മോദി ഭരണത്തിലെ
‘സെലക്ടീവ് ക്രോണി കാപ്പിറ്റലിസം’

അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്ന മോദിയുടെ വികസന അജണ്ടയുടെ കീഴിൽ അദാനിക്ക് ലഭിക്കുന്ന സൗജന്യങ്ങളും ആനുകൂല്യങ്ങളും നിരവധിയാണ്. പല അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെയും ടെണ്ടറുകൾ അദാനി ഗ്രൂപ്പിന് ലഭ്യമാകുന്നതിനായി ബിഡ്ഡിംഗ് പ്രക്രിയകളിൽ ഇടപെടലുകൾ നടക്കുന്നുണ്ട്.

മാധ്യമ പ്രവർത്തക കൂട്ടായ്മയായ ഓർഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രൊജക്ട് (ഒ.സി.സി.ആർ.പി) തുടർച്ചയായി നടത്തിയ വെളിപ്പെടുത്തലുകൾ ഇന്ത്യയിലെ ക്രോണി കാപ്പിറ്റലിസത്തിന്റെ വികൃതമുഖമാണ് കാട്ടിത്തരുന്നത്. ഒ.സി.സി.ആർ.പിയുടെ അന്വേഷണ റിപ്പോർട്ടുകളിൽ തുറന്നുകാട്ടപ്പെടുന്ന അദാനി, വേദാന്ത ഗ്രൂപ്പുകൾ കടുത്ത ആരോപണങ്ങൾക്ക് വിധേയമാകുന്നത് ഇതാദ്യമല്ല. എന്നാൽ ഈ ഗ്രൂപ്പുകളുടെ നിക്ഷിപ്ത താൽപ്പര്യങ്ങളും അത്യാർത്തിയും നിറവേറ്റുന്നതിന് കേന്ദ്രസർക്കാരും റഗുലേറ്ററി അതോറിറ്റികളും എങ്ങനെയൊക്കെ സഹായിക്കുന്നുവെന്നതിനെ കുറിച്ചുള്ള അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ വിവരങ്ങളാണ് ഈ റിപ്പോർട്ടുകളെ സവിശേഷമാക്കുന്നത്.

മോദി ഭരണത്തിൻ കീഴിൽ നടക്കുന്നത് ഒരു തരം `സെലക്ടീവ് ക്രോണി കാപ്പിറ്റലിസ'മാണ്. വേദാന്തയ്ക്കെതിരായ ഒ.സി.സി.ആർ.പിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന അതേദിവസം തന്നെയാണ് പ്രവർത്തനം നിർത്തലാക്കിയ ജെറ്റ് എയർവെയ്സ് കമ്പനിയുടെ സ്ഥാപകൻ നരേഷ് ഗോയലിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം വാനം മുട്ടെ ഉയത്തിയ കോർപ്പറേറ്റുകളുടെ `റീപേമെന്റ് ഡിഫോൾട്ടു'കളുടെ ഫലമായി നടക്കുന്ന നടപടികളുടെ തുടർച്ചയാണ് ഗോയലിന്റെ അറസ്റ്റ്. അതേസമയം ഗോയലിനെ പോലുള്ളവർക്ക് ബാധകമാകുന്ന നടപടികളിൽ നിന്നും ഭരണകർത്താക്കളോട് ഏറെ അടുപ്പമുള്ള ക്രോണികൾ സംരക്ഷിക്കപ്പെടുന്നു.

നരേഷ് ഗോയൽ

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പ്രതിസന്ധി നേരിടുകയും അടച്ചൂപൂട്ടപ്പെടുകയും ചെയ്തത് ജെറ്റ് എയർവേയ്സ് ഉൾപ്പെടെ രണ്ട് ഡസനോളം വൻകിട കമ്പനികളാണ്. മോദി ഭരണവുമായി ചങ്ങാത്തം നേടിയെടുക്കാൻ അവയ്ക്ക് പലതിനും കഴിയാതെ പോയപ്പോൾ മറുഭാഗത്ത് തന്റെ കൂട്ടാളികളായ ക്രോണികളോട് മോദി കൂറ് കാണിക്കുകയും അവർക്ക് വേണ്ടി പരിസ്ഥിതി നിയമങ്ങളിൽ അയവ് വരുത്തുകയും ടെണ്ടർ ചട്ടങ്ങളിൽ വെള്ളം ചേർക്കുകയും കോടതി വിധികളെ പോലും മറികടക്കാനുള്ള ഇടപെടലുകൾ നടത്തുകയും ചെയ്തു.

ലോകത്തിലെ അതിസമ്പന്നനാകാൻ ഇന്ത്യയിലെ ഏറ്റവും വലിയ ക്രോണി കണ്ട കുറുക്കുവഴി

മൗറീഷ്യസിൽ രജിസ്റ്റർ ചെയ്ത വിദേശ നിക്ഷേപക സ്ഥാപനങ്ങൾ വഴി ഇന്ത്യൻ ഓഹരി വിപണിയിലെത്തുന്നതിൽ നല്ലൊരു പങ്ക് ഇന്ത്യക്കാരുടെ പണമാണെന്നത് പരസ്യമായ രഹസ്യമാണ്. ഈ വഴി ഉപയോഗിച്ചാണ് അദാനി ഗ്രൂപ്പ് തങ്ങളുടെ ഓഹരികളിൽ കൃത്രിമമായ വിലക്കയറ്റം സൃഷ്ടിച്ചത്. അദാനി ഗ്രൂപ്പിൽ നിക്ഷേപിച്ച ചില ഫണ്ടുകൾ വാങ്ങിയത് ആ ഗ്രൂപ്പിന്റെ മാത്രം ഓഹരികളാണെന്ന വസ്തുത പുറത്തുവന്നപ്പോഴാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഒരു കമ്പനിയിൽ നടത്തുന്ന നിക്ഷേപത്തിന് പരിധി കൊണ്ടുവരാൻ സെബി തീരുമാനിച്ചത്. ഇത്തരം പഴുതുകൾ അടയ്ക്കാൻ നേരത്തെ തന്നെ സെബിക്ക് കഴിയുമായിരുന്നുവെങ്കിലും അവർ അതിന് നിർബന്ധിതമാകുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകൾ ഉണ്ടാകുമ്പോൾ മാത്രമാണ് എന്തെങ്കിലും നടപടികൾക്ക് മുതിരുന്നത്‌.

അദാനി ഗ്രൂപ്പിൽ നിക്ഷേപിച്ച ചില ഫണ്ടുകൾ വാങ്ങിയത് ആ ഗ്രൂപ്പിന്റെ മാത്രം ഓഹരികളാണെന്ന വസ്തുത പുറത്തുവന്നപ്പോഴാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഒരു കമ്പനിയിൽ നടത്തുന്ന നിക്ഷേപത്തിന് പരിധി കൊണ്ടുവരാൻ സെബി തീരുമാനിച്ചത്.

വിപണിമൂല്യമാണ് ലോകത്തിലെ ഏതൊരു കമ്പനിയുടെയും വലിപ്പം അളയ്ക്കുന്നതിനുള്ള മാനദണ്ഡം. വിപണിമൂല്യമെന്നാൽ ഒരു കമ്പനിയുടെ മൊത്തം ഓഹരികളുടെ വിലയുടെ ആകത്തുക. സാധാരണ നിലയിൽ ലോകത്തിലെ മുൻനിര കമ്പനികളുടെ ഓഹരിവില അവ വ്യാപരിക്കുന്ന ബിസിനസ് മേഖലയിലുള്ള മേധാവിത്തത്തിന്റെയും ദീർഘകാലമായി നിലനിർത്തുന്ന ഉയർന്ന ലാഭക്ഷമതയുടെയും പ്രതിഫലനമാകാറുണ്ട്. ഉദാഹരണത്തിന്, ലോകത്തിലെ ഏറ്റവും ഉയർന്ന വിപണിമൂല്യമുള്ള കമ്പനിയായ ആപ്പിൾ ഏറ്റവും ഉയർന്ന ലാഭം കൈവരിക്കുന്ന അമേരിക്കൻ കമ്പനികളിൽ ഒന്നാം സ്ഥാത്താണ്.

അതേസമയം ഒരു ഘട്ടത്തിൽ ലോകത്തിലെ അതിസമ്പന്നരിൽ രണ്ടാം സ്ഥാനത്തേക്ക് ഗൗതം അദാനി എത്തിയത് തന്റെ കൂട്ടാളികളുടെ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ വഴി നടത്തിയ ഗണ്യമായ നിക്ഷേപങ്ങളിലൂടെ ഓഹരിവിലയിൽ കൃത്രിമമായി സൃഷ്ടിച്ചെടുത്ത വിലക്കയറ്റത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ്. അദാനി പോർട്സ്, അദാനി ഗ്രൂപ്പ് കഴിഞ്ഞവർഷം ഏറ്റെടുത്ത സിമന്റ് കമ്പനികളായ എ സി സി, അംബുജാ സിമന്റ്സ് എന്നിവ ഒഴികെയുള്ള അദാനി ഗ്രൂപ്പിലെ മറ്റ് ഏഴ് കമ്പനികളും അടിസ്ഥാനപരമായ മികവ് പുലർത്തുന്നവയല്ല. വളരെ ഉയർന്ന മൂലധന നിക്ഷേപം നടത്തുന്ന ഘട്ടത്തിലാണ് ഈ കമ്പനികളെല്ലാം തന്നെ.

ലാഭക്ഷമതയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ഗ്രൂപ്പുകളായ ടാറ്റയ്ക്കും റിലയൻസിനും ഏറെ പിറകിലാണ് അദാനി ഗ്രൂപ്പ്. എന്നിട്ടും അദാനി ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാമതെത്തുകയും അതിനുശേഷം പുറത്തുവന്ന ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ തുടർന്ന് അദ്ദേഹത്തിന്റെ സമ്പത്തിന്റെ പകുതിയിലേറെയും ചോർന്നുപോകുകയും ചെയ്തപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ക്രോണിയുടെ വികൃതമുഖമാണ് പുറംലോകം കണ്ടത്.

ചങ്ങാത്ത മുതലാളിത്തത്തിന്റെ വേദാന്തം

ഖനനമേഖലയിലെ കമ്പനികൾക്ക് പരിസ്ഥിതി അനുമതി തേടാതെ ഉൽപ്പാദനം 50 ശതമാനം കൂട്ടാൻ അനുവദിക്കുന്ന വിധം ചട്ടങ്ങളിൽ അയവ് വരുത്താൻ കേന്ദ്രസർക്കാർ തയാറായത് വേദാന്ത കമ്പനിയുടെ ഇടപെടലിനെ തുടർന്നാണ് എന്നാണ് ഒ.സി.സി.ആർ.പിയുടെ കണ്ടെത്തൽ. പരിസ്ഥിതിക്ക് കടുത്ത ആഘാതം സൃഷ്ടിക്കും വിധം ഖനന പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന ആരോപണം വേദാന്ത മുമ്പും നേരിട്ടിട്ടുണ്ട്. 2018-ൽ തൂത്തുകുടിയിലെ സ്റ്റെർലിറ്റ് കോപ്പർ പ്ലാന്റ് പൂട്ടേണ്ടി വന്നത് വെടിവെപ്പിൽ കലാശിച്ച പ്രക്ഷോഭങ്ങളെ തുടർന്നാണ്. ആ വർഷം തൂത്തുകുടിയിലെ മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ സമരം നടത്തിയ പരിസര വാസികൾക്കുനേരെ നടന്ന വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ട സംഭവം വേദാന്തയ്ക്കെതിരെ ലോകത്തിലെ ഇതര രാജ്യങ്ങളിൽ പോലും കടുത്ത പ്രതിഷേധം ഉയരുന്നതിനാണ് വഴിവെച്ചത്.

തൂത്തുകുടിയിലെ മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ സമരം നടത്തിയ പരിസര വാസികൾക്കുനേരെ നടന്ന വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ട സംഭവം വേദാന്തയ്ക്കെതിരെ ലോകത്തിലെ ഇതര രാജ്യങ്ങളിൽ പോലും കടുത്ത പ്രതിഷേധം ഉയരുന്നതിനാണ് വഴിവെച്ചത്.

യു.കെയിലെ പ്രമുഖ പ്രതിപക്ഷമായ ലേബർ പാർട്ടി നരനായാട്ട് നടത്തിയ വേദാന്തയെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി ഖനന പ്രവർത്തനങ്ങൾ നടത്തുകയും പരിസ്ഥിതിക്ക് കടുത്ത ആ ഘാതം സൃഷ്ടിക്കുകയും പരിസരവാസികളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയും ചെയ്യുന്ന കമ്പനിയാണ് വേദാന്ത എന്ന് ചൂണ്ടിക്കാട്ടിയാണ് ലേബർ പാർട്ടി രംഗത്തു വന്നത്. കൂട്ടക്കൊല നടത്തിയ കമ്പനിയ്ക്കെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്നും സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഭരണത്തിലുള്ള വിശ്വാസം തിരികെ പിടിക്കണമെന്നും ലണ്ടനിലെ ധനകാര്യ വിപണിക്ക് കൂടുതൽ പരിക്കേൽക്കുന്നതിനുമുമ്പ് നടപടിയുണ്ടാകണമെന്നുമാണ് ലേബർ പാർട്ടി ആവശ്യപ്പെട്ടത്. എന്നാൽ ഇത്തരമൊരു പ്രതിഷേധം ദേശീയവ്യാപകമായി ഇന്ത്യയിലുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. യു.കെയിൽ പ്രതിഷേധം ശക്തമായതോടെ വേദാന്തയുടെ ഓഹരികൾ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം ചെയ്യുന്നത് നിർത്തലാക്കി.

തൂത്തുക്കുടിയിലെ വേദാന്തയുടെ പ്ലാന്റ് 2018-ൽ തമിഴ്നാട് സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് പൂട്ടിയത്. എന്നാൽ സമീപകാലത്ത് നടന്ന ചില സംഭവങ്ങൾ വേദാന്തയ്ക്ക് മോദി സർക്കാരിൽ നിന്ന് ലഭിക്കുന്ന സഹായങ്ങളുടെ പശ്ചാത്തലവുമായി ചേർത്ത് വായിക്കേണ്ടതാണ്. തൂത്തുകുടിയിലെ പ്ലാന്റ് വീണ്ടും തുറയ്ക്കാനുള്ള നീക്കം കോടതി വഴിയേ വേദാന്ത ഗ്രൂപ്പ് നടത്തുന്നതിനിടെയാണ് പ്ലാന്റിനെതിരെ സമരം നടത്തിയ ദി അദർ മീഡിയ എന്ന എൻ ജി ഒക്കെതിരെയുള്ള പരാതികൾ പരിശോധിക്കുകയാണെന്ന് കേന്ദ്രസർക്കാർ ഏതാനും മാസങ്ങൾക്കു മുമ്പ് രാജ്യസഭയിൽ അറിയിച്ചത്.

തങ്ങളുടെ സമ്പത്ത് കൊഴുപ്പിക്കാനായുള്ള ക്രോണികളുടെ ചെയ്തികൾ പലപ്പോഴും വിചിത്രമായി തോന്നാം. വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ മറവിൽ തങ്ങളുടെ പണം ഉപയോഗിച്ച് പൊതുവിപണിയിൽ ലഭ്യമായ ഓഹരികൾ വാങ്ങിക്കൂട്ടിയാണ് അദാനി ഗ്രൂപ്പ് ഓഹരിവിലകൾ പെരുപ്പിച്ചതെങ്കിൽ തങ്ങളുടെ നിക്ഷിപ്ത താൽപ്പര്യത്തിനായി ഓഹരികൾ ഡിലിസ്റ്റ് ചെയ്യാൻ തന്നെ മുതിർന്ന കമ്പനിയാണ് വേദാന്ത. സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് ഒരു കമ്പനിയുടെ ഓഹരികൾ പിൻവലിക്കുന്നതിനെയാണ് ഡിലിസ്റ്റിംഗ് എന്ന് പറയുന്നത്. ഡിലിസ്റ്റിംഗ് നടത്തിയ ഒരു കമ്പനിയുടെ ഓഹരികൾ പിന്നീട് എക്സ്ചേഞ്ചിൽ വ്യാപാരം ചെയ്യാനാകില്ല. 25 ശതമാനം മാത്രം `ഫ്രീ ഫ്ലോട്ടു'ള്ള (വിപണിയിൽ ലഭ്യതയുള്ള) ഓഹരികൾ പ്രൊമോട്ടർമാരുടെ അടുപ്പക്കാർ തന്നെ വാങ്ങുന്ന വേലയാണ് അദാനി ഗ്രൂപ്പ് കാട്ടിയതെങ്കിൽ പൊതുവിപണിയിലെ തങ്ങളുടെ ഓഹരികൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനായി ഡീ ലിസ്റ്റ് ചെയ്യുക എന്ന മാർഗമാണ് വേദാന്ത പരീക്ഷിക്കാൻ ശ്രമിച്ചത്.

2020 ഒക്ടോബറിൽ ന്യായവിലയേക്കാൾ വളരെ താഴ്ന്ന നിലവാരത്തിലുള്ള ഓഫർ വില നിശ്ചയിച്ചാണ് വേദാന്ത ഓഹരികൾ തിരികെ വാങ്ങാൻ ശ്രമിച്ചത്. വിപണി വിലയേക്കാൾ 10 ശതമാനം കൂടുതലാണ് ഫ്ലോർ വിലയെങ്കിലും പൊതുവെ നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് അനുകൂലമായ ഒരു നീക്കമല്ല വേദാന്ത മാനേജ്മെന്റ് നടത്തിയത്. ആ സമയത്ത് വേദാന്ത ഓഹരിയിലുണ്ടായ ഇടിവ് ഒരു അവസരമായി ഉപയോഗിച്ച് കുറഞ്ഞ വിലയ്ക്ക് പ്രൊമോട്ടർമാർക്ക് ഓഹരി വാങ്ങിക്കൂട്ടുന്നതിനു വേണ്ടിയുള്ളതായിരുന്നു ഡീ ലിസ്റ്റിംഗ് നീക്കം. വിപണിയിലെ സാഹചര്യം അനുകൂലമാകുമ്പോൾ വീണ്ടും പബ്ലിക് ഇഷ്യു നടത്തി ഉയർന്ന വിലയ്ക്ക് ഓഹരി വിൽക്കുകയായിരുന്നു മാനേജ്മെന്റിന്റെ ഗൂഢ ഉദ്ദേശ്യം.

ഡീ ലിസ്റ്റിംഗ് നടക്കുമെന്ന് ഉറപ്പുവരുത്തുന്നതിനായി നിക്ഷേപകരോട് ഒട്ടും സൗഹാർദപരമല്ലാത്ത ചില ഒളിച്ചുകളികൾക്കു വേദാന്ത മാനേജ്മെന്റ് മുതിർന്നു. വേദാന്തയുടെ സബ്സിഡറി കമ്പനിയായ ഹിന്ദുസ്ഥാൻ സിങ്കിൽ നിന്ന് ലഭിച്ച 4500 കോടി രൂപയുടെ ഡിവിഡന്റ് ഓഹരിയുടമകൾക്ക് കൈമാറാതെ മാനേജ്മെന്റ് പിടിച്ചുവെച്ചു. മികച്ച ഡിവിഡന്റ് കിട്ടുന്ന ഓഹരികൾ കൈവശം വെക്കാനാണ് പൊതുവെ നിക്ഷേപകർ താൽപ്പര്യപ്പെടുക എന്നതിനാൽ ഡിവിഡന്റ് ലഭിച്ചാൽ ഓഹരികൾ വിൽക്കാൻ നിക്ഷേപകർ തയാറാകാതിരിക്കാൻ സാധ്യതയുണ്ടെന്ന് കരുതിയാണ് മാനേജ്മെന്റ് ഇങ്ങനെ ചെയ്തത്. ഇത്തരം ഒളിച്ചുകളികൾ നടത്തിയിട്ടും ഡീ ലിസ്റ്റിംഗ് വിജയിപ്പിക്കാൻ വേദാന്ത മാനേജ്മെന്റിന് സാധിച്ചില്ല. ഓഹരികൾ തിരികെ നൽകാൻ 90 ശതമാനം നിക്ഷേപകർ തയാറാകാത്തതിനെ തുടർന്ന് ഡീ ലിസ്റ്റിംഗ് നീക്കം പരാജയപ്പെട്ടു.

ക്രോണികൾക്ക് തണലാകുന്ന തീവ്രവലതുപക്ഷം

സർക്കാരിൽ നിന്ന് പെർമിറ്റുകളും പ്രത്യേക നികുതി ഇളവുകളും ഗ്രാന്റുകളും ആനുകൂല്യങ്ങളായി നേടിയെടുക്കുകയും അത് കുത്തകയായി നിലനിർത്തി ബിസിനസ് വിപുലീകരിക്കുകയും ചെയ്യുകയെന്നതാണ് ചങ്ങാത്ത മുതലാളിത്തത്തിന്റെ രീതി. ഏറ്റവും മൂല്യവത്തായ വ്യവസായങ്ങളിൽ മേധാവിത്തം പുലർത്തുന്നതു വഴി ചങ്ങാത്തമുതലാളിത്തം സമ്പദ്‌വ്യവസ്ഥയിൽ നിർണായകമായ സ്വാധീനം ചെലുത്തുന്നു.

രഘുറാം രാജൻ

പൊതുവെ മൂലധന നിക്ഷേപം വളരെ കൂടുതലായി ആവശ്യമായി വരുന്നതും സർക്കാരിന്റെ ലൈസൻസുകളും പെർമിറ്റുകളും കൂടാതെ പ്രവർത്തിക്കാൻ കഴിയാത്തതുമായ മേഖലകളിലാണ് ചങ്ങാത്തമുതലാളിത്തം കൂടുതൽ ശക്തി പ്രാപിച്ചിരിക്കുന്നത്. പൂർണമായും സർക്കാരിന്റെ അനുമതികളെയും നയങ്ങളെയും ആശ്രയിച്ചിരിക്കുന്ന ഖനനം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ ചങ്ങാത്ത മുതലാളിത്തം സർവാധിപത്യം പുലർത്തുന്നതു കാണാം.

ചങ്ങാത്തമുതലാളിത്തം ഇന്ത്യയെ പോലുള്ള ഒരു വികസ്വര രാജ്യത്തിന് എത്രത്തോളം അപകടകരമാകുന്നുവെന്ന് റിസർവ് ബാങ്ക് ഗവർണറും ധനകാര്യ ശാസ്ത്രജ്ഞനുമായ രഘുറാം രാജൻ ചൂണ്ടിക്കാട്ടുന്നുണ്ട്: ‘‘സുതാര്യതയും മത്സരവും ഇല്ലാതാക്കുന്നതിലൂടെ ചങ്ങാത്ത മുതലാളിത്തം സ്വതന്ത്ര സംരംഭങ്ങൾക്കും അവസരങ്ങൾക്കും സാമ്പത്തിക വളർച്ചക്കുമാണ് വിഘാതമാകുന്നത്. സ്വതന്ത്ര വിപണിയുടെ സുഗമമായ പ്രവർത്തനത്തെ തടസപ്പെടുത്തുന്നതും അവസരങ്ങൾ ഇല്ലായ്മ ചെയ്യുന്നതുമാണ് ചങ്ങാത്ത മുതലാളിത്തത്തിന്റെ അപകടം.''

എൻ.ആർ. നാരായണമൂർത്തി, അസീം പ്രേംജി, രത്തൻ ടാറ്റ

സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള എളുപ്പവഴി സർക്കാരുമായുള്ള കൂട്ടുകെട്ടാണ് എന്ന സമവാക്യത്തിലാണ് ക്രോണി കാപ്പിറ്റലിസ്റ്റുകൾ വിശ്വസിക്കുന്നത്. ‘‘എൻ.ആർ. നാരായണമൂർത്തി, അസീം പ്രേംജി, രത്തൻ ടാറ്റ എന്നിവരെ ഒഴിച്ചുനിർത്തിയാൽ ഇന്ത്യയിലെ ശതകോടിപതികളുടെ സമ്പത്തിന്റെ പ്രധാന സ്രോതസ് ഭൂമി, പ്രകൃതിവിഭവങ്ങൾ, സർക്കാർ കരാറുകൾ അല്ലെങ്കിൽ ലൈസൻസുകൾ എന്നീ മൂന്ന് ഘടകങ്ങളാണ്. ഈ മൂന്ന് ഘടകങ്ങളും വരുന്നത് സർക്കാരിൽ നിന്നാണ്.'' എന്ന രഘുറാം രാജന്റെ നിരീക്ഷണം ഇന്ത്യയിലെ ബിസിനസ് ലോകത്തിൽ ചങ്ങാത്ത മുതലാളിത്തം എത്രത്തോളം ശക്തമായി വേരൂന്നിയിരിക്കുന്നുവെന്നാണ് വ്യക്തമാക്കുന്നത്. ‘‘കളങ്കിതരായ രാഷ്ട്രീയക്കാർക്ക് നൽകുന്ന അവിഹിതധനത്തിന് പകരമായി ഉയർന്ന സ്വാധീന ശേഷിയുള്ള സമ്പന്നർ ഭൂമിയും പ്രകൃതി വിഭവങ്ങളും സ്പ്രെക്ട്രവും സ്വന്തമാക്കുന്നതിന് വഴിയൊരുക്കുന്ന ചങ്ങാത്ത മുതലാളിത്തം'' ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ അവസര വിനിയോഗത്തിൽ അസമത്വം സൃഷ്ടിക്കുകയും വിഭവങ്ങളുടെ ധൂർത്തിന് വഴിയൊരുക്കുകയും അഴിമതിക്ക് സ്ഥായീസ്വഭാവം നൽകുകയും ചെയ്യുന്നു.

ഇന്ത്യയിൽ എക്കാലവും നിലനിന്നിരുന്ന ചങ്ങാത്ത മുതലാളിത്തം മോദിയുടെ അധികാര ആരോഹണത്തോടെ മറ്റൊരു തലത്തിലേക്ക് കടക്കുകയാണ് ചെയ്തത്. മോദിയുടെ രാഷ്ട്രീയ വളർച്ചയ്ക്ക് സമാന്തരമായി അദാനിയുടെ കോർപ്പറേറ്റ് സാമ്രാജ്യം വലുതാകുന്നത് രാജ്യാന്തര തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ടു. അദാനിയുടെ ഓഹരികളുടെ കൂട്ടത്തകർച്ചയ്ക്ക് വഴിവെച്ച, അമേരിക്കൻ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് 2023 ജനുവരിയിൽ പ്രസിദ്ധീകൃതമാകുന്നതിന് മുമ്പു തന്നെ അദാനിയുടെ സമാനതയില്ലാത്ത അതിവേഗ വളർച്ചയും അതിന് പിന്നിലുള്ള മോദിയുമായുള്ള കൂട്ടുകെട്ടും സംബന്ധിച്ച രാജ്യാന്തര മാധ്യമങ്ങളുടെ അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കൽക്കരി ഖനന കരാറുകൾ അദാനിക്ക് ലഭിക്കുന്നതിനായി സുപ്രീംകോടതി വിധിയെ പോലും മറികടന്ന് മോദി സർക്കാർ നടത്തിയ വഴിവിട്ട ചെയ്തികളെ കുറിച്ച് അൽ ജസീറ 2022 മാർച്ച് ഒന്നിന് പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ട് ഉദാഹരണം.

അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്ന മോദിയുടെ വികസന അജണ്ടയുടെ കീഴിൽ അദാനിക്ക് ലഭിക്കുന്ന സൗജന്യങ്ങളും ആനുകൂല്യങ്ങളും നിരവധിയാണ്. പല അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെയും ടെണ്ടറുകൾ അദാനി ഗ്രൂപ്പിന് ലഭ്യമാകുന്നതിനായി ബിഡ്ഡിംഗ് പ്രക്രിയകളിൽ ഇടപെടലുകൾ നടക്കുന്നുണ്ട്. ഇത്തരം വിവേചനത്തിനെതിരെ മറ്റ് കമ്പനികൾ നിയമ പോരാട്ടങ്ങൾക്ക് ഒരുങ്ങുന്നതും കാണാം. മഹാരാഷ്ട്രയിലെ ധാരാവി പുനർവികസന പദ്ധതിയുടെ നടത്തിപ്പ് അദാനിക്ക് ലഭിക്കുന്നതിനായി, തങ്ങൾക്ക് നേരത്തെ ലഭിച്ച ടെണ്ടർ അനുചിതമായി റദ്ദാക്കുകയാണ് ചെയ്തതെന്നാരോപിച്ച് ദുബായിലെ സെക്ലിങ്ക് ടെക്നോളജീസ് കോർപ്പറേഷൻ കോടതിയെ സമീപിച്ചത് പദ്ധതിയുടെ പുരോഗതിയെ തന്നെ പ്രതികൂലമായി ബാധിച്ചു.

തീവ്ര വലതുപക്ഷത്തിന്റെ ഭരണത്തിനുകീഴിൽ മറകളില്ലാത്ത വിവേചനവും സ്വജനപക്ഷപാതവും ഇന്ത്യയിലെ ചങ്ങാത്ത മുതലാളിത്തത്തെ പുതിയൊരു തലത്തിലേക്ക് എത്തിക്കുമ്പോൾ അവിശുദ്ധ കൂട്ടുകെട്ടിൽ ഉൾപ്പെട്ടവർ കാണിക്കുന്ന അഹന്ത നിറഞ്ഞ ആത്മവിശ്വാസവും പുറത്തുവരുന്ന വസ്തുതകളോടുള്ള നിഷേധവും ആശങ്കപ്പെടുത്തുന്നതാണ്. രാഷ്ട്രീയത്തിൽ ജനാധിപത്യത്തിന്റെ അംശം കുറഞ്ഞുവരുന്ന പ്രവണതയാണ് കോർപ്പറേറ്റ് സംസ്കാരത്തിലും സമാന്തരമായി പ്രതിഫലിക്കുന്നത്. അതിലൊരു മാറ്റം വരണമെങ്കിൽ രാഷ്ട്രീയമായ തിരുത്തൽ അനിവാര്യമായിരിക്കുന്നു.

Comments