നിയമസഭാ തെരഞ്ഞെടുപ്പു വിജയം നൽകിയ ഊർജ്ജത്തിലാണ് കോൺഗ്രസ് കർണാടകയിൽ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബി.ജെ.പിയിലാകട്ടെ, സീറ്റ് തർക്കങ്ങളും അധികാര വടംവലിയും രൂക്ഷമാണ്.
സംസ്ഥാന സർക്കാറിന്റെ ജനകീയ പരിപാടികളാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വോട്ടാക്കാൻ ശ്രമിക്കുന്നത്. ബി.ജെ.പിയിലെ തർക്കം മുതലാക്കാൻ എം.എൽ.എമാരെയും മന്ത്രിമാരെയും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടതില്ല എന്ന തീരുമാനവും പാർട്ടി എടുത്തിട്ടുണ്ട്. വിജയസാധ്യതയുള്ള പുതുമുഖങ്ങൾക്കാണ് കോൺഗ്രസ് ലിസ്റ്റിൽ പ്രാമുഖ്യം. മന്ത്രിമാരെ മത്സരിപ്പിച്ചാൽ, അവരുടെ ഒഴിവിൽ മറ്റൊരു മന്ത്രിസഭാ പുനഃസംഘടന വേണ്ടിവരുമെന്നും അത് പാർട്ടിയെ പ്രതിസന്ധിയിലാക്കുമെന്ന യാഥാർഥ്യബോധം കൂടി ഉൾക്കൊണ്ടാണ് കോൺഗ്രസ് നീക്കം.
കേന്ദ്ര അവഗണനക്കെതിരെ അതിശക്തമായി പ്രതിഷേധസ്വരമുയർത്തിയ ആദ്യ സംസ്ഥാനമാണ് കർണാടക. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് കേന്ദ്രം പുലർത്തുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഡൽഹി ജന്തർ മന്തറിൽ ഫെബ്രുവരി ഏഴിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഡി.കെ. ശിവകുമാറിന്റെയും നേതൃത്വത്തിൽ സമരം നടത്തിയിരുന്നു. ഈ പ്രതിഷേധം കാമ്പയിനിൽ പ്രതിഫലിക്കും.
ആദ്യ ഘട്ട സ്ഥാനാർഥിപ്പട്ടിക ബി.ജെ.പിയിൽ അതിരൂക്ഷമായ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രി ശോഭാ കരന്തലാജെ ബംഗളൂരു നോർത്തിലാണ് മത്സരിക്കുന്നത്. ശോഭാ കരന്തലാജെക്കെതിരെ പ്രവർത്തകർ പരസ്യമായി രംഗത്തുവന്നു. അണികളുടെ എതിർപ്പിനെതുടർന്നാണ് ഇവരെ സിറ്റിങ് സീറ്റായ ചിക്കമംഗലൂരു- ഉഡുപ്പി സീറ്റിൽനിന്ന് ബംഗളൂരു നോർത്തിലേക്ക് മാറ്റിയത്.
മുതിർന്ന നേതാക്കന്മാരെ മാറ്റിനിർത്തി പുതുമുഖങ്ങളെ പരീക്ഷിക്കുക എന്നതായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തന്ത്രം. ആ തീരുമാനം പാർട്ടിക്കകത്ത് ചില പ്രതിസന്ധികൾക്ക് തുടക്കമിട്ടു. ബി.എസ്. യെദ്യൂരപ്പയുടെ ഉറ്റ അനുയായി ജഗദീഷ് ഷെട്ടാറിനും ഇശ്വരപ്പക്കും സീറ്റ് നിഷേധിച്ചത് നേതാക്കന്മാരെ മാത്രമല്ല അണികളെ പോലും ചൊടിപ്പിച്ചു. തുടർന്ന് പാർട്ടിവിട്ട ജഗദീഷ് ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബി.ജെ.പിയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.
ജഗദീഷ് ആവശ്യപ്പെട്ട ഹുബ്ബള്ളി-ധർവാഡ്, ഹാവേരി മണ്ഡലങ്ങൾ നൽകാൻ ബി.ജെ.പി വിസമ്മതിച്ചതാണ് പുതിയ പ്രശ്‌നങ്ങൾക്ക് കാരണം. ജഗദീഷ് ആവശ്യപ്പെട്ട രണ്ട് മണ്ഡലങ്ങളിലും പാർട്ടി മറ്റ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ ബൊമ്മയാണ് ഹാവേരിയിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. 2009 മുതൽ ബി.ജെ.പിയുടെ ശിവകുമാർ ഉസദി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് ഹാവേരി. ഹുബ്ബള്ളി-ധർവാഡ് മണ്ഡലത്തിലാകട്ടെ സിറ്റിങ് എം.പി പ്രൽഹാദ് ജോഷി തന്നെയാണ് മത്സരത്തിനൊരുങ്ങുന്നത്.
താൻ ആവശ്യപ്പെട്ട മണ്ഡലങ്ങൾ നൽകാത്തതുകൊണ്ട് തന്നെ ജഗദീഷിന് അതൃപ്തിയുണ്ട്. ബെലാഗി മണ്ഡലം നൽകാമെന്ന് ബി.ജെ.പി അറിയിച്ചിട്ടുണ്ടെങ്കിലും ജഗദീഷ് ആ മണ്ഡലം തെരഞ്ഞെടുക്കാൻ സാധ്യത വളരെ കുറവാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസിൽ നിന്നുള്ള മടങ്ങിവരവ് ജഗദീഷ് ഷെട്ടാറിന് ഗുണകരമായിരിക്കില്ല എന്നാണ് നിരീക്ഷണം. കോൺഗ്രസ് ടിക്കറ്റിൽ ഇതേ സീറ്റിൽ മത്സരിച്ചിരുന്നു എങ്കിലും ജഗദീഷ് പരാജയപ്പെട്ടിരുന്നു.
ബി.ജെ.പി ഓഫർ ചെയ്യുന്ന ബെലാഗി സീറ്റ് ജഗദീഷ് നിരസിക്കുമെന്ന് സൂചനകളുണ്ടെങ്കിലും ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഇത് കർണാടക ബി.ജെ.പിയിൽ ചെറിയ കോളിളക്കങ്ങൾക്ക് കാരണമാകും. തന്റെ അനുയായികളെയും അനുഭാവികളെയും ഉൾപ്പെടുത്തി പുതിയ രാഷ്ട്രീയ നീക്കത്തിനൊരുങ്ങുകയാണ് ജഗദീഷ്. മോദി കർണാടകയിലെത്തുമ്പോൾ കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.
ജഗദീഷ് ഷെട്ടാർ വിഷയം മാത്രമല്ല കെ.എസ്. ഈശ്വരപ്പ വിഷയവും കർണാടക രാഷ്ട്രീയത്തിൽ പുകയുന്നുണ്ട്. തനിക്ക് സീറ്റ് നൽകാൻ സാധിക്കില്ലെങ്കിൽ മകൻ കാന്തേഷിന് സീറ്റ് നൽകണമെന്നാണ് നിയമസഭ തെരഞ്ഞടുപ്പിൽ ഈശ്വരപ്പ ബി.ജെ.പിക്ക് മുന്നിൽവെച്ച ആവശ്യം. എന്നാൽ പാർലമെന്റ് സീറ്റ് നൽകാണെന്ന ഉറപ്പോടെ പാർട്ടി അദ്ദേഹത്തിന്റെ ആവശ്യം നിഷേധിക്കുകയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് അടുക്കുന്ന അവസാന ഘട്ടത്തിൽ അദ്ദേഹം ആവശ്യപ്പെട്ട ഹാവേരി സീറ്റ് നൽകാൻ ബി.ജെ.പി തയ്യാറാകുന്നില്ല.
തുടർന്ന് തന്റെ മകന്റെ സ്ഥാനാർഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഈശ്വരപ്പ റിബൽ സ്ഥാനാർഥിയാകാൻ ഒരുങ്ങുകയാണ്. ഇന്നലെ കൂടിയ അനുയായികളുടെ യോഗത്തിലാണ് താൻ ശിവമൊഗ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയാകുന്ന വിവരം അദ്ദേഹം അറിയിച്ചത്.
കാന്തേഷിന് സീറ്റ് നിഷേധിക്കാൻ കാരണം മുൻ മുഖ്യമന്ത്രി ബി.എസ്. യദൂരപ്പയാണെന്നാണ് ഈശ്വരപ്പയുടെ വിമർശനം. തന്റെ മകന് ഹാവേരി സീറ്റ് നൽകാമെന്നും വിജയത്തിനായി പ്രചാരണത്തിന്റെ ഭാഗമാകാമെന്നും ബി.ജെ.പി പാർലമെന്റ് ബോർഡ് അംഗംകൂടിയായ യദ്യൂരപ്പ അറിയിച്ചിരുന്നെന്നും ഈശ്വരപ്പ പറഞ്ഞു. 2013-ൽ യദ്യൂരപ്പയുടെ നേതൃത്വത്തിൽ കർണാടക ജനതപാർട്ടി രൂപീകരിച്ചിരുന്നു. എന്നാൽ അന്ന് യദ്യൂരപ്പക്ക് പിന്തുണ നൽകാൻ ഈശ്വരപ്പ തയ്യാറായില്ല. ഈശ്വരപ്പയോടുള്ള നിസഹകരണത്തിന്റെ ഒകുകാരണം അതായിരിക്കുമെന്നുമാണ് ആരോപണം.
ഇതിനിടയിൽ യദ്യൂരപ്പക്കെതിരെ പോക്‌സോ ആരോപണവും ഉയർന്നുവരുന്നുണ്ട്. 17 വയസുകാരിയോട് ലൈംഗീകാതിക്രമം നടത്തിയെന്ന അമ്മയുടെ പരാതിയിലാണ് കർണാടക മുൻമഖ്യമന്ത്രിയും ബി.ജെ.പി പാർലമെന്റ് ബോർഡ് അംഗവുമായ ബി.എസ്. യദ്യൂരപ്പക്കെതിരെ കേസെടുത്തത്. ആരോപണം തള്ളിയ യദ്യൂരപ്പ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതുന്നില്ലെന്നും പരാതിക്കാരിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് തോന്നുന്നെന്നും പറഞ്ഞു.
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കേസിൽ സഹായം ചോദിച്ച് പരാതിക്കാരിയായ അമ്മയും മകളും യദ്യൂരപ്പയുടെ വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. അദ്ദേഹത്തിന്റെ വീട്ടിൽ നിന്നുള്ള രണ്ട് വീഡിയോ ക്ലിപ്പുകളും പുറത്തുവന്നിട്ടുണ്ട്. ആഭ്യന്തരപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് കാലത്ത് കിട്ടിയ മറ്റൊരു അടിയാവുകയാണ് ഈ പോക്‌സോ കേസ്. അതേസമയം പരാതി അതീവ ഗൗരവത്തോടെ പരിഗണിക്കുന്നതിനോടൊപ്പം പരാതിക്കാരിയുടെ മാനസിക നിലയും പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര വ്യക്തമാക്കി.
അതിനിടെ, എം.എൽ.എമാരടക്കമുള്ളവർ ബി.ജെ.പിയിൽനിന്ന് കോൺഗ്രസിലേക്ക് വരുന്നതും ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. മുൻ ബി.ജെ.പി എം.പിയും മുൻ മന്ത്രിയുമായ കെ. ജയപ്രകാശ് ഹെഗ്‌ഡേ, മുൻ എം.എൽ.എ എം.പി. കുമാരസ്വാമി എന്നിവർ ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നു. 2019-ൽ സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പിൽ ചേർന്ന എം.എൽ.എമാരായ എസ്.ടി. സോമശേഖർ, ശിവറാം ഹെബ്ബാർ എന്നിവരും ഉടൻ കോൺഗ്രസിലെത്തുമെന്ന് പറയുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തവരാണിവർ.
2019 ലോക്‌സഭ തെരഞ്ഞടുപ്പില്‍ കര്‍ണാടക ബി.ജെ.പിക്ക് ഒപ്പമായിരുന്നു. മൊത്തം വോട്ട് ഷെയറിന്റെ 51.7ശതമാനവും ബി.ജെ.പി സ്വന്തമാക്കി. 28 ലോക്‌സഭ മണ്ഡലങ്ങളാണ് കര്‍ണാടകയിലുള്ളത് അതില്‍ 25 സീറ്റ് ബി.ജെ.പിയും ഒന്ന് വീതം സീറ്റുകള്‍ കോണ്‍ഗ്രസും ജെ.ഡി(എസ്)ഉംനേടി. എന്നാല്‍ കര്‍ണാടകയുടെ രാഷ്ട്രീയ സാഹചര്യം ഇന്ന് വേറെയാണ്. ഭാരത് ജോഡോ യാത്രയടക്കം കര്‍ണാടകയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ശേഷം വന്ന നിയമസഭ തെരഞ്ഞെടുപ്പ് വിജയം അതിന്റെ തെളിവാണ്