വോട്ടെന്ന ആയുധം കൊണ്ട് തിരുത്തേണ്ട പത്ത് മോദിവര്‍ഷങ്ങൾ

‘‘ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ‘ഇന്ത്യ’ മുന്നണിയെയാണ് ശക്തിപ്പെടുത്തേണ്ടത്. അവിടെ യു ഡി എഫ്- എൽ ഡി എഫ് എന്ന ചിന്ത തന്നെ അപ്രസക്തമാണ്. നിർഭാഗ്യവശാൽ കേരളത്തിൽ ഇത് യു ഡി എഫ് - എൽ ഡി എഫ് പോരായി മാറുന്നു എന്നത് സങ്കടമാണ്’’- ഷീല ടോമി എഴുതുന്നു.

നരേന്ദ്രമോദി സർക്കാരിന്റെ പത്തുവർഷത്തെ എങ്ങനെയാണ് വിലയിരുത്തുക?

ഷീല ടോമി: 142 കോടി ജനങ്ങൾ കുറേ നുണകൾ കൊണ്ടും ഭയം കൊണ്ടും അടിസ്ഥാനമിട്ട ഭരണത്തിൻ കീഴിലെ പ്രജകളായി മാറുന്ന ഒരു സാങ്കൽപിക ഭാരതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്ന പരിതാപകരമായ കാഴ്ചയാണ് പത്തുവർഷത്തിന്റെ ബാക്കിപത്രം. ചരിത്രം, വിശ്വാസം, ശാസ്ത്രം, കലാ- സാംസ്കാരിക രംഗം, വിദ്യാഭ്യാസം തുടങ്ങി ഒട്ടെല്ലാ മേഖലകളിലും ഏകപക്ഷീയമായ സാമൂഹിക സ്പർദ്ധ വളർത്താനുതകുന്ന അഴിച്ചുപണികൾ നടക്കുന്നു. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ, വിലക്കയറ്റം, തൊഴിലില്ലായ്മ, വികസനം ഇക്കാര്യങ്ങളിലെല്ലാം മുഖ്യധാരാ മാധ്യമങ്ങൾ, സാംസ്‌കാരിക പ്രമുഖർ, പ്രൊഫഷണലുകൾ എന്നിവരെല്ലാം ഭാഗഭാക്കാകുന്ന സ്തുതിപാഠകസംഘങ്ങളുടെ വാചാടോപങ്ങൾക്കിടയിൽ സത്യമേത് സത്യമെത്ര എന്ന് കണ്ടുപിടിക്കാൻ പറ്റാതെ ജനം കുഴങ്ങുന്നു. അല്ലെങ്കിൽ അവർ കേൾക്കുന്നതെല്ലാം അന്ധമായി വിശ്വസിക്കുന്നു. ആദിവാസി- ദലിത് പീഡനങ്ങൾക്കിടയിലും സവർണ ഹിന്ദുത്വത്തിന്റെ കൽപനകൾക്കനുസരിച്ച് ഭൂരിപക്ഷം വരുന്ന ദലിത് മനസ്സുകളെ ഒപ്പം ചേർത്തു നിർത്താൻ പത്തുവർഷമൊന്നും വേണ്ടിവന്നില്ല.

ഒരു ഗ്യാസ് സ്റ്റൗവും സിലിണ്ടറും കിട്ടിയാൽ നിരക്ഷരരായ ദരിദ്രരായ ഉത്തരേന്ത്യൻ ഗ്രാമങ്ങൾ ഒന്നടങ്കം മോദി സർക്കാരിന് വോട്ടിടും എന്നിടത്താണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ പരാജയം. പൊതുജനത്തെ പുളകിതരാക്കാൻ മാധ്യമങ്ങൾ നിരത്തുന്ന മോദികാല നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാൽ പ്രാണപ്രതിഷ്ഠ, ഹൈന്ദവ പൂജകളാൽ ഉദ്ഘാടനം നടത്തിയ പാർലമെന്റ് മന്ദിരം, യു.എ.ഇ യിലും മറ്റും തുറന്ന ബ്രഹ്മാണ്ഡൻ ക്ഷേത്രങ്ങൾ, ആർട്ടിക്കിൾ 370 നീക്കം ചെയ്ത് കശ്മീരികൾക്ക് നൽകിയ സമ്മാനം, പൗരത്വ ഭേദഗതി ബിൽ, ഗ്യാൻവ്യാപിയിലും മറ്റും കുഴിച്ചെടുക്കുന്ന ച്രാചീന വിഗ്രഹങ്ങൾ, പ്രതിപക്ഷ നേതാക്കൾക്കെതിരെ എടുക്കുന്ന ഇ.ഡി കേസുകൾ, മുറിവുണങ്ങാത്ത മണിപ്പുരും ഒളിച്ചുവെക്കുന്ന കലാപങ്ങളും, ജനവിരുദ്ധ കർഷകനയങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരെ നേരിടുന്ന അടിച്ചമർത്തൽ നയം, ഇലക്ടറൽ ബോണ്ടിലൂടെ പണാധിപത്യത്തിന്റെ കള്ളക്കളികൾ, എല്ലാറ്റിനും അപ്പുറം സംഘ്പരിവാർ വിമർശനം എന്ന കാരണത്താൽ കൊലചെയ്യപ്പെട്ടവരുടെ പട്ടിക. ഇനിയും മറ്റെന്ത് വേണം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യക്ക് അഭിമാനിക്കാൻ?

പണ്ട് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇവിടെ വന്നിറങ്ങിയത് കച്ചവടത്തിനായാണ്. ബ്രിട്ടീഷ് രാജ്ഞി നൽകിയ പട്ടാളവും അവർക്ക് കൂട്ടുണ്ടായിരുന്നു. പരസ്പരം മത്സരിച്ചുനിന്നവരെ അവർ അതിവേഗം പാട്ടിലാക്കി ഇന്ത്യയെ കൈക്കലാക്കി. മതവികാരം കച്ചവടം ചെയ്ത് ഇന്ത്യയെ മുഴുവൻ പാട്ടിലാക്കുവാൻ ഹിന്ദുത്വ ശക്തികൾക്കാവുന്നു, ഇന്ത്യ മറ്റൊരു കോർപ്പറേറ്റ് അധിനിവേശ ഭരണത്തിൻ കീഴിൽ അമരാൻ അധികനാളൊന്നും ഇനി വേണ്ടാ. അദാനി അംബാനിമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടേത് പോലെ പട്ടാളത്തെ വിട്ടു കൊടുക്കേണ്ട കാര്യമൊന്നുമില്ല. അതിലും എത്രയോ ശക്തമാണ് അപരമത വിദ്വേഷമെന്ന വജ്രായുധം. സാധാരണക്കാർക്കിടയിൽ പോലും അത് ആളിക്കത്തിക്കാൻ സാധിച്ചു എന്നതു തന്നെയാണ് പത്തുവർഷത്തെ വലിയ ദുരന്തം.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൗതം അദാനിയും
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൗതം അദാനിയും

2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം എന്താണ് എന്നാണ് കരുതുന്നത്? മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തും എന്ന് കരുതുന്നുണ്ടോ? ഇന്ത്യ സഖ്യത്തിൻ്റെ സാധ്യത എത്രത്തോളമുണ്ട്?

ഈ തെരഞ്ഞെടുപ്പ് അത്യന്തം പ്രാധാന്യമർഹിക്കുന്നതാണ്. അത്രമാത്രം ആപത്കരമായ സാമൂഹ്യ സാഹചര്യങ്ങളുടെ തുമ്പിലാണ് നമ്മുടെ രാജ്യം. ഇവിടെ ഓരോ വോട്ടും മതനിരപേക്ഷതക്ക് വേണ്ടിയായിരിക്കണം. സ്വാതന്ത്ര്യത്തിനു വേണ്ടിയായിരിക്കണം. ദക്ഷിണ ഇന്ത്യയിൽ ‘ഇന്ത്യ’ സഖ്യം മുന്നേറും, ഉത്തരേന്ത്യയിൽ എൻ ഡി എ യുടെ സീറ്റുകൾ പലതും നഷ്ടമാകും എന്നൊക്കെ പ്രതീക്ഷിക്കാം. എങ്കിലും ഒരു അത്ഭുതം നടന്നില്ലെങ്കിൽ മോദി സർക്കാർ തന്നെ അധികാരത്തിലെത്താനാണ് സാധ്യത. ബഹുഭൂരിപക്ഷം വരുന്ന ഉത്തരേന്ത്യൻ സീറ്റുകളും മോദി സർക്കാരിനെ പിന്തുണക്കുന്നവയാണ്. എങ്കിലും എല്ലാ സാധ്യതകളെയും മറികടന്ന് 1975-ൽ അടിയന്തരാവസ്ഥക്കു ശേഷമുണ്ടായ ജനവിധിപോലെ ഏകാധിപത്യത്തിനും ഫാഷിസത്തിനും എതിരെ ഒരു ജനവിധി ഉണ്ടായെങ്കിൽ എന്നും നമുക്ക് ആശിക്കാമല്ലോ.

ഫാഷിസത്തിൻ്റെ ലക്ഷണങ്ങൾ എല്ലാ മേഖലയിലും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന യൂണിയൻ സർക്കാരാണ് ഇന്ത്യയുടേത്. വലതുപക്ഷത്തേയ്ക്ക് ചായുന്ന സാഹചര്യം തന്നെയാണ് ആഗോള തലത്തിൽ എന്നും കാണാം. ജനാധിപത്യരാഷ്ട്രീയത്തിൻ്റെ, ജനാധിപത്യമെന്ന ആശയത്തിൻ്റെ ഭാവി എന്തായിരിക്കും?

ആഗോളതലത്തിൽതന്നെ വലതുപക്ഷത്തേക്ക് ചായുകയാണ് ലോകം. എന്നാൽ ജനാധിപത്യമെന്ന ആശയത്തിനു മരണമുണ്ടാകില്ല. അംബേദ്‌കറുടെ വാക്കുകളിൽ ‘ജനാധിപത്യം ഭൂരിപക്ഷഹിതമല്ല. ജനാധിപത്യം ഒരു ജീവിതരീതിയാണ്. അത് പങ്കുവെക്കലാണ്. അപരനെക്കുറിച്ചുള്ള കരുതലാണ്.’ പ്രതീക്ഷയുണ്ട്; ഫാഷിസത്തിന്റെ പിടി പരിധിവിട്ട് മുറുകുമ്പോൾ ജനം അതിനെതിരെ തിരിയുന്ന കാലം വരാതിരിക്കില്ല. എങ്കിലും അകമേ മിക്കവരും സ്വേച്ഛാധിപത്യത്തെ അനുകൂലിക്കുന്നത് ആശങ്കാജനകമാണ്. ചിലയിടങ്ങളിൽ ഉള്ളിൽ മറച്ചുപിടിച്ചതും മറ്റിടങ്ങളിൽ തുറന്ന് കാണിക്കുന്നതുമായ ജാതിചിന്തയും മറ്റും ശരിയായ ജനാധിപത്യബോധം വളരുവാൻ ഇന്നും തടസ്സമാകുന്നുണ്ട്.

ഒരു ഗ്യാസ് സ്റ്റൗവും സിലിണ്ടറും കിട്ടിയാൽ നിരക്ഷരരായ ദരിദ്രരായ ഉത്തരേന്ത്യൻ ഗ്രാമങ്ങൾ ഒന്നടങ്കം മോദി സർക്കാരിന് വോട്ടിടും എന്നിടത്താണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ പരാജയം
ഒരു ഗ്യാസ് സ്റ്റൗവും സിലിണ്ടറും കിട്ടിയാൽ നിരക്ഷരരായ ദരിദ്രരായ ഉത്തരേന്ത്യൻ ഗ്രാമങ്ങൾ ഒന്നടങ്കം മോദി സർക്കാരിന് വോട്ടിടും എന്നിടത്താണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ പരാജയം

സാംസ്കാരിക രംഗത്ത്, സിനിമ ഉൾപ്പെടെയുള്ള സകല ദൃശ്യകലാരംഗത്തും നരേന്ദ്രമോദി സർക്കാർ ഉണ്ടാക്കിയ ഹിന്ദുത്വാധിനിവേശം വളരെ വലുതാണ്. കലാരംഗത്ത്, സാഹിത്യരംഗത്ത് പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയിൽ താങ്കളുടെ കലാ- സാഹിത്യ പ്രവർത്തനത്തെ, ചിന്തകളെ, രാഷ്ട്രീയത്തെ, ഔട്ട്പുട്ടിനെ സമകാലീന രാഷ്ട്രീയാവസ്ഥ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ?

ബ്രെഹ്ത് പറഞ്ഞപോലെ ‘കറുത്ത കാലത്ത് കറുത്ത കാലത്തെക്കുറിച്ചുള്ള പാട്ടുകൾ ഉണ്ടാകണം.’ നീതിക്കുവേണ്ടി മുറവിളി കൂട്ടുന്നവർ നിരായുധരാക്കപ്പെടുന്ന, നിശ്ശബ്ദരാക്കപ്പെടുന്ന കാലത്ത് സഹിത്യം കേവലം ആത്മസുഖത്തിനല്ലെന്നും അത് പ്രതിരോധത്തിനുള്ള ആയുധമാണെന്നുമുള്ള ചിന്തയെ ആഴത്തിൽ ഉറപ്പിക്കുന്നതാണ് സമീപകാലത്ത് സാംസ്കാരിക രംഗത്ത് കാണുന്ന അധികാരത്തിന്റെയും തീവ്രമതവിശ്വാസങ്ങളുടെയും അധിനിവേശം. കൂടുതൽ രാഷ്ട്രീയ ജാഗ്രതയോടെയിരിക്കാൻ നീതിക്ക് വേണ്ടി, സാഹോദര്യത്തിനുവേണ്ടി സമത്വത്തിനുവേണ്ടിയാണ് എന്റെ എഴുത്തിനേയും ചിന്തയേയും പരുവപ്പെടുത്തുന്നത്.

ഇന്ത്യ എന്ന രാജ്യം, ആശയം തന്നെ ബഹുസ്വരതയിൽ ഉണ്ടാക്കിയെടുത്ത ഒന്നാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം ബഹുസ്വരതയെ പ്രകീർത്തിക്കുന്നതായിരുന്നു. ഭരണഘടനയുടെ ആധാരശില തന്നെ അതാണ്. നമ്മുടെ എല്ലാത്തരം ദേശീയ പ്രതിനിധാനങ്ങളും ബഹുസ്വരതയെ ഉൾച്ചേർത്തതാണ്. എന്നാൽ നരേന്ദ്രമോദിയുടെ ഭരണകാലം ഹിന്ദുത്വ vs ബാക്കിയെല്ലാം എന്ന രീതിയിലേക്ക് കാര്യങ്ങളെ മാറ്റിത്തീർക്കുന്നു. ഒറ്റ തെരഞ്ഞെടുപ്പ്, ഒറ്റ ഭാഷ, ഒറ്റ വിശ്വാസം എന്ന രാഷ്ട്രീയ പദ്ധതിയുടെ നടപ്പാക്കലിലേക്കാണ് കാര്യങ്ങൾ പോവുന്നത്. എങ്ങനെ പ്രതിരോധിക്കും?

പ്രതിരോധിക്കാൻ വോട്ടാണ് ഏറ്റവും വലിയ ആയുധം. ഇന്ത്യൻ ബഹുസ്വരതയും ജാനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള അവസാനത്തെ കച്ചിത്തുരുമ്പായി സമ്മതിദാനാവകാശം ജനങ്ങൾ ഉപയോഗപ്പെടുത്തണം. ചിന്തിക്കുന്ന ഒരു ജനതയാണ് ഇന്ത്യക്ക് ആവശ്യം. സെക്യുലർ കക്ഷികളുടെ ഐക്യം, ന്യൂനപക്ഷ ആദിവാസി ദലിത് വിഭാഗങ്ങളിലെല്ലാം ഒരുമയുണ്ടാക്കൽ, കർഷകരെയും തൊഴിലാളികളെയും ഒരുമിച്ച് ചേർക്കൽ അങ്ങനെ വലിയ കടമ്പകൾ ഇനിയും കടക്കാനുണ്ട്. കലാ-സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ബോധവൽക്കരണം നടത്തണം. അതിനായ് സോഷ്യൽ മീഡിയ സ്പേസുകൾ ഉപയോഗിക്കാം. ധ്രുവ് റാഠിയെപ്പോലെയുള്ള ചുരുക്കം ചില ഒറ്റയാൾ പട്ടാളങ്ങൾ മുന്നിട്ടിറങ്ങിയാൽ തന്നെ ജനങ്ങളിൽ വലിയ സ്വാധീനം സൃഷ്ടിക്കാനാവും. ആം ആദ്മി ഒരിക്കൽ ഡൽഹിയെ ഇളക്കിമറിച്ചതും കേന്ദ്രഭരണത്തെ മറിച്ചിട്ടതും അതിവിദൂരകാലത്തൊന്നുമല്ലല്ലോ. ഇന്ത്യയുടെ ബലം ബഹുസ്വരത തന്നെയാണ്. അത് നിലനിർത്തുക തന്നെവേണം.

ഭരണഘടനയിലെ ആമുഖത്തിൽ സ്വാതന്ത്ര്യത്തിനും സമത്വത്തിനുമൊപ്പം Fraternity എന്ന വാക്കുമുണ്ട്. നൂറ്റാണ്ടുകളായി അരികുവൽക്കരിക്കപ്പെട്ടവരെ മുന്നോട്ടുനയിക്കാനുള്ള സംവരണവും മറ്റും ഇതിന്റെ ഭാഗമാണ്. എല്ലാ ജാതിമതസ്ഥരും തമ്മിലുള്ള സഹവർത്തിത്വത്തിന്റെ, അപരസ്നേഹത്തിന്റെ നല്ല പാഠങ്ങൾ കേരളം പോലുള്ള ഇടങ്ങളിൽ നിന്ന് ഇന്ത്യയൊട്ടാകെ പരക്കണം. അസത്യങ്ങൾ നിറഞ്ഞ ‘കേരള സ്റ്റോറികൾക്ക്’ ബദലായ് അത്തരം യാഥാർത്ഥ്യങ്ങൾ നാം പ്രചരിപ്പിക്കണം. ഗാന്ധിജിയുടെ വാക്കുകളിൽ ‘രാജ്യസ്നേഹമെന്നാൽ മനുഷ്യസ്നേഹമാണ്.’

പാര്‍ലമെന്‍റിന്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തിന് ചെങ്കോല്‍ പ്രതിഷ്ഠ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്ടില്‍ നിന്നും വന്ന ശൈവ സന്യാസികള്‍ സമീപം.
പാര്‍ലമെന്‍റിന്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തിന് ചെങ്കോല്‍ പ്രതിഷ്ഠ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്ടില്‍ നിന്നും വന്ന ശൈവ സന്യാസികള്‍ സമീപം.

കേരളത്തിൽ എൽ.ഡി.എഫ് വന്നാലും യു.ഡി.എഫ് വന്നാലും ‘ഇന്ത്യ’ സംഖ്യത്തിലെ ശക്തമായ സാന്നിധ്യമായിരിക്കും. ബി.ജെ.പിക്ക് ഇതു വരെ തൊടാൻ പറ്റാത്ത സംസ്ഥാനമാണ് കേരളം. പക്ഷേ അതിനായി ബി.ജെ.പി പണവും മാധ്യമ പിന്തുണയും വർഗ്ഗീയതയുമുൾപ്പെടെ പല തരത്തിലുള്ള തന്ത്രങ്ങൾ പയറ്റുന്നുണ്ട്. കേരളത്തെ സംബന്ധിച്ച് യു.ഡി.എഫിനെയാണോ എൽ.ഡി.എഫിനെയാണോ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ശക്തിപ്പെടുത്തേണ്ടത്?

ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യ മുന്നണിയെയാണ് ശക്തിപ്പെടുത്തേണ്ടത്. അവിടെ യു ഡി എഫ്- എൽ ഡി എഫ് എന്ന ചിന്ത തന്നെ അപ്രസക്തമാണ്. മതേതരത്വവും ഭരണഘടനയും പൗരന്റെ മൗലികാവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ ആരാണോ കരുത്തർ അവരെ ചിന്തിക്കുന്ന ജനം തെരഞ്ഞെടുക്കട്ടെ. നിർഭാഗ്യവശാൽ കേരളത്തിൽ ഇത് യു ഡി എഫ് - എൽ ഡി എഫ് പോരായി മാറുന്നു എന്നത് സങ്കടമാണ്. നമുക്കുവേണ്ട ഗ്യാരണ്ടി സ്വാതന്ത്ര്യവും സമാധാനവുമാണ്.


Summary: Sheela Tomi talks about the ten years of rule of narendra modi and the bjp


ഷീലാ ടോമി

നോവലിസ്​റ്റ്​, കഥാകൃത്ത്​. ഖത്തറിലെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിൽ ഉദ്യോഗസ്ഥയായിരുന്നു. ഗൾഫിലെ റേഡിയോകളിൽ പുസ്തക അവതാരക, സ്​ക്രിപ്​റ്റ്​ റൈറ്റർ, ഗാനരചയിതാവ്. മെൽക്വിയാഡിസിന്റെ പ്രളയ പുസ്​തകം (കഥ), വല്ലി (നോവൽ), ആ നദിയോട് പേരുചോദിക്കരുത്(നോവല്‍) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments