ശരത്ചന്ദ്ര റെഡ്ഢി

‘മദ്യനയക്കേസിലെ മാപ്പുസാക്ഷി പണം നൽകിയത് ബി.ജെ.പിക്ക്'; ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി

മദ്യനയക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത് അഞ്ചു ദിവസത്തിനുശേഷമാണ്, പിന്നീട് മാപ്പുസാക്ഷിയാക്കപ്പെട്ട പി. ശരത്ചന്ദ്ര റെഡ്ഢി അഞ്ചു കോടി രൂപ ബി.ജെ.പി അക്കൗണ്ടിലേക്ക് അയച്ചതെന്ന് ആം ആദ്മി പാർട്ടി.

National Desk

ൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായ മദ്യനയക്കേസിൽ മാപ്പുസാക്ഷിയായ പി. ശരത്ചന്ദ്ര റെഡ്ഢി ഇലക്ടറൽ ബോണ്ടുവഴി ബി.ജെ.പിക്ക് പണം നൽകിയതായി ആം ആദ്മി പാർട്ടി. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത് അഞ്ചു ദിവസത്തിനുശേഷമാണ് ഇയാൾ അഞ്ചു കോടി രൂപ ബി.ജെ.പി അക്കൗണ്ടിലേക്ക് അയച്ചതെന്നും ആം ആദ്മി പാർട്ടി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി മർലേന വാർത്താസമ്മേളനത്തിൽ ആരോപിച്ചു. യഥാർഥത്തിൽ ബി.ജെ.പി അധ്യക്ഷനെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്നും അന്വേഷണത്തിന് പ്രധാനമന്ത്രി തയ്യാറുണ്ടോ എന്നും അദിഷി വെല്ലുവിളിച്ചു.

‘‘മദ്യനയവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ഒന്നും തെളിയിക്കാനായിട്ടില്ല. ഒരൊറ്റ സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റു ചെയ്തത്. ശരത്ചന്ദ്ര റെഡ്ഢിയുടെ മൊഴിയാകട്ടെ തീർത്തും അവിശ്വസനീയവുമാണ്. 2022 നവംബർ ഒമ്പതിന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ താൻ ഒരിക്കലും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കണ്ടിട്ടില്ല എന്നാണ് ഇയാൾ മൊഴി നൽകിയത്. എന്നിട്ടും ഇ.ഡി ഇയാളെ അറസ്റ്റുചെയ്തു. മാസങ്ങളോളം ജയിലിൽ കഴിഞ്ഞശേഷം, അരവിന്ദ് കെജ്‌രിവാളിനെ കണ്ടു എന്ന് ഇയാൾ മൊഴി മാറ്റി. ഇതതേതുടർന്ന് ജാമ്യവും കിട്ടി, മാപ്പുസാക്ഷിയുമായി’’- അദിഷി പറഞ്ഞു.

പ്രിയങ്ക കക്കര്‍, അദിഷി

റെഡ്ഢിയുടെ മൊഴികൾക്ക് വിശ്വാസ്യതയില്ലെന്നും കള്ളപ്പണം വെളുപ്പിക്കാനാണ് ഇലക്ടറൽ ബോണ്ട് വഴി ബി.ജെ.പിക്ക് പണം നൽകിയതെന്നും അദിഷി ആരോപിച്ചു.

2022 നവംബർ പത്തിനാണ് മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഇ.ഡി ശരത്ചന്ദ്ര റെഡ്ഢിയെ അറസ്റ്റുചെയ്തത്. മദ്യനയത്തിന്റെ ഭാഗമായി ലൈസൻസ് അനുവദിച്ചതിനു പുറകിലെ കൈക്കൂലി ഇടപാടിൽ പ്രധാന പങ്കുവഹിച്ചത് ശരത്താണ് എന്നായിരുന്നു ഇ.ഡി. ആരോപണം.

നവംബർ 15ന് ശരത്ചന്ദ്ര റെഡ്ഢിയുടെ കമ്പനിയായ അരബിന്ദോ ഫാർമ അഞ്ചു കോടി രൂപയുടെ ഇലഷ്ടറൽ ബോണ്ട് വാങ്ങിയതായി ഇലക്ഷൻ കമീഷൻ പുറത്തുവിട്ട രേഖകളിലുണ്ട്. ഈ ബോണ്ടുകൾ ബിജെ.പിക്കാണ് നൽകിയത്. അരബിന്ദോ ഫാർമ ആകെ വാങ്ങിയത് 34.5 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ്. ഭാരത് രാഷ്ട്ര സമിതിക്ക് 15 കോടി രൂപയും തെലുങ്കുദേശം പാർട്ടിക്ക് 2.5 കോടിയും കമ്പനി നൽകി.

വൈ.എസ്.ആർ. കോൺഗ്രസ് അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗൻ മോഹൻ റെഡ്ഢിയുമായി ബന്ധപ്പെട്ട കേസിലും ശരത്ചന്ദ്ര റെഡ്ഢി മാനേജിങ് ഡയറക്ടറായ ട്രൈഡന്റ് ലൈഫ് സയൻസസ് ലിമിറ്റിഡിന്റെ പേരുണ്ടായിരുന്നു.

അരവിന്ദ് കെജ്രിവാള്‍

2021-ലാണ് ഡൽഹി സർക്കാർ വിവാദമായ മദ്യനയം കൊണ്ടുവന്നത്. ഇതിനുസരിച്ച്, മദ്യവിൽപ്പനയിൽനിന്ന് സർക്കാർ പിന്മാറുകയും സ്വകാര്യ കമ്പനികൾക്ക് ഏൽപ്പിച്ചുകൊടുക്കുകയും ചെയ്തു. ഡൽഹിയെ 32 മേഖലകളാക്കി തിരിച്ച് ഓരോ മേഖലയിലും 27 കടകൾ വീതം അടങ്ങുന്ന 864 ഔട്ട്‌ലെറ്റുകൾക്കാണ് ടെൻഡർ വിളിച്ചത്. ലൈസൻസികൾക്ക് അവിഹിതമായ ആനുകൂല്യങ്ങൾ നൽകിയതായി ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരി ലഫ്റ്റനന്റ് ഗവർണർക്ക് പരാതി നൽകി. ലൈസൻസ് ഫീസിൽ നൽകിയ 144 കോടി രൂപയുടെ ഇളവ് ദൽഹി സർക്കാറിന് നഷ്ടമുണ്ടാക്കിയതായി ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിൽ പറയുന്നു. പുതിയ നയം നടപ്പാക്കാൻ ലഫ്റ്റനന്റ് ഗവർണറുടെ അനുമതിയുണ്ടായിരുന്നില്ലെന്നും പരാതിയുയർന്നു. നയവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അന്വേഷിക്കാൻ ലഫ്റ്റനന്റ് ഗവർണർ സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്തു.
ഇതോടെ 2022 ജൂലൈ 30ന് മദ്യനയം ഡൽഹി സർക്കാർ പിൻവലിച്ചു.

ഇതേതുടർന്ന്, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്കുമെതിരെ സി.ബി.ഐ കേസെടുത്തു. 2022 ആഗസ്റ്റ് 19ന് സിസോദിയയുടെയും ആം ആദ്മി പാർട്ടി നേതാക്കളുടെയും വീടുകളിൽ സി.ബി.ഐ റെയ്ഡ് നടത്തി.
മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലിന് ഇ.ഡിയും കേസെടുത്തു. ആപ്എ കമ്യൂണിക്കേഷൻ ഇൻ ചാർജ് വിജയ് നായർ, മദ്യ വ്യാപാരി സമീർ മഹേന്ദ്രു, ഇടനിലക്കാരൻ അഭിഷേക് ബോയിൻപിള്ള എന്നിവരെ സി.ബി.ഐ അറസ്റ്റുചെയ്തു.

മനീഷ് സിസോദിയ

2022 ആഗസ്റ്റ് 30ന് സിസോദിയയുടെ ബാങ്ക് ലോക്കറുകൾ സി.ബി.ഐ പരിശോധിച്ചു. 35 ഇടങ്ങളിൽ ഇ.ഡി റെയ്ഡും നടത്തി. 2023 ഒക്‌ടോബർ നാലിന് ആപ്പ് നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ്ങിനെ ഇ.ഡി അറസ്റ്റുചെയ്തു. അറസ്റ്റിലായ ദിനേഷ് അറോറയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മനീഷ് സിസോദിയയെ പരിചയപ്പെട്ടത് സഞ്ജയ് സിങ് വഴിയാണെന്നായിരുന്നു അറോറയുടെ മൊഴി. കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്താനും സഞ്ജയ് സിങ്ങാണ് വഴിയൊരുക്കിയതെന്നും ദിനേശ് അറോറ മൊഴി നൽകിയിരുന്നു.

തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിതയെയും ഇ.ഡി അഴിമതിക്കേസിൽ ഉൾപ്പെടുത്തി. 2024 മാർച്ച് 16ന് ഇ.ഡി കവിതയെ അറസ്റ്റു ചെയ്തു. തുടർന്നാണ്, അരവിന്ദ് കെജ്‌രിവാളും അറസ്റ്റിലായത്.

ദിനേഷ് അറോറ

മദ്യനയത്തിൽനിന്ന് നേട്ടമുണ്ടാക്കിയ ഏജൻസികളിൽനിന്ന് അരവിന്ദ് കെജ്‌രിവാൾ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് ഇ.ഡി ആരോപണം. ഇതിന് പ്രതിഫലമായി പല ഉറപ്പുകളും നൽകിയെന്നും ഇ.ഡി പറയുന്നു. മുഖ്യമന്ത്രിയടെ വീട് ഗൂഢാലോചനയുടെ കേന്ദ്രമായിരുന്നുവെന്ന് ഇ.ഡിയുടെ കസ്റ്റഡി അപേക്ഷയിൽ പറയുന്നു. മദ്യവ്യവസായി മഗുണ്ട റെഡ്ഢി കെജ്‌രിവാളിനെ രണ്ടു തവണ വീട്ടിലെത്തി കണ്ടു. കെ. കവിതയും മഗുണ്ട റെഡ്ഢിയും കെജ്‌രിവാളിന് പണം നൽകി. കെജ്‌രിവാളിന് നൽകാൻ കവിത 50 കോടി രൂപ ആവശ്യപ്പെട്ടു. അതിൽ 25 കോടി നൽകിയതായി മഗുണ്ട റെഡ്ഢിയുടെ മകന്റെ മൊഴിയിൽ പറയുന്നു.

എന്നാൽ, രണ്ടു വർഷമായി സി.ബി.ഐയും ഇ.ഡിയും നടത്തുന്ന അന്വേഷണങ്ങളിൽ ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് ആപ് പറയുന്നത്. ഇ.ഡി പറയുന്ന കൈക്കൂലിപ്പണം എവിടേക്കാണ് പോയത് എന്ന ഒരൊറ്റ ചോദ്യത്തിന് ഈ അന്വേഷണ ഏജൻസികളൊന്നും ഉത്തരം പറയുന്നല്ലൈന്നും ആപ് ചൂണ്ടിക്കാട്ടുന്നു.

അറസ്റ്റിലായ കെജ്‌രിവാൾ 28ാം തീയതി വരെ ഇ.ഡി. കസ്റ്റഡിയിലാണ്.

Comments