ഇന്നത്തെ ഇന്ത്യയിൽ മതേതരപക്ഷത്ത് നിൽക്കാൻ കോൺഗ്രസിന് കഴിയുന്നില്ല: കുഞ്ഞാലിക്കുട്ടി

അയോധ്യയിലെ രാമക്ഷേത്രനിർമാണം രാജ്യമാസകലം ഒരു വലിയ വിഷയമായി ഉയർന്നുവരുമ്പോൾ, തങ്ങൾ ക്ഷേത്രനിർമാണത്തിനെതിരല്ല എന്ന നിലപാടെടുത്ത് പൊതുബോധത്തെ തൃപ്തിപ്പെടുത്തേണ്ട ഗതികേട് കോൺഗ്രസിനും വന്നുചേരുകയാണ്.

Think

ന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ മതേതരപക്ഷത്ത് ശക്തമായി നിലയുറപ്പിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല എന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും ഉപപ്രതിപക്ഷ നേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി. ട്രൂകോപ്പി അസോസിയേറ്റ് എഡിറ്റർ ടി.എം. ഹർഷനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസിന്റെ സമീപനങ്ങളിൽ വരേണ്ട മാറ്റങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ യു.പി.എ മുന്നണിയിലും സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരോട് നേരിട്ടും തങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ശശി തരൂരിനോട് കോൺഗ്രസിലെ ദേശീയ നേതൃത്വം സ്വീകരിക്കുന്ന സമീപനങ്ങളിൽ മുസ്‌ലിം ലീഗിനുള്ള വിയോജിപ്പും അദ്ദേഹം അറിയിച്ചു. ശശി തരൂരിനെപ്പോലെ അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധനായ ഒരു നേതാവിനെ കോൺഗ്രസ് കൂടുതൽ വിനിയോഗിക്കേണ്ടതുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.

ഇന്ത്യയെ ഒരു മതേതര രാജ്യമായി രൂപപ്പെടുത്തിയത് സ്വാതന്ത്ര്യ സമര കാലത്തെ ദേശീയ പ്രസ്ഥാന മുന്നേറ്റങ്ങളും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ നെഹ്‌റുവിയൻ പാരമ്പര്യവുമെല്ലാമാണ്. ഇന്നും നൂറുമടങ്ങ് ശക്തിയിൽ ആ പാരമ്പര്യത്തെ മുറുകെ പിടിക്കുകയാണ് കോൺഗ്രസ് ചെയ്യേണ്ടത്. നിർഭാഗ്യവശാൽ രാജ്യത്ത് നടക്കുന്ന അമിതമായ വർഗീയവത്കരണം കൊണ്ട് ബി.ജെ.പി ഇതര മതേതര പാർട്ടികൾക്ക് പോലും തെരഞ്ഞെടുപ്പ് ഘട്ടത്തിൽ അവരുടെ ശക്തമായ മതേതര നിലപാട് കയ്യൊഴിയേണ്ടി വരികയാണ്. അയോധ്യയിലെ രാമക്ഷേത്രനിർമാണം രാജ്യമാസകലം ഒരു വലിയ വിഷയമായി ഉയർന്നുവരുമ്പോൾ, തങ്ങൾ ക്ഷേത്രനിർമാണത്തിനെതിരല്ല എന്ന നിലപാടെടുത്ത് പൊതുബോധത്തെ തൃപ്തിപ്പെടുത്തേണ്ട ഗതികേട് കോൺഗ്രസിനും വന്നുചേരുകയാണ്.

ഇന്ത്യൻ സാഹചര്യത്തിൽ പല പരിമിതികളുണ്ട്. എങ്കിലും ഇക്കാര്യത്തിൽ കോൺഗ്രസ് ഉറച്ച നിലപാട് സ്വീകരിക്കണമെന്നാണ് ഞങ്ങൾ നിരന്തരം അവരോട് ആവശ്യപ്പെടുന്നത്. യു.പി.എ മുന്നണിക്കകത്തും സോണിയ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടുമൊക്കെ പല തവണ ഇത്തരം പ്രശ്‌നങ്ങൾ ഞങ്ങൾ സൂചിപ്പിച്ചതുമാണ്. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയും, ബീഹാറിൽ ആർ.ജെ.ഡിയുമൊക്കെ അതാത് സ്ഥലങ്ങളിലെ പിന്നോക്ക വിഭാഗങ്ങൾക്കിടയിലെ സ്വാധീനത്തിന്റെ കൂടി ബലത്തിലാണ് നിലപാടുകളിൽ ഉറച്ചു നിൽക്കുന്നത്. നേരെ മറിച്ച് കോൺഗ്രസിന് അങ്ങനെയൊരു സവിശേഷ ജനവിഭാഗത്തിന്റെ അടിത്തറയോ പിന്തുണയോ ഇല്ല. കോൺഗ്രസ് ഇന്ത്യൻ പൊതു സമൂഹത്തിന്റെ പ്രതിനിധാനമാണ്. സമൂഹത്തിലെ എല്ലാ വിഭാഗത്തിൽ നിന്നുമുള്ള ആളുകളുടെ പിന്തുണ കോൺഗ്രസിന് ആവശ്യമുള്ളതിനാൽ അവർ എല്ലാവരെയും തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്നതാണ് പ്രശ്‌നം. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ മതേതരപക്ഷത്ത് ശക്തമായി നിലയുറപ്പിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല എന്നതാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ പ്രശ്‌നം.


Summary: അയോധ്യയിലെ രാമക്ഷേത്രനിർമാണം രാജ്യമാസകലം ഒരു വലിയ വിഷയമായി ഉയർന്നുവരുമ്പോൾ, തങ്ങൾ ക്ഷേത്രനിർമാണത്തിനെതിരല്ല എന്ന നിലപാടെടുത്ത് പൊതുബോധത്തെ തൃപ്തിപ്പെടുത്തേണ്ട ഗതികേട് കോൺഗ്രസിനും വന്നുചേരുകയാണ്.


Comments