ലൈംഗിക അതിക്രമ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടു പോയ കേസിൽ ജെ.ഡി.എസ് നേതാവും ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡയുടെ മകനുമായ എച്ച്.ഡി രേവണ്ണയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ലൈംഗിക പീഡനക്കേസിൽ, മകനും കർണാടകയിലെ ഹാസൻ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണ ഒളിവിൽ പോയതിന് പിന്നാലെയാണ് എച്ച്.ഡി രേവണ്ണയുടെ അറസ്റ്റ്. ദേവഗൗഡയുടെ പത്മനാഭനഗറിലെ വസതിയിൽ നിന്നാണ് അന്വേഷണസംഘം രേവണ്ണയെ കസ്റ്റഡിയിലെടുത്തത്. രേവണയുടെ മുൻകൂർ ജാമ്യ അപേക്ഷ കോടതി തള്ളിയിരുന്നു. മകൻ പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗിക പീഡനക്കേസിലും എച്ച്.ഡി രേവണ്ണ പ്രതിയാണ്. പ്രജ്വലിന്റെ ജാമ്യ ഹർജിയും കോടതി തള്ളിയിട്ടുണ്ട്.
രേവണ്ണക്ക് ജാമ്യം നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
രേവണ്ണക്കെതിരെ പ്രത്യേക അന്വേഷണസംഘം മുൻപ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. രേവണ്ണയും രാജ്യം വിടാൻ ആലോചിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. രാജ്യംവിട്ട പ്രജ്വൽ രേവണ്ണക്കെതിരെ സിബിഐ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും. ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതോടെ രേവണ്ണ എവിടെയാണെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കും. ഇതോടെ അന്വേഷണം വേഗത്തിലാകും എന്നും അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
മുൻമന്ത്രി കൂടിയായ രേവണ്ണയ്‌ക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വീട്ടിൽ ജോലി ചെയ്തിരുന്ന സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമത്തിലാണ് ആദ്യത്തെ കേസ്. ലൈംഗിക അതിക്രമത്തിനിരയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്നാണ് രണ്ടാമത്തെ കേസ്. രേവണ്ണയുടെ വിശ്വസ്തൻ ഹാസൻ സ്വദേശി സതീഷ് ബാബണ്ണയും കേസിൽ പ്രതിയാണ്.
അതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ, പ്രജ്വൽ രേവണ്ണക്കെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തിയിരുന്നു. ജെഡിഎസ് പ്രാദേശിക നേതാവായ സ്ത്രീയാണ് കഴിഞ്ഞദിവസം പരാതിയുമായി രംഗത്തെത്തിയത്. തോക്ക് ചൂണ്ടിയാണ് ബലാൽസംഗ ദൃശ്യം പകർത്തിയെന്നും മൂന്നുവർഷത്തോളം പീഡനം തുടർന്നെന്നുമായിരുന്നു പരാതി. ഭർത്താവിനെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയാരുന്നു നിരവധിതവണ ബലാൽസംഗം ചെയ്തത്.
അന്വേഷണത്തിന്റെ ഭാഗമായി രേവണ്ണയുടെ ഹോളനരസിപുരയിലെ വീട്ടിലെത്തിയ അന്വേഷണം സംഘത്തെ ജെഡിഎസ് പ്രവർത്തകർ തടഞ്ഞത് നേരത്തേ വിവാദമായിരുന്നു. അതിനിടെ, രേവണ്ണയെയും മകൻ പ്രജ്വലിനെയും ബിജെപി സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. നിരവധിപേരെ പ്രജ്വലും രേവണ്ണയും അതിക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടെന്നും അമ്മമാരെയും സഹോദരിമാരെയും ബലാത്സംഗം ചെയ്യുന്നതിന് കഠിനമായ ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർത്ഥിയാണ് പ്രജ്വൽ രേവണ്ണ.