ഇന്ധന വില ഇനിയും കൂട്ടണം; വില കൂടിയാൽ ഉപഭോഗം കുറക്കാനാവും- മുൻ ഡി.ജി.പി ജേക്കബ് തോമസ് ഇപ്പോൾ നടത്തിവെച്ചിരിക്കുന്ന പ്രസ്താവനയാണ് ഈ കുറിപ്പിന് ആധാരം.
പ്രസ്തുത പ്രസ്താവനയുടെ പേരിൽ ജേക്കബ് തോമസ് സാറിനെ പെട്ടെന്ന് തെറ്റിദ്ധരിക്കുകയും വിമർശിക്കുകയും ചെയ്യുന്നതിനോട് താത്വികമായി ഞാൻ യോജിക്കുന്നില്ല. സത്യത്തിൽ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തെയും കാലിക രാഷ്ട്രീയ കാലാവസ്ഥയെയും പ്രോജ്വലമാക്കുന്ന വിധമൊരു പോസ്റ്റ് ട്രൂത്ത് സ്റ്റേറ്റ്‌മെന്റാണ് ബഹുമാനപ്പെട്ട ശ്രീ. ജേക്കബ് തോമസ് നടത്തിയിരിക്കുന്നതെന്നാണ് എന്നാണ് ഈ കുറിപ്പുകാരന്റെ പക്ഷം.
വ്യക്തിപരമായ എന്റെ ഒരനുഭവം പറയാം.
ഉള്ളിക്ക് ഭയങ്കരമായി വില കൂടിയ അവസ്ഥയിൽ വീട്ടിൽ കുറച്ചുദിവസം പരീക്ഷണാർത്ഥം ഉള്ളി തന്നെ ഞങ്ങൾ ഉപയോഗിക്കാതെ നിന്നു. അത്ഭുതകരമായിരുന്നു, റിസൽട്ട്. കാര്യമെന്താണെന്നല്ലേ, ഇതറിഞ്ഞതോടെ ഉള്ളിക്കമ്പനി പരിഭ്രാന്തരായി. അവർ പെട്ടെന്ന് വില താഴ്ത്തി. ഉള്ളിയുടെ വില മാത്രമല്ല, കൂട്ടത്തിൽ അതിന്റെ വല്ലാത്ത നാറ്റവും അവരൊന്ന് കുറച്ചുതരികയും ചെയ്തു.
ജേക്കബ് സാറിന്റെ തിയറി ഇനി, ഗോതമ്പ്, അരി, പച്ചക്കറി, മുളക്, മല്ലി വെളിച്ചെണ്ണ സോപ്പ്, ചീർപ്പ്, കണ്ണാടി തുടങ്ങിയ സകല സാധനങ്ങൾക്കും ബാധകമാക്കണം എന്നാണെന്റെ പക്ഷം. സ്വാഭാവികമായി കയറിപ്പോകുന്ന വിലക്കയറ്റം കൊണ്ടുമാത്രം പരിഹരിക്കാവുന്നതല്ല ഇപ്പോഴത്തെ ഇന്ത്യൻ സാമ്പത്തികാവസ്ഥ. നമ്മൾ വിലക്കയറ്റത്തിന്റെ വേഗത ഗണ്യമായി വർധിപ്പിക്കണം. കയറ്റിക്കയറ്റി ആളുകൾ ഇതൊന്നും ഉപയോഗിക്കാതെ നിന്നാൽ, ഒട്ടും താമസിയാതെ നമ്മുടെ ഭക്ഷ്യക്ഷാമം തന്നെ ഒരു പഴങ്കഥയായി തീരും. രാജ്യത്തിന് ഇപ്പോൾത്തന്നെ കൈവന്നിരിക്കുന്ന പലവക പുരോഗതികളുടെ വേഗതയെ ഒന്ന് കൂടി ഇത് ഇരട്ടിപ്പിക്കും.
കൂട്ടത്തിൽ പ്രത്യേക ശ്രദ്ധ സോപ്പിന്റെ കാര്യത്തിൽ വേണമെന്നാണ് എന്റെ ഒരപേക്ഷ. ഈ നശിച്ച സോപ്പിന്റെ ഉപയോഗം കുറച്ചാൽത്തന്നെ രാജ്യത്തിന്റെ ഒരു പാട് പ്രശ്‌നങ്ങൾ തീർന്നുകിട്ടും. ഉദാഹരണത്തിന്, സോപ്പിന്റെ ഉപയോഗം നിലച്ചാൽ പിന്നെ ആരും കുളിക്കില്ല. നാമിപ്പോൾ കുളിക്കുന്നത് പോലും സോപ്പ് തേക്കാനാണ്. ഈ വസ്തുതയെ മറച്ചുവെച്ചിട്ട് കാര്യമില്ല. കുളി ഇല്ലാതാവുന്നതോടെ ജലക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരം ഉണ്ടാകും. ആരും കുളിക്കാതിരുന്നാൽ നാറ്റം കാരണം ഭാര്യാ ഭർത്താന്മാരുടെ സമ്പർക്കം കുറയും. സമ്പർക്കം കുറഞ്ഞാൽ കുട്ടികളുണ്ടാകുന്നത് കുറയും. വല്ലപ്പോഴും പിടിച്ചുനിൽക്കാൻ കഴിയാത്ത ഏതെങ്കിലും അബോധ അപൂർവ്വസന്ദർഭത്തിലായി അത് ചുരുങ്ങും. അങ്ങനെ ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നത്തിന് വിരാമമാവും. എന്താണ് ആ പ്രശ്‌നമെന്നല്ലേ -ജനസംഖ്യാ വർദ്ധനവ്!
വേറൊരു ശല്യമാണ് നമ്മളെ അലട്ടുന്ന ഡൽഹി കർഷക സമരം.
അവമ്മാരെ ഓടിക്കാൻ ജേക്കബ്ബ് സാറിന്റെ ഈ സിദ്ധാന്തം ഒന്നൊന്നര ഒറ്റമൂലിയാണ്. അതെങ്ങനെയെന്ന് നോക്കാം.
അരി, ഗോതമ്പ് ,ചോളം തുടങ്ങിയ ധാന്യങ്ങൾ നിരോധിക്കാനുള്ള ഇച്ഛാശക്തിയാണ് നാം ആദ്യം കൈവരിക്കേണ്ടത്. ഇവയുടെ ഉപയോഗം പാടെ ഇല്ലാതാവുന്നതോടെ കാർഷിക വിളകളും അവന്മാരുടെ കലപ്പയും ട്രാക്ടറുമൊക്കെ ഒരനാവശ്യ കാര്യമായിത്തീരും. അരിയും ഗോതമ്പും നാട്ടുകാർക്കുവേണ്ട എന്ന സ്ഥിതി വരുന്നതോടെ കർഷകർ എന്ന വംശം തന്നെ രാജ്യത്ത് കുറ്റിയറ്റുപോകും. ഇപ്പോൾ കർഷക സമരം നടത്തുന്നവരെല്ലാം തിരിച്ച് പഞ്ചാബിലും ഹരിയാനയിലുമൊക്കെ എത്തുന്നതോടെ അവർ കർഷകരല്ലാതായിത്തീരുകയും കേന്ദ്ര സർക്കാർ അനുഭവിക്കുന്ന വലിയൊരു തലവേദനയ്ക്ക് അന്ത്യമാവുകയും ചെയ്യും. കർഷകരില്ലാതെ പിന്നെ എന്തോന്ന് കർഷകസമരം! എന്തിനേറെ പറയുന്നു, കേന്ദ്രത്തിലെത്തിക്കാനായി ബി.ജെ.പി അനുയായികൾ ചെയ്ത വോട്ടിന്റെ എണ്ണം നോക്കിയാൽ ആ വോട്ട് ചെയ്തവർ ഗോതമ്പ്, അരി, ചോളം എന്നിവ ഉപയോഗിക്കുന്നത് നിർത്തിയാൽ മാത്രം മതി കർഷക സമരക്കാർ ഡൽഹിയിൽ നിന്ന് ഒറ്റയടിക്ക് കർഷകരല്ലാതാവും.
കർഷകരല്ലാതായിപ്പോയ അവർ എങ്ങനെ കർഷക സമരം നടത്തും? ഇതോടെ സ്വന്തം അസ്തിത്വം നഷ്ടപ്പെട്ട് അവർ സ്ഥലം വിടും. ഇങ്ങനെയൊരു അഭ്യർത്ഥന ബി.ജെ.പി- സംഘ്പരിവാർ ആരാധകരോട് നടത്താൻ ശ്രീ. ജേക്കബ് സാർ പ്രേരിപ്പിക്കണം.
പറഞ്ഞുവരുന്നത് ജേക്കബ് സാറിന്റെ ഈ സിദ്ധാന്തം ഒരു പെട്രോൾ ഉപയോഗത്തിന്റെ കാര്യത്തിൽ മാത്രം നിർത്തിയാൽ പോരാ എന്നുതന്നെയാണ് ഈ കുറിപ്പുകാരന്റെ ശക്തമായ അഭിപ്രായം.
നമുക്ക് ഈ തിയറി പല മേഖലകളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. ആലോചിച്ചുവരുമ്പോൾ അതിന്റെ അനന്ത സാധ്യതകൾ അപാരമാണ്. ഇപ്പോഴത്തെ അവസ്ഥയിൽ, ലോകത്തിനുമുന്നിൽ നമ്മുടെ രാജ്യം പല കാര്യത്തിലും വിലകെട്ടു നിൽക്കുന്ന അവസരത്തിൽ ഒരു വലിയ മുന്നേറ്റത്തിന് ജേക്കബ്ബ് സാറിന്റെ തിയറി തുടക്കം കുറിക്കും. പല മേഖലയിലേക്കും അത് വ്യാപിപ്പിക്കാനാവും.
മറ്റൊരു കാര്യം നമ്മുടെ രാജ്യത്തെ അനാവശ്യമായ സ്‌കൂൾ -കോളേജ് വിദ്യാഭ്യാസത്തിന്റെ ഉപയോഗമാണ്. നാം അത് വളരെ പെട്ടെന്നുതന്നെ കുറച്ചുകുറച്ച് കൊണ്ടുവന്ന് ഇല്ലാതാക്കണം. രാജ്യത്തിനെതിരെയുള്ള ശല്യം വലിയ അളവിൽ വിദ്യാഭ്യാസത്തിന്റെ ഉപയോഗം ഇല്ലാതാവുന്നതോടെ നമുക്ക് കുറക്കാനാവും.
വേറൊന്ന് റെയിൽവേ ഉപയോഗം. അത് കുറച്ചാൽത്തന്നെ നമ്മുടെ ഒരുവിധം അനാവശ്യമൊക്കെ തീരും. അദാനി സമ്മതിക്കുമെങ്കിൽ വിമാനത്താവളങ്ങളും നമുക്ക് ഇല്ലാതാക്കാനായേക്കും എന്ന സ്വപ്നത്തെയും നാം മാറ്റിവെക്കേണ്ടതില്ല.
സ്വയം പര്യാപ്ത സമ്പൂർണ രാജ്യത്തിലുള്ളവർ പിന്നെ എന്തിന് മറ്റ് രാജ്യങ്ങളിലേക്ക് പോകണം.
ആ അറബികളെയൊക്കെ ഒരു പാഠം പഠിപ്പിക്കാൻ ഇതിൽപരം അവസരം വേറെ വരാനില്ല. ഈ പുരോഗതിയുടെ തിരക്കിൽ മറ്റൊരു പ്രധാന കാര്യം നാം ഒരു കാരണവശാലും വിട്ടുപോകരുത്. അത് മറ്റൊന്നുമല്ല, ജേക്കബ് സാറിന്റെ ഈ തിയറിയുടെ പാറ്റന്റ് നമ്മുടെ രാജ്യത്തിന്റേതാക്കി നിലനിർത്തണം എന്നതാണത്. അങ്ങനെ വന്നാൽ ഇന്ത്യ ഏതാനും നാളുകൾ കൊണ്ട് ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യമാവും.
ഈ പറഞ്ഞതുകൊണ്ട് സർവ ഉപയോഗവും നിർത്തിവെക്കണമെന്നല്ല ഈ വിനിതനായ കുറിപ്പുകാരൻ ഉദ്ദേശിച്ചത്. കുറച്ച് കാര്യങ്ങൾ നാം ബാക്കി വെക്കേണ്ടതുണ്ട്. കുറുവടി, ലാത്തി, ജലപീരങ്കി, തോക്ക്, നനയാത്ത ഉണ്ട നിറച്ചപീരങ്കി, നേരെചൊവ്വേ ലക്ഷ്യസ്ഥാനത്തെത്തുന്ന അതിവേഗ മിസൈൽ, കൂറ്റൻ പ്രതിമകൾ എന്നിവ നമ്മൾ യഥേഷ്ടം വാങ്ങിയിടണം. എങ്കിലേ ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യം എന്ന സ്ഥാനം നമുക്ക് നിലനിർത്താനാവൂ എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്കേവർക്കും അറിവുള്ളതാണല്ലോ.
ഉദാഹരണത്തിന്, തലച്ചോറിന്റെ ഉപയോഗം എടുക്കാം. ഇപ്പോൾത്തന്നെ നമ്മൾ ഇന്ത്യക്കാർ തലച്ചോറിന്റെ ഉപയോഗം വല്ലാതെ കുറച്ചിരിക്കയാണല്ലോ. പക്ഷേ, അത് പോരാ. ഇനിയും കുറയ്ക്കണം എന്നാണ് ഈയുള്ളവന്റെ പക്ഷം. ഇപ്പോൾത്തന്നെ ഓരോരുത്തർക്കും ഓരോ തലച്ചോർ ഉണ്ട്. അതിന്റെ ആവശ്യമെന്താണ്? ഒന്ന് നിഷ്പക്ഷമായി ആലോചിച്ച് നോക്കൂ. കുറച്ചുപേർക്കുകൂടി ഒരു തലച്ചോറിന്റെ ഉപയോഗം എന്ന നിലയിൽ ഒരു പഞ്ചായത്തിൽ 25,000 പേർ ഉണ്ടെന്ന് കരുതുക. പാടേ ഒഴിവാക്കാനായാൽ നമ്മൾ രക്ഷപ്പെട്ടു!
ഇക്കാര്യത്തിൽ താങ്കൾ "അവിടെ' എത്തിയ സ്ഥിതിക്ക് താമസംവിനാ സ്ഥാലീ പുലാഗ ന്യായേന വേണ്ടത് ചെയ്യുമെന്ന് എന്നെ പോലുള്ളവർ ഉറച്ചുവിശ്വസിക്കട്ടെ. ബഹുമാനപ്പെട്ട ജേക്കബ്ബ് സാർ, ഒന്ന് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി നമ്മുടെ രാജ്യത്തെ ഒരു സ്വർഗരാജ്യമാക്കിയെടുക്കണം. ഇപ്പോൾ അങ്ങനെയല്ല എന്നല്ല പറഞ്ഞത്.