങ്ങളുടെ വ്യാഖ്യാനങ്ങളാണ് കൊടുത്തുകാണുന്നത്. അതുകൊണ്ടുതന്നെ അവരുടെ പ്രവര്‍ത്തനരീതികളെ വ്യക്തതയോടെ വിലയിരുത്താനോ മനസ്സിലാക്കാനോ ഹിന്ദുത്വ പ്രതിപക്ഷത്തിന് കഴിയാറില്ല. ഹിന്ദുക്കള്‍ താരതമ്യേന ന്യൂനപക്ഷമായ ഗോവയിലും പല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വിജയിക്കുമ്പോഴും ദ്രൗപദി മുര്‍മുവിനെപ്പോലൊരു ആദിവാസിയെ രാഷ്ട്രപതിയാക്കുമ്പോഴും ഒക്കെ, എതിര്‍ നില്ക്കുന്നവരില്‍ ആശയക്കുഴപ്പം ഉണ്ടാകുന്നത് അതുകൊണ്ടാണ്. ആര്‍.എസ്.എസും സംഘപരിവാറും മനുസ്മൃതിയും മറ്റ് ബ്രാഹ്മണസ്മൃതികളും മാത്രം ആസ്പദമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എന്ന അബോധമാണ് ഹിന്ദുത്വ ഫാഷിസത്തെ മനസ്സിലാക്കുന്നതില്‍ നിന്ന്​ പ്രധാനമായും അവരെ തടഞ്ഞുനിര്‍ത്തുന്നത്. ഹിന്ദുത്വ ഫാഷിസത്തിന്റെ ആശയവ്യക്തത അത് നടപ്പിലാക്കുന്നവര്‍ക്ക് സുനിശ്ചിതവും അതിനെ എതിര്‍ക്കുന്നവര്‍ക്ക് അനിശ്ചിതവുമാണ് എന്നതാണ് പൊതുവേ കാണുന്നത്.

ഹിന്ദുമതത്തിന്റെ ചുറ്റും ഉരുണ്ടുകൂടിയ ചരിത്രത്തെയാണ് സവര്‍ക്കര്‍ ഹിന്ദുത്വ എന്ന് നിര്‍വ്വചിച്ചത്. ആ ചരിത്രം ഒരു വ്യാജ നിര്‍മ്മിതി ആണെന്നത് വേറെ കാര്യം.

കേരളം കണ്ട ഏറ്റവും വലിയ പണ്ഡിതരില്‍ ഒരാളായ എം. കുഞ്ഞാമനും ഈ പൊതുധാരണയില്‍ നിന്ന് അകലത്തല്ല എന്നാണ് അടുത്തിടെ മോദിയെക്കുറിച്ചും മോദി ബ്രാൻറ്​ ഹിന്ദുത്വത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങള്‍ തെളിയിക്കുന്നത്. മോദി തന്റേതായ ഒരു ഭരണക്രമമാണോ അനുവര്‍ത്തിക്കുന്നത്? ആര്‍.എസ്​.എസിന്റെ പ്രഖ്യാതമായ രാഷ്ട്രീയ ബ്രാഹ്മണിസവുമായി മോദിയുടെ പിന്നാക്ക ഹിന്ദുസ്വത്വം ഇടഞ്ഞുനില്‍ക്കുന്നുണ്ടോ? ആര്‍.എസ്.എസ് അതിന്റെ പ്രത്യയശാസ്ത്ര തലത്തില്‍ കാര്യമായ അഴിച്ചുപണി നടത്തിയിട്ടുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ എം. കുഞ്ഞാമന്‍ തന്റെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള പ്രതികരണങ്ങളിലൂടെ നമുക്കുമുന്നില്‍ ഇട്ടു തരുന്നുണ്ട്. ഒരു ഗവണ്മെന്റിന്റെ പ്രവര്‍ത്തനശൈലി ഉറ്റുനോക്കിക്കൊണ്ടാണ് അദ്ദേഹം തന്റെ നിഗമനങ്ങളില്‍ എത്തുന്നത്. എന്നാല്‍, ആ ഗവണ്മെന്റിന്റെ പ്രവര്‍ത്തനശൈലിക്കുപിന്നില്‍ അഗാധമായ ഒരു പ്രത്യയശാസ്ത്ര പരിസരമുണ്ടെന്ന നിലയ്ക്കാണ് ഈ ലേഖകന്‍ അതിനെ പരിശോധിയ്ക്കുന്നത്.

എം. കുഞ്ഞാമന്‍

1923- ലാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാന പ്രത്യയശാസ്ത്ര പുസ്തകമായ വിനായക് ദാമോദര്‍ സവര്‍ക്കറുടെ ‘ഹിന്ദുത്വ’ എന്ന പുസ്തകം പുറത്തിറങ്ങുന്നത്. പില്‍ക്കാലത്ത് ‘ഹിന്ദുത്വത്തിന്റെ അടിസ്ഥാന തത്വങ്ങള്‍’ എന്ന പേരിലും ‘ഹിന്ദുത്വ, ആരാണ് ഹിന്ദു?’ എന്ന പേരിലും അതിന് പുതിയ പതിപ്പുകള്‍ ഇറങ്ങി. ‘ഹിന്ദുരാഷ്ട്ര ദര്‍ശന്‍’ എന്ന പേരില്‍ പിന്നീടിറങ്ങിയ താരതമ്യേന വലിപ്പമുള്ള പുസ്തകത്തിന്റെ ഭാഗമായും അത് പ്രസിദ്ധീകരിക്കുകയുണ്ടായി. മൗലികരൂപത്തില്‍ 55 പേജുള്ള പുസ്തകമായിരുന്നു അത്.

ഹിന്ദുത്വ ഉദ്ദേശിക്കുന്ന ഹിന്ദു, ബ്രാഹ്മണന്‍ അല്ല. ബ്രാഹ്മണരാഷ്ട്രീയം സ്വാംശീകരിച്ച വ്യക്തിയാണ്. അതാണ് സവര്‍ക്കര്‍ രാഷ്ട്രീയ ബ്രാഹ്മണചരിത്രത്തില്‍ കൊണ്ടുവന്ന വിച്ഛേദം.

ബ്രിട്ടീഷിന്ത്യയിലെ നാസിക്കില്‍ കലക്ടറായിരുന്ന ആര്‍തര്‍ മേസണ്‍ ടിപ്പറ്റ്‌സ് ജാക്‌സണ്‍ എന്ന എ. എം.ടി. ജാക്‌സണെ അനന്ത് കന്‍ഹാരേ എന്ന ചിത്പാവന്‍ ബ്രാഹ്മണന്‍ വെടിവെച്ചു കൊന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍, അന്ന് ലണ്ടനിലായിരുന്ന സവര്‍ക്കറും പിടിയിലായി. സവര്‍ക്കര്‍ ബ്രിട്ടനില്‍നിന്ന് ഇന്ത്യയിലേയ്ക്ക് നിയമവിരുദ്ധമായി കടത്തിയ തോക്ക് ഉപയോഗിച്ചാണ് സവര്‍ക്കര്‍ തന്നെ സ്ഥാപിച്ച
‘അഭിനവ് ഭാരത്’ എന്ന നിഗൂഢസംഘടനയിലെ അംഗമായിരുന്ന കന്‍ഹാരേ ജാക്‌സണെ കൊന്നത് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്ന് അനന്ത് കന്‍ഹാരേയ്ക്ക് തൂക്കുമരവും സവര്‍ക്കര്‍ക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷയും ലഭിച്ചു.

അനന്ത് കന്‍ഹാരേ / Photo:Wikipedia

അങ്ങനെ 1911- ല്‍ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലിലെത്തിയ സവര്‍ക്കര്‍ക്ക് രാഷ്ട്രീയമായ മാനസാന്തരം ഉണ്ടാകുകയും ബ്രിട്ടീഷുകാര്‍ക്ക് തുടര്‍ച്ചയായി മാപ്പപേക്ഷകള്‍ അയക്കാന്‍ ആരംഭിക്കുകയും ചെയ്തു. ആദ്യമൊന്നും ഈ മാപ്പപേക്ഷകളെ ബ്രിട്ടീഷുകാര്‍ കണക്കിലെടുത്തില്ലെങ്കിലും പിന്നീട് സവര്‍ക്കറുടെ മാനസാന്തരത്തെ അവര്‍ അംഗീകരിക്കാന്‍ തുടങ്ങി. അങ്ങനെ ആദ്യം ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ നിന്ന്​ ഇന്ത്യാ വന്‍കരയിലെ ജയിലിലേയ്ക്ക് അദ്ദേഹത്തെ അനുഭാവപൂര്‍വ്വം മാറ്റി. അവിടെ വെച്ചാണ് തന്റെ മാനസാന്തരം വ്യക്തമാക്കുന്ന ‘ഹിന്ദുത്വ’ എന്ന പുസ്തകത്തിന്റെ ജനനം. എ. മറാത്ത എന്ന വ്യാജനാമമാണ് ആ പുസ്തകത്തിന്റെ ആദ്യ പതിപ്പില്‍ തന്റെ പേരിന് പകരം സവര്‍ക്കര്‍ ഉപയോഗിച്ചത്. പില്‍ക്കാലത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ബൈബിളും മാനിഫെസ്റ്റോയും ആയി അത് മാറി.

സ്മൃതികളെ കേന്ദ്രീകരിച്ചുള്ള യാഥാസ്ഥിതിക ബ്രാഹ്മണ്യത്തിന് നിലനില്പില്ല എന്ന് തിലക് തിരിച്ചറിയുന്നുണ്ട്.

ആ പുസ്തകത്തിലാണ്, സുപ്രീംകോടതിയുടെ വിധിന്യായത്തിലല്ല, ഹിന്ദുത്വ ഹിന്ദുയിസമല്ല (Hindutva is not Hinduism ) എന്ന വാചകം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഹിന്ദുത്വ എന്നത് ഹിന്ദുമതത്തില്‍ നിന്ന്​ വ്യത്യസ്തമാണ് എന്നതാണ് ആ പുസ്തകത്തിന്റെ രണ്ടാം ഉപശീര്‍ഷകം തന്നെ. ഹിന്ദുമതത്തിന്റെ ചുറ്റും ഉരുണ്ടുകൂടിയ ചരിത്രത്തെയാണ് സവര്‍ക്കര്‍ ഹിന്ദുത്വ എന്ന് നിര്‍വ്വചിച്ചത്. ആ ചരിത്രം ഒരു വ്യാജ നിര്‍മ്മിതി ആണെന്നത് വേറെ കാര്യം. ‘അതൊരു മുഴുവന്‍ ചരിത്രമാണ്’, സവര്‍ക്കര്‍ പറയുന്നു. ഹിന്ദുമതം / ഹിന്ദുയിസം തുടങ്ങിയവ ഹിന്ദുത്വത്തിന്റെ ഉപശാഖ മാത്രമാണ്. ‘നമ്മുടെ ഹിന്ദുവംശത്തിന്റെ മുഴുവന്‍ സത്തയുടേയും ചിന്തയുടേയും പ്രവൃത്തിയുടേയും മുഴുവന്‍ വകുപ്പുകളേയും ഹിന്ദുത്വ ആശ്ലേഷിക്കുന്നു.’

വി.ഡി. സവര്‍ക്കര്‍

അതായത്, ഹിന്ദുത്വ ഉദ്ദേശിക്കുന്ന ഹിന്ദു, ബ്രാഹ്മണന്‍ അല്ല. ബ്രാഹ്മണരാഷ്ട്രീയം സ്വാംശീകരിച്ച വ്യക്തിയാണ്. അതാണ് സവര്‍ക്കര്‍ രാഷ്ട്രീയ ബ്രാഹ്മണചരിത്രത്തില്‍ കൊണ്ടുവന്ന വിച്ഛേദം. ആര്യസമാജവും ദയാനന്ദ സരസ്വതിയുമാണ് ‘ഹിന്ദു സംഘടന്‍’ അഥവാ ഹിന്ദു ഐക്യം എന്ന പ്രസ്ഥാനം പ്രചരിപ്പിക്കുന്നത്. സ്മൃതികളെ പ്രമാണമാക്കിയ ബ്രാഹ്മണിസത്തെ മാറിയ സാഹചര്യത്തില്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഗോവധം പോലുള്ള സംഗതികളെ മുന്‍നിര്‍ത്തി ഗോ സംരക്ഷണസമിതികളുമായി മുന്നേറുകയായിരുന്നു അവര്‍ അനുവര്‍ത്തിച്ചിരുന്ന രീതി. പക്ഷെ, യാഥാസ്ഥിതിക ബ്രാഹ്മണ്യത്തിനപ്പുറം വ്യാപിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതേസമയം ബ്രാഹ്മണ്യത്തിനുള്ളിലെ കര്‍ക്കശനിയമങ്ങള്‍ക്ക് അയവു വരുത്തുന്ന പരിഷ്‌കൃതികള്‍ അവര്‍ കൊണ്ടുവന്നു. മുസ്​ലിംകൾക്കെതിരെ നിലകൊണ്ട്, പ്രത്യേകിച്ചും അവര്‍ പശുഭോജികള്‍ ആണെന്നത് ചൂണ്ടിക്കാട്ടി, ബ്രാഹ്മണ സ്വത്വത്തെ ഹിന്ദു സവര്‍ണ സ്വത്വമാക്കി വികസിപ്പിക്കാന്‍ ഒരു പരിധി വരെ അവര്‍ക്ക് കഴിഞ്ഞു.

ഒരേസമയം പലതരം ബലങ്ങള്‍ക്ക് കീഴ്‌പ്പെട്ട് സ്മൃതി കേന്ദ്രിതമായ യാഥാസ്ഥിതിക ബ്രാഹ്മണ്യം ഞെരിഞ്ഞമരുമ്പോഴാണ് തിലക് അതിനെ ദേശീയ സ്വാതന്ത്ര്യവുമായി കൂട്ടിയിണക്കാന്‍ ശ്രമിക്കുന്നത്.

അതേസമയം, മറാത്താ പ്രവിശ്യയില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. അതിന്റെ പ്രധാനപ്പെട്ട കാരണം മറാത്താ പ്രവിശ്യയിലെ പ്രബലരായ ചിത്പാവന്‍ ബ്രാഹ്മണരില്‍ രാജ്യഭരണത്തിന്റെ ഓര്‍മ മറഞ്ഞുകിടന്നിരുന്നു. കാരണം, ചിത്പാവന്‍ ബ്രാഹ്മണരായ പേഷ്വാമാരെ തോല്‍പ്പിച്ചാണ് ബ്രിട്ടീഷുകാര്‍ അധികാരം പിടിച്ചെടുത്തത്. അതിനാല്‍ ബ്രിട്ടീഷുകാരെ തോല്പിച്ച് പേഷ്വാ സാമ്രാജ്യം പുനഃസ്ഥാപിക്കാനുള്ള ആഗ്രഹകേന്ദ്രത്തില്‍ നിന്നാണ് മറാത്താ ബ്രാഹ്മണിസം രാഷ്ട്രീയമായി വികസിച്ചത്. അതുകൊണ്ട് മറ്റ് ഭാഗങ്ങളിലെ ബ്രാഹ്മണിസത്തെ അപേക്ഷിച്ച് അത് കുറേക്കൂടി രാഷ്ട്രീയമായിരുന്നു. സാമൂഹികമായി പ്രബലരാകുക വഴി ഇന്ത്യന്‍ ജനതയുടെ ജീവിതത്തെ മുഴുവനായി നിയന്ത്രിക്കുന്ന സാംസ്‌കാരികാധികാരികള്‍ ആകുക മാത്രമായിരുന്നില്ല അവരുടെ ലക്ഷ്യം. ബ്രിട്ടീഷുകാരെ തോല്പിച്ച് രാഷ്ട്രീയാധികാരം പിടിച്ചെടുക്കുക കൂടിയായിരുന്നു. അതിനാല്‍ അത് ബ്രിട്ടീഷ് വിരുദ്ധമായിരുന്നു.

ദയാനന്ദ സരസ്വതി

ബ്രിട്ടീഷുകാരെ നേരിടണമെങ്കില്‍ ന്യൂനപക്ഷങ്ങളില്‍ന്യൂനപക്ഷമായ ബ്രാഹ്മണര്‍ക്ക് തനിച്ച് സാധിക്കില്ല എന്ന ബോധ്യം 19-ാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ മറാത്താ ബ്രാഹ്മണരുടെ, പ്രത്യേകിച്ച് ചിത്പാവന്‍ ബ്രാഹ്മണരുടെ ഇടയിലെ ഒരു വിഭാഗത്തില്‍ ശക്തമാകുന്നുണ്ട്. ബാല്‍ ഗംഗാധര്‍ തിലക് പോലുള്ള ഒരു നേതാവ് ഉയര്‍ന്നുവരുന്നത് ഈ ചരിത്ര സാഹചര്യത്തിലാണ്. സ്മൃതികളെ കേന്ദ്രീകരിച്ചുള്ള യാഥാസ്ഥിതിക ബ്രാഹ്മണ്യത്തിന് നിലനില്പില്ല എന്ന് തിലക് തിരിച്ചറിയുന്നുണ്ട്. ഒന്നാമതായി, ബ്രിട്ടീഷ് ഭരണം സ്മൃതി കേന്ദ്രിത ബ്രാഹ്മണ്യത്തെ പിളര്‍ത്തിയിരുന്നു. റാനഡേയും പില്‍ക്കാലത്ത് ഗാന്ധിക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പാതയൊരുക്കിയ ഗോഖലേയും ഗണേഷ് അഗാര്‍ക്കറും മറ്റും സ്മൃതികേന്ദ്രിത ബ്രാഹ്മണിസത്തില്‍ നിന്ന്​ തെന്നി മാറി, ബ്രാഹ്​മണരെ ഒരു ആധുനിക സമുദായത്തിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചിരുന്നു.

ബ്രാഹ്മണരുടെ സാമൂഹ്യാവസ്ഥയില്‍ ബലാത്ക്കാരമായി പ്രവേശിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് അധികാരമില്ലെന്ന് തിലക് വാദമുയര്‍ത്തിയതും യാഥാസ്ഥിതിക ബ്രാഹ്മണരെ തിലക് ക്യാമ്പിലെത്തിച്ചു.

അതോടൊപ്പം കീഴാള സമുദായക്കാര്‍ മഹാത്മാ ഫൂലേയുടെ കീഴില്‍ ജാതിവിരുദ്ധ, ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനം ആരംഭിച്ചിരുന്നു. ഇങ്ങനെ ഒരേസമയം പലതരം ബലങ്ങള്‍ക്ക് കീഴ്‌പ്പെട്ട് സ്മൃതി കേന്ദ്രിതമായ യാഥാസ്ഥിതിക ബ്രാഹ്മണ്യം ഞെരിഞ്ഞമരുമ്പോഴാണ് തിലക് അതിനെ ദേശീയ സ്വാതന്ത്ര്യവുമായി കൂട്ടിയിണക്കാന്‍ ശ്രമിക്കുന്നത്. ഗോഖലേയുടെയും മറ്റും സമ്മര്‍ദ്ദത്തിന്റെ ഫലമായി പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താന്‍ ബ്രിട്ടീഷ് ഗവൺമെൻറ്​ കൊണ്ടുവന്ന ഏജ് ഓഫ് കണ്‍സെൻറ്​ ബില്ലിനെതിരെ തിലക് ആഞ്ഞടിച്ചതോടെ സ്മൃതി കേന്ദ്രിത യാഥാസ്ഥിതിക ബ്രാഹ്മണര്‍ തിലകിന്റെ പിന്നില്‍ അണിനിരന്നു. പ്ലേഗ് ബോംബെ പ്രവിശ്യയെ ബാധിച്ചപ്പോള്‍ ലോക്ക്ഡൗണ്‍ നിയമങ്ങളുടെ ഭാഗമായി ചിത്പാവന്‍ ബ്രാഹ്മണരുടെ കേന്ദ്രമായ പൂനെയില്‍ ബ്രിട്ടീഷുകാര്‍ ഗൃഹപരിശോധന തുടങ്ങി. ബ്രാഹ്മണ വസതികളില്‍ പ്ലേഗ് രോഗികള്‍ അധികൃതരെ കബളിപ്പിച്ച് കഴിയുന്നുണ്ടെന്ന വിവരമാണ് അവരെ അതിന് പ്രേരിപ്പിച്ചത്.

ബാല്‍ ഗംഗാധര്‍ തിലക്

ബ്രാഹ്മണരുടെ സാമൂഹ്യാവസ്ഥയില്‍ ബലാത്ക്കാരമായി പ്രവേശിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് അധികാരമില്ലെന്ന് തിലക് വാദമുയര്‍ത്തിയതും യാഥാസ്ഥിതിക ബ്രാഹ്മണരെ തിലക് ക്യാമ്പിലെത്തിച്ചു. അതോടൊപ്പം ദേശസ്ഥ ബ്രാഹ്മണരുമായി ചിത്പാവന്‍ ബ്രാഹ്മണര്‍ക്കുണ്ടായ അകല്‍ച്ച തീര്‍ക്കാന്‍ തിലക് ബ്രാഹ്മണര്‍ക്കിടയില്‍ പന്തിഭോജനം പോലുള്ള പരിപാടികള്‍ നടത്തി. ഇത്തരത്തില്‍ സ്മൃതി കേന്ദ്രിത യാഥാസ്ഥിതിക ബ്രാഹ്മണരുടെ ഒരു കെട്ടുറപ്പ് തിലക് സൃഷ്ടിച്ചു.

എന്നാല്‍, അതു മാത്രം ബ്രാഹ്മണിക രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടു പോകില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ ദേശീയതയുമായി, സ്വരാജ്, സ്വദേശി മുദ്രാവാക്യങ്ങളുമായി ബന്ധപ്പെടുത്താന്‍ തിലക് ശ്രമിച്ചു. മാത്രമല്ല , ഗണേശോത്സവവും ശിവാജി ഉത്സവവും ദൃശ്യവിരുന്നുകളായി തിലക് തുടങ്ങിവെച്ചു. ആദ്യത്തേത് ബ്രാഹ്മണിസത്തെ പൊതുമണ്ഡലത്തിലേയ്ക്ക് കൊട്ടിയിറക്കി. രണ്ടാമത്തേത് പില്‍ക്കാലത്ത് പേഷ്വാമാരുടെ കൈയ്യിലെത്തിയ ശിവജിയുടെ മറാത്താ സാമ്രാജ്യത്തെ ഇന്ത്യന്‍ ദേശീയതയുടെ പ്രാഗ് രൂപമാക്കുക വഴി ഇന്ത്യന്‍ ദേശീയതയെന്നാല്‍ ഹിന്ദു ദേശീയതയാണെന്ന സമീകരണം തുടങ്ങി വെച്ചു.

ബ്രാഹ്മണ രാഷ്ട്രീയം ബ്രാഹ്മണരില്‍ മാത്രം കേന്ദ്രീകരിച്ചാല്‍ ഭാവി പിടിക്കില്ല എന്ന് സവര്‍ക്കര്‍ക്ക് മനസ്സിലായി. അതിനെ വംശീയ രാഷ്ട്രീയമായി വികസിപ്പിക്കാനാണ് സവര്‍ക്കര്‍ ശ്രമിച്ചത്.

തിലക് തുടങ്ങി വെച്ച നവ- യാഥാസ്ഥിതിക ബ്രാഹ്മണിസത്തെ ഹിന്ദുത്വ രാഷ്ട്രീയമായി വികസിപ്പിക്കുകയായിരുന്നു തിലക് ശിഷ്യനായിരുന്ന വിനായക് ദാമോദര്‍ സവര്‍ക്കര്‍. ഹിന്ദുത്വ എന്ന പുസ്തകത്തില്‍ അതിനാണ് സവര്‍ക്കര്‍ ശ്രമിച്ചത്. ഗാന്ധിയുടെ നേതൃത്വത്തില്‍ ദേശീയ പ്രസ്ഥാനം ബഹുജനപ്രസ്ഥാനമായി വളര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ ബ്രാഹ്മണ രാഷ്ട്രീയം ബ്രാഹ്മണരില്‍ മാത്രം കേന്ദ്രീകരിച്ചാല്‍ ഭാവി പിടിക്കില്ല എന്ന് സവര്‍ക്കര്‍ക്ക് മനസ്സിലായി. അതിനെ വംശീയ രാഷ്ട്രീയമായി വികസിപ്പിക്കാനാണ് സവര്‍ക്കര്‍ ശ്രമിച്ചത്. അതിനാല്‍ ബ്രഹ്മാവിന്റെ മുഖത്ത് നിന്നും ജനിച്ചതാണ് ബ്രാഹ്മണന്‍ തുടങ്ങിയ ഐതിഹ്യങ്ങളിലൊന്നും സവര്‍ക്കര്‍ തങ്ങി നിന്നില്ല. മറിച്ച്, സിന്ധു നദീതടത്തില്‍ കുടിയേറിയ ആര്യ ചരിത്രത്തില്‍ നിന്ന്​ തുടങ്ങി. ‘സ’ എന്നത് ‘ഹ’ എന്നുച്ചരിക്കുന്ന അറബികളേയും പ്രാകൃതഭാഷ ഉച്ചരിക്കുന്നവരേയും കൂട്ടിക്കൊണ്ടുവന്നു. സിന്ധു അങ്ങനെ ഹിന്ദുവായി. അവര്‍ ക്രമേണ രാഷ്ട്രമായി തീരുന്നതിന്റേയും ആര്യാവര്‍ത്തം മുഴുവന്‍ നിറയുന്നതിന്റേയും കഥ പറഞ്ഞു. ശ്രീരാമചന്ദ്രനെ ഹിന്ദുരാഷ്ട്രത്തെ തെക്കോട്ട് വ്യാപിപ്പിച്ച ചരിത്രപുരുഷനാക്കി. ഇങ്ങനെ ഇത്തിരി ചരിത്രവും ബാക്കി കഥകളെ ചരിത്രമാക്കി വ്യാഖ്യാനിച്ചും സിന്ധു (നദി) മുതല്‍ സിന്ധു (സമുദ്രം ) വരെ നീണ്ടുകിടക്കുന്ന ഭൂമിയെ ഹിന്ദുരാഷ്ട്രമാക്കി. അവിടെ വസിക്കുന്നവരെ ഹിന്ദുക്കളും. ആ ഖണ്ഡം പിതൃഭൂമിയും പുണ്യഭൂമിയുമായവര്‍ക്ക് മാത്രമാണ് അവിടെ പൗരത്വം ലഭിക്കുക എന്ന് വാദിച്ചു.

ഇങ്ങനെയാണ് ബ്രാഹ്മണരാഷ്ട്രീയത്തെ വംശീയ രാഷ്ട്രീയമായി സവര്‍ക്കര്‍ പ്രത്യയശാസ്ത്രപരമായി വികസിപ്പിച്ചത്. അതോടെ സവര്‍ണതയ്ക്ക് പുറത്തു കിടക്കുന്ന തദ്ദേശീയരും സിക്കുകാരും ജൈനരും ബ്രാഹ്മണരാഷ്ട്രീയത്തിന്റെ അനുബന്ധമായി മാറി.

1924- ല്‍ ജയില്‍വിമോചിതനായെങ്കിലും രത്‌നഗിരി ജില്ല വിട്ടുപോകാന്‍ പാടില്ല എന്ന ഉപാധിയില്‍ ജില്ലാത്തടവിലായിരുന്നു സവര്‍ക്കര്‍. അവിടെയായിരുന്നു ബ്രാഹ്മണ രാഷ്ട്രീയത്തെ വംശീയ രാഷ്ട്രീയമാക്കുന്ന ആദ്യ പരീക്ഷണങ്ങള്‍ സവര്‍ക്കര്‍ നടത്തിയത്. അംബേദ്ക്കര്‍ ജനിച്ച സമുദായമായ മഹറുകളെയാണ് അദ്ദേഹം ആദ്യം ഉപകരണമാക്കിയത്. സവര്‍ക്കറും രത്‌നഗിരി ഹിന്ദുസഭയുടെ പ്രവര്‍ത്തകരും മഹര്‍ കോളനികള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങി. അവരെക്കൊണ്ട് ബ്രാഹ്മണ കീര്‍ത്തനങ്ങള്‍ ആലപിപ്പിക്കുക എന്നതായിരുന്നു ഒരു പരിപാടി. തിലക് തുടങ്ങി വെച്ച ഗണേശോത്സവം രത്‌നഗിരി ജില്ലയില്‍ ആര്‍ഭാടത്തോടെ ബ്രാഹ്മണര്‍ ആഘോഷിച്ചിരുന്നു. 1925- ല്‍ ‘അസ്പൃശ്യര്‍’ക്കുവേണ്ടി ഒരു ‘പ്രത്യേക ഗണപതി’ വിഗ്രഹത്തെ സവര്‍ക്കറും കൂട്ടരും ഒരുക്കി. തോട്ടിപ്പണി ചെയ്യുന്ന ഭാംഗി സമുദായത്തില്‍ പെട്ട ശിവു എന്നയാളെ പൂജാരിയാക്കി. അങ്ങനെ ബ്രാഹ്മണരാഷ്ട്രീയത്തിന്റെ അടിയാളരാക്കി ദലിതുകളെ മാറ്റുന്ന ഹിന്ദുത്വ വംശീയ രാഷ്ട്രീയം ദൈവാരാധനയുടെ രംഗത്ത് അരങ്ങേറ്റുന്നതില്‍ സവര്‍ക്കറും കൂട്ടരും വിജയിച്ചു.

പുതിയ സ്വത്വം ആര്‍ജ്ജിക്കാനുള്ള ദലിത്- പിന്നാക്ക സമുദായങ്ങളിലെ വ്യക്തികളുടെ അഭിലാഷത്തെ ഹിന്ദു വംശീയ രാഷ്ട്രീയവുമായി കൂട്ടിയിണക്കേണ്ടത് അത്തരം രാഷ്ട്രീയം മുന്നോട്ട് പോകുന്നതിന്റെ അനിവാര്യതയായി സവര്‍ക്കര്‍ കണ്ടു.

മഹാത്മാ ഫൂലേ മുതല്‍ അംബേദ്ക്കര്‍ വരെ വിദ്യാഭ്യാസത്തെ പ്രബുദ്ധതയിലേയ്ക്കും സ്വാതന്ത്ര്യത്തിലേയ്ക്കും സാമൂഹ്യ ചലനാത്മകത നല്‍കുന്ന പ്രധാന ഉപാധിയായി ചൂണ്ടിക്കാണിച്ചിരുന്നു. അതിനുവേണ്ടി നിരവധി സമാന്തര വിദ്യാഭ്യാസ ശ്രമങ്ങള്‍ 19-ാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ മഹാരാഷ്ട്രയിലെമ്പാടും നടന്നിരുന്നു. പുതിയ സ്വത്വം ആര്‍ജ്ജിക്കാനുള്ള ദലിത്- പിന്നാക്ക സമുദായങ്ങളിലെ വ്യക്തികളുടെ അഭിലാഷത്തെ ഹിന്ദു വംശീയ രാഷ്ട്രീയവുമായി കൂട്ടിയിണക്കേണ്ടത് അത്തരം രാഷ്ട്രീയം മുന്നോട്ട് പോകുന്നതിന്റെ അനിവാര്യതയായി സവര്‍ക്കര്‍ കണ്ടു. സര്‍ക്കാറും ദലിത്​ വിദ്യാഭ്യാസത്തെ അനുകൂലിച്ച് നിലപാട് എടുക്കുകയുണ്ടായി. പൊതു വിദ്യാലയങ്ങള്‍ അവര്‍ക്കായി മലര്‍ക്കെ തുറന്നു തുടങ്ങി. ഈ അവസരത്തില്‍ അവരെ നിരാകരിക്കുന്ന മൂഢത്വത്തില്‍ ബ്രാഹ്മണ യാഥാസ്ഥിതികര്‍ കഴിയുന്നത് ബ്രാഹ്മണ മേല്‍ക്കോയ്മയുടെ തന്നെ അവസാനമായിരിക്കും കുറിക്കുക എന്നത് സവര്‍ക്കര്‍ക്ക് ബോധ്യപ്പെട്ടപ്പോള്‍ അദ്ദേഹം ആ മൂഢത്വത്തെ ഉപേക്ഷിക്കാന്‍ പൊതുയോഗങ്ങളിലൂടെ ആവശ്യപ്പെട്ട് തുടങ്ങി.

‘പൊതുവിദ്യാലയങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന്​ നിങ്ങള്‍ക്ക് കുട്ടികള തടയാന്‍ കഴിയുമോ? ഇല്ല. നിങ്ങള്‍ക്കതിന് ധൈര്യമില്ല. കാരണം, അതിന്റെ പ്രത്യാഘാതങ്ങള്‍ നിങ്ങള്‍ക്കറിയാം. ബ്രിട്ടീഷ് ഗവൺമെൻറ്​ വെടിയുണ്ടകളാല്‍ മറുപടി പറയും. അവര്‍ അറിവില്ലാത്തവരും നിസ്സഹായരമായതുകൊണ്ട് നിങ്ങള്‍ അസ്പൃശ്യരെ ഉപദ്രവിക്കുന്നു. പക്ഷെ, മുസ്​ലിംകളുടെ നീതിരഹിതമായ ആവശ്യങ്ങളെ നിങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നു. കാരണം അവര്‍ അക്രമ സ്വഭാവികളാണ്. ഒരു മഹര്‍ മുസ്​ലിമോ ക്രിസ്ത്യാനിയോ ആയി മതം മാറുകയാണെങ്കില്‍ നിങ്ങള്‍ നിങ്ങള്‍ക്ക് തുല്യരായി അവരെ കണക്കാക്കുന്നു. എന്നാല്‍ ഒരു മഹര്‍ എന്ന നിലയ്ക്ക് അവന് അതേ പരിഗണന ലഭിയ്ക്കുന്നില്ല.’

കീഴാളരുടേയും പിന്നാക്കക്കാരുടേയും ക്ഷേത്രപ്രവേശനത്തിനും സവര്‍ക്കര്‍ അനുകൂലമായിരുന്നു. അവര്‍ക്ക് പ്രവേശനമുള്ള പതീത്പാവന്‍ ക്ഷേത്രവും അദ്ദേഹം തുറക്കുകയുണ്ടായി.

1927 മുതല്‍ ഹിന്ദു വംശീയ ഐക്യത്തിനുവേണ്ടി അസ്പൃശ്യരെ മുന്‍നിര്‍ത്തി സവര്‍ക്കര്‍ ആരംഭിച്ച മറ്റൊരു നടപടി ദസറ, മകരസംക്രാന്തി തുടങ്ങിയ ഹിന്ദുപുണ്യദിനങ്ങളില്‍ മഹര്‍, ചമര്‍, ഭാംഗി സമുദായങ്ങളില്‍ പെട്ട ദലിതരെക്കൊണ്ട് ബ്രാഹ്മണ വസതികളില്‍ ചെന്ന് സോന ഇലകള്‍ കൈമാറി ആശംസകള്‍ അര്‍പ്പിക്കുക എന്ന പരിപാടിയാണ്. അതായത് കേരളം പോലുള്ള ഇടങ്ങളില്‍ നിന്നിരുന്ന കാഴ്ചക്കുലകള്‍ ജന്മിക്ക് സമര്‍പ്പിക്കും പോലെയുള്ള ഒന്ന്. എന്നിട്ട് മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും എല്ലാവരും ചേര്‍ന്ന് ‘ഹിന്ദുധര്‍മ്മം ജയിക്കട്ടെ’ എന്ന് അട്ടഹസിക്കുകയും ചെയ്യും. തീര്‍ച്ചയായും, സാമൂഹിക ദൃശ്യതയില്‍ നിന്ന്​ ബഹുദൂരം അകറ്റിനിര്‍ത്തിയിരുന്ന അതേ ‘ഹിന്ദുധര്‍മ്മ’ ത്തെ ഉച്ചൈസ്തരം ഘോഷിക്കുന്ന ഈ പരിപാടി, ദലിതര്‍ മനുസ്മൃതി കത്തിക്കാന്‍ തുടങ്ങിയ അതേ കാലത്തു തന്നെ ആവിഷ്‌ക്കരിച്ചതിന്റെ രാഷ്ട്രീയപ്പൊരുള്‍ കുറേ യാഥാസ്ഥിതിക ബ്രാഹ്മണര്‍ക്കെങ്കിലും പിടി കിട്ടിയില്ല. അതിനാല്‍ അവരില്‍ ചിലരെങ്കിലും തങ്ങളുടെ വീടുകളിലേയ്ക്ക് ദലിതര്‍ക്ക് ഹ്രസ്വ പ്രവേശനം നല്‍കുന്ന രത്‌നഗിരി ഹിന്ദുസഭയുടെ പരിപാടിയെ എതിര്‍ത്തു. എന്നാല്‍ ഉണരുന്ന കീഴാള, പിന്നാക്ക രാഷ്ട്രീയ പരിസ്ഥിതിയില്‍, വളരെപ്പെട്ടെന്ന് തങ്ങളുടെ യഥാര്‍ത്ഥ ന്യൂനപക്ഷ സ്ഥിതിയെക്കുറിച്ചുള്ള അവബോധം ബ്രാഹ്മണരെ പറഞ്ഞു മനസ്സിലാക്കാന്‍ സവര്‍ക്കര്‍ക്കും ഹിന്ദുസഭയ്ക്കും കഴിഞ്ഞതോടെ തങ്ങളുടെ വീടുകളില്‍ കയറി വന്ന് തങ്ങള്‍ക്ക് സോനാ ഇലകള്‍മൈത്രിയുടെ ചിഹ്നമായി സമ്മാനിച്ച് തങ്ങള്‍ പോറ്റി വളര്‍ത്തിയ ‘ഹിന്ദുധര്‍മ്മ’ ത്തിന് കീഴാളര്‍ ജയ് വിളിക്കുന്ന പ്രവൃത്തിയെ അവര്‍ ആഘോഷിക്കാന്‍ തുടങ്ങി.

1929- ല്‍ ദലിതരായ മഹറുകള്‍ക്കും ചമറുകള്‍ക്കും പൂണൂല്‍ അണിയിക്കുന്ന പണി സവര്‍ക്കര്‍ തുടങ്ങി.

1929- ല്‍ ദലിതരായ മഹറുകള്‍ക്കും ചമറുകള്‍ക്കും പൂണൂല്‍ അണിയിക്കുന്ന പണി സവര്‍ക്കര്‍ തുടങ്ങി. മനുസ്മൃതി കത്തിച്ച കാലത്താണ് ഇത് നടത്തുന്നത് എന്നോര്‍ക്കുമ്പോള്‍ ഈ വംശീയ രാഷ്ട്രീയത്തിന്റെ വംശീയപ്പൊരുള്‍ പെട്ടെന്ന് പിടികിട്ടും. അതിനുമുമ്പ് ചവ്ദാര്‍ തടാകത്തില്‍ നിന്ന്​ ദലിതര്‍ക്ക് വെള്ളമെടുക്കാനുള്ള അവകാശത്തിനുവേണ്ടി അംബേദ്ക്കര്‍ തുടങ്ങിയ മഹാഡ് സത്യാഗ്രഹത്തെ അനുകൂലിക്കാന്‍ സവര്‍ക്കര്‍ക്ക് ഒട്ടും മടിയുണ്ടായില്ല. ഹിന്ദുമതത്തിന്റെ മടക്കുകളില്‍ ദലിതരെ കുരുക്കിയിട്ടാല്‍ മാത്രമേ ബ്രാഹ്മണിസത്തിന്റെ ആധുനിക രൂപമായ ഹിന്ദു വംശീയ രാഷ്ട്രീയം മുന്നോട്ടു പോകൂ എന്ന് സവര്‍ക്കര്‍ തിരിച്ചറിഞ്ഞിരുന്നു. കീഴാളരുടേയും പിന്നാക്കക്കാരുടേയും ക്ഷേത്രപ്രവേശനത്തിനും സവര്‍ക്കര്‍ അനുകൂലമായിരുന്നു. അവര്‍ക്ക് പ്രവേശനമുള്ള പതീത്പാവന്‍ ക്ഷേത്രവും അദ്ദേഹം തുറക്കുകയുണ്ടായി.

1941- ലെ സെന്‍സസില്‍ ആദിവാസികളോടും പിന്നാക്കക്കാരോടും സിക്കുകാരോടും ജൈനരോടും ഹിന്ദു എന്ന പേരില്‍ ജനസംഖ്യാ കണക്കെടുപ്പില്‍ ചേര്‍ക്കാന്‍ സവര്‍ക്കറും ഹിന്ദുമഹാസഭയും കിണഞ്ഞു പരിശ്രമിച്ചതും വംശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി തന്നെയാണ്.

വംശീയ രാഷ്ട്രീയത്തിന്റെ ഫലമായി രൂപീകരിക്കപ്പെട്ട ഹിന്ദുമണ്ഡലത്തിന്റെ സൈനിക വല്ക്കരണത്തിനുവേണ്ടിയാണ് സവര്‍ക്കര്‍ പിന്നീട് ശ്രമിച്ചത്. ഹിന്ദുത്വ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് 1925- ല്‍ ആര്‍.എസ്.എസ് രൂപം കൊണ്ടത്. അതായത്, ആര്‍.എസ്.എസിന്റെ അടിസ്ഥാനം സ്മൃതികേന്ദ്രിതമായ ബ്രാഹ്മണിസം അല്ല, മറിച്ച് ഹിന്ദു വംശീയതയുടെ അടിസ്ഥാനത്തില്‍ ബലിഷ്ഠത പ്രാപിച്ച ബ്രാഹ്മണിസമാണ്. ഈ വംശീയ രാഷ്ട്രീയമാണ് പിന്നാക്കക്കാരനായ മോദിയേയും ആദിവാസിയായ ദ്രൗപതി മുര്‍മുവിനേയും ബ്രാഹ്മണരാഷ്ട്രീയത്തിന്റെ മുഖങ്ങള്‍ ആക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സ്വാഭാവിക കൃത്യം മാത്രമാണത്. 1941- ലെ സെന്‍സസില്‍ ആദിവാസികളോടും പിന്നാക്കക്കാരോടും സിക്കുകാരോടും ജൈനരോടും ഹിന്ദു എന്ന പേരില്‍ ജനസംഖ്യാ കണക്കെടുപ്പില്‍ ചേര്‍ക്കാന്‍ സവര്‍ക്കറും ഹിന്ദുമഹാസഭയും കിണഞ്ഞു പരിശ്രമിച്ചതും ഈ വംശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി തന്നെയാണ്.

ദീന്‍ ദയാല്‍ ഉപാദ്ധ്യായ

ഇനി മോദി യഥാര്‍ത്ഥത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് നല്‍കിയ ‘സംഭാവന’ എന്തെന്ന് കൂടി പരിശോധിക്കാം. ഹിന്ദു മണ്ഡലത്തെ സൈനികവല്ക്കരിക്കുക എന്ന സവര്‍ക്കറിന്റെ ആശയമാണ് ആര്‍.എസി.എസിന് വ്യാപകമായ അടിത്തറയുണ്ടാക്കിയ എം.എസ്. ഗോള്‍വാള്‍ക്കറെ നയിച്ചത് . അദ്ദേഹത്തിന്റെ ‘നമ്മള്‍ അഥവാ നമ്മളുടെ ദേശീയ സ്വതം നിര്‍വ്വചിക്കപ്പെടുന്നു’, ‘വിചാരധാര’ എന്നീ പുസ്തകങ്ങളുടെ സാരാംശം ഇതായിരുന്നു. എന്നാല്‍ ഗാന്ധി വധത്തോടെ ഹിന്ദുത്വ രാഷ്ട്രീയം പിറകോട്ടടിക്കപ്പെട്ടു. ഹിന്ദുത്വ രാഷ്ട്രീയം പാര്‍ശ്വവല്ക്കരിക്കപ്പെട്ടു. അതോടെ തങ്ങളുടെ തന്ത്രം മാറ്റാതെ ബ്രാഹ്മണരാഷ്ട്രീയത്തിന് നിലനില്‍പ്പില്ലെന്ന് കണ്ടപ്പോള്‍ ആര്‍.എസ്.എസ് പുതിയ പ്രത്യയശാസ്ത്രത്തെ സ്വീകരിച്ചു. ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ ഏകാത്മ മാനവവാദം. സവര്‍ക്കറേയും ഗോള്‍വാള്‍ക്കറേയും അവരുടെ വംശീയ- സൈനിക ഹിന്ദുവാദത്തേയും മിഠായിക്കുള്ളില്‍ അലിയിച്ച് അവതരിപ്പിക്കുക പ്രത്യയശാസ്ത്രമായിരുന്നു അത്. സവര്‍ക്കറിസത്തിലേയ്ക്ക് മടങ്ങാന്‍ ആ പരിസ്ഥിതിയില്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. അതിനാല്‍ കുറേക്കൂടി മൃദുവായ പ്രത്യയശാസ്ത്രം സ്വീകരിച്ച് ആളുകളെ മറവിയിലേയ്ക്ക് നയിക്കുക എന്ന ലക്ഷ്യമാണ് ആര്‍.എസ്.എസ് തുടര്‍ന്നിരുന്നത്.

ഹിന്ദുത്വ വംശീയ, സൈനിക ബ്രാഹ്മണിസത്തിന്റെ മടക്കിലകപ്പെട്ട അവര്‍ണരും ദലിതരും നാമമാത്രമായി അധികാരസ്ഥാനങ്ങളില്‍ അവരോധിക്കപ്പെട്ടപ്പോള്‍ ബഹുഭൂരിപക്ഷവും മുസ്​ലിംകള്‍ക്കും മറ്റ് ഹിന്ദുത്വ വിരുദ്ധര്‍ക്കുമെതിരേ വ്യാപകമായി ഉപയോഗിക്കപ്പെട്ടു.

പൊതുമണ്ഡലത്തില്‍ ആ മറവി പൂര്‍ണമായതോടെ സവര്‍ക്കര്‍ രാഷ്ട്രീയത്തെ അവര്‍ തിരികെ കൊണ്ടുവന്നു. ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ച ഒരര്‍ത്ഥത്തില്‍ സവര്‍ക്കര്‍ രാഷ്ട്രീയത്തിന്റെ തിരിച്ചു വരവായിരുന്നു. ആഭ്യന്തരമായി ഒരു യുദ്ധസന്നാഹം നടത്തിയ സൈനിക വല്ക്കരിക്കപ്പെട്ട ഹിന്ദു വീണ്ടും പ്രത്യക്ഷപ്പെട്ടു. ഗുജറാത്ത് വംശഹത്യയും ഇതിന്റെ നിദര്‍ശനമായിരുന്നു. ആ വംശഹത്യയില്‍ സജീവമായ പങ്കാളിത്തം വഹിച്ച അവര്‍ണരേയും ആദിവാസികളേയും രേവതി ലോള്‍ തന്റെ വെറുപ്പിന്റെ ശരീരശാസ്ത്രം എന്ന ഗ്രന്ഥത്തില്‍ കാണിച്ചുതരുന്നുണ്ട്. ഹിന്ദുത്വ വംശീയ, സൈനിക ബ്രാഹ്മണിസത്തിന്റെ മടക്കിലകപ്പെട്ട അവര്‍ണരും ദലിതരും നാമമാത്രമായി അധികാരസ്ഥാനങ്ങളില്‍ അവരോധിക്കപ്പെട്ടപ്പോള്‍ ബഹുഭൂരിപക്ഷവും മുസ്​ലിംകള്‍ക്കും മറ്റ് ഹിന്ദുത്വ വിരുദ്ധര്‍ക്കുമെതിരേ വ്യാപകമായി ഉപയോഗിക്കപ്പെട്ടു.

ബാബരി മസ്ജിദ്

അതിനാല്‍ മോദി ബ്രാൻറ്​ ഹിന്ദുത്വയല്ല, സവര്‍ക്കര്‍ ബ്രാൻറ്​ ഹിന്ദുത്വയുടെ മടങ്ങിവരവാണ് നാം കാണുന്നത്. ഹിന്ദുത്വ എന്നാല്‍ ഹിന്ദുയിസമല്ല എന്ന വാചകത്തില്‍ നിന്നാണ് ആ പ്രത്യയശാസ്ത്രം തുടങ്ങുന്നത്. അതിനെ ഹിന്ദുയിസവും സ്മൃതി കേന്ദ്രിത ബ്രാഹ്മണിസവുമായി കാണുന്നത് ‘ആ പാര്‍ട്ടിയെപ്പറ്റി ഒരു ചുക്കും അറിയാത്ത’ അതിന് പുറത്തുനില്‍ക്കുന്നവര്‍ ആണ്. അത് ഹിന്ദുത്വ വംശീയതയായി രൂപം മാറിയ ബ്രാഹ്മണിസമാണ്. മുസ്സോളിനിയില്‍ നിന്ന്​ പഠിച്ച സൈനികവല്ക്കരണത്തിനുവേണ്ടി വെമ്പുന്ന പ്രത്യയശാസ്ത്രമാണ്.

തന്റെ വംശീയ രാഷ്ട്രീയ പരീക്ഷണം വിജയിച്ചതായി സവര്‍ക്കര്‍ കരുതുന്ന ഒരു സന്ദര്‍ഭം കൂടി അനുസ്മരിക്കട്ടെ. 1928- ല്‍ മാല്‍വനില്‍ വെച്ച് സവര്‍ക്കറുടെ വംശീയ പരീക്ഷണത്തിന് അടിപ്പെട്ട ദലിതന്‍ ബ്രാഹ്മണരാഷ്ട്രീയത്തെ തന്റെ വായിലൂടെ പ്രകാശിപ്പിച്ച സന്ദര്‍ഭം ആണത്. അവിടെ വെച്ച് സര്‍ജൻറ്​ ഘാട്ട്‌ഗേ എന്ന മഹര്‍ എണീറ്റു നിന്ന് പ്രഖ്യാപിച്ചു: ‘ആരാണ് മഹറുകള്‍ മതം മാറുമെന്നും മുസ്​ലിംകൾ ആകുന്നുവെന്നും പറയുന്നത്? ഞങ്ങള്‍മഹറുകളും ചമറുകളും ഹിന്ദുധര്‍മ്മത്തെ സ്‌നേഹിക്കുന്നവരും അതിനെ ഒരിക്കലും നിഷേധിക്കാത്തവരും ആണ്. ബ്രാഹ്മണര്‍ ഒരു പക്ഷെ ഇസ്​ലാമിലേയ്ക്ക് മാറിയേക്കും, പക്ഷെ ഞങ്ങള്‍ മാറില്ല.’

അതിനാല്‍ നരേന്ദ്രമോദിമാരും ദ്രൗപതി മുര്‍മുമാരും ഇനിയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മടക്കുകളില്‍ നിന്ന് തലയുയര്‍ത്തിയേക്കാം. അവര്‍ പിന്നാക്കക്കാരേയും ദലിതരേയും ആദിവാസികളേയും പ്രതിനിധീകരിക്കുന്നവര്‍ ആയേക്കാം. പക്ഷെ, അവര്‍ കത്തിച്ചത് മനുസ്മൃതിയല്ല, തങ്ങളുടെ കീഴാള ചരിത്രമാണ് എന്ന് മനസ്സിലാക്കിയാലേ ഹിന്ദുത്വ വംശീയ സൈനിക ഫാഷിസ ബ്രാഹ്മണിസത്തെ മനസ്സിലാക്കാന്‍ പറ്റൂ.

Comments