എസ്.പി, ആപ്പ് കടമ്പകൾ കടന്ന്
തൃണമൂലിനുമുന്നിൽ തടഞ്ഞുനിൽക്കുന്നു, കോൺഗ്രസ്

ലോക്സഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായി ഘടകകക്ഷികളുമായുള്ള ചർച്ചകളിൽ തട്ടിയും തടഞ്ഞും ‘മുന്നേറുക’യാണ് ‘ഇന്ത്യ’ മുന്നണിയെങ്കിൽ ബി.ജെ.പി പല സംസ്ഥാനങ്ങളിലും കാമ്പയിൻ തലത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞു.

National Desk

‘ഇന്ത്യ’ മുന്നണിയിൽ കോൺഗ്രസ്, സമാജ്‍വാദി പാർട്ടി, ആം ആദ്മി പാർട്ടി പാർട്ടികൾ തമ്മിൽ സീറ്റ് ധാരണയിൽ. എന്നാൽ, മമത ബാനർജിയുമായുള്ള ചർച്ച പ്രതിസന്ധിയിൽ തുടരുന്നു. മഹാരാഷ്ട്രയിലും ​ശിവസേനയുമായി കോൺഗ്രസിന് ധാരണയിലെത്താനായിട്ടില്ല. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര യു.പിയിലടക്കമുള്ള സംസ്ഥാനങ്ങളിൽ സീറ്റ് ധാരണയുമായി ബന്ധപ്പെട്ട സമവായചർച്ചകളിൽ കുരുങ്ങിക്കിടക്കുകയായിരുന്നു. ഘടകകക്ഷികളുമായുള്ള ചർച്ചകളിൽ തട്ടിയും തടഞ്ഞും ‘മുന്നേറുക’യാണ് ‘ഇന്ത്യ’ മുന്നണിയെങ്കിൽ ബി.ജെ.പി കാമ്പയിൻ തലത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞു.

അങ്ങനെ യു.പി കടമ്പ കടന്നു

യു.പിയിൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും സീറ്റു ധാരണയിലെത്തി. 80-ൽ 17 സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുക. ബാക്കി 63 സീറ്റിൽ എസ്.പിയും സഖ്യകക്ഷിയായ അപ്‌നാദളും മത്സരിക്കും. ആസാദ് സമാജ് പാർട്ടി (കാൻഷിറാം) നേതാവ് ചന്ദ്രശേഖർ ആസാദിന് 'ഇന്ത്യ' മുന്നണി സീറ്റ് കൊടുക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ബി.എസ്.പി ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് പശ്ചിമ യു.പിയിലെ ദലിത് മുഖമായ ആസാദിനെ കൂടി മത്സരിപ്പിക്കണമെന്ന ആവശ്യം പൊതുവെ ഉയരുന്നുണ്ട്.

രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഉത്തർപ്രദേശിലെത്തിയപ്പോൾ. അഖിലേഷ് യാദവ്, പ്രിയങ്ക ഗാന്ധി എന്നിവരെയും കാണാം.

യു.പിയിൽ കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ, നെഹ്‌റു കുടുംബത്തിന്റെ 'പൈതൃക' സീറ്റുകളായ അമേഥിയും റായ് ബറേലിയുമുണ്ട്. റായ് ബറേലിയിലെ സിറ്റിംഗ് എം.പി സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുന്നതുകൊണ്ട് പ്രിയങ്കയായിരിക്കും സ്ഥാനാർഥി. അമേഥിയിൽ രാഹുൽ വീണ്ടും മത്സരിക്കുമോ എന്നത് തീരുമാനമായിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ രണ്ടു തവണ ജയിച്ചുവരുന്ന മണ്ഡലമായ വാരാണസി കോൺഗ്രസിന് നൽകിയിരുന്നുവെങ്കിലും എസ്.പി മുൻ എം.എൽ.എയും ഒ.ബി.സി നേതാവുമായ സുരേന്ദ്രസിങ് പട്ടേലിനെ അവിടെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒരു പ്രത്യയശാസ്ത്ര മത്സരമെന്ന നിലയ്ക്കാണ് കോൺഗ്രസ് വാരണാസിയിൽ പ്രത്യേക താൽപര്യമെടുത്തത്. യു.പി.സി.സി അധ്യക്ഷൻ അജയ് റായ്‌യെ മത്സരിപ്പിക്കാനും കോൺഗ്രസ് ആലോചിച്ചിരുന്നു. മോദി തൂത്തുവാരിയ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും അദ്ദേഹം തന്നെയായിരുന്നു എതിർ സ്ഥാനാർഥി. 2014-ൽ അരവിന്ദ് കെജ്‌രിവാൾ മത്സരത്തിനെത്തിയപ്പോൾ അജയ് റായ് മൂന്നാം സ്ഥാനത്തേക്കുപോയി. കോൺഗ്രസിന് നൽകിയ 17 സീറ്റുകളുടെ പട്ടികയിലുണ്ടായിരുന്ന അംറോഹയിലും എസ്.പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. അംറോഹയിൽ കഴിഞ്ഞ തവണ ബി.എസ്.പിയുടെ കുൻവാർ ഡാനിഷ് അലിയാണ് ജയിച്ചത്. ബി.എസ്.പിയിൽനിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട അലി പിന്നീട് കോൺഗ്രസുമായി അടുക്കുകയും രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഡാനിഷ് അലി അംറോഹയിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന റിപ്പോർട്ട് പാർട്ടി നിഷേധിച്ചിട്ടുണ്ട്. സീറ്റ് ധാരണയിലെത്തിയശേഷം, ഈ രണ്ടിടത്തും എസ്.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് കോൺഗ്രസിനെ ഞെട്ടിച്ചിട്ടുണ്ട്. ഫത്തേപുർ സിക്രി, സഹറാൻപുർ, പ്രയാഗ്‌രാജ്, മഹാരാജ് ഗഞ്ച്, സിതാപുർ, ബാരബങ്കി, കാൺപുർ, ബാൻസ്‌ഗോൺ, ദിയോറ എന്നിവയാണ് കോൺഗ്രസ് മത്സരിക്കുന്ന മറ്റു മണ്ഡലങ്ങൾ.

ബി.എസ്.പി ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് പശ്ചിമ യു.പിയിലെ ദലിത് മുഖമായ ആസാദിനെ കൂടി ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായി മത്സരിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

യു.പിയിലെ 80 സീറ്റിൽ 2019-ൽ ബി.ജെ.പി, അപ്‌നാദൾ- സോനേലാൽ വിഭാഗം അടങ്ങുന്ന എൻ.ഡി.എക്ക് 64 സീറ്റാണ് ലഭിച്ചത്. സമാജ്‌വാദി പാർട്ടി, രാഷ്ട്രീയ ലോക്ദൾ, ബി.എസ്.പി എന്നിവർ യോജിച്ചിനിന്നിട്ടും 15 സീറ്റിലേ ജയിക്കാനായുള്ളൂ. ഒരു സീറ്റ് കോൺഗ്രസിനും ലഭിച്ചു. യു.പിയിൽ പോൾ ചെയ്ത വോട്ടിന്റെ 49.98 ശതമാനവും ബി.ജെ.പിയാണ് നേടിയത് എന്നതുകൂടി കണക്കിലെടുത്താൽ ഇത്തവണ യു.പിയിൽ ‘ഇന്ത്യ’ മുന്നണി കടുത്ത പരീക്ഷണമാണ് നേരിടുന്നത്. മുന്നണിക്ക് രാഷ്ട്രീയമായി മുൻതൂക്കം നൽകുന്ന ചലനമൊന്നും ഇതുവരെ ദൃശ്യമല്ല.

മധ്യപ്രദേശിൽ കോൺഗ്രസ് 28 സീറ്റിൽ മത്സരിക്കും. ഖജൂരാഹോ എസ്.പിക്ക് വിട്ടുകൊടുത്തു.

ആപ്പുമായി ഒത്തുതീർപ്പ്

‘ഇന്ത്യ’ മുന്നണിയിലെ മറ്റൊരു പ്രധാന ഘടകകക്ഷിയായ ആം ആദ്മി പാർട്ടിയും കോൺഗ്രസും, പഞ്ചാബിലൊഴികെയുള്ള സംസ്ഥാനങ്ങളിൽസീറ്റ് ധാരണയിലെത്തിക്കഴിഞ്ഞു.

ഡൽഹിയിലെ ഏഴ് സീറ്റിൽ നാലെണ്ണം ആപ്പിനും മൂന്നെണ്ണം കോൺഗ്രസിനും. ന്യൂഡൽഹി, വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, ഈസ്റ്റ് ഡൽഹി സീറ്റുകളിലാണ് ആപ്പ് മത്സരിക്കുക. ചാന്ദ്‌നി ചൗക്ക്, നോർത്ത് ഈസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി എന്നിവയാണ് കോൺഗ്രസിന്റെ മണ്ഡലങ്ങൾ. 2019-ൽ ഡൽഹിയിലെ ഏഴു സീറ്റിലും ബി.ജെ.പിക്കായിരുന്നു ജയം. കോൺഗ്രസിന് (22.6) ആപ്പിനേക്കാൾ (18.2) വോട്ട് ശതമാനവുമുണ്ടായിരുന്നു. 2014-ലും ബി.ജെ.പിയാണ് ഡൽഹി തൂത്തുവാരിയത്. 2009-ൽ കോൺഗ്രസിനായിരുന്നു ഡൽഹിയിൽ സർവാധിപത്യം. നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷമാണെങ്കിലും ആപ്പിന് ഇതുവരെ ഡൽഹിയിൽനിന്ന് ഒരു എം.പിയെ വിജയിപ്പിക്കാനായിട്ടില്ല. മാത്രമല്ല, 2014-ൽ 33 ശതമാനം വോട്ട് ഷെയറുണ്ടായിരുന്ന ആപ്പിന് 2019-ൽ അത് 18 ശതമാനമായി കുറയുകയും ചെയ്തു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണ പ്രഖ്യാപിച്ച് ആപ്-കോൺഗ്രസ് നേതാക്കൾ നടത്തിയ സംയുക്ത വാർത്താ സമ്മേളനം

ഗുജറാത്തിൽ ആകെ 26 സീറ്റിൽ 24 ഇടത്ത് കോൺഗ്രസും രണ്ടിടത്ത്- ബറൂച്ച്, ഭാവ്‌നഗർ- ആപ്പും മത്സരിക്കും. ഹരിയാനയിൽ കോൺഗ്രസ് ഒമ്പതിടത്തും ആപ്പ് ഒരു സീറ്റിലും- കുരുക്ഷേത്ര- മത്സരിക്കും.
ഗോവയിലെ രണ്ടു സീറ്റും കോൺഗ്രസിനാണ്.
ചണ്ഡീഗഡിലെ ഏക സീറ്റ് കോൺഗ്രസിനാണ്.
പഞ്ചാബിലെ 13 സീറ്റിലും ആപ്പ് മത്സരിക്കും.

മമതയോട് ‘ഗുഡ് ബൈ’ പറയാതെ കോൺഗ്രസ്

ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി കോൺഗ്രസിന് സീറ്റ് ധാരണയിലെത്താനായിട്ടില്ല. തൃണമൂൽ, ആകെയുള്ള 42 സീറ്റിലും ഒറ്റക്കു മത്സരിക്കാനുള്ള തീരുമാനത്തിലുമാണ്. അഞ്ച് സീറ്റ് കോൺഗ്രസിന് നൽകാമെന്നാണ് മമതയുടെ തീരുമാനം. ഇത് കോൺഗ്രസ് സംസ്ഥാന ഘടകത്തിന് സ്വീകാര്യമല്ല. യു.പിയിൽ എസ്.പിയുമായും ഡൽഹിയിൽ ആപ്പുമായും ധാരണയിലെത്തിയത്, കോൺഗ്രസ് ദേശീയ നേതൃത്വത്തെ, ബംഗാളിൽ ഒരു വിട്ടുവീഴ്ചക്ക് പ്രേരിപ്പിക്കുന്നുണ്ട്. പാർട്ടി സംസ്ഥാന ഘടകം തൃണമൂലുമായി സഖ്യം വേണ്ട എന്ന നിലപാടിലാണ്. സി.പി.എമ്മും ഇതേ അഭിപ്രായക്കാരാണ്. സി.പി.എം- കോൺഗ്രസ് സഖ്യത്തിന് സംസ്ഥാനത്തിന്റെ വടക്കൻ മേഖലയിൽമികച്ച പ്രകടനം കാഴ്ചവക്കാനാകുമെന്നാണ് സി.പി.എം പറയുന്നത്. സി.പി.എമ്മുമായുള്ള കോൺഗ്രസ് ബാന്ധവമാണ് ശരിക്കും മമതയെ ചൊടിപ്പിക്കുന്നത്. എന്നാൽ, 'ഇന്ത്യ' മുന്നണിയെ സംബന്ധിച്ച് തൃണമൂൽ അവിഭാജ്യഘടകമാണ് എന്നാണ് രാഹുൽ ഗാന്ധി അടക്കമുള്ള ദേശീയ നേതൃത്വത്തിന്റെ നിലപാട്. സമാജ്‌വാദി പാർട്ടിയും ശരത് പവാറും കെജ്‌രിവാളുമാണ് മമതയുമായുള്ള കോൺഗ്രസിന്റെ സമവായചർച്ചക്ക് മധ്യസ്ഥത വഹിക്കുന്നത്. തൃണമൂലിനെ ഒറ്റയ്ക്കു മത്സരിക്കാൻ വിടരുതെന്ന നിലപാടിലാണ് ഈ പാർട്ടികൾ. അതുകൊണ്ട്, മമതയുടെ ഓഫറായ അഞ്ചു സീറ്റും വാങ്ങി കോൺഗ്രസ് ചർച്ചകൾ അവസാനിപ്പിക്കാനാണ് സാധ്യത. മമതയുടെ മുൻ ഓഫറായ രണ്ടിൽനിന്ന് അഞ്ചിലെങ്കിലും എത്തിയല്ലോ എന്ന് കോൺഗ്രസിന് സമാധാനിക്കുകയുമാകാം.
2019-ൽ തൃണമൂൽ 22 സീറ്റിലും ബി.ജെ.പി 18 സീറ്റിലുമാണ് ജയിച്ചത്. രണ്ടെണ്ണം കോൺഗ്രസിനും ലഭിച്ചു.

മുംബൈയിൽ തട്ടിത്തടഞ്ഞ്
മഹാ വികാസ് അഘാടി

മഹാരാഷ്ട്രയിലെ 48 ലോക്സഭാ സീറ്റിലേക്ക് മഹാ വികാസ് അഘാടി സഖ്യം ഏതാണ്ട് ധാരണയിലെത്തിയെങ്കിലും മുംബൈ മേഖലയിലെ സീറ്റുകളിൽ ശിവസേനയും കോൺഗ്രസും തർക്കം തുടരുന്നു.
ഉദ്ധവ് താക്കറെയുടെ ശിവസേന, പവാറിന്റെ എൻ.സി.പി, കോൺഗ്രസ്, പ്രകാശ് അംബേദ്കറുടെ വാൻചിത് ബഹുജൻ അഘാടി എന്നിവയാണ് മഹാ വികാസ് അഘാടി സഖ്യത്തിലെ കക്ഷികൾ. ഇപ്പോൾ രൂപപ്പെട്ട ധാരണ ഇതാണ്: കോൺഗ്രസ്- 14, ശിവസേന- 15 (വാൻചിത് ബഹുജൻ അഘാടി, സ്വാഭിമാനി പാർട്ടി അടക്കം), എൻ.സി.പി- ഒമ്പത്. എട്ടു സീറ്റിലാണ് തർക്കം.
മുംബൈയിലെ സൗത്ത്, സെൻട്രൽ, നോർത്ത് വെസ്റ്റ് സീറ്റുകളെ ചൊല്ലിയാണ് ശിവസേനയും കോൺഗ്രസും തമ്മിൽ ഭിന്നത. പ്രകാശ് അംബേദ്കർ അഞ്ച് സീറ്റ് ആവശ്യപ്പെടുന്നു. 2019-ൽപാർട്ടി 47 സീറ്റിൽ മത്സരിച്ചിരുന്നു, ഒരിടത്തും ജയിക്കാനായില്ല.

സി.പി.എമ്മുമായുള്ള കോൺഗ്രസ് ബാന്ധവമാണ് ശരിക്കും മമതയെ ചൊടിപ്പിക്കുന്നത്. എന്നാൽ, 'ഇന്ത്യ' മുന്നണിയെ സംബന്ധിച്ച് തൃണമൂൽ അവിഭാജ്യഘടകമാണ് എന്നാണ് രാഹുൽ ഗാന്ധി അടക്കമുള്ള ദേശീയ നേതൃത്വത്തിന്റെ നിലപാട്.

ശിവസേന 2019-ൽ 23 സീറ്റിലാണ് മത്സരിച്ചത്, 18 ഇടത്ത് ജയിച്ചു. കോൺഗ്രസ് മത്സരിച്ച 25 സീറ്റിൽ ഒരിടത്തുമാത്രമാണ് ജയിച്ചത്. പവാറിന്റെ എൻ. സി.പി മത്സരിച്ച 19-ൽ നാലിടത്ത് ജയിച്ചു. ബി.ജെ.പിയാകട്ടെ, മത്സരിച്ച 25 സീറ്റിൽ 23 ഇടത്തും ജയിച്ചു.

ആന്ധ്രയിൽ കോൺഗ്രസ്- ഇടതു ധാരണ

ലോക്‌സഭാ- നിയമസഭാ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടക്കുന്ന ആന്ധ്രപ്രദേശിൽ, കോൺഗ്രസും ഇടതുപക്ഷവും ധാരണയിലെത്തി. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണ് ഈ സഖ്യമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ വൈ.എസ്. ഷർമിള വാർത്താസമ്മേളനത്തിൽ പറഞ്ഞു. സി.പി.ഐ, സി.പി.എം നേതാക്കളുമായുള്ള ചർച്ചക്കുശേഷമായിരുന്നു ഷർമിളയുടെ പ്രഖ്യാപനം. 2019-ൽ പവൻ കല്യാണിന്റെ ജനസേന പാർട്ടി, ബി.എസ്.പി, ഇടതുപക്ഷം എന്നിവ ഒരു സഖ്യത്തിലായിരുന്നു. കോൺഗ്രസ് ഒറ്റക്കാണ് മത്സരിച്ചത്.

സംസ്ഥാനത്ത് 25 ലോക്‌സഭാ സീറ്റുണ്ട്. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ടി.ഡി.പി എൻ.ഡി.എയുടെ ഭാഗമായിരുന്നു. 2018-ൽ ടി.ഡി.പി എൻ.ഡി.എയിൽനിന്ന് പുറത്തുവന്നു. 2019-ൽ എൻ.ഡി.എക്ക് മൂന്നു സീറ്റിലേ ജയിക്കാനായുള്ളൂ. ബി.ജെ.പിക്ക് ഒരു സീറ്റുപോലും ലഭിച്ചില്ല. വൈ.എസ്.ആർ.സി.പി 22 സീറ്റിൽ ജയിച്ചു.

വൈ.എസ്. ഷർമിള റെഡ്ഢിയുടെ മുൻകൈയിലാണ് ആന്ധപ്രദേശിൽ കോൺഗ്രസ്- ഇടതുപക്ഷ ധാരണ രൂപം കൊണ്ടത്.

ആന്ധ്രപ്രദേശിൽ രണ്ട് സഖ്യങ്ങൾക്കിടയിൽ ഒരു തീരുമാനപ്രതിസന്ധിയിലാണ് ബി.ജെ.പി എന്നു പറയാം. ടി.ഡി.പിയുമായുള്ള സഖ്യ ചർച്ച പുരോഗമിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഢിയുടെ വൈ.എസ്.ആർ.സി.പിയും ബി.ജെ.പിയുമായി സഖ്യത്തിന് ശ്രമിക്കുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിൽ തെലുഗുദേശം പാർട്ടിയും ജനസേന പാർട്ടിയും ധാരണയിലെത്തിയിട്ടുണ്ട്. 118 മണ്ഡലങ്ങളിലെ സ്ഥാനാർഥി ലിസ്റ്റ് ഇരു പാർട്ടികളും പുറത്തിറക്കി. ടി.ഡി.പി 94 സീറ്റിലും ജനസേന 24 സീറ്റിലുമാണ് മത്സരിക്കുന്നത്. ബി.ജെ.പിയെ കൂടി കണ്ട് മറ്റു സീറ്റുകൾ ഒഴിച്ചിട്ടിരിക്കുകയാണ്. 2019- ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജഗൻ മോഹൻ റെഡ്ഢിയുടെ പാർട്ടി 151 സീറ്റ് നേടിയാണ് അധികാരത്തിലെത്തിയത്.ആറ് ലോക്‌സഭാ സീറ്റും 20 നിയമസഭാ സീറ്റുമാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് ടി.ഡി.പിയുമായി ധാരണയിലെത്തുമെന്നാണ് സൂചന.

തമിഴ്നാട്ടിലൊരു 9- 12 തർക്കം

തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ സീറ്റുകളില്‍ ഡി.എം.കെ കോണ്‍ഗ്രസിന് ഒമ്പത് സീറ്റാണ് നല്‍കാമെന്നു പറഞ്ഞിരിക്കുന്നത്. 12 സീറ്റാണ് കോണ്‍ഗ്രസിന്റെ ആവശ്യം. 2019-ലും കോൺഗ്രസ് ഒമ്പതു സീറ്റിലാണ് മത്സരിച്ചത്. ഇതിൽ എട്ടിലും ജയിച്ചു, തേനി മാത്രമാണ് നഷ്ടമായത്. കന്യാകുമാരി, തിരുനല്‍വേലി, വിരുദുനഗര്‍, ശിവഗംഗ, അരണി, തിരുവളളൂര്‍ അല്ലെങ്കില്‍ കാഞ്ചിപുരം, ട്രിച്ചി, കാരൂര്‍ തുടങ്ങിയ മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

ഡി.എം.കെ മത്സരിച്ച 20 സീറ്റിലും ജയിച്ചു. ഇത്തവണ 24 സീറ്റിൽ മത്സരിക്കാനാണ് ഡി.എം.കെ തീരുമാനം.
ഡി.എം.കെ മുന്നണിയില്‍ കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്‌ലിം ലീഗ്, വിടുതലൈ ചിരുതൈഗല്‍കച്ചി (വി.സി.കെ) തുടങ്ങിയവയും മറ്റു ചെറിയ പാര്‍ട്ടികളുമാണുള്ളത്.
മുസ്‌ലിം ലീഗ് രാമനാഥപുരത്തുനിന്ന് മത്സരിക്കും. 2019-ല്‍ നവാസ് കാണിയാണ് ഇവിടെനിന്ന് ജയിച്ചത്. അദ്ദേഹം തന്നെയായിരിക്കും ഇത്തവണയും ലീഗ് സ്ഥാനാര്‍ഥി. നാമക്കല്‍ മണ്ഡലം കൊങ്ങുനാട് മക്കള്‍ ദേശീയ കച്ചിക്ക് (കെ.എം.ഡി.കെ) നല്‍കാനും ഡി.എം.കെയില്‍ ധാരണയായി. ഡി.എം.കെയുടെ ചിഹ്‌നമായി ഉദയ സൂര്യനിലായിരിക്കും കെ.എം.ഡി.കെ മത്സരിക്കുക. സി.പി.ഐക്കും സി.പി.എമ്മിനും വി.സി.കെക്കും രണ്ടു സീറ്റു വീതം ലഭിക്കും. വൈകോ നേതൃത്വം നൽകുന്ന എം.ഡി.എം.കെ, കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം എന്നിവക്കും ഒരു സീറ്റു വീതം നല്‍കാന്‍ ധാരണയായിട്ടുണ്ട്.
2019-ൽ സി.പി.എം മത്സരിച്ച കോയമ്പത്തൂരിലും മധുരയിലും ജയിച്ചിരുന്നു. ഇത്തവണ കോയമ്പത്തൂർ കമൽഹാസന് നൽകി പകരം തെങ്കാശി സി.പി.എമ്മിന് നൽകാനാണ് ഡി.എം.കെ നീക്കം. ഇത് സി.പി.എം അംഗീകരിച്ചിട്ടില്ല. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ ബി.ജെ.പിയുടെ വനതി ശ്രീനിവാസനോട് 1728 വോട്ടിനാണ് തോറ്റത്.

കഴിഞ്ഞ തവണ സി.പി.ഐ നാഗപട്ടണം, തിരുപ്പൂർ സീറ്റുകളിലാണ് മത്സരിച്ച് ജയിച്ചത്.

അതിനിടെ, തെര​ഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തിൽ ചില ‘സ്വഭാവികമായ’ രാഷ്ട്രീയ നീക്കങ്ങൾ പല സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്. ജാർക്കണ്ഡിലെ കോൺഗ്രസിന്റെ ഏക എം.പി ഗീത കോഡ ബി.ജെ.പിയിൽ ചേർന്നു. 2019-ൽ ആകെയുള്ള 14 ലോക്‌സഭാ സീറ്റുകളിൽ 12-ലും ബി.ജെ.പി- ഓൾ ജാർക്കണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയൻ സഖ്യമാണ് ജയിച്ചത്. ഒരു സീറ്റുമാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. തമിഴ്‌നാട്ടിൽ എൻ.ഡി.എക്ക് പ​ഴയൊരു സഖ്യകക്ഷിയെ തിരിച്ചുകിട്ടി, ജി.കെ. മൂപ്പനാർ സ്ഥാപിച്ച തമിഴ് മാനില കോൺഗ്രസ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ മുന്നണിയിലായിരുന്നു ടി.എം.സി. പിന്നീട് അണ്ണാ ഡി.എം.കെ ബി.ജെ.പിയുമായുള്ള സഖ്യം വിട്ടു. ടി.എം.സി ഇതുവരെ നിലപാട് വ്യക്തമാക്കിയിരുന്നില്ല.

മറ്റൊരു പാർട്ടി കൂടി എൻ.ഡി.എയിലെത്തിയിട്ടുണ്ട്- ടി.ആർ. പാരിവേന്ദർ എം.പിയുടെ ഇന്ത്യൻ ജനനായക പാർട്ടി. ഡി.എം.കെ ചിഹ്‌നത്തിൽ മത്സരിച്ചാണ് പാരിവേന്ദർ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Comments