സെൻട്രൽ വിസ്റ്റയുടെ മാസ്റ്റർ പ്ലാൻ / Photo Credit : HCP Design

മോദിയുടെ ഇന്ത്യ: കോവിഡിനെ മുൻനിർത്തി ചില താരതമ്യങ്ങൾ

യു.എസിലും ഇന്ത്യയിലും കോവിഡ് നാശം വിതയ്ക്കുന്നത് കാണേണ്ടിവന്ന ഒരാൾ എന്ന നിലയിൽ ചില താരതമ്യങ്ങൾ അറിയാതെ സംഭവിച്ചു പോകുന്നു. ആ താരതമ്യം ചെന്നു നിൽക്കുന്നത് മനുഷ്യ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത, കോർപ്പറേറ്റ് ലോബിയെയും അവരുടെ ലാഭേച്ഛയെയും മാത്രം മാനിക്കുന്ന, ശാസ്ത്രവിരുദ്ധരായ രണ്ടു ഭരണാധികാരികളിലാണ്: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

രിഞ്ഞുകൊണ്ടിരിക്കുന്ന ചിതകൾ, മൃതദേഹങ്ങൾ കാത്തുകിടക്കുന്ന ശ്മശാന കവാടങ്ങൾ. പ്രാണവായുവിനായി എരിപൊരി കൊള്ളുന്ന രോഗികൾ. അവർക്കായി ഓക്‌സിജനും മരുന്നിനും വേണ്ടി പരക്കംപായുന്ന ഉറ്റവർ. അമ്മയുടെ മൃതദേഹം കൊണ്ടുപോകാൻ വാഹനം കിട്ടാതെ ബൈക്കിൽ തങ്ങൾക്ക് നടുവിലായി ഇരുത്തി കൊണ്ടുപോകുന്ന മക്കൾ. കോവിഡ് മഹാമാരി നിറഞ്ഞാടുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഹൃദയഭേദക രംഗങ്ങളാണിവ. മനുഷ്യത്വത്തിന്റെ കണികയെങ്കിലും ഉള്ളിൽ പേറുന്നവരെ മരവിപ്പിക്കുന്ന അനുഭവങ്ങൾ. ഇതിനൊരു അവസാനമുണ്ടോ എന്നു ചോദിച്ചു പോകുന്ന അവസ്ഥ.

ഒരു കൊല്ലം മുൻപ്, ലോകമൊട്ടാകെ കോവിഡ് പടർന്നു തുടങ്ങിയ സമയത്ത് യു. എസിൽ ഞാൻ കണ്ടതും കേട്ടതുമായ രോഗാനുഭവങ്ങൾ, അതിലും പല മടങ്ങ് തീവ്രതയിൽ, ഇന്ന് ഇന്ത്യയിൽ ആവർത്തിക്കുന്നു. ഭയപ്പെടുത്തുന്ന déjà vu പോലെ വെന്റിലേറ്ററിനും, പ്രാണവായുവിനും വേണ്ടി മനുഷ്യർ പരക്കം പായുന്നത് ഇന്ത്യയിലും സംഭവിക്കുന്നു. ഈ രണ്ടു രാജ്യങ്ങളിൽ മഹാമാരി നാശം വിതയ്ക്കുന്നത് കാണേണ്ടി വന്ന ഒരാൾ എന്ന നിലയിൽ ചില താരതമ്യങ്ങൾ അറിയാതെ സംഭവിച്ചുപോകുന്നു. ആ താരതമ്യം ചെന്നു നിൽക്കുന്നത് മനുഷ്യജീവന് യാതൊരു വിലയും കൽപ്പിക്കാത്ത, കോർപ്പറേറ്റ് ലോബിയെയും അവരുടെ ലാഭേച്ഛയെയും മാത്രം മാനിക്കുന്ന, ശാസ്ത്രവിരുദ്ധരായ രണ്ടു ഭരണാധികാരികളിലാണ്: (അമേരിക്കൻ മുൻ പ്രസിഡൻറ്​) ഡൊണാൾഡ് ട്രംപും, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും.
രാജ്യം മൃതദേഹങ്ങൾ കൊണ്ട് നിറയുമ്പോഴും, ഈ പ്രതിസന്ധിയെ നിസ്സാരവത്ക്കരിച്ചും, മറച്ചുപിടിച്ചും, നിഷേധിച്ചും രാജ്യത്തിന്റെ പ്രധാനമന്ത്രി നിർമിക്കുന്ന ആഖ്യാനങ്ങളും, അതിനെ തുറന്നുകാട്ടി ജനങ്ങൾ പങ്ക് വെയ്ക്കുന്ന അനുഭവങ്ങളും ഒന്നു പരിശോധിക്കാം.

ഇവിടെ സംഭവിക്കുന്നതെല്ലാം മൊത്തം ജനങ്ങളുടെ കുറ്റം കൊണ്ടാണ് എന്ന്​ വരുത്തിത്തീർക്കുന്നു. അവർ വെറുതെ Remdesivir-ന്റെ ഒക്കെ പുറകെ പോകുന്നു എന്നു ചുരുക്കം. എത്ര സൂക്ഷമമായാണ് ഈ ആഖ്യാനം നിർമിക്കുന്നത്, വിശദീകരണങ്ങൾ തട്ടിക്കൂട്ടുന്നത്.

'ഇവിടെ എല്ലാം ഉണ്ട്': വാചാടോപം എന്ന പ്രതിരോധം

ഈ ലേഖനം എഴുതുന്ന ഏപ്രിൽ 29ന് ഇന്ത്യയിൽ 3.79 ലക്ഷം കോവിഡ് കേസുകളും 3645 മരണങ്ങളും റിപോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് 30,84,814 ആക്​റ്റീവ്​കോവിഡ് രോഗികളുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. ഔദ്യോഗികമായി 2,04,832 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തുമ്പോഴും, യഥാർഥ സംഖ്യ ഇതിന്റെ പതിന്മടങ്ങാണ് എന്ന് ആരോഗ്യ പ്രവർത്തകരും, പൊതുജന്യരോഗ്യവിദഗ്ധരും, ദുരന്തമുഖത്ത് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരും സംഘടനകളും പറയുന്നു. ഈ വാദം സാക്ഷ്യപ്പെടുത്തുന്നതാണ് സീമാപുരിയിലെ ശ്മശാനത്തിൽ നിന്ന്​, മരണങ്ങൾ മറച്ചുവെക്കുന്നതിനെ കുറിച്ച് കാരവൻ മാഗസിൻ റിപ്പോർട്ടറോട് ജിതേന്ദർ സിംഗ് എന്നയാൾ പറയുന്ന വാക്കുകൾ: കോവിഡ് മരണങ്ങൾ മറച്ചുവെയ്ക്കാൻ അവർ (സ്​റ്റേറ്റ്​) ചെയ്യുന്ന കാര്യങ്ങൾ, അവരുടെ യുക്തി, വളരെ വിചിത്രമാണ്. ഹോസ്പിറ്റലിൽ നിന്ന് കോവിഡ് എന്നെഴുതി വരുന്ന മരണങ്ങൾ മാത്രമേ അവർ കോവിഡ് മരണങ്ങളായി കണക്കാക്കുന്നുള്ളൂ. അവ മാത്രമേ ശ്മശാനങ്ങളിൽ നിന്ന് നൽകുന്ന ടോക്കണുകളിൽ COVID എന്നു രേഖപ്പെടുത്തുന്നുള്ളൂ. ജനങ്ങൾ വീടുകളിൽ മരിക്കുന്നു, ക്വാറന്റയിനിൽ മരിക്കുന്നു, അതൊന്നും കോവിഡ് മരണങ്ങൾ അല്ലേ? അവയെല്ലാം അപകട മരണങ്ങളോ, ആത്മഹത്യകളോ ആയി ഇവർ കണക്കാക്കുമോ?.. ഇന്ന് 93 മൃതദേഹങ്ങൾ ഇവിടെ കൊണ്ടു വന്നു, അതിൽ 40- 45 എണ്ണം മാത്രമേ കോവിഡ് മരണങ്ങളായി സാക്ഷ്യപ്പെടുത്തുന്ന രേഖകളുള്ളൂ. വീടുകളിൽ നിന്ന് കൊണ്ടുവരുന്ന മൃതദേഹങ്ങളെ ഇവർ കണക്കാക്കുന്നില്ല. ഡൽഹി ഗവൺമെൻറ്​ പറയുന്നതിന്റെ ഇരട്ടിയാണ് യഥാർഥ കോവിഡ് മരണങ്ങൾ. (Jitendar Singh Shunty, BJP Leader & Founder of Shaheed Bhagat Singh Seva Dal).

അദ്ദേഹം പറയുന്നത് ഡൽഹിയെക്കുറിച്ചാണെങ്കിലും രാജ്യമുടനീളം വരുന്ന റിപ്പോർട്ടുകൾ തുറന്നു കാട്ടുന്നത് കോവിഡ് മരണങ്ങൾ രേഖപ്പെടുത്തുന്നതിലെ ഗുരുതര വീഴ്ചയാണ്.

Photo: UNICEF, Fb

നാലു ലക്ഷം കോവിഡ് മരണങ്ങൾ കണ്ട യു.എസിൽ ഇതൊക്കെ വളരെ നിസാരം ("almost nothing') എന്നു പറഞ്ഞ് ഡോക്ടർമാരെയും, ശാസ്ത്രജ്ഞരെയും മുൻ പ്രസിഡന്റ് ട്രംപ് കടന്നാക്രമിക്കുകയുണ്ടായി. കുറെ യുദ്ധഉപമകൾ ഒഴിച്ചു നിർത്തിയാൽ ഈ ലാഘവം നരേന്ദ്രമോദി, വളരെ തന്ത്രപരമായി, "മൻ കീ ബാത്തി'ലൂടെ പ്രകടിപ്പിക്കുന്നത് കാണാം. ഏപ്രിൽ 25 നു നടന്ന "ബാത്തി'ൽ ഒരു ഡോക്ടറുമായി മോദി സംവദിക്കുന്നുണ്ട്, അതിൽ ചികിത്സയെ കുറിച്ചും, മരുന്നിന്റെ ദൗർലഭ്യത്തെ കുറിച്ചും ജനങ്ങളുടെ ആശങ്കകളോടു പ്രതികരിക്കാൻ ആവശ്യപ്പെട്ട മോദിക്ക് ഡോ. ശശാങ്ക് നൽകുന്ന മറുപടി നോക്കാം:""സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. മോഡറേറ്റ്, സിവിയർ അവസ്ഥകളിലുള്ള കോവിഡ് ചികിത്സക്ക് ഗുണമേറിയതും വിലകുറഞ്ഞതുമായ ധാരാളം മരുന്നുകൾ ലഭ്യമാണ്. Remdesivir പോലെ വില കൂടിയ മരുന്നിനുപുറകെ ജനങ്ങൾ അലയുന്നത് നിർത്തണം. ഇതൊരു experimental drug ആണ്, ഇത് കഴിച്ചാൽ ആശുപത്രിവാസം 1-2 ദിവസം കുറയും, റിക്കവറി എളുപ്പമാകും. അത്രമാത്രം. നമ്മൾ പോസിറ്റീവ് മനസ്സോടെ ഇരിക്കേണ്ടതുണ്ട്. ഫാമിലി ഡോക്ടറുടെ നിർദേശം അനുസരിക്കുക. നമുക്ക് ലോകത്തെ ഏറ്റവും മികച്ച ചികിത്സാസംവിധാനങ്ങളുണ്ട്, ഓക്‌സിജനുണ്ട്, വെന്റിലേറ്ററുകളുണ്ട്. എല്ലാം ഉണ്ട്.''

അപ്പോൾ ഇവിടെ സംഭവിക്കുന്നത് മൊത്തം ജനങ്ങളുടെ കുറ്റം കൊണ്ടാണ്. അവർ വെറുതെ Remdesivir-ന്റെ ഒക്കെ പുറകെ പോകുന്നു എന്നു ചുരുക്കം. എത്ര സൂക്ഷമമായാണ് ഈ ആഖ്യാനം നിർമിക്കുന്നത്, വിശദീകരണങ്ങൾ തട്ടിക്കൂട്ടുന്നത്. ആളുകൾ ശ്വസിക്കാൻ കഴിയാതെ മരിച്ചുവീഴുന്ന ഒരു രാജ്യത്തെ ഭരണാധികാരി എത്ര ലാഘവത്തോടെയാണ് സംസാരിക്കുന്നത്. ലോകത്തെ മികച്ച സംവിധാനങ്ങൾ ഇവിടെയാണെന്ന് ഒരു ഡോക്ടറെ കൊണ്ട് പറയിപ്പിക്കുന്നു. ഒരു ഡോക്ടറെ കാണാൻ പോലും കഴിയാതെ വഴിയരികിൽ തളർന്നു വീഴുന്ന മനുഷ്യരോടാണ് ഫാമിലി ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക എന്നൊക്കെ പറയുന്നത്. ഇതിലും ഭംഗിയായി സൗജന്യ വാക്‌സിനേഷനെ കുറിച്ചും രാജ്യത്തിന് ഉറപ്പുനൽകുന്നു, ഇതൊക്കെ കേൾക്കുന്ന "സംഘ'ന്മാരും "സംഘി'കളും പറയുന്നു; ""ഇവിടെ എല്ലാം ഉണ്ട്, പിന്നെന്താ പ്രശ്‌നം?.''

യു.എസിന്റെ കോവിഡ് പ്രതിരോധത്തെ ബൈഡനുമുമ്പും ശേഷവും എന്ന രീതിയിൽ തരംതിരിക്കാം. അത്തരം മാറ്റങ്ങളാണ് യു.എസിലുണ്ടായത്. പാൻഡെമിക്കിനെ വാക്‌സിനേഷൻ വഴി പിടിച്ചുനിർത്തുക എന്ന നിലപാടാണ് യു. എസ് കൈക്കൊള്ളുന്നത്

അപ്പോൾ പിന്നെ, ഇവിടെ ഓക്‌സിജൻ ഇല്ല എന്നു പറയുന്നവരുടെ പേരിൽ കേസെടുക്കേണ്ടേ?
ഒരു കാര്യം എടുത്തുപറയണം, വിമർശനങ്ങൾ കടുത്ത സാഹചര്യത്തിലും രാജ്യത്തെ മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കാൻ ട്രംപ് ശ്രമിച്ചു. ശുദ്ധ മണ്ടത്തരങ്ങൾ വിളിച്ചുപറഞ്ഞപ്പോഴും, അതിനുശേഷം സംസാരിച്ച ആന്തണി ഫൗച്ചി (Anthony Fauci) ട്രംപിന്റെ വാദങ്ങളെ ഖണ്ഡിച്ചപ്പോഴും, ഫൗച്ചിയെ പുറത്താക്കുന്നതോ, തടവിലിടുന്നതോ നമ്മൾ കണ്ടില്ല. മാൻ-കീ-ബാത്ത് മാത്രം കേൾക്കാൻ വിധിക്കപ്പെട്ട നമ്മെ ഇത് ചിന്തിപ്പിക്കേണ്ടതാണ്.

അമേരിക്ക ഫസ്റ്റ്: ബൈഡന്റെ കോറോണാ പ്രതിരോധം

യു.എസിന്റെ കോവിഡ് പ്രതിരോധത്തെ ബൈഡനുമുമ്പും ശേഷവും എന്ന രീതിയിൽ തരംതിരിക്കാം. അത്തരം മാറ്റങ്ങളാണ് യു.എസിലുണ്ടായത്. ട്രംപിന്റെ നിരന്തര ആക്രമണങ്ങളെ അതിജീവിച്ച ശാസ്ത്രസമൂഹവും ഡോക്ടർമാരും ബൈഡൻ അഡ്മിനിസ്‌ട്രേഷന്റെ നേതൃത്വത്തിൽ കൃത്യമായ പ്രതിരോധ നടപടികളുമായി മുന്നേറി. പാൻഡെമിക്കിനെ വാക്‌സിനേഷൻ വഴി പിടിച്ചുനിർത്തുക എന്ന നിലപാടാണ് യു. എസ് കൈക്കൊള്ളുന്നത് (കുറ്റം പറയരുതല്ലോ, ഫൈസർ വാക്‌സിൻ അംഗീകരിച്ചപ്പോൾ എല്ലാ അമേരിക്കക്കാർക്കും സൗജന്യമായി വാക്‌സിൻ ഡോസ് നൽകും എന്ന് ട്രംപും പറഞ്ഞിരുന്നു). സൗജന്യമായി, യാതൊരു രേഖകളും ചോദിക്കാതെ ജനങ്ങൾക്ക് വാക്‌സിൻ സ്വീകരിക്കാൻ ഇന്നവിടെ അവസരമുണ്ട്. യു.എസ് ജനസംഖ്യയിലെ 43% ഒരു ഡോസ് വാക്‌സിൻ എങ്കിലും സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. വാക്‌സിനേഷൻ പുരോഗമിക്കുന്ന സാഹചര്യത്തിൽ Centre for Disease Control മാസ്‌ക് ധരിക്കുന്നതിൽ ചില ഇളവും വരുത്തിയിട്ടുണ്ട്.

Photo: UNICEF, Fb

വാക്‌സിൻ നിർമിക്കാൻ വേണ്ടുന്ന അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങളെ കുറിച്ച് കഴിഞ്ഞ ആഴ്ച പ്രതികരിക്കുമ്പോൾ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവായ നെഡ് പ്രൈസ് അമേരിക്കയുടെ വാക്‌സിൻ പോളിസി വ്യക്തമാക്കി: ...the United States first and foremost is engaged in an ambitious and effective and, so far, successful effort to vaccinate the American people...That campaign is well underway, and we're doing that for a couple of reasons. Number one, we have a special responsibility to the American people. Number two, the American people, this country has been hit harder than any other country around the world more than 550,000 deaths, tens of millions of infections in this country alone...It is not only in the US interest to see Americans vaccinated, but it is in the interests of the rest of the world to see Americans vaccinated. (Ned Price, State Department).

ഈ നിലപാടിൽ പിന്നീട് മാറ്റമുണ്ടായി എങ്കിലും, അമേരിക്ക ഫസ്റ്റ് എന്ന നയം എന്താണ് എന്ന് പ്രൈസ് വ്യക്തമാക്കുന്നു. വാക്‌സിൻ ഉദാരവത്ക്കരണത്തിൽ വിശ്വസിക്കുന്ന ‘ആത്മനിർഭർ' ഭാരതത്തിൽ ഏതായാലും ഒന്നുമില്ലാത്തതുകൊണ്ട് മറ്റ് രാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ചുകൊണ്ടിരിക്കുന്നു. ‘വാക്‌സീൻ ഫിലാൻത്രോപ്പിസ്റ്റായ' സീറം ഇൻസ്റ്റിറ്യൂട്ട് ഉടമ 400-ൽ നിന്നും 300 രൂപയായി വാക്‌സിൻ വില കുറച്ചത് നമ്മുടെ മഹാഭാഗ്യം. ദരിദ്ര രാജ്യങ്ങൾ വാക്‌സിൻ ക്ഷാമം അനുഭവിക്കുമ്പോൾ, വാക്‌സിൻ ഉത്പാദനത്തിന്റെ വലിയൊരു ശതമാനം വാങ്ങുകയും സംഭരിക്കുകയും ചെയ്ത യു. എസ് ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളുടെ നിലപാട് വാക്‌സിൻ സാമ്രാജ്യത്വം/ വാക്‌സീൻ കോളനിവൽക്കരണം എന്ന വിമർശനത്തിനിരയായി.

സഹായമഭ്യർത്ഥിച്ച് പോസ്റ്റ് ഇട്ടവർക്കെതിരെ ട്രംപ് ഭരണകൂടം കേസെടുത്തിരുന്നില്ല, ട്രംപിനെയോ, യു. എസിനെയോ വിമർശിച്ചവരെ അയാളുടെ സർക്കാർ തുറങ്കിലടച്ചില്ല, കോവിഡ് പ്രതിരോധ നടപടികളെയോ/അവയുടെ അഭാവത്തെയോ വിമർശിച്ച ട്വീറ്റുകൾ എടുത്തു മാറ്റാൻ തീട്ടൂരം ഇറക്കിയില്ല.

സഹായാഭ്യർഥന രാജ്യദ്രോഹം

ജനാധിപത്യത്തിന്റെ തകർച്ചയെ കുറിച്ച് ലോകമൊട്ടാകെ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോവിഡ് മഹാമാരി കടന്നുവന്നത്. ജനക്ഷേമത്തിന് യാതൊരു വിലയും കൽപ്പിക്കാതെ ഏകാധിപത്യ സ്വഭാവത്തിൽ നീങ്ങിയ ബോൾസനാരോയുടെ ബ്രസീൽ, ട്രംപിന്റെ യു.എസ്, മോദിയുടെ ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടെ കോവിഡ് പ്രതിരോധം ഈ ആശങ്കകളെ ഉറപ്പിക്കാൻ പോന്നതാണ് (ചൈനയിൽ ഭരണകൂടം പറയുന്നത് വിശ്വസിക്കുക എന്നല്ലാതെ അവിടെ എന്താണ് നടക്കുന്നത് എന്ന് അറിയാൻ തന്നെ മാർഗമില്ല). സഹായമഭ്യർത്ഥിച്ച് പോസ്റ്റ് ഇട്ടവർക്കെതിരെ ട്രംപ് ഭരണകൂടം കേസെടുത്തിരുന്നില്ല, ട്രംപിനെയോ, യു. എസിനെയോ വിമർശിച്ചവരെ അയാളുടെ സർക്കാർ തുറങ്കിലടച്ചില്ല, കോവിഡ് പ്രതിരോധ നടപടികളെയോ/അവയുടെ അഭാവത്തെയോ വിമർശിച്ച ട്വീറ്റുകൾ കണ്ട് ബോധംകെട്ട് അവ എടുത്തു മാറ്റാൻ തീട്ടൂരം ഇറക്കിയില്ല. ഇതൊക്കെ സംഭവിക്കാത്തത് ട്രംപ് മഹാനായതുകൊണ്ടല്ല. മറിച്ച് അഭിപ്രായ സ്വതന്ത്ര്യത്തിന് അമേരിക്കൻ സ്റ്റേറ്റും, നിയമവ്യവസ്ഥയും, ജനങ്ങളും നൽകുന്ന പ്രാധാന്യവും, അവ ട്രംപിനു മേൽ ചെലുത്തിയ നിയന്ത്രണങ്ങളും കൊണ്ടുമാത്രമാണ്. ഇന്ത്യയിൽ നടക്കുന്ന സാമൂഹ്യ മാധ്യമ നിയന്ത്രണങ്ങളെ കുറിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പ്രതികരിച്ചത്, "That certainly wouldn't be aligned with our view of freedom of speech around the world' എന്നാണ്.

ഇനി ജനാധിപത്യത്തെ കുറിച്ചും അഭിപ്രായ സ്വതന്ത്ര്യത്തെ കുറിച്ചും ഈ അവസരത്തിൽ ചർച്ച ചെയ്യണമോ വേണ്ടയോ എന്ന സംശയം ദൂരീകരിക്കാൻ താഴെ കൊടുത്തിരിക്കുന്ന സംഭാഷണ ശകലം ഉപകരിക്കും. ബി.ബി.സി ന്യൂസ്‌നൈറ്റിൽ പങ്കെടുത്ത ബി.ജെ.പി ദേശീയ വക്താവ്, ഗോപാൽ അഗർവാളിനോട് അവതാരക എമിലി മേറ്റ്‌ലിസ് ചോദിച്ചു: Why are you spending your time shutting down social media posts instead of dealing with the crisis? You are a democracy. You are the biggest democracy in the world. You can handle criticism, can't you?

എമിലിയുടെ ചോദ്യങ്ങൾക്ക് മറുപടിയായി സ്ഥിരം പല്ലവിയയായ അന്താരാഷ്ട്ര ഗൂഢാലോചന, ടൂൾകിറ്റ്, ഫേയ്ക് ന്യൂസ്, അജണ്ട, ദേശീയതാൽപര്യം, എന്നിങ്ങനെ ബുദ്ധിമുട്ടിയ ബി.ജെ.പി ദേശീയ വക്താവിനോട് എമിലി വീണ്ടും ചോദിക്കുന്നു, "Let me ask you something very simple, is it unpatriotic to criticize the Indian government?' അതെ ചോദ്യം ലളിതമാണ്, ഇന്ത്യൻ ഭരണകൂടത്തെ വിമർശിച്ചാൽ അത് രാജ്യദ്രോഹം ആകുമോ? ഉത്തരം നമുക്കെല്ലാം അറിയാം.

ചിതകൾക്കു മുകളിൽ പണിയുന്ന വിസ്റ്റ

ഇന്ത്യയുടെ കോവിഡ് പ്രതിസന്ധിയുടെ ആഴം ലോകത്തിന് മുമ്പിൽ തുറന്നു കാണിക്കുന്നതിൽ മാധ്യമ പ്രവർത്തകർ വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണ്. റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫറായ ഡാനിഷ്​ സിദ്ധിഖി പകർത്തിയ ഡൽഹിയിലെ ആശുപത്രികളുടെയും, ചിതകൾ നിറഞ്ഞ ശ്മശാനങ്ങളുടെയും ചിത്രങ്ങളിലൂടെയാണ് കോവിഡ് ഭീകരത ലോകം അറിഞ്ഞത്.
കാരവൻ മാഗസിൻ തയാറാക്കിയ റിപ്പോർട്ടിൽ തന്റെ സഹോദരന്റെ കത്തുന്ന ചിതക്കടുത്തുനിന്ന് ഒരു സ്ത്രീ അലമുറയിട്ട് പറയുന്നു: ""എന്തിനാണ് മോദി വോട്ട് വാങ്ങുന്നത്? എന്തിനാണ്? മനുഷ്യരെ കൊല്ലാനാണോ വോട്ട്? രാജ്യം നശിപ്പിച്ചു. എല്ലാ വീടുകളിലും ചിതകൾ കത്തിച്ചു ഇവർ. എന്തുകൊണ്ടാണ് ഓക്‌സിജൻ ലഭിക്കാത്തത്? എന്തുകൊണ്ടാണ് ഞങ്ങൾക്ക് ബെഡ് ലഭിക്കാത്തത്?.. എന്റെ സഹോദരനെ എന്നിൽ നിന്ന് പറിച്ചെടുത്തു. ഞാൻ എന്തിന് മിണ്ടാതിരിക്കണം. എന്റെ ഇളയ സഹോദരനായിരുന്നു അവൻ, ബെഡ് കിട്ടിയില്ല. അവനെയും കൊണ്ട് ഡൽഹി മുഴുവൻ ഞങ്ങൾ അലഞ്ഞു, പക്ഷേ ബെഡ് കിട്ടിയില്ല. ഓക്‌സിജൻ കിട്ടിയില്ല. ആരാണ് ഉത്തരവാദി? മോദി? ഡൽഹി ഭരണകൂടം? ആരാണ് ഉത്തരവാദി? ഈ ചോദ്യങ്ങൾ ആരാണ് ഉന്നയിക്കേണ്ടത്?.. മോദി, മോദി, മോദി എന്നു നിങ്ങൾ ജപിക്കുന്നു...റാലികളിൽ പങ്കെടുക്കുന്നു. രാജ്യം മരിച്ചുകൊണ്ടിരിക്കുന്നു. നാടിനെ ചുട്ടെരിച്ചാണോ ഇലക്ഷൻ ജയിക്കുന്നത്? നമ്മുടെ ചിതകളിൽ നിന്നാണോ രാഷ്ട്രീയം കളിക്കുന്നത്?''.

റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ധിഖി

അവരുടെ ചോദ്യങ്ങൾക്ക് മറുപടി നല്കാൻ ഈ ഭരണകർത്താക്കൾ ബാധ്യസ്ഥരല്ലേ? ഞങ്ങൾ നികുതി കൊടുക്കുന്നില്ലേ എന്നു ചോദിച്ച് കരയുന്ന മനുഷ്യരോട്, ആ പണം ഞങ്ങൾ സെൻട്രൽ വിസ്റ്റ പണിയാൻ വെച്ചിരിക്കുന്നു എന്നു പറയുമായിരിക്കും, അല്ലേ. സെൻട്രൽ വിസ്റ്റയുടെ കല്ലിടലിന് സർക്കാർ ഇറക്കിയ പ്രസ് നോട്ടിൽ പറയുന്നത് ശ്രദ്ധിക്കുക, ""The objective of the proposal is to make the Avenue an icon that truly befits New India. This will come out to be one of the best Central Vista Avenue of the world.''പുതിയ ഇന്ത്യ'യുടെ, ഇന്ത്യൻ മൂല്യങ്ങളുടെ കൃത്യമായ ബിംബവത്ക്കരണം. ലോകത്തിലെ ഏറ്റവും വലിയ പ്രതിമ പോലെ, ഏറ്റവും നല്ല വിസ്റ്റയും നമുക്ക് സ്വന്തം. ▮

Comments